വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 22

നമ്മുടെ കാഴ്‌ച​പ്പാ​ടി​നെ സ്വാധീ​നി​ക്കേണ്ട ജ്ഞാനം

നമ്മുടെ കാഴ്‌ച​പ്പാ​ടി​നെ സ്വാധീ​നി​ക്കേണ്ട ജ്ഞാനം

“യഹോ​വ​യാ​ണു ജ്ഞാനം നൽകു​ന്നത്‌.”—സുഭാ. 2:6.

ഗീതം 89 ശ്രദ്ധി​ക്കാം, അനുസ​രി​ക്കാം, അനു​ഗ്രഹം നേടാം

ചുരുക്കം a

1. ദൈവ​ത്തിൽനി​ന്നുള്ള ജ്ഞാനം നമുക്ക്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (സുഭാ​ഷി​തങ്ങൾ 4:7)

 ജീവി​ത​ത്തിൽ പ്രധാ​ന​പ്പെട്ട ഒരു തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​ന്ന​പ്പോൾ തീർച്ച​യാ​യും ജ്ഞാനത്തി​നു​വേണ്ടി നിങ്ങൾ പ്രാർഥി​ച്ചു​കാ​ണും. കാരണം അതു വളരെ ആവശ്യ​മാ​ണെന്നു നിങ്ങൾക്ക്‌ അറിയാ​മാ​യി​രു​ന്നു. (യാക്കോ. 1:5) ശലോ​മോൻ രാജാവ്‌ എഴുതി: “ജ്ഞാനമാണ്‌ ഏറ്റവും പ്രധാനം.” (സുഭാ​ഷി​തങ്ങൾ 4:7 വായി​ക്കുക.) എന്നാൽ ഏതെങ്കി​ലും ജ്ഞാന​ത്തെ​ക്കു​റി​ച്ചല്ല ശലോ​മോൻ ഇവിടെ പറഞ്ഞ​തെന്ന്‌ ഉറപ്പാണ്‌. യഹോ​വ​യിൽനി​ന്നുള്ള ജ്ഞാനമാണ്‌ അദ്ദേഹം ഇവിടെ ഉദ്ദേശി​ച്ചത്‌. (സുഭാ. 2:6) എന്നാൽ ഇന്നു നമുക്കുള്ള പ്രശ്‌ന​ങ്ങളെ നേരി​ടാൻ ആ ജ്ഞാനം ഉപകരി​ക്കു​മോ? തീർച്ച​യാ​യും. അത്‌ എങ്ങനെ​യാ​ണെന്ന്‌ ഈ ലേഖന​ത്തി​ലൂ​ടെ നമ്മൾ കാണും.

2. ശരിയായ ജ്ഞാനം നേടാ​നുള്ള ഒരു വഴി ഏതാണ്‌?

2 ശരിയായ ജ്ഞാനം നേടാൻ നമുക്ക്‌ എങ്ങനെ കഴിയും? അതിനുള്ള ഒരു വഴി, ജ്ഞാനി​ക​ളാ​യി​രുന്ന രണ്ടു പേരുടെ ഉപദേ​ശങ്ങൾ പഠിച്ച്‌ അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കുക എന്നതാണ്‌. ഒരാൾ ശലോ​മോ​നാണ്‌. ബൈബിൾ പറയുന്നു: “ദൈവം ശലോ​മോന്‌ അളവറ്റ ജ്ഞാനവും വകതി​രി​വും . . . കൊടു​ത്തു.” (1 രാജാ. 4:29) രണ്ടാമത്തെ ആൾ, ഭൂമി​യിൽ ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും വലിയ ജ്ഞാനി​യായ യേശു​വാണ്‌. (മത്താ. 12:42) യേശു​വി​നെ​ക്കു​റിച്ച്‌ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു: “യഹോ​വ​യു​ടെ ആത്മാവ്‌ അവന്റെ മേൽ വസിക്കും, ജ്ഞാനത്തി​ന്റെ​യും ഗ്രാഹ്യ​ത്തി​ന്റെ​യും ആത്മാവ്‌.”—യശ. 11:2.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിക്കു​ന്നത്‌?

3 ദൈവ​ത്തിൽനി​ന്നുള്ള ജ്ഞാനം ഉപയോ​ഗിച്ച്‌ ശലോ​മോ​നും യേശു​വും നമു​ക്കെ​ല്ലാം പ്രയോ​ജനം ചെയ്യുന്ന ചില ഉപദേ​ശങ്ങൾ നൽകി. അവയിൽ മൂന്നെണ്ണം ഈ ലേഖന​ത്തിൽ നമ്മൾ കാണും. പണത്തെ​യും ജോലി​യെ​യും നമ്മളെ​ക്കു​റി​ച്ചു​ത​ന്നെ​യും ശരിയായ മനോ​ഭാ​വ​മു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടെന്ന്‌ അതിലൂ​ടെ നമ്മൾ മനസ്സി​ലാ​ക്കും.

പണത്തെ​ക്കു​റി​ച്ചുള്ള ശരിയായ കാഴ്‌ചപ്പാട്‌

4. ശലോ​മോ​ന്റെ​യും യേശു​വി​ന്റെ​യും സാമ്പത്തി​ക​സ്ഥി​തി​യിൽ എന്തു വ്യത്യാ​സം കാണാം?

4 ശലോ​മോൻ രാജാവ്‌ വളരെ സമ്പന്നനും എല്ലാവിധ സുഖസൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടെ ജീവി​ച്ച​വ​നും ആയിരു​ന്നു. (1 രാജാ. 10:7, 14, 15) യേശു​വി​നാ​കട്ടെ, അധികം വസ്‌തു​വ​ക​ക​ളോ സ്വന്തമാ​യി ഒരു വീടോ ഉണ്ടായി​രു​ന്നില്ല. (മത്താ. 8:20) എന്നാൽ വസ്‌തു​വ​ക​ക​ളു​ടെ കാര്യ​ത്തിൽ രണ്ടു പേർക്കും ശരിയായ ഒരു മനോ​ഭാ​വ​മു​ണ്ടാ​യി​രു​ന്നു. കാരണം അവരുടെ ജ്ഞാനം യഹോ​വ​യിൽനി​ന്നു​ള്ള​താ​യി​രു​ന്നു.

5. പണത്തെ​ക്കു​റിച്ച്‌ ശലോ​മോ​നു ശരിയായ ഏതു കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രു​ന്നു?

5 പണം ഒരു “സംരക്ഷ​ണ​മാണ്‌” എന്നു ശലോ​മോൻ പറഞ്ഞു. (സഭാ. 7:12) പണമു​ണ്ടെ​ങ്കിൽ നമ്മുടെ ജീവി​ത​ത്തി​ലെ ചില പ്രധാ​ന​പ്പെട്ട ആവശ്യ​ങ്ങ​ളും ചില ആഗ്രഹ​ങ്ങൾപോ​ലും നടത്താ​നാ​കും. എന്നാൽ ശലോ​മോന്‌ ഒരുപാ​ടു പണമു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അതി​നെ​ക്കാൾ പ്രധാ​ന​പ്പെട്ട ചിലതു​ണ്ടെന്ന്‌ അദ്ദേഹം തിരി​ച്ച​റി​ഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, “സത്‌പേര്‌ നേടു​ന്നതു സമ്പത്തി​നെ​ക്കാൾ പ്രധാനം” എന്ന്‌ അദ്ദേഹം എഴുതി. (സുഭാ. 22:1) അതു​പോ​ലെ പണത്തെ സ്‌നേ​ഹി​ക്കു​ന്നവർ പൊതു​വേ തങ്ങൾക്കു​ള്ള​തിൽ അത്ര സന്തോ​ഷ​മു​ള്ള​വ​ര​ല്ലെ​ന്നും ശലോ​മോൻ തിരി​ച്ച​റി​ഞ്ഞു. (സഭാ. 5:10, 12) ഇനി, നമ്മുടെ കൈയി​ലുള്ള പണം എപ്പോൾ വേണ​മെ​ങ്കി​ലും നഷ്ടപ്പെ​ടാ​മെ​ന്നു​ള്ള​തു​കൊണ്ട്‌ അതാണു ജീവി​ത​ത്തിൽ ഏറ്റവും പ്രധാ​ന​പ്പെ​ട്ട​തെന്നു ചിന്തി​ക്ക​രു​തെ​ന്നും ശലോ​മോൻ മുന്നറി​യി​പ്പു നൽകി.—സുഭാ. 23:4, 5.

ദൈവ​രാ​ജ്യ​പ്ര​വർത്ത​ന​ങ്ങൾക്ക്‌ ഒന്നാം സ്ഥാനം നൽകാൻ വസ്‌തു​വ​ക​ക​ളോ​ടുള്ള നമ്മുടെ കാഴ്‌ച​പ്പാട്‌ ഒരു തടസ്സമാ​കു​ന്നു​ണ്ടോ? (6-7 ഖണ്ഡികകൾ കാണുക) d

6. വസ്‌തു​വ​ക​ക​ളെ​ക്കു​റിച്ച്‌ യേശു​വി​നു ശരിയായ ഏതു കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രു​ന്നു? (മത്തായി 6:31-33)

6 വസ്‌തു​വ​ക​ക​ളെ​ക്കു​റിച്ച്‌ ശരിയായ ഒരു കാഴ്‌ച​പ്പാട്‌ യേശു​വി​നു​മു​ണ്ടാ​യി​രു​ന്നു. യേശു ഭക്ഷണപാ​നീ​യങ്ങൾ ആസ്വദി​ച്ചി​രു​ന്നു. (ലൂക്കോ. 19:2, 6, 7) ഒരവസ​ര​ത്തിൽ യേശു മേത്തരം വീഞ്ഞ്‌ ഉണ്ടാക്കു​ക​പോ​ലും ചെയ്‌തു. യേശു​വി​ന്റെ ആദ്യത്തെ അത്ഭുത​മാ​യി​രു​ന്നു അത്‌. (യോഹ. 2:10, 11) ഇനി, തന്റെ മരണദി​വസം യേശു ധരിച്ചി​രു​ന്നതു വളരെ വിലകൂ​ടിയ ഒരു വസ്‌ത്ര​മാ​യി​രു​ന്നു. (യോഹ. 19:23, 24) എന്നാൽ വസ്‌തു​വ​ക​ക​ളാ​ണു ജീവി​ത​ത്തിൽ ഏറ്റവും പ്രധാ​ന​പ്പെ​ട്ട​തെന്നു യേശു ഒരിക്ക​ലും ചിന്തി​ച്ചില്ല. യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: “രണ്ട്‌ യജമാ​ന​ന്മാ​രെ സേവി​ക്കാൻ ആർക്കും കഴിയില്ല. . . . നിങ്ങൾക്ക്‌ ഒരേ സമയം ദൈവ​ത്തെ​യും ധനത്തെ​യും സേവി​ക്കാൻ കഴിയില്ല.” (മത്താ. 6:24) നമ്മൾ ദൈവ​രാ​ജ്യ​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം നൽകു​ന്നെ​ങ്കിൽ നമുക്ക്‌ ആവശ്യ​മു​ള്ള​തെ​ല്ലാം യഹോവ തരു​മെ​ന്നും യേശു പഠിപ്പി​ച്ചു.മത്തായി 6:31-33 വായി​ക്കുക.

7. പണത്തെ​ക്കു​റിച്ച്‌ ശരിയായ ഒരു കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രു​ന്നത്‌ ഒരു സഹോ​ദ​രന്‌ എങ്ങനെ പ്രയോ​ജനം ചെയ്‌തു?

7 പണത്തോ​ടുള്ള ബന്ധത്തിൽ യഹോവ ജ്ഞാന​ത്തോ​ടെ നൽകിയ ഉപദേശം അനുസ​രി​ച്ചതു പല സഹോ​ദ​ര​ങ്ങൾക്കും പ്രയോ​ജനം ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, ഒറ്റയ്‌ക്കുള്ള ഡാനി​യേൽ സഹോ​ദ​രന്റെ കാര്യം​തന്നെ എടുക്കാം. “യഹോ​വ​യു​ടെ സേവന​ത്തി​നാ​യി​രി​ക്കും എന്റെ ജീവി​ത​ത്തിൽ ഏറ്റവും പ്രാധാ​ന്യ​മെന്നു ചെറു​പ്പ​ത്തിൽത്തന്നെ ഞാൻ തീരു​മാ​നി​ച്ചി​രു​ന്നു.” ജീവിതം ലളിത​മാ​ക്കി നിറു​ത്തി​യ​തു​കൊണ്ട്‌ ഡാനി​യേ​ലി​നു തന്റെ സമയവും കഴിവു​ക​ളും ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങൾക്കും ബഥേൽ സേവന​ത്തി​ലും ഉപയോ​ഗി​ക്കാ​നാ​യി. ഡാനി​യേൽ ഇങ്ങനെ​യും പറയുന്നു: “ഞാൻ അങ്ങനെ ഒരു തീരു​മാ​ന​മെ​ടു​ത്ത​തിൽ എനിക്ക്‌ ഒരു സങ്കടവു​മില്ല. ജീവി​ത​ത്തിൽ പണത്തിനു പ്രാധാ​ന്യം കൊടു​ത്തി​രു​ന്നെ​ങ്കിൽ എനിക്ക്‌ ഒരുപാ​ടു പണമു​ണ്ടാ​ക്കാൻ കഴിയു​മാ​യി​രു​ന്നു എന്നതു ശരിയാണ്‌. പക്ഷേ അങ്ങനെ ചെയ്‌തി​രു​ന്നെ​ങ്കിൽ എനിക്ക്‌ ഇപ്പോ​ഴുള്ള കൂട്ടു​കാ​രൊ​ന്നും കാണി​ല്ലാ​യി​രു​ന്നു. ദൈവ​സേ​വ​ന​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ന്ന​തു​കൊ​ണ്ടുള്ള ആ സന്തോ​ഷ​വും സംതൃ​പ്‌തി​യും എനിക്കു കിട്ടി​ല്ലാ​യി​രു​ന്നു. ശരിക്കും എത്ര പണമു​ണ്ടെ​ങ്കി​ലും കിട്ടാ​ത്തത്ര അനു​ഗ്ര​ഹ​ങ്ങ​ളാണ്‌ യഹോവ ഇപ്പോൾ എനിക്കു തന്നിരി​ക്കു​ന്നത്‌.” അതു​കൊണ്ട്‌ ഓർക്കുക: പണത്തിനല്ല, ആത്മീയ​കാ​ര്യ​ങ്ങൾക്കു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ന്നെ​ങ്കിൽ ഉറപ്പാ​യും നമുക്ക്‌ അതിന്റെ പ്രയോ​ജ​ന​മു​ണ്ടാ​കും.

ജോലി​യെ​ക്കു​റി​ച്ചുള്ള ശരിയായ കാഴ്‌ചപ്പാട്‌

8. ജോലി​യെ​ക്കു​റിച്ച്‌ ശലോ​മോ​നു ശരിയായ ഒരു കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രു​ന്നെന്നു നമുക്ക്‌ എങ്ങനെ അറിയാം? (സഭാ​പ്ര​സം​ഗകൻ 5:18, 19)

8 കഠിനാ​ധ്വാ​നം ചെയ്യു​മ്പോൾ നമുക്കു കിട്ടുന്ന സന്തോ​ഷത്തെ ‘ദൈവ​ത്തി​ന്റെ ദാനം’ എന്നാണു ശലോ​മോൻ വിളി​ച്ചത്‌. (സഭാ​പ്ര​സം​ഗകൻ 5:18, 19 വായി​ക്കുക.) “കഠിനാ​ധ്വാ​നം ചെയ്‌താൽ പ്രയോ​ജനം ലഭിക്കും” എന്ന്‌ അദ്ദേഹം എഴുതി. (സുഭാ. 14:23) അത്‌ എത്ര ശരിയാ​ണെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. കാരണം ശലോ​മോൻ ഒരു കഠിനാ​ധ്വാ​നി​യാ​യി​രു​ന്നു. അദ്ദേഹം അരമനകൾ പണിതു, മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും ഉദ്യാ​ന​ങ്ങ​ളും ഉണ്ടാക്കി, കുളങ്ങൾ കുഴിച്ചു, നഗരങ്ങ​ളും പണിതു. (1 രാജാ. 9:19; സഭാ. 2:4-6) അതി​നൊ​ക്കെ നല്ല അധ്വാനം ആവശ്യ​മാ​യി​രു​ന്നു. അതിലൂ​ടെ അദ്ദേഹ​ത്തി​നു സന്തോ​ഷ​വും കിട്ടി. എന്നാൽ ശരിക്കുള്ള സന്തോഷം കിട്ടാൻ അതു മാത്രം പോരാ എന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. അദ്ദേഹം സത്യാ​രാ​ധ​ന​യ്‌ക്കു​വേ​ണ്ടി​യും ഒരുപാ​ടു കാര്യങ്ങൾ ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌ യഹോ​വ​യു​ടെ ആരാധ​ന​യ്‌ക്കു​വേണ്ടി ശലോ​മോൻ അതിമ​നോ​ഹ​ര​മായ ഒരു ദേവാ​ലയം പണിതു. ഏഴു വർഷം​കൊ​ണ്ടാണ്‌ ആ പണി പൂർത്തി​യാ​ക്കി​യത്‌. (1 രാജാ. 6:38; 9:1) ഇങ്ങനെ ആത്മീയ​വും അല്ലാത്ത​തും ആയ പലപല പ്രവർത്ത​നങ്ങൾ ചെയ്‌തു​ക​ഴി​ഞ്ഞ​പ്പോൾ യഹോ​വയെ സേവി​ക്കു​ന്ന​താ​ണു മറ്റെല്ലാ പ്രവർത്ത​ന​ങ്ങ​ളെ​ക്കാ​ളും പ്രധാനം എന്നു ശലോ​മോ​നു മനസ്സി​ലാ​യി. അതു​കൊണ്ട്‌ അദ്ദേഹം എഴുതി: “പറഞ്ഞതി​ന്റെ​യെ​ല്ലാം സാരം ഇതാണ്‌: സത്യ​ദൈ​വത്തെ ഭയപ്പെട്ട്‌ ദൈവ​ക​ല്‌പ​നകൾ അനുസ​രി​ക്കുക.”—സഭാ. 12:13.

9. യേശു ജോലിക്ക്‌ അമിത​പ്രാ​ധാ​ന്യം കൊടു​ത്തി​ല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം?

9 യേശു​വും ഒരു കഠിനാ​ധ്വാ​നി​യാ​യി​രു​ന്നു. ചെറു​പ്പ​കാ​ലത്ത്‌ മരപ്പണി ചെയ്‌തു. (മർക്കോ. 6:3) തങ്ങളുടെ വലിയ കുടും​ബത്തെ പോറ്റാൻ കഷ്ടപ്പെ​ട്ടി​രുന്ന യോ​സേ​ഫി​നും മറിയ​യ്‌ക്കും യേശു വലി​യൊ​രു സഹായ​മാ​യി​രു​ന്നു. പൂർണ​നാ​യി​രു​ന്ന​തു​കൊണ്ട്‌ യേശു​വി​ന്റെ പണിയും അങ്ങനെ​ത​ന്നെ​യാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ഉണ്ടാക്കുന്ന സാധന​ങ്ങൾക്കും ആവശ്യ​ക്കാർ ഏറെയാ​യി​രു​ന്നി​രി​ക്കണം. സാധ്യ​ത​യ​നു​സ​രിച്ച്‌ വളരെ ആസ്വദി​ച്ചാ​യി​രി​ക്കണം യേശു ആ ജോലി​ക​ളൊ​ക്കെ ചെയ്‌തത്‌. എന്നാൽ അത്തരത്തി​ലൊ​രു പണിക്കാ​ര​നാ​യി​രു​ന്നെ​ങ്കി​ലും യേശു ആത്മീയ​കാ​ര്യ​ങ്ങൾക്കു സമയം മാറ്റി​വെച്ചു. (യോഹ. 7:15) പിന്നീട്‌ മുഴു​സ​മ​യ​സേ​വനം ചെയ്‌തി​രുന്ന സമയത്ത്‌ കേൾവി​ക്കാ​രോട്‌ യേശു പറഞ്ഞു: “നശിച്ചു​പോ​കുന്ന ആഹാര​ത്തി​നു​വേ​ണ്ടി​യല്ല, നിത്യ​ജീ​വൻ നേടി​ത്ത​രുന്ന നശിക്കാത്ത ആഹാര​ത്തി​നു​വേണ്ടി പ്രയത്‌നി​ക്കുക.” (യോഹ. 6:27) ഇനി, മലയിലെ പ്രസം​ഗ​ത്തിൽ യേശു പറഞ്ഞത്‌ “സ്വർഗ​ത്തിൽ നിക്ഷേ​പങ്ങൾ സ്വരൂ​പി​ക്കൂ” എന്നാണ്‌.—മത്താ. 6:20.

നമുക്ക്‌ എങ്ങനെ ജോലി​ക്കും ആത്മീയ​പ്ര​വർത്ത​ന​ങ്ങൾക്കും അർഹി​ക്കുന്ന പ്രാധാ​ന്യം കൊടു​ക്കാം? (10-11 ഖണ്ഡികകൾ കാണുക) e

10. ജോലി​യോ​ടുള്ള ബന്ധത്തിൽ ചിലർക്ക്‌ എന്തു പ്രശ്‌നം നേരി​ട്ടേ​ക്കാം?

10 ജോലി​യെ​ക്കു​റിച്ച്‌ ശരിയായ ഒരു കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രി​ക്കാൻ ദൈവ​ത്തിൽനി​ന്നുള്ള ജ്ഞാനം നമ്മളെ സഹായി​ക്കും. “അധ്വാ​നിച്ച്‌ മാന്യ​മായ ജോലി” ചെയ്യാ​നാ​ണു ക്രിസ്‌ത്യാ​നി​ക​ളായ നമ്മളെ പഠിപ്പി​ക്കു​ന്നത്‌. (എഫെ. 4:28) ജോലി​യി​ലെ നമ്മുടെ സത്യസ​ന്ധ​ത​യും കഠിനാ​ധ്വാ​ന​വും തൊഴി​ലു​ട​മകൾ പലപ്പോ​ഴും ശ്രദ്ധി​ക്കു​ക​യും അതെക്കു​റിച്ച്‌ വിലമ​തി​പ്പോ​ടെ സംസാ​രി​ക്കു​ക​യും ചെയ്‌തേ​ക്കാം. ഇതൊക്കെ കേൾക്കു​മ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ കുറച്ചു​കൂ​ടെ നല്ല അഭി​പ്രാ​യം തൊഴി​ലു​ട​മ​യ്‌ക്ക്‌ ഉണ്ടാകട്ടെ എന്നു കരുതി മുമ്പ​ത്തേ​തി​ലും കൂടുതൽ സമയം ജോലി ചെയ്യാൻ നമ്മൾ ശ്രമി​ച്ചേ​ക്കാം. പക്ഷേ അപ്പോൾ കുടും​ബ​ത്തി​നു​വേ​ണ്ടി​യും ആത്മീയ​പ്ര​വർത്ത​ന​ങ്ങൾക്കു​വേ​ണ്ടി​യും നമുക്ക്‌ ആവശ്യ​ത്തി​നു സമയം ഇല്ലാ​തെ​വ​രാൻ സാധ്യ​ത​യുണ്ട്‌. നമ്മുടെ കാര്യ​ത്തിൽ അങ്ങനെ​യാ​ണെ​ങ്കിൽ കൂടുതൽ പ്രധാ​ന​പ്പെട്ട കാര്യ​ങ്ങൾക്കു സമയം കിട്ടാൻവേണ്ടി നമ്മൾ മാറ്റങ്ങൾ വരുത്തണം.

11. ജോലി​യെ​പ്പറ്റി ശരിയായ കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒരു സഹോ​ദരൻ എന്തു പഠിച്ചു?

11 ജോലി​ക്കു ജീവി​ത​ത്തിൽ അമിത​പ്രാ​ധാ​ന്യം കൊടു​ക്കാ​തി​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജനം നേരിട്ട്‌ കണ്ടറിഞ്ഞ ഒരു ചെറു​പ്പ​ക്കാ​ര​നാ​ണു വില്യം. അദ്ദേഹം മുമ്പ്‌ ജോലി ചെയ്‌തി​രു​ന്നതു സഭയിലെ ഒരു മൂപ്പ​ന്റെ​കൂ​ടെ​യാണ്‌. അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ വില്യം പറയുന്നു: “ജോലി​ക്കു ജീവി​ത​ത്തിൽ അർഹി​ക്കുന്ന സ്ഥാനം മാത്രം കൊടു​ക്കുന്ന കാര്യ​ത്തിൽ അദ്ദേഹം നല്ലൊരു മാതൃ​ക​യാണ്‌. അദ്ദേഹ​ത്തി​ന്റെ പണി ഇഷ്ടമാ​യ​തു​കൊ​ണ്ടു​തന്നെ ഇടപാ​ടു​കാർക്കൊ​ക്കെ വലിയ കാര്യ​മാണ്‌. അതൊക്കെ ശരിയാ​ണെ​ങ്കി​ലും ജോലി​സ​മയം കഴിഞ്ഞാൽപ്പി​ന്നെ അദ്ദേഹം കുടും​ബ​ത്തി​നു​വേ​ണ്ടി​യും ആത്മീയ​പ്ര​വർത്ത​ന​ങ്ങൾക്കു​വേ​ണ്ടി​യും ആണ്‌ സമയം മാറ്റി​വെ​ച്ചി​രി​ക്കു​ന്നത്‌. അതു​കൊ​ണ്ടെന്താ, അദ്ദേഹ​ത്തിന്‌ എപ്പോ​ഴും സന്തോ​ഷ​മാണ്‌!” b

നമ്മളെ​ക്കു​റി​ച്ചു​ത​ന്നെ​യുള്ള ശരിയായ കാഴ്‌ചപ്പാട്‌

12. തന്നെക്കു​റി​ച്ചു​തന്നെ ശരിയായ ഒരു കാഴ്‌ച​പ്പാ​ടു​ണ്ടെന്നു തുടക്ക​ത്തിൽ ശലോ​മോൻ എങ്ങനെ കാണിച്ചു, പിന്നീട്‌ അതു നഷ്ടപ്പെ​ട്ടത്‌ എങ്ങനെ?

12 യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ച്ചി​രുന്ന സമയത്ത്‌ ശലോ​മോ​നു തന്നെക്കു​റി​ച്ചു​തന്നെ ശരിയായ ഒരു കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രു​ന്നു. ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ അദ്ദേഹം എളിമ​യോ​ടെ തനിക്കു പല കുറവു​ക​ളു​മു​ണ്ടെന്നു സമ്മതിച്ചു, യഹോ​വ​യോ​ടു സഹായം ചോദി​ക്കു​ക​യും ചെയ്‌തു. (1 രാജാ. 3:7-9) അഹങ്കാ​രി​യാ​യി​രി​ക്കു​ന്നത്‌ എത്ര അപകട​മാ​ണെ​ന്നും അദ്ദേഹ​ത്തിന്‌ അപ്പോൾ അറിയാ​മാ​യി​രു​ന്നു. അദ്ദേഹം എഴുതി: “തകർച്ച​യ്‌ക്കു മുമ്പ്‌ അഹങ്കാരം; വീഴ്‌ച​യ്‌ക്കു മുമ്പ്‌ അഹംഭാ​വം.” (സുഭാ. 16:18) എന്നാൽ ആ ഉപദേ​ശ​മ​നു​സ​രിച്ച്‌ പ്രവർത്തി​ക്കാൻ അദ്ദേഹം​തന്നെ പിന്നീട്‌ പരാജ​യ​പ്പെട്ടു. രാജാ​വാ​യി കുറച്ച്‌ നാൾ കഴിഞ്ഞ​പ്പോൾ ഒരു അഹങ്കാ​രി​യാ​യി​ത്തീർന്ന അദ്ദേഹം ദൈവ​നി​യ​മങ്ങൾ അവഗണി​ക്കാൻതു​ടങ്ങി. ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേൽ രാജാ​ക്ക​ന്മാർക്കുള്ള ഒരു കല്‌പന ഇതായി​രു​ന്നു: “രാജാ​വിന്‌ അനേകം ഭാര്യ​മാ​രു​ണ്ടാ​യി​രി​ക്ക​രുത്‌. അല്ലാത്ത​പക്ഷം രാജാ​വി​ന്റെ ഹൃദയം വഴി​തെ​റ്റി​പ്പോ​കും.” (ആവ. 17:17) എന്നാൽ ശലോ​മോൻ ആ നിയമം അവഗണി​ച്ചു​കൊണ്ട്‌ 700 ഭാര്യ​മാ​രെ​യും 300 ഉപപത്‌നി​മാ​രെ​യും സ്വീക​രി​ച്ചു. (1 രാജാ. 11:1-3) അവരിൽ പലരും വ്യാജാ​രാ​ധ​ക​രാ​യി​രു​ന്നു. ‘അങ്ങനെ ചെയ്‌താ​ലും എനി​ക്കൊ​ന്നും സംഭവി​ക്കില്ല’ എന്നായി​രി​ക്കാം അദ്ദേഹം ഒരുപക്ഷേ ചിന്തി​ച്ചത്‌. എന്തുത​ന്നെ​യാ​യാ​ലും യഹോ​വ​യു​ടെ കല്‌പന ലംഘി​ച്ച​തി​ന്റെ മോശ​മായ ഫലങ്ങൾ അദ്ദേഹ​ത്തി​നു പിന്നീട്‌ അനുഭ​വി​ക്കേ​ണ്ടി​വന്നു.—1 രാജാ. 11:9-13.

13. യേശു​വി​ന്റെ താഴ്‌മ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

13 യേശു​വിന്‌ എപ്പോ​ഴും തന്നെക്കു​റി​ച്ചു​തന്നെ ശരിയായ ഒരു കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രു​ന്നു. ഭൂമി​യി​ലേക്കു വരുന്ന​തി​നു മുമ്പ്‌ യേശു യഹോ​വ​യു​ടെ സേവന​ത്തിൽ ഒരുപാ​ടു കാര്യങ്ങൾ ചെയ്‌തു. “സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള മറ്റെല്ലാം” യേശു​വി​ലൂ​ടെ​യാ​ണു സൃഷ്ടി​ക്ക​പ്പെ​ട്ടത്‌. (കൊലോ. 1:16) സാധ്യ​ത​യ​നു​സ​രിച്ച്‌ താൻ മുമ്പ്‌ പിതാ​വി​നോ​ടൊ​പ്പ​മാ​യി​രു​ന്ന​പ്പോൾ ചെയ്‌ത കാര്യ​ങ്ങ​ളെ​ല്ലാം സ്‌നാ​ന​സ​മ​യത്ത്‌ യേശു​വി​ന്റെ ഓർമ​യി​ലേക്കു വന്നുകാ​ണണം. (മത്താ. 3:16; യോഹ. 17:5) പക്ഷേ അതു​കൊ​ണ്ടൊ​ന്നും യേശു അഹങ്കരി​ച്ചില്ല, പകരം താഴ്‌മ കാണിച്ചു. താൻ ഭൂമി​യി​ലേക്കു വന്നത്‌ “ശുശ്രൂ​ഷി​ക്ക​പ്പെ​ടാ​നല്ല, ശുശ്രൂ​ഷി​ക്കാ​നും അനേകർക്കു​വേണ്ടി തന്റെ ജീവൻ മോച​ന​വി​ല​യാ​യി കൊടു​ക്കാ​നും ആണ്‌” എന്നാണു യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞത്‌. (മത്താ. 20:28) സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ തനി​ക്കൊ​ന്നും ചെയ്യാ​നാ​കി​ല്ലെ​ന്നും യേശു സമ്മതിച്ചു. (യോഹ. 5:19) അങ്ങനെ താഴ്‌മ​യു​ടെ കാര്യ​ത്തിൽ യേശു നമുക്കു നല്ലൊരു മാതൃക വെച്ചു.

14. നമ്മളെ​ക്കു​റി​ച്ചു​തന്നെ ശരിയായ കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രി​ക്കുന്ന കാര്യ​ത്തിൽ യേശു​വി​ന്റെ വാക്കു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

14 നമ്മൾ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ങ്കി​ലും നമ്മളെ ഒന്നിനും കൊള്ളി​ല്ലെ​ന്നോ നമ്മൾ വിലയി​ല്ലാ​ത്ത​വ​രാ​ണെ​ന്നോ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌. അതിനു സഹായി​ക്കുന്ന ചില കാര്യങ്ങൾ യേശു പഠിപ്പി​ച്ചു. ഒരവസ​ര​ത്തിൽ യേശു തന്റെ ശിഷ്യ​ന്മാർക്ക്‌ ഇങ്ങനെ ഉറപ്പു​കൊ​ടു​ത്തു: “നിങ്ങളു​ടെ തലയിലെ ഓരോ മുടി​യി​ഴ​യും എണ്ണിത്തി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.” (മത്താ. 10:30) നമുക്കു വളരെ ആശ്വാസം തരുന്ന വാക്കു​ക​ളാണ്‌ അവ, പ്രത്യേ​കിച്ച്‌ നമുക്ക്‌ ഒരു വിലയു​മില്ല എന്നതു​പോ​ലുള്ള ചിന്തക​ളു​ണ്ടെ​ങ്കിൽ. കാരണം നമ്മുടെ സ്വർഗീ​യ​പി​താ​വി​നു നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും കാര്യ​ത്തിൽ ഒരുപാ​ടു താത്‌പ​ര്യ​മു​ണ്ടെ​ന്നും നമ്മളെ വളരെ വിലയു​ള്ള​വ​രാ​യി കാണു​ന്നെ​ന്നും ആണ്‌ യേശു​വി​ന്റെ ആ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌. ഓർക്കുക, തന്നെ ആരാധി​ക്കാ​നും പുതിയ ഭൂമി​യിൽ എന്നെന്നും ജീവി​ക്കാ​നും നമ്മളെ ക്ഷണിച്ചി​രി​ക്കു​ന്നത്‌ യഹോ​വ​യാണ്‌. ആ സ്ഥിതിക്ക്‌ നമ്മളെ ഒന്നിനും കൊള്ളി​ല്ലെന്നു ചിന്തി​ക്കു​ക​യാ​ണെ​ങ്കിൽ യഹോ​വ​യ്‌ക്കു തെറ്റു​പ​റ്റി​യെന്നു പറയു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും അത്‌.

നമ്മളെ​ക്കു​റി​ച്ചു​തന്നെ ശരിയായ ഒരു കാഴ്‌ച​പ്പാ​ടി​ല്ലെ​ങ്കിൽ എന്തൊക്കെ അവസര​ങ്ങ​ളും അനു​ഗ്ര​ഹ​ങ്ങ​ളും നമുക്കു നഷ്ടമാ​യേ​ക്കാം? (15-ാം ഖണ്ഡിക കാണുക) f

15. (എ) നമ്മളെ​ക്കു​റി​ച്ചു​തന്നെ എങ്ങനെ​യുള്ള ഒരു കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രി​ക്കാ​നാ​ണു മുമ്പുള്ള ഒരു വീക്ഷാ​ഗോ​പു​രം പറഞ്ഞത്‌? (ബി) 24-ാം പേജിലെ ചിത്ര​ങ്ങ​ളിൽ കാണു​ന്ന​തു​പോ​ലെ നമ്മുടെ ചിന്ത എപ്പോ​ഴും നമ്മളെ​ക്കു​റിച്ച്‌ മാത്ര​മാ​ണെ​ങ്കിൽ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ നഷ്ടമാ​യേ​ക്കാം?

15 ഏതാണ്ട്‌ 15 വർഷം മുമ്പ്‌ ഒരു വീക്ഷാ​ഗോ​പു​രം പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “അങ്ങേയറ്റം ഉന്നതരാ​ണെന്നു ചിന്തി​ച്ചു​കൊണ്ട്‌ അഹങ്കാ​രി​കൾ ആയിത്തീ​രാ​നോ വില​കെ​ട്ട​വ​രാ​ണെന്നു ചിന്തി​ച്ചു​കൊണ്ട്‌ നേർവി​പ​രീ​ത​മായ ഒരു ചിന്താ​ഗതി വെച്ചു​പു​ലർത്താ​നോ നാം തീർച്ച​യാ​യും ആഗ്രഹി​ക്ക​യില്ല. സ്വന്തം പ്രാപ്‌തി​ക​ളും പരിമി​തി​ക​ളും കണക്കി​ലെ​ടു​ത്തു​കൊണ്ട്‌ നമ്മെക്കു​റി​ച്ചു​തന്നെ ന്യായ​മായ ഒരു വീക്ഷണം നട്ടുവ​ളർത്തുക എന്നതാ​യി​രി​ക്കണം നമ്മുടെ ലക്ഷ്യം. അതു സംബന്ധിച്ച്‌ ഒരു ക്രിസ്‌തീയ സ്‌ത്രീ ഇങ്ങനെ പറഞ്ഞു: ‘ഞാൻ തിന്മയു​ടെ (ഒരു ആൾരൂപം) അല്ല; അതേസ​മയം ഞാൻ ഒരു മാലാ​ഖ​യും അല്ല. എല്ലാവ​രു​ടെ​യും​പോ​ലെ നല്ലതും മോശ​വും ആയ ഗുണവി​ശേ​ഷങ്ങൾ എനിക്കു​മുണ്ട്‌.’” c നമ്മളെ​ക്കു​റി​ച്ചു​തന്നെ ശരിയായ ഒരു കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രി​ക്കു​ന്നത്‌ എത്ര നല്ലതാ​ണെ​ന്നല്ലേ ആ വാക്കുകൾ കാണി​ക്കു​ന്നത്‌?

16. യഹോവ നമുക്കു ശരിയായ വഴി കാണി​ച്ചു​ത​രു​ന്നത്‌ എന്തു​കൊണ്ട്‌?

16 തന്റെ വചനത്തി​ലൂ​ടെ യഹോവ നമുക്കു ശരിയായ വഴി കാണി​ച്ചു​ത​രും. കാരണം യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു, നമ്മൾ സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു. (യശ. 48:17, 18) യഹോ​വ​യു​ടെ ഇഷ്ടത്തിനു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം നൽകു​ന്ന​താ​ണു നമുക്ക്‌ ഏറ്റവും സന്തോഷം തരുന്നത്‌. അതാണു ശരിയായ വഴി. നമ്മൾ അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ പണത്തി​നും ജോലി​ക്കും തങ്ങൾക്കു​ത​ന്നെ​യും വേണ്ടതി​ല​ധി​കം പ്രാധാ​ന്യം കൊടു​ക്കു​ന്നവർ നേരി​ടുന്ന പല പ്രശ്‌ന​ങ്ങ​ളും നമുക്ക്‌ ഒഴിവാ​ക്കാ​നാ​കും. അതു​കൊണ്ട്‌ നമുക്കു ജ്ഞാനി​ക​ളാ​യി​രി​ക്കാം. യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കാം!—സുഭാ. 23:15.

ഗീതം 94 ദൈവ​വ​ച​ന​ത്തി​നായ്‌ നന്ദിയുള്ളവർ

a ശലോമോനും യേശു​വും വലിയ ജ്ഞാനി​ക​ളാ​യി​രു​ന്നു. ദൈവ​മായ യഹോ​വ​യിൽനി​ന്നാണ്‌ അവർക്ക്‌ ആ ജ്ഞാനം കിട്ടി​യത്‌. പണത്തെ​യും ജോലി​യെ​യും നമ്മളെ​ക്കു​റി​ച്ചു​ത​ന്നെ​യും ഉണ്ടായി​രി​ക്കേണ്ട ശരിയായ കാഴ്‌ച​പ്പാ​ടി​നെ​ക്കു​റിച്ച്‌ ശലോ​മോ​നും യേശു​വും ചിലതു പറഞ്ഞു. അവർ ദൈവ​പ്ര​ചോ​ദി​ത​മാ​യി പറഞ്ഞ ആ കാര്യ​ങ്ങ​ളെ​പ്പറ്റി ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. അത്‌ അനുസ​രി​ച്ച​പ്പോൾ നമ്മുടെ ചില സഹോ​ദ​ര​ങ്ങൾക്ക്‌ എന്തു പ്രയോ​ജനം കിട്ടി​യെ​ന്നും നമ്മൾ കാണും.

b 2015 ഫെബ്രു​വരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ (ഇംഗ്ലീഷ്‌) “കഠിനാ​ധ്വാ​നം ചെയ്യു​ന്ന​തിൽ സന്തോഷം കണ്ടെത്താൻ” എന്ന ലേഖനം കാണുക.

c 2005 ആഗസ്റ്റ്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “സന്തോഷം കണ്ടെത്താൻ ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാ​നാ​കും” എന്ന ലേഖനം കാണുക.

d ചിത്ര​ങ്ങ​ളു​ടെ വിവരണം: ഒരേ സഭയിൽത്ത​ന്നെ​യുള്ള ചെറു​പ്പ​ക്കാ​രായ രണ്ടു സഹോ​ദ​ര​ന്മാ​രാ​ണു ജോണും ടോമും. തന്റെ കാറ്‌ എപ്പോ​ഴും തൂത്തു​തു​ടച്ച്‌ പുത്തനാ​യി സൂക്ഷി​ക്കു​ന്ന​തി​ലാ​ണു ജോണി​ന്റെ ശ്രദ്ധ മുഴുവൻ. ടോം തന്റെ കാർ സഹോ​ദ​ര​ങ്ങളെ മീറ്റി​ങ്ങി​നും ശുശ്രൂ​ഷ​യ്‌ക്കും ഒക്കെ കൊണ്ടു​പോ​കാൻവേണ്ടി ഉപയോ​ഗി​ക്കു​ന്നു.

e ചിത്ര​ങ്ങ​ളു​ടെ വിവരണം: ജോൺ ഓവർടൈം ചെയ്യു​ക​യാണ്‌. ബോസി​നെ മുഷി​പ്പി​ക്കാൻ ആഗ്രഹ​മി​ല്ലാ​ത്ത​തു​കൊണ്ട്‌ അദ്ദേഹം എപ്പോൾ ആവശ്യ​പ്പെ​ട്ടാ​ലും ജോൺ അങ്ങനെ ചെയ്യാ​റുണ്ട്‌. അതേ ദിവസം വൈകു​ന്നേരം ഒരു ശുശ്രൂ​ഷാ​ദാ​സ​നായ ടോം ഒരു മൂപ്പ​ന്റെ​കൂ​ടെ ഇടയസ​ന്ദർശ​ന​ത്തി​നു പോകു​ന്നു. ചില വൈകു​ന്നേ​ര​ങ്ങ​ളിൽ ആരാധ​ന​യോ​ടു ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യേ​ണ്ട​തു​ള്ള​തു​കൊണ്ട്‌ ഓവർടൈം ചെയ്യാ​നാ​കി​ല്ലെന്നു ടോം നേര​ത്തേ​തന്നെ ബോസി​നോ​ടു പറഞ്ഞി​ട്ടുണ്ട്‌.

f ചിത്ര​ങ്ങ​ളു​ടെ വിവരണം: ജോണി​ന്റെ ശ്രദ്ധ മുഴുവൻ തന്നിൽത്ത​ന്നെ​യാണ്‌. ടോം സ്വന്തം കാര്യ​ങ്ങ​ളെ​ക്കാൾ ആത്മീയ​പ്ര​വർത്ത​ന​ങ്ങൾക്കു പ്രാധാ​ന്യം നൽകുന്നു. അങ്ങനെ ഒരു സമ്മേള​ന​ഹാൾ പുതു​ക്കി​പ്പ​ണി​യാൻ സഹായി​ക്കുന്ന ടോമിന്‌ ഒരുപാ​ടു കൂട്ടു​കാ​രെ കിട്ടുന്നു.