പഠനലേഖനം 9
യഹോവ നിങ്ങളെ ആശ്വസിപ്പിക്കും
“ആകുലചിന്തകൾ (“ഉത്കണ്ഠകൾ,” അടിക്കുറിപ്പ്) എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിച്ചു, എന്നെ സാന്ത്വനപ്പെടുത്തി.”—സങ്കീ. 94:19.
ഗീതം 44 എളിയവന്റെ പ്രാർഥന
പൂർവാവലോകനം a
1. ഉത്കണ്ഠയുടെ കാരണങ്ങൾ എന്തായിരിക്കാം, അതു നമ്മളെ എങ്ങനെ ബാധിക്കും?
നിങ്ങൾക്ക് എപ്പോഴെങ്കിലും വല്ലാത്ത ഉത്കണ്ഠ തോന്നിയിട്ടുണ്ടോ? b മറ്റൊരാളുടെ വേദനിപ്പിക്കുന്ന വാക്കോ പ്രവൃത്തിയോ നിങ്ങൾക്കു മനപ്രയാസമുണ്ടാക്കാം. കൂടാതെ, നിങ്ങൾത്തന്നെ തെറ്റായ ഒരു കാര്യം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തതു നിങ്ങളെ ഉത്കണ്ഠപ്പെടുത്തുന്നുണ്ടാകും. ഉദാഹരണത്തിന്, നിങ്ങൾ ചെയ്ത ഒരു തെറ്റ് യഹോവ ക്ഷമിക്കാതിരിക്കുമോ എന്നു നിങ്ങൾക്ക് ആശങ്ക കാണും. അതിനു പുറമേ, വിശ്വാസമില്ലാത്തതുകൊണ്ടും ഒരു മോശം വ്യക്തിയായതുകൊണ്ടും ആണ് നിങ്ങൾ ഇത്രയും ഉത്കണ്ഠപ്പെടുന്നതെന്നു തോന്നിയാൽ കാര്യങ്ങൾ കൂടുതൽ വഷളാകും. പക്ഷേ അതു സത്യമാണോ?
2. ഉത്കണ്ഠ തോന്നിയാൽ അതിന് അർഥം വിശ്വാസം കുറവാണ് എന്നല്ല എന്നു നമുക്ക് എങ്ങനെ അറിയാം?
2 ചില ബൈബിൾകഥാപാത്രങ്ങളുടെ മാതൃക നോക്കാം. ശക്തമായ വിശ്വാസമുള്ള ഒരു സ്ത്രീയായിരുന്നു ശമുവേൽ പ്രവാചകന്റെ അമ്മയായിത്തീർന്ന ഹന്ന. പക്ഷേ കുടുംബത്തിലെ ഒരു അംഗം മോശമായി പെരുമാറിയപ്പോൾ ഹന്ന കടുത്ത മാനസികസമ്മർദം അനുഭവിച്ചു. (1 ശമു. 1:7) പൗലോസ് അപ്പോസ്തലനും ഉറച്ച വിശ്വാസമുള്ള വ്യക്തിയായിരുന്നു. എന്നാൽ ‘എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരം പൗലോസിനെ അലട്ടി.’ (2 കൊരി. 11:28) നല്ല വിശ്വാസമുണ്ടായിരുന്ന ദാവീദ് രാജാവിനോട് യഹോവയ്ക്ക് ഒരു പ്രത്യേകതാത്പര്യമുണ്ടായിരുന്നു. (പ്രവൃ. 13:22) പക്ഷേ സ്വന്തം തെറ്റുകളെക്കുറിച്ച് ഓർത്ത് ദാവീദ് പലപ്പോഴും വല്ലാത്ത അസ്വസ്ഥത അനുഭവിച്ചു. (സങ്കീ. 38:4) ഈ മൂന്നു പേരെയും യഹോവ ആശ്വസിപ്പിച്ചു. അവരുടെ മാതൃകയിൽനിന്ന് എന്തു പഠിക്കാമെന്നു നോക്കാം.
ഹന്നയിൽനിന്ന് എന്തു പഠിക്കാം?
3. മറ്റുള്ളവരുടെ വാക്കുകൾ എങ്ങനെയാണു നമുക്കു മാനസികസമ്മർദമുണ്ടാക്കുന്നത്?
3 ആരെങ്കിലും നമ്മളോടു മയമില്ലാതെ സംസാരിക്കുകയോ ദയയില്ലാതെ പ്രവർത്തിക്കുകയോ ചെയ്താൽ, നമ്മുടെ മനസ്സ് അസ്വസ്ഥമായേക്കാം. നമ്മളെ വേദനിപ്പിച്ചത് അടുത്ത സുഹൃത്തോ ബന്ധുവോ ആണെങ്കിൽ അത് ഉറപ്പാണ്. ആ വ്യക്തിയുമായുള്ള സ്നേഹബന്ധം നഷ്ടപ്പെട്ടെന്നു നമുക്കു തോന്നിയേക്കാം. ചിലപ്പോൾ ചിന്തയില്ലാതെ പറയുന്ന വാക്കുകളായിരിക്കാം നമ്മളെ വേദനിപ്പിക്കുന്നത്. വാളുകൊണ്ട് കുത്തിയതുപോലെയായിരിക്കും നമുക്ക് അപ്പോൾ തോന്നുക. (സുഭാ. 12:18) അല്ലെങ്കിൽ മനഃപൂർവം നമ്മളെ മുറിവേൽപ്പിക്കുക എന്ന ലക്ഷ്യത്തിൽ ആളുകൾ എന്തെങ്കിലും പറഞ്ഞേക്കാം. ചെറുപ്പക്കാരിയായ ഒരു സഹോദരിക്ക് ഇങ്ങനെ ഒരു അനുഭവമുണ്ടായി. സഹോദരി പറയുന്നു: “കുറച്ച് വർഷം മുമ്പ്, ഒരാൾ സോഷ്യൽമീഡിയയിൽ എന്നെക്കുറിച്ച് അപവാദങ്ങൾ പരത്താൻ തുടങ്ങി. ഒരു നല്ല സുഹൃത്താണെന്നു ഞാൻ കരുതിയ ഒരാളാണ് ഇങ്ങനെ ചെയ്തത്. എന്നെ അതു വേദനിപ്പിച്ചു. അവൾ എന്തിനാണ് എന്നെ ഇങ്ങനെ പുറകിൽനിന്ന് കുത്തിയത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല. എനിക്കു വല്ലാത്ത സമ്മർദം തോന്നി.” അടുത്ത സുഹൃത്തോ ബന്ധുവോ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഹന്നയിൽനിന്ന് നിങ്ങൾക്കു പല കാര്യങ്ങളും പഠിക്കാം.
4. ഏതെല്ലാം ബുദ്ധിമുട്ടേറിയ പ്രശ്നങ്ങളാണു ഹന്നയ്ക്കു സഹിക്കേണ്ടിവന്നത്?
4 ബുദ്ധിമുട്ടേറിയ പല പ്രശ്നങ്ങളും സഹിച്ചയാളാണു ഹന്ന. കുറെ കാലത്തേക്ക് ഹന്നയ്ക്കു കുട്ടികൾ ഉണ്ടായില്ല. (1 ശമു. 1:2) കുട്ടികളില്ലാത്ത സ്ത്രീകളെ ശാപം കിട്ടിയവരായിട്ടാണു പല ഇസ്രായേല്യരും കണ്ടിരുന്നത്. ഇതു ഹന്നയ്ക്ക് നാണക്കേടുണ്ടാക്കി. (ഉൽപ. 30:1, 2) ഹന്നയുടെ ഭർത്താവിനു പെനിന്ന എന്നു പേരുള്ള വേറെ ഒരു ഭാര്യ കൂടിയുണ്ടായിരുന്നു. പെനിന്നയ്ക്കു കുട്ടികളുണ്ടായിരുന്നു. ആ സ്ത്രീ ഹന്നയെ ഒരു എതിരാളിയായി കണ്ട് ‘കുത്തുവാക്കുകൾ പറഞ്ഞ് നിരന്തരം വിഷമിപ്പിക്കുമായിരുന്നു.’ (1 ശമു. 1:6) ആദ്യമൊക്കെ ഹന്നയ്ക്ക് ഇതു താങ്ങാനായില്ല. അത്ര ‘കടുത്ത മനോദുഃഖത്തിലായിരുന്നതുകൊണ്ട്’ “ഹന്ന കരയുകയും ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്യുമായിരുന്നു.” (1 ശമു. 1:7, 10) ഹന്ന എങ്ങനെയാണ് ആശ്വാസം കണ്ടെത്തിയത്?
5. പ്രാർഥന ഹന്നയെ എങ്ങനെയാണു സഹായിച്ചത്?
5 ഹന്ന വിഷമങ്ങളെല്ലാം യഹോവയുടെ മുമ്പാകെ പകർന്നു. പ്രാർഥിച്ചുകഴിഞ്ഞ് തന്റെ പ്രശ്നം മഹാപുരോഹിതനായ ഏലിയോടു പറയാൻ ഹന്നയ്ക്കു കഴിഞ്ഞു. അദ്ദേഹം ഹന്നയോടു പറഞ്ഞു: “സമാധാനത്തോടെ പോകൂ. ഇസ്രായേലിന്റെ ദൈവത്തോടു നീ അപേക്ഷിച്ചത് ദൈവം നിനക്കു സാധിച്ചുതരട്ടെ.” എന്തായിരുന്നു ഫലം? “ഹന്ന അവിടെനിന്ന് പോയി ഭക്ഷണം കഴിച്ചു. പിന്നെ ഹന്നയുടെ മുഖം വാടിയതുമില്ല.” (1 ശമു. 1:17, 18) മനസ്സമാധാനം വീണ്ടെടുക്കാൻ പ്രാർഥന ഹന്നയെ സഹായിച്ചു.
6. ഹന്നയുടെ മാതൃകയും ഫിലിപ്പിയർ 4:6, 7-ഉം പ്രാർഥനയെക്കുറിച്ച് നമ്മളെ എന്തൊക്കെ പഠിപ്പിക്കുന്നു?
6 യഹോവയോടു കൂടെക്കൂടെ പ്രാർഥിക്കുന്നെങ്കിൽ മനസ്സമാധാനം വീണ്ടെടുക്കാൻ നമുക്കു കഴിയും. ഹന്ന തന്റെ സ്വർഗീയപിതാവിനോടു വളരെ നേരം സംസാരിച്ചു. (1 ശമു. 1:12) നമുക്കും ഇതുപോലെ സമയമെടുത്ത് യഹോവയോടു പ്രാർഥിക്കാം. നമ്മുടെ ഉത്കണ്ഠകളെയും കുറവുകളെയും നമ്മളെ ഭയപ്പെടുത്തുന്ന കാര്യങ്ങളെയും കുറിച്ച് എല്ലാം യഹോവയോടു പറയാം. അങ്ങനെ പറയുമ്പോൾ സാഹിത്യഭാഷ വേണമെന്നോ പ്രത്യേകക്രമത്തിലായിരിക്കണമെന്നോ ഒന്നുമില്ല. ചിലപ്പോൾ നമ്മൾ പരാതിയും പരിഭവവും ഒക്കെ പറഞ്ഞേക്കാം, ഇടയ്ക്കു കരഞ്ഞുപോയേക്കാം, പ്രാർഥന അങ്ങനെ മുറിഞ്ഞുപോയെന്നുവരാം. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ പ്രാർഥന കേട്ട് യഹോവയ്ക്ക് ഒരിക്കലും മുഷിവ് തോന്നില്ല. നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് പറയുന്നതോടൊപ്പം ഫിലിപ്പിയർ 4:6, 7-ലെ (വായിക്കുക.) ഉപദേശവും നമ്മൾ ഓർക്കണം. പ്രാർഥിക്കുമ്പോൾ നമ്മൾ നന്ദിവാക്കുകൾ പറയണമെന്നു പൗലോസ് എടുത്തുപറഞ്ഞു. യഹോവയോടു നന്ദി പറയുന്നതിനു നമുക്ക് ഒരുപാടു കാര്യങ്ങളില്ലേ? ജീവൻ എന്ന സമ്മാനം, മനോഹരമായ സൃഷ്ടികൾ, നമ്മളോടു കാണിക്കുന്ന അചഞ്ചലസ്നേഹം, നമുക്കു തന്ന മഹത്തായ പ്രത്യാശ ഇതെല്ലാം യഹോവയോടു നന്ദി പറയാനുള്ള കാരണങ്ങളല്ലേ? ഹന്നയിൽനിന്ന് നമുക്കു മറ്റ് എന്തുകൂടെ പഠിക്കാനുണ്ട്?
7. ഹന്നയും ഭർത്താവും പതിവായി എന്തു ചെയ്തിരുന്നു?
7 പ്രശ്നങ്ങളുടെ നടുവിലായിരുന്നെങ്കിലും, യഹോവയെ ആരാധിക്കാൻ ഹന്ന പതിവായി ഭർത്താവിന്റെകൂടെ ശീലോയിലേക്കു പോയിരുന്നു. (1 ശമു. 1:1-5) അവിടെ ചെന്നപ്പോഴാണ് മഹാപുരോഹിതനായ ഏലി, ഹന്നയുടെ പ്രാർഥനയ്ക്ക് യഹോവ ഉത്തരം നൽകട്ടെ എന്നു പറഞ്ഞത്. ഇതു ഹന്നയ്ക്കു വലിയ ആശ്വാസമായി.—1 ശമു. 1:9, 17.
8. മീറ്റിങ്ങുകൾക്കു നമ്മളെ എങ്ങനെ സഹായിക്കാൻ കഴിയും? വിശദീകരിക്കുക.
8 മീറ്റിങ്ങുകൾ മുടക്കാതിരിക്കുന്നെങ്കിൽ മനസ്സമാധാനം വീണ്ടെടുക്കാൻ നമുക്കു കഴിയും. മീറ്റിങ്ങിൽ ആദ്യത്തെ പ്രാർഥന നടത്തുന്ന സഹോദരൻ മിക്കപ്പോഴും ദൈവാത്മാവിനുവേണ്ടി പ്രാർഥിക്കും. ആ ആത്മാവിന്റെ ഒരു ഗുണമാണു സമാധാനം. (ഗലാ. 5:22) മാനസികസമ്മർദം അനുഭവിക്കുമ്പോഴും മീറ്റിങ്ങുകൾക്കു പോയാൽ, യഹോവയ്ക്കും സഹോദരങ്ങൾക്കും നമ്മളെ പ്രോത്സാഹിപ്പിക്കാനും മനസ്സമാധാനം വീണ്ടെടുക്കുന്നതിനു നമ്മളെ സഹായിക്കാനും കഴിയും. നമ്മളെ ആശ്വസിപ്പിക്കാൻ യഹോവ ഉപയോഗിക്കുന്ന പ്രധാനവഴികളാണു പ്രാർഥനയും മീറ്റിങ്ങുകളും. (എബ്രാ. 10:24, 25) ഹന്നയുടെ ജീവിതത്തിൽനിന്ന് പഠിക്കാൻ കഴിയുന്ന മറ്റൊരു പാഠം നോക്കാം.
9. ഹന്നയുടെ പ്രശ്നങ്ങൾ മാറിയോ, പക്ഷേ എന്തിനു മാറ്റം വന്നു?
9 ഹന്നയുടെ പ്രശ്നങ്ങളെല്ലാം പെട്ടെന്നു മാറിയില്ല. ആരാധന കഴിഞ്ഞ് ഹന്ന തിരിച്ചുവന്നത് പെനിന്ന താമസിച്ചിരുന്ന അതേ വീട്ടിലേക്കുതന്നെയാണ്. പെനിന്നയുടെ മനോഭാവത്തിന് എന്തെങ്കിലും മാറ്റംവന്നതായി ബൈബിൾ പറയുന്നില്ല. അതുകൊണ്ട് പെനിന്നയുടെ കുത്തുവാക്കുകൾ ഹന്നയ്ക്കു പിന്നെയും സഹിക്കേണ്ടിവന്നുകാണും. പക്ഷേ അതിന്റെ പേരിൽ പിന്നെയൊരിക്കലും ഹന്നയുടെ മനസ്സമാധാനം പോയില്ല. തന്റെ പ്രശ്നം യഹോവയുടെ കൈയിൽ വിട്ടുകൊടുത്തതിനു ശേഷം പിന്നെ അതിനെക്കുറിച്ച് ഓർത്ത് ഹന്ന വിഷമിച്ചില്ല എന്നാണു ബൈബിൾ പറയുന്നത്. യഹോവ തന്നെ ആശ്വസിപ്പിക്കാനും സാന്ത്വനിപ്പിക്കാനും ഹന്ന അനുവദിച്ചു. കുറച്ച് കാലം കഴിഞ്ഞ്, യഹോവയുടെ അനുഗ്രഹത്താൽ സ്വന്തം കുട്ടികളെ താലോലിക്കാൻ ഹന്നയ്ക്കു കഴിഞ്ഞു.—1 ശമു. 1:19, 20; 2:21.
10. ഹന്നയുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
10 പ്രശ്നം മാറിയില്ലെങ്കിലും മനസ്സമാധാനം വീണ്ടെടുക്കാനാകും. നമ്മൾ എത്ര കൂടെക്കൂടെ പ്രാർഥിച്ചാലും മീറ്റിങ്ങുകൾക്കു ക്രമമായി പോയാലും ചില പ്രശ്നങ്ങൾ അവിടെത്തന്നെ കാണും. പക്ഷേ, നമ്മുടെ കലങ്ങിമറിയുന്ന മനസ്സിനെ ശാന്തമാക്കാൻ യഹോവയ്ക്കു കഴിയും. അതിൽനിന്ന് യഹോവയെ തടയാൻ ഒന്നിനുമാകില്ലെന്നാണു ഹന്നയുടെ അനുഭവം നമ്മളെ പഠിപ്പിക്കുന്നത്. യഹോവ നമ്മളെ ഒരിക്കലും മറക്കില്ല, ഇന്ന് അല്ലെങ്കിൽ നാളെ യഹോവ നമ്മുടെ വിശ്വസ്തതയ്ക്കു പ്രതിഫലം തരും.—എബ്രാ. 11:6.
പൗലോസ് അപ്പോസ്തലനിൽനിന്ന് എന്തു പഠിക്കാം?
11. ഉത്കണ്ഠ തോന്നാൻ പൗലോസിന് എന്തെല്ലാം കാരണങ്ങളുണ്ടായിരുന്നു?
11 ഉത്കണ്ഠ തോന്നാൻ പൗലോസിനു പല കാരണങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്, പൗലോസ് സഹോദരങ്ങളെ സ്നേഹിച്ചിരുന്നതുകൊണ്ട് അവർ അനുഭവിച്ച പ്രശ്നങ്ങൾ പൗലോസിന്റെ മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തിയിരുന്നു. (2 കൊരി. 2:4; 11:28) അപ്പോസ്തലനായുള്ള നിയമനം ചെയ്യുന്നതിനിടെ പൗലോസിന് എതിരാളികളെ നേരിടേണ്ടിവന്നു. അവർ പൗലോസിനെ അടിക്കുകയും ജയിലിലാക്കുകയും ചെയ്തു. അതുപോലെ പൗലോസിന് ‘ഇല്ലായ്മയിലും കഴിയേണ്ടിവന്നു,’ അതും ഉത്കണ്ഠയ്ക്കു കാരണമായി. (ഫിലി. 4:12) ഇനി, കുറഞ്ഞതു മൂന്നു പ്രാവശ്യമെങ്കിലും കപ്പലപകടത്തിൽപ്പെട്ട പൗലോസിന്, ഓരോ പ്രാവശ്യം കപ്പലിൽ കയറുമ്പോഴും വല്ലാത്ത ഉത്കണ്ഠ തോന്നിയിരിക്കാം. (2 കൊരി. 11:23-27) ഉത്കണ്ഠ തോന്നിയപ്പോൾ പൗലോസിനെ എന്താണു സഹായിച്ചത്?
12. പൗലോസിന്റെ ഉത്കണ്ഠ കുറയ്ക്കാൻ എന്തു സഹായിച്ചു?
12 സഹോദരങ്ങൾക്കു പ്രശ്നങ്ങളുണ്ടായപ്പോൾ, പൗലോസിന് ഉത്കണ്ഠ തോന്നി. പക്ഷേ ആ പ്രശ്നങ്ങളെല്ലാം ഒറ്റയ്ക്കു പരിഹരിക്കാമെന്നു പൗലോസ് ചിന്തിച്ചില്ല. കാരണം അതു തനിക്കു കഴിയില്ലെന്ന കാര്യം പൗലോസ് എളിമയോടെ മനസ്സിലാക്കി. അതുകൊണ്ട് സഭയെ പരിപാലിക്കാൻ അദ്ദേഹം മറ്റുള്ളവരുടെ സഹായം തേടി. ഉദാഹരണത്തിന്, തിമൊഥെയൊസിനെയും തീത്തോസിനെയും പോലുള്ള വിശ്വസ്തരായ പുരുഷന്മാരെ പല ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചു. അവർ ചെയ്ത കാര്യങ്ങൾ പൗലോസിന്റെ ഉത്കണ്ഠ കുറയ്ക്കാൻ സഹായിച്ചു എന്നതിനു സംശയമില്ല.—ഫിലി. 2:19, 20; തീത്തോ. 1:1, 4, 5.
13. മൂപ്പന്മാർക്ക് എങ്ങനെ പൗലോസിനെ അനുകരിക്കാം?
13 മറ്റുള്ളവരോടു സഹായം ചോദിക്കുക. പൗലോസിനെപ്പോലെ, പ്രശ്നങ്ങൾ അനുഭവിക്കുന്ന സഹോദരങ്ങളുടെ കാര്യത്തിൽ ഇക്കാലത്തെ സ്നേഹമുള്ള മൂപ്പന്മാർക്കും ഉത്കണ്ഠയുണ്ട്. പക്ഷേ ഒരു മൂപ്പനു സഭയിലെ എല്ലാവരെയും സഹായിക്കാൻ കഴിഞ്ഞെന്നുവരില്ല. ഇതു മനസ്സിലാക്കുന്ന എളിമയുള്ള ഒരു മൂപ്പൻ യോഗ്യതയുള്ള മറ്റു പുരുഷന്മാരോടു സഹായം ചോദിക്കും, ദൈവത്തിന്റെ ആട്ടിൻപറ്റത്തെ പരിപാലിക്കാൻ ചെറുപ്പക്കാരെ പരിശീലിപ്പിക്കുകയും ചെയ്യും.—2 തിമൊ. 2:2.
14. പൗലോസ് എന്തിനെക്കുറിച്ച് വേവലാതിപ്പെട്ടില്ല, അദ്ദേഹത്തിന്റെ മാതൃകയിൽനിന്ന് എന്തു പഠിക്കാം?
14 നിങ്ങൾക്ക് ആശ്വാസം ആവശ്യമാണെന്ന കാര്യം അംഗീകരിക്കുക. പൗലോസിനു താഴ്മയുണ്ടായിരുന്നു. അതുകൊണ്ട് തനിക്കു മറ്റുള്ളവരുടെ പ്രോത്സാഹനം ആവശ്യമാണെന്നു പൗലോസ് മനസ്സിലാക്കി, മറ്റുള്ളവർ തന്നെ ആശ്വസിപ്പിച്ച കാര്യം തുറന്നുപറയുകയും ചെയ്തു. അത് എല്ലാവരും അറിഞ്ഞാൽ തന്നെ ദുർബലനായ ഒരു വ്യക്തിയായി കാണുമോ എന്നൊന്നും അദ്ദേഹം വേവലാതിപ്പെട്ടില്ല. ഉദാഹരണത്തിന്, ഫിലേമോനുള്ള കത്തിൽ പൗലോസ് ഇങ്ങനെ പറഞ്ഞു: “സഹോദരന്റെ സ്നേഹത്തെക്കുറിച്ച് കേട്ടപ്പോൾ എനിക്കു വലിയ സന്തോഷവും ആശ്വാസവും തോന്നി.” (ഫിലേ. 7) കഷ്ടതകൾ അനുഭവിച്ചപ്പോൾ തന്നെ വളരെയധികം പ്രോത്സാഹിപ്പിച്ച ചില സഹപ്രവർത്തകരുടെ പേരുകൾ പൗലോസ് എടുത്തുപറയുകയും ചെയ്തു. (കൊലോ. 4:7-11) നമുക്കു പ്രോത്സാഹനം ആവശ്യമാണെന്ന കാര്യം താഴ്മയോടെ സമ്മതിച്ചാൽ സഹോദരങ്ങൾ നമ്മളെ സന്തോഷത്തോടെ സഹായിക്കും.
15. അങ്ങേയറ്റം മാനസികസമ്മർദം അനുഭവിച്ച ഒരു സാഹചര്യത്തിൽ പൗലോസ് എന്താണു ചെയ്തത്?
15 ദൈവവചനത്തിൽനിന്ന് ആശ്വാസം കണ്ടെത്തുക. തിരുവെഴുത്തുകളിൽനിന്ന് ആശ്വാസം കിട്ടുമെന്നു പൗലോസിന് അറിയാമായിരുന്നു. (റോമ. 15:4) ഏതു തരത്തിലുള്ള പരിശോധനയും നേരിടാനുള്ള ജ്ഞാനം അതിലൂടെ പൗലോസിനു ലഭിക്കുമായിരുന്നു. (2 തിമൊ. 3:15, 16) റോമിൽ രണ്ടാം തവണ തടവിലായപ്പോൾ തന്റെ മരണം അടുത്തെന്നു പൗലോസിനു തോന്നി. അങ്ങേയറ്റം മാനസികസമ്മർദം അനുഭവിച്ച ആ സാഹചര്യത്തിൽ പൗലോസ് എന്താണു ചെയ്തത്? എത്രയും പെട്ടെന്നു തന്റെ അടുത്ത് വരാനും ‘ചുരുളുകൾ’ കൊണ്ടുവരാനും പൗലോസ് തിമൊഥെയൊസിനോട് ആവശ്യപ്പെട്ടു. എബ്രായ തിരുവെഴുത്തുകളുടെ ഭാഗങ്ങളായിരിക്കാം ആ ചുരുളുകൾ. (2 തിമൊ. 4:6, 7, 9, 13) പൗലോസിന് അവ വ്യക്തിപരമായ ബൈബിൾപഠനത്തിന് ഉപയോഗിക്കാൻ കഴിയുമായിരുന്നു. പൗലോസിനെപ്പോലെ നമ്മൾ ക്രമമായി ദൈവവചനം പഠിക്കുന്നെങ്കിൽ, ഏതു തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടാലും നമ്മളെ ആശ്വസിപ്പിക്കാൻ യഹോവ തിരുവെഴുത്തുകൾ ഉപയോഗിക്കും.
ദാവീദ് രാജാവിൽനിന്ന് എന്തു പഠിക്കാം?
16. ഗുരുതരമായ പാപം ചെയ്തതു ദാവീദിനെ എങ്ങനെ ബാധിച്ചു?
16 മനസ്സാക്ഷിക്കുത്തിന് ഇടയാക്കുന്ന ഗൗരവമുള്ള തെറ്റുകൾ ദാവീദ് ചെയ്തു. ദാവീദ് ബത്ത്-ശേബയുമായി വ്യഭിചാരം ചെയ്തു, ബത്ത്-ശേബയുടെ ഭർത്താവിനെ കൊല്ലിക്കാൻ കരുക്കൾ നീക്കി, കുറച്ച് കാലത്തേക്ക് തന്റെ തെറ്റുകൾ മൂടിവെക്കാനും ശ്രമിച്ചു. (2 ശമു. 12:9) തുടക്കത്തിൽ, ദാവീദ് തന്റെ മനസ്സാക്ഷിക്കു ശ്രദ്ധ കൊടുത്തില്ല. അതു യഹോവയുമായുള്ള ദാവീദിന്റെ ബന്ധത്തെ ബാധിച്ചു, ദാവീദിന്റെ മനസ്സിനെയും ശരീരത്തെയും തളർത്തി. (സങ്കീ. 32:3, 4) ചെയ്ത തെറ്റിന്റെ ഫലമായി മാനസികപീഡ അനുഭവിച്ച ദാവീദിന്, മനസ്സമാധാനം നേടാൻ എങ്ങനെയാണു കഴിഞ്ഞത്, നമ്മൾ ഗുരുതരമായ തെറ്റു ചെയ്താൽ നമ്മളെ എന്തു സഹായിക്കും?
17. സങ്കീർത്തനം 51:1-4-ലെ വാക്കുകൾ എങ്ങനെയാണു ദാവീദിന്റെ ആത്മാർഥമായ പശ്ചാത്താപം കാണിക്കുന്നത്?
17 ക്ഷമയ്ക്കായി പ്രാർഥിക്കുക. ദാവീദ് യഹോവയോടു പ്രാർഥിച്ചു, ആത്മാർഥമായി പശ്ചാത്തപിക്കുകയും പാപങ്ങൾ തുറന്നുപറയുകയും ചെയ്തു. (സങ്കീർത്തനം 51:1-4 വായിക്കുക.) ദാവീദിന് അപ്പോൾ എത്ര ആശ്വാസം തോന്നിയെന്നോ! (സങ്കീ. 32:1, 2, 4, 5) നിങ്ങൾ ഗുരുതരമായ ഒരു പാപം ചെയ്താൽ അത് മൂടിവെക്കാൻ ശ്രമിക്കരുത്. പകരം, നിങ്ങളുടെ പാപം തുറന്നുപറഞ്ഞ് യഹോവയോടു പ്രാർഥിക്കുക. അപ്പോൾ നിങ്ങൾ അനുഭവിക്കുന്ന കുറ്റബോധത്തിന്റെ ഭാരം കുറയും, അങ്ങനെ നിങ്ങളുടെ മനസ്സിന് അല്പം ആശ്വാസം തോന്നും. എന്നാൽ നിങ്ങൾക്ക് യഹോവയുമായി മുമ്പുണ്ടായിരുന്ന അടുപ്പത്തിലേക്കു തിരിച്ചുവരാൻ ചില കാര്യങ്ങൾകൂടി ചെയ്യണം.
18. ശിക്ഷണം കിട്ടിയപ്പോൾ ദാവീദ് എങ്ങനെ പ്രതികരിച്ചു?
18 ശിക്ഷണം സ്വീകരിക്കുക. ദാവീദിന്റെ തെറ്റിനെക്കുറിച്ച് സംസാരിക്കാൻ യഹോവ നാഥാൻ പ്രവാചകനെ അയച്ചപ്പോൾ ദാവീദ് തന്റെ ഭാഗം ന്യായീകരിക്കുകയോ തെറ്റിന്റെ ഗൗരവം കുറച്ചുകാണിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. ബത്ത്-ശേബയുടെ ഭർത്താവിനോട്, അതിലുപരി, ദൈവമായ യഹോവയോടു താൻ പാപം ചെയ്തുപോയെന്നു ദാവീദ് ഉടൻതന്നെ സമ്മതിച്ചു. യഹോവ കൊടുത്ത ശിക്ഷണം ദാവീദ് സ്വീകരിച്ചു, യഹോവ ദാവീദിനോടു ക്ഷമിക്കുകയും ചെയ്തു. (2 ശമു. 12:10-14) നമ്മൾ ഗുരുതരമായ ഒരു പാപം ചെയ്താൽ നമ്മളെ മേയ്ക്കാൻ യഹോവ നിയമിച്ചിരിക്കുന്ന ഇടയന്മാരോടു നമ്മൾ അക്കാര്യം പറയണം. (യാക്കോ. 5:14, 15) നിങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ശ്രമിക്കരുത്. ശിക്ഷണം സ്വീകരിക്കുക, ശിക്ഷണത്തിന്റെ ഭാഗമായി തരുന്ന നിർദേശങ്ങൾ അനുസരിക്കുക. എത്ര പെട്ടെന്നു നിങ്ങൾ അങ്ങനെ ചെയ്യുന്നോ അത്ര പെട്ടെന്നു നിങ്ങളുടെ സമാധാനവും സന്തോഷവും നിങ്ങൾക്കു തിരികെ കിട്ടും.
19. നമ്മൾ എന്തു ചെയ്യാൻ ഉറച്ച തീരുമാനമെടുക്കണം?
19 ചെയ്തുപോയ തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഒരു ഉറച്ച തീരുമാനമെടുക്കുക. താൻ മുമ്പ് ചെയ്ത പാപങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ യഹോവയുടെ സഹായം വേണമെന്നു ദാവീദ് രാജാവിന് അറിയാമായിരുന്നു. (സങ്കീ. 51:7, 10, 12) യഹോവയുടെ ക്ഷമ കിട്ടിക്കഴിഞ്ഞപ്പോൾ, തെറ്റിലേക്കു നയിക്കുന്ന മോശമായ ചിന്തകൾ വളർന്നുവരാൻ ഇനി താൻ അനുവദിക്കില്ലെന്നു ദാവീദ് ഉറച്ച തീരുമാനമെടുത്തു. അങ്ങനെ ദാവീദിനു മനസ്സമാധാനം തിരിച്ചുകിട്ടി.
20. യഹോവയുടെ ക്ഷമയോടു നന്ദിയുണ്ടെന്നു നമുക്ക് എങ്ങനെ കാണിക്കാം?
20 ക്ഷമയ്ക്കായി പ്രാർഥിക്കുകയും ശിക്ഷണം സ്വീകരിക്കുകയും തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കഠിനശ്രമം നടത്തുകയും ചെയ്യുമ്പോൾ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നതിനു നമുക്കു നന്ദിയുണ്ടെന്നു കാണിക്കുകയാണ്. അപ്പോൾ മനസ്സമാധാനം വീണ്ടെടുക്കാനും നമുക്കു കഴിയും. ഗുരുതരമായ ഒരു പാപം ചെയ്ത ജയിംസ് എന്ന സഹോദരൻ ഇത് അനുഭവിച്ചറിഞ്ഞു. അദ്ദേഹം പറയുന്നു: “എന്റെ തെറ്റു ഞാൻ മൂപ്പന്മാരോടു തുറന്നുപറഞ്ഞപ്പോൾ ഒരു വലിയ ഭാരം എന്റെ തോളിൽ നിന്ന് എടുത്തുമാറ്റിയതുപോലെ തോന്നി. എനിക്കു മനസ്സമാധാനം തിരിച്ചുകിട്ടി.” “യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്; മനസ്സു തകർന്നവരെ ദൈവം രക്ഷിക്കുന്നു” എന്ന് അറിയുന്നത് എത്ര ആശ്വാസം നൽകുന്നു!—സങ്കീ. 34:18.
21. യഹോവ നമ്മളെ ആശ്വസിപ്പിക്കണമെങ്കിൽ നമ്മൾ എന്തു ചെയ്യണം?
21 ഈ ലോകത്തിന്റെ അവസാനം അടുത്തുവരുന്ന ഈ സമയത്ത് നമുക്ക് ഉത്കണ്ഠയുണ്ടാക്കുന്ന കാര്യങ്ങൾ കൂടിക്കൂടിവരും. ആകുലപ്പെടുത്തുന്ന ചിന്തകളുണ്ടാകുമ്പോൾ യഹോവയോടു സഹായം ചോദിക്കുക, ഒട്ടും താമസിക്കരുത്. ശ്രദ്ധയോടെ ബൈബിൾ പഠിക്കുക. ഹന്നയുടെയും പൗലോസിന്റെയും ദാവീദിന്റെയും ജീവിതത്തിൽനിന്ന് പഠിക്കുക. നിങ്ങളുടെ ഉത്കണ്ഠയുടെ കാരണം മനസ്സിലാക്കാനുള്ള സഹായത്തിനായി സ്വർഗീയപിതാവിനോടു പ്രാർഥിക്കുക. (സങ്കീ. 139:23) നിങ്ങളുടെ എല്ലാ ഭാരങ്ങളും യഹോവയെ ഏൽപ്പിക്കുക. നിങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ കാര്യത്തിൽ നിങ്ങൾ നിസ്സഹായരാണെങ്കിൽ വിശേഷിച്ചും അങ്ങനെ ചെയ്യുക. അങ്ങനെ ചെയ്താൽ സങ്കീർത്തനക്കാരനെപ്പോലെ ഇങ്ങനെ പറയാൻ നിങ്ങൾക്കും കഴിയും: “ആകുലചിന്തകൾ (ഉത്കണ്ഠകൾ, അടിക്കുറിപ്പ്) എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിച്ചു, എന്നെ സാന്ത്വനപ്പെടുത്തി.”—സങ്കീ. 94:19.
ഗീതം 4 “യഹോവ എന്റെ ഇടയൻ”
a ചിലപ്പോഴൊക്കെ, നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ നമുക്കു വല്ലാത്ത ഉത്കണ്ഠ തോന്നും. ബൈബിൾക്കാലങ്ങളിൽ, പലപല കാരണങ്ങൾകൊണ്ട് ഉത്കണ്ഠയും മനപ്രയാസവും അനുഭവിച്ച മൂന്നു ദൈവദാസരെക്കുറിച്ചാണു നമ്മൾ പഠിക്കാൻപോകുന്നത്. ആ മൂന്നു പേരെയും യഹോവ എങ്ങനെയാണ് ആശ്വസിപ്പിച്ചതെന്നും നമ്മൾ പഠിക്കും.
b പദപ്രയോഗത്തിന്റെ വിശദീകരണം: ആരോഗ്യപ്രശ്നങ്ങൾ, സാമ്പത്തികബുദ്ധിമുട്ടുകൾ, കുടുംബപ്രശ്നങ്ങൾ, വ്യക്തിപരമായ മറ്റു പ്രശ്നങ്ങൾ ഇവയെല്ലാം ഉത്കണ്ഠയ്ക്കു കാരണമായേക്കാം. ഇനി, മുമ്പ് ചെയ്ത തെറ്റുകളെപ്പറ്റി ഓർക്കുമ്പോഴും ഭാവിയിൽ വരാവുന്ന പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴും നമുക്ക് ഉത്കണ്ഠ തോന്നാം.