പഠനലേഖനം 5
“ക്രിസ്തുവിന്റെ സ്നേഹമാണു ഞങ്ങളെ നിർബന്ധിക്കുന്നത്”
“ക്രിസ്തുവിന്റെ സ്നേഹമാണു ഞങ്ങളെ നിർബന്ധിക്കുന്നത്. . . . ക്രിസ്തു എല്ലാവർക്കുംവേണ്ടി മരിച്ചതുകൊണ്ട് ജീവിക്കുന്നവർ ഇനി തങ്ങൾക്കുവേണ്ടിയല്ല, തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർപ്പിക്കപ്പെട്ടവനുവേണ്ടി ജീവിക്കണം.”—2 കൊരി. 5:14, 15.
ഗീതം 13 നമ്മുടെ മാതൃകാപുരുഷൻ, ക്രിസ്തു
ചുരുക്കം a
1-2. (എ) യേശുവിന്റെ ജീവിതത്തെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും ആഴത്തിൽ ചിന്തിക്കുമ്പോൾ എന്തൊക്കെ വികാരങ്ങളാണു നമുക്ക് അനുഭവപ്പെടുന്നത്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
പ്രിയപ്പെട്ടവരുടെ മരണം നമ്മളെ ഒരുപാടു വേദനിപ്പിക്കുന്നു. ഒരുപാടു ദുരിതമൊക്കെ അനുഭവിച്ചാണു അവർ മരിച്ചതെങ്കിൽ ആ ദിവസങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യമൊക്കെ വല്ലാത്ത വേദനയായിരിക്കും. എന്നാൽ കുറച്ച് നാൾ കഴിയുമ്പോൾ, അവർ പഠിപ്പിച്ചതോ അല്ലെങ്കിൽ നമ്മളെ ധൈര്യപ്പെടുത്താനോ ചിരിപ്പിക്കാനോ വേണ്ടി പറഞ്ഞതോ ചെയ്തതോ ആയ ഏതെങ്കിലും കാര്യത്തെക്കുറിച്ച് ഓർക്കുമ്പോൾ നമുക്കു സന്തോഷം തോന്നിയേക്കാം.
2 ഇതുപോലെതന്നെ യേശു കഷ്ടതകൾ സഹിച്ച് മരിച്ചതിനെക്കുറിച്ച് വായിക്കുമ്പോൾ നമുക്കു സങ്കടം തോന്നും. യേശു തന്റെ ജീവൻ ഒരു ബലിയായി നൽകിയതിനെക്കുറിച്ച് സ്മാരകകാലത്ത് നമ്മൾ ഒരുപാടു ചിന്തിക്കുമല്ലോ. (1 കൊരി. 11:24, 25) എങ്കിലും യേശു ഭൂമിയിലായിരുന്നപ്പോൾ പറഞ്ഞതും ചെയ്തതും ആയ കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുമ്പോൾ നമുക്കു സന്തോഷം തോന്നും. കൂടാതെ, ഇപ്പോൾ യേശു ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളും ഭാവിയിൽ നമുക്കുവേണ്ടി ചെയ്യാൻപോകുന്ന കാര്യങ്ങളും ആലോചിക്കുന്നതു നമുക്കു പ്രോത്സാഹനം പകരും. ഇക്കാര്യങ്ങളെക്കുറിച്ചും യേശുവിനു നമ്മളോടുള്ള സ്നേഹത്തെക്കുറിച്ചും ചിന്തിക്കുന്നതു നന്ദിയുള്ളവരായിരിക്കാൻ നമ്മളെ പ്രേരിപ്പിക്കും. നമുക്ക് എങ്ങനെ പ്രായോഗികമായ വിധത്തിൽ അതു ചെയ്യാം എന്നാണ് ഈ ലേഖനത്തിൽ പഠിക്കാൻപോകുന്നത്.
യേശുവിനോടുള്ള നന്ദി യേശുവിനെ അനുഗമിക്കാൻ പ്രേരിപ്പിക്കുന്നു
3. യേശു തന്റെ ജീവൻ മോചനവിലയായി നൽകിയതിനു നന്ദി തോന്നാൻ നമുക്ക് എന്തൊക്കെ കാരണങ്ങളുണ്ട്?
3 യേശുവിന്റെ ജീവിതത്തെയും മരണത്തെയും കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ ഉള്ളിൽ വിലമതിപ്പു നിറയും. ഭൂമിയിലെ തന്റെ ശുശ്രൂഷയുടെ സമയത്ത് യേശു ദൈവരാജ്യത്തിലൂടെ കിട്ടാൻപോകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ആളുകളെ പഠിപ്പിച്ചു. ആ സത്യങ്ങൾ നമുക്ക് വളരെ വിലപ്പെട്ടതാണ്. കാരണം, യേശു തന്റെ ജീവൻ മോചനവിലയായി നൽകിയതുകൊണ്ട് യഹോവയോടും യേശുവിനോടും ഒരു അടുത്ത സൗഹൃദത്തിലേക്കു വരാൻ നമുക്കു കഴിയുന്നു. കൂടാതെ, യേശുവിൽ വിശ്വാസം അർപ്പിക്കുന്നവർക്കു നിത്യം ജീവിക്കാനും മരിച്ചുപോയ പ്രിയപ്പെട്ടവരെ വീണ്ടും കാണാനും ഉള്ള അവസരവുമുണ്ട്. (യോഹ. 5:28, 29; റോമ. 6:23) ഈ അനുഗ്രഹങ്ങളൊക്കെ കിട്ടാൻ നമ്മൾ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. മാത്രമല്ല ഇവയ്ക്കെല്ലാം പകരമായി യഹോവയ്ക്കും യേശുവിനും എന്തെങ്കിലും നൽകാനും നമുക്കാകില്ല. (റോമ. 5:8, 20, 21) എങ്കിലും എത്ര നന്ദിയുള്ളവരാണെന്നു നമുക്കു കാണിക്കാനാകും. എങ്ങനെ?
4. യേശു തനിക്കുവേണ്ടി ചെയ്ത കാര്യങ്ങൾക്കു നന്ദിയുള്ളവളാണെന്നു മഗ്ദലക്കാരി മറിയ തെളിയിച്ചത് എങ്ങനെയാണ്? (ചിത്രം കാണുക.)
4 ഒരു ജൂതസ്ത്രീയായിരുന്ന മഗ്ദലക്കാരി മറിയയുടെ കാര്യം നോക്കാം. ഏഴു ഭൂതങ്ങളുടെ ഉപദ്രവമുണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നു അവർ. അതിൽനിന്ന് തന്നെ മോചിപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് ഒരുപക്ഷേ മറിയ ചിന്തിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഭൂതങ്ങളുടെ പിടിയിൽനിന്ന് യേശു മറിയയെ മോചിപ്പിച്ചപ്പോൾ അവർക്കു യേശുവിനോട് എത്ര നന്ദി തോന്നിക്കാണും! ആ നന്ദി ക്രിസ്തുശിഷ്യയായിത്തീരാനും തന്റെ സമയവും ഊർജവും വസ്തുവകകളും ഒക്കെ യേശുവിനുവേണ്ടി ഉപയോഗിക്കാനും മറിയയെ പ്രേരിപ്പിച്ചു. (ലൂക്കോ. 8:1-3) എങ്കിലും യേശു തരാനിരിക്കുന്ന ഏറ്റവും വലിയ സമ്മാനത്തെക്കുറിച്ച് ഒരുപക്ഷേ ആ സമയത്ത് മറിയയ്ക്ക് അറിയില്ലായിരുന്നു. ‘തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും’ നിത്യജീവൻ കിട്ടാനായി യേശു തന്റെ ജീവൻ ബലിയായി നൽകാനിരിക്കുകയായിരുന്നു. (യോഹ. 3:16) അത്രയൊന്നും അറിയില്ലായിരുന്നെങ്കിലും യേശുവിനോടു വിശ്വസ്തയായിരുന്നുകൊണ്ട് നന്ദിയുള്ളവളാണെന്നു മറിയ തെളിയിച്ചു. യേശു ദണ്ഡനസ്തംഭത്തിൽ വേദന അനുഭവിക്കുന്ന സമയത്ത് യേശുവിനും മറ്റുള്ളവർക്കും ആശ്വാസം പകർന്നുകൊണ്ട് മറിയ അവരുടെ അരികത്തുണ്ടായിരുന്നു. (യോഹ. 19:25) ഇനി, യേശുവിന്റെ മരണശേഷം മറിയയും മറ്റു രണ്ടു സ്ത്രീകളുമാണു യേശുവിന്റെ ശവസംസ്കാരത്തിനുവേണ്ടി സുഗന്ധവ്യഞ്ജനങ്ങളുമായി കല്ലറയുടെ അടുത്ത് എത്തിയത്. (മർക്കോ. 16:1, 2) യേശുവിനോടു വിശ്വസ്തയായിരുന്ന മറിയയ്ക്ക് അപ്രതീക്ഷിതമായി ഒരു അനുഗ്രഹം കിട്ടി, പുനരുത്ഥാനപ്പെട്ട യേശുവിനെ നേരിൽ കാണാനും സംസാരിക്കാനും ഉള്ള അവസരം. മറ്റു പല ശിഷ്യന്മാർക്കും കിട്ടാതിരുന്ന ഒരു അനുഗ്രഹമായിരുന്നു അത്.—യോഹ. 20:11-18.
5. യഹോവയും യേശുവും ചെയ്ത കാര്യങ്ങൾക്കു നന്ദിയുള്ളവരാണെന്നു നമുക്ക് എങ്ങനെ തെളിയിക്കാം?
5 യഹോവയും യേശുവും ചെയ്ത കാര്യങ്ങൾക്കു നന്ദിയുള്ളവരാണെന്നു നമുക്കും തെളിയിക്കാം. എങ്ങനെ? നമ്മുടെ സമയവും ഊർജവും വസ്തുവകകളും ദൈവരാജ്യപ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിച്ചുകൊണ്ട്. അതിനുള്ള ഒരു വിധമാണ് യഹോവയെ ആരാധിക്കാൻവേണ്ടി ഉപയോഗിക്കുന്ന കെട്ടിടങ്ങൾ പണിയുകയും പരിപാലിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്.
യഹോവയോടും യേശുവിനോടും ഉള്ള സ്നേഹം മറ്റുള്ളവരെ സ്നേഹിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു
6. മോചനവില നമുക്ക് ഓരോരുത്തർക്കുംവേണ്ടിയുള്ള ഒരു സമ്മാനമാണെന്നു പറയാനാകുന്നത് എന്തുകൊണ്ട്?
6 യഹോവയും യേശുവും നമ്മളെ എത്രമാത്രം സ്നേഹിക്കുന്നെന്നു ചിന്തിക്കുമ്പോൾ അവരെ തിരിച്ച് സ്നേഹിക്കാൻ നമ്മൾ പ്രേരിതരാകുന്നു. (1 യോഹ. 4:10, 19) യേശു മരിച്ചതു നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണെന്ന് ഓർക്കുമ്പോൾ ആ സ്നേഹം കൂടുതൽ ശക്തമാകും. യേശുവിന്റെ മോചനവില തനിക്കുവേണ്ടി നൽകിയ ഒരു സമ്മാനമാണെന്നു പൗലോസ് തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്തു. ഗലാത്യയിലുള്ളവർക്ക് എഴുതിയപ്പോൾ യേശുവിനെക്കുറിച്ച്, ‘എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്ത ദൈവപുത്രൻ’ എന്നു പറഞ്ഞതിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം. (ഗലാ. 2:20) നിങ്ങൾക്ക് യഹോവയുടെ സുഹൃത്തായിരിക്കാൻ കഴിയേണ്ടതിന്, മോചനവിലയുടെ അടിസ്ഥാനത്തിൽ യഹോവ നിങ്ങളെ തന്നിലേക്ക് ആകർഷിച്ചു. (യോഹ. 6:44) യഹോവ നിങ്ങളിലെ നന്മ കാണുകയും നിങ്ങളെ തന്റെ സുഹൃത്താക്കാൻവേണ്ടി ഏറ്റവും വലിയ വിലതന്നെ കൊടുക്കുകയും ചെയ്തെന്നു ചിന്തിക്കുമ്പോൾ നിങ്ങൾക്കു സന്തോഷം തോന്നുന്നില്ലേ? അത് യഹോവയോടും യേശുവിനോടും ഉള്ള നിങ്ങളുടെ സ്നേഹം കൂടുതൽ ശക്തമാക്കുന്നില്ലേ? അതുകൊണ്ട് നമുക്ക് ഓരോരുത്തർക്കും ഇങ്ങനെ ചോദിക്കാം: ‘ആ സ്നേഹം എന്തു ചെയ്യാൻ എന്നെ പ്രേരിപ്പിക്കണം?’
7. ചിത്രത്തിൽ കാണുന്നതുപോലെ, യഹോവയോടും യേശുവിനോടും ഉള്ള സ്നേഹം നമുക്ക് എങ്ങനെ കാണിക്കാം? (2 കൊരിന്ത്യർ 5:14, 15; 6:1, 2)
7 യഹോവയോടും യേശുവിനോടും ഉള്ള സ്നേഹം മറ്റുള്ളവരെ സ്നേഹിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. (2 കൊരിന്ത്യർ 5:14, 15; 6:1, 2 വായിക്കുക.) ആ സ്നേഹം പ്രവൃത്തിയിലൂടെ കാണിക്കാനാകുന്ന ഒരു വിധം, പ്രസംഗപ്രവർത്തനത്തിൽ തീക്ഷ്ണതയോടെ പങ്കെടുക്കുന്നതാണ്. ശുശ്രൂഷയിലായിരിക്കുമ്പോൾ കണ്ടുമുട്ടുന്ന എല്ലാവരോടും നമ്മൾ സംസാരിക്കും. അവരുടെ വംശം ഏതാണെന്നോ സാമ്പത്തികനില എങ്ങനെയുള്ളതാണെന്നോ സമൂഹത്തിൽ അവർക്കുള്ള സ്ഥാനം എന്താണെന്നോ നമ്മൾ നോക്കാറില്ല. അങ്ങനെ ചെയ്യുമ്പോൾ നമ്മൾ യഹോവയുടെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയാണ്. കാരണം “എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണമെന്നും അവർ സത്യത്തിന്റെ ശരിയായ അറിവ് നേടണമെന്നും ആണ് ദൈവം ആഗ്രഹിക്കുന്നത്.”—1 തിമൊ. 2:4.
8. നമുക്ക് എങ്ങനെയെല്ലാം സഹോദരങ്ങളോടുള്ള സ്നേഹം തെളിയിക്കാം?
8 സഹോദരങ്ങളെ സ്നേഹിച്ചുകൊണ്ടും യഹോവയോടും യേശുവിനോടും ഉള്ള സ്നേഹം നമുക്കു തെളിയിക്കാവുന്നതാണ്. (1 യോഹ. 4:21) സഹോദരങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് ചിന്തയുള്ളവരായിരുന്നുകൊണ്ടും അവർ ബുദ്ധിമുട്ടിലായിരിക്കുമ്പോൾ അവരെ സഹായിച്ചുകൊണ്ടും നമുക്ക് അതു ചെയ്യാനാകും. ഉദാഹരണത്തിന്, അവരുടെ പ്രിയപ്പെട്ട ആരെങ്കിലും മരിക്കുമ്പോൾ നമുക്ക് അവരെ ആശ്വസിപ്പിക്കാം. ആരെങ്കിലും രോഗികളാകുമ്പോൾ ചെന്നു കാണാം. ഇനി, നിരാശപ്പെട്ടിരിക്കുന്നവരെ പ്രോത്സാഹിപ്പിക്കാം. (2 കൊരി. 1:3-7; 1 തെസ്സ. 5:11, 14) കൂടാതെ, സഹോദരങ്ങൾക്കുവേണ്ടി എപ്പോഴും പ്രാർഥിക്കുന്നതിലൂടെയും നമ്മൾ ആ സ്നേഹം തെളിയിക്കുകയാണ്. ‘നീതിമാന്റെ ഉള്ളുരുകിയുള്ള പ്രാർഥനയ്ക്കു വലിയ ശക്തിയുണ്ടെന്ന്’ നമുക്ക് അറിയാം.—യാക്കോ. 5:16.
9. സഹോദരങ്ങളോടുള്ള സ്നേഹം കാണിക്കാനാകുന്ന മറ്റൊരു വിധം ഏതാണ്?
9 സഹോദരങ്ങളോടു സമാധാനത്തിലായിരിക്കാൻ നല്ല ശ്രമം ചെയ്യുന്നതിലൂടെയും നമുക്ക് അവരോടു സ്നേഹം കാണിക്കാം. അങ്ങനെ ചെയ്യുമ്പോൾ ക്ഷമിക്കുന്ന കാര്യത്തിൽ യഹോവ വെച്ചിരിക്കുന്ന മാതൃക നമ്മൾ അനുകരിക്കുകയായിരിക്കും. നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കാൻ തന്റെ പ്രിയ മകനെ യഹോവ വിട്ടുതന്നെങ്കിൽ, സഹോദരങ്ങൾ നമ്മളോടു ചെയ്യുന്ന തെറ്റുകൾ ക്ഷമിക്കാൻ നമ്മൾ എത്രയധികം തയ്യാറാകേണ്ടതാണ്. യേശുവിന്റെ ഉപമയിലെ ദുഷ്ടനായ അടിമയെപ്പോലെയായിരിക്കാൻ നമ്മൾ ആരും ആഗ്രഹിക്കുന്നില്ല. യജമാനൻ ആ അടിമയുടെ വലിയൊരു കടം എഴുതിത്തള്ളിയെങ്കിലും തനിക്കു വളരെ ചെറിയൊരു തുക തരാനുണ്ടായിരുന്ന സഹയടിമയോടു ക്ഷമിക്കാൻ അയാൾ തയ്യാറായില്ല. (മത്താ. 18:23-35) വെറും തെറ്റിദ്ധാരണയുടെ പേരിൽ സഭയിൽ ആരെങ്കിലുമായി ഒരു പ്രശ്നമുണ്ടെങ്കിൽ അതു പരിഹരിക്കാൻ സ്മാരകത്തിനു മുമ്പുതന്നെ നിങ്ങൾക്കു ശ്രമിക്കാനാകുമോ? (മത്താ. 5:23, 24) അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ യഹോവയോടും യേശുവിനോടും ഉള്ള സ്നേഹം തെളിയിക്കുകയാണ്.
10-11. യഹോവയെയും യേശുവിനെയും സ്നേഹിക്കുന്നെന്നു മൂപ്പന്മാർക്ക് എങ്ങനെയെല്ലാം തെളിയിക്കാം? (1 പത്രോസ് 5:1, 2)
10 യഹോവയെയും യേശുവിനെയും സ്നേഹിക്കുന്നെന്നു മൂപ്പന്മാർക്ക് എങ്ങനെ തെളിയിക്കാം? അതിനുള്ള ഒരു പ്രധാനവിധം, ക്രിസ്തുവിന്റെ ആടുകളെ പരിപാലിക്കുന്നതാണ്. (1 പത്രോസ് 5:1, 2 വായിക്കുക.) പത്രോസിനോടുള്ള യേശുവിന്റെ വാക്കുകൾ അതാണു കാണിക്കുന്നത്. പത്രോസ് യേശുവിനെ മൂന്നു തവണ തള്ളിപ്പറഞ്ഞിരുന്നു. അതുകൊണ്ട് യേശുവിനെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നു തെളിയിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അപ്പോഴാണു പുനരുത്ഥാനപ്പെട്ട യേശു പത്രോസിനോട്, “യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്നു ചോദിക്കുന്നത്. യജമാനനോടുള്ള തന്റെ സ്നേഹം തെളിയിക്കാൻ എന്തും ചെയ്യാൻ അദ്ദേഹം ഒരുക്കമായിരുന്നു. യേശു പത്രോസിനോടു പറഞ്ഞു: “എന്റെ കുഞ്ഞാടുകളെ മേയ്ക്കുക.” (യോഹ. 21:15-17) തുടർന്നുള്ള തന്റെ ജീവിതത്തിൽ പത്രോസ് അതുതന്നെയാണു ചെയ്തത്. കർത്താവിന്റെ ആടുകളെ സ്നേഹത്തോടെ പരിപാലിച്ചുകൊണ്ട് യേശുവിനോടുള്ള സ്നേഹം അദ്ദേഹം തെളിയിച്ചു.
11 മൂപ്പന്മാരേ, പത്രോസിനോടുള്ള യേശുവിന്റെ വാക്കുകളുടെ പ്രാധാന്യം മനസ്സിലാക്കുന്നുണ്ടെന്ന് ഈ സ്മാരകകാലത്ത് നിങ്ങൾക്ക് എങ്ങനെ തെളിയിക്കാം? സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാൻ സമയം ചെലവഴിച്ചുകൊണ്ടും യഹോവയിലേക്കു മടങ്ങിവരുന്നതിനു നിഷ്ക്രിയരായവരെ സഹായിക്കാൻ പ്രത്യേകശ്രമം ചെയ്തുകൊണ്ടും യേശുവിനോടും യഹോവയോടും ഉള്ള സ്നേഹം നിങ്ങൾക്കു തെളിയിക്കാനാകും. (യഹ. 34:11, 12) കൂടാതെ, ബൈബിൾവിദ്യാർഥികളെയും സ്മാരകത്തിനു വരുന്ന പുതിയവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുക. ഭാവിയിൽ അവർ ക്രിസ്തുശിഷ്യരായിത്തീരും എന്ന ചിന്തയോടെ അവരോട് ഇടപെടുക.
യേശുവിനോടുള്ള സ്നേഹം ധൈര്യമുള്ളവരായിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു
12. മരണത്തിന്റെ തലേരാത്രി യേശു പറഞ്ഞ വാക്കുകൾ നമുക്കു ധൈര്യം പകരുന്നത് എങ്ങനെ? (യോഹന്നാൻ 16:32, 33)
12 മരണത്തിന്റെ തലേരാത്രി യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “ഈ ലോകത്തിൽ നിങ്ങൾക്കു കഷ്ടതകളുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു.” (യോഹന്നാൻ 16:32, 33 വായിക്കുക.) ധൈര്യത്തോടെ ശത്രുക്കളെ നേരിടാനും മരണത്തോളം വിശ്വസ്തനായിരിക്കാനും യേശുവിനെ സഹായിച്ചത് എന്താണ്? യേശു യഹോവയിൽ ആശ്രയിച്ചു. തന്റെ അനുഗാമികൾക്കും ഇതുപോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നു യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് യേശു യഹോവയോട്, “അവരെ കാത്തുകൊള്ളേണമേ” എന്ന് അപേക്ഷിച്ചു. (യോഹ. 17:11) ഈ കാര്യങ്ങൾ നമുക്കു ധൈര്യം തരുന്നുണ്ടോ? ഉണ്ട്. കാരണം നമ്മുടെ നേരെ വന്നേക്കാവുന്ന ഏതു ശത്രുവിനെക്കാളും വളരെ ശക്തനാണ് യഹോവ. (1 യോഹ. 4:4) നമുക്ക് എന്തു പ്രശ്നം ഉണ്ടായാലും അതെല്ലാം യഹോവ കാണുന്നുണ്ട്. നമ്മൾ യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ പേടിയെ മറികടക്കാനും ധൈര്യം കാണിക്കാനും യഹോവ സഹായിക്കുമെന്നു നമുക്ക് ഉറപ്പുണ്ട്.
13. അരിമഥ്യക്കാരനായ യോസേഫ് ധൈര്യം കാണിച്ചത് എങ്ങനെ?
13 അരിമഥ്യക്കാരനായ യോസേഫിന്റെ കാര്യം നോക്കാം. ജൂതന്മാരുടെ പരമോന്നത കോടതിയായിരുന്ന സൻഹെദ്രിനിൽ ഒരു അംഗമായിരുന്ന അദ്ദേഹത്തിനു സമൂഹത്തിൽ വലിയ നിലയും വിലയും ഉണ്ടായിരുന്നു. യോസേഫ് ക്രിസ്തുവിന്റെ ഒരു ശിഷ്യനായിത്തീർന്നിരുന്നെങ്കിലും അതു മറ്റുള്ളവരെ അറിയിക്കാനുള്ള ധൈര്യമില്ലായിരുന്നു. ‘അദ്ദേഹം ജൂതന്മാരെ പേടിച്ച് യേശുവിന്റെ ഒരു രഹസ്യശിഷ്യനായി കഴിഞ്ഞിരുന്നു’ എന്നാണു യോഹന്നാൻ പറയുന്നത്. (യോഹ. 19:38) സമൂഹത്തിൽ തനിക്കുള്ള ആദരവ് നഷ്ടപ്പെടുമോ എന്നു പേടിച്ചിട്ടായിരിക്കാം അദ്ദേഹം അങ്ങനെ ചെയ്തത്. എന്തുതന്നെയായിരുന്നാലും യേശുവിന്റെ മരണശേഷം “യോസേഫ് ധൈര്യപൂർവം പീലാത്തൊസിന്റെ അടുത്ത് ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു.” (മർക്കോ. 15:42, 43) താൻ യേശുവിന്റെ ഒരു ശിഷ്യനായിത്തീർന്നിരുന്നെന്ന കാര്യം പിന്നെ യോസേഫ് മറച്ചുവെച്ചില്ല.
14. മറ്റുള്ളവർ എന്തു ചിന്തിക്കും എന്നോർത്ത് പേടി തോന്നുമ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാം?
14 യോസേഫിനെപ്പോലെ നിങ്ങൾക്ക് എപ്പോഴെങ്കിലും പേടി തോന്നിയിട്ടുണ്ടോ? സ്കൂളിലോ ജോലിസ്ഥലത്തോ ഒരു യഹോവയുടെ സാക്ഷിയാണെന്നു പറയാൻ ചിലപ്പോഴെങ്കിലും നാണക്കേടു തോന്നാറുണ്ടോ? മറ്റുള്ളവർ എന്തു ചിന്തിക്കുമെന്ന പേടി കാരണം ഒരു പ്രചാരകനാകാനോ സ്നാനപ്പെടാനോ ഉള്ള തീരുമാനം നിങ്ങൾ നീട്ടിവെക്കുകയാണോ? അത്തരം ചിന്തകൾ, ശരിയാണെന്നു നിങ്ങൾക്കു ബോധ്യമുള്ള കാര്യങ്ങൾ ചെയ്യുന്നതിന് ഒരു തടസ്സമാകരുത്. പകരം യഹോവയോട് ആത്മാർഥമായി പ്രാർഥിക്കുക. ദൈവത്തിന്റെ ഇഷ്ടം ചെയ്യാനുള്ള ധൈര്യം തരേണമേ എന്ന് അപേക്ഷിക്കുക. യഹോവ എങ്ങനെയെല്ലാമാണു നിങ്ങളുടെ പ്രാർഥനയ്ക്ക് ഉത്തരം തരുന്നതെന്നു കാണുമ്പോൾ നിങ്ങൾ കൂടുതൽ ധൈര്യവും മനക്കരുത്തും ഉള്ളവരാകും.—യശ. 41:10, 13.
മടുത്തുപോകാതെ യഹോവയെ സേവിക്കാൻ സന്തോഷം പ്രേരിപ്പിക്കുന്നു
15. യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടശേഷം അവർക്കുണ്ടായ സന്തോഷം എന്തു ചെയ്യാൻ അവരെ പ്രേരിപ്പിച്ചു? (ലൂക്കോസ് 24:52, 53)
15 യേശു മരിച്ചപ്പോൾ ശിഷ്യന്മാർ ആകെ സങ്കടത്തിലായി. അവരുടെ സാഹചര്യം ഒന്നു ചിന്തിക്കുക. ഏറ്റവും അടുത്ത സുഹൃത്തിനെ അവർക്കു നഷ്ടപ്പെട്ടിരിക്കുകയാണ്. മുന്നോട്ടു നോക്കുമ്പോൾ യാതൊരു പ്രതീക്ഷയ്ക്കും വകയില്ലാത്തതുപോലെ അവർക്കു തോന്നിയിരിക്കാം. (ലൂക്കോ. 24:17-21) എങ്കിലും പുനരുത്ഥാനപ്പെട്ട യേശു തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ബൈബിൾപ്രവചനങ്ങളുടെ നിവൃത്തിയായിരുന്നെന്നു മനസ്സിലാക്കാൻ അവരെ സഹായിച്ചു. അവരെ വലിയൊരു ഉത്തരവാദിത്വം ഏൽപ്പിക്കുകയും ചെയ്തു. (ലൂക്കോ. 24:26, 27, 45-48) 40 ദിവസത്തിനു ശേഷം യേശു സ്വർഗാരോഹണം ചെയ്യുന്ന സമയമായപ്പോഴേക്കും അവരുടെ സങ്കടം സന്തോഷത്തിനു വഴിമാറിയിട്ടുണ്ടായിരുന്നു. യജമാനൻ ജീവനോടെയിരിക്കുന്നെന്നും അവരെ ഏൽപ്പിച്ച പുതിയ ഉത്തരവാദിത്വം ചെയ്യാൻ വേണ്ട സഹായം നൽകുമെന്നും ഉള്ള അറിവ് അവരെ സന്തോഷിപ്പിച്ചു. ആ സന്തോഷം യഹോവയെ സേവിക്കുന്നതിൽ മടുത്തുപോകാതെ തുടരാൻ അവരെ സഹായിച്ചു.—ലൂക്കോസ് 24:52, 53 വായിക്കുക; പ്രവൃ. 5:42.
16. നമുക്ക് എങ്ങനെ യേശുവിന്റെ ശിഷ്യന്മാരെ അനുകരിക്കാം?
16 നമുക്ക് എങ്ങനെ യേശുവിന്റെ ശിഷ്യന്മാരെ അനുകരിക്കാം? ദൈവരാജ്യത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകിക്കൊണ്ട് നമുക്ക് അതു ചെയ്യാവുന്നതാണ്. സ്മാരകകാലത്ത് മാത്രമല്ല വർഷത്തിലുടനീളം യഹോവയെ സേവിക്കുന്നതിൽ നമുക്കു സന്തോഷം കണ്ടെത്താം. നമുക്ക് അത് എങ്ങനെ ചെയ്യാം? അതിനായി ചിലർ തങ്ങളുടെ ജോലിസമയത്തിനു ചില മാറ്റം വരുത്തിയിരിക്കുന്നു. അങ്ങനെ പതിവായി ശുശ്രൂഷയിൽ ഏർപ്പെടാനും മീറ്റിങ്ങുകൾക്കു ഹാജരാകാനും കുടുംബാരാധനയിൽ പങ്കുപറ്റാനും അവർക്കു കഴിയുന്നു. ഇനി, മറ്റു ചിലർ സഭയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനോ പ്രചാരകരുടെ ആവശ്യം കൂടുതൽ ഉള്ളിടത്ത് പോയി പ്രവർത്തിക്കാനോ തയ്യാറായിരിക്കുന്നു. അതിനുവേണ്ടി, പൊതുവേ ആളുകൾ വളരെ പ്രധാനപ്പെട്ടതായി കരുതുന്ന പല വസ്തുവകകളും അവർ വേണ്ടെന്നുവെച്ചിരിക്കുന്നു. ദൈവസേവനത്തിൽ തുടരുമ്പോൾ നമ്മൾ പല കഷ്ടതകളും സഹിക്കേണ്ടിവരും എന്നതു ശരിയാണ്. എങ്കിലും ദൈവരാജ്യപ്രവർത്തനങ്ങൾക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നെങ്കിൽ നമ്മളെ വലിയ അളവിൽ അനുഗ്രഹിക്കുമെന്ന് യഹോവ വാക്കുതന്നിട്ടുണ്ട്.—സുഭാ. 10:22; മത്താ. 6:32, 33.
17. ഈ സ്മാരകകാലത്ത് എന്തു ചെയ്യാൻ നിങ്ങൾ തീരുമാനിച്ചിരിക്കുന്നു? (ചിത്രം കാണുക.)
17 ഏപ്രിൽ 4-ാം തീയതി ചൊവ്വാഴ്ച സ്മാരകം ആചരിക്കാൻ നമ്മൾ കാത്തിരിക്കുകയാണ്. എങ്കിലും യേശുവിന്റെ ജീവിതത്തെയും മരണത്തെയും കുറിച്ചും യഹോവയും യേശുവും നമ്മളോടു കാണിച്ച സ്നേഹത്തെക്കുറിച്ചും ചിന്തിക്കാൻ ആ ദിവസംവരെ കാത്തിരിക്കേണ്ടതില്ല. സ്മാരകത്തിനു മുമ്പും ശേഷവും ഉള്ള ആഴ്ചകളിൽ, കിട്ടുന്ന എല്ലാ അവസരവും ആ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഉപയോഗിക്കുക. അതിനുവേണ്ടി പുതിയ ലോക ഭാഷാന്തരം ബൈബിളിൽ അനുബന്ധം ബി12-ലെ “യേശുവിന്റെ ഭൂമിയിലെ ജീവിതം—അവസാന ആഴ്ച” എന്ന ചാർട്ടിലുള്ള വിവരങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യാം. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ നന്ദിയും സ്നേഹവും ധൈര്യവും സന്തോഷവും ഒക്കെ കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്ന ബൈബിൾഭാഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ വിലമതിപ്പ് എങ്ങനെയെല്ലാം പ്രവൃത്തികളിലൂടെ കാണിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കുക. ഈ സ്മാരകകാലത്ത് യേശുവിനെക്കുറിച്ച് ഓർക്കാൻ നിങ്ങൾ ചെയ്യുന്ന ഓരോ ശ്രമവും യേശു വളരെ വിലപ്പെട്ടതായി കാണും.—വെളി. 2:19.
ഗീതം 17 “എനിക്കു മനസ്സാണ്”
a സ്മാരകകാലത്ത് നമ്മൾ യേശുവിന്റെ ജീവിതത്തെയും മരണത്തെയും കുറിച്ചും യഹോവയും യേശുവും നമ്മളോടു കാണിച്ച സ്നേഹത്തെക്കുറിച്ചും ആഴത്തിൽ ചിന്തിക്കും. അത് അവരോടു നന്ദി കാണിക്കാൻ നമ്മളെ പ്രചോദിപ്പിക്കും. മോചനവിലയോടുള്ള നന്ദിയും യഹോവയോടും യേശുവിനോടും ഉള്ള സ്നേഹവും കാണിക്കാൻ കഴിയുന്ന ചില വഴികളെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. ഇക്കാര്യങ്ങൾ എങ്ങനെയാണു സഹോദരങ്ങളെ സ്നേഹിക്കുന്നതിനും ധൈര്യം കാണിക്കുന്നതിനും ശുശ്രൂഷയിൽ സന്തോഷം കണ്ടെത്തുന്നതിനും സഹായിക്കുന്നതെന്നും നമ്മൾ പഠിക്കും.