ജീവിതകഥ
നല്ല മാതൃകകൾ വെച്ചവരിൽനിന്ന് പഠിച്ചതിന്റെ അനുഗ്രഹങ്ങൾ
കുട്ടിയായിരുന്നപ്പോൾ, ശുശ്രൂഷയിൽ ഏർപ്പെടുന്നത് എനിക്കു ബുദ്ധിമുട്ടായിരുന്നു. വളർന്നുവന്നപ്പോൾ, ചെയ്യാൻ കഴിയില്ലെന്നു തോന്നിയ പല നിയമനങ്ങൾ എനിക്കു കിട്ടി. എന്റെ ഉത്കണ്ഠകൾ മറികടക്കാനും 58 വർഷത്തെ മുഴുസമയസേവനത്തിലെ അനുഗ്രഹങ്ങൾ ആസ്വദിക്കാനും എന്നെ സഹായിച്ച, നല്ല മാതൃക വെച്ച ചിലരെക്കുറിച്ച് ഞാൻ പറയാം.
കാനഡയിലെ ഫ്രഞ്ച് സംസാരിക്കുന്ന പ്രവിശ്യയായ ക്യുബെക്കിലെ ക്യുബെക്ക് സിറ്റിയിലാണു ഞാൻ ജനിച്ചത്. ലൂയി എന്നായിരുന്നു പപ്പയുടെ പേര്, മമ്മി സാലി. സ്നേഹം നിറഞ്ഞ ഒരു ഭവനത്തിലാണു ഞാൻ വളർന്നുവന്നത്. ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനായിരുന്നു പപ്പ, ഒരുപാടു വായിക്കുകയും ചെയ്യുമായിരുന്നു. ഒരു പത്രപ്രവർത്തകൻ ആകണമെന്നായിരുന്നു എന്റെ ആഗ്രഹം, കാരണം എഴുതുന്നത് എനിക്ക് ഇഷ്ടമായിരുന്നു.
എനിക്കു 12 വയസ്സുള്ളപ്പോൾ പപ്പയുടെകൂടെ ജോലി ചെയ്തിരുന്ന റുഡോൾഫ് സോസി ഒരു സുഹൃത്തിന്റെകൂടെ വീട്ടിൽ വന്നു. അവർ യഹോവയുടെ സാക്ഷികളായിരുന്നു. സാക്ഷികളെക്കുറിച്ച് കാര്യമായി ഒന്നും എനിക്ക് അറിയില്ലായിരുന്നു, ആ മതത്തെക്കുറിച്ച് അറിയാൻ എനിക്കു വലിയ താത്പര്യവുമില്ലായിരുന്നു. പക്ഷേ അവർ ചോദ്യങ്ങൾക്കു ബൈബിൾ ഉപയോഗിച്ച് യുക്തിയോടെ ഉത്തരം തന്നത് എനിക്ക് ഇഷ്ടപ്പെട്ടു. എനിക്കു മാത്രമല്ല, പപ്പയ്ക്കും മമ്മിക്കും അത് ഇഷ്ടപ്പെട്ടു. അങ്ങനെ ഞങ്ങൾ ഒരു ബൈബിൾപഠനത്തിനു സമ്മതിച്ചു.
ആ സമയത്ത് ഞാൻ ഒരു കത്തോലിക്കാ സ്കൂളിലാണു പഠിച്ചിരുന്നത്. ഇടയ്ക്കൊക്കെ, എന്റെ ക്ലാസിലെ കൂട്ടുകാരോടു ബൈബിളിൽനിന്ന് ഞാൻ പഠിക്കുന്ന കാര്യങ്ങൾ പറയുമായിരുന്നു. പുരോഹിതന്മാരായിരുന്ന എന്റെ അധ്യാപകർ അതു കണ്ടുപിടിച്ചു. ഞാൻ പറയുന്നതൊക്കെ തെറ്റാണെന്നു ബൈബിളിൽനിന്ന് തെളിയിക്കുന്നതിനു പകരം ഒരു അധ്യാപകൻ ക്ലാസിലെ കുട്ടികളുടെയെല്ലാം മുന്നിൽവെച്ച് എന്നെ വിപ്ലവകാരിയായി മുദ്ര കുത്തി. ആ സമയത്ത് എനിക്ക് ഒത്തിരി വിഷമം തോന്നിയെങ്കിലും, സത്യത്തിൽ അത് ഒരു അനുഗ്രഹമായി. കാരണം, സ്കൂളിൽ പഠിപ്പിക്കുന്ന മതകാര്യങ്ങൾ ബൈബിളുമായി ചേർച്ചയിലല്ലെന്ന് എനിക്കു മനസ്സിലായി. ഇനി അവിടെ പഠിക്കേണ്ടെന്ന് എനിക്കു തോന്നി. മാതാപിതാക്കളുടെ സമ്മതത്തോടെ, ഞാൻ വേറൊരു സ്കൂളിലേക്കു മാറി.
ശുശ്രൂഷയെ സ്നേഹിക്കാൻ പഠിക്കുന്നു
ഞാൻ ബൈബിൾ പഠിക്കുന്നുണ്ടായിരുന്നെങ്കിലും വലിയ ആത്മീയപുരോഗതി വരുത്തിയില്ല. കാരണം വീടുതോറുമുള്ള വയൽസേവനം എനിക്കു പേടിയായിരുന്നു. കത്തോലിക്കാ സഭയ്ക്കു വലിയ സ്വാധീനമുള്ള
ഒരു പ്രദേശമായിരുന്നു അത്, നമ്മുടെ പ്രസംഗപ്രവർത്തനത്തോട് അവർക്കു കടുത്ത എതിർപ്പുമായിരുന്നു. ക്യുബെക്കിന്റെ ഭരണാധികാരിയായിരുന്ന മോറിസ് ഡുപ്ലെസിസും സഭാധികാരികളും ഒറ്റക്കെട്ടായിരുന്നു. അദ്ദേഹത്തിന്റെ സമ്മതത്തോടെ, ജനക്കൂട്ടം സാക്ഷികൾക്കു പ്രശ്നങ്ങളുണ്ടാക്കുകയും അവരെ ആക്രമിക്കുകയും ചെയ്തിരുന്നു. നല്ല ധൈര്യമുണ്ടായിരുന്നെങ്കിലേ അക്കാലത്ത് പ്രസംഗപ്രവർത്തനം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.ഭയം മറികടക്കാൻ എന്നെ സഹായിച്ച ഒരു സഹോദരനായിരുന്നു ജോൺ റേ. ഗിലെയാദ് സ്കൂളിന്റെ ഒൻപതാമത്തെ ക്ലാസിൽനിന്ന് ബിരുദം നേടിയ പരിചയസമ്പന്നനായ ഒരു സഹോദരനായിരുന്നു അദ്ദേഹം. താഴ്മയുള്ള, എപ്പോൾ വേണമെങ്കിലും നമുക്കു ചെന്ന് സംസാരിക്കാൻ കഴിയുന്ന ഒരു സഹോദരൻ. ‘അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം’ എന്നൊക്കെ പറഞ്ഞ് അദ്ദേഹം എന്നെ കാര്യമായി ഉപദേശിച്ചിട്ടില്ല. പക്ഷേ സഹോദരന്റെ നല്ല മാതൃക എന്നെ വളരെയധികം കാര്യങ്ങൾ പഠിപ്പിച്ചു. ഫ്രഞ്ച് സംസാരിക്കുന്നതു സഹോദരനു ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് ശുശ്രൂഷയിൽ ഞാൻ അദ്ദേഹത്തിന്റെകൂടെ പോകുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്തിരുന്നു. ജോൺ സഹോദരനുമായുള്ള അടുത്ത സഹവാസം ഒരു യഹോവയുടെ സാക്ഷിയാകാനുള്ള ധീരമായ തീരുമാനമെടുക്കാൻ എന്നെ സഹായിച്ചു. 1951 മെയ് 26-നു ഞാൻ സ്നാനപ്പെട്ടു, സാക്ഷികളുമായി ആദ്യം സംസാരിച്ച് പത്തു വർഷം കഴിഞ്ഞ്.
ക്യുബെക്ക് സിറ്റിയിലെ ഞങ്ങളുടെ കൊച്ചുസഭയിലെ മിക്കവരും മുൻനിരസേവകരായിരുന്നു. അവരുടെ മാതൃക മുൻനിരസേവനം തുടങ്ങാൻ എന്നെ പ്രചോദിപ്പിച്ചു. അക്കാലത്ത്, വീടുതോറുമുള്ള ശുശ്രൂഷയിൽ ഞങ്ങൾക്കു പ്രസിദ്ധീകരണങ്ങളില്ലായിരുന്നു. ബൈബിൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തിരുവെഴുത്തുകൾ നന്നായി ഉപയോഗിക്കാൻ അറിഞ്ഞിരിക്കണമായിരുന്നു. അതിനുവേണ്ടി ബൈബിൾവാക്യങ്ങൾ പഠിക്കാൻ ഞാൻ ഒരു ശ്രമം നടത്തി. പക്ഷേ കത്തോലിക്കാ സഭയുടെ അംഗീകാരമില്ലാത്ത ബൈബിൾഭാഷാന്തരങ്ങളിൽനിന്ന് വായിക്കാൻപോലും പലർക്കും സമ്മതമല്ലായിരുന്നു.
1952-ൽ ഞാൻ സിമോൺ പാട്രി എന്ന വിശ്വസ്തയായ സഹോദരിയെ വിവാഹം കഴിച്ചു. എന്റെ നാട്ടുകാരിതന്നെയായിരുന്നു സിമോൺ. ഞങ്ങൾ മോൺട്രിയലിലേക്കു താമസം മാറി. ഒരു വർഷത്തിനുള്ളിൽ ഞങ്ങളുടെ മകൾ പിറന്നു, ലിസ്. വിവാഹത്തിനു കുറച്ച് നാൾ മുമ്പ് ഞാൻ മുൻനിരസേവനം നിറുത്തിയിരുന്നു. പക്ഷേ ഞാനും സിമോണും ജീവിതം ലളിതമായി സൂക്ഷിക്കാൻ ശ്രമിച്ചു. സഭയുടെ പ്രവർത്തനങ്ങളിൽ കഴിയുന്നത്ര ഉൾപ്പെടാൻവേണ്ടിയായിരുന്നു അത്.
വിവാഹത്തിനു ശേഷം പത്തു വർഷം കഴിഞ്ഞ് ശുശ്രൂഷ വിപുലപ്പെടുത്തുന്നതിനെക്കുറിച്ച് ഞാൻ ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. 1962-ൽ കാനഡ ബഥേലിൽവെച്ച് നടന്ന മൂപ്പന്മാർക്കുവേണ്ടിയുള്ള ഒരു മാസത്തെ രാജ്യശുശ്രൂഷാസ്കൂളിൽ ഞാൻ പങ്കെടുത്തു. കമേൽ വാലറ്റ് എന്ന സഹോദരന്റെകൂടെയായിരുന്നു ആ സമയത്ത് എന്റെ താമസം. ഭാര്യയും കുട്ടികളും ഒക്കെയുള്ള ഒരാളായിരുന്നു അദ്ദേഹം. എന്നിട്ടും സഹോദരൻ ശുശ്രൂഷയിൽ തീക്ഷ്ണതയോടെ ഏർപ്പെട്ടിരുന്നു. എനിക്കു സഹോദരനോടു മതിപ്പു തോന്നി. അക്കാലത്ത്
ക്യുബെക്കിൽ, അധികമാരും ഒരു കുട്ടിയെ വളർത്തുകയും ഒപ്പം മുൻനിരസേവനം ചെയ്യുകയും ചെയ്തിരുന്നില്ല. പക്ഷേ അതായിരുന്നു കമേലിന്റെ ലക്ഷ്യം. ഞങ്ങൾ ഒരുമിച്ചായിരുന്ന സമയത്ത് എന്റെ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാൻ സഹോദരൻ എന്നെ പ്രോത്സാഹിപ്പിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ, വീണ്ടും മുൻനിരസേവനം തുടങ്ങാൻ ഞാൻ തീരുമാനിച്ചു. അത് ഒരു നല്ല തീരുമാനമാണോ എന്നു പലരും സംശയിച്ചു. പക്ഷേ ശുശ്രൂഷയിൽ കൂടുതൽ ചെയ്യാനുള്ള എന്റെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും എന്നു വിശ്വസിച്ചുകൊണ്ട് ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.പ്രത്യേക മുൻനിരസേവകരായി വീണ്ടും ക്യുബെക്കിലേക്ക്
1964-ൽ ഞങ്ങളുടെ സ്വന്തം പട്ടണമായ ക്യുബെക്ക് സിറ്റിയിൽ പ്രത്യേക മുൻനിരസേവകരായി എന്നെയും സിമോണെയും നിയമിച്ചു. അടുത്ത ഏതാനും വർഷങ്ങൾ ഞങ്ങൾ അവിടെയായിരുന്നു. പ്രസംഗപ്രവർത്തനത്തിനു പണ്ടത്തെ അത്ര പ്രശ്നമില്ലായിരുന്നെങ്കിലും, ഞങ്ങൾക്ക് എതിർപ്പുകൾ നേരിടേണ്ടിവന്നു.
ഒരു ശനിയാഴ്ച ഉച്ച കഴിഞ്ഞ്, ക്യുബെക്ക് സിറ്റിക്ക് അടുത്തുള്ള സെന്റ് മേരി എന്ന ചെറിയ പട്ടണത്തിൽവെച്ച് എന്നെ അറസ്റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥൻ എന്നെ സ്റ്റേഷനിലേക്കു കൊണ്ടുപോയി അവിടെ ജയിലിലാക്കി. അനുമതിയില്ലാതെ വീടുതോറും സുവിശേഷം പ്രസംഗിച്ചു എന്നതായിരുന്നു എന്റെ മേൽ ചുമത്തിയ കുറ്റം. പിന്നീട് എന്നെ ബിയാഴോ എന്നു പേരുള്ള ഒരു ജഡ്ജിയുടെ മുന്നിൽ ഹാജരാക്കി. ആർക്കും പേടി തോന്നുന്ന ഒരാളായിരുന്നു അദ്ദേഹം. എന്റെ വക്കീൽ ആരാണെന്ന് ആ ജഡ്ജി എന്നോടു ചോദിച്ചു. ഗ്ലെൻ ഹൗ a ആണെന്നു ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പേടിച്ചുപോയി. അദ്ദേഹം പറഞ്ഞു: “അയ്യോ, അയാളോ!” സാക്ഷികളുടെ കേസുകൾ വാദിച്ച് ജയിക്കുന്നതിൽ പേരുകേട്ട ഒരാളായിരുന്നു ഗ്ലെൻ ഹൗ സഹോദരൻ. എനിക്ക് എതിരെ കൊണ്ടുവന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞെന്നു കോടതി പെട്ടെന്നുതന്നെ അറിയിച്ചു.
ക്യുബെക്കിൽ നമ്മുടെ പ്രവർത്തനത്തിന് എതിർപ്പുണ്ടായിരുന്നതുകൊണ്ട് മീറ്റിങ്ങ് നടത്താൻ പറ്റിയ സ്ഥലം വാടകയ്ക്കു കിട്ടാൻ പ്രയാസമായിരുന്നു. വാഹനങ്ങൾ കയറ്റിയിടാൻ ഉപയോഗിച്ചിരുന്ന ഒരു പഴയ ഷെഡ് ആണ് ഞങ്ങളുടെ കൊച്ചുസഭയ്ക്കു കിട്ടിയത്. മുറി ചൂടാക്കാനുള്ള സംവിധാനമൊന്നും അവിടെയില്ലായിരുന്നു. മരംകോച്ചുന്ന തണുപ്പുകാലത്ത് സഹോദരങ്ങൾ എണ്ണ ഒഴിച്ച് കത്തിക്കുന്ന ഒരു ഹീറ്റർ ഉപയോഗിച്ചാണു മുറി ചൂടു പിടിപ്പിച്ചിരുന്നത്. ചിലപ്പോൾ ഞങ്ങൾ മീറ്റിങ്ങിനു മുമ്പ് കുറെ സമയം അതിനു ചുറ്റും കൂടിയിരുന്ന് പ്രോത്സാഹനം പകരുന്ന അനുഭവങ്ങൾ പറയുമായിരുന്നു.
വർഷങ്ങൾകൊണ്ട് പ്രസംഗവേലയിൽ അത്ഭുതകരമായ വളർച്ചയാണ് ഉണ്ടായത്. 1960-കളിൽ ക്യുബെക്ക് സിറ്റിയുടെ പ്രദേശത്തും കോട്-നോർദെ ഭാഗത്തും ഗസ്പെയ് ഉപദ്വീപിലും എല്ലാം കൂടി ഏതാനും ചെറിയ സഭകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇന്നോ? രണ്ടു സർക്കിട്ടുകളിൽ ഉള്ളതിനെക്കാൾ കൂടുതൽ സഹോദരങ്ങൾ അവിടെയുണ്ട്. അവർ മനോഹരമായ രാജ്യഹാളുകളിലാണു കൂടിവരുന്നത്.
സഞ്ചാരവേലയിലേക്ക്. . .
1970-ൽ ഞങ്ങൾക്കു സർക്കിട്ട് വേലയിലേക്കു ക്ഷണം കിട്ടി. 1973-ൽ ഞങ്ങളെ ഡിസ്ട്രിക്റ്റ് വേലയിൽ നിയമിച്ചു. അക്കാലത്ത് ഞാൻ ലോർയേ സോമ്യൂർ, b ഡേവിഡ് സ്പ്ലെയ്ൻ c തുടങ്ങിയ പ്രാപ്തരായ സഹോദരങ്ങളിൽനിന്ന് ധാരാളം കാര്യങ്ങൾ പഠിച്ചു. അവർ രണ്ടു പേരും അന്നു സഞ്ചാരവേലയിൽ ഉണ്ടായിരുന്നു. ഓരോ സമ്മേളനം കഴിയുമ്പോഴും ഞാനും ഡേവിഡും ഞങ്ങളുടെ രണ്ടു പേരുടെയും പഠിപ്പിക്കൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുമായിരുന്നു. ഞാൻ ഒരു സംഭവം ഓർക്കുന്നു. ഡേവിഡ് എന്നോടു പറഞ്ഞു: “ലാവോൺസേ, പ്രസംഗം എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ അത്രയും വിവരങ്ങൾകൊണ്ട് ഞാൻ മൂന്നു പ്രസംഗം നടത്തിയേനേ.” അത് എന്റെ ഒരു പ്രശ്നമായിരുന്നു. ഞാൻ പ്രസംഗങ്ങളിൽ കൂടുതൽ വിവരങ്ങൾ കുത്തിക്കൊള്ളിക്കാൻ ശ്രമിച്ചിരുന്നു. വിവരങ്ങൾ ചുരുക്കാൻ ഞാൻ പഠിക്കണമായിരുന്നു.
സർക്കിട്ട് മേൽവിചാരകന്മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്വം ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാർക്കുണ്ടായിരുന്നു. പക്ഷേ ക്യുബെക്കിലെ മിക്ക പ്രചാരകർക്കും എന്നെ നന്നായി അറിയാമായിരുന്നു. അതുകൊണ്ട് സന്ദർശനത്തിന്റെ സമയത്ത് ഞാൻ കൂടെയുള്ളപ്പോൾ എന്റെകൂടെ വയൽസേവനത്തിനു വരാൻ അവർ ആഗ്രഹിച്ചു. അവരുടെകൂടെ വയൽസേവനത്തിനു പോകുന്നതു നല്ല രസമായിരുന്നെങ്കിലും സർക്കിട്ട് മേൽവിചാരകന്റെകൂടെ ഞാൻ അധികം സമയം ചെലവഴിച്ചില്ല. ഒരിക്കൽ ഒരു സർക്കിട്ട് മേൽവിചാരകൻ ഇക്കാര്യം എന്നോടു പറഞ്ഞു: “സഹോദരൻ മറ്റു സഹോദരങ്ങളുടെകൂടെ പോകുന്നതു നല്ലതാണ്, പക്ഷേ ഈ ആഴ്ച എന്നെ സന്ദർശിക്കാനാണു സഹോദരൻ വന്നത്. എനിക്കും പ്രോത്സാഹനം വേണം.” ദയയോടെയും സ്നേഹത്തോടെയും തന്ന ഈ ഉപദേശം എന്നെ വളരെയധികം സഹായിച്ചു.
1976-ൽ സങ്കടകരമായ ഒരു സംഭവമുണ്ടായി. ഗുരുതരമായ ഒരു രോഗം ബാധിച്ച് എന്റെ പ്രിയപ്പെട്ട ഭാര്യ സിമോൺ മരിച്ചു. അവൾക്ക് യഹോവയോടു സ്നേഹവും ഏതു സേവനവും ചെയ്യാനുള്ള മനസ്സൊരുക്കവും ഉണ്ടായിരുന്നു. എന്റെ നല്ല ഒരു പങ്കാളിയായിരുന്നു അവൾ. അവളുടെ പെട്ടെന്നുള്ള വേർപാട് എന്നെ വളരെയധികം ദുഃഖിപ്പിച്ചു. എങ്കിലും ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെട്ടതു പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചു. ബുദ്ധിമുട്ടേറിയ ആ സമയത്ത് എന്നെ താങ്ങിയതിന് എനിക്ക് യഹോവയോടു നന്ദിയുണ്ട്. പിന്നീട്, ഞാൻ കരോലിൻ എലിയട്ടിനെ വിവാഹം കഴിച്ചു. തീക്ഷ്ണതയുള്ള, ഇംഗ്ലീഷുകാരിയായ ഒരു സഹോദരിയായിരുന്നു കരോലിൻ. ആവശ്യം അധികമുള്ള ക്യുബെക്കിൽ സേവിക്കാൻ വന്നതായിരുന്നു അവൾ. ആളുകൾക്ക് അടുപ്പം തോന്നുന്ന ഒരു സ്വഭാവമാണു കരോലിന്റേത്. മറ്റുള്ളവരുടെ കാര്യത്തിൽ, പ്രത്യേകിച്ച് ലജ്ജയുള്ള, ഏകാന്തത അനുഭവിക്കുന്ന ആളുകളുടെ കാര്യത്തിൽ, അവൾ ആത്മാർഥമായ താത്പര്യം കാണിച്ചിരുന്നു. സഞ്ചാരവേലയിൽ അവൾ എനിക്കു നല്ല ഒരു കൂട്ടായിരുന്നു.
പ്രധാനപ്പെട്ട ഒരു വർഷം
1978 ജനുവരിയിൽ ക്യുബെക്കിലെ ആദ്യത്തെ മുൻനിരസേവനസ്കൂളിൽ പഠിപ്പിക്കാൻ എനിക്കു നിയമനം കിട്ടി. എനിക്ക് ആകപ്പാടെ പേടി തോന്നി. കാരണം വിദ്യാർഥികളെപ്പോലെ എനിക്കും എല്ലാം പുതിയതായിരുന്നു. അതിന്റെ പാഠപുസ്തകംപോലും ഞാൻ മുമ്പ് കണ്ടിട്ടില്ലായിരുന്നു. പക്ഷേ ആദ്യത്തെ ക്ലാസിലെ മിക്കവരും അനുഭവസമ്പന്നരായ മുൻനിരസേവകരായിരുന്നു. അതൊരു ആശ്വാസമായി. ഞാനായിരുന്നു അധ്യാപകനെങ്കിലും വിദ്യാർഥികളിൽനിന്ന് എനിക്കു പലതും പഠിക്കാൻ കഴിഞ്ഞു.
1978-ൽത്തന്നെ മോൺട്രിയലിലെ ഒളിംപിക് സ്റ്റേഡിയത്തിൽവെച്ച് “വിജയപ്രദ വിശ്വാസ” അന്താരാഷ്ട്ര
കൺവെൻഷൻ നടത്തി. ക്യുബെക്കിലെ ഏറ്റവും വലിയ കൺവെൻഷനായിരുന്നു അത്. 80,000-ത്തിലധികം പേർ ഹാജരായി. കൺവെൻഷന്റെ ന്യൂസ് ഡിപ്പാർട്ടുമെന്റിൽ പ്രവർത്തിക്കാൻ എനിക്കു നിയമനം കിട്ടി. ഞാൻ പല പത്രപ്രവർത്തകരോടും സംസാരിച്ചു. അവർ നമ്മളെക്കുറിച്ച് ധാരാളം നല്ല കാര്യങ്ങൾ എഴുതിയതു കണ്ടപ്പോൾ എനിക്കു വലിയ ആവേശം തോന്നി. നമ്മളുമായി അവർ നടത്തിയ അഭിമുഖങ്ങൾ ടിവിയിലും റേഡിയോയിലും ആയി 20-ലധികം മണിക്കൂറുകൾ പ്രക്ഷേപണം ചെയ്തു. അതുപോലെ നൂറുകണക്കിനു ലേഖനങ്ങളും അവർ പ്രസിദ്ധീകരിച്ചു. അതെല്ലാം ശരിക്കും വലിയ ഒരു സാക്ഷ്യമായി.മറ്റൊരു പ്രദേശത്തേക്ക് മാറുന്നു
സ്നാനപ്പെട്ടതു മുതൽ ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ക്യുബെക്കിലാണു ഞാൻ സേവിച്ചത്. അങ്ങനെയിരിക്കെ, 1996-ൽ എന്റെ ജീവിതത്തിൽ ഒരു വലിയ മാറ്റം വന്നു. ടൊറന്റോ പ്രദേശത്തെ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ഒരു ഡിസ്ട്രിക്റ്റിൽ സേവിക്കാൻ എന്നെ നിയമിച്ചു. അത് എന്നെക്കൊണ്ട് സാധിക്കുമെന്ന് എനിക്കു തോന്നിയില്ല. തപ്പിയും തടഞ്ഞും ഇംഗ്ലീഷിൽ പ്രസംഗം നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾത്തന്നെ എനിക്കു പേടി തോന്നി. ഞാൻ കൂടുതൽ പ്രാർഥിക്കുകയും യഹോവയിൽ കൂടുതലായി ആശ്രയിക്കുകയും ചെയ്യണമായിരുന്നു.
പക്ഷേ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, ടൊറന്റോ പ്രദേശത്ത് സേവിച്ച മനോഹരമായ രണ്ടു വർഷങ്ങൾ ശരിക്കും ആസ്വദിച്ചു എന്ന് എനിക്കു പറയാൻ കഴിയും. ഇംഗ്ലീഷിൽ നന്നായി സംസാരിക്കാൻ പഠിക്കുന്നതിനു കരോലിൻ ക്ഷമയോടെ എന്നെ സഹായിച്ചു. സഹോദരങ്ങളും വലിയൊരു സഹായവും പ്രോത്സാഹനവും ആയിരുന്നു. പെട്ടെന്നുതന്നെ അവിടെയുള്ള പലരെയും ഞങ്ങൾക്കു കൂട്ടുകാരാക്കാൻ കഴിഞ്ഞു.
ശനിയും ഞായറും നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങളും മറ്റു പ്രവർത്തനങ്ങളും ഒക്കെ ഉണ്ടായിരുന്നെങ്കിലും മിക്കപ്പോഴും വെള്ളിയാഴ്ച വൈകുന്നേരം ഒരു മണിക്കൂർ വീടുതോറുമുള്ള വയൽസേവനത്തിൽ ഞാൻ പങ്കെടുത്തിരുന്നു. ചിലർ ഇങ്ങനെ ചിന്തിച്ചുകാണും, ‘സമ്മേളനത്തിന്റെ തിരക്കിനിടയിൽ സഹോദരൻ എന്തിനാണു വയൽസേവനത്തിനു പോകുന്നത്?’ പക്ഷേ ശുശ്രൂഷയിൽ ആളുകളുമായി നടത്തുന്ന സംഭാഷണങ്ങൾ ഉന്മേഷം തരുന്നതായിരുന്നു. ഇപ്പോൾപ്പോലും വയൽസേവനത്തിനു പോയിട്ടുവരുമ്പോൾ ഒരു പുത്തൻ ഊർജം കിട്ടുന്നതുപോലെ തോന്നും.
1998-ൽ ഞങ്ങളെ വീണ്ടും പ്രത്യേക മുൻനിരസേവകരായി മോൺട്രിയലിലേക്കു നിയമിച്ചു. പ്രത്യേക പരസ്യസാക്ഷീകരണം ക്രമീകരിക്കുന്നതും യഹോവയുടെ സാക്ഷികളെക്കുറിച്ച് ആളുകൾക്കുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ വാർത്താമാധ്യമങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതും കുറെ വർഷങ്ങൾ എന്റെ നിയമനത്തിന്റെ ഭാഗമായിരുന്നു. ഇയ്യടുത്ത കാലത്ത് കാനഡയിലേക്കു കുടിയേറിയ, ബൈബിളിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുള്ള വിദേശികളോട് ഇപ്പോൾ ഞാനും കരോലിനും സാക്ഷീകരിക്കുന്നു.
ഞാൻ യഹോവയ്ക്കു സമർപ്പിച്ച് സ്നാനപ്പെട്ടിട്ട് 68 വർഷമായി. ഇത്രയും കാലത്തെ എന്റെ ദൈവസേവനത്തിൽ അനേകം അനുഗ്രഹങ്ങൾ ആസ്വദിക്കാൻ എനിക്കു കഴിഞ്ഞു. ശുശ്രൂഷയെ സ്നേഹിക്കാൻ പഠിച്ചതും സത്യം അറിയാൻ പലരെ സഹായിക്കാൻ കഴിഞ്ഞതും അങ്ങേയറ്റം സംതൃപ്തി തരുന്നതായിരുന്നു. എന്റെ മകൾ ലിസും ഭർത്താവും അവരുടെ മക്കൾ മുതിർന്നതിനു ശേഷം സാധാരണ മുൻനിരസേവനം തുടങ്ങി. ശുശ്രൂഷയിലെ അവളുടെ ഉത്സാഹം കാണുമ്പോൾ എനിക്കു ശരിക്കും സന്തോഷം തോന്നുന്നു. നല്ല മാതൃക വെച്ചുകൊണ്ടും ജ്ഞാനമുള്ള ഉപദേശം തന്നുകൊണ്ടും ആത്മീയമായി വളരാനും എനിക്കു കിട്ടിയ നിയമനങ്ങൾ നന്നായി ചെയ്യാനും എന്നെ സഹായിച്ച സഹോദരങ്ങളെ ഞാൻ നന്ദിയോടെ ഓർക്കുന്നു. യഹോവയുടെ പരിശുദ്ധാത്മാവിൽ ആശ്രയിച്ചാലേ നമുക്കു കിട്ടുന്ന നിയമനങ്ങൾ വിശ്വസ്തമായി ചെയ്യാൻ കഴിയൂ എന്ന് അനുഭവത്തിൽനിന്ന് എനിക്കു പറയാൻ കഴിയും. (സങ്കീ. 51:11) യഹോവയെ സ്തുതിക്കാനുള്ള അതുല്യമായ പദവി എനിക്കു തന്നതിന് യഹോവയോട് എനിക്കു പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ട്!—സങ്കീ. 54:6.
a “യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതാണ്” എന്ന ഡബ്ലിയു. ഗ്ലെൻ ഹൗ സഹോദരന്റെ ജീവിതകഥ 2000 ഏപ്രിൽ 22 ലക്കം ഉണരുക!-യിൽ കാണാം.
b ലോർയേ സോമ്യൂറിന്റെ ജീവിതകഥ, “പോരാടാൻതക്ക മൂല്യമുള്ള ഒന്നു ഞാൻ കണ്ടെത്തി,” 1976 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) കാണാം.
c ഡേവിഡ് സ്പ്ലെയ്ൻ സഹോദരൻ ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗമാണ്.