പഠനലേഖനം 6
ഗീതം 10 നമ്മുടെ ദൈവമായ യഹോവയെ സ്തുതിപ്പിൻ!
“യഹോവയുടെ പേരിനെ സ്തുതിക്കുവിൻ!”
“യഹോവയുടെ ദാസന്മാരേ, ദൈവത്തിനു സ്തുതിയേകുവിൻ! യഹോവയുടെ പേരിനെ സ്തുതിക്കുവിൻ!”—സങ്കീ. 113:1.
ഉദ്ദേശ്യം
കിട്ടുന്ന എല്ലാ അവസരങ്ങളിലും യഹോവയുടെ പേരിനെ സ്തുതിക്കാൻ നമ്മളെ പ്രേരിപ്പിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
1-2. തന്റെ സത്പേരിനു കളങ്കം വന്നപ്പോൾ യഹോവയ്ക്ക് എന്താണു തോന്നിയതെന്നു മനസ്സിലാക്കാൻ നമ്മളെ എന്തു സഹായിക്കും?
ഇങ്ങനെയൊരു സാഹചര്യം ചിന്തിക്കുക: നിങ്ങൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാൾ നിങ്ങളെക്കുറിച്ച് വളരെ മോശമായ ഒരു കാര്യം പറയുന്നു. അത് ഒരു നുണയാണെന്ന് നിങ്ങൾക്ക് അറിയാം. പക്ഷേ ചിലർ അതു വിശ്വസിച്ചു. അതിലും കഷ്ടം, കേട്ടവരെല്ലാം അതു പറഞ്ഞുനടക്കാൻ തുടങ്ങി. അങ്ങനെ പിന്നെയും കുറെ പേർ കൂടി അതു വിശ്വസിച്ചു. ഇപ്പോൾ നിങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കും? നിങ്ങളുടെ സത്പേരും ആളുകളുമായുള്ള ബന്ധവും ഒക്കെ നിങ്ങൾക്കു പ്രധാനമാണെങ്കിൽ ഈ നുണ നിങ്ങളെ ഒരുപാടു വിഷമിപ്പിക്കും, ഒരു സംശയവുമില്ല.—സുഭാ. 22:1.
2 ഈ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുന്നതു തന്റെ സത്പേരിനു കളങ്കം വന്നപ്പോൾ യഹോവയ്ക്ക് എന്താണു തോന്നിയതെന്നു മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നു. ആത്മപുത്രന്മാരിൽ ഒരാൾ ആദ്യസ്ത്രീയായ ഹവ്വയോട് ദൈവത്തെക്കുറിച്ച് നുണ പറഞ്ഞു. അവൾ അതു വിശ്വസിച്ചു. അങ്ങനെ നമ്മുടെ ആദ്യമാതാപിതാക്കൾ യഹോവയെ ധിക്കരിക്കുകയും ചെയ്തു. ഫലം എന്തായിരുന്നു? പാപവും മരണവും മനുഷ്യകുടുംബത്തിലേക്കു കടന്നുവന്നു. (ഉൽപ. 3:1-6; റോമ. 5:12) അന്ന് ഏദെൻതോട്ടത്തിൽ സാത്താൻ പറഞ്ഞുതുടങ്ങിയ നുണകളാണ് മരണവും യുദ്ധവും ദുരിതങ്ങളും ഉൾപ്പെടെ നമ്മൾ ഇന്നു കാണുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള കാരണം. തന്നെക്കുറിച്ചുള്ള നുണകളും അതിന്റെ പരിണതഫലങ്ങളും യഹോവയെ വേദനിപ്പിക്കുന്നുണ്ടാകില്ലേ? തീർച്ചയായും. പക്ഷേ ദൈവം അതിന്റെ പേരിൽ കോപമോ പകയോ വെച്ചുകൊണ്ടിരിക്കുന്നില്ല. പകരം, യഹോവ എപ്പോഴും ‘സന്തോഷമുള്ള ദൈവംതന്നെയാണ്.’—1 തിമൊ. 1:11.
3. നമുക്ക് എന്തിനുള്ള അവസരമുണ്ട്?
3 യഹോവയുടെ പേര് പരിശുദ്ധമാക്കുന്നതിൽ നമുക്കും ഒരു പങ്കുണ്ട്. അതിനു നമ്മൾ ലളിതമായ ഈ കല്പന അനുസരിച്ചാൽ മതി: “യഹോവയുടെ പേരിനെ സ്തുതിക്കുവിൻ!” (സങ്കീ. 113:1) യഹോവയെക്കുറിച്ചുള്ള സത്യങ്ങൾ മറ്റുള്ളവരോടു പറയുമ്പോൾ നമ്മൾ യഹോവയുടെ നാമത്തെ സ്തുതിക്കുകയാണ്. നിങ്ങൾ അതു ചെയ്യുമോ? ദൈവനാമത്തെ മുഴുഹൃദയത്തോടെ സ്തുതിക്കാൻ നമ്മളെ ശക്തമായി പ്രേരിപ്പിക്കുന്ന മൂന്നു കാര്യങ്ങൾ നോക്കാം.
ദൈവനാമം സ്തുതിക്കുന്നത് യഹോവയെ സന്തോഷിപ്പിക്കും
4. നമ്മൾ യഹോവയെ സ്തുതിക്കുമ്പോൾ യഹോവ സന്തോഷിക്കുന്നത് എന്തുകൊണ്ട്, ഒരു ഉദാഹരണം പറയുക. (ചിത്രവും കാണുക.)
4 നമ്മൾ യഹോവയുടെ നാമത്തെ സ്തുതിക്കുമ്പോൾ അത് സ്വർഗീയപിതാവിനെ സന്തോഷിപ്പിക്കും. (സങ്കീ. 119:108) അതിന്റെ അർഥം സ്വന്തം കഴിവുകളിൽ ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ട് മറ്റുള്ളവരിൽനിന്ന് പുകഴ്ച കിട്ടണമെന്ന് ആഗ്രഹിക്കുന്ന അപൂർണമനുഷ്യരെപ്പോലെയാണു പരമാധികാരിയായ ദൈവം എന്നാണോ? അല്ല. ഈ ഉദാഹരണം ചിന്തിക്കുക: ഒരു കുഞ്ഞുമകൾ വളരെ സ്നേഹത്തോടെ അപ്പന്റെ തോളിൽ കൈയിട്ടിട്ട് പറയുകയാണ്, “പപ്പയാണ് ഈ ലോകത്തിലെ ഏറ്റവും നല്ല പപ്പ.” അതു കേൾക്കുമ്പോൾ ആ പിതാവിന് എത്ര സന്തോഷം തോന്നും അല്ലേ? അങ്ങനെ സന്തോഷം തോന്നാൻ കാരണം, അദ്ദേഹം കുട്ടിയുടെ പ്രോത്സാഹനവാക്കുകൾ കേൾക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത, ആത്മവിശ്വാസമില്ലാത്ത ഒരാൾ ആയതുകൊണ്ടാണോ? അല്ലെന്നു നമുക്ക് അറിയാം. അദ്ദേഹം ആത്മവിശ്വാസമുള്ള ഒരു പിതാവുതന്നെയാണ്. തന്റെ മകളെ സ്നേഹിക്കുന്നതുകൊണ്ട് അവൾ സ്നേഹവും നന്ദിയും കാണിക്കുമ്പോൾ അദ്ദേഹത്തിനു സന്തോഷം തോന്നുന്നു. അത്തരം ഗുണങ്ങൾ വളർന്നുവരുമ്പോൾ അവൾക്കു ഗുണം ചെയ്യുമെന്നും അദ്ദേഹത്തിന് അറിയാം. ഇതേ കാരണങ്ങൾകൊണ്ടുതന്നെയാണ് നമ്മുടെയെല്ലാം പിതാവായ യഹോവയും നമ്മൾ ദൈവത്തെ സ്തുതിക്കുമ്പോൾ സന്തോഷിക്കുന്നത്.
5. ദൈവനാമത്തെ സ്തുതിക്കുമ്പോൾ ഏതു നുണ തെറ്റാണെന്നു തെളിയിക്കാൻ നമുക്കു കഴിയും?
5 നമ്മൾ സ്വർഗീയപിതാവിനെ സ്തുതിക്കുമ്പോൾ സാത്താൻ നമ്മളെക്കുറിച്ചുതന്നെ പറഞ്ഞ ഒരു നുണ തെറ്റാണെന്നു തെളിയിക്കാൻ നമുക്കു കഴിയും. ഒരു മനുഷ്യനും ദൈവനാമത്തെ വിശ്വസ്തമായി പിന്തുണയ്ക്കില്ലെന്നും പരിശോധന നേരിട്ടാൽ നിഷ്കളങ്കനായി തുടരില്ലെന്നും ആണ് സാത്താന്റെ വാദം. സ്വന്തം നേട്ടത്തിനുവേണ്ടി മനുഷ്യൻ ദൈവത്തെപ്പോലും തള്ളിപ്പറയാൻ തയ്യാറാകുമെന്നു സാത്താൻ പറയുന്നു. (ഇയ്യോ. 1:9-11; 2:4) പക്ഷേ വിശ്വസ്തനായ ഇയ്യോബ് സാത്താൻ ഒരു നുണയനാണെന്നു തെളിയിച്ചു. നിങ്ങളും അങ്ങനെ ചെയ്യുമോ? ദൈവനാമത്തിനുവേണ്ടി വിശ്വസ്തമായി നിൽക്കാനും നിഷ്കളങ്കതയോടെ ദൈവത്തെ സേവിച്ചുകൊണ്ട് ദൈവത്തെ സന്തോഷിപ്പിക്കാനും നമുക്കെല്ലാം അവസരമുണ്ട്. (സുഭാ. 27:11) അത് എത്ര വലിയൊരു കാര്യമാണ്!
6. ദാവീദ് രാജാവിനെയും ലേവ്യരെയും നമുക്ക് എങ്ങനെ അനുകരിക്കാം? (നെഹമ്യ 9:5)
6 യഹോവയെ സ്നേഹിക്കുന്ന ആളുകൾ മുഴുഹൃദയത്തോടെ യഹോവയുടെ നാമത്തെ സ്തുതിക്കും. ദാവീദ് രാജാവ് എഴുതി: “ഞാൻ യഹോവയെ സ്തുതിക്കട്ടെ; എന്നുള്ളം മുഴുവൻ വിശുദ്ധമായ തിരുനാമം വാഴ്ത്തട്ടെ.” (സങ്കീ. 103:1) യഹോവയുടെ നാമത്തെ സ്തുതിക്കുക എന്നു പറഞ്ഞാൽ യഹോവയെത്തന്നെ സ്തുതിക്കുക എന്നാണെന്നു ദാവീദ് മനസ്സിലാക്കി. യഹോവയുടെ പേരിനെക്കുറിച്ച് കേൾക്കുമ്പോൾ യഹോവയുടെ വ്യക്തിത്വമാണു മനസ്സിലേക്കുവരുന്നത്. അതായത്, യഹോവയുടെ മനോഹരമായ ഗുണങ്ങളും അതിശയകരമായ പ്രവൃത്തികളും എല്ലാം. തന്റെ പിതാവിന്റെ പേരിനെ പരിശുദ്ധമായി കാണാനും അതിനെ സ്തുതിക്കാനും ദാവീദ് ആഗ്രഹിച്ചു. ‘ഉള്ളം മുഴുവനോടെ,’ അതായത് മുഴുഹൃദയത്തോടെയാണ് ദാവീദ് അതു ചെയ്തത്. ഇതുപോലെ ലേവ്യരും യഹോവയെ സ്തുതിക്കുന്നതിൽ നേതൃത്വമെടുത്തു. എത്രതന്നെ സ്തുതിച്ചാലും യഹോവയുടെ അതിപരിശുദ്ധനാമം അർഹിക്കുന്ന അത്രയും സ്തുതി കൊടുക്കാൻ തങ്ങൾക്കു കഴിയില്ലെന്ന് അവർ താഴ്മയോടെ അംഗീകരിച്ചു. (നെഹമ്യ 9:5 വായിക്കുക.) ഇത്തരത്തിൽ താഴ്മയോടെ, ഹൃദയപൂർവം നമ്മൾ യഹോവയെ സ്തുതിക്കുമ്പോൾ അത് യഹോവയെ സന്തോഷിപ്പിക്കും.
7. ശുശ്രൂഷയിലായിരിക്കുമ്പോഴും മറ്റുള്ളവരോട് ഇടപെടുമ്പോഴും നമുക്ക് എങ്ങനെ യഹോവയെ സ്തുതിക്കാം?
7 യഹോവയെക്കുറിച്ച് സ്നേഹത്തോടെയും നന്ദിയോടെയും മറ്റുള്ളവരോടു സംസാരിച്ചുകൊണ്ട് നമുക്ക് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാം. ശുശ്രൂഷയിലായിരിക്കുമ്പോൾ നമ്മുടെ പ്രധാന ഉദ്ദേശ്യം യഹോവയെ അറിയാൻ ആളുകളെ സഹായിക്കുക എന്നതാണ്. നമ്മളെപ്പോലെതന്നെ അവരും യഹോവയെ സ്നേഹമുള്ള പിതാവായി കാണാൻ നമ്മൾ ആഗ്രഹിക്കുന്നു. (യാക്കോ. 4:8) യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ച്, യഹോവയുടെ സ്നേഹം നീതി, ജ്ഞാനം, ശക്തി എന്നിവപോലുള്ള മനോഹരമായ ഗുണങ്ങളെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ നമ്മൾ മറ്റുള്ളവർക്കു സന്തോഷത്തോടെ വിശദീകരിച്ചുകൊടുക്കുന്നു. ഇനി, യഹോവയെ അനുകരിച്ചുകൊണ്ടും നമ്മൾ യഹോവയെ സ്തുതിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. (എഫെ. 5:1) അങ്ങനെ ചെയ്യുമ്പോൾ ഈ ദുഷ്ടലോകത്തിലെ ആളുകളിൽനിന്ന് നമ്മൾ വ്യത്യസ്തരായി നിൽക്കും. അതു മറ്റുള്ളവർ ശ്രദ്ധിക്കുകയും ചെയ്യും. (മത്താ. 5:14-16) ഓരോ ദിവസവും മറ്റുള്ളവരോട് ഇടപെടുമ്പോൾ നമ്മൾ വ്യത്യസ്തരായിരിക്കുന്നത് എന്തുകൊണ്ടാണെന്നു വിശദീകരിക്കാൻ ചിലപ്പോൾ അവസരവും കിട്ടിയേക്കാം. അതിലൂടെ ആത്മാർഥഹൃദയരായ ആളുകൾക്ക് യഹോവയിലേക്കുള്ള വഴി തുറക്കുകയാണു നമ്മൾ. ഈ വിധങ്ങളിലെല്ലാം യഹോവയെ സ്തുതിക്കുന്നതു നമ്മുടെ പിതാവിനെ സന്തോഷിപ്പിക്കും.—1 തിമൊ. 2:3, 4.
ദൈവനാമം സ്തുതിക്കുന്നത് യേശുവിനെ സന്തോഷിപ്പിക്കും
8. യഹോവയുടെ നാമം സ്തുതിക്കുന്നതിൽ യേശു എങ്ങനെയാണ് മികച്ച മാതൃകവെച്ചത്?
8 സ്വർഗത്തിലെയും ഭൂമിയിലെയും ബുദ്ധിശക്തിയുള്ള എല്ലാ സൃഷ്ടികളിലുംവെച്ച് പുത്രനാണ് പിതാവിനെ ഏറ്റവും നന്നായി അറിയാവുന്നത്. (മത്താ. 11:27) യേശു തന്റെ പിതാവിനെ ഒരുപാടു സ്നേഹിക്കുന്നു. അതുകൊണ്ടുതന്നെ പിതാവിന്റെ പേരിനെ സ്തുതിക്കുന്നതിൽ യേശു മികച്ച മാതൃകവെച്ചു. (യോഹ. 14:31) എന്നാൽ എങ്ങനെ? മരണത്തിന്റെ തലേരാത്രിയിൽ പിതാവിനോടു പ്രാർഥിച്ചപ്പോൾ ശുശ്രൂഷയിൽ താൻ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു.” (യോഹ. 17:26) യേശു എന്താണ് അർഥമാക്കിയത്?
9. തന്റെ പിതാവിനെ ഏറ്റവും നന്നായി വരച്ചുകാട്ടുന്ന ഏതു ദൃഷ്ടാന്തകഥയാണ് യേശു പറഞ്ഞത്?
9 അന്നത്തെ ജൂതന്മാർക്ക് ദൈവനാമം അറിയാമായിരുന്നു. അതുകൊണ്ട് ദൈവത്തിന്റെ പേര് യഹോവയാണെന്ന് അവർക്ക് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. പിന്നെ എങ്ങനെയാണ് യേശു അവരെ ദൈവത്തിന്റെ പേര് അറിയിച്ചത്? ‘ദൈവത്തെക്കുറിച്ച് വിവരിച്ചുകൊടുത്തുകൊണ്ട്.’ (യോഹ. 1:17, 18) ഉദാഹരണത്തിന്, എബ്രായതിരുവെഴുത്തുകളിൽ യഹോവ കരുണയും അനുകമ്പയും ഉള്ള ദൈവമാണെന്നു പറയുന്നുണ്ട്. (പുറ. 34:5-7) ധൂർത്തപുത്രനെയും അവന്റെ പിതാവിനെയും കുറിച്ചുള്ള ദൃഷ്ടാന്തകഥ പറഞ്ഞപ്പോൾ യേശു ആ സത്യം കുറെക്കൂടെ വ്യക്തമാക്കിക്കൊടുത്തു. പശ്ചാത്തപിച്ച മകനെ ‘ദൂരെവെച്ചുതന്നെ തിരിച്ചറിയുകയും’ അവനെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയും അവനോടു മനസ്സോടെ ക്ഷമിക്കുകയും ഒക്കെ ചെയ്ത അപ്പനെക്കുറിച്ച് വായിക്കുമ്പോൾ യഹോവയുടെ കരുണയുടെയും അനുകമ്പയുടെയും മനോഹരമായൊരു ചിത്രമാണ് നമ്മുടെ മനസ്സിലേക്കു വരുന്നത്. (ലൂക്കോ. 15:11-32) തന്റെ പിതാവ് എങ്ങനെയാണോ അങ്ങനെതന്നെ യേശു യഹോവയെ വരച്ചുകാട്ടി.
10. (എ) യേശു പിതാവിന്റെ പേര് ഉപയോഗിച്ചെന്നും മറ്റുള്ളവരും അതുതന്നെ ചെയ്യാൻ ആഗ്രഹിച്ചെന്നും നമുക്ക് എങ്ങനെ അറിയാം? (മർക്കോസ് 5:19) (ചിത്രവും കാണുക.) (ബി) ഇന്നു നമ്മൾ എന്തു ചെയ്യാൻ യേശു ആഗ്രഹിക്കുന്നു?
10 മറ്റുള്ളവർ പിതാവിന്റെ പേര് ഉപയോഗിച്ചുകാണാൻ യേശു ആഗ്രഹിച്ചോ? തീർച്ചയായും. അക്കാലത്തെ ചില മതനേതാക്കന്മാർ ദൈവനാമം ഉച്ചരിക്കുന്നത് ഒരു അനാദരവായി കണ്ടിരുന്നു. എന്നാൽ തിരുവെഴുത്തധിഷ്ഠിതമല്ലാത്ത അത്തരം വിശ്വാസങ്ങളൊന്നും ദൈവനാമം ഉപയോഗിക്കുന്നതിൽനിന്നും യേശുവിനെ തടഞ്ഞില്ല. യേശു ഒരിക്കൽ ഗരസേന്യരുടെ നാട്ടിൽ ഭൂതബാധിതനായ ഒരു മനുഷ്യനെ സുഖപ്പെടുത്തി. ആകെ പേടി തോന്നിയ അവിടത്തെ ആളുകൾ അവിടം വിട്ടുപോകാൻ യേശുവിനോട് അപേക്ഷിച്ചു. അങ്ങനെ യേശുവിന് ആ പ്രദേശത്തുനിന്ന് പോകേണ്ടിവന്നു. (മർക്കോ. 5:16, 17) എന്നാൽ അവിടെയുള്ളവർ യഹോവയുടെ നാമത്തെക്കുറിച്ച് അറിയണമെന്നതായിരുന്നു യേശുവിന്റെ ആഗ്രഹം. അതുകൊണ്ടാണ്, യഹോവ ചെയ്തുകൊടുത്ത കാര്യങ്ങളെക്കുറിച്ച് ആളുകളോടു വിവരിക്കാൻ താൻ സുഖപ്പെടുത്തിയ മനുഷ്യനോട് യേശു പറഞ്ഞത്. താൻ ചെയ്ത കാര്യങ്ങളല്ല, പകരം യഹോവയുടെ പേര് ആളുകൾ അറിയാനാണ് യേശു ആഗ്രഹിച്ചത്. (മർക്കോസ് 5:19 വായിക്കുക.) a ഇന്നും യേശുവിന്റെ ആഗ്രഹം അതുതന്നെയാണ്. തന്റെ പിതാവിന്റെ പേര് നമ്മൾ ഭൂമി മുഴുവൻ അറിയിക്കാൻ യേശു ആഗ്രഹിക്കുന്നു. (മത്താ. 24:14; 28:19, 20) അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ രാജാവായ യേശുവിനെ നമ്മൾ സന്തോഷിപ്പിക്കുകയാണ്.
11. ഏതു കാര്യത്തെക്കുറിച്ച് പ്രാർഥിക്കാനാണ് യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചത്, യഹസ്കേൽ 36:23 അനുസരിച്ച് അത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 ആരോപണങ്ങളെല്ലാം നീക്കി ദൈവനാമം വിശുദ്ധീകരിക്കപ്പെടണം എന്നതാണ് യഹോവയുടെ ഉദ്ദേശ്യമെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് യേശു തന്റെ അനുഗാമികളെ ഇങ്ങനെ പ്രാർഥിക്കാൻ പഠിപ്പിച്ചത്: “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ.” (മത്താ. 6:9) ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ഇതാണെന്നു യേശുവിന് അറിയാം. (യഹസ്കേൽ 36:23 വായിക്കുക.) യഹോവയുടെ നാമം വിശുദ്ധീകരിക്കുന്നതിനുവേണ്ടി ഇത്രമാത്രം പ്രവർത്തിച്ച വേറൊരു സൃഷ്ടിയുമില്ല. എന്നിട്ടും യേശുവിനെ അറസ്റ്റ് ചെയ്ത സമയത്ത് ശത്രുക്കൾ ആരോപിച്ച കുറ്റം എന്താണെന്നു നിങ്ങൾ ഓർക്കുന്നില്ലേ? ദൈവനിന്ദകൻ എന്ന കുറ്റം! പിതാവിന്റെ വിശുദ്ധനാമത്തെ നിന്ദിക്കുന്നത് ഏറ്റവും കടുത്ത പാപമാണെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട്, തന്നെ ദൈവനിന്ദകനായി മുദ്രകുത്തുമെന്ന ചിന്ത യേശുവിന്റെ ഹൃദയത്തെ തകർത്തുകളഞ്ഞു. തന്നെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പുള്ള മണിക്കൂറുകളിൽ യേശുവിന് “കടുത്ത മനോവേദന” തോന്നിയതിന്റെ പ്രധാനകാരണം ഇതായിരിക്കണം.—ലൂക്കോ. 22:41-44.
12. ഏറ്റവും മികച്ച രീതിയിൽ യേശു തന്റെ പിതാവിന്റെ നാമം പരിശുദ്ധമാക്കിയത് എങ്ങനെയാണ്?
12 പിതാവിന്റെ പേര് പരിശുദ്ധമാക്കുന്നതിനുവേണ്ടിയാണ് യേശു തനിക്കു നേരിട്ട ആരോപണങ്ങളും ഉപദ്രവവും അപമാനവും എല്ലാം സഹിച്ചുനിന്നത്. എല്ലാ കാര്യങ്ങളിലും താൻ പിതാവിനെ അനുസരിച്ചെന്ന് യേശുവിന് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ യേശുവിനു നാണക്കേടു തോന്നാൻ കാരണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. (എബ്രാ. 12:2) തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസം നിറഞ്ഞ ആ സമയങ്ങളിൽ സാത്താൻ നേരിട്ട് ആക്രമിക്കുകയാണെന്ന് യേശു മനസ്സിലാക്കി. (ലൂക്കോ. 22:2-4; 23:33, 34) യേശുവിന്റെ വിശ്വസ്തത തകർക്കാമെന്നു സാത്താൻ പ്രതീക്ഷിച്ചുകാണും. പക്ഷേ സാത്താൻ ദയനീയമായി പരാജയപ്പെട്ടു. സാത്താൻ നിർദയനായ ഒരു നുണയനാണെന്നും കടുത്ത പരിശോധനകൾ ഉണ്ടാകുമ്പോഴും വിശ്വസ്തരായി നിൽക്കുന്ന ദാസന്മാർ യഹോവയ്ക്കുണ്ടെന്നും യേശു തെളിയിച്ചു.
13. നിങ്ങളുടെ രാജാവിനെ സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാം?
13 നിങ്ങളുടെ രാജാവായ യേശുവിനെ സന്തോഷിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? എങ്കിൽ തുടർന്നും യഹോവയുടെ പേരിനെ സ്തുതിക്കുക, നമ്മുടെ ദൈവം ശരിക്കും എങ്ങനെയുള്ള വ്യക്തിയാണെന്നു മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കുക. അങ്ങനെ നിങ്ങൾക്ക് യേശുവിന്റെ കാലടികൾ പിന്തുടരാൻ കഴിയും. (1 പത്രോ. 2:21) അപ്പോൾ യേശുവിനെപ്പോലെ നിങ്ങളും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും, ദൈവത്തിന്റെ എതിരാളിയായ സാത്താൻ നാണംകെട്ട ഒരു നുണയനാണെന്നു തെളിയിക്കും!
ദൈവനാമം സ്തുതിക്കുന്നത് ആളുകളുടെ ജീവൻ രക്ഷിക്കും
14-15. യഹോവയെക്കുറിച്ച് ആളുകളെ പഠിപ്പിക്കുമ്പോൾ വലിയ എന്തൊക്കെ മാറ്റങ്ങൾ കാണാൻ നമുക്കു കഴിഞ്ഞേക്കാം?
14 യഹോവയുടെ നാമം സ്തുതിക്കുമ്പോൾ നമ്മൾ ആളുകളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുകയാണ്. അത് എങ്ങനെ? സാത്താൻ ഇന്ന് ‘അവിശ്വാസികളുടെ മനസ്സ് അന്ധമാക്കിയിരിക്കുന്നു.’ (2 കൊരി. 4:4) ദൈവത്തെക്കുറിച്ചുള്ള പല നുണകളും പ്രചരിപ്പിച്ചുകൊണ്ടാണ് അവൻ അതു ചെയ്യുന്നത്. അതുകൊണ്ട് ദൈവം ഇല്ലെന്നോ ദൈവം മനുഷ്യരെക്കുറിച്ച് ഒരു ചിന്തയുമില്ലാത്ത ആളാണെന്നോ തെറ്റു ചെയ്യുന്നവരെ എന്നേക്കുമിട്ട് നരകിപ്പിക്കുന്ന ഒരു ക്രൂരനാണെന്നോ ഒക്കെ ആളുകൾ വിശ്വസിച്ചിരിക്കുകയാണ്. സാത്താൻ എന്തിനാണ് ഈ നുണകളെല്ലാം പറയുന്നത്? യഹോവയുടെ സത്പേര് ഇല്ലാതാക്കാൻ; യഹോവയോട് അടുക്കുന്നതിൽനിന്ന് ആളുകളെ തടയാൻ. എന്നാൽ നമ്മൾ പ്രസംഗപ്രവർത്തനം ചെയ്യുമ്പോൾ സാത്താന്റെ ഈ ഉദ്ദേശ്യം തകർക്കുകയാണ്. പിതാവിനെക്കുറിച്ചുള്ള സത്യം നമ്മൾ ആളുകളെ അറിയിക്കുന്നു. അങ്ങനെ വിശുദ്ധമായ ദൈവനാമത്തെ നമ്മൾ സ്തുതിക്കുന്നു. എന്താണ് അതിന്റെ ഫലം?
15 ദൈവവചനത്തിലെ സത്യങ്ങൾക്ക് അപാരമായ ശക്തിയുണ്ട്. യഹോവയെക്കുറിച്ചും യഹോവ എങ്ങനെയുള്ള ഒരു വ്യക്തിയാണ് എന്നതിനെക്കുറിച്ചും ആളുകളെ പഠിപ്പിക്കുമ്പോൾ അവരിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നത് കാണാൻ നമുക്കു കഴിയും. നുണകൾകൊണ്ട് സാത്താൻ തീർത്ത മൂടുപടത്തിൽനിന്ന് അവർ പതിയെപ്പതിയെ പുറത്തുവരും; അങ്ങനെ സ്നേഹവാനായ പിതാവിനെ നമ്മൾ കാണുന്നതുപോലെ അവരും കാണാൻ തുടങ്ങും. യഹോവയുടെ അളവറ്റ ശക്തി അവരെ അത്ഭുതപ്പെടുത്തും. (യശ. 40:26) യഹോവയുടെ തികവുറ്റ നീതിയെക്കുറിച്ച് മനസ്സിലാക്കുമ്പോൾ അവർ യഹോവയിൽ ആശ്രയിക്കാൻ തുടങ്ങും. (ആവ. 32:4) ദൈവത്തിന്റെ അപാരമായ ജ്ഞാനത്തിൽനിന്ന് അവർ ഒരുപാടു കാര്യങ്ങൾ പഠിക്കും. (യശ. 55:9; റോമ. 11:33) യഹോവ സ്നേഹംതന്നെയാണെന്നു തിരിച്ചറിയുമ്പോൾ അവർക്ക് ആശ്വാസം തോന്നും. (1 യോഹ. 4:8) അങ്ങനെ അവർ ദൈവത്തോട് അടുക്കുമ്പോൾ ദൈവമക്കൾ എന്ന നിലയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ കൂടുതൽ ഉറപ്പുള്ളതായിത്തീരും. ഇത്തരത്തിൽ ആളുകളെ അവരുടെ പിതാവിനോട് അടുക്കാൻ സഹായിക്കുന്നത് എത്ര മഹത്തായ ഒരു കാര്യമാണ്! നമ്മൾ അങ്ങനെ ചെയ്യുമ്പോൾ യഹോവ തന്റെ ‘സഹപ്രവർത്തകരായി’ നമ്മളെ കാണും.—1 കൊരി. 3:5, 9.
16. ദൈവത്തിന്റെ പേര് എന്താണെന്നു മനസ്സിലാക്കിയത് ചിലരെ എങ്ങനെയാണ് സ്വാധീനിച്ചിരിക്കുന്നത്? ഉദാഹരണങ്ങൾ പറയുക.
16 ആദ്യം നമ്മൾ ദൈവത്തിന്റെ പേര് യഹോവ ആണെന്നു മാത്രമായിരിക്കും ആളുകൾക്ക് പറഞ്ഞുകൊടുക്കുന്നത്. അതിനുപോലും ആത്മാർഥഹൃദയരായ ആളുകളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും. ഉദാഹരണത്തിന്, ചെറുപ്പക്കാരിയായ ആലിയ b ഒരു ക്രിസ്തീയപശ്ചാത്തലത്തിൽ അല്ല വളർന്നുവന്നത്. അവൾക്ക് അവളുടെ മതത്തിലോ ദൈവത്തിലോ ഒരു താത്പര്യവും ഇല്ലായിരുന്നു. എന്നാൽ സാക്ഷികളുടെകൂടെ ബൈബിൾ പഠിച്ചുതുടങ്ങിയപ്പോൾ ആലിയ ദൈവത്തെ ഒരു സുഹൃത്തായി കാണാൻതുടങ്ങി. പല ബൈബിളുകളിൽനിന്നും ദൈവത്തിന്റെ പേരു നീക്കി അവിടെ കർത്താവ് പോലുള്ള സ്ഥാനപ്പേരുകൾ കൊടുത്തിരിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോൾ ആലിയ അത്ഭുതപ്പെട്ടുപോയി. യഹോവ എന്ന പേരു മനസ്സിലാക്കിയത് അവളുടെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു നിമിഷമായിരുന്നു. അപ്പോൾ ആലിയ പറഞ്ഞു: “എന്റെ ഉറ്റസുഹൃത്തായ ദൈവത്തിന് ഒരു പേരുണ്ട്!” ഈ അറിവ് അവൾക്ക് എങ്ങനെയാണ് പ്രയോജനം ചെയ്തത്? “എനിക്ക് ഇപ്പോൾ വലിയ മനസ്സമാധാനം ഉണ്ട്. ദൈവത്തിന്റെ പേര് അറിയാൻ കഴിഞ്ഞത് ഒരു അനുഗ്രഹംതന്നെയാണ്.” ഇനി, സംഗീതജ്ഞനായിരുന്ന സ്റ്റീവിന്റെ അനുഭവം നോക്കാം. പാരമ്പര്യം മുറുകെപ്പിടിക്കുന്ന ഒരു ജൂതമതപശ്ചാത്തലത്തിലാണ് അദ്ദേഹം വളർന്നുവന്നത്. ഒരുപാടു കള്ളത്തരങ്ങൾ നേരിൽക്കണ്ടതുകൊണ്ട് സംഘടിതമായ ഒരു മതത്തിൽ അദ്ദേഹത്തിനു താത്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഒരു ദിവസം അദ്ദേഹം, യഹോവയുടെ സാക്ഷികൾ തന്റെ സുഹൃത്തിനെടുക്കുന്ന ബൈബിൾപഠനത്തിന് കൂടെയിരിക്കാൻ തയ്യാറായി. തന്റെ അമ്മയുടെ മരണത്തിൽ ദുഃഖിച്ചിരിക്കുന്ന ഒരു സമയമായിരുന്നു അത്. അവിടെവെച്ച് ദൈവത്തിന്റെ പേര് എന്താണെന്ന് അറിഞ്ഞത് സ്റ്റീവിന്റെ ഹൃദയത്തെ തൊട്ടു. അദ്ദേഹം പറയുന്നു: “മുമ്പൊരിക്കലും ഞാൻ ദൈവത്തിന്റെ പേര് എന്താണെന്നു കേട്ടിട്ടില്ല. ദൈവം ശരിക്കും ഉണ്ടെന്ന്, ദൈവം ഒരു യഥാർഥവ്യക്തിയാണെന്നു ഞാൻ ആദ്യമായി മനസ്സിലാക്കി. ഒരു സുഹൃത്തിനെ എനിക്ക് അന്നു കിട്ടി.”
17. യഹോവയുടെ പേര് സ്തുതിക്കുന്നതിൽ തുടരാൻ നിങ്ങൾ തീരുമാനം എടുത്തിരിക്കുന്നത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
17 പ്രസംഗപഠിപ്പിക്കൽ പ്രവർത്തനത്തിൽ യഹോവ എന്ന വിശുദ്ധമായ പേര് നിങ്ങൾ ആളുകളെ അറിയിക്കുമോ? ദൈവം ശരിക്കും എങ്ങനെയുള്ള ഒരു വ്യക്തിയാണെന്നു മനസ്സിലാക്കാൻ നിങ്ങൾ ആളുകളെ സഹായിക്കുമോ? അതിലൂടെ ദൈവനാമത്തെ സ്തുതിക്കാൻ നിങ്ങൾക്കാകും. യഹോവ എന്ന പേരിനു പിന്നിലെ വ്യക്തിയെ മനസ്സിലാക്കാൻ ആളുകളെ സഹായിച്ചുകൊണ്ട് നിങ്ങൾക്ക് യഹോവയുടെ നാമം സ്തുതിക്കുന്നതിൽ തുടരാം. അങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് ആളുകളുടെ ജീവൻ രക്ഷിക്കാനാകും. രാജാവായ യേശുക്രിസ്തു വെച്ച അതേ മാതൃക പിന്തുടരാനാകും. ഏറ്റവും പ്രധാനമായി സ്വർഗീയപിതാവായ യഹോവയെ സന്തോഷിപ്പിക്കാൻ കഴിയും. അങ്ങനെ നിങ്ങൾക്ക് ‘എന്നുമെന്നേക്കും ദൈവത്തിന്റെ പേര് സ്തുതിക്കാനാകട്ടെ!’—സങ്കീ. 145:2.
യഹോവയുടെ പേര് സ്തുതിക്കുന്നത് എങ്ങനെയാണ് . . .
-
യഹോവയെ സന്തോഷിപ്പിക്കുന്നത്?
-
യേശുക്രിസ്തുവിനെ സന്തോഷിപ്പിക്കുന്നത്?
-
ആളുകളുടെ ജീവൻ രക്ഷിക്കുന്നത്?
ഗീതം 2 യഹോവ—അതാണ് അങ്ങയുടെ പേര്
a യേശുവിന്റെ ഈ വാക്കുകൾ എഴുതിയപ്പോൾ മർക്കോസ് അവിടെ യഹോവ എന്ന നാമമാണ് ഉപയോഗിച്ചതെന്നു വിശ്വസിക്കാൻ ശക്തമായ തെളിവുകളുണ്ട്. അതുകൊണ്ട് വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽ ഈ വാക്യഭാഗത്ത് യഹോവ എന്ന പേര് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഈ വാക്യത്തിന്റെ പഠനക്കുറിപ്പ് കാണുക.
b പേരുകൾക്ക് മാറ്റം വരുത്തിയിരിക്കുന്നു.