പഠനലേഖനം 8
അസൂയയോടു പോരാടുക, സമാധാനം ഉണ്ടാക്കുക
“സമാധാനം ഉണ്ടാക്കാനും അന്യോന്യം ബലപ്പെടുത്താനും വേണ്ടി നമ്മളാലാകുന്നതെല്ലാം നമുക്കു ചെയ്യാം.”—റോമ. 14:19.
ഗീതം 113 സമാധാനമെന്ന നമ്മുടെ അവകാശം
പൂർവാവലോകനം a
1. അസൂയ യോസേഫിന്റെ കുടുംബത്തിന് എന്തു ദോഷമാണു ചെയ്തത്?
യാക്കോബിനു തന്റെ എല്ലാ മക്കളെയും ഇഷ്ടമായിരുന്നു. എന്നാൽ 17 വയസ്സുകാരനായ യോസേഫിനോടു യാക്കോബിന് ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. യോസേഫിന്റെ ചേട്ടന്മാർക്ക് ഇതു സഹിച്ചില്ല. അവർക്ക് അവനോട് അസൂയ തോന്നി, അവർ അവനെ വെറുത്തു. സത്യത്തിൽ, ചേട്ടന്മാർക്കു വെറുപ്പു തോന്നാൻമാത്രം യോസേഫ് അവരോട് ഒന്നും ചെയ്തിരുന്നില്ല. എന്നിട്ടും അവർ യോസേഫിനെ ഒരു അടിമയായി വിറ്റു. ഇഷ്ടപുത്രനെ ഒരു കാട്ടുമൃഗം കൊന്നുകളഞ്ഞെന്ന് യാക്കോബിനോടു നുണ പറയുകയും ചെയ്തു. അങ്ങനെ അസൂയ മൂത്ത അവർ ആ കുടുംബത്തിന്റെ സമാധാനം താറുമാറാക്കി, അപ്പനെ കണ്ണീരിലാഴ്ത്തി.—ഉൽപ. 37:3, 4, 27-34.
2. ഗലാത്യർ 5:19-21 അനുസരിച്ച് അസൂയ എന്ത് അപകടം വരുത്തിയേക്കാം?
2 ദൈവരാജ്യത്തിൽ കടക്കുന്നതിന് ഒരാൾക്കു തടസ്സമായിനിൽക്കുന്ന ‘ജഡത്തിന്റെ പ്രവൃത്തികളെക്കുറിച്ച്’ തിരുവെഴുത്തുകൾ പറയുന്നുണ്ട്. വളരെയധികം ദോഷം ചെയ്യുന്ന ആ പ്രവൃത്തികളുടെ കൂട്ടത്തിലാണ് അസൂയയെ ഉൾപ്പെടുത്തിയിരിക്കുന്നത്. b (ഗലാത്യർ 5:19-21 വായിക്കുക.) പലപ്പോഴും അസൂയയിൽനിന്നാണു ശത്രുത, വഴക്ക്, ക്രോധം തുടങ്ങിയ വിഷക്കായ്കൾ ഉണ്ടാകുന്നത്.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
3 യോസേഫിന്റെ ചേട്ടന്മാരെക്കുറിച്ചുള്ള വിവരണം അസൂയ ഒരു കുടുംബത്തിൽ എത്രത്തോളം പ്രശ്നങ്ങളുണ്ടാക്കുമെന്നു കാണിച്ചുതരുന്നു. സ്നേഹബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടാനും സമാധാനം നഷ്ടമാകാനും അതു കാരണമായി. യോസേഫിന്റെ ചേട്ടന്മാർ ചെയ്തതുപോലെയൊന്നും നമ്മൾ ഒരിക്കലും ചെയ്യില്ലെങ്കിലും നമ്മുടെ ഹൃദയം കുറവുകളുള്ളതും വഞ്ചകവും ആണെന്ന് ഓർക്കണം. (യിരെ. 17:9) അതുകൊണ്ട് നമ്മുടെ ഉള്ളിൽ ചിലപ്പോഴൊക്കെ അസൂയ എന്ന മോശമായ ഗുണം വളർന്നുവന്നേക്കാം. ബൈബിൾക്കാലങ്ങളിൽ മറ്റുള്ളവരോട് അസൂയ തോന്നിയ ചിലരുടെ ദൃഷ്ടാന്തങ്ങൾ നമുക്കു നോക്കാം. അതിൽനിന്ന്, അസൂയ വളരാൻ ഇടയാക്കിയേക്കാവുന്ന ചില കാരണങ്ങൾ നമ്മൾ മനസ്സിലാക്കും. അതു കഴിഞ്ഞ്, അസൂയയ്ക്കെതിരെ പോരാടാനും സമാധാനം ഉണ്ടാക്കാനും നമ്മളെ സഹായിക്കുന്ന ചില കാര്യങ്ങളും പഠിക്കും.
അസൂയയുടെ കാരണങ്ങൾ
4. എന്തുകൊണ്ടാണു ഫെലിസ്ത്യർക്കു യിസ്ഹാക്കിനോട് അസൂയ തോന്നിയത്?
4 ഒരാളുടെ സമ്പത്ത്. യിസ്ഹാക്ക് വലിയ പണക്കാരനായിരുന്നു. അതുകൊണ്ട് ഫെലിസ്ത്യർക്കു യിസ്ഹാക്കിനോട് അസൂയ തോന്നി. (ഉൽപ. 26:12-14) യിസ്ഹാക്കിന്റെ ആടുമാടുകൾക്കു വെള്ളം കൊടുത്തിരുന്ന കിണറുകൾ അവർ മണ്ണിട്ട് മൂടുകപോലും ചെയ്തു. (ഉൽപ. 26:15, 16, 27) ഫെലിസ്ത്യരെപ്പോലെ ഇക്കാലത്തും ചിലയാളുകൾക്കു തങ്ങളെക്കാൾ പണവും വസ്തുവകകളും ഉള്ളവരോട് അസൂയയുണ്ട്. അവർക്കുള്ളതു തങ്ങൾക്കു വേണമെന്നു മാത്രമല്ല, അവർക്കുള്ളതു നഷ്ടപ്പെട്ടുകാണാനും അത്തരം ആളുകൾ ആഗ്രഹിക്കുന്നു.
5. മതനേതാക്കന്മാർക്കു യേശുവിനോട് അസൂയ തോന്നിയത് എന്തുകൊണ്ട്?
5 ആളുകൾക്ക് ഒരാളോടുള്ള താത്പര്യം കാണുമ്പോൾ. സാധാരണക്കാരായ ആളുകൾക്കു യേശുവിനെ വലിയ ഇഷ്ടമായിരുന്നു. അതു കണ്ട ജൂതമതനേതാക്കന്മാർക്കു യേശുവിനോട് അസൂയ തോന്നി. (മത്താ. 7:28, 29) യേശുവിനെ ദൈവം അയച്ചതായിരുന്നു. യേശു സത്യമാണു പഠിപ്പിച്ചതും. എന്നിട്ടും യേശുവിന്റെ സത്പേര് നശിപ്പിക്കാൻ ഈ മതനേതാക്കന്മാർ ഹീനമായ നുണകൾ പറഞ്ഞുപരത്തി. (മർക്കോ. 15:10; യോഹ. 11:47, 48; 12:12, 13, 19) ഈ വിവരണത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ചില നല്ല ഗുണങ്ങളുള്ള സഹോദരങ്ങളെ സഭയിൽ എല്ലാവർക്കുംതന്നെ ഇഷ്ടമായിരിക്കും. അവരോടു നമുക്ക് ഒരിക്കലും അസൂയ തോന്നരുത്. പകരം അവരുടെ നല്ല ഗുണങ്ങൾ അനുകരിക്കുകയാണു നമ്മൾ ചെയ്യേണ്ടത്.—1 കൊരി. 11:1; 3 യോഹ. 11.
6. ദിയൊത്രെഫേസ് എങ്ങനെയാണ് അസൂയ കാണിച്ചത്?
6 ഒരാൾക്കു സഭയിൽ നിയമനങ്ങൾ കിട്ടുമ്പോൾ. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തീയസഭയിൽ നേതൃത്വമെടുത്തിരുന്ന സഹോദരന്മാരോടു ദിയൊത്രെഫേസ് അസൂയപ്പെട്ടു. ദിയൊത്രെഫേസ് സഭയിൽ “ഒന്നാമനാകാൻ” ആഗ്രഹിച്ചു. അതുകൊണ്ട് യോഹന്നാൻ അപ്പോസ്തലന്റെയും ഉത്തരവാദിത്വസ്ഥാനത്തുള്ള മറ്റു സഹോദരന്മാരുടെയും പേര് ഇടിച്ചുകളയാൻ അവരെക്കുറിച്ച് ദ്രോഹബുദ്ധിയോടെ മോശമായ കാര്യങ്ങൾ പറഞ്ഞുപരത്തി. (3 യോഹ. 9, 10) ദിയൊത്രെഫേസിനെപ്പോലെ നമ്മൾ ഒരിക്കലും പ്രവർത്തിക്കില്ല. പക്ഷേ നമ്മൾ ആഗ്രഹിച്ച ഒരു നിയമനം മറ്റൊരു സഹോദരനു കിട്ടുമ്പോൾ നമുക്ക് അസൂയ തോന്നിയേക്കാം, ആ സഹോദരനുള്ള അത്രയും യോഗ്യത നമുക്കുമുണ്ട് എന്നു തോന്നിയാൽ പ്രത്യേകിച്ചും.
7. അസൂയ നമുക്ക് എന്തു ദോഷം ചെയ്യും?
7 അസൂയ ഒരു വിഷച്ചെടിപോലെയാണ്. അതു നമ്മുടെ ഉള്ളിൽ വേരു പിടിച്ചുപോയാൽ, പിന്നെ അതു നശിപ്പിച്ചുകളയാൻ ബുദ്ധിമുട്ടായിരിക്കും. അഹങ്കാരവും സ്വാർഥതയും ഒക്കെയുള്ള ഹൃദയം അസൂയയ്ക്കു വളരാൻ പറ്റിയ മണ്ണാണ്. മനോഹരമായ ഒരു പൂച്ചെടിയെ വളരാൻ സമ്മതിക്കാത്ത ചില കളകൾപോലെ, സ്നേഹവും അനുകമ്പയും ദയയും പോലുള്ള നല്ല ഗുണങ്ങൾ വളർത്തുന്നതിന് അസൂയ തടസ്സമാകും. നമ്മുടെ ഉള്ളിൽ അസൂയ മുളച്ചുവരുന്നതായി കണ്ടാൽ പെട്ടെന്നുതന്നെ നമ്മൾ അതു പിഴുതുകളയണം. നമുക്ക് എങ്ങനെ അസൂയയ്ക്ക് എതിരെ പോരാടാം?
താഴ്മ വളർത്തിയെടുക്കുക, തൃപ്തരായിരിക്കാൻ പഠിക്കുക
8. അസൂയയോടു പോരാടാൻ ഏതു ഗുണങ്ങൾ നമ്മളെ സഹായിക്കും?
8 താഴ്മയും ഉള്ളതിൽ തൃപ്തിപ്പെടുന്ന ഒരു മനോഭാവവും ഉണ്ടെങ്കിൽ അസൂയയോടു നമുക്കു പോരാടാം. നമ്മുടെ ഹൃദയത്തിൽ ഈ ഗുണങ്ങൾ നിറഞ്ഞിരിക്കുന്നെങ്കിൽ, അസൂയയ്ക്കു വളരാൻ പിന്നെ സ്ഥലമുണ്ടാകില്ല. താഴ്മയുള്ള ഒരു വ്യക്തി താൻ വലിയ ആളാണെന്നു ചിന്തിക്കില്ല. മറ്റുള്ളവരെക്കാളെല്ലാം യോഗ്യനാണു താൻ എന്നും അദ്ദേഹം കരുതില്ല. (ഗലാ. 6:3, 4) തൃപ്തനായിരിക്കാൻ പഠിച്ച ഒരാൾ, തനിക്ക് ഉള്ളതിൽ സന്തോഷിക്കും, തന്നെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തില്ല. (1 തിമൊ. 6:7, 8) ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന, താഴ്മയുള്ള ഒരു വ്യക്തി മറ്റുള്ളവർക്കു ലഭിക്കുന്ന നേട്ടങ്ങളിൽ സന്തോഷിക്കും.
9. ഗലാത്യർ 5:16-ഉം ഫിലിപ്പിയർ 2:3, 4-ഉം അനുസരിച്ച് പരിശുദ്ധാത്മാവ് നമ്മളെ എന്തു ചെയ്യാൻ സഹായിക്കും?
9 ‘ജഡത്തിന്റെ ഒരു പ്രവൃത്തിയായ’ അസൂയ നമ്മുടെ ഉള്ളിൽനിന്ന് നീക്കാനും ആ സ്ഥാനത്ത് താഴ്മയും ഉള്ളതിൽ തൃപ്തിപ്പെടുന്ന ഒരു മനോഭാവവും വളർത്തിയെടുക്കാനും പരിശുദ്ധാത്മാവിന്റെ സഹായം നമുക്ക് ആവശ്യമാണ്. (ഗലാത്യർ 5:16; ഫിലിപ്പിയർ 2:3, 4 വായിക്കുക.) നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകളും ലക്ഷ്യങ്ങളും പരിശോധിച്ചുനോക്കാൻ യഹോവയുടെ പരിശുദ്ധാത്മാവിനു നമ്മളെ സഹായിക്കാൻ കഴിയും. ദൈവത്തിന്റെ സഹായംകൊണ്ട് നമുക്കു മോശമായ ചിന്തകളുടെ സ്ഥാനത്ത് നല്ല ചിന്തകൾ നിറയ്ക്കാം. (സങ്കീ. 26:2; 51:10) ഇനി, അസൂയ വളരാൻ സമ്മതിക്കാതിരുന്ന മോശയുടെയും പൗലോസിന്റെയും മാതൃക നമുക്കു നോക്കാം.
10. മോശയ്ക്ക് അസൂയ തോന്നാമായിരുന്ന സാഹചര്യം ഏതായിരുന്നു? (പുറംതാളിലെ ചിത്രം കാണുക.)
10 മോശയ്ക്കു ദൈവജനത്തിനുമേൽ വലിയ അധികാരമുണ്ടായിരുന്നു. എന്നാൽ ആ അധികാരം മറ്റാർക്കും കിട്ടരുതെന്നു മോശ ചിന്തിച്ചില്ല. ഉദാഹരണത്തിന്, ഒരു പ്രാവശ്യം യഹോവ മോശയുടെ മേലുണ്ടായിരുന്ന ദൈവാത്മാവിൽ കുറച്ച് എടുത്ത് സാന്നിധ്യകൂടാരത്തിന് അടുത്ത് നിന്ന ചില ഇസ്രായേല്യമൂപ്പന്മാരുടെ മേൽ പകർന്നു. കുറച്ച് കഴിഞ്ഞപ്പോൾ, സാന്നിധ്യകൂടാരത്തിന് അടുത്ത് പോകാതിരുന്ന രണ്ടു മൂപ്പന്മാർക്കും പരിശുദ്ധാത്മാവ് കിട്ടിയെന്നും അവരും പ്രവാചകന്മാരെപ്പോലെ പെരുമാറാൻ തുടങ്ങിയെന്നും മോശ കേട്ടു. ആ രണ്ടു മൂപ്പന്മാരെ തടയണമെന്നു യോശുവ പറഞ്ഞപ്പോൾ മോശ എന്താണു പറഞ്ഞത്? അവർക്കും യഹോവയുടെ ശ്രദ്ധയും പരിഗണനയും കിട്ടുന്നതു കണ്ടപ്പോൾ മോശയ്ക്ക് അസൂയ തോന്നിയോ? ഇല്ല. മോശയ്ക്കു താഴ്മയുണ്ടായിരുന്നു, ആ മൂപ്പന്മാർക്ക് ഒരു പ്രത്യേകനിയമനം കിട്ടിയപ്പോൾ അവരോടൊപ്പം മോശയും സന്തോഷിച്ചു. (സംഖ്യ 11:24-29) മോശയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
11. മൂപ്പന്മാർക്ക് എങ്ങനെ മോശയെ അനുകരിക്കാം?
11 നിങ്ങൾ ഒരു മൂപ്പനാണോ? നിങ്ങൾക്കു ശരിക്കും ഇഷ്ടമുള്ള ഒരു നിയമനം കൈകാര്യം ചെയ്യുന്നതിനു മറ്റൊരാളെ പരിശീലിപ്പിക്കാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടോ? ഉദാഹരണത്തിന്, സഭയിൽ വീക്ഷാഗോപുരപഠനം നടത്തുന്നതു നിങ്ങളാണെന്നു വിചാരിക്കുക, നിങ്ങൾക്ക് അത് ഇഷ്ടമാണ്. എന്നാൽ ഈ നിയമനം നടത്തുന്നതിനു മറ്റൊരു സഹോദരനെ പരിശീലിപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. കുറച്ച് കാലം കഴിഞ്ഞ് ആ നിയമനം അദ്ദേഹത്തെ ഏൽപ്പിക്കാനാണ് ഇത്. ഇപ്പോൾ നിങ്ങൾക്ക് എന്തു തോന്നും? മോശയെപ്പോലെ താഴ്മയുണ്ടെങ്കിൽ, നിങ്ങളുടെ പ്രാധാന്യം കുറഞ്ഞുപോകുമെന്നു നിങ്ങൾ ചിന്തിക്കില്ല. പകരം, സന്തോഷത്തോടെ ആ സഹോദരനെ സഹായിക്കും.
12. ഇക്കാലത്ത് പല സഹോദരങ്ങളും എങ്ങനെയാണു താഴ്മ കാണിക്കുകയും കിട്ടുന്ന നിയമനങ്ങളിൽ സന്തോഷിക്കുകയും ചെയ്യുന്നത്?
12 പ്രായമുള്ള ചില സഹോദരന്മാർ നേരിടുന്ന മറ്റൊരു സാഹചര്യം ചിന്തിക്കാം. വർഷങ്ങളായി മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകരായി സേവിക്കുന്ന അവർ 80 വയസ്സാകുമ്പോൾ ആ നിയമനം മനസ്സോടെ കൈമാറുന്നു. സർക്കിട്ട് മേൽവിചാരകന്മാർ 70 വയസ്സാകുമ്പോൾ താഴ്മയോടെ ആ സേവനപദവി വിട്ടിട്ട്, ഒരു മടിയുംകൂടാതെ മറ്റു നിയമനങ്ങൾ സ്വീകരിക്കുന്നു. ഈ അടുത്ത കാലത്ത്, പല രാജ്യങ്ങളിലും ബഥേലിൽ സേവിച്ചിരുന്ന ചില സഹോദരങ്ങളെ വയലിലേക്കു നിയമിച്ചു. തങ്ങൾ മുമ്പ് ചെയ്തിരുന്ന നിയമനങ്ങൾ ഇപ്പോൾ ചെയ്യുന്നവരോടു വിശ്വസ്തരായ ഈ സഹോദരങ്ങൾക്ക് ഒരു നീരസവും ഇല്ല.
13. 12 അപ്പോസ്തലന്മാരോടു പൗലോസിന് അസൂയ തോന്നാമായിരുന്നത് എന്തുകൊണ്ട്?
13 ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന മനോഭാവവും താഴ്മയും കാണിച്ച മറ്റൊരാളാണ് അപ്പോസ്തലനായ പൗലോസ്. തന്റെ ഉള്ളിൽ അസൂയ വളരാതിരിക്കാൻ പൗലോസ് ശ്രദ്ധിച്ചു. ശുശ്രൂഷയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്തയാളായിരുന്നു പൗലോസ്. എന്നാൽ അദ്ദേഹം താഴ്മയോടെ പറഞ്ഞത് ഇതാണ്: “ഞാൻ അപ്പോസ്തലന്മാരിൽ ഏറ്റവും ചെറിയവനാണ്. . . . ഞാൻ അപ്പോസ്തലൻ എന്നു വിളിക്കപ്പെടാൻപോലും യോഗ്യനല്ല.” (1 കൊരി. 15:9, 10) യേശുവിന്റെ ഭൂമിയിലെ ശുശ്രൂഷയുടെ സമയത്ത് 12 അപ്പോസ്തലന്മാർ യേശുവിന്റെകൂടെയുണ്ടായിരുന്നു. പക്ഷേ യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷമാണു പൗലോസ് ഒരു ക്രിസ്ത്യാനിയായത്. പിന്നീട് പൗലോസിനെ ‘ജനതകളുടെ അപ്പോസ്തലനായി’ നിയമിച്ചെങ്കിലും 12 അപ്പോസ്തലന്മാരിൽ ഒരാളാകാനുള്ള പ്രത്യേകപദവി അദ്ദേഹത്തിനു ലഭിച്ചില്ല. (റോമ. 11:13; പ്രവൃ. 1:21-26) വേണമെങ്കിൽ പൗലോസിന് ആ 12 പേരോട് അസൂയ തോന്നാമായിരുന്നു, അവരെപ്പോലെ യേശുവിനോടൊപ്പം നടക്കാൻ തനിക്കു കഴിഞ്ഞില്ലല്ലോ എന്നു ചിന്തിക്കാമായിരുന്നു. എന്നാൽ പൗലോസ് തനിക്കു ലഭിച്ചതിൽ തൃപ്തിപ്പെട്ടു.
14. ഉള്ളതിൽ തൃപ്തിപ്പെടുന്ന മനോഭാവവും താഴ്മയും ഉണ്ടെങ്കിൽ നമ്മൾ എന്തു ചെയ്യും?
14 ഉള്ളതിൽ തൃപ്തിപ്പെടുന്ന മനോഭാവവും താഴ്മയും ഉണ്ടെങ്കിൽ, യഹോവ മറ്റുള്ളവർക്കു കൊടുത്തിട്ടുള്ള അധികാരത്തെ പൗലോസിനെപ്പോലെ നമ്മളും ആദരിക്കും. (പ്രവൃ. 21:20-26) ക്രിസ്തീയസഭയിൽ നേതൃത്വമെടുക്കാൻ മൂപ്പന്മാരെ നിയമിക്കുന്നതിനുള്ള ക്രമീകരണം യഹോവ ചെയ്തിട്ടുണ്ട്. കുറവുകളൊക്കെയുണ്ടെങ്കിലും, യഹോവ അവരെ ‘സമ്മാനങ്ങളായിട്ടാണ്’ കാണുന്നത്. (എഫെ. 4:8, 11) ഈ നിയമിതപുരുഷന്മാരെ നമ്മൾ ബഹുമാനിക്കുകയും അവർ തരുന്ന നിർദേശങ്ങൾ താഴ്മയോടെ അനുസരിക്കുകയും ചെയ്യുമ്പോൾ, യഹോവയോട് അടുത്ത് നിൽക്കാൻ നമുക്കു കഴിയും, സഹോദരങ്ങളുമായി സമാധാനത്തിലായിരിക്കാനും കഴിയും.
‘സമാധാനം ഉണ്ടാക്കാൻ ആകുന്നതെല്ലാം ചെയ്യുക’
15. നമ്മൾ എന്തു ചെയ്യേണ്ടതു പ്രധാനമാണ്?
15 അസൂയ വളരാൻ അനുവദിച്ചാൽ പരസ്പരം സമാധാനത്തിലായിരിക്കാൻ നമുക്കു കഴിയില്ല. നമ്മുടെ ഉള്ളിൽനിന്ന് അസൂയ പിഴുതുകളയണം. മറ്റുള്ളവരിൽ അസൂയയുടെ വിത്ത് ഇടാതിരിക്കാനും നമ്മൾ ശ്രദ്ധിക്കണം. നമ്മൾ ഇതു ചെയ്തെങ്കിലേ, “സമാധാനം ഉണ്ടാക്കാനും അന്യോന്യം ബലപ്പെടുത്താനും വേണ്ടി (നിങ്ങളാലാകുന്നതെല്ലാം)” ചെയ്യാനുള്ള യഹോവയുടെ കല്പന അനുസരിക്കാൻ നമുക്കു കഴിയൂ. (റോമ. 14:19) അസൂയയോടു പോരാടാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് എന്തു ചെയ്യാം? നമുക്ക് എങ്ങനെ സമാധാനം ഉണ്ടാക്കാം?
16. മറ്റുള്ളവരിൽ അസൂയ വളരാതിരിക്കാൻ നമ്മൾ എന്തെല്ലാം ഒഴിവാക്കണം?
16 നമ്മുടെ മനോഭാവവും പ്രവൃത്തികളും മറ്റുള്ളവരെ കാര്യമായി സ്വാധീനിക്കും. നമ്മൾ നമുക്കുള്ള ‘വസ്തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പിക്കണമെന്നാണ്’ ഈ ലോകം പറയുന്നത്. (1 യോഹ. 2:16) അത്തരം മനോഭാവം മറ്റുള്ളവരിൽ അസൂയയുണ്ടാക്കും. നമുക്കുള്ള സാധനങ്ങളെയോ നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെയോ കുറിച്ച് എപ്പോഴും മറ്റുള്ളവരോടു പറഞ്ഞാൽ അവർക്ക് അസൂയ തോന്നിയേക്കാം. അതുകൊണ്ട് അത് ഒഴിവാക്കുക. ഇനി, സഭയിൽ നമുക്കുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് മറ്റുള്ളവരോടു കൂടെക്കൂടെ പറഞ്ഞുകൊണ്ടിരുന്നാൽ, അവരിൽ അസൂയയുടെ വിത്തുകൾ പാകുകയായിരിക്കും നമ്മൾ. അതുകൊണ്ട് അതും നമ്മൾ ഒഴിവാക്കണം. അതിനു പകരം, മറ്റുള്ളവരുടെ കാര്യത്തിൽ ആത്മാർഥമായ താത്പര്യമെടുക്കുകയും അവർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് അവരെ അഭിനന്ദിക്കുകയും ചെയ്യുന്നെങ്കിൽ, ഉള്ളതിൽ തൃപ്തരായിരിക്കാൻ നമ്മൾ അവരെ സഹായിക്കുകയാണ്. അതു സഭയിൽ സമാധാനവും ഐക്യവും വളർത്തും.
17. യോസേഫിന്റെ ചേട്ടന്മാർക്ക് എന്തു ചെയ്യാൻ കഴിഞ്ഞു, എന്തുകൊണ്ട്?
17 അസൂയയ്ക്കെതിരെയുള്ള പോരാട്ടത്തിൽ നമുക്കു ജയിക്കാൻ കഴിയും! യോസേഫിന്റെ ചേട്ടന്മാരുടെ ദൃഷ്ടാന്തം ഒന്നുകൂടെ നോക്കാം. യോസേഫിനോട് അവർ കാണിച്ച ദ്രോഹത്തെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തു. വർഷങ്ങൾക്കു ശേഷം അവർ യോസേഫിനെ ഈജിപ്തിൽവെച്ച് വീണ്ടും കണ്ടു. താൻ ആരാണെന്നു ചേട്ടന്മാർക്കു വെളിപ്പെടുത്തുന്നതിനു മുമ്പ്, അവർക്കു മാറ്റം വന്നോ എന്നു യോസേഫ് പരീക്ഷിച്ചു. യോസേഫ് അവർക്ക് ഒരു വിരുന്ന് ഒരുക്കി. വിരുന്നിന്റെ സമയത്ത്, യോസേഫ് ഏറ്റവും ഇളയ അനിയനായ ബന്യാമീനോടു പ്രത്യേകപരിഗണന കാണിച്ചു. (ഉൽപ. 43:33, 34) എങ്കിലും അതിന്റെ പേരിൽ അവർക്കു ബന്യാമീനോട് ഒരു അസൂയയും തോന്നിയില്ല. പകരം അനിയന്റെയും അപ്പനായ യാക്കോബിന്റെയും കാര്യത്തിൽ അവർ ആത്മാർഥമായ താത്പര്യം കാണിച്ചു. (ഉൽപ. 44:30-34) അസൂയപ്പെടുന്നത് ഒഴിവാക്കിയതുകൊണ്ട്, കുടുംബത്തിൽ വീണ്ടും സമാധാനം കൊണ്ടുവരാൻ യോസേഫിന്റെ ചേട്ടന്മാർക്കു കഴിഞ്ഞു. (ഉൽപ. 45:4, 15) നമ്മളും നമ്മുടെ ഉള്ളിൽനിന്ന് അസൂയ പിഴുതുകളയുന്നെങ്കിൽ, കുടുംബത്തിലും സഭയിലും സമാധാനം നിലനിറുത്താൻ സഹായിക്കുകയാണ്.
18. യാക്കോബ് 3:17, 18 അനുസരിച്ച്, സമാധാനമുള്ള ചുറ്റുപാട് ഒരുക്കാൻ നമ്മൾ സഹായിച്ചാൽ അതിന്റെ ഫലം എന്തായിരിക്കും?
18 നമ്മൾ അസൂയയ്ക്കെതിരെ പോരാടാനും സമാധാനം ഉണ്ടാക്കാനും യഹോവ പ്രതീക്ഷിക്കുന്നു. ഈ രണ്ടു കാര്യങ്ങളും ചെയ്യാൻ നമ്മൾ കഠിനമായി ശ്രമിക്കണം. നമ്മൾ ഈ ലേഖനത്തിൽ കണ്ടതുപോലെ, അസൂയപ്പെടാനുള്ള ഒരു ചായ്വ് നമുക്കുണ്ട്. (യാക്കോ. 4:5) കൂടാതെ, അസൂയ നിറഞ്ഞുനിൽക്കുന്ന ഒരു ലോകത്തിലാണു നമ്മൾ ജീവിക്കുന്നതും. പക്ഷേ നമ്മൾ താഴ്മ വളർത്തിയെടുക്കുകയും ഉള്ളതിൽ തൃപ്തരായിരിക്കുകയും ചെയ്യുന്നെങ്കിൽ, പിന്നെ അസൂയയ്ക്കു നമ്മുടെ ഉള്ളിൽ ഇടമുണ്ടായിരിക്കില്ല. പകരം, സമാധാനമുള്ള ഒരു ചുറ്റുപാട് ഒരുക്കാൻ നമ്മൾ സഹായിക്കുകയാണ്. അവിടെ നീതിയുടെ ഫലം വളരും.—യാക്കോബ് 3:17, 18 വായിക്കുക.
ഗീതം 130 ക്ഷമിക്കുന്നവരായിരിക്കുക
a സമാധാനം കളിയാടുന്ന ഒന്നാണ് യഹോവയുടെ സംഘടന. പക്ഷേ, അസൂയ വളർന്നുവരാൻ അനുവദിച്ചാൽ അതു സംഘടനയുടെ സമാധാനത്തെ ബാധിക്കും. ഈ ലേഖനത്തിൽ അസൂയയുടെ കാരണങ്ങൾ എന്തൊക്കെയാണെന്നു നമ്മൾ ചർച്ച ചെയ്യും. കൂടാതെ, ഈ ദുർഗുണത്തിന് എതിരെ എങ്ങനെ പോരാടാമെന്നും എങ്ങനെ സമാധാനം നിലനിറുത്താമെന്നും നമ്മൾ പഠിക്കും.
b പദപ്രയോഗത്തിന്റെ വിശദീകരണം: ബൈബിളിൽ അസൂയ എന്ന പദം രണ്ട് ആശയങ്ങൾ സൂചിപ്പിക്കാറുണ്ട്. അസൂയയുള്ള ഒരു വ്യക്തി, മറ്റുള്ളവർക്കുള്ള എന്തെങ്കിലും തനിക്കു വേണമെന്നു മാത്രമല്ല, അത് അവർക്കു നഷ്ടപ്പെട്ടുകാണാനും ആഗ്രഹിക്കും.
c ചിത്രക്കുറിപ്പ്: മൂപ്പന്മാരുടെ ഒരു യോഗത്തിൽ, സഭയിൽ വീക്ഷാഗോപുരപഠനം നടത്തുന്ന പ്രായമുള്ള ഒരു സഹോദരനോട്, ആ നിയമനം ചെയ്യുന്നതിനു പ്രായം കുറഞ്ഞ വേറൊരു സഹോദരനെ പരിശീലിപ്പിക്കാൻ ആവശ്യപ്പെടുന്നു. പ്രായമുള്ള സഹോദരനു തന്റെ നിയമനം ഇഷ്ടമാണെങ്കിലും മൂപ്പന്മാരുടെ തീരുമാനത്തെ അദ്ദേഹം പൂർണമായി പിന്തുണയ്ക്കുന്നു. ചെറുപ്പക്കാരനായ സഹോദരനു വേണ്ട നിർദേശങ്ങൾ കൊടുക്കുകയും ആത്മാർഥമായി അഭിനന്ദിക്കുകയും ചെയ്യുന്നു.