പഠനലേഖനം 7
“ജ്ഞാനികളുടെ വാക്കുകൾ . . . കേൾക്കുക”
“ജ്ഞാനികളുടെ വാക്കുകൾ ചെവിയോർത്ത് കേൾക്കുക.”—സുഭാ. 22:17.
ഗീതം 123 ദൈവത്തിന്റെ ക്രമീകരണത്തിനു മനസ്സോടെ കീഴ്പെടാം
ചുരുക്കം *
1. നമുക്ക് എപ്പോഴെല്ലാം ഉപദേശം കിട്ടിയേക്കാം, എന്തുകൊണ്ടാണു നമുക്കെല്ലാം അത് ആവശ്യമായിരിക്കുന്നത്?
നമുക്ക് എല്ലാവർക്കും ഇടയ്ക്കിടയ്ക്ക് ഉപദേശം ആവശ്യമാണ്. ചിലപ്പോൾ നമ്മൾ, ആദരിക്കുന്ന ഒരു വ്യക്തിയുടെ അടുത്തേക്കു ചെന്ന് ഉപദേശം ചോദിച്ചേക്കാം. മറ്റു ചിലപ്പോൾ നമ്മളെക്കുറിച്ച് ചിന്തയുള്ള ഒരു സഹോദരൻ ഇങ്ങോട്ടു വന്ന് ഒരു ഉപദേശം തന്നേക്കാം. നമ്മൾ ഒരു ‘തെറ്റായ ചുവടു’ വെക്കാൻപോകുന്നതു കണ്ടിട്ട്, അതായത് നമുക്കു പിന്നീടു കുറ്റബോധം തോന്നിയേക്കാവുന്ന തരത്തിലുള്ള ഒരു തെറ്റു ചെയ്യാൻപോകുന്നതു കണ്ടിട്ട്, ആയിരിക്കാം അദ്ദേഹം അങ്ങനെ ചെയ്യുന്നത്. (ഗലാ. 6:1) ഇനി, ഗുരുതരമായ ഒരു തെറ്റു ചെയ്തതിനു ശേഷം തിരുത്തലിന്റെ രൂപത്തിലായിരിക്കാം നമുക്ക് ഒരു ഉപദേശം കിട്ടുന്നത്. ഉപദേശം ഏതു രൂപത്തിൽ വന്നാലും നമ്മൾ അതു സ്വീകരിക്കേണ്ടതുണ്ട്. കാരണം അതു നമുക്കു ഗുണം ചെയ്യും. അതിനു നമ്മുടെ ജീവൻ രക്ഷിക്കാനാകും.—സുഭാ. 6:23.
2. സുഭാഷിതങ്ങൾ 12:15-ൽ പറഞ്ഞിരിക്കുന്നതുപോലെ നമ്മൾ ഉപദേശം സ്വീകരിക്കേണ്ടത് എന്തുകൊണ്ട്?
2 നമ്മുടെ ആധാരവാക്യം പറയുന്നതു “ജ്ഞാനികളുടെ വാക്കുകൾ . . . കേൾക്കുക” എന്നാണ്. (സുഭാ. 22:17) എല്ലാം അറിയാവുന്ന ആരുമില്ല. നമ്മളെക്കാൾ അറിവും അനുഭവപരിചയവും ഉള്ള ആരെങ്കിലുമൊക്കെ എപ്പോഴും ഉണ്ടായിരിക്കും. (സുഭാഷിതങ്ങൾ 12:15 വായിക്കുക.) അതുകൊണ്ട് ഉപദേശം കേൾക്കാൻ തയ്യാറാകുന്നതു താഴ്മയുടെ ലക്ഷണമാണ്. നമ്മുടെ കുറവുകൾ നമുക്ക് അറിയാമെന്നാണ് അതു കാണിക്കുന്നത്. ഉപദേശം സ്വീകരിക്കുന്നതിലൂടെ ലക്ഷ്യത്തിലെത്താൻ സഹായം വേണമെന്നു നമ്മൾ സമ്മതിക്കുകയാണ്. ജ്ഞാനിയായ ശലോമോൻ രാജാവ് ദൈവപ്രചോദിതനായി ഇങ്ങനെ എഴുതി: “അനേകം ഉപദേശകരുണ്ടെങ്കിൽ വിജയം നേടാം.”—സുഭാ. 15:22.
3. ഏതെല്ലാം രീതികളിൽ നമുക്ക് ഉപദേശം ലഭിച്ചേക്കാം?
3 ഉപദേശങ്ങൾ നമുക്കു രണ്ടു രീതിയിൽ കിട്ടാം, നേരിട്ടും അല്ലാതെയും. ഒരു മൂപ്പനോ അനുഭവപരിചയമുള്ള മറ്റാരെങ്കിലുമോ നമ്മൾ മാറ്റം വരുത്തേണ്ട ഒരു കാര്യത്തെക്കുറിച്ച് നമ്മളോടു പറഞ്ഞേക്കാം. അതാണു നേരിട്ടുള്ള ഉപദേശം. നമ്മളോടു സ്നേഹമുള്ളതുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. ദൈവവചനത്തിൽനിന്ന് തരുന്ന അത്തരം ഉപദേശം സ്വീകരിക്കുക, അതനുസരിച്ച് വേണ്ട മാറ്റം വരുത്തുക. അങ്ങനെ അതു കിട്ടിയതിൽ നന്ദിയുള്ളവരാണെന്നു നമുക്കു കാണിക്കാം. ഇനി രണ്ടാമത്തെ രീതി നോക്കാം. ബൈബിളോ നമ്മുടെ ഏതെങ്കിലും പ്രസിദ്ധീകരണമോ വായിക്കുമ്പോൾ നമ്മുടെ പ്രവർത്തനത്തെക്കുറിച്ച് ഒന്നു ചിന്തിക്കാനും എന്തു മാറ്റം വരുത്തണമെന്നു തിരിച്ചറിയാനും സഹായിക്കുന്ന എന്തെങ്കിലും നമ്മൾ കണ്ടേക്കാം. (എബ്രാ. 4:12) അതാണു നേരിട്ടുള്ളതല്ലാത്ത ഉപദേശം.
4. സഭാപ്രസംഗകൻ 7:9 അനുസരിച്ച് ഉപദേശം കിട്ടുമ്പോൾ നമ്മൾ എന്ത് ഒഴിവാക്കണം?
4 പലപ്പോഴും നേരിട്ടുള്ള ഉപദേശം സ്വീകരിക്കാൻ നമുക്കു കൂടുതൽ ബുദ്ധിമുട്ടു തോന്നിയേക്കാം. ചിലപ്പോൾ നമുക്കു നീരസംപോലും തോന്നാം. നമ്മൾ അപൂർണരാണെന്നൊക്കെ സമ്മതിക്കുമെങ്കിലും ആരെങ്കിലും ഒരു തെറ്റു ചൂണ്ടിക്കാണിച്ച് ഉപദേശം തരുമ്പോൾ അതു സ്വീകരിക്കാൻ അത്ര എളുപ്പമല്ല. (സഭാപ്രസംഗകൻ 7:9 വായിക്കുക.) ന്യായീകരിക്കാനായിരിക്കാം ഉടനെ നമ്മുടെ ശ്രമം. അതു തന്ന ആളിന്റെ ഉദ്ദേശ്യശുദ്ധിയെ നമ്മൾ സംശയിച്ചേക്കാം. അല്ലെങ്കിൽ തന്ന രീതി ശരിയല്ലെന്നു പറഞ്ഞേക്കാം. ‘അയാൾ ആരാ എന്നെ ഉപദേശിക്കാൻ? അയാൾ പലതും ശരിയായിട്ടല്ലല്ലോ ചെയ്യുന്നേ’ എന്നൊക്കെ പറഞ്ഞ്, ഉപദേശം തന്ന വ്യക്തിയുടെ കുറ്റം കണ്ടുപിടിക്കാനും ഇടയുണ്ട്. കിട്ടിയ ഉപദേശം ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് അവഗണിച്ചുകളയാനോ നമ്മൾ ആഗ്രഹിക്കുന്ന ഉപദേശം തേടിപ്പോകാനോ സാധ്യതയുണ്ട്.
5. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
5 ഈ ലേഖനത്തിൽ, ഉപദേശം സ്വീകരിച്ചവരെയും അതു തള്ളിക്കളഞ്ഞവരെയും കുറിച്ചുള്ള ചില തിരുവെഴുത്ത് ഉദാഹരണങ്ങൾ നമ്മൾ ചർച്ച ചെയ്യും. കൂടാതെ, ഉപദേശം സ്വീകരിക്കാൻ നമ്മളെ എന്തു സഹായിക്കും, അതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും എന്നും നമ്മൾ പഠിക്കും.
അവർ ഉപദേശം സ്വീകരിച്ചില്ല
6. രഹബെയാം രാജാവ് തനിക്കു കിട്ടിയ ഉപദേശത്തോടു പ്രതികരിച്ചതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
6 രഹബെയാമിന്റെ ഉദാഹരണം നോക്കാം. രഹബെയാം രാജാവായപ്പോൾ ജനം ഒരു അപേക്ഷയുമായി അദ്ദേഹത്തിന്റെ അടുത്ത് എത്തി. അദ്ദേഹത്തിന്റെ അപ്പനായ ശലോമോൻ അവരുടെ മേൽ വെച്ച ഭാരം ഒന്നു കുറച്ചു കൊടുക്കാമോ എന്ന് അവർ ചോദിച്ചു. ജനത്തിന് എന്തു മറുപടി കൊടുക്കണമെന്ന് അറിയാൻ രഹബെയാം ഇസ്രായേലിലെ പ്രായമുള്ള പുരുഷന്മാരുമായി കൂടിയാലോചിച്ചു. അതൊരു നല്ല കാര്യമായിരുന്നു. ജനം ആവശ്യപ്പെട്ടതു ചെയ്തുകൊടുക്കുകയാണെങ്കിൽ അവർ എന്നും രാജാവിന്റെ ദാസന്മാരായിരിക്കുമെന്ന് ആ പുരുഷന്മാർ പറഞ്ഞു. (1 രാജാ. 12:3-7) പക്ഷേ ആ ഉപദേശം രഹബെയാമിന് അത്ര ഇഷ്ടപ്പെട്ടില്ലെന്നുവേണം കരുതാൻ. അതുകൊണ്ട് അദ്ദേഹം, തന്റെ പ്രായത്തിലുള്ള ചില കൂട്ടുകാരുമായി കൂടിയാലോചിച്ചു. സാധ്യതയനുസരിച്ച് 40 വയസ്സോളം പ്രായമുണ്ടായിരുന്ന അവർ കുറച്ചൊക്കെ അനുഭവപരിചയമുള്ളവരായിരുന്നു. (2 ദിന. 12:13) അവർ മുമ്പ് പല നല്ല ഉപദേശങ്ങളും കൊടുത്തിട്ടുമുണ്ടാകും. പക്ഷേ ഇത്തവണ അവർ കൊടുത്ത ഉപദേശം നല്ലതല്ലായിരുന്നു. ജനത്തിന്റെ മേലുള്ള ഭാരം ഒന്നുകൂടെ കൂട്ടാനാണ് അവർ പറഞ്ഞത്. (1 രാജാ. 12:8-11) ഇങ്ങനെ രണ്ട് ഉപദേശം കിട്ടിയപ്പോൾ ഏതു സ്വീകരിക്കണമെന്ന് അറിയാൻ അദ്ദേഹത്തിനു പ്രാർഥനയിൽ യഹോവയോടു ചോദിക്കാമായിരുന്നു. പക്ഷേ അതിനു പകരം തനിക്ക് ഇഷ്ടപ്പെട്ട, ആ പ്രായം കുറഞ്ഞവരുടെ ഉപദേശം സ്വീകരിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ആ തീരുമാനം അദ്ദേഹത്തെയും ജനത്തെയും കഷ്ടത്തിലാക്കി. നമ്മുടെ കാര്യത്തിലും അങ്ങനെ സംഭവിക്കാം. നമ്മൾ ആഗ്രഹിക്കുന്ന ഉപദേശം എപ്പോഴും കിട്ടണമെന്നില്ല. എന്നാൽ അതു ദൈവവചനത്തിൽനിന്നുള്ളതാണെങ്കിൽ നമ്മൾ അതു സ്വീകരിക്കണം.
7. ഉസ്സീയ രാജാവിന്റെ ജീവിതത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
7 ഉസ്സീയ രാജാവ് ഉപദേശം തള്ളിക്കളഞ്ഞു. അദ്ദേഹം യഹോവയുടെ ആലയത്തിൽ പുരോഹിതന്മാർക്കു മാത്രം പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്ന സ്ഥലത്ത് ചെന്ന് സുഗന്ധക്കൂട്ട് അർപ്പിക്കാൻ ശ്രമിച്ചു. യഹോവയുടെ പുരോഹിതന്മാർ അദ്ദേഹത്തോടു പറഞ്ഞു: “ഉസ്സീയ രാജാവേ, അങ്ങ് യഹോവയ്ക്കു സുഗന്ധക്കൂട്ട് അർപ്പിക്കരുത്, അതു ശരിയല്ല. പുരോഹിതന്മാർ മാത്രമേ അതു ചെയ്യാവൂ.” ഉസ്സീയ അപ്പോൾ എന്തു ചെയ്തു? താഴ്മയോടെ ആ ഉപദേശം സ്വീകരിക്കുകയും പെട്ടെന്നുതന്നെ അവിടെനിന്ന് പോകുകയും ചെയ്തിരുന്നെങ്കിൽ യഹോവ ഒരുപക്ഷേ അദ്ദേഹത്തോടു ക്ഷമിച്ചേനേ. പക്ഷേ ‘ഉസ്സീയ കോപംകൊണ്ട് വിറയ്ക്കുകയാണു ചെയ്തത്.’ എന്തുകൊണ്ടാണ് അദ്ദേഹം ആ ഉപദേശം തള്ളിക്കളഞ്ഞത്? രാജാവായതുകൊണ്ട് ഇഷ്ടമുള്ള എന്തും ചെയ്യാൻ തനിക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ചിന്തിച്ചുകാണും. എന്നാൽ യഹോവ അതിനെ അങ്ങനെയല്ല കണ്ടത്. ഉസ്സീയ ഇത്തരത്തിൽ ധിക്കാരം കാണിച്ചതുകൊണ്ട് അദ്ദേഹത്തിനു കുഷ്ഠം പിടിപെട്ടു, ‘മരണംവരെ ഒരു കുഷ്ഠരോഗിയായി’ കഴിയേണ്ടിയുംവന്നു. (2 ദിന. 26:16-21) ഉസ്സീയ രാജാവിന്റെ ജീവിതത്തിൽനിന്ന് നമുക്ക് ഒരു കാര്യം പഠിക്കാം: നമ്മൾ എത്ര വലിയ ആളാണെന്നു പറഞ്ഞാലും ബൈബിളിൽനിന്നുള്ള ഉപദേശം തള്ളിക്കളഞ്ഞാൽ നമുക്ക് യഹോവയുടെ അംഗീകാരം നഷ്ടമാകും.
അവർ ഉപദേശം സ്വീകരിച്ചു
8. ഉപദേശം കിട്ടിയപ്പോൾ ഇയ്യോബ് എങ്ങനെയാണു പ്രതികരിച്ചത്?
8 ഉപദേശം തള്ളിക്കളയുകയും അതിന്റെ മോശം ഫലം അനുഭവിക്കുകയും ചെയ്ത ചിലരെക്കുറിച്ചാണു നമ്മൾ ഇതുവരെ കണ്ടത്. എന്നാൽ ഉപദേശം സ്വീകരിച്ചതുകൊണ്ട് യഹോവയുടെ അനുഗ്രഹം നേടിയ ചിലരുടെ നല്ല മാതൃകകളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. അത്തരത്തിലുള്ള ഒരാളായിരുന്നു ഇയ്യോബ്. ദൈവഭയമുള്ള വ്യക്തിയായിരുന്നെങ്കിലും അദ്ദേഹത്തിനും കുറവുകളൊക്കെയുണ്ടായിരുന്നു. കടുത്ത മാനസികസമ്മർദമുണ്ടായപ്പോൾ അദ്ദേഹം തെറ്റായ രീതിയിൽ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തു. ആ സമയത്ത് ഇയ്യോബിന് എലീഹുവിൽനിന്നും യഹോവയിൽനിന്നും നേരിട്ട് ഉപദേശം കിട്ടി. അദ്ദേഹം എങ്ങനെയാണു പ്രതികരിച്ചത്? താഴ്മയോടെ ആ ഉപദേശം സ്വീകരിച്ചു. അദ്ദേഹം പറഞ്ഞു: “എനിക്ക് അറിയില്ലാത്ത കാര്യങ്ങളെക്കുറിച്ചാണു ഞാൻ സംസാരിച്ചത്. . . . പറഞ്ഞതെല്ലാം ഞാൻ തിരിച്ചെടുക്കുന്നു. ഞാൻ പൊടിയിലും ചാരത്തിലും ഇരുന്ന് പശ്ചാത്തപിക്കുന്നു.” ഇയ്യോബിന് താഴ്മ ഉണ്ടായിരുന്നതുകൊണ്ട് യഹോവ അദ്ദേഹത്തെ അനുഗ്രഹിച്ചു.—ഇയ്യോ. 42:3-6, 12-17.
9. ഉപദേശം സ്വീകരിക്കുന്ന കാര്യത്തിൽ മോശ എങ്ങനെയാണു നല്ലൊരു മാതൃക വെച്ചത്?
9 ഗുരുതരമായ ഒരു തെറ്റു ചെയ്തതിനു തിരുത്തൽ കിട്ടിയപ്പോൾ അതു സ്വീകരിച്ചതിന്റെ നല്ല മാതൃകയാണു മോശ. ഒരു അവസരത്തിൽ വല്ലാതെ ദേഷ്യം വന്നതുകൊണ്ട് അദ്ദേഹം യഹോവയെ മഹത്ത്വപ്പെടുത്താൻ പരാജയപ്പെട്ടു. അതുകൊണ്ട് വാഗ്ദത്തദേശത്ത് കടക്കാനുള്ള വലിയൊരു അവസരമാണു മോശയ്ക്കു നഷ്ടമായത്. (സംഖ്യ 20:1-13) ആ തീരുമാനത്തിൽ നിരാശ തോന്നിയിട്ട് മോശ അതെക്കുറിച്ച് വീണ്ടും യഹോവയോടു ചോദിച്ചപ്പോൾ യഹോവ പറഞ്ഞു: “ഇനി എന്നോട് ഇക്കാര്യം സംസാരിക്കരുത്.” (ആവ. 3:23-27) യഹോവ അങ്ങനെ പറഞ്ഞിട്ടും മോശയ്ക്ക് യഹോവയോടു നീരസം തോന്നിയില്ല. പകരം അദ്ദേഹം യഹോവയുടെ തീരുമാനത്തെ അംഗീകരിച്ചു. അതുകൊണ്ട് ഇസ്രായേലിനെ നയിക്കാൻ യഹോവ അദ്ദേഹത്തെ തുടർന്നും ഉപയോഗിച്ചു. (ആവ. 4:1) ഉപദേശം സ്വീകരിക്കുന്ന കാര്യത്തിൽ നമുക്ക് അനുകരിക്കാനാകുന്ന നല്ല രണ്ടു മാതൃകകളാണ് ഇയ്യോബും മോശയും. തന്റെ തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നതിനു പകരം ഇയ്യോബ് ചിന്തയിൽ മാറ്റങ്ങൾ വരുത്താൻ തയ്യാറായി. ഇനി, മോശ ആണെങ്കിൽ താൻ ഒരുപാട് ആഗ്രഹിച്ച ആ അവസരം നഷ്ടപ്പെട്ടിട്ടും വിശ്വസ്തനായി തുടർന്നുകൊണ്ട് യഹോവയുടെ ഉപദേശം സ്വീകരിച്ചെന്നു തെളിയിച്ചു.
10. (എ) ഉപദേശം സ്വീകരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് സുഭാഷിതങ്ങൾ 4:10-13 വരെയുള്ള വാക്യങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ബി) ഉപദേശം കിട്ടിയപ്പോൾ ചില സഹോദരങ്ങൾ എന്തു ചെയ്തു?
10 ഇയ്യോബിനെയും മോശയെയും പോലുള്ള വിശ്വസ്തരായ ദൈവദാസരുടെ മാതൃക അനുകരിക്കുന്നതു നമുക്കു പ്രയോജനം ചെയ്യും. (സുഭാഷിതങ്ങൾ 4:10-13 വായിക്കുക.) പല സഹോദരങ്ങളും അങ്ങനെ ചെയ്തിട്ടുണ്ട്. കോംഗോയിൽ താമസിക്കുന്ന ഇമ്മാനുവേൽ സഹോദരന്റെ കാര്യം നോക്കാം. തനിക്കു കിട്ടിയ ഒരു മുന്നറിയിപ്പിനെക്കുറിച്ച് അദ്ദേഹം പറയുന്നു: “യഹോവയുമായുള്ള എന്റെ ബന്ധം തകരാൻ പോകുന്നെന്നു കണ്ടിട്ട് സഭയിലെ അനുഭവപരിചയമുള്ള ചില സഹോദരന്മാർ എന്നെ സഹായിക്കാൻ തയ്യാറായി. അവരുടെ ഉപദേശം ഞാൻ അനുസരിച്ചു. അതുകൊണ്ട് പല പ്രശ്നങ്ങളും ഒഴിവാക്കാനായി.” * കാനഡയിലെ ഒരു മുൻനിരസേവികയായ മേഗൻ സഹോദരി തനിക്കു കിട്ടിയ ഉപദേശത്തെക്കുറിച്ച് പറയുന്നത് ഇതാണ്: “ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങളായിരുന്നില്ല പലപ്പോഴും അവർ പറഞ്ഞത്. പക്ഷേ അത് എനിക്ക് ആവശ്യമായിരുന്നു.” ക്രൊയേഷ്യയിൽനിന്നുള്ള മാർക്കോസ് സഹോദരൻ പറയുന്നു: “എന്റെ സേവനപദവി നഷ്ടമായെന്നുള്ളതു ശരിയാണ്. പക്ഷേ യഹോവയുമായി വീണ്ടും നല്ലൊരു ബന്ധത്തിലേക്കുവരാൻ ആ തിരുത്തൽ സഹായിച്ചെന്ന് എനിക്ക് ഉറപ്പുണ്ട്.”
11. തിരുത്തൽ സ്വീകരിക്കുന്നതിനെക്കുറിച്ച് കാൾ ക്ലൈൻ സഹോദരൻ എന്താണു പറയുന്നത്?
11 ഉപദേശം സ്വീകരിച്ചതുകൊണ്ട് പ്രയോജനം നേടിയ മറ്റൊരു സഹോദരനാണു കാൾ ക്ലൈൻ. അദ്ദേഹം ഭരണസംഘത്തിലെ ഒരു അംഗമായി സേവിച്ചിട്ടുണ്ട്. തന്റെ ഒരു അടുത്ത സുഹൃത്തായ റഥർഫോർഡ് സഹോദരൻ തനിക്ക് ശക്തമായൊരു ഉപദേശം തന്നതിനെക്കുറിച്ച് അദ്ദേഹം തന്റെ ജീവിതകഥയിൽ പറയുന്നുണ്ട്. ആ ഉപദേശം സ്വീകരിക്കാൻ ആദ്യം അല്പം ബുദ്ധിമുട്ടായിരുന്നെന്നു ക്ലൈൻ സഹോദരൻ സമ്മതിക്കുന്നു. സഹോദരൻ പറയുന്നു: “അടുത്ത തവണ റഥർഫോർഡ് സഹോദരൻ എന്നെ കണ്ടപ്പോൾ സന്തോഷത്തോടെ, ‘ഹലോ കാൾ’ എന്നു പറഞ്ഞു. പക്ഷേ അപ്പോഴും പിണക്കം മാറാഞ്ഞതുകൊണ്ട് അത്ര താത്പര്യം കാണിക്കാത്ത രീതിയിലാണു ഞാൻ മറുപടി പറഞ്ഞത്. റഥർഫോർഡ് സഹോദരൻ പറഞ്ഞു, ‘കാൾ സൂക്ഷിച്ചോ, പിശാച് നിന്റെ പുറകേയുണ്ട്.’ അപ്പോൾ ഞാൻ നേരിയ ചമ്മലോടെ, ‘എനിക്ക് ഒരു പ്രശ്നവുമില്ല റഥർഫോർഡ് സഹോദരാ’ എന്നു പറഞ്ഞു. പക്ഷേ കാര്യം അറിയാമായിരുന്ന അദ്ദേഹം വീണ്ടും പറഞ്ഞു, ‘കുഴപ്പമില്ല, പക്ഷേ സൂക്ഷിച്ചോ. പിശാച് പുറകേയുണ്ട്.’ അദ്ദേഹം പറഞ്ഞത് എത്ര ശരിയായിരുന്നു! നമ്മളോട് ഒരു കാര്യം പറയാൻ ഉത്തരവാദിത്വമുള്ള ഒരു വ്യക്തി അതു പറഞ്ഞതിന്റെ പേരിൽ നമ്മൾ അദ്ദേഹത്തോടു നീരസം വെച്ചുകൊണ്ടിരുന്നാൽ പിശാചിനു നമ്മൾ അവസരം കൊടുക്കുകയാണ്.” * (എഫെ. 4:25-27) റഥർഫോർഡ് സഹോദരൻ കൊടുത്ത ആ തിരുത്തൽ കാൾ സഹോദരൻ സ്വീകരിച്ചു, അവർ ഉറ്റ സുഹൃത്തുക്കളായി തുടരുകയും ചെയ്തു.
ഉപദേശം സ്വീകരിക്കാൻ നമ്മളെ എന്തു സഹായിക്കും?
12. ഉപദേശം സ്വീകരിക്കാൻ താഴ്മ നമ്മളെ എങ്ങനെ സഹായിക്കും? (സങ്കീ. 141:5)
12 ഉപദേശം സ്വീകരിക്കാൻ നമ്മളെ എന്തു സഹായിക്കും? നമ്മളെല്ലാം എത്ര അപൂർണരാണെന്നും നമുക്കൊക്കെ അബദ്ധങ്ങൾ പറ്റാൻ സാധ്യതയുണ്ടെന്നും ഓർത്തുകൊണ്ട് നമ്മൾ താഴ്മയുള്ളവരായിരിക്കേണ്ടതുണ്ട്. നമ്മൾ ഇയ്യോബിന്റെ കാര്യം കണ്ടല്ലോ. അദ്ദേഹത്തിന്റെ ചിന്തയിലും ഇടയ്ക്കൊക്കെ ചില കുഴപ്പങ്ങളുണ്ടായി. പക്ഷേ പിന്നീട് അദ്ദേഹം തന്റെ ചിന്തയ്ക്കു മാറ്റം വരുത്തി, യഹോവ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. കാരണം ഇയ്യോബ് താഴ്മയുള്ളവനായിരുന്നു. അദ്ദേഹം എലീഹുവിന്റെ ഉപദേശം സ്വീകരിക്കാൻ തയ്യാറായത് അതിന്റെ തെളിവാണ്, അതും എലീഹുവിന് ഇയ്യോബിനെക്കാൾ വളരെ പ്രായം കുറവായിരുന്നിട്ടും. (ഇയ്യോ. 32:6, 7) ഒരു ഉപദേശം കിട്ടുമ്പോൾ, തനിക്ക് ഇപ്പോൾ ഈ ഉപദേശത്തിന്റെ ആവശ്യമില്ലെന്നോ അതു തരുന്ന വ്യക്തിക്കു തന്റെ അത്ര പ്രായമോ അനുഭവപരിചയമോ ഇല്ലെന്നോ ഒക്കെ ചിലപ്പോൾ നമുക്കു തോന്നിയേക്കാം. അങ്ങനെ തോന്നുമ്പോൾപ്പോലും ആ ഉപദേശം സ്വീകരിക്കാൻ താഴ്മ സഹായിക്കും. കാനഡയിൽനിന്നുള്ള ഒരു മൂപ്പൻ പറയുന്നു: “നമ്മുടെ കുറവുകൾ നമ്മളെക്കാൾ നന്നായി മറ്റുള്ളവർക്കാണല്ലോ കാണാനാകുന്നത്. അവർ അതു പറഞ്ഞുതന്നില്ലെങ്കിൽ നമ്മൾ എങ്ങനെ മാറ്റം വരുത്തും?” ആളുകളെ സന്തോഷവാർത്ത അറിയിക്കുകയും പഠിപ്പിക്കുകയും അതുപോലെ ദൈവാത്മാവിന്റെ ഗുണം വളർത്തിയെടുക്കുകയും ഒക്കെ ചെയ്യുന്ന കാര്യത്തിൽ പുരോഗമിക്കേണ്ട ആവശ്യമില്ലാത്ത ആരാണുള്ളത്?—സങ്കീർത്തനം 141:5 വായിക്കുക.
13. നമുക്കു കിട്ടുന്ന ഉപദേശത്തെ നമ്മൾ എങ്ങനെ കാണണം?
13 ഉപദേശത്തെ ദൈവസ്നേഹത്തിന്റെ തെളിവായി കാണുക. നമുക്ക് ഏറ്റവും നല്ലതു വരാനാണ് യഹോവ ആഗ്രഹിക്കുന്നത്. (സുഭാ. 4:20-22) ബൈബിളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും അനുഭവപരിചയമുള്ള സഹോദരങ്ങളിലൂടെയും നമുക്ക് ഉപദേശങ്ങൾ തരുമ്പോൾ യഹോവ നമ്മളെ സ്നേഹിക്കുന്നെന്നു കാണിക്കുകയാണ്. ‘നമുക്കു നല്ലതു വരാനാണ്’ ദൈവം അങ്ങനെ ചെയ്യുന്നതെന്ന് എബ്രായർ 12:9, 10 പറയുന്നു.
14. ഉപദേശം കിട്ടുമ്പോൾ നമ്മൾ ഏതു കാര്യത്തിലാണു ശ്രദ്ധിക്കേണ്ടത്?
14 പറയുന്ന കാര്യത്തിൽ ശ്രദ്ധിക്കുക, പറഞ്ഞ വിധത്തിലല്ല. ആരെങ്കിലും നമുക്ക് ഒരു ഉപദേശം തരുമ്പോൾ അതു തന്ന രീതി ശരിയായില്ല എന്നു ചിലപ്പോൾ നമുക്കു തോന്നിയേക്കാം. ഒരു ഉപദേശം കൊടുക്കുമ്പോൾ ആ വ്യക്തിക്ക് അതു സ്വീകരിക്കാൻ ബുദ്ധിമുട്ടില്ലാത്ത രീതിയിൽ അതു കൊടുക്കണമെന്നതു ശരിയാണ്. * (ഗലാ. 6:1) എന്നാൽ നമുക്ക് ഒരു ഉപദേശം കിട്ടുമ്പോൾ പറയുന്ന കാര്യത്തിലാണു നമ്മൾ ശ്രദ്ധിക്കേണ്ടത്, അതു പറഞ്ഞ രീതി അത്ര ശരിയായില്ലെന്നു തോന്നിയാൽപ്പോലും. നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാൻ കഴിയും: ‘ഉപദേശം തന്ന വിധം എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ആ പറഞ്ഞതിൽ അല്പം കാര്യമില്ലേ? ഉപദേശം തന്ന വ്യക്തിയുടെ കുറവുകളെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം ആ ഉപദേശത്തിൽനിന്ന് എനിക്ക് എന്തു പഠിക്കാം എന്നു ചിന്തിച്ചുകൂടേ?’ നമുക്കു കിട്ടുന്ന ഓരോ ഉപദേശത്തിൽനിന്നും എങ്ങനെ പ്രയോജനം നേടാമെന്നു ചിന്തിക്കുന്നതു ജ്ഞാനമായിരിക്കും.—സുഭാ. 15:31.
ഉപദേശം ചോദിക്കുക, അനുഗ്രഹങ്ങൾ നേടുക
15. ഉപദേശം ചോദിച്ചുവാങ്ങേണ്ടത് എന്തുകൊണ്ട്?
15 ഉപദേശം ചോദിച്ചുവാങ്ങാൻ ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. “ഉപദേശം തേടുന്നവർക്കു ജ്ഞാനമുണ്ട്” എന്നാണു സുഭാഷിതങ്ങൾ 13:10 പറയുന്നത്. അത് എത്ര ശരിയാണ്, അല്ലേ? പലപ്പോഴും, ഉപദേശം ചോദിക്കാൻ മടിക്കുകയോ ആരെങ്കിലും ഇങ്ങോട്ടു വന്ന് ഉപദേശം തരട്ടെ എന്നു വിചാരിക്കുകയോ ചെയ്യുന്നവരെക്കാൾ ആത്മീയപുരോഗതി വരുത്തുന്നത് ഉപദേശം ചോദിച്ചുവാങ്ങുന്നവരാണ്. അതുകൊണ്ട് ഉപദേശം ചോദിച്ചുവാങ്ങുന്നവരായിരിക്കുക.
16. ഏതൊക്കെ സാഹചര്യത്തിൽ നമുക്കു മറ്റുള്ളവരോട് ഉപദേശം ചോദിക്കാം?
16 ഏതെല്ലാം കാര്യങ്ങളിൽ നമുക്കു സഹവിശ്വാസികളോട് ഉപദേശം ചോദിക്കാം? ചില സാഹചര്യങ്ങൾ നോക്കാം. (1) ഒരു സഹോദരി തന്റെകൂടെ ബൈബിൾപഠനത്തിനു വരാൻ അനുഭവപരിചയമുള്ള ഒരു സഹോദരിയെ ക്ഷണിക്കുന്നു. എന്നിട്ട് ബൈബിൾപഠനം നടത്തുന്ന കാര്യത്തിൽ താൻ എവിടെയൊക്കെയാണു പുരോഗതി വരുത്തേണ്ടതെന്ന് ആ സഹോദരിയോടു ചോദിക്കുന്നു. (2) ചെറുപ്പക്കാരിയായ ഒരു സഹോദരി പുതിയ ഡ്രസ്സ് വാങ്ങുന്നതിനു മുമ്പ് പക്വതയുള്ള ഒരു സഹോദരിയോട് അതെക്കുറിച്ച് അഭിപ്രായം ചോദിച്ചേക്കാം. (3) ഒരു സഹോദരന് ആദ്യമായി പൊതുപ്രസംഗം നടത്താനുള്ള നിയമനം കിട്ടുന്നു. നല്ല പ്രസംഗങ്ങളൊക്കെ നടത്തി പരിചയമുള്ള ഒരു സഹോദരനോട്, താൻ പ്രസംഗം നടത്തുമ്പോൾ നന്നായി ശ്രദ്ധിച്ചിട്ട് പുരോഗമിക്കേണ്ട വശങ്ങൾ പറഞ്ഞുതരാമോ എന്നു ചോദിക്കാം. വർഷങ്ങളായി പ്രസംഗങ്ങൾ നടത്തുന്ന സഹോദരനുപോലും അനുഭവപരിചയമുള്ള മറ്റു പ്രസംഗകരോട് അഭിപ്രായം ചോദിക്കുകയും വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്യാം.
17. ഉപദേശത്തിൽനിന്ന് പ്രയോജനം നേടാൻ നമ്മൾ എന്തു ചെയ്യണം?
17 ഇനിവരുന്ന ആഴ്ചകളിലോ മാസങ്ങളിലോ നമുക്കെല്ലാം ഉപദേശങ്ങൾ കിട്ടും. അതു ചിലപ്പോൾ നേരിട്ടുള്ളതാകാം, അല്ലാത്തതുമാകാം. അങ്ങനെയൊരു ഉപദേശം കിട്ടുമ്പോൾ ഇപ്പോൾ പഠിച്ച കാര്യങ്ങളൊക്കെ ഓർക്കുക. താഴ്മയുള്ളവരായിരിക്കുക. ഉപദേശം തന്ന രീതിയിലല്ല, പറഞ്ഞ കാര്യത്തിൽ ശ്രദ്ധിക്കുക. വേണ്ട മാറ്റങ്ങൾ വരുത്തുക. ജ്ഞാനികളായിട്ടല്ല നമ്മൾ ആരും ജനിക്കുന്നത്. പക്ഷേ നമ്മൾ ‘ഉപദേശം ശ്രദ്ധിച്ച് ശിക്ഷണം സ്വീകരിച്ചാൽ ജ്ഞാനികളായിത്തീരുമെന്ന്’ ബൈബിൾ ഉറപ്പുതരുന്നു.—സുഭാ. 19:20.
ഗീതം 124 എന്നും വിശ്വസ്തൻ
^ ബൈബിളിൽനിന്നുള്ള ഉപദേശങ്ങൾ സ്വീകരിക്കുന്നതു പ്രധാനമാണെന്ന് യഹോവയുടെ ജനത്തിന് അറിയാം. പക്ഷേ എപ്പോഴും അത് അത്ര എളുപ്പമല്ല. അത് എന്തുകൊണ്ടാണ്? ഉപദേശങ്ങൾ കിട്ടുമ്പോൾ അതു സ്വീകരിക്കാൻ നമ്മളെ എന്തു സഹായിക്കും?
^ ചില പേരുകൾക്കു മാറ്റമുണ്ട്.
^ 1984 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) പേജ് 21-28 കാണുക.
^ എങ്ങനെ ഏറ്റവും നല്ല രീതിയിൽ ഉപദേശം നൽകാമെന്ന് അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കും.