ജീവിതകഥ
മരുന്നിനെക്കാൾ മൂല്യമുള്ള ഒന്നു ഞാൻ കണ്ടെത്തി
“നിങ്ങൾ ഇപ്പോൾ പറഞ്ഞ കാര്യം കുട്ടിക്കാലംമുതലുള്ള എന്റെ സ്വപ്നമാണ്!” എന്നു ഞാൻ വളരെ ആവേശത്തോടെ അവരോടു പറഞ്ഞു. എന്നെ കാണാൻവന്ന രണ്ടു രോഗികളായിരുന്നു അവർ. 1971-ലാണ് ഈ സംഭവം. ഡോക്ടറായതിനു ശേഷം ഞാൻ സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ആരായിരുന്നു ആ രോഗികൾ? എന്തായിരുന്നു എന്റെ ആ സ്വപ്നം? അവരുമായുള്ള ആ സംഭാഷണം എന്റെ ജീവിതലക്ഷ്യങ്ങളെ മാറ്റിമറിച്ചത് എങ്ങനെയാണെന്നും എന്റെ ബാല്യകാലസ്വപ്നം സത്യമാകുമെന്നു വിശ്വസിക്കാനുള്ള കാരണം എന്താണെന്നും ഞാൻ പറയാം.
1941-ലാണു ഞാൻ ജനിച്ചത്, ഫ്രാൻസിലെ പാരീസിലുള്ള ഒരു സാധാരണ കുടുംബത്തിൽ. പഠിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. എന്നാൽ പത്താമത്തെ വയസ്സിൽ എനിക്കു ക്ഷയരോഗം പിടിപെട്ടതുകൊണ്ട് സ്കൂളിൽ പോകാൻ പറ്റാതെവന്നു. അത് എനിക്കു വലിയ സങ്കടമായി. എന്റെ ശ്വാസകോശം ശരിയായി പ്രവർത്തിക്കാത്തതുകൊണ്ട് ഓടിച്ചാടി നടക്കാതെ കട്ടിലിൽത്തന്നെ കിടക്കാൻ ഡോക്ടർമാർ പറഞ്ഞു. അതുകൊണ്ട് മാസങ്ങളോളം ഞാൻ കിടക്കയിൽത്തന്നെയായിരുന്നു. ആ സമയത്ത് ഒരു ഡിക്ഷണറി വായിച്ചും റേഡിയോയിൽക്കൂടി വരുന്ന പാരീസ് യൂണിവേഴ്സിറ്റിയുടെ ഒരു വിദ്യാഭ്യാസപരിപാടി കേട്ടും ഒക്കെയാണു ഞാൻ സമയം തള്ളിനീക്കിയത്. ‘അസുഖം മാറി, ഇനി സ്കൂളിൽ പോകാം’ എന്നു ഡോക്ടർ പറഞ്ഞപ്പോൾ എനിക്ക് എത്ര സന്തോഷമായെന്നോ! ഞാൻ എന്നോടുതന്നെ പറഞ്ഞു: ‘ഹോ, ഈ ഡോക്ടർമാർ ചെയ്യുന്നത് ഒരു അത്ഭുതംതന്നെയാ!’ അന്നുമുതൽ ആളുകളുടെ രോഗം സുഖപ്പെടുത്തുന്നതു ഞാൻ സ്വപ്നം കാണാൻതുടങ്ങി. ‘ഭാവിയിൽ ആരാകാനാണു നിന്റെ ആഗ്രഹം’ എന്നു ഡാഡി ചോദിക്കുമ്പോഴൊക്കെ എനിക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, “ഒരു ഡോക്ടറാകണം.” അങ്ങനെയാണു ഞാൻ വൈദ്യശാസ്ത്രത്തെ പ്രണയിക്കാൻതുടങ്ങിയത്.
ശാസ്ത്രപഠനം എന്നെ ദൈവത്തോടു കൂടുതൽ അടുപ്പിച്ചു
കത്തോലിക്ക മതവിശ്വാസികളായിരുന്നു ഞങ്ങൾ. എങ്കിലും എനിക്കു ദൈവത്തെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ലായിരുന്നു. എനിക്ക് ഒത്തിരി സംശയങ്ങളുമുണ്ടായിരുന്നു. ഞാൻ വൈദ്യശാസ്ത്രപഠനം തുടങ്ങിയശേഷമാണു ജീവൻ തനിയെ ഉണ്ടായതല്ല ആരെങ്കിലും സൃഷ്ടിച്ചതാണെന്ന ബോധ്യം എനിക്കു വന്നത്.
ആദ്യമായി ടൂലിപ്പ് ചെടിയുടെ കോശങ്ങൾ സൂക്ഷ്മദർശിനിയിലൂടെ കണ്ടപ്പോൾ ഞാൻ ശരിക്കും അതിശയിച്ചുപോയി. കോശത്തിലെ ചില ഭാഗങ്ങൾ ചൂടിൽനിന്നും തണുപ്പിൽനിന്നും അതിനെ സംരക്ഷിക്കുന്നത് എങ്ങനെയാണെന്നു ഞാൻ മനസ്സിലാക്കി. ഇനി, കോശത്തിനുള്ളിലെ സൈറ്റോപ്ലാസം എന്ന് അറിയപ്പെടുന്ന കോശദ്രവ്യം ഉപ്പുവെള്ളത്തിൽ ചുരുങ്ങുന്നതും ശുദ്ധജലത്തിൽ വികസിക്കുന്നതും ഞാൻ കണ്ടു. ഇതും ഇതുപോലുള്ള ഒരുപാടു പ്രവർത്തനങ്ങളും കൊണ്ടാണു മാറുന്ന സാഹചര്യങ്ങളിലും അവയ്ക്കു ജീവൻ നിലനിറുത്താനാകുന്നത്. ഓരോ കോശത്തിലും നടക്കുന്ന ഇത്തരം സങ്കീർണമായ പ്രവർത്തനങ്ങൾ കണ്ടപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി: ജീവൻ തനിയെ ഉണ്ടായതല്ല!
വൈദ്യശാസ്ത്ര പഠനത്തിന്റെ രണ്ടാം വർഷം ദൈവമുണ്ട് എന്നതിന്റെ കൂടുതൽ തെളിവുകൾ ഞാൻ മനസ്സിലാക്കി. ഉദാഹരണത്തിന്, മനുഷ്യശരീരത്തിന്റെ ഘടനയെക്കുറിച്ചുള്ള ക്ലാസിൽനിന്ന് കൈവിരലുകൾ മടക്കാനും നിവർക്കാനും കൈത്തണ്ടയുടെ ഘടന എങ്ങനെ സഹായിക്കുന്നെന്നു ഞാൻ പഠിച്ചു. പേശികളെ അസ്ഥികളുമായി ബന്ധിപ്പിച്ചിരിക്കുന്ന വിധവും പേശികളുടെയും അസ്ഥികളുടെയും സ്നായുക്കളുടെയും (tendons) യോജിച്ചുള്ള പ്രവർത്തനവും ശരിക്കും ഒരു അത്ഭുതംതന്നെയാണ്. തള്ളവിരൽ ഒഴികെയുള്ള ഓരോ വിരലിനും മൂന്ന് അസ്ഥികൾ വീതമുണ്ട്. കൈത്തണ്ടയിലെ ഒരു പേശിയെ ഓരോ വിരലിലെയും അസ്ഥികളുമായി സ്നായുക്കൾകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഓരോ വിരലിലേക്കും പോകുന്ന സ്നായുക്കളിൽ ഒരെണ്ണം വിരലിലെ രണ്ടാമത്തെ അസ്ഥിയിൽ എത്തുമ്പോൾ രണ്ടായി പിരിയുന്നു. ഇനി, ഓരോ വിരലിന്റെയും വിരൽത്തുമ്പുവരെ എത്തുന്ന സ്നായുവുണ്ട്. അതു പോകുന്നതു രണ്ടായി പിരിഞ്ഞിരിക്കുന്ന സ്നായുവിന്റെ അടിയിലൂടെയാണ്. അതുകൊണ്ട് വിരലുകൾ ചലിപ്പിക്കുമ്പോൾ സ്ഥാനം തെറ്റാതെ അവയ്ക്കു മുന്നോട്ടും പിന്നോട്ടും തെന്നിനീങ്ങാനാകുന്നു. ഒരു കൂട്ടം കോശങ്ങൾ ഈ സ്നായുക്കളെ വിരലിലെ അസ്ഥികളോടു ചേർത്തുനിറുത്തുകയും ചെയ്യുന്നു. ഇതൊന്നുമില്ലായിരുന്നെങ്കിൽ വിരലുകൾ ശരിയായി ചലിപ്പിക്കാനാകാത്തവിധം ഈ സ്നായുക്കൾ വലിച്ചുകെട്ടിയ ഞാണുകൾപോലെ വലിഞ്ഞുമുറുകി നിൽക്കുമായിരുന്നു. ഇതെക്കുറിച്ച് പഠിച്ചപ്പോൾ മനുഷ്യശരീരത്തിന്റെ രൂപകല്പനയ്ക്കു പിന്നിൽ അപാരമായ ബുദ്ധി പ്രവർത്തിച്ചിട്ടുണ്ടെന്ന് എനിക്കു ബോധ്യമായി.
ജനിച്ച ഉടനെ ഒരു കുഞ്ഞ് ശ്വസിക്കാൻതുടങ്ങുന്നതിനെക്കുറിച്ച് പഠിച്ചതു സ്രഷ്ടാവിനോടുള്ള എന്റെ ആദരവ് പല മടങ്ങ് വർധിക്കാൻ ഇടയാക്കി. അമ്മയുടെ വയറ്റിലായിരിക്കുമ്പോൾ ഒരു കുഞ്ഞ് ശ്വാസോച്ഛ്വാസം ചെയ്യുന്നില്ല. പൊക്കിൾക്കൊടിയിലൂടെയാണു കുഞ്ഞിന് ആവശ്യമായ ഓക്സിജൻ കിട്ടുന്നത്. അതുകൊണ്ടുതന്നെ കുഞ്ഞിന്റെ ശ്വാസകോശത്തിനുള്ളിലെ ബലൂണിന്റെ ആകൃതിയിലുള്ള ചെറിയചെറിയ അറകളിൽ (alveoli) ഒരിക്കൽപ്പോലും വായു നിറഞ്ഞിട്ടില്ല. എന്നാൽ ഒരു കുഞ്ഞു ജനിക്കുന്നതിന് ഏതാനും ആഴ്ചകൾ മുമ്പ് ഈ അറകളുടെ ഉൾഭാഗം ഒരു കൊഴുത്ത ദ്രാവകംകൊണ്ട് (surfactant) ആവരണം ചെയ്യപ്പെടുന്നു. ഇനി, കുഞ്ഞു ജനിച്ച് ആദ്യത്തെ ശ്വാസമെടുക്കുന്നതോടെ അതിശയകരമായ കാര്യങ്ങളാണു സംഭവിക്കുന്നത്. അപ്പോൾ കുഞ്ഞിന്റെ ഹൃദയത്തിലെ ഒരു ദ്വാരം അടയുകയും രക്തം ശ്വാസകോശത്തിലേക്ക് ഒഴുകാൻതുടങ്ങുകയും ചെയ്യുന്നു. അതൊരു നിർണായക നിമിഷമാണ്. കാരണം ആദ്യമായി ശ്വാസകോശത്തിൽ വായു നിറയുന്ന സമയമാണ് അത്. എന്നാൽ ചെറിയ അറകളുടെ ഭിത്തികളിൽ ആ കൊഴുത്ത ദ്രാവകത്തിന്റെ ആവരണമുള്ളതുകൊണ്ട് അവ ഒട്ടിപ്പിടിച്ചിരിക്കാതെ അവയിൽ പെട്ടെന്ന് വായു കടന്നുചെല്ലുന്നു. അങ്ങനെ വെറും നിമിഷങ്ങൾകൊണ്ട് ശ്വാസകോശത്തിൽ വായു നിറയുകയും കുഞ്ഞ് സ്വന്തമായി ശ്വാസോച്ഛാസം ചെയ്തുതുടങ്ങുകയും ചെയ്യുന്നു.
ഈ അത്ഭുതങ്ങളുടെയെല്ലാം പിന്നിലെ സ്രഷ്ടാവിനെ അടുത്ത് അറിയാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് ഞാൻ ആത്മാർഥമായി ബൈബിൾ വായിക്കാൻതുടങ്ങി. 3,000-ത്തിലേറെ വർഷങ്ങൾക്കു മുമ്പ് ഇസ്രായേൽ ജനതയ്ക്കു ദൈവം കൊടുത്ത നിയമത്തിൽ ശുചിത്വത്തെക്കുറിച്ച് പറഞ്ഞിരുന്ന കാര്യങ്ങൾ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. വിസർജ്യം മണ്ണിട്ട് മൂടാനും പതിവായി കുളിക്കാനും പകരുന്ന ഒരു രോഗം പിടിപെട്ടാൽ മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാതെ മാറിത്താമസിക്കാനും ദൈവം ഇസ്രായേല്യർക്കു നിർദേശം നൽകി. (ലേവ്യ 13:50; 15:11; ആവ. 23:13) രോഗം പകരുന്നത് എങ്ങനെയാണെന്നു ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിട്ട് ഏതാണ്ട് 150 വർഷമേ ആയിട്ടുള്ളൂ. എന്നാൽ അതിനും എത്രയോ മുമ്പാണു ബൈബിളിൽ അതെക്കുറിച്ചുള്ള നിർദേശങ്ങൾ രേഖപ്പെടുത്തിയത്. ഇനി, ലേവ്യ പുസ്തകത്തിൽ കാണുന്ന ലൈംഗികതയോടു ബന്ധപ്പെട്ട ശുചിത്വനിയമങ്ങൾ നല്ല ആരോഗ്യത്തോടെയിരിക്കാൻ ഇസ്രായേൽ ജനത്തെ സഹായിക്കുന്നവയായിരുന്നു. (ലേവ്യ 12:1-6; 15:16-24) സ്രഷ്ടാവായ ദൈവം ഇസ്രായേൽ ജനതയ്ക്കു നൽകിയ നിയമങ്ങൾ അവരുടെ നന്മയ്ക്കുവേണ്ടിയുള്ളതായിരുന്നെന്നും അവ അനുസരിച്ചവരെ ദൈവം അനുഗ്രഹിച്ചെന്നും ഞാൻ തിരിച്ചറിഞ്ഞു. ബൈബിൾ ദൈവപ്രചോദിതമായി എഴുതിയതാണെന്ന് എനിക്കു ബോധ്യമായി, അന്ന് ആ ദൈവത്തിന്റെ പേര് എനിക്ക് അറിയില്ലായിരുന്നെന്നു മാത്രം.
വിവാഹവും യഹോവയെ അറിയാനിടയായ വിധവും
ഞാൻ ഡോക്ടറാകാൻ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണു ലൈഡിയെ ആദ്യമായി കാണുന്നത്. ഞങ്ങൾ സ്നേഹത്തിലായി. 1965-ൽ ഞങ്ങൾ വിവാഹിതരാകുമ്പോൾ എന്റെ പഠനം പൂർത്തിയായിട്ടുണ്ടായിരുന്നില്ല. 1971 ആയപ്പോഴേക്കും ഞങ്ങളുടെ ആറു മക്കളിൽ മൂന്നു പേരും ജനിച്ചിരുന്നു. എന്റെ ജോലിയിലും മക്കളെ വളർത്തുന്നതിലും ഒക്കെ ലൈഡി എനിക്കു വലിയൊരു സഹായമായിരുന്നു.
പ്രവൃ. 15:28, 29) കൂടാതെ, ദൈവരാജ്യം ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ചും അവർ എന്നോടു പറഞ്ഞു. ആ രാജ്യം, കഷ്ടപ്പാടും രോഗവും മരണവും ഒക്കെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് പറയുന്ന വാക്യങ്ങളും അവർ എന്നെ കാണിച്ചു. (വെളി. 21:3, 4) “നിങ്ങൾ ഇപ്പോൾ പറഞ്ഞ കാര്യം കുട്ടിക്കാലംമുതലുള്ള എന്റെ സ്വപ്നമാണ്!” എന്നു ഞാൻ വളരെ ആവേശത്തോടെ അവരോടു പറഞ്ഞു. “ഞാനൊരു ഡോക്ടറായതുതന്നെ ആളുകളുടെ കഷ്ടപ്പാട് ഇല്ലാതാക്കാനാ.” ഞങ്ങളുടെ സംഭാഷണം ഏതാണ്ട് ഒന്നര മണിക്കൂർ നീണ്ടുപോയി. ആ ദമ്പതികൾ പോയപ്പോഴേക്കും, ഇനി എന്തായാലും ഒരു കത്തോലിക്ക വിശ്വാസിയായി തുടരില്ല എന്നു ഞാൻ തീരുമാനിച്ചുകഴിഞ്ഞിരുന്നു. അവരുമായി സംസാരിച്ചപ്പോൾ എനിക്ക് ഒരു കാര്യംകൂടി മനസ്സിലായി: ഞാൻ വളരെ ആദരവോടെ കണ്ടിരുന്ന ആ സ്രഷ്ടാവിന് ഒരു പേരുണ്ട്, യഹോവ!
ഞാൻ ഒരു ആശുപത്രിയിൽ മൂന്നു വർഷം ജോലി ചെയ്തതിനു ശേഷം ഒരു ക്ലിനിക്ക് തുടങ്ങി. അധികം താമസിയാതെ ഒരു ദമ്പതികൾ അവിടെ ചികിത്സയ്ക്കുവേണ്ടി എത്തി. ഇവരെക്കുറിച്ചാണ് ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞത്. ഞാൻ ഭർത്താവിനുള്ള മരുന്നു കുറിക്കാൻതുടങ്ങുമ്പോൾ ഭാര്യ പറഞ്ഞു: “ഡോക്ടറേ, രക്തത്തിന്റെ ഘടകങ്ങളൊന്നുമില്ലാത്ത മരുന്നുവേണം കേട്ടോ.” അതിശയത്തോടെ ഞാൻ ചോദിച്ചു: “അതെന്താ അങ്ങനെ?” ആ സ്ത്രീ പറഞ്ഞു, “ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്.” ഞാൻ ഒരിക്കലും യഹോവയുടെ സാക്ഷികളെക്കുറിച്ചോ രക്തത്തിന്റെ ഉപയോഗത്തെപ്പറ്റി അവർ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചോ കേട്ടിട്ടില്ലായിരുന്നു. അവർ രക്തം സ്വീകരിക്കാത്തതിന്റെ കാരണം എന്താണെന്ന് ആ സ്ത്രീ ബൈബിളിൽനിന്ന് എനിക്കു കാണിച്ചുതന്നു. (ആ ദമ്പതികൾ മൂന്നു തവണ എന്റെ ക്ലിനിക്കിൽ വന്നു. ഓരോ പ്രാവശ്യവും ഒരു മണിക്കൂറിലേറെ സമയം ഞങ്ങൾ ബൈബിൾവിഷയങ്ങൾ സംസാരിച്ചിരുന്നു. അവരെ ഞാൻ വീട്ടിലേക്കു ക്ഷണിച്ചു. അവിടെയാകുമ്പോൾ കൂടുതൽ സമയം ഞങ്ങൾക്കു സംസാരിക്കാമല്ലോ. ബൈബിൾ പഠിക്കാൻ ലൈഡിയും സമ്മതിച്ചെങ്കിലും കത്തോലിക്കരുടെ ചില ഉപദേശങ്ങൾ തെറ്റാണെന്നു സമ്മതിക്കാൻ അവൾ തയ്യാറല്ലായിരുന്നു. അതുകൊണ്ട് ഒരു വൈദികനെ ഞാൻ വീട്ടിലേക്കു ക്ഷണിച്ചു. സഭാപഠിപ്പിക്കലുകളെക്കുറിച്ച് ബൈബിൾ മാത്രം ഉപയോഗിച്ചുകൊണ്ട് രാത്രി വൈകുവോളം ഞങ്ങൾ വാദിച്ചു. യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന് അപ്പോൾ ലൈഡിക്കു ബോധ്യമായി. അതോടെ ദൈവമായ യഹോവയോടുള്ള ഞങ്ങളുടെ സ്നേഹം വളരാൻതുടങ്ങി. അങ്ങനെ 1974-ൽ ഞങ്ങൾ സ്നാനപ്പെട്ടു.
യഹോവയെ ജീവിതത്തിൽ ഒന്നാമതു വെക്കുന്നു
മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെപ്പറ്റി മനസ്സിലാക്കിയതോടെ ജീവിതത്തിൽ ഞാൻ പ്രാധാന്യം കൊടുക്കുന്ന കാര്യങ്ങൾക്കു മാറ്റംവന്നു. യഹോവയെ സേവിക്കുന്നതിനായിരുന്നു പിന്നീട് ഞങ്ങളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം. മക്കളെ ബൈബിൾനിലവാരങ്ങളനുസരിച്ച് വളർത്തിക്കൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചു. ദൈവത്തെയും അയൽക്കാരെയും സ്നേഹിക്കാൻ ഞങ്ങൾ മക്കളെ പഠിപ്പിച്ചു. അതുകൊണ്ടുതന്നെ ഞങ്ങളുടെ കുടുംബത്തിൽ നല്ല ഐക്യമുണ്ടായിരുന്നു.—മത്താ. 22:37-39.
മാതാപിതാക്കളെന്ന നിലയിൽ ഞങ്ങൾക്കുള്ള ഐക്യം കുട്ടികൾക്കു നന്നായി അറിയാമായിരുന്നു. അതെക്കുറിച്ച് പറഞ്ഞ് ഞങ്ങൾ ഇടയ്ക്കൊക്കെ ചിരിക്കാറുണ്ട്. “‘ഉവ്വ്’ എന്നു പറഞ്ഞാൽ ഉവ്വ് എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരിക്കണം” എന്ന യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിലാണു വീട്ടിൽ കാര്യങ്ങൾ നടക്കുന്നതെന്ന് അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. (മത്താ. 5:37) അതിനൊരു ഉദാഹരണം പറയാം. ഞങ്ങളുടെ പെൺമക്കളിൽ ഒരാൾക്കു 17 വയസ്സുള്ള സമയം. ചെറുപ്പക്കാരായ കൂട്ടുകാരുടെകൂടെ ഒന്നു കറങ്ങാൻ പോകണമെന്ന് അവൾ പറഞ്ഞു. പക്ഷേ ലൈഡി സമ്മതിച്ചില്ല. അപ്പോൾ കൂട്ടുകാരിൽ ഒരാൾ പറഞ്ഞു, “അമ്മ സമ്മതിക്കുന്നില്ലെങ്കിൽ നീ അപ്പനോടു ചോദിക്ക്.” പക്ഷേ അവൾ പറഞ്ഞു: “അതുകൊണ്ട് ഒരു കാര്യവുമില്ല. അവർ എപ്പോഴും ഒറ്റക്കെട്ടാ.” ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്ന കാര്യത്തിൽ ഞങ്ങളുടെ തീരുമാനം എപ്പോഴും ഒന്നായിരിക്കുമെന്നു ഞങ്ങളുടെ ആറു മക്കൾക്കും അറിയാമായിരുന്നു. ഇന്ന്, യഹോവയെ വിശ്വസ്തമായി ആരാധിക്കുന്ന ഒരുപാടു പേരുള്ള ഒരു വലിയ കുടുംബമുള്ളതിൽ ഞങ്ങൾ യഹോവയോടു നന്ദിയുള്ളവരാണ്.
സത്യം അറിഞ്ഞതോടെ ഞാൻ ജീവിതത്തിൽ പ്രാധാന്യം കൊടുത്തിരുന്ന കാര്യങ്ങൾക്കു മാറ്റം വന്നെങ്കിലും ഡോക്ടറെന്ന നിലയിലുള്ള എന്റെ കഴിവുകൾ ദൈവജനത്തിനുവേണ്ടി ഉപയോഗിക്കാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് പാരീസിലെ ബഥേലിൽ ഞാൻ ഡോക്ടറായി സേവിക്കാൻതുടങ്ങി. പിന്നീട് ലൂവ്റിലെ പുതിയ ബഥേൽഭവനത്തിലും ഞാൻ എന്റെ സേവനം തുടർന്നു. ഞാൻ ഇപ്പോൾ ബഥേലിൽ കമ്മ്യൂട്ടറായി (വന്നുപോയി സേവിക്കുന്നയാൾ) സേവിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 50 വർഷമായി. ഈ നാളുകൾകൊണ്ട് ബഥേൽ കുടുംബത്തിലെ ഒരുപാടു പേരെ എനിക്കു സുഹൃത്തുക്കളായി കിട്ടി. അവരിൽ ചിലർക്ക് ഇപ്പോൾ 90-നു മേൽ പ്രായമുണ്ട്. ഒരിക്കൽ ഒരു പുതിയ ബഥേലംഗത്തെ പരിചയപ്പെട്ടപ്പോൾ എനിക്കു വളരെ സന്തോഷമായി. കാരണം ഏതാണ്ട് 20 വർഷം മുമ്പ് അവൻ ജനിക്കുന്ന സമയത്ത് അവന്റെ അമ്മയെ നോക്കിയിരുന്ന ഡോക്ടർ ഞാനായിരുന്നു.
യഹോവ തന്റെ ജനത്തെക്കുറിച്ച് എത്രമാത്രം ചിന്തയുള്ളവനാണെന്നു ഞാൻ കണ്ടു
ഇക്കാലങ്ങളിലെല്ലാം യഹോവ തന്റെ സംഘടനയിലൂടെ ദൈവജനത്തെ വഴിനയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ യഹോവയോടുള്ള എന്റെ സ്നേഹം ഒന്നുകൂടെ വർധിച്ചു. 1980-കളുടെ തുടക്കത്തിൽ ഐക്യനാടുകളിൽ ഭരണസംഘം ഒരു പുതിയ പരിപാടി തുടങ്ങി. സാക്ഷികൾ രക്തം സ്വീകരിക്കാത്തതിന്റെ കാരണം മനസ്സിലാക്കാൻ ഡോക്ടർമാരെയും വൈദ്യശാസ്ത്രരംഗത്തുള്ള മറ്റുള്ളവരെയും സഹായിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം.
1988-ൽ ഭരണസംഘം ബഥേലിൽ ആശുപത്രി വിവരദാനസേവനം (എച്ച്ഐഎസ്) എന്നൊരു പുതിയ ഡിപ്പാർട്ടുമെന്റ് തുടങ്ങി. അനുയോജ്യമായ ചികിത്സ കണ്ടെത്താൻ സാക്ഷികളായ രോഗികളെ സഹായിക്കുന്നതിന് ഐക്യനാടുകളിൽ ആരംഭിച്ച ആശുപത്രി ഏകോപനസമിതിയുടെ (എച്ച്എൽസി) മേൽനോട്ടം ഈ ഡിപ്പാർട്ടുമെന്റിനായിരുന്നു. പിന്നീട് എച്ച്എൽസി-യുടെ പ്രവർത്തനം ലോകമെങ്ങുമായി വിപുലപ്പെടുത്തിയപ്പോൾ ഫ്രാൻസിലും ഈ ക്രമീകരണം നിലവിൽവന്നു. രോഗികളായ സഹോദരങ്ങളെ സഹായിക്കുന്നതിനുവേണ്ടി യഹോവയുടെ സംഘടന സ്നേഹത്തോടെ ചെയ്തിരിക്കുന്ന ഈ ക്രമീകരണം കണ്ട് എനിക്കു ശരിക്കും മതിപ്പു തോന്നിയിട്ടുണ്ട്.
എന്റെ സ്വപ്നം യാഥാർഥ്യമാകുന്നു
വൈദ്യശാസ്ത്രത്തോടായിരുന്നു എന്റെ ആദ്യത്തെ പ്രണയം. എന്നാൽ സത്യം പഠിച്ചപ്പോൾ ആളുകളെ ആത്മീയമായി സുഖപ്പെടുത്തുന്നതാണ്, അതായത് ജീവന്റെ ഉറവായ യഹോവയുമായി നല്ലൊരു ബന്ധത്തിലേക്കുവരാൻ അവരെ സഹായിക്കുന്നതാണ്, കൂടുതൽ പ്രധാനമെന്നു ഞാൻ തിരിച്ചറിഞ്ഞു. ജോലിയിൽനിന്ന് വിരമിച്ചശേഷം ഞാനും ലൈഡിയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കാൻ ഓരോ മാസവും കൂടുതൽ സമയം ചെലവഴിച്ചുകൊണ്ട് സാധാരണ മുൻനിരസേവകരായി പ്രവർത്തിക്കുകയാണ്. ആളുകളുടെ ജീവൻ രക്ഷിക്കുന്ന ഈ പ്രവർത്തനം ഞങ്ങൾ ഇപ്പോഴും കഴിവിന്റെ പരമാവധി ചെയ്യുന്നു.
രോഗികളെ സുഖപ്പെടുത്താൻ എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാൻ ഇന്നും ചെയ്യുന്നുണ്ട്. എന്നാൽ ഒരു ഡോക്ടർ എത്ര മിടുക്കനായാലും എല്ലാ രോഗങ്ങളും ഇല്ലാതാക്കാനോ മരണത്തെ തടയാനോ അദ്ദേഹത്തിനു കഴിയില്ലെന്ന് എനിക്ക് അറിയാം. അതുകൊണ്ട് വേദനയോ രോഗമോ മരണമോ ഒന്നുമില്ലാത്ത കാലത്തിനായി ഞാൻ കാത്തിരിക്കുകയാണ്. ഉടൻതന്നെ വരാനിരിക്കുന്ന ആ പുതിയ ലോകത്തിൽ ദൈവം അത്ഭുതകരമായി സൃഷ്ടിച്ചിരിക്കുന്ന മനുഷ്യശരീരത്തെക്കുറിച്ചും ദൈവത്തിന്റെ മറ്റു സൃഷ്ടികളെക്കുറിച്ചും എനിക്ക് എന്നെന്നും പഠിക്കാനാകും. കുട്ടിക്കാലത്തെ എന്റെ സ്വപ്നം കുറെയൊക്കെ യാഥാർഥ്യമായി എന്നുള്ളതു ശരിയാണ്. എങ്കിലും എനിക്ക് അറിയാം ഏറ്റവും നല്ലതു വരാനിരിക്കുന്നതേ ഉള്ളൂ.