വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 12

സംസാ​രി​ക്കാ​നുള്ള ഉചിത​മായ സമയം ഏതാണ്‌ ?

സംസാ​രി​ക്കാ​നുള്ള ഉചിത​മായ സമയം ഏതാണ്‌ ?

എല്ലാത്തി​നും ഒരു സമയമുണ്ട്‌. മൗനമാ​യി​രി​ക്കാൻ ഒരു സമയം, സംസാരിക്കാൻ ഒരു സമയം.’—സഭാ. 3:1, 7.

ഗീതം 124 എന്നും വിശ്വ​സ്‌തൻ

പൂർവാവലോകനം *

1. സഭാ​പ്ര​സം​ഗകൻ 3:1, 7-ൽ നിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

നമ്മളിൽ ചിലർ ഒത്തിരി സംസാ​രി​ക്കാൻ ഇഷ്ടപ്പെ​ടു​ന്ന​വ​രാണ്‌. വേറെ ചിലർക്ക്‌ അധികം സംസാ​രി​ക്കു​ന്നത്‌ ഇഷ്ടമല്ല. ഈ ലേഖന​ത്തി​ന്റെ ആധാര​വാ​ക്യം പറയു​ന്നത്‌, സംസാ​രി​ക്കാ​നും മൗനമാ​യി​രി​ക്കാ​നും ഒരു സമയമുണ്ട്‌ എന്നാണ്‌. (സഭാ​പ്ര​സം​ഗകൻ 3:1, 7 വായി​ക്കുക.) നമ്മുടെ ചില സഹോ​ദ​രങ്ങൾ കുറെ​ക്കൂ​ടി സംസാ​രി​ച്ചി​രു​ന്നെ​ങ്കിൽ എന്നു ചില​പ്പോൾ നമുക്കു തോന്നി​യേ​ക്കാം. ചിലർ സംസാരം ഒന്നു കുറച്ചി​രു​ന്നെ​ങ്കിൽ എന്നും നാം ചിന്തി​ച്ചി​ട്ടു​ണ്ടാ​കാം.

2. സംസാ​ര​പ്രാ​പ്‌തി എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കേ​ണ്ട​തെന്നു പറയാൻ ആർക്കാണ്‌ അധികാ​ര​മു​ള്ളത്‌?

2 സംസാ​ര​പ്രാ​പ്‌തി യഹോ​വ​യു​ടെ ഒരു സമ്മാന​മാണ്‌. (പുറ. 4:10, 11; വെളി. 4:11) ഈ സമ്മാനം ശരിയാ​യി ഉപയോ​ഗി​ക്കേ​ണ്ടത്‌ എങ്ങനെ​യാ​ണെന്നു മനസ്സി​ലാ​ക്കാൻ യഹോവ തന്റെ വചനത്തി​ലൂ​ടെ നമ്മളെ സഹായി​ക്കു​ന്നു. എപ്പോ​ഴാ​ണു സംസാ​രി​ക്കേ​ണ്ടത്‌, എപ്പോ​ഴാ​ണു മൗനമാ​യി​രി​ക്കേ​ണ്ടത്‌ എന്ന്‌ തിരി​ച്ച​റി​യാൻ സഹായി​ക്കുന്ന ചില ബൈബിൾ കഥാപാ​ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും. നമ്മൾ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കുന്ന കാര്യ​ങ്ങ​ളെ​പ്പറ്റി യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്നത്‌ എന്നും നമ്മൾ ചിന്തി​ക്കും. നമുക്ക്‌ ആദ്യം, എപ്പോ​ഴാ​ണു സംസാ​രി​ക്കേ​ണ്ടത്‌ എന്ന കാര്യം നോക്കാം.

എപ്പോ​ഴാണ്‌ സംസാ​രി​ക്കേ​ണ്ടത്‌?

3. റോമർ 10:14-നു ചേർച്ച​യിൽ, യഹോ​വ​യെ​ക്കു​റി​ച്ചും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചും നമ്മൾ എപ്പോ​ഴാ​ണു സംസാ​രി​ക്കേ​ണ്ടത്‌?

3 നമ്മൾ ഏത്‌ അവസര​ത്തി​ലും യഹോ​വ​യെ​ക്കു​റി​ച്ചും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചും സംസാ​രി​ക്കാൻ തയ്യാറാ​യി​രി​ക്കണം. (മത്താ. 24:14; റോമർ 10:14 വായി​ക്കുക.) അങ്ങനെ ചെയ്യു​മ്പോൾ നമ്മൾ യേശു​വി​നെ അനുക​രി​ക്കു​ക​യാണ്‌. യേശു ഭൂമി​യി​ലേക്കു വന്നതിന്റെ ഒരു കാരണം​തന്നെ തന്റെ പിതാ​വി​നെ​ക്കു​റി​ച്ചുള്ള സത്യം മറ്റുള്ള​വ​രോ​ടു പറയുക എന്നതാണ്‌. (യോഹ. 18:37) പക്ഷേ, ഓർക്കുക, നമ്മൾ എങ്ങനെ സംസാ​രി​ക്കു​ന്നു എന്നതും പ്രധാ​ന​മാണ്‌. അതു​കൊണ്ട്‌, മറ്റുള്ള​വ​രോട്‌ യഹോ​വ​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​മ്പോൾ നമ്മുടെ മറുപടി “സൗമ്യ​വും ആഴമായ ബഹുമാ​ന​ത്തോ​ടു​കൂ​ടി​യ​തും ആയിരി​ക്കണം.” (1 പത്രോ. 3:15) കൂടാതെ, മറ്റേ വ്യക്തി​യു​ടെ ചിന്തക​ളെ​യും വിശ്വാ​സ​ങ്ങ​ളെ​യും നമ്മൾ ആദരി​ക്കു​ന്നെന്ന്‌ അവർക്കു മനസ്സി​ലാ​കു​ക​യും വേണം. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നമ്മൾ വെറുതേ എന്തെങ്കി​ലും പറഞ്ഞു​പോ​കുക മാത്ര​മാ​യി​രി​ക്കില്ല, അവരെ പഠിപ്പി​ക്കു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌. ഒരുപക്ഷേ അവരുടെ ഹൃദയ​ത്തിൽ എത്തി​ച്ചേ​രാ​നും നമുക്കു കഴി​ഞ്ഞേ​ക്കും.

4. സുഭാ​ഷി​തങ്ങൾ 9:9 അനുസ​രിച്ച്‌, സംസാ​ര​പ്രാ​പ്‌തി ഉപയോ​ഗിച്ച്‌ മൂപ്പന്മാർക്കു മറ്റുള്ള​വരെ എങ്ങനെ സഹായി​ക്കാം?

4 ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​ക്കോ ഏതെങ്കി​ലും കാര്യ​ത്തിൽ ബുദ്ധി​യു​പ​ദേശം ആവശ്യ​മാ​ണെന്നു കണ്ടാൽ മൂപ്പന്മാർ ആ വ്യക്തി​യോ​ടു സംസാ​രി​ക്കാൻ മടിക്ക​രുത്‌. അങ്ങനെ ഒരു സാഹച​ര്യ​ത്തിൽ, ആ വ്യക്തിക്കു നാണ​ക്കേടു തോന്നാത്ത രീതി​യി​ലാ​യി​രി​ക്കും മൂപ്പന്മാർ സംസാ​രി​ക്കു​ന്നത്‌. അതിന്‌ അവർ പറ്റിയ സമയം തിര​ഞ്ഞെ​ടു​ക്കും. ആ വ്യക്തി​യു​മാ​യി തനിച്ച്‌ സംസാ​രി​ക്കാൻ കഴിയുന്ന ഒരു സമയത്തി​നാ​യി അവർ കാത്തി​രു​ന്നേ​ക്കാം. കേൾവി​ക്കാ​രന്റെ വ്യക്തി​ത്വ​ത്തെ മാനി​ച്ചു​കൊണ്ട്‌ സംസാ​രി​ക്കാൻ മൂപ്പന്മാർ എപ്പോ​ഴും ശ്രമി​ക്കും. എന്നാൽ, ജ്ഞാനപൂർവം പ്രവർത്തി​ക്കാൻ സഹായി​ക്കുന്ന ബൈബിൾത​ത്ത്വ​ങ്ങൾ അദ്ദേഹ​വു​മാ​യി ചർച്ച ചെയ്യാൻ അവർ മടിക്കില്ല. (സുഭാ​ഷി​തങ്ങൾ 9:9 വായി​ക്കുക.) ചില സമയത്ത്‌ കാര്യങ്ങൾ തുറന്നു പറയു​ന്ന​തി​നു നമുക്കു ധൈര്യം വേണം, എന്തു​കൊണ്ട്‌? നമുക്കു രണ്ടു ബൈബിൾ ദൃഷ്ടാ​ന്തങ്ങൾ നോക്കാം. ഒന്നിൽ, ഒരു മനുഷ്യൻ തന്റെ ആൺമക്കൾക്കു തിരുത്തൽ കൊടു​ക്ക​ണ​മാ​യി​രു​ന്നു. രണ്ടാമ​ത്തേ​തിൽ, ഒരു സ്‌ത്രീ​ക്കു രാജാ​വാ​കാൻ പോകുന്ന ഒരാ​ളോട്‌ അദ്ദേഹം എടുത്ത ഒരു തീരു​മാ​നം തെറ്റാ​ണെന്നു തുറന്നു​പ​റ​യ​ണ​മാ​യി​രു​ന്നു.

5. മഹാപു​രോ​ഹി​ത​നായ ഏലി വേണ്ടതു​പോ​ലെ സംസാ​രി​ക്കാ​തി​രു​ന്നത്‌ എപ്പോൾ?

5 മഹാപു​രോ​ഹി​ത​നായ ഏലിക്കു രണ്ട്‌ ആൺമക്കൾ ഉണ്ടായി​രു​ന്നു. അദ്ദേഹം അവരെ വളരെ​യ​ധി​കം സ്‌നേ​ഹി​ച്ചി​രു​ന്നു. വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ പുരോ​ഹി​ത​ന്മാ​രാ​യി സേവി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നു രണ്ടു പേരും. അത്ര പ്രധാ​ന​പ്പെട്ട പദവി​യി​ലാ​ണു സേവി​ച്ചി​രു​ന്ന​തെ​ങ്കി​ലും അവർക്ക്‌ യഹോ​വ​യോട്‌ ഒരു ആദരവും ഉണ്ടായി​രു​ന്നില്ല. അവർ തങ്ങളുടെ അധികാ​രം ദുരു​പ​യോ​ഗം ചെയ്‌തു. യഹോ​വ​യ്‌ക്കുള്ള യാഗങ്ങ​ളോ​ടു കടുത്ത അനാദ​രവ്‌ കാണിച്ചു. യാതൊ​രു ലജ്ജയും കൂടാതെ ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ടു​ക​യും ചെയ്‌തു. (1 ശമു. 2:12-17, 22) മോശ​യു​ടെ നിയമ​മ​നു​സ​രിച്ച്‌, ഏലിയു​ടെ പുത്ര​ന്മാർ മരണശിക്ഷ അർഹി​ച്ചി​രു​ന്നു. എന്നാൽ, എന്തും അനുവ​ദി​ച്ചു​കൊ​ടു​ക്കുന്ന പ്രകൃ​ത​ക്കാ​ര​നാ​യി​രുന്ന ഏലി അവരെ മൃദു​വാ​യി തിരു​ത്തുക മാത്രമേ ചെയ്‌തു​ള്ളൂ. വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ സേവന​ത്തിൽനിന്ന്‌ അവരെ നീക്കി​യ​തു​മില്ല. (ആവ. 21:18-21) ഏലി ഈ സാഹച​ര്യം കൈകാ​ര്യം​ചെയ്‌ത വിധം യഹോവ എങ്ങനെ​യാ​ണു കണ്ടത്‌? യഹോവ ഏലി​യോ​ടു പറഞ്ഞു: ‘എന്നെക്കാൾ കൂടു​ത​ലാ​യി നീ നിന്റെ പുത്ര​ന്മാ​രെ ബഹുമാ​നി​ക്കു​ന്നത്‌ എന്താണ്‌?’ ധിക്കാ​രി​ക​ളായ ആ രണ്ടു പുരു​ഷ​ന്മാർ മരിക്ക​ണ​മെന്ന്‌ യഹോവ തീരു​മാ​നി​ച്ചു.—1 ശമു. 2:29, 34.

6. ഏലി​യെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

6 ഏലി​യെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ ഒരു പ്രധാ​ന​പ്പെട്ട പാഠം പഠിക്കാ​നുണ്ട്‌. നമ്മുടെ ഒരു സുഹൃ​ത്തോ കുടും​ബാം​ഗ​മോ ദൈവ​ത്തി​ന്റെ നിയമം ലംഘി​ച്ച​താ​യി അറിഞ്ഞാൽ നമ്മൾ ആ വ്യക്തി​യോ​ടു സംസാ​രി​ക്കണം, യഹോ​വ​യു​ടെ നിലവാ​രങ്ങൾ അദ്ദേഹത്തെ ഓർമി​പ്പി​ക്കണം. എന്നിട്ട്‌, യഹോവ നിയമിച്ചവരിൽനിന്ന്‌ അദ്ദേഹ​ത്തി​നു വേണ്ട സഹായം കിട്ടു​ന്നു​ണ്ടെന്നു നമ്മൾ ഉറപ്പാ​ക്കണം. (യാക്കോ. 5:14) ഏലി​യെ​പ്പോ​ലെ യഹോ​വ​യെ​ക്കാൾ കൂടുതൽ സുഹൃ​ത്തി​നെ​യോ കുടും​ബാം​ഗ​ത്തെ​യോ ബഹുമാ​നി​ക്കാൻ നമ്മൾ ഒരിക്ക​ലും ആഗ്രഹി​ക്കില്ല. തിരുത്തൽ ആവശ്യ​മുള്ള ഒരാ​ളോട്‌ അക്കാര്യം പറയാൻ ധൈര്യം വേണം. പക്ഷേ, അതിനു​വേണ്ടി നടത്തുന്ന ശ്രമം ഒരുപാ​ടു ഗുണം ചെയ്യും. ഇനി നമുക്ക്‌ ഏലി പ്രവർത്തി​ച്ച​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി കാര്യങ്ങൾ ചെയ്‌ത അബീഗ​യിൽ എന്ന ഇസ്രാ​യേ​ല്യ​സ്‌ത്രീ​യു​ടെ അനുഭവം നോക്കാം.

സംസാരിക്കാൻ ഏതാണ്‌ ഉചിത​മായ സമയം എന്നു മനസ്സി​ലാ​ക്കു​ന്ന​തിൽ അബീഗ​യിൽ ഒരു നല്ല മാതൃക വെച്ചു (7-8 ഖണ്ഡികകൾ കാണുക) *

7. അബീഗ​യിൽ എന്തു​കൊ​ണ്ടാ​ണു ദാവീ​ദി​നോ​ടു സംസാ​രി​ച്ചത്‌?

7 ധാരാളം സമ്പത്തും സ്ഥലവും ഒക്കെയു​ണ്ടാ​യി​രുന്ന നാബാൽ എന്നയാ​ളു​ടെ ഭാര്യ​യാ​യി​രു​ന്നു അബീഗ​യിൽ. ദാവീ​ദും കൂടെ​യു​ള്ള​വ​രും ശൗൽ രാജാ​വി​ന്റെ കൈയിൽപ്പെ​ടാ​തെ ഒളിച്ചു​ന​ട​ക്കുന്ന സമയത്ത്‌, കുറച്ച്‌ കാലം നാബാ​ലി​ന്റെ ഇടയന്മാ​രു​ടെ കൂടെ​യു​ണ്ടാ​യി​രു​ന്നു. അവർ നാബാ​ലി​ന്റെ ആട്ടിൻകൂ​ട്ടത്തെ കൊള്ള​ക്കാ​രിൽനിന്ന്‌ സംരക്ഷി​ച്ചി​രു​ന്നു. അവർ ചെയ്‌ത സഹായ​ത്തി​നു നാബാൽ നന്ദി കാണി​ച്ചോ? ഇല്ല. തനിക്കും കൂടെ​യു​ള്ള​വർക്കും അൽപ്പം ഭക്ഷണവും വെള്ളവും കൊടു​ത്തു​വി​ടാൻ ദാവീദ്‌ അഭ്യർഥി​ച്ച​പ്പോൾ, നാബാൽ ദേഷ്യ​പ്പെ​ടു​ക​യും അവരെ അധി​ക്ഷേ​പി​ക്കു​ക​യും ചെയ്‌തു. (1 ശമു. 25:5-8, 10-12, 14) ഇത്‌ അറിഞ്ഞ​പ്പോൾ, ദാവീ​ദി​നും കൂടെ​യു​ള്ള​വർക്കും അടങ്ങാത്ത ദേഷ്യം തോന്നി. നാബാ​ലി​ന്റെ വീട്ടിലെ എല്ലാ ആൺതരി​യെ​യും കൊല്ലാൻ ദാവീദ്‌ തീരു​മാ​നി​ച്ചു. (1 ശമു. 25:13, 22) ഈ ദുരന്തം ഒഴിവാ​ക്കാൻ എന്തായി​രു​ന്നു ഒരു പോം​വഴി? ഇതു സംസാ​രി​ക്കേണ്ട സമയമാ​ണെന്ന്‌ അബീഗ​യിൽ മനസ്സി​ലാ​ക്കി. ആയുധ​ധാ​രി​ക​ളായ, വിശന്ന്‌ വലഞ്ഞി​രി​ക്കുന്ന ആ 400 പേരെ കാണാൻ അബീഗ​യിൽ ധൈര്യം സംഭരിച്ച്‌ ഇറങ്ങി. ദാവീ​ദി​നോ​ടു സംസാ​രി​ക്കു​ക​യും ചെയ്‌തു.

8. അബീഗ​യി​ലി​ന്റെ മാതൃ​ക​യിൽനിന്ന്‌ എന്തു പഠിക്കാം?

8 ദാവീ​ദി​നെ കണ്ടപ്പോൾ, അബീഗ​യിൽ ബഹുമാ​ന​ത്തോ​ടെ സംസാ​രി​ച്ചു. അതേസ​മയം ധൈര്യ​ത്തോ​ടെ​യും പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ക്കുന്ന വിധത്തി​ലും ആയിരു​ന്നു അത്‌. അബീഗ​യിൽ തെറ്റൊ​ന്നും ചെയ്‌തി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ദാവീ​ദി​നോ​ടു മാപ്പു പറഞ്ഞു. ദാവീദ്‌ ഒരു നല്ല വ്യക്തി​യാ​ണെ​ന്നും എപ്പോ​ഴും ശരിയാ​യതു മാത്രമേ ചെയ്യൂ എന്നു തനിക്ക്‌ അറിയാ​മെ​ന്നും അബീഗ​യിൽ പറഞ്ഞു. സഹായ​ത്തി​നാ​യി യഹോ​വ​യിൽ ആശ്രയി​ച്ചു. (1 ശമു. 25:24, 26, 28, 33, 34) ഇന്നും ആരെങ്കി​ലും ഗുരു​ത​ര​മായ ഒരു തെറ്റി​ലേക്കു നീങ്ങു​ന്നതു കണ്ടാൽ, അബീഗ​യി​ലി​നെ​പ്പോ​ലെ ആ വ്യക്തി​യോ​ടു സംസാ​രി​ക്കാൻ നമ്മൾ ധൈര്യം കാണി​ക്കണം. (സങ്കീ. 141:5) നമ്മൾ ബഹുമാ​ന​ത്തോ​ടെ സംസാ​രി​ക്കണം, പക്ഷേ കാര്യം തുറന്നു​പ​റ​യണം. നമ്മൾ സ്‌നേ​ഹ​ത്തോ​ടെ ഒരാൾക്കു വേണ്ട ബുദ്ധി​യു​പ​ദേശം കൊടു​ക്കു​മ്പോൾ, നമ്മൾ ഒരു നല്ല സുഹൃ​ത്താ​ണെന്നു കാണി​ക്കു​ക​യാണ്‌.—സുഭാ. 27:17.

9-10. ബുദ്ധി​യു​പ​ദേശം കൊടു​ക്കു​മ്പോൾ മൂപ്പന്മാർ എന്തെല്ലാം ഓർക്കണം?

9 സഭയിലെ ആരെങ്കി​ലും തെറ്റായ ഒരു ചുവടു വെച്ചാൽ അവരോ​ടു സംസാ​രി​ക്കാൻ പ്രത്യേ​കിച്ച്‌ മൂപ്പന്മാർ ധൈര്യം കാണി​ക്കണം. (ഗലാ. 6:1) തങ്ങളും അപൂർണ​രാ​ണെ​ന്നും ചില​പ്പോൾ തങ്ങൾക്കും ബുദ്ധി​യു​പ​ദേശം ആവശ്യ​മാ​യി​വ​ന്നേ​ക്കാ​മെ​ന്നും മൂപ്പന്മാർ താഴ്‌മ​യോ​ടെ മനസ്സി​ലാ​ക്കു​ന്നു. പക്ഷേ അങ്ങനെ വിചാ​രിച്ച്‌, ശിക്ഷണം ആവശ്യ​മു​ള്ള​വർക്കു മൂപ്പന്മാർ അതു കൊടു​ക്കാ​തി​രി​ക്കില്ല. (2 തിമൊ. 4:2; തീത്തോ. 1:9) ഒരാൾക്കു ബുദ്ധി​യു​പ​ദേശം കൊടു​ക്കു​മ്പോൾ, ക്ഷമയോ​ടെ, വിദഗ്‌ധ​മാ​യി ആ വ്യക്തിക്കു കാര്യങ്ങൾ മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​നു സംസാ​ര​പ്രാ​പ്‌തി ഉപയോ​ഗി​ക്കാൻ അവർ ശ്രമി​ക്കു​ന്നു. അവർ തങ്ങളുടെ സഹോ​ദ​രനെ സ്‌നേ​ഹി​ക്കു​ന്നു, അതു​കൊ​ണ്ടാണ്‌ അദ്ദേഹത്തെ സഹായി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നത്‌. (സുഭാ. 13:24) പക്ഷേ, യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളിൽ വിട്ടു​വീഴ്‌ച ചെയ്യാ​തി​രു​ന്നു​കൊ​ണ്ടും സഭയെ അപകട​ത്തിൽനിന്ന്‌ സംരക്ഷി​ച്ചു​കൊ​ണ്ടും യഹോ​വയെ ബഹുമാ​നി​ക്കു​ന്ന​താണ്‌ അവർക്ക്‌ ഏറ്റവും പ്രധാനം.—പ്രവൃ. 20:28.

10 എപ്പോ​ഴാ​ണു സംസാ​രി​ക്കേ​ണ്ടത്‌ എന്നതി​നെ​പ്പ​റ്റി​യാ​ണു നമ്മൾ ഇതുവരെ പഠിച്ചത്‌. എന്നാൽ ചില​പ്പോൾ ഒന്നും മിണ്ടാ​തി​രി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലത്‌. അത്തരം സാഹച​ര്യ​ങ്ങ​ളിൽ നമ്മൾ നേരി​ടുന്ന ചില പ്രശ്‌നങ്ങൾ എന്തൊ​ക്കെ​യാണ്‌?

എപ്പോ​ഴാണ്‌ മൗനമാ​യി​രി​ക്കേ​ണ്ടത്‌?

11. യാക്കോബ്‌ ഏതു ദൃഷ്ടാ​ന്ത​മാണ്‌ ഉപയോ​ഗി​ച്ചത്‌, അതു പറ്റിയ ദൃഷ്ടാ​ന്ത​മാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

11 നമ്മുടെ സംസാരം നിയ​ന്ത്രി​ക്കു​ന്നതു ചില​പ്പോൾ ബുദ്ധി​മു​ട്ടാ​യി​രി​ക്കും. നമ്മുടെ ഈ പ്രശ്‌നം വിവരി​ക്കാൻ ബൈബി​ളെ​ഴു​ത്തു​കാ​ര​നായ യാക്കോബ്‌ പറ്റിയ ഒരു ദൃഷ്ടാന്തം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. യാക്കോബ്‌ പറയുന്നു: “വാക്കു പിഴയ്‌ക്കാത്ത ആരെങ്കി​ലു​മു​ണ്ടെ​ങ്കിൽ അയാൾ ശരീരത്തെ മുഴുവൻ കടിഞ്ഞാ​ണിട്ട്‌ നിയ​ന്ത്രി​ക്കാൻ കഴിയുന്ന പൂർണമനുഷ്യനാണ്‌.” (യാക്കോ. 3:2, 3) ഒരു കുതി​ര​യു​ടെ തലയ്‌ക്കു ചുറ്റി​ലും വായ്‌ക്കു കുറു​കെ​യും ആയിട്ടാണ്‌ കടിഞ്ഞാൺ ഇടുന്നത്‌. കടിഞ്ഞാ​ണിൽ പിടി​ച്ചു​കൊണ്ട്‌ ഒരു കുതി​ര​ക്കാ​രനു കുതി​രയെ ദിശ തിരി​ച്ചു​വി​ടാ​നും അതിന്റെ ഓട്ടം നിറു​ത്താ​നും കഴിയും. കടിഞ്ഞാൺ കൈവി​ട്ടു​പോ​യാൽ, കുതിര നിയ​ന്ത്ര​ണ​മി​ല്ലാ​തെ ഓടാൻ സാധ്യ​ത​യുണ്ട്‌, അതു കുതി​ര​യ്‌ക്കും കുതി​ര​ക്കാ​ര​നും അപകടം ചെയ്‌തേ​ക്കാം. അതു​പോ​ലെ നമ്മൾ സംസാരം നിയ​ന്ത്രി​ച്ചി​ല്ലെ​ങ്കിൽ അത്‌ ഒരുപാ​ടു പ്രശ്‌നങ്ങൾ വരുത്തി​വെ​ച്ചേ​ക്കാം. നമുക്ക്‌ ഇപ്പോൾ, നമ്മുടെ നാവിനു ‘കടിഞ്ഞാ​ണിട്ട്‌’ മിണ്ടാ​തി​രി​ക്കേണ്ട ചില സന്ദർഭങ്ങൾ നോക്കാം.

12. നമ്മൾ നാവിനു ‘കടിഞ്ഞാ​ണിട്ട്‌’ മിണ്ടാ​തി​രി​ക്കേ​ണ്ടത്‌ എപ്പോൾ?

12 രഹസ്യ​മാ​യി സൂക്ഷി​ക്കേണ്ട വിവരങ്ങൾ അറിയാ​വുന്ന ഒരു സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ കണ്ടാൽ നിങ്ങൾ എന്തു ചെയ്യും? ഉദാഹ​ര​ണ​ത്തിന്‌, നമ്മുടെ പ്രവർത്ത​ന​ത്തി​നു നിരോ​ധ​ന​മുള്ള ഒരു രാജ്യത്ത്‌ താമസി​ക്കുന്ന ഒരു സഹോ​ദ​രനെ നിങ്ങൾ കണ്ടെന്നി​രി​ക്കട്ടെ. ആ സ്ഥലത്ത്‌ നമ്മുടെ പ്രവർത്ത​നങ്ങൾ എങ്ങനെ​യാ​ണു നടക്കു​ന്ന​തെന്നു വിശദ​മാ​യി ചോദി​ച്ച​റി​യാൻ നിങ്ങൾ ശ്രമി​ക്കു​മോ? നല്ല ഉദ്ദേശ്യ​ത്തോ​ടെ​യാ​യി​രി​ക്കും നിങ്ങൾ ചോദി​ക്കു​ന്നത്‌. കാരണം, നമ്മൾ നമ്മുടെ സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കു​ന്നുണ്ട്‌, അവർ നേരി​ടുന്ന പ്രശ്‌നങ്ങൾ എന്തൊ​ക്കെ​യാ​ണെന്ന്‌ അറിയാൻ താത്‌പ​ര്യ​മുണ്ട്‌. അവരുടെ സാഹച​ര്യ​ങ്ങൾ മനസ്സി​ലാ​ക്കി അത്‌ എടുത്തു​പ​റഞ്ഞ്‌ പ്രാർഥി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. പക്ഷേ നാവിനു ‘കടിഞ്ഞാ​ണിട്ട്‌’ മിണ്ടാ​തി​രി​ക്കേണ്ട സമയമാണ്‌ ഇത്‌. രഹസ്യ​മാ​യി സൂക്ഷി​ക്കേണ്ട വിവരങ്ങൾ അറിയാ​വുന്ന ഒരാ​ളോ​ടു ‘കുത്തി​ക്കു​ത്തി’ കാര്യങ്ങൾ ചോദി​ച്ച​റി​യാൻ ശ്രമി​ച്ചാൽ, ആ വ്യക്തി​യോ​ടു സ്‌നേ​ഹ​മി​ല്ലെന്നു നമ്മൾ കാണി​ക്കു​ക​യാണ്‌. ആ വ്യക്തി​യോ​ടു മാത്രമല്ല, ആ രാജ്യത്തെ മറ്റു സഹോ​ദ​ര​ങ്ങ​ളോ​ടും ഉള്ള സ്‌നേ​ഹ​മി​ല്ലാ​യ്‌മ​യാണ്‌ അത്‌. കാരണം ആ സഹോ​ദരൻ വെളി​പ്പെ​ടു​ത്തുന്ന കാര്യങ്ങൾ അവരെ അപകട​ത്തി​ലാ​ക്കി​യേ​ക്കാം. നിരോ​ധ​ന​മുള്ള രാജ്യ​ങ്ങ​ളി​ലെ സഹോ​ദ​ര​ങ്ങ​ളു​ടെ കഷ്ടപ്പാ​ടു​കൾ ഒന്നുകൂ​ടെ കൂട്ടാൻ നമ്മളാ​രും ആഗ്രഹി​ക്കില്ല. ഇനി, പ്രവർത്ത​ന​ത്തി​നു നിരോ​ധ​ന​മുള്ള ഒരു രാജ്യത്ത്‌ താമസി​ക്കുന്ന സഹോ​ദ​ര​ന്റെ​യോ സഹോ​ദ​രി​യു​ടെ​യോ കാര്യ​മോ? അവി​ടെ​യുള്ള സാക്ഷികൾ എങ്ങനെ​യാ​ണു ശുശ്രൂ​ഷ​യും മറ്റു ക്രിസ്‌തീ​യ​പ്ര​വർത്ത​ന​ങ്ങ​ളും ചെയ്യു​ന്ന​തെന്ന്‌ അവർ മറ്റുള്ള​വ​രോ​ടു പറയില്ല.

13. സുഭാ​ഷി​തങ്ങൾ 11:13 പറയു​ന്ന​തു​പോ​ലെ മൂപ്പന്മാർ എന്തു ചെയ്യണം, എന്തു​കൊണ്ട്‌?

13 രഹസ്യ​മാ​യി സൂക്ഷി​ക്കേണ്ട വിവരങ്ങൾ മറ്റുള്ള​വ​രോ​ടു പറയാ​തി​രു​ന്നു​കൊണ്ട്‌ പ്രത്യേ​കി​ച്ചും മൂപ്പന്മാർ സുഭാ​ഷി​തങ്ങൾ 11:13-ലെ (വായി​ക്കുക.) തത്ത്വം അനുസ​രി​ക്കണം. വിശേ​ഷി​ച്ചും വിവാ​ഹി​ത​രായ മൂപ്പന്മാർക്ക്‌ ഇതൊരു ബുദ്ധി​മു​ട്ടാ​യേ​ക്കാം. ഭാര്യാ​ഭർത്താ​ക്ക​ന്മാർ ഉള്ളിന്റെ ഉള്ളിലെ ചിന്തക​ളും വിചാ​ര​ങ്ങ​ളും ഉത്‌ക​ണ്‌ഠ​ക​ളും പരസ്‌പരം പങ്കു​വെ​ക്കു​ന്നത്‌ അവരുടെ സ്‌നേഹം ശക്തമാ​ക്കി​നി​റു​ത്തും. പക്ഷേ സഭയിലെ സഹോ​ദ​ര​ങ്ങ​ളു​ടെ ‘രഹസ്യ​വി​വ​രങ്ങൾ’ ഭാര്യ​യോ​ടു പറയരു​തെന്ന്‌ ഒരു മൂപ്പന്‌ അറിയാം. അങ്ങനെ ചെയ്‌താൽ, സഹോ​ദ​ര​ങ്ങൾക്ക്‌ ആ മൂപ്പനി​ലുള്ള വിശ്വാ​സം നഷ്ടപ്പെ​ടും, അദ്ദേഹ​ത്തി​ന്റെ സത്‌പേ​രും പോകും. ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളി​ലുള്ള സഹോ​ദ​രങ്ങൾ ‘വഞ്ചകമാ​യി കാര്യങ്ങൾ പറയു​ന്നവർ’ ആയിരി​ക്ക​രുത്‌. (1 തിമൊ. 3:8, അടിക്കു​റിപ്പ്‌) അതായത്‌, അവർ മറ്റുള്ള​വരെ ചതിക്ക​രുത്‌. അവർ പരദൂ​ഷണം പറയാൻ ഇഷ്ടപ്പെ​ടു​ന്ന​വ​രും ആയിരി​ക്ക​രുത്‌. ഭാര്യയെ സ്‌നേ​ഹി​ക്കുന്ന ഒരു മൂപ്പൻ, ഭാര്യ അറി​യേ​ണ്ടാത്ത കാര്യങ്ങൾ പറഞ്ഞ്‌ അവരെ ഭാര​പ്പെ​ടു​ത്തില്ല.

14. ഒരു മൂപ്പന്റെ സത്‌പേരു നഷ്ടമാ​കാ​തി​രി​ക്കാൻ അദ്ദേഹ​ത്തി​ന്റെ ഭാര്യക്ക്‌ എങ്ങനെ സഹായി​ക്കാൻ കഴിയും?

14 ഇനി, ഭർത്താ​വി​ന്റെ സത്‌പേര്‌ നഷ്ടമാ​കാ​തി​രി​ക്കാൻ ഭാര്യക്ക്‌ എന്തു ചെയ്യാൻ പറ്റും? രഹസ്യ​മാ​യി സൂക്ഷി​ക്കേണ്ട വിവര​ങ്ങ​ളെ​ക്കു​റിച്ച്‌ അദ്ദേഹ​ത്തോ​ടു കുത്തി​ക്കു​ത്തി ചോദി​ക്കാ​തി​രി​ക്കുക. അങ്ങനെ ഭാര്യക്കു ഭർത്താ​വി​നെ പിന്തു​ണ​യ്‌ക്കാ​നും ഭർത്താ​വി​നെ വിശ്വ​സിച്ച്‌ കാര്യങ്ങൾ പറഞ്ഞ സഹോ​ദ​ര​ങ്ങളെ ആദരി​ക്കാ​നും കഴിയും. ഏറ്റവും പ്രധാ​ന​മാ​യി, സഭയുടെ സമാധാ​ന​വും ഒരുമ​യും നഷ്ടമാ​കാ​തെ സൂക്ഷി​ച്ചു​കൊണ്ട്‌ ഭാര്യ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ക​യും ചെയ്യും.—റോമ. 14:19.

നമ്മുടെ സംസാരം യഹോവ ശ്രദ്ധി​ക്കു​ന്നു​ണ്ടോ?

15. ഇയ്യോ​ബി​നെ ആശ്വസി​പ്പി​ക്കാൻ വന്ന മൂന്നു പേരെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നി​യത്‌, എന്തു​കൊണ്ട്‌?

15 എപ്പോൾ സംസാ​രി​ക്കണം, എങ്ങനെ സംസാ​രി​ക്കണം എന്നതി​നെ​ക്കു​റിച്ച്‌ ഇയ്യോബ്‌ എന്ന ബൈബിൾപു​സ്‌ത​ക​ത്തിൽനിന്ന്‌ നമുക്കു ധാരാളം പഠിക്കാ​നുണ്ട്‌. ഇയ്യോ​ബി​ന്റെ ജീവി​ത​ത്തിൽ കുറെ ദുരന്തങ്ങൾ ഉണ്ടായി​ക്ക​ഴിഞ്ഞ്‌, നാലു പുരു​ഷ​ന്മാർ അദ്ദേഹത്തെ ആശ്വസി​പ്പി​ക്കാ​നും അദ്ദേഹ​ത്തി​നു ബുദ്ധി​യു​പ​ദേശം കൊടു​ക്കാ​നും വന്നു. ആ നാലു പേരും ഒരുപാ​ടു സമയം മിണ്ടാ​തി​രു​ന്നു. എന്നാൽ അതിൽ മൂന്നു പേർ ഇയ്യോ​ബി​നെ എങ്ങനെ സഹായി​ക്കാം എന്നല്ല ആ സമയത്ത്‌ ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നത്‌. പകരം ഇയ്യോബ്‌ തെറ്റു ചെയ്‌തു എന്ന്‌ എങ്ങനെ തെളി​യി​ക്കാം എന്നാണ്‌. പിന്നീട്‌ അവർ പറഞ്ഞ കാര്യ​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ അതു മനസ്സി​ലാ​ക്കാം. എലീഫ​സും ബിൽദാ​ദും സോഫ​റും ആയിരു​ന്നു ആ മൂന്നു പേർ. അവർ പറഞ്ഞ ചില കാര്യങ്ങൾ സത്യമാ​യി​രു​ന്നു. പക്ഷേ ഇയ്യോ​ബി​നെ​യും യഹോ​വ​യെ​യും കുറിച്ച്‌ അവർ പറഞ്ഞ മിക്ക കാര്യ​ങ്ങ​ളും ഒന്നുകിൽ ദയയി​ല്ലാ​ത്ത​താ​യി​രു​ന്നു, അല്ലെങ്കിൽ നുണയാ​യി​രു​ന്നു. അവർ ക്രൂര​മാ​യി ഇയ്യോ​ബി​നെ കുറ്റ​പ്പെ​ടു​ത്തി. (ഇയ്യോ. 32:1-3) ഇതെല്ലാം കേട്ട​പ്പോൾ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നി​യത്‌? ആ മൂന്നു പേരോ​ടും യഹോ​വ​യ്‌ക്കു കടുത്ത ദേഷ്യം തോന്നി. ദൈവം അവരെ വിഡ്‌ഢികൾ എന്നു വിളിച്ചു. അവർക്കു​വേണ്ടി പ്രാർഥി​ക്ക​ണ​മെന്ന്‌ ഇയ്യോ​ബി​നോട്‌ അഭ്യർഥി​ക്കാൻ പറയു​ക​യും ചെയ്‌തു.—ഇയ്യോ. 42:7-9.

16. എലീഫ​സി​ന്റെ​യും ബിൽദാ​ദി​ന്റെ​യും സോഫ​റി​ന്റെ​യും മോശ​മായ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പാഠമാ​ണു​ള്ളത്‌?

16 എലീഫ​സി​ന്റെ​യും ബിൽദാ​ദി​ന്റെ​യും സോഫ​റി​ന്റെ​യും മോശ​മായ മാതൃ​ക​യിൽനിന്ന്‌ നമുക്കു പലതും പഠിക്കാ​നുണ്ട്‌. ഒന്ന്‌, നമ്മൾ നമ്മുടെ സഹോ​ദ​രങ്ങൾ കുറ്റക്കാ​രാ​ണെന്നു വിധി​ക്ക​രുത്‌. (മത്താ. 7:1-5) പകരം, സംസാ​രി​ക്കു​ന്ന​തി​നു മുമ്പ്‌ അവർ പറയു​ന്നതു ശ്രദ്ധിച്ച്‌ കേൾക്കണം. എങ്കിലേ അവരുടെ സാഹച​ര്യം കൃത്യ​മാ​യി മനസ്സി​ലാ​ക്കാൻ നമുക്കു കഴിയൂ. (1 പത്രോ. 3:8) രണ്ട്‌, നമ്മൾ ദയയോ​ടെ സംസാ​രി​ക്കണം, നമ്മൾ പറയുന്ന കാര്യങ്ങൾ സത്യമാ​യി​രി​ക്കണം. (എഫെ. 4:25) മൂന്ന്‌, നമ്മൾ പരസ്‌പരം പറയുന്ന കാര്യങ്ങൾ യഹോവ ശരിക്കും ശ്രദ്ധി​ക്കു​ന്നുണ്ട്‌.

17. എലീഹു​വി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

17 ഇയ്യോ​ബി​നെ കാണാൻ വന്നവരിൽ നാലാ​മ​ത്തെ​യാൾ അബ്രാ​ഹാ​മി​ന്റെ ഒരു ബന്ധുവായ എലീഹു​വാ​യി​രു​ന്നു. ഇയ്യോ​ബും മറ്റു മൂന്നു പുരു​ഷ​ന്മാ​രും സംസാ​രി​ച്ച​പ്പോൾ എലീഹു കേട്ടി​രു​ന്നു. എലീഹു നല്ല ശ്രദ്ധ കൊടു​ത്തി​ട്ടു​ണ്ടാ​കണം. അതു​കൊ​ണ്ടാണ്‌ ഇയ്യോ​ബി​ന്റെ ചിന്തയെ തിരു​ത്താൻ ദയയോ​ടെ, വ്യക്തമായ ഉപദേശം കൊടു​ക്കാൻ എലീഹു​വി​നു കഴിഞ്ഞത്‌. (ഇയ്യോ. 33:1, 6, 17) സ്വയം പേരെ​ടു​ക്കാ​നോ മറ്റുള്ള​വരെ പുകഴ്‌ത്താ​നോ അല്ല എലീഹു ശ്രമി​ച്ചത്‌, പകരം യഹോ​വയെ വാഴ്‌ത്തുക എന്നതാ​യി​രു​ന്നു എലീഹു​വിന്‌ ഏറ്റവും പ്രധാനം. (ഇയ്യോ. 32:21, 22; 37:23, 24) മൗനമാ​യി​രുന്ന്‌ ശ്രദ്ധി​ക്കാൻ ഒരു സമയമു​ണ്ടെന്ന്‌ എലീഹു​വി​ന്റെ മാതൃക നമ്മളെ പഠിപ്പി​ക്കു​ന്നു. (യാക്കോ. 1:19) അതു​പോ​ലെ, ബുദ്ധി​യു​പ​ദേശം കൊടു​ക്കു​മ്പോൾ, നമ്മളി​ലേക്കു ശ്രദ്ധ ക്ഷണിക്കു​ന്ന​തി​നു പകരം യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുക എന്നതാ​യി​രി​ക്കണം നമ്മുടെ പ്രധാ​ന​ല​ക്ഷ്യം.

18. സംസാ​ര​പ്രാ​പ്‌തി എന്ന സമ്മാനം വില​പ്പെ​ട്ട​താ​യി കാണു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

18 എപ്പോൾ സംസാ​രി​ക്കണം, എങ്ങനെ സംസാ​രി​ക്കണം എന്നതി​നെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ ഉപദേശം അനുസ​രി​ച്ചു​കൊണ്ട്‌ സംസാ​ര​പ്രാ​പ്‌തി എന്ന സമ്മാനം വില​പ്പെ​ട്ട​താ​യി കാണു​ന്നെന്നു നമുക്കു കാണി​ക്കാം. ജ്ഞാനി​യായ ശലോ​മോൻ രാജാവ്‌ ദൈവ​പ്ര​ചോ​ദി​ത​നാ​യി ഇങ്ങനെ എഴുതി: “തക്കസമ​യത്ത്‌ പറയുന്ന വാക്ക്‌ വെള്ളി​പ്പാ​ത്ര​ത്തി​ലെ സ്വർണ ആപ്പിളു​കൾപോ​ലെ.” (സുഭാ. 25:11) നമ്മുടെ ഓരോ വാക്കി​നെ​യും ആ സ്വർണ ആപ്പിളു​കൾപോ​ലെ വിലയു​ള്ള​തും മനോ​ഹ​ര​വും ആക്കാൻ കഴിയും. അതിനു നമ്മൾ എന്തു ചെയ്യണം? മറ്റുള്ളവർ സംസാ​രി​ക്കു​മ്പോൾ ശ്രദ്ധിച്ച്‌ കേൾക്കണം, എന്തെങ്കി​ലും പറയു​ന്ന​തി​നു മുമ്പ്‌ നമ്മൾ ചിന്തി​ക്കു​ക​യും വേണം. അങ്ങനെ​യാ​ണെ​ങ്കിൽ നമ്മൾ അധികം സംസാ​രി​ച്ചാ​ലും അൽപ്പം സംസാ​രി​ച്ചാ​ലും നമ്മുടെ വാക്കുകൾ മറ്റുള്ള​വരെ ബലപ്പെ​ടു​ത്തും. നമ്മളെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ അഭിമാ​നം തോന്നു​ക​യും ചെയ്യും. (സുഭാ. 23:15; എഫെ. 4:29) ഈ സമ്മാനം തന്നതിനു ദൈവ​ത്തോ​ടു നന്ദിയു​ണ്ടെന്നു കാണി​ക്കാൻ ഇതിലും മെച്ചമായ മറ്റൊരു മാർഗ​മില്ല!

ഗീതം 82 ‘നിങ്ങളു​ടെ വെളിച്ചം പ്രകാ​ശി​ക്കട്ടെ’

^ ഖ. 5 നമ്മൾ സംസാ​രി​ക്കേ​ണ്ടത്‌ എപ്പോ​ഴാണ്‌, മൗനമാ​യി​രി​ക്കേ​ണ്ടത്‌ എപ്പോ​ഴാണ്‌ എന്നെല്ലാം അറിയാൻ സഹായി​ക്കുന്ന തത്ത്വങ്ങൾ ദൈവ​വ​ച​ന​ത്തി​ലുണ്ട്‌. അവ പഠിക്കു​ക​യും ജീവി​ത​ത്തിൽ പകർത്തു​ക​യും ചെയ്യു​മ്പോൾ നമ്മൾ സംസാ​രി​ക്കുന്ന കാര്യങ്ങൾ യഹോ​വയെ പ്രസാ​ദി​പ്പി​ക്കും.

^ ഖ. 62 ചിത്രക്കുറിപ്പ്‌: ഒരു സഹോ​ദരി മറ്റൊരു സഹോ​ദ​രി​ക്കു വേണ്ട ഉപദേശം കൊടു​ക്കു​ന്നു.

^ ഖ. 64 ചിത്രക്കുറിപ്പ്‌: എല്ലാം വൃത്തി​യാ​യി സൂക്ഷി​ക്കാൻ ഒരു സഹോ​ദരൻ ഒരു ചെറു​പ്പ​ക്കാ​രനു ചില നിർദേ​ശങ്ങൾ കൊടു​ക്കു​ന്നു.

^ ഖ. 66 ചിത്രക്കുറിപ്പ്‌: ഉചിത​മായ സമയത്ത്‌ അബീഗ​യിൽ ദാവീ​ദി​നോ​ടു സംസാ​രി​ച്ചു. അതിനു നല്ല ഫലവു​മു​ണ്ടാ​യി.

^ ഖ. 68 ചിത്രക്കുറിപ്പ്‌: നിരോ​ധ​ന​മുള്ള സ്ഥലത്തെ നമ്മുടെ പ്രവർത്ത​ന​ത്തെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ ഒരു ദമ്പതികൾ പറയു​ന്നില്ല.

^ ഖ. 70 ചിത്രക്കുറിപ്പ്‌: സഭയുടെ രഹസ്യ​മായ ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​മ്പോൾ അതു മറ്റാരും കേൾക്കു​ന്നി​ല്ലെന്ന്‌ ഒരു മൂപ്പൻ ഉറപ്പാ​ക്കു​ന്നു.