പഠനലേഖനം 9
യേശുവിനെപ്പോലെ മറ്റുള്ളവരെ സഹായിക്കാൻ തയ്യാറാകുക
“വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.”—പ്രവൃ. 20:35.
ഗീതം 17 “എനിക്കു മനസ്സാണ്”
ചുരുക്കം *
1. യഹോവയുടെ ജനത്തിനിടയിൽ ഏതു നല്ല മനോഭാവമാണു നമ്മൾ കാണുന്നത്?
ദൈവജനം യഹോവയുടെ സേവനത്തിനുവേണ്ടി തങ്ങളെത്തന്നെ ‘സ്വമനസ്സാലെ വിട്ടുകൊടുക്കുന്നതിനെക്കുറിച്ച്’ വർഷങ്ങൾക്കു മുമ്പുതന്നെ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (സങ്കീ. 110:3) ആ പ്രവചനം ഇന്നു നിറവേറിക്കൊണ്ടിരിക്കുകയാണ്. യേശുവിന്റെ നേതൃത്വത്തിൻകീഴിലാണ് അവർ അതു ചെയ്യുന്നത്. ഓരോ വർഷവും യഹോവയുടെ തീക്ഷ്ണതയുള്ള ദാസന്മാർ കോടിക്കണക്കിനു മണിക്കൂർ പ്രസംഗപ്രവർത്തനത്തിനായി ചെലവഴിക്കുന്നു. അവർ അതിനു മനസ്സോടെ മുന്നോട്ടുവരുന്നു. സ്വന്തം കൈയിൽനിന്ന് പണം മുടക്കിയാണ് അവർ അതു ചെയ്യുന്നത്. കൂടാതെ, തങ്ങളുടെ സഹവിശ്വാസികളെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും വിശ്വാസത്തിൽ ബലപ്പെടുത്താനും അവർ തയ്യാറാകുന്നു. ഇനി, മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും മീറ്റിങ്ങിലെ പരിപാടികൾ തയ്യാറാകാനും സഹോദരങ്ങൾക്ക് ഇടയസന്ദർശനങ്ങൾ നടത്താനും ഒരുപാടു മണിക്കൂറുകൾ ചെലവഴിക്കുന്നുണ്ട്. ഇതിനൊക്കെ അവരെ പ്രേരിപ്പിക്കുന്നത് എന്താണ്? സ്നേഹം. യഹോവയോടും അയൽക്കാരോടും ഉള്ള സ്നേഹം.—മത്താ. 22:37-39.
2. റോമർ 15:1-3-ൽ പറഞ്ഞിരിക്കുന്നതുപോലെ യേശു എന്തു മാതൃകവെച്ചു?
2 സ്വന്തം താത്പര്യങ്ങളെക്കാൾ മറ്റുള്ളവരുടെ താത്പര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുന്നതിൽ യേശു നല്ലൊരു മാതൃകവെച്ചു. യേശുവിനെപ്പോലെയായിരിക്കാൻ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. (റോമർ 15:1-3 വായിക്കുക.) ആ മാതൃക അനുകരിക്കുന്നതുകൊണ്ട് നമുക്കു പ്രയോജനമുണ്ട്. യേശു പറഞ്ഞു: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.”—പ്രവൃ. 20:35.
3. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കുന്നത്?
3 മറ്റുള്ളവരെ സഹായിക്കാൻവേണ്ടി യേശു ചെയ്ത ചില ത്യാഗങ്ങളെക്കുറിച്ചും ആ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം എന്നതിനെക്കുറിച്ചും ഈ ലേഖനത്തിൽ നമ്മൾ കാണും. കൂടാതെ, മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹം കൂട്ടാൻ നമുക്ക് എന്തു ചെയ്യാമെന്നും ചർച്ച ചെയ്യും.
യേശുവിന്റെ മാതൃക അനുകരിക്കുക
4. യേശു സ്വന്തം താത്പര്യങ്ങളെക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു പ്രാധാന്യം കൊടുത്തത് എങ്ങനെ?
4 ക്ഷീണം തോന്നിയപ്പോഴും യേശു മറ്റുള്ളവരെ സഹായിക്കാൻ തയ്യാറായി. യേശുവിന്റെ ജീവിതത്തിലെ ഒരു സംഭവം നോക്കാം. സാധ്യതയനുസരിച്ച്, യേശു ഇപ്പോൾ കഫർന്നഹൂമിന് അടുത്താണ്. രാത്രി മുഴുവൻ യേശു ഒരു മലയിൽ പോയി പ്രാർഥിച്ചു. അതുകൊണ്ട് പിറ്റേന്നു നല്ല ക്ഷീണമുണ്ടായിരുന്നിരിക്കണം. ആ സമയത്താണ് ഒരു ജനക്കൂട്ടം യേശുവിനെ കാണാൻവരുന്നത്. അക്കൂട്ടത്തിൽ പാവപ്പെട്ടവരും രോഗികളും ഒക്കെയുണ്ടായിരുന്നു. അവരെ കണ്ടപ്പോൾ യേശു എന്തു ചെയ്തു? അനുകമ്പ തോന്നിയിട്ട് യേശു അവരെ സുഖപ്പെടുത്തി. കൂടാതെ അവിടെവെച്ച് മനോഹരമായ ഒരു പ്രസംഗവും നടത്തി. ഇതുവരെ നടന്നിട്ടുള്ളതിലേക്കും ആളുകളുടെ ഹൃദയത്തെ ഏറ്റവും സ്പർശിച്ചിട്ടുള്ള പ്രസംഗങ്ങളിൽ ഒന്നായ മലയിലെ പ്രസംഗം.—ലൂക്കോ. 6:12-20.
5. ക്ഷീണിതരായിരിക്കുമ്പോഴും കുടുംബനാഥന്മാർ യേശുവിന്റെ മാതൃക അനുകരിക്കുന്നത് എങ്ങനെ?
5 കുടുംബനാഥന്മാർ യേശുവിനെ അനുകരിക്കുന്നു. ഈ രംഗം ഒന്നു ഭാവനയിൽ കാണുക. രാവിലെമുതൽ വൈകുന്നേരംവരെ ജോലി ചെയ്ത് ക്ഷീണിച്ച് തളർന്ന് ഒരു കുടുംബനാഥൻ വീട്ടിൽ എത്തിയിരിക്കുകയാണ്. അന്നു വൈകുന്നേരമാണു കുടുംബാരാധന ക്രമീകരിച്ചിരിക്കുന്നത്. ‘ഇനി ഇതുംകൂടെ നടത്താൻ എന്നെക്കൊണ്ട് വയ്യാ’ എന്നു തോന്നുന്ന അത്ര ക്ഷീണം അദ്ദേഹത്തിനുണ്ട്. എന്നാൽ അതു നടത്താനുള്ള ശക്തിക്കായി അദ്ദേഹം യഹോവയോടു പ്രാർഥിക്കുന്നു. യഹോവ ആ പ്രാർഥന കേട്ടു. അങ്ങനെ അദ്ദേഹത്തിനു പതിവുപോലെ കുടുംബാരാധന നടത്താനായി. അതിലൂടെ അദ്ദേഹത്തിന്റെ മക്കൾ വളരെ പ്രധാനപ്പെട്ട ഒരു പാഠമാണു പഠിച്ചത്: തങ്ങളുടെ അപ്പനും അമ്മയ്ക്കും മറ്റ് എന്തിനെക്കാളും പ്രധാനം ആത്മീയകാര്യങ്ങളാണെന്ന സത്യം.
6. ഒറ്റയ്ക്കായിരിക്കാൻ ആഗ്രഹിച്ചപ്പോഴും മറ്റുള്ളവർക്കുവേണ്ടി യേശു സമയം ചെലവഴിച്ചതിന്റെ ഒരു ഉദാഹരണം പറയുക.
6 ഒറ്റയ്ക്കായിരിക്കാൻ ആഗ്രഹിച്ചപ്പോഴും യേശു മറ്റുള്ളവർക്കുവേണ്ടി സമയം ചെലവഴിക്കാൻ തയ്യാറായി. യേശുവിന്റെ ജീവിതത്തിലെ മറ്റൊരു സംഭവം നോക്കാം. യേശുവിന്റെ സുഹൃത്തായ യോഹന്നാൻ സ്നാപകൻ കൊല്ലപ്പെട്ടു. അത് അറിഞ്ഞപ്പോൾ യേശുവിന് എത്ര സങ്കടം തോന്നിക്കാണും! ബൈബിൾ പറയുന്നു: “ഇതു കേട്ടപ്പോൾ, (യോഹന്നാന്റെ മരണത്തെക്കുറിച്ച് കേട്ടപ്പോൾ) കുറച്ച് നേരം തനിച്ച് ഇരിക്കാൻവേണ്ടി യേശു വള്ളത്തിൽ കയറി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി.” (മത്താ. 14:10-13) യേശു തനിച്ചിരിക്കാൻ ആഗ്രഹിച്ചത് എന്തുകൊണ്ടാണെന്നു നമുക്കു മനസ്സിലാകും. സങ്കടം വരുമ്പോൾ ഒറ്റയ്ക്ക് ഇരിക്കാൻ ചിലപ്പോഴൊക്കെ നമുക്കും തോന്നാറില്ലേ? പക്ഷേ യേശുവിന് അതിനു പറ്റിയില്ല. കാരണം ആ ഒറ്റപ്പെട്ട സ്ഥലത്ത് എത്തുന്നതിനു മുമ്പേ വലിയ ഒരു ജനക്കൂട്ടം അവിടെയെത്തി. യേശു അപ്പോൾ എന്തു ചെയ്തു? അവരുടെ അവസ്ഥ കണ്ട് യേശുവിന് “അലിവ് തോന്നി.” ദൈവത്തിൽനിന്നുള്ള സഹായവും ആശ്വാസവും അവർക്ക് എത്ര ആവശ്യമാണെന്നു തിരിച്ചറിഞ്ഞ യേശു പെട്ടെന്നുതന്നെ അവരെ സഹായിക്കാൻ തയ്യാറായി. അതുകൊണ്ട് യേശു “അവരെ (ഒന്നോ രണ്ടോ കാര്യങ്ങളല്ല) പലതും പഠിപ്പിച്ചു.”—മർക്കോ. 6:31-34; ലൂക്കോ. 9:10, 11.
7-8. സഭയിൽ ആർക്കെങ്കിലും ഒരു ആവശ്യമുണ്ടാകുമ്പോൾ മൂപ്പന്മാർ യേശുവിനെപ്പോലെ സ്നേഹം കാണിക്കുന്നതിന്റെ ഒരു ഉദാഹരണം പറയുക.
7 മൂപ്പന്മാർ സ്നേഹത്തോടെ യേശുവിനെ അനുകരിക്കുന്നു. നമുക്കുവേണ്ടി ഒരുപാട് അധ്വാനിക്കുന്ന മൂപ്പന്മാരോടു നമ്മളെല്ലാം എത്ര നന്ദിയുള്ളവരാണ്, അല്ലേ? സഭയ്ക്കുവേണ്ടി അവർ എത്രമാത്രം ജോലി ചെയ്യുന്നു എന്ന കാര്യം മിക്ക സഹോദരങ്ങളും അറിയുന്നുണ്ടാകില്ല. ഉദാഹരണത്തിന്, സഹോദരങ്ങളിൽ ആർക്കെങ്കിലും അടിയന്തിരമായ ഒരു ചികിത്സ ആവശ്യമായിവരുന്ന സമയത്ത് ആശുപത്രി ഏകോപനസമിതിയിലെ അംഗങ്ങൾ സഹായത്തിനായി ഓടിയെത്തുന്നു. പലപ്പോഴും അത്തരമൊരു സാഹചര്യമുണ്ടാകുന്നതു രാത്രിയിലായിരിക്കും. പക്ഷേ അങ്ങനെയൊരു ആവശ്യമുണ്ടാകുമ്പോൾ സമയമൊന്നും അവർ നോക്കാറില്ല. അവരും അവരുടെ കുടുംബാംഗങ്ങളും സഹോദരങ്ങളെ സ്നേഹിക്കുന്നു. അതുകൊണ്ട് സ്വന്തം താത്പര്യങ്ങളെക്കാൾ സഹോദരങ്ങളുടെ താത്പര്യങ്ങൾക്കു പ്രാധാന്യം കൊടുക്കാൻ അവർ തയ്യാറാകുന്നു.
8 ഇനി, മൂപ്പന്മാർ രാജ്യഹാളുകളുടെയും മറ്റു കെട്ടിടങ്ങളുടെയും നിർമാണത്തിലും അതുപോലെ ദുരിതാശ്വാസപ്രവർത്തനങ്ങളിലും സഹായിക്കുന്നു. കൂടാതെ സഭയിൽ പഠിപ്പിക്കാനും സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും അതിനുവേണ്ടി തയ്യാറാകാനും ഒക്കെ മൂപ്പന്മാർ എത്രയെത്ര മണിക്കൂറുകളാണു ചെലവഴിക്കുന്നത്! ഈ സഹോദരന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സഹോദരങ്ങൾക്കുവേണ്ടി തങ്ങളെത്തന്നെ വിട്ടുകൊടുക്കാൻ തയ്യാറാകുന്ന നമ്മുടെ പ്രിയ മൂപ്പന്മാരെ യഹോവ അനുഗ്രഹിക്കട്ടെ. എന്നാൽ മറ്റെല്ലാ സഹോദരങ്ങളെയുംപോലെ മൂപ്പന്മാരും ഒരു കാര്യം മനസ്സിൽപ്പിടിക്കണം: കുടുംബത്തിനുവേണ്ടി ചെലവഴിക്കാൻ ഒട്ടും സമയമില്ലാത്ത വിധം സഭാകാര്യങ്ങളിൽ മുഴുകരുത്.
മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹം കൂട്ടാൻ നമുക്ക് എന്തു ചെയ്യാം?
9. ഫിലിപ്പിയർ 2:4, 5 അനുസരിച്ച് എല്ലാ ക്രിസ്ത്യാനികളും ഏതു മനോഭാവം വളർത്തണം?
9 ഫിലിപ്പിയർ 2:4, 5 വായിക്കുക. സ്വന്തം താത്പര്യങ്ങളെക്കാൾ മറ്റുള്ളവരുടെ താത്പര്യങ്ങൾക്കു പ്രാധാന്യം കൊടുക്കേണ്ടതു മൂപ്പന്മാർ മാത്രമല്ല. ഇക്കാര്യത്തിൽ യേശുവിനെ അനുകരിക്കാൻ നമുക്കെല്ലാം പഠിക്കാനാകും. യേശു ‘ഒരു അടിമയുടെ രൂപം എടുത്തു’ എന്നാണു ബൈബിൾ പറയുന്നത്. (ഫിലി. 2:7) അതെക്കുറിച്ച് ഒന്നു ചിന്തിച്ച് നോക്കൂ. നല്ല ഒരു അടിമയോ ദാസനോ എപ്പോഴും യജമാനന് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനുള്ള അവസരങ്ങൾക്കായി അന്വേഷിച്ചുകൊണ്ടിരിക്കും. നമ്മളും, യഹോവയുടെ അടിമകളും സഹോദരങ്ങളുടെ ദാസന്മാരും ആണ്. അതുകൊണ്ട് യഹോവയ്ക്കും സഹോദരങ്ങൾക്കും ഇഷ്ടമുള്ള രീതിയിൽ പ്രവർത്തിക്കാൻ നമ്മളും ആഗ്രഹിക്കുന്നു. അതിനുവേണ്ടി നമുക്കു ചെയ്യാനാകുന്ന ചില കാര്യങ്ങളെക്കുറിച്ച് ഇനി നോക്കാം.
10. നമുക്കു നമ്മളോടുതന്നെ ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കാം?
10 നിങ്ങളുടെ മനോഭാവത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾക്കു നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘മറ്റുള്ളവരെ സഹായിക്കാൻ ഞാൻ എത്രത്തോളം തയ്യാറാണ്? ഉദാഹരണത്തിന്, പ്രായമുള്ള ഒരു സഹോദരനെ പോയി കാണാനോ പ്രായമുള്ള ഒരു സഹോദരിയെ മീറ്റിങ്ങിനു കൂട്ടിക്കൊണ്ടുപോകാനോ ആവശ്യപ്പെടുമ്പോൾ ഞാൻ എന്താണു ചെയ്യാറുള്ളത്? ഒരു കൺവെൻഷൻസ്ഥലം വൃത്തിയാക്കാനോ രാജ്യഹാളിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാനോ പറഞ്ഞാൽ ഞാൻ മനസ്സോടെ അതിനു തയ്യാറാകാറുണ്ടോ?’ നമ്മൾ യഹോവയ്ക്കു നമ്മളെത്തന്നെ സമർപ്പിച്ചപ്പോൾ നമുക്കുള്ളതെല്ലാം യഹോവയെ സേവിക്കുന്നതിനുവേണ്ടി നൽകാമെന്നു വാക്കു കൊടുത്തതാണ്. അതുകൊണ്ട് നമ്മുടെ സമയവും ഊർജവും വസ്തുവകകളും മറ്റുള്ളവരെ സഹായിക്കാൻവേണ്ടി ഉപയോഗിക്കാൻ യഹോവ പ്രതീക്ഷിക്കുന്നുണ്ട്. നമ്മൾ മനസ്സോടെ അങ്ങനെ ചെയ്യുമ്പോൾ യഹോവയ്ക്കു സന്തോഷമാകും. ഇക്കാര്യത്തിൽ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നു തോന്നുന്നെങ്കിൽ നമുക്ക് എന്തു ചെയ്യാം?
11. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ മെച്ചപ്പെടേണ്ടതുണ്ടെന്നു തോന്നുന്നെങ്കിൽ പ്രാർഥന നമ്മളെ എങ്ങനെ സഹായിക്കും?
11 ആത്മാർഥമായി യഹോവയോടു പ്രാർഥിക്കുക. ചില കാര്യങ്ങളിൽ മെച്ചപ്പെടേണ്ടതുണ്ടെന്നു നിങ്ങൾക്ക് അറിയാം. എന്നാൽ വേണ്ട മാറ്റങ്ങൾ വരുത്താനുള്ള ആഗ്രഹം തോന്നുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാം? നിങ്ങളെ സഹായിക്കണേ എന്ന് ആത്മാർഥമായി യഹോവയോടു പ്രാർഥിക്കുക. നിങ്ങളുടെ പ്രശ്നം എന്താണെന്നും നിങ്ങൾക്ക് എന്തു തോന്നുന്നെന്നും യഹോവയോടു തുറന്നുപറയുക. “ആഗ്രഹവും പ്രവർത്തിക്കാനുള്ള ശക്തിയും” തരണേ എന്ന് യഹോവയോട് അപേക്ഷിക്കുക.—ഫിലി. 2:13.
12. സ്നാനപ്പെട്ട ചെറുപ്പക്കാരായ സഹോദരന്മാർക്കു സഭയെ എങ്ങനെ സഹായിക്കാം?
12 നിങ്ങൾ സ്നാനപ്പെട്ട ഒരു ചെറുപ്പക്കാരനാണോ? എങ്കിൽ സഭയിലെ സഹോദരങ്ങൾക്കുവേണ്ടി കൂടുതലായി എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ആഗ്രഹം വളർത്തിയെടുക്കാൻ സഹായിക്കണേ എന്ന് യഹോവയോട് അപേക്ഷിക്കുക. ചില രാജ്യങ്ങളിൽ മൂപ്പന്മാർ കൂടുതലും ശുശ്രൂഷാദാസന്മാർ കുറവും ആണ്. ഉള്ള ശുശ്രൂഷാദാസന്മാരിൽ പലരും അത്ര ചെറുപ്പവും അല്ല. നമ്മുടെ സംഘടന വളരുന്നതനുസരിച്ച് യഹോവയുടെ ജനത്തെ സഹായിക്കാൻ ചെറുപ്പക്കാരായ കൂടുതൽ സഹോദരന്മാരെ നമുക്ക് ആവശ്യമുണ്ട്. സഭയിൽ നിങ്ങളെക്കൊണ്ട് ചെയ്യാനാകുന്ന ഏതു കാര്യത്തിനും മനസ്സോടെ മുന്നോട്ടുവരുന്നെങ്കിൽ അതുകൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. നിങ്ങൾ യഹോവയെ സന്തോഷിപ്പിക്കുകയായിരിക്കും. നിങ്ങൾക്കുതന്നെ നല്ലൊരു പേരുണ്ടാകും. ഇനി, സഹോദരങ്ങളെ സഹായിക്കുന്നതിന്റെ സന്തോഷവും സംതൃപ്തിയും നിങ്ങൾക്കു കിട്ടും.
13-14. നമ്മുടെ സഹോദരങ്ങളെ സഹായിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം? (പുറംതാളിലെ ചിത്രം കാണുക.)
13 മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ച് ചിന്തയുള്ളവരായിരിക്കുക. പൗലോസ് അപ്പോസ്തലൻ എബ്രായക്രിസ്ത്യാനികളോടു പറഞ്ഞു: “നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്. അങ്ങനെയുള്ള ബലികളിലാണു ദൈവം പ്രസാദിക്കുന്നത്.” (എബ്രാ. 13:16) അതു നല്ലൊരു ഉപദേശമായിരുന്നു. ഈ കത്തു കിട്ടി അധികം താമസിയാതെ യഹൂദ്യയിലുള്ള ക്രിസ്ത്യാനികൾക്കു തങ്ങളുടെ വീടും തൊഴിലും അതുപോലെ വിശ്വാസത്തിലില്ലാത്ത ബന്ധുക്കളെയും വിട്ട് ‘മലകളിലേക്ക് ഓടിപ്പോകേണ്ടിവന്നു.’ (മത്താ. 24:16) ആ സമയത്ത് അവർ മറ്റുള്ളവരെ സഹായിക്കേണ്ടതു വളരെ ആവശ്യമായിരുന്നു. പൗലോസ് കൊടുത്ത ആ ഉപദേശം അവർ നേരത്തേതന്നെ അനുസരിക്കുന്നവരായിരുന്നെങ്കിൽ ഇപ്പോൾ ഈ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ അവർക്കു കുറെക്കൂടി എളുപ്പമാകുമായിരുന്നു.
14 നമ്മുടെ സഹോദരങ്ങൾ അവരുടെ ആവശ്യങ്ങൾ എപ്പോഴും തുറന്നുപറയണമെന്നില്ല. ഉദാഹരണത്തിന്, ഒരു സഹോദരന്റെ ഭാര്യ മരിച്ചുപോയെന്നിരിക്കട്ടെ. നമ്മുടെ സഹോദരനു ഭക്ഷണം ഉണ്ടാക്കാനോ എവിടെയെങ്കിലും പോകാനോ വീട്ടിലെ ജോലികൾ ചെയ്യാനോ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ? നമുക്ക് ഒരു ബുദ്ധിമുട്ടാകുമെന്നു കരുതി അദ്ദേഹം ചിലപ്പോൾ തന്റെ ആവശ്യങ്ങൾ നമ്മളോടു പറഞ്ഞെന്നുവരില്ല. എന്നാൽ അദ്ദേഹം ചോദിക്കാതെതന്നെ സഹായിക്കാൻ നമ്മൾ തയ്യാറാകുന്നെങ്കിൽ അദ്ദേഹത്തിനു സന്തോഷമായിരിക്കും. വേറെ ആരെങ്കിലും അദ്ദേഹത്തെ സഹായിക്കുമെന്നോ സഹായം ആവശ്യമുണ്ടെങ്കിൽ അദ്ദേഹം ചോദിച്ചുകൊള്ളുമെന്നോ ഒരിക്കലും ചിന്തിക്കരുത്. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഞാനായിരുന്നു അങ്ങനെയൊരു സാഹചര്യത്തിലെങ്കിൽ എന്തു സഹായം കിട്ടാനായിരിക്കും ഞാൻ ആഗ്രഹിക്കുന്നത്?’
15. മറ്റുള്ളവരെ സഹായിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നമ്മൾ എങ്ങനെയുള്ളവരായിരിക്കണം?
15 മറ്റുള്ളവർക്കു സഹായം ചോദിക്കാൻ തോന്നുന്ന തരത്തിലുള്ള ഒരാളായിരിക്കുക. നിങ്ങളുടെ സഭയിലുള്ള, എപ്പോൾ വേണമെങ്കിലും സഹായിക്കാൻ ഒരു മടിയും ഇല്ലാത്ത സഹോദരങ്ങളെ എന്തായാലും നിങ്ങൾക്ക് അറിയാം. നമ്മൾ അവരെ ബുദ്ധിമുട്ടിക്കുകയാണെന്ന് അവർ ഒരിക്കലും ചിന്തിക്കില്ല. എന്തു സഹായം ചോദിച്ചാലും ചെയ്തുതരാൻ അവർക്കു സന്തോഷമേ ഉള്ളൂ. അവരെ കാണുമ്പോൾ നമുക്കും അങ്ങനെയൊക്കെ ആകണമെന്നു തോന്നും, ശരിയല്ലേ? അത്തരം ആഗ്രഹമുള്ള ഒരാളാണ് ഇപ്പോൾ 45 വയസ്സുള്ള അലൻ സഹോദരൻ. ഒരു മൂപ്പനായ അദ്ദേഹം യേശുവിന്റെ മാതൃകയെക്കുറിച്ച് ഓർത്തുകൊണ്ട് പറയുന്നു: “എത്ര തിരക്കുള്ളയാളായിരുന്നു യേശു! പക്ഷേ യേശുവിനു തങ്ങളെക്കുറിച്ച് ശരിക്കും ചിന്തയുണ്ടെന്ന് ആളുകൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് എല്ലാ പ്രായക്കാർക്കും യേശുവിനെ ഇഷ്ടമായിരുന്നു. യേശുവിനോടു സഹായം ചോദിക്കാൻ അവർക്ക് ഒരു മടിയും തോന്നിയില്ല. എനിക്കും അതുപോലെയാകണം. ആർക്കും എപ്പോൾ വേണമെങ്കിലും സഹായം ചോദിക്കാവുന്ന, അവരെക്കുറിച്ച് ശരിക്കും ചിന്തയുള്ള ഒരു കൂട്ടുകാരനായി അവർ എന്നെ കാണണമെന്നാണ് എന്റെ ആഗ്രഹം.”
16. സങ്കീർത്തനം 119:59, 60-ലെ ഉപദേശം അനുസരിക്കുന്നതു യേശുവിന്റെ മാതൃകയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ നമ്മളെ എങ്ങനെ സഹായിക്കും?
16 നമുക്ക് ആർക്കും പൂർണമായി യേശുവിനെപ്പോലെയാകാൻ പറ്റില്ല. പക്ഷേ അതോർത്ത് വിഷമിക്കേണ്ടാ. (യാക്കോ. 3:2) ഇതെക്കുറിച്ച് ഒന്നു ചിന്തിക്കുക. ഒരു വിദ്യാർഥി അധ്യാപകനിൽനിന്ന് ചിത്രം വരയ്ക്കാൻ പഠിക്കുകയാണ്. അധ്യാപകൻ ചെയ്യുന്ന അത്രയും നന്നായി ചെയ്യാൻ വിദ്യാർഥിക്കു കഴിഞ്ഞെന്നുവരില്ല. എന്നാൽ ഓരോ തവണ തെറ്റു പറ്റുമ്പോഴും അതു തിരുത്തിക്കൊണ്ട് അധ്യാപകനെപ്പോലെയാകാൻ പരമാവധി ശ്രമിക്കുകയാണെങ്കിൽ അവനു കൂടുതൽക്കൂടുതൽ മെച്ചപ്പെടാനാകും. അതുപോലെ, ബൈബിളിൽനിന്ന് പഠിക്കുന്ന കാര്യങ്ങൾ അനുസരിക്കാനും തെറ്റുകൾ തിരുത്താനും പരമാവധി ശ്രമിക്കുന്നെങ്കിൽ നമുക്കും യേശുവിന്റെ മാതൃക നന്നായി അനുകരിക്കാനാകും.—സങ്കീർത്തനം 119:59, 60 വായിക്കുക.
മറ്റുള്ളവരെ സഹായിക്കാൻ തയ്യാറാകുന്നതിന്റെ പ്രയോജനങ്ങൾ
17-18. മറ്റുള്ളവരെ സഹായിക്കുന്നതിൽ യേശുവിന്റെ മാതൃക അനുകരിക്കുന്നതിലൂടെ നമുക്ക് എന്തെല്ലാം പ്രയോജനങ്ങൾ കിട്ടും?
17 നമ്മൾ സഹോദരങ്ങളെ സഹായിക്കാൻ തയ്യാറാകുമ്പോൾ അതു കണ്ടിട്ടു മറ്റുള്ളവർക്കും അങ്ങനെ ചെയ്യാൻ തോന്നും. ഒരു മൂപ്പനായ റ്റിം സഹോദരൻ പറയുന്നു: “ഞങ്ങളുടെ സഭയിൽ ചെറുപ്പക്കാരായ കുറെ ശുശ്രൂഷാദാസന്മാരുണ്ട്. പലർക്കും വളരെ ചെറുപ്പത്തിൽത്തന്നെ അങ്ങനെയൊരു നിയമനം കിട്ടി. അതിന്റെ ഒരു കാരണം, മറ്റുള്ളവരെ സഹായിക്കാൻ തയ്യാറായി അവർ മുന്നോട്ടു വന്നു എന്നതാണ്. അവരെ അതിനു പ്രേരിപ്പിച്ചത്, അങ്ങനെ ചെയ്യുന്ന മറ്റു സഹോദരങ്ങളുടെ നല്ല മാതൃകയായിരുന്നു. ചെറുപ്പക്കാരായ ഈ സഹോദരന്മാർ സഭയ്ക്കു വലിയൊരു സഹായമാണ്, അതുപോലെ മൂപ്പന്മാർക്കും.”
18 ലോകത്തിലെ ആളുകൾ ഇന്നു പൊതുവേ വളരെ സ്വാർഥരാണ്. പക്ഷേ യഹോവയുടെ സാക്ഷികൾ ഒരിക്കലും അങ്ങനെയല്ല. മറ്റുള്ളവരെ സഹായിക്കാൻ മനസ്സുകാണിച്ച യേശുവിന്റെ മാതൃക നമ്മളെ ശരിക്കും സ്വാധീനിച്ചിട്ടുണ്ട്. യേശുവിനെപ്പോലെയായിരിക്കാൻ നമ്മൾ ഉറച്ച തീരുമാനമെടുത്തിരിക്കുന്നു. നമുക്കു പൂർണമായും യേശുവിനെപ്പോലെയാകാൻ കഴിയില്ല എന്നുള്ളതു ശരിയാണ്. പക്ഷേ നമുക്ക് ‘യേശുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലാനാകും.’ (1 പത്രോ. 2:21) യേശുവിനെ അനുകരിക്കാൻ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കുമ്പോൾ യഹോവയുടെ അംഗീകാരം നേടാനും അതിന്റെ സന്തോഷം അനുഭവിക്കാനും നമുക്കാകും.
ഗീതം 13 നമ്മുടെ മാതൃകാപുരുഷൻ, ക്രിസ്തു
^ യേശു എപ്പോഴും സ്വന്തം താത്പര്യങ്ങളെക്കാൾ മറ്റുള്ളവരുടെ താത്പര്യങ്ങൾക്കാണു പ്രാധാന്യം കൊടുത്തത്. ഇക്കാര്യത്തിൽ നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാമെന്നാണ് ഈ ലേഖനത്തിൽ കാണാൻപോകുന്നത്. യേശുവിനെപ്പോലെയായിരിക്കാൻ ശ്രമിക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും നമ്മൾ പഠിക്കും.
^ ചിത്രത്തിന്റെ വിവരണം: ആശുപത്രിയിൽ കിടക്കുന്ന തന്റെ പപ്പയെ കാണാൻ രണ്ടു മൂപ്പന്മാർ വരുന്നതു ഡാൻ എന്നു പേരുള്ള ചെറുപ്പക്കാരനായ സഹോദരൻ കാണുന്നു. മൂപ്പന്മാരുടെ ആ നല്ല മാതൃക ഡാനിന് ഇഷ്ടമായി. സഭയിലെ മറ്റുള്ളവരെ സഹായിക്കാൻ അതു ഡാനിനെ പ്രേരിപ്പിക്കുന്നു. സഹോദരങ്ങളെ സഹായിക്കാൻവേണ്ടി ഡാൻ ചെയ്യുന്ന കാര്യങ്ങൾ ചെറുപ്പക്കാരനായ ബെൻ സഹോദരൻ കാണുന്നു. ഡാനിന്റെ നല്ല മാതൃക രാജ്യഹാൾ വൃത്തിയാക്കുന്നതിൽ സഹായിക്കാൻ ബെന്നിനെ പ്രേരിപ്പിക്കുന്നു.