വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 38

സമാധാ​ന​കാ​ലത്ത്‌ ജ്ഞാന​ത്തോ​ടെ പ്രവർത്തി​ക്കുക

സമാധാ​ന​കാ​ലത്ത്‌ ജ്ഞാന​ത്തോ​ടെ പ്രവർത്തി​ക്കുക

‘ദേശത്ത്‌ സമാധാ​ന​മു​ണ്ടാ​യി​രു​ന്നു; അക്കാലത്ത്‌ ആരും ആസയ്‌ക്കെ​തി​രെ യുദ്ധത്തി​നു വന്നില്ല; യഹോവ ആസയ്‌ക്കു സ്വസ്ഥത നൽകി​യി​രു​ന്നു.’​—2 ദിന. 14:6.

ഗീതം 60 അവരുടെ ജീവൻ രക്ഷിക്കാൻ

പൂർവാവലോകനം *

1. യഹോ​വയെ സേവി​ക്കു​ന്നത്‌ ഏതു സാഹച​ര്യ​ത്തിൽ നമുക്കു ബുദ്ധി​മു​ട്ടാ​യേ​ക്കാം?

ഒരു ചോദ്യം ചോദി​ച്ചു​കൊണ്ട്‌ തുടങ്ങാം. യഹോ​വയെ സേവി​ക്കു​ന്നത്‌ എപ്പോ​ഴാ​യി​രി​ക്കും കൂടുതൽ ബുദ്ധി​മു​ട്ടാ​യി​രി​ക്കുക? ജീവി​ത​ത്തിൽ നമ്മൾ കഠിന​മായ പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ കടന്നു പോകു​മ്പോ​ഴാ​ണോ അതോ വലിയ പ്രശ്‌ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ സമാധാ​ന​പ​ര​മാ​യി പോകു​മ്പോ​ഴാ​ണോ? പ്രശ്‌നങ്ങൾ ഉള്ളപ്പോൾ നമ്മൾ സ്വാഭാ​വി​ക​മാ​യും യഹോ​വ​യിൽ ആശ്രയി​ക്കും. എന്നാൽ കാര്യ​ങ്ങ​ളൊ​ക്കെ നന്നായി പോകു​മ്പോ​ഴോ? അപ്പോൾ ദൈവ​സേ​വ​ന​ത്തിൽനിന്ന്‌ നമ്മുടെ ശ്രദ്ധ മാറി​പ്പോ​കു​മോ? അങ്ങനെ സംഭവി​ക്കാൻ സാധ്യ​ത​യു​ണ്ടെന്ന്‌ യഹോവ ഇസ്രാ​യേ​ല്യർക്കു മുന്നറി​യി​പ്പു കൊടു​ത്തു.​—ആവ. 6:10-12.

വ്യാജാരാധന തുടച്ചു​നീ​ക്കാൻ ആസ രാജാവ്‌ നിശ്ചയ​ദാർഢ്യ​ത്തോ​ടെ ഇറങ്ങി​ത്തി​രി​ച്ചു (2-ാം ഖണ്ഡിക കാണുക) *

2. എന്തു നല്ല മാതൃ​ക​യാണ്‌ ആസ രാജാവ്‌ വെച്ചത്‌?

2 യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ച്ചു​കൊണ്ട്‌ ജ്ഞാന​ത്തോ​ടെ പ്രവർത്തിച്ച ഒരാളാ​യി​രു​ന്നു ആസ രാജാവ്‌. മോശ​മായ സമയങ്ങ​ളിൽ മാത്രമല്ല, സമാധാ​ന​കാ​ല​ത്തും ആസ യഹോ​വയെ സേവിച്ചു. “ജീവി​ത​കാ​ലം മുഴുവൻ ആസയുടെ ഹൃദയം യഹോ​വ​യിൽ പൂർണ​മാ​യി അർപ്പി​ത​മാ​യി​രു​ന്നു.” (1 രാജ. 15:14, അടിക്കു​റിപ്പ്‌) യഹൂദ​യിൽനിന്ന്‌ വ്യാജാ​രാ​ധന നീക്കി​ക്ക​ള​ഞ്ഞു​കൊണ്ട്‌ ആസ അതു തെളി​യി​ച്ചു. “ആസ അന്യ​ദൈ​വ​ങ്ങ​ളു​ടെ യാഗപീ​ഠ​ങ്ങ​ളും ആരാധ​നാ​സ്ഥ​ല​ങ്ങ​ളും നീക്കം ചെയ്യു​ക​യും പൂജാ​സ്‌തം​ഭങ്ങൾ ഉടച്ചു​ക​ള​യു​ക​യും പൂജാ​സ്‌തൂ​പങ്ങൾ വെട്ടി​യി​ടു​ക​യും ചെയ്‌തു” എന്നു ബൈബിൾ പറയുന്നു. (2 ദിന. 14:3, 5) രാജ്യത്തെ ‘പ്രഥമ​വ​നിത’ എന്നു വിളി​ക്കാ​വുന്ന ഒരു സ്ഥാനത്തു​നിന്ന്‌ തന്റെ മുത്തശ്ശി​യായ മാഖയെ ആസ നീക്കു​ക​പോ​ലും ചെയ്‌തു. എന്തു​കൊണ്ട്‌? ജനം ഒരു വിഗ്ര​ഹത്തെ ആരാധി​ക്കാൻ മാഖ പ്രേരി​പ്പി​ച്ച​തു​കൊ​ണ്ടാ​യി​രു​ന്നു അത്‌.​—1 രാജ. 15:11-13.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്താണു ചർച്ച ചെയ്യു​ന്നത്‌?

3 ആസ ദേശത്തു​നിന്ന്‌ വ്യാജാ​രാ​ധന നീക്കുക മാത്രമല്ല ചെയ്‌തത്‌, യഹോ​വ​യി​ലേക്കു തിരി​ച്ചു​വ​രാൻ യഹൂദ ജനതയെ സഹായി​ച്ചു​കൊണ്ട്‌ സത്യാ​രാ​ധ​ന​യ്‌ക്കു​വേണ്ടി പ്രവർത്തി​ക്കു​ക​യും ചെയ്‌തു. യഹോവ ആസയെ​യും ഇസ്രാ​യേ​ല്യ​രെ​യും അനു​ഗ്ര​ഹി​ച്ചു. ആസയുടെ ഭരണകാ​ലത്ത്‌ ‘പത്തു വർഷം ദേശത്ത്‌ സ്വസ്ഥത ഉണ്ടായി​രു​ന്നു’ എന്ന്‌ ബൈബിൾ പറയുന്നു. (2 ദിന. 14:1, 4, 6) ആ സമാധാനകാലം * ആസ എങ്ങനെ ഉപയോ​ഗി​ച്ചു എന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. ആസയെ​പ്പോ​ലെ തങ്ങൾക്കു കിട്ടിയ സ്വസ്ഥത​യു​ടെ കാലം നന്നായി ഉപയോ​ഗിച്ച ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റി​ച്ചും നമ്മൾ ചിന്തി​ക്കും. ഒടുവിൽ നമ്മൾ ഈ ചോദ്യ​ത്തി​നുള്ള ഉത്തരവും ചർച്ച ചെയ്യും: ആരാധ​നാ​സ്വാ​ത​ന്ത്ര്യ​മുള്ള ഒരു രാജ്യ​ത്താണ്‌ നിങ്ങ​ളെ​ങ്കിൽ ഇപ്പോ​ഴുള്ള നല്ല സമയം നിങ്ങൾക്ക്‌ എങ്ങനെ ജ്ഞാന​ത്തോ​ടെ ഉപയോ​ഗി​ക്കാം?

സ്വസ്ഥത​യു​ടെ സമയത്ത്‌ ആസ എന്തു ചെയ്‌തു?

4. 2 ദിനവൃ​ത്താ​ന്തം 14:2, 6, 7 അനുസ​രിച്ച്‌, സ്വസ്ഥത​യു​ടെ സമയം ആസ എങ്ങനെ ഉപയോ​ഗി​ച്ചു?

4 2 ദിനവൃ​ത്താ​ന്തം 14:2, 6, 7 വായി​ക്കുക. യഹോ​വ​യാണ്‌ ‘അവർക്കു ചുറ്റും സ്വസ്ഥത നൽകി​യ​തെന്ന്‌’ ആസ ജനത്തോ​ടു പറഞ്ഞു. ഉല്ലസിച്ച്‌ കളയാ​നുള്ള സമയമല്ല ഇതെന്ന്‌ ആസയ്‌ക്കു മനസ്സി​ലാ​യി. അതിനു പകരം നഗരങ്ങ​ളും മതിലു​ക​ളും ഗോപു​ര​ങ്ങ​ളും വാതി​ലു​ക​ളും പണിയാൻ ആസ ഇറങ്ങി​ത്തി​രി​ച്ചു. അദ്ദേഹം യഹൂദ ജനത​യോട്‌ ഇങ്ങനെ പറഞ്ഞു: “ദേശം നമ്മുടെ അധീന​ത​യിൽത്ത​ന്നെ​യുണ്ട്‌.” എന്താണ്‌ ആസ ഉദ്ദേശി​ച്ചത്‌? ദൈവം അവർക്ക്‌ കൊടുത്ത ദേശത്ത്‌ സ്വൈ​ര​മാ​യി സഞ്ചരി​ക്കാ​നും ശത്രു​ക്ക​ളു​ടെ ഭീഷണി ഒന്നും കൂടാതെ നിർമാ​ണ​പ്ര​വർത്ത​നങ്ങൾ നടത്താ​നും ജനത്തിന്‌ കഴിയു​മെ​ന്നാണ്‌ ആസ ഉദ്ദേശി​ച്ചത്‌. അനുകൂ​ല​മായ സാഹച​ര്യം നന്നായി ഉപയോ​ഗി​ക്കാൻ ആസ ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

5. ആസ തന്റെ സൈനി​ക​ശക്തി വർധി​പ്പി​ച്ചത്‌ എന്തു​കൊണ്ട്‌?

5 സ്വസ്ഥത​യു​ടെ ആ കാലത്ത്‌ ആസ തന്റെ സൈനി​ക​ശക്തി വർധി​പ്പി​ക്കു​ക​യും ചെയ്‌തു. (2 ദിന. 14:8) ആസയ്‌ക്ക്‌ യഹോ​വ​യിൽ വിശ്വാ​സം ഇല്ലായി​രു​ന്നു എന്നാണോ അതിന്‌ അർഥം? ഭാവി​യിൽ ജനം നേരി​ട്ടേ​ക്കാ​വുന്ന പ്രശ്‌ന​ങ്ങൾക്കാ​യി അവരെ ഒരുക്കുക എന്നത്‌ ഒരു രാജാവ്‌ എന്ന നിലയിൽ തന്റെ കടമയാ​ണെന്ന്‌ ആസ തിരി​ച്ച​റി​ഞ്ഞു. ഇപ്പോൾ യഹൂദ​യി​ലുള്ള സമാധാ​ന​കാ​ലം എപ്പോ​ഴും തുടരാൻ സാധ്യ​ത​യി​ല്ലെന്ന്‌ ആസയ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. അത്‌ അങ്ങനെ​തന്നെ സംഭവി​ക്കു​ക​യും ചെയ്‌തു.

സ്വസ്ഥത​യു​ടെ സമയത്ത്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ

6. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ അവർക്കു കിട്ടിയ സ്വസ്ഥത​യു​ടെ സമയം എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ചത്‌?

6 ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഉപദ്ര​വങ്ങൾ സഹി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും എപ്പോ​ഴും അതായി​രു​ന്നില്ല അവസ്ഥ. ഇടയ്‌ക്കൊ​ക്കെ അവർക്കു സമാധാ​ന​ത്തി​ന്റെ കാലങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. അത്തരം അവസരങ്ങൾ ശിഷ്യ​ന്മാർ എങ്ങനെ ഉപയോ​ഗി​ച്ചു? വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും പൂർവാ​ധി​കം ഉത്സാഹ​ത്തോ​ടെ ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത അറിയി​ച്ചു. അവർ ‘യഹോ​വ​യു​ടെ വഴിയിൽ നടന്നെന്ന്‌’ പ്രവൃ​ത്തി​ക​ളു​ടെ വിവരണം പറയുന്നു. അവർ നിറു​ത്താ​തെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു. അതിന്റെ ഫലമായി, “സഭയുടെ അംഗസം​ഖ്യ വർധി​ച്ചു​വന്നു.” അനുകൂ​ല​മായ സമയത്ത്‌ അവർ ചെയ്‌ത കഠിനാ​ധ്വാ​നത്തെ യഹോവ അനു​ഗ്ര​ഹി​ച്ചു എന്നതിന്റെ തെളി​വല്ലേ അത്‌?​—പ്രവൃ. 9:26-31.

7-8. അവസരങ്ങൾ തുറന്നു​കി​ട്ടി​യ​പ്പോൾ പൗലോ​സും മറ്റുള്ള​വ​രും എന്തു ചെയ്‌തു? വിശദീ​ക​രി​ക്കുക.

7 സന്തോ​ഷ​വാർത്ത പ്രചരി​പ്പി​ക്കാൻ കിട്ടിയ എല്ലാ അവസര​ങ്ങ​ളും ഒന്നാം നൂറ്റാ​ണ്ടി​ലെ ശിഷ്യ​ന്മാർ നന്നായി ഉപയോ​ഗി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഫെ​സൊ​സി​ലാ​യി​രു​ന്ന​പ്പോൾ, തനിക്ക്‌ ഒരു വലിയ വാതിൽ തുറന്നു​കി​ട്ടി​യെന്നു മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌ ആ നഗരത്തി​ലെ ആളുക​ളോ​ടു പ്രസം​ഗി​ക്കാ​നും അവരെ ശിഷ്യ​രാ​ക്കാ​നും വേണ്ടി പൗലോസ്‌ അവി​ടെ​ത്തന്നെ തുടർന്നു.​—1 കൊരി. 16:8, 9.

8 എ.ഡി. 49-ൽ പരി​ച്ഛേദന സംബന്ധിച്ച വിഷയ​ത്തിൽ ഒരു അന്തിമ​തീ​രു​മാ​നം എടുത്ത​പ്പോൾ കിട്ടിയ അവസര​വും പൗലോ​സും മറ്റു ക്രിസ്‌ത്യാ​നി​ക​ളും ഫലകര​മാ​യി ഉപയോ​ഗി​ച്ചു. (പ്രവൃ. 15:23-29) ആ വിഷയ​ത്തി​ലുള്ള തീരു​മാ​നം സഭകളെ അറിയി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ, “യഹോ​വ​യു​ടെ വചന​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത” ശിഷ്യ​ന്മാ​രെ​ല്ലാം കൂടുതൽ ഉത്സാഹ​ത്തോ​ടെ പ്രസം​ഗി​ക്കാൻ തുടങ്ങി. (പ്രവൃ. 15:30-35) എന്തായി​രു​ന്നു ഫലം? “സഭകളു​ടെ വിശ്വാ​സം ശക്തമായി, അംഗസം​ഖ്യ ദിവസേന വർധിച്ചു” എന്നു ബൈബിൾ പറയുന്നു.​—പ്രവൃ. 16:4, 5.

സമാധാ​ന​കാ​ലം നിങ്ങൾ എങ്ങനെ ഉപയോ​ഗി​ക്കും?

9. ഇന്നു പല രാജ്യ​ങ്ങ​ളി​ലും എന്തിനുള്ള സ്വാത​ന്ത്ര്യ​മുണ്ട്‌, നമുക്ക്‌ ഏതു ചോദ്യം സ്വയം ചോദി​ക്കാം?

9 ഇന്ന്‌ അനേകം നാടു​ക​ളി​ലും പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്ന​തി​നു നിയമ​ത​ട​സ്സ​ങ്ങ​ളൊ​ന്നു​മില്ല. നിങ്ങൾ അങ്ങനെ​യുള്ള ഒരു രാജ്യ​ത്താ​ണോ താമസി​ക്കു​ന്നത്‌? അങ്ങനെ​യെ​ങ്കിൽ സ്വയം ചോദി​ക്കുക, ‘ഇപ്പോ​ഴുള്ള സ്വാത​ന്ത്ര്യം ഞാൻ പരമാ​വധി പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ടോ?’ ആവേശ​ക​ര​മായ ഈ അവസാ​ന​കാ​ലത്ത്‌, യഹോ​വ​യു​ടെ സംഘടന ലോകം ഇതേവരെ കണ്ടിട്ടി​ല്ലാത്ത പ്രസംഗ-പഠിപ്പി​ക്കൽ പ്രവർത്ത​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ക്കു​ക​യാണ്‌. (മർക്കോ. 13:10) യഹോ​വ​യു​ടെ ജനത്തിൽപ്പെട്ട എല്ലാവർക്കും അതിൽ പങ്കെടു​ക്കാൻ അനവധി അവസര​ങ്ങ​ളുണ്ട്‌.

മറ്റൊരു രാജ്യത്ത്‌ സേവി​ച്ചു​കൊ​ണ്ടോ മറ്റൊരു ഭാഷ സംസാ​രി​ക്കു​ന്ന​വ​രോ​ടു സാക്ഷീ​ക​രി​ച്ചു​കൊ​ണ്ടോ ശുശ്രൂഷ വിപു​ല​പ്പെ​ടു​ത്തി​യ​വർക്കു സമൃദ്ധ​മായ അനു​ഗ്ര​ഹങ്ങൾ ലഭിച്ചി​രി​ക്കു​ന്നു (10-12 ഖണ്ഡികകൾ കാണുക) *

10. 2 തിമൊ​ഥെ​യൊസ്‌ 4:2 എന്തു ചെയ്യാ​നാ​ണു നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌?

10 അനുകൂ​ല​മായ സാഹച​ര്യ​ങ്ങൾ നിങ്ങൾക്ക്‌ എങ്ങനെ പരമാ​വധി പ്രയോ​ജ​ന​പ്പെ​ടു​ത്താം? (2 തിമൊ​ഥെ​യൊസ്‌ 4:2 വായി​ക്കുക.) നിങ്ങളു​ടെ സാഹച​ര്യ​ങ്ങൾ ഒന്നു വിലയി​രു​ത്തി​യിട്ട്‌ നിങ്ങൾക്കോ ഒരു കുടും​ബാം​ഗ​ത്തി​നോ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ കൂടുതൽ ഏർപ്പെ​ടാൻ കഴിയു​മോ എന്നു ചിന്തി​ച്ചു​നോ​ക്കുക. ഒരുപക്ഷേ മുൻനി​ര​സേ​വനം തുടങ്ങാൻപോ​ലും നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും. ഓർക്കുക: പണവും വസ്‌തു​വ​ക​ക​ളും വാരി​ക്കൂ​ട്ടാ​നുള്ള സമയമല്ല ഇത്‌. മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ ഇവയൊ​ന്നും നമുക്കു പ്രയോ​ജ​ന​പ്പെ​ടില്ല.​—സുഭാ. 11:4; മത്താ. 6:31-33; 1 യോഹ. 2:15-17.

11. കഴിയു​ന്നത്ര ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ കഴി​യേ​ണ്ട​തി​നു ചിലർ എന്തു ചെയ്‌തി​രി​ക്കു​ന്നു?

11 കഴിയു​ന്നത്ര ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തി​നു​വേണ്ടി ചില പ്രചാ​രകർ ഒരു പുതിയ ഭാഷ പഠിച്ചി​രി​ക്കു​ന്നു. കൂടു​തൽക്കൂ​ടു​തൽ ഭാഷക​ളിൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പുറത്തി​റ​ക്കി​ക്കൊണ്ട്‌ സംഘടന അവർക്ക്‌ ആവശ്യ​മായ സഹായം നൽകുന്നു. ഉദാഹ​ര​ണ​ത്തിന്‌, 2010-ൽ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഏതാണ്ട്‌ 500 ഭാഷക​ളിൽ ലഭ്യമാ​യി​രു​ന്നെ​ങ്കിൽ, ഇപ്പോൾ അത്‌ 1,000-ത്തിലധി​കം ഭാഷക​ളിൽ ലഭ്യമാണ്‌.

12. സ്വന്തം ഭാഷയിൽ രാജ്യ​സ​ന്ദേശം കേൾക്കു​ന്നത്‌ ആളുകൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും? ഒരു ഉദാഹ​രണം പറയുക.

12 ദൈവ​വ​ച​ന​ത്തി​ലെ സത്യം സ്വന്തം ഭാഷയിൽത്തന്നെ കേൾക്കു​ന്നത്‌ ആളുകൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും? അതു മനസ്സി​ലാ​ക്കാൻ നമുക്ക്‌ ഒരു സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. ആ സഹോ​ദരി ഐക്യ​നാ​ടു​ക​ളിൽ തന്റെ സ്വന്തം ഭാഷയായ കിന്യർവ​ണ്ട​യിൽ നടന്ന ഒരു കൺ​വെൻ​ഷ​നിൽ പങ്കെടു​ത്തു. റുവാണ്ട, കോം​ഗോ (കിൻഷാസ), യുഗാണ്ട എന്നീ രാജ്യ​ങ്ങ​ളിൽ സംസാ​രി​ക്കുന്ന ഒരു ഭാഷയാണ്‌ അത്‌. ആ സഹോ​ദരി ഇങ്ങനെ പറഞ്ഞു: “17 വർഷമാ​യി ഞാൻ ഐക്യ​നാ​ടു​ക​ളിൽ വന്നിട്ട്‌. പക്ഷേ ഒരു കൺ​വെൻ​ഷ​നിൽ നടന്ന പരിപാ​ടി​കൾ മുഴു​വ​നാ​യി മനസ്സി​ലാ​കു​ന്നത്‌ ഇപ്പോ​ഴാണ്‌.” സ്വന്തം ഭാഷയിൽ പരിപാ​ടി​കൾ കേട്ട​പ്പോൾ അത്‌ ആ സഹോ​ദ​രി​യു​ടെ ഉള്ളിൽ തട്ടി. നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള ആളുകളെ സഹായി​ക്കു​ന്ന​തി​നു മറ്റൊരു ഭാഷ പഠിക്കാൻ നിങ്ങൾക്കു കഴിയു​മോ? നിങ്ങളു​ടെ പ്രദേ​ശത്ത്‌ മറ്റു ഭാഷകൾ സംസാ​രി​ക്കു​ന്ന​വ​രു​ണ്ടെ​ങ്കിൽ, അവരുടെ സ്വന്തം ഭാഷയിൽ ബൈബിൾസ​ന്ദേശം അവതരി​പ്പി​ച്ചാൽ അവർ കേൾക്കാൻ കൂടുതൽ മനസ്സു കാണി​ക്കി​ല്ലേ? നിങ്ങൾ ചെയ്യുന്ന കഠിനാ​ധ്വാ​നം നിങ്ങൾക്കു വളരെ​യ​ധി​കം സന്തോഷം തരും.

13. സമാധാ​ന​ത്തി​ന്റെ കാലം റഷ്യയി​ലെ നമ്മുടെ സഹോ​ദ​രങ്ങൾ എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ചത്‌?

13 എല്ലാ സഹോ​ദ​ര​ങ്ങൾക്കും പരസ്യ​മാ​യി പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാ​നുള്ള സ്വാത​ന്ത്ര്യ​മില്ല. ചില രാജ്യ​ങ്ങ​ളിൽ ഗവൺമെ​ന്റു​കൾ അതിനു നിയ​ന്ത്ര​ണങ്ങൾ വെച്ചി​ട്ടുണ്ട്‌. റഷ്യയി​ലെ സഹോ​ദ​ര​ങ്ങ​ളു​ടെ സാഹച​ര്യം അതാണ്‌. വർഷങ്ങ​ളോ​ളം അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങൾക്ക്‌ ഉപദ്ര​വങ്ങൾ സഹി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും 1991 മാർച്ചിൽ അവിടെ നമ്മുടെ പ്രവർത്ത​ന​ത്തി​നു നിയമാം​ഗീ​കാ​രം കിട്ടി. അന്നു റഷ്യയിൽ ഏതാണ്ട്‌ 16,000 പ്രചാ​ര​ക​രാ​ണു​ണ്ടാ​യി​രു​ന്നത്‌. 20 വർഷം കഴിഞ്ഞ​പ്പോൾ ആ സംഖ്യ 1,60,000-ത്തിലധി​ക​മാ​യി. സ്വത​ന്ത്ര​മാ​യി പ്രസം​ഗി​ക്കാൻ കിട്ടിയ അവസരം അവിടത്തെ നമ്മുടെ സഹോ​ദ​രങ്ങൾ ജ്ഞാന​ത്തോ​ടെ ഉപയോ​ഗി​ച്ചു എന്നല്ലേ ഇതു കാണി​ക്കു​ന്നത്‌? പക്ഷേ ആ സമാധാ​ന​കാ​ലം എന്നും നിലനി​ന്നില്ല. സാഹച​ര്യ​ങ്ങൾക്കു മാറ്റം വന്നു. എങ്കിലും സത്യാ​രാ​ധ​ന​യി​ലുള്ള അവരുടെ തീക്ഷ്‌ണ​ത​യ്‌ക്ക്‌ ഒരു കുറവും സംഭവി​ച്ചില്ല. അവരെ​ക്കൊണ്ട്‌ സാധി​ക്കു​ന്ന​തെ​ല്ലാം ചെയ്‌തു​കൊണ്ട്‌ അവർ ഇപ്പോ​ഴും യഹോ​വയെ സേവി​ക്കു​ന്നു.

സമാധാ​ന​ത്തി​ന്റെ കാലം എന്നും നിലനിൽക്കി​ല്ല

ആസ രാജാവ്‌ ഉള്ളുരു​കി പ്രാർഥി​ച്ച​പ്പോൾ, യഹോവ യഹൂദ​യ്‌ക്കു ശക്തമായ ഒരു ശത്രു​സൈ​ന്യ​ത്തി​നു മേൽ വിജയം നൽകി (14-15 ഖണ്ഡികകൾ കാണുക)

14-15. ആസയെ സഹായി​ക്കാൻ യഹോവ എങ്ങനെ​യാ​ണു തന്റെ ശക്തി ഉപയോ​ഗി​ച്ചത്‌?

14 ആസയുടെ കാലത്ത്‌ സ്വസ്ഥത​യു​ടെ കാലം എന്നും അങ്ങനെ​തന്നെ തുടർന്നോ? ഇല്ല. എത്യോ​പ്യ​യിൽനിന്ന്‌ 10 ലക്ഷം സൈനി​കർ അടങ്ങുന്ന ഒരു വലിയ സൈന്യം യഹൂദ​യ്‌ക്കു നേരെ വന്നു. അതിന്റെ സൈന്യാ​ധി​പ​നായ സേരഹിന്‌ യഹൂദയെ തോൽപ്പി​ക്കാൻ കഴിയു​മെന്ന്‌ ഉറപ്പാ​യി​രു​ന്നു. എന്നാൽ ആസ രാജാവ്‌ യഹോ​വ​യിൽ ആശ്രയി​ച്ചു. അദ്ദേഹം ഇങ്ങനെ പ്രാർഥി​ച്ചു: “ഞങ്ങളുടെ ദൈവ​മായ യഹോവേ, ഞങ്ങളെ സഹായി​ക്കേ​ണമേ. ഞങ്ങൾ അങ്ങയിൽ ആശ്രയി​ക്കു​ന്നു. അങ്ങയുടെ നാമത്തി​ലാ​ണു ഞങ്ങൾ ഈ സൈന്യ​ത്തി​നു നേരെ വന്നിരി​ക്കു​ന്നത്‌.”​—2 ദിന. 14:11.

15 ആസയുടെ സൈന്യ​ത്തി​ന്റെ ഏകദേശം ഇരട്ടി​യോ​ളം വരുമാ​യി​രു​ന്നു എത്യോ​പ്യൻ സൈന്യം. പക്ഷേ യഹോവ അതി​നെ​ക്കാ​ളെ​ല്ലാം ശക്തനാ​ണെ​ന്നും തന്റെ ജനത്തി​നു​വേണ്ടി പ്രവർത്തി​ക്കാൻ യഹോ​വ​യ്‌ക്കു കഴിയു​മെ​ന്നും ആസ തിരി​ച്ച​റി​ഞ്ഞു. യഹോ​വ​യി​ലുള്ള ആസയുടെ വിശ്വാ​സം അസ്ഥാന​ത്താ​യില്ല. ആസയുടെ സൈന്യം എത്യോ​പ്യ​ക്കാ​രെ തോൽപ്പി​ക്കാൻ യഹോവ ഇടയാക്കി.​—2 ദിന. 14:8-13.

16. സമാധാ​ന​ത്തി​ന്റെ കാലം എക്കാല​വും തുടരി​ല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം?

16 ഭാവി​യിൽ ദൈവ​ജ​ന​ത്തിൽപ്പെട്ട ഓരോ വ്യക്തി​ക്കും എന്തു സംഭവി​ക്കു​മെന്നു കൃത്യ​മാ​യി പറയാ​നാ​കില്ല. എങ്കിലും യഹോ​വ​യു​ടെ ജനം ഇപ്പോൾ സമാധാ​ന​കാ​ലം ആസ്വദി​ക്കു​ന്നു​ണ്ടെ​ങ്കിൽത്തന്നെ അത്‌ എക്കാല​വും തുടരി​ല്ലെന്നു നമുക്ക്‌ അറിയാം. സത്യത്തിൽ, അവസാ​ന​കാ​ലത്ത്‌ തന്റെ ശിഷ്യ​ന്മാ​രെ ‘എല്ലാ ജനതക​ളും വെറു​ക്കും’ എന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (മത്താ. 24:9) അതു​പോ​ലെ, “വാസ്‌ത​വ​ത്തിൽ, ക്രിസ്‌തു​യേ​ശു​വി​നോ​ടുള്ള യോജി​പ്പിൽ ദൈവ​ഭ​ക്തി​യോ​ടെ ജീവി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവർക്കും ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രും” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സും പറഞ്ഞു. (2 തിമൊ. 3:12) സാത്താൻ ഉഗ്ര​കോ​പ​ത്തി​ലാണ്‌. അവന്റെ ഉഗ്ര​കോ​പ​ത്തിൽനിന്ന്‌ എങ്ങനെ​യെ​ങ്കി​ലു​മൊ​ക്കെ മറഞ്ഞി​രി​ക്കാൻ നമുക്കു കഴിയും എന്നു ചിന്തി​ച്ചാൽ അതു മണ്ടത്തര​മാ​യി​രി​ക്കും.​—വെളി. 12:12.

17. നമ്മുടെ വിശ്വാ​സം ഏതെല്ലാം വിധങ്ങ​ളിൽ പരി​ശോ​ധി​ക്ക​പ്പെ​ട്ടേ​ക്കാം?

17 പെട്ടെ​ന്നു​തന്നെ നമ്മൾ എല്ലാവ​രും വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​നകൾ നേരി​ടേ​ണ്ടി​വ​രും. “ലോകാ​രം​ഭം​മു​തൽ ഇന്നുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തും പിന്നെ ഒരിക്ക​ലും സംഭവി​ക്കി​ല്ലാ​ത്ത​തും ആയ മഹാകഷ്ടത” ഉണ്ടാകാൻപോ​കു​ക​യാണ്‌. (മത്താ. 24:21) ആ സമയത്ത്‌ കുടും​ബാം​ഗ​ങ്ങൾപോ​ലും നമുക്ക്‌ എതിരെ തിരി​ഞ്ഞേ​ക്കാം, നമ്മുടെ പ്രവർത്ത​ന​ത്തി​നു നിരോ​ധ​ന​വും വന്നേക്കാം. (മത്താ. 10:35, 36) അപ്പോൾ നമ്മൾ ഓരോ​രു​ത്ത​രും ആസയെ​പ്പോ​ലെ സഹായ​ത്തി​നും സംരക്ഷ​ണ​ത്തി​നും ആയി യഹോ​വ​യി​ലേക്കു തിരി​യു​മോ?

18. എബ്രായർ 10:38, 39 അനുസ​രിച്ച്‌ ഭാവി​സം​ഭ​വ​ങ്ങൾക്കാ​യി നമുക്ക്‌ എങ്ങനെ ഒരുങ്ങാം?

18 ഭാവി​യിൽ നടക്കാ​നി​രി​ക്കുന്ന കാര്യങ്ങൾ നേരി​ടാൻ യഹോവ ഇന്നു നമ്മളെ ആത്മീയ​മാ​യി ശക്തരാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതിനു​വേണ്ടി യഹോവ ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ’ ഉപയോ​ഗി​ച്ചു​കൊണ്ട്‌ നമുക്കു പോഷ​ക​പ്ര​ദ​മായ ആത്മീയാ​ഹാ​രം ‘തക്കസമ​യത്ത്‌’ തരുന്നു. (മത്താ. 24:45) എന്നാൽ നമ്മൾ ചെയ്യാ​നു​ള്ളതു നമ്മൾതന്നെ ചെയ്യണം, യഹോ​വ​യിൽ ഇളകാത്ത വിശ്വാ​സം വളർത്തി​യെ​ടു​ക്കണം.​—എബ്രായർ 10:38, 39 വായി​ക്കുക.

19-20. 1 ദിനവൃ​ത്താ​ന്തം 28:9 മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കണം, എന്തു​കൊ​ണ്ടാണ്‌ ആ ചോദ്യ​ങ്ങൾ ചോദി​ക്കേ​ണ്ടത്‌?

19 ആസ രാജാ​വി​നെ​പ്പോ​ലെ, നമ്മൾ യഹോ​വയെ ‘അന്വേ​ഷി​ക്കണം.’ (2 ദിന. 14:4; 15:1, 2) യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്യു​മ്പോ​ഴാണ്‌ നമ്മൾ യഹോ​വയെ അന്വേ​ഷിച്ച്‌ തുടങ്ങു​ന്നത്‌. അതിനു ശേഷവും യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം ശക്തമാ​ക്കാൻ കഴിയു​ന്ന​തെ​ല്ലാം നമ്മൾ ചെയ്യും. നമ്മൾ അങ്ങനെ ചെയ്യു​ന്നു​ണ്ടോ എന്ന്‌ അറിയാൻ സ്വയം ചോദി​ക്കുക, ‘ഞാൻ ക്രമമാ​യി സഭാ​യോ​ഗ​ങ്ങൾക്കു പോകു​ന്നു​ണ്ടോ?’ യഹോ​വ​യു​ടെ സംഘടന ക്രമീ​ക​രി​ച്ചി​രി​ക്കുന്ന യോഗ​ങ്ങൾക്കു പോകു​മ്പോൾ നമുക്ക്‌ ആത്മീയ​കാ​ര്യ​ങ്ങൾ ചെയ്യാ​നുള്ള ഒരു ഉത്സാഹം ലഭിക്കും, ഒപ്പം നല്ല സഹവാസം ആസ്വദി​ക്കാ​നും കഴിയും. (മത്താ. 11:28) കൂടാതെ, ‘എനിക്കു വ്യക്തി​പ​ര​മാ​യി ബൈബിൾ പഠിക്കുന്ന ഒരു ശീലമു​ണ്ടോ?’ എന്നും നമുക്കു സ്വയം ചോദി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, കുടും​ബ​ത്തോ​ടൊ​പ്പ​മാ​ണു നിങ്ങ​ളെ​ങ്കിൽ എല്ലാ ആഴ്‌ച​യും കുടും​ബാ​രാ​ധ​ന​യ്‌ക്ക്‌ ഒരു സമയം മാറ്റി​വെ​ച്ചി​ട്ടു​ണ്ടോ? നിങ്ങൾ ഒറ്റയ്‌ക്കാ​ണു താമസി​ക്കു​ന്ന​തെ​ങ്കി​ലും അങ്ങനെ ഒരു സമയം ക്രമീ​ക​രി​ച്ചി​ട്ടു​ണ്ടോ? ഇനി, പ്രസംഗ-ശിഷ്യ​രാ​ക്കൽ വേലയിൽ കഴിയു​ന്നത്ര നിങ്ങൾ ഉൾപ്പെ​ടു​ന്നു​ണ്ടോ?

20 ഈ ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? നമ്മുടെ ചിന്തകൾ സഹിതം നമ്മുടെ ഹൃദയ​ത്തി​ലു​ള്ള​തെ​ല്ലാം യഹോവ പരി​ശോ​ധി​ക്കു​ന്നെന്നു ബൈബിൾ പറയു​ന്നുണ്ട്‌. അതു​കൊണ്ട്‌ നമ്മളും അതുതന്നെ ചെയ്യണം. (1 ദിനവൃ​ത്താ​ന്തം 28:9 വായി​ക്കുക.) അപ്പോൾ നമ്മുടെ ലക്ഷ്യങ്ങ​ളി​ലും മനോ​ഭാ​വ​ത്തി​ലും ചിന്തയി​ലും എന്തെങ്കി​ലും മാറ്റങ്ങൾ വരുത്ത​ണ​മെന്നു മനസ്സി​ലാ​യാൽ, അതിനുള്ള സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കണം. നമ്മളെ കാത്തി​രി​ക്കുന്ന പരി​ശോ​ധ​ന​കൾക്കാ​യി സ്വയം ഒരുങ്ങേണ്ട സമയമാണ്‌ ഇത്‌. അതു​കൊണ്ട്‌ സമാധാ​ന​കാ​ലം ജ്ഞാന​ത്തോ​ടെ ഉപയോ​ഗി​ക്കാൻ സർവ​ശ്ര​മ​വും ചെയ്യുക!

ഗീതം 62 പുതിയ പാട്ട്‌

^ ഖ. 5 യഹോ​വയെ സ്വത​ന്ത്ര​മാ​യി ആരാധി​ക്കാൻ കഴിയുന്ന ഒരു രാജ്യ​ത്താ​ണോ നിങ്ങൾ ജീവി​ക്കു​ന്നത്‌? ആണെങ്കിൽ ഈ സമാധാ​ന​കാ​ലം നിങ്ങൾ എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌? ഇക്കാര്യ​ത്തിൽ യഹൂദ​യി​ലെ രാജാ​വാ​യി​രുന്ന ആസയെ​യും ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​യും നമുക്ക്‌ എങ്ങനെ അനുക​രി​ക്കാ​മെന്ന്‌ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും. വലിയ പ്രശ്‌ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തി​രുന്ന സമയം ജ്ഞാന​ത്തോ​ടെ ഉപയോ​ഗി​ച്ച​വ​രാണ്‌ അവർ.

^ ഖ. 3 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: യുദ്ധങ്ങ​ളി​ല്ലാത്ത അവസ്ഥയെ കുറി​ക്കു​ന്ന​തി​നു​വേണ്ടി മാത്രമല്ല “സമാധാ​നം” എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അതിന്റെ എബ്രായ വാക്കിന്‌ നല്ല ആരോ​ഗ്യ​ത്തെ​യും സുരക്ഷി​ത​ത്വ​ത്തെ​യും സന്തോ​ഷ​ത്തെ​യും കുറി​ക്കാ​നും കഴിയും.

^ ഖ. 57 ചിത്രക്കുറിപ്പ്‌: വ്യാജാ​രാ​ധ​നയെ പിന്തു​ണ​ച്ച​തു​കൊണ്ട്‌, ആസ രാജാവ്‌, തന്റെ മുത്തശ്ശി​യെ രാജ്യ​ത്തു​ണ്ടാ​യി​രുന്ന പ്രമു​ഖ​സ്ഥാ​ന​ത്തു​നിന്ന്‌ നീക്കി. ആസയോ​ടു വിശ്വ​സ്‌ത​രാ​യി​രു​ന്നവർ ആസയുടെ മാതൃക അനുക​രി​ച്ചു​കൊണ്ട്‌ വിഗ്ര​ഹങ്ങൾ നശിപ്പി​ച്ചു.

^ ഖ. 59 ചിത്രക്കുറിപ്പ്‌: പ്രചാ​ര​ക​രു​ടെ ആവശ്യം അധിക​മുള്ള ഒരു സ്ഥലത്ത്‌ സേവി​ക്കാൻ കഴി​യേ​ണ്ട​തി​നു തീക്ഷ്‌ണ​ത​യുള്ള ഒരു ദമ്പതികൾ ജീവിതം ലളിത​മാ​ക്കു​ന്നു.