ഒരു ചിരിയുടെ നേട്ടം
ഫിലിപ്പീൻസിലെ ബാജിയോ നഗരത്തിലെ വാണിജ്യമേഖലയിലൂടെ രണ്ടു യുവതികൾ നടന്നുപോകുകയായിരുന്നു. അവിടെ ഒരു പ്രസിദ്ധീകരണകൈവണ്ടി വെച്ചിരിക്കുന്നത് അവർ കണ്ടു, പക്ഷേ അതിന് അടുത്തേക്ക് അവർ പോയില്ല. കൈവണ്ടിയുടെ അടുത്ത് നിന്നിരുന്ന ഹെലൻ എന്ന സഹോദരി അവരെ നോക്കി നന്നായൊന്ന് ചിരിച്ചു. അവർ മുന്നോട്ടുതന്നെ പോയെങ്കിലും ഹെലന്റെ ചിരി അവരെ ആകർഷിച്ചിരുന്നു.
പിന്നീട്, ആ യുവതികൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുന്ന വഴി, ഒരു രാജ്യഹാളിന്റെ മുന്നിൽ jw.org എന്ന് എഴുതിയ ഒരു വലിയ ബോർഡ് വെച്ചിരിക്കുന്നതു കണ്ടു. ഇതുപോലൊന്നാണല്ലോ തങ്ങൾ ആ കൈവണ്ടിയിലും കണ്ടത് എന്ന് അപ്പോൾ അവർ ഓർത്തു. അവർ ബസ്സിൽനിന്ന് ഇറങ്ങി, എന്നിട്ട് രാജ്യഹാളിന്റെ ഗെയ്റ്റിൽ വ്യത്യസ്തസഭകൾ മീറ്റിങ്ങ് കൂടുന്ന സമയം എഴുതിയിരിക്കുന്നത് അവർ നോക്കി.
തുടർന്ന് ഒരു ദിവസം, അവിടെ നടന്ന ഒരു മീറ്റിങ്ങിന് ആ രണ്ടു യുവതികൾ പോയി. രാജ്യഹാളിലേക്കു ചെന്നപ്പോൾ അവർ ആരെയാണു കണ്ടതെന്നോ? ഹെലനെത്തന്നെ! ആ നല്ല ചിരി സമ്മാനിച്ച ആളെ അവർ പെട്ടെന്നു തിരിച്ചറിഞ്ഞു. ഹെലൻ പറയുന്നു: “അവർ എന്റെ അടുത്തേക്കു വന്നപ്പോൾ, സത്യം പറഞ്ഞാൽ ഞാൻ അൽപ്പം പേടിച്ചു. ഞാൻ അറിയാതെ അവരോട് എന്തെങ്കിലും തെറ്റു ചെയ്തോ എന്നു ഞാൻ ചിന്തിച്ചു.” കാർട്ടിന്റെ അടുത്തുവെച്ച് ഹെലനെ കണ്ട കാര്യം അവർ അപ്പോൾ ഹെലനോടു പറഞ്ഞു.
മീറ്റിങ്ങും സഹോദരങ്ങളുമൊത്തുള്ള സഹവാസവും അവർക്കു വളരെയധികം ഇഷ്ടപ്പെട്ടു. പരിയമില്ലാത്ത ഒരു സ്ഥലത്ത് ചെന്നതുപോലെ അവർക്കു തോന്നിയതേ ഇല്ല. മീറ്റിങ്ങിനു ശേഷം രാജ്യഹാൾ ക്ലീൻ ചെയ്യുന്നതു കണ്ടപ്പോൾ തങ്ങളും കൂടിക്കോട്ടേ എന്ന് അവർ ചോദിച്ചു. അതിൽ ഒരു യുവതി മറ്റൊരു രാജ്യത്തേക്കു പോയെങ്കിലും മറ്റേയാൾ മീറ്റിങ്ങുകൾക്കു വരാനും ബൈബിൾ പഠിക്കാനും തുടങ്ങി. ഇതിന്റെയെല്ലാം തുടക്കമോ? ഒരു നല്ല ചിരി.