കൂടുതൽ പഠിക്കാനായി. . .
പ്രാവർത്തികമാക്കാനാകുന്ന ആത്മീയരത്നങ്ങൾ കണ്ടെത്തുക
ബൈബിൾ വായിക്കുമ്പോൾ, ആഴത്തിൽ പഠിച്ചുകൊണ്ട് നമുക്ക് ആത്മീയരത്നങ്ങൾ കണ്ടെത്താനാകും. എന്നാൽ കൂടുതൽ പ്രയോജനം നേടാൻ നിങ്ങൾക്ക് എന്തു ചെയ്യാം?
ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുക. ബൈബിൾവിവരണങ്ങൾ വായിക്കുമ്പോൾ അതിന്റെ വിശദാംശങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന്, ഇങ്ങനെയൊക്കെ ചിന്തിക്കാം: ആ ഭാഗം എഴുതിയത് ആരാണ്? അത് ആർക്കുവേണ്ടി, എപ്പോൾ എഴുതിയതാണ്? ആ സംഭവം നടന്നപ്പോഴത്തെ സാഹചര്യം എന്തായിരുന്നു? അതിനു മുമ്പും അതിനു ശേഷവും എന്തൊക്കെയാണ് നടന്നത്?
പാഠങ്ങൾ മനസ്സിലാക്കുക. അതിന് ഇത്തരം ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കുക: ‘ഈ വിവരണത്തിലെ ആളുകൾക്ക് ആ സമയത്ത് എന്തു വികാരമാണ് തോന്നിയത്? എന്തെല്ലാം ഗുണങ്ങളാണ് അവർ കാണിച്ചത്? ഞാൻ ആ ഗുണങ്ങൾ അനുകരിക്കേണ്ടത് എന്തുകൊണ്ടാണ്? ഇനി അവർ കാണിച്ചത് മോശം ഗുണമാണെങ്കിൽ അത് ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?’
പ്രാവർത്തികമാക്കുക. ശുശ്രൂഷയിൽ ആയിരിക്കുമ്പോഴോ മറ്റുള്ളവരോട് ഇടപെടുമ്പോഴോ പഠിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുക. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ ദൈവികജ്ഞാനം പ്രകടിപ്പിക്കുകയാണ്. ബൈബിൾ അതെക്കുറിച്ച് പറയുന്നു: “ദിവ്യാജ്ഞകൾ പാലിക്കുന്നവരെല്ലാം നല്ല ഉൾക്കാഴ്ച കാണിക്കുന്നു.”—സങ്കീ. 111:10.
-
ഒരു സഹായം: ഇടദിവസത്തെ യോഗത്തിലുള്ള ദൈവവചനത്തിലെ നിധികൾ എന്ന ഭാഗം, പഠിച്ച കാര്യങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നു ചിന്തിക്കാൻ സഹായിക്കും. സ്വയം ചോദിക്കാനാകുന്ന ചോദ്യങ്ങളും ധ്യാനിക്കാനാകുന്ന പോയിന്റുകളും കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്ന ചിത്രങ്ങളും അതിൽ പതിവായി കൊടുക്കാറുണ്ട്.