വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
2020 ജൂൺ ലക്കം വീക്ഷാഗോപുരത്തിലെ “അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ” എന്ന ലേഖനത്തിൽ യഹോവയുടെ പേരിനെയും പരമാധികാരത്തെയും കുറിച്ച് കൂടുതലായ എന്തു വിശദീകരണം നൽകി?
ആ ലേഖനത്തിൽ, ബുദ്ധിശക്തിയുള്ള എല്ലാ സൃഷ്ടികളും നേരിടുന്ന ഒറ്റയൊരു വിവാദവിഷയമേ ഉള്ളൂ എന്നു നമ്മൾ കണ്ടു: യഹോവയുടെ മഹനീയ നാമത്തിന്റെ വിശുദ്ധീകരണം! ആ വലിയ വിവാദവിഷയത്തിന്റെ ഒരു വശമാണ് യഹോവയുടെ പരമാധികാരത്തെക്കുറിച്ചുള്ള, അതായത് യഹോവയുടെ ഭരണവിധമാണോ ഏറ്റവും നല്ലത് എന്നതിനെക്കുറിച്ചുള്ള, തർക്കം. അതുപോലെതന്നെ ആ വലിയ വിവാദവിഷയത്തിന്റെ മറ്റൊരു വശമാണ് മനുഷ്യന്റെ വിശ്വസ്തതയെക്കുറിച്ചുള്ളതും.
ഏറ്റവും വലിയ വിവാദവിഷയം യഹോവയുടെ പേരിനെയും അതിന്റെ വിശുദ്ധീകരണത്തെയും കുറിച്ചുള്ളതാണെന്നു നമ്മൾ ഇപ്പോൾ പറയുന്നത് എന്തുകൊണ്ടാണ്? അതിന്റെ മൂന്നു കാരണം നോക്കാം.
ഒന്ന്, ഏദെൻ തോട്ടത്തിൽവെച്ച് സാത്താൻ കളങ്കപ്പെടുത്തിയത് യഹോവയുടെ സത്പേരാണ്. അവൻ വളരെ തന്ത്രപൂർവം ഹവ്വയോട് ഒരു ചോദ്യം ചോദിച്ചു. അതിലൂടെ തന്റെ പ്രജകളുടെ മേൽ അനാവശ്യമായ നിയന്ത്രണങ്ങൾ വെച്ചുകൊണ്ട് അവരിൽനിന്ന് നന്മ പിടിച്ചുവെക്കുന്ന ഒരു ദൈവമാണ് യഹോവയെന്നു സാത്താൻ വരുത്തിത്തീർത്തു. അതിനു ശേഷം യഹോവ പറഞ്ഞതിനു നേരേ വിപരീതമായ ഒരു കാര്യം സാത്താൻ ഹവ്വയോടു പറഞ്ഞു. അതിലൂടെ ഒരർഥത്തിൽ സാത്താൻ ദൈവത്തെ നുണയനെന്നു വിളിക്കുകയായിരുന്നു. അങ്ങനെ ദൈവത്തെക്കുറിച്ച് പരദൂഷണം പറഞ്ഞുകൊണ്ട് സാത്താൻ യഹോവയുടെ പേരിനു നിന്ദ വരുത്തുകയും അവൻ “പിശാച്” അഥവാ “പരദൂഷണം പറയുന്നവൻ” ആയിത്തീരുകയും ചെയ്തു. (യോഹ. 8:44) സാത്താൻ പറഞ്ഞ ആ നുണകളെല്ലാം വിശ്വസിച്ച ഹവ്വ, ദൈവത്തോട് അനുസരണക്കേടു കാണിച്ചുകൊണ്ട് യഹോവയുടെ പരമാധികാരത്തെ ധിക്കരിച്ചു. (ഉൽപ. 3:1-6) യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നതിലൂടെ സാത്താൻ ഇപ്പോഴും ദൈവനാമത്തെ നിന്ദിച്ചുകൊണ്ടാണിരിക്കുന്നത്. അത്തരം നുണകൾ വിശ്വസിക്കുന്ന ആളുകൾ യഹോവയോട് അനുസരണക്കേടു കാണിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടെല്ലാം, യഹോവയുടെ പരിശുദ്ധനാമത്തെ നിന്ദിക്കുന്നതിനെ ഏറ്റവും വലിയ അനീതിയായി ദൈവജനം കാണുന്നു. ഈ ലോകത്തിൽ കാണുന്ന എല്ലാ ദുരിതങ്ങളുടെയും ദുഷ്ടതയുടെയും പ്രധാന കാരണവും ഇതാണ്.
രണ്ട്, എല്ലാ സൃഷ്ടികളുടെയും പ്രയോജനത്തിനായി തന്റെ നാമത്തിന്മേൽ വന്നിരിക്കുന്ന മുഴുവൻ നിന്ദയും നീക്കാൻ യഹോവ ഉറച്ച തീരുമാനമെടുത്തിരിക്കുന്നു. യഹോവ ഏറ്റവും പ്രധാനപ്പെട്ടതായി കാണുന്ന കാര്യമാണ് അത്. അതുകൊണ്ടാണ് യഹോവ ഇങ്ങനെ പറയുന്നത്: “എന്റെ മഹനീയനാമത്തെ . . . ഞാൻ നിശ്ചയമായും വിശുദ്ധീകരിക്കും.” (യഹ. 36:23) ഇനി, യഹോവയുടെ എല്ലാ വിശ്വസ്തദാസരുടെയും പ്രാർഥനയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്തായിരിക്കണമെന്നു വ്യക്തമാക്കിക്കൊണ്ട് യേശു പറഞ്ഞതും, “അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ” എന്നാണ്. (മത്താ. 6:9) യഹോവയുടെ പേര് മഹത്ത്വപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബൈബിളിൽ പലയിടങ്ങളിലും എടുത്തുപറഞ്ഞിട്ടുണ്ട്. അതിന്റെ ചില ഉദാഹരണങ്ങളാണ് ഇവ: “യഹോവയ്ക്കു തിരുനാമത്തിനു ചേർന്ന മഹത്ത്വം നൽകുവിൻ.” (1 ദിന. 16:29; സങ്കീ. 96:8) “ദൈവത്തിന്റെ മഹനീയനാമത്തെ പാടി സ്തുതിക്കൂ!” (സങ്കീ. 66:2) “തിരുനാമം ഞാൻ എന്നെന്നും മഹത്ത്വപ്പെടുത്തും.” (സങ്കീ. 86:12) ഇനി, യഹോവ സ്വർഗത്തിൽനിന്ന് നേരിട്ട് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. അതു യരുശലേമിലെ ദേവാലയത്തിൽവെച്ചാണ്. അവിടെ യേശു യഹോവയോട് “പിതാവേ, അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തേണമേ,” എന്നു പ്രാർഥിച്ചപ്പോൾ അതിനു മറുപടിയായി യഹോവ ഇങ്ങനെ പറഞ്ഞു: “ഞാൻ അതു മഹത്ത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്ത്വപ്പെടുത്തും.”—യോഹ. 12:28. a
മൂന്ന്, യഹോവയുടെ ഉദ്ദേശ്യത്തിന് എന്നും തന്റെ സത്പേരുമായി ബന്ധമുണ്ടായിരിക്കും. ക്രിസ്തുവിന്റെ ആയിരംവർഷ ഭരണം കഴിഞ്ഞുള്ള അന്തിമപരിശോധനയ്ക്കു ശേഷം, ദൈവത്തിന്റെ ബുദ്ധിശക്തിയുള്ള സൃഷ്ടികൾക്കിടയിൽ യഹോവയുടെ പേരിന്റെ വിശുദ്ധീകരണം ഒരു വിവാദവിഷയമായി തുടരുമോ? അതു മനസ്സിലാക്കാൻ ദൈവനാമത്തിന്റെ
വിശുദ്ധീകരണവുമായി ബന്ധപ്പെട്ട മറ്റു രണ്ടു കാര്യങ്ങൾ നോക്കാം. മനുഷ്യന്റെ വിശ്വസ്തതയും യഹോവയുടെ പരമാധികാരവും. യഹോവയോടുള്ള തങ്ങളുടെ വിശ്വസ്തത തെളിയിച്ച മനുഷ്യർക്കു തുടർന്നും വിശ്വസ്തതയുടെ പരിശോധന നേരിടേണ്ടി വരുമോ? ഇല്ല. ആ സമയമാകുമ്പോഴേക്കും അവർ പൂർണരും എല്ലാ വിധത്തിലും പരീക്ഷിക്കപ്പെട്ടവരും ആയിരിക്കും. അവർക്ക് അപ്പോൾ നിത്യജീവൻ ലഭിച്ചിരിക്കും. അതിനു ശേഷം ദൈവത്തിന്റെ ബുദ്ധിശക്തിയുള്ള സൃഷ്ടികൾക്കിടയിൽ യഹോവയുടെ പരമാധികാരം ഒരു തർക്കവിഷയമാകുമോ? ഇല്ല. കാരണം അപ്പോഴേക്കും യഹോവയുടെ ഭരണമാണ് ഏറ്റവും നല്ലതെന്നും പരമാധികാരിയായിരിക്കാൻ യോഗ്യൻ യഹോവ മാത്രമാണെന്നും ഉള്ള വസ്തുത എന്നേക്കുമായി തെളിയിക്കപ്പെട്ടിരിക്കും. എന്നാൽ യഹോവയുടെ പേരിന്റെ കാര്യമോ?ആ സമയമാകുമ്പോഴേക്കും യഹോവയെക്കുറിച്ചുള്ള സത്യം എല്ലാവർക്കും ബോധ്യമായിരിക്കും. അങ്ങനെ ദൈവനാമത്തിന്മേൽ വന്നിരിക്കുന്ന എല്ലാ നിന്ദയും നീങ്ങി ആ പേര് വിശുദ്ധീകരിക്കപ്പെട്ടിരിക്കും. എങ്കിലും സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാ ദാസന്മാരുടെയും കാര്യത്തിൽ തുടർന്നും ആ പേരിനു വലിയൊരു പ്രാധാന്യമുണ്ടായിരിക്കും. കാരണം, യഹോവ അപ്പോഴും അത്ഭുതകാര്യങ്ങൾ പ്രവർത്തിക്കുന്നുണ്ടാകും. ഉദാഹരണത്തിന്, യേശു താഴ്മയോടെ ഭരണം പിതാവായ ദൈവത്തെ ഏൽപ്പിക്കുന്നതുകൊണ്ട് ‘ദൈവം എല്ലാവർക്കും എല്ലാമാകും.’ (1 കൊരി. 15:28) മാത്രമല്ല തുടർന്ന് ഭൂമിയിലുള്ള മനുഷ്യരെല്ലാം “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” നേടിയ സന്തോഷത്തിലായിരിക്കും. (റോമ. 8:21) കൂടാതെ, സ്വർഗത്തിലെയും ഭൂമിയിലെയും ബുദ്ധിശക്തിയുള്ള എല്ലാ സൃഷ്ടികളെയും ഐക്യത്തിൽ ഒറ്റ കുടുംബത്തിന്റെ ഭാഗമാക്കുക എന്ന യഹോവയുടെ ഉദ്ദേശ്യവും പൂർണമായി നിറവേറും.—എഫെ. 1:10.
ഇതൊക്കെ നടന്നുകഴിയുമ്പോൾ യഹോവയുടെ, സ്വർഗത്തിലും ഭൂമിയിലും ഉള്ള കുടുംബത്തിന് എന്തായിരിക്കും തോന്നുക? യഹോവയുടെ മഹനീയനാമത്തെ തുടർന്നും സ്തുതിക്കാനുള്ള ശക്തമായ ആഗ്രഹം നമുക്ക് അപ്പോഴുമുണ്ടായിരിക്കും. സങ്കീർത്തനക്കാരനായ ദാവീദ് ദൈവപ്രചോദിതനായി ഇങ്ങനെ എഴുതി: “ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ; . . . ദൈവത്തിന്റെ മഹനീയനാമം എന്നെന്നും വാഴ്ത്തപ്പെടട്ടെ.” (സങ്കീ. 72:18, 19) നിത്യതയിലെല്ലാം അങ്ങനെ ചെയ്യാൻ നമുക്ക് ഇനിയും കൂടുതൽ കാരണങ്ങളുണ്ടായിരിക്കും.
യഹോവയുടെ പേര്, ദൈവം ശരിക്കും എങ്ങനെയുള്ള വ്യക്തിയാണെന്നു വെളിപ്പെടുത്തുന്നു. ആ പേരിനെക്കുറിച്ച് ചിന്തിക്കുമ്പോൾ പ്രധാനമായും നമ്മുടെ മനസ്സിലേക്കു വരുന്നതു ദൈവത്തിന്റെ സ്നേഹമാണ്. (1 യോഹ. 4:8) യഹോവ നമ്മളെ സൃഷ്ടിച്ചതിന്റെയും മോചനവില നൽകിയതിന്റെയും നീതിയോടെ ഭരിക്കുന്നതിന്റെയും അടിസ്ഥാനം സ്നേഹമാണെന്നു നമ്മൾ എപ്പോഴും ഓർക്കും. എന്നാൽ അതിനു പുറമേ, യഹോവ നമ്മളോടു സ്നേഹം കാണിക്കുന്നതിന്റെ ധാരാളം തെളിവുകൾ നമ്മൾ എന്നെന്നും കാണുകയും ചെയ്യും. അങ്ങനെ നിത്യതയിലെങ്ങും നമ്മുടെ പിതാവായ യഹോവയോടു കൂടുതൽ അടുക്കാനും ദൈവത്തിന്റെ മഹനീയനാമത്തെ സ്തുതിക്കാനും നമ്മൾ പ്രേരിതരാകും.—സങ്കീ. 73:28.