പഠനലേഖനം 36
അർമഗെദോൻ—ഒരു സന്തോഷവാർത്ത
“അവ അവരെ . . . അർമഗെദോൻ എന്ന് അറിയപ്പെടുന്ന സ്ഥലത്ത് കൂട്ടിച്ചേർത്തു.”—വെളി. 16:16.
ഗീതം 150 രക്ഷയ്ക്കായ് ദൈവത്തെ അന്വേഷിക്കാം
പൂർവാവലോകനം *
1-2. (എ) അർമഗെദോൻ മനുഷ്യർക്കു സന്തോഷവാർത്തയായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ ഏതു ചോദ്യങ്ങൾ ചർച്ച ചെയ്യും?
ഒരു ആണവയുദ്ധമോ പ്രകൃതിദുരന്തമോ ലോകത്തെ നശിപ്പിക്കുമെന്നു ചിലയാളുകൾ വിശ്വസിക്കുന്നു. എന്നാൽ ബൈബിൾ പഠിപ്പിക്കുന്നതു തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്. ഭൂമിയിൽ നല്ല അവസ്ഥകൾ കൊണ്ടുവരുന്ന ഒരു യുദ്ധം ഉടനെ നടക്കുമെന്നാണു ബൈബിൾ പറയുന്നത്. ആ യുദ്ധത്തിന്റെ പേരാണ് അർമഗെദോൻ. ആ യുദ്ധത്തെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ നമുക്കു സന്തോഷം തരുന്നവയാണ്. (വെളി. 1:3) അർമഗെദോൻ യുദ്ധം മനുഷ്യരാശിയെ നശിപ്പിക്കില്ല, പകരം രക്ഷിക്കും. എങ്ങനെ?
2 അർമഗെദോൻ എങ്ങനെയാണു മനുഷ്യരാശിയെ രക്ഷിക്കുന്നതെന്നു ബൈബിൾ കാണിച്ചുതരുന്നുണ്ട്. (1) മനുഷ്യഭരണം അവസാനിപ്പിച്ചുകൊണ്ട്, (2) ദുഷ്ടന്മാരെ നശിപ്പിക്കുകയും നീതിമാന്മാരെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട്, (3) ഭൂമിയെ നാശത്തിൽനിന്ന് സംരക്ഷിച്ചുകൊണ്ട്. (വെളി. 11:18) ഈ ആശയങ്ങൾ കുറച്ചുകൂടെ നന്നായി മനസ്സിലാക്കാൻ നമുക്കു നാലു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം: എന്താണ് അർമഗെദോൻ? അതിലേക്കു നയിക്കുന്ന സംഭവങ്ങൾ എന്തൊക്കെയാണ്? അർമഗെദോനിൽ രക്ഷ നേടാൻ നമ്മൾ എന്തു ചെയ്യണം? അർമഗെദോൻ അടുത്തുവന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് നമുക്ക് എങ്ങനെ വിശ്വസ്തരായി നിൽക്കാം?
എന്താണ് അർമഗെദോൻ?
3. (എ) അർമഗെദോൻ എന്തിനെയാണു കുറിക്കുന്നത്? (ബി) വെളിപാട് 16:14, 16-ന്റെ അടിസ്ഥാനത്തിൽ അർമഗെദോൻ ഒരു അക്ഷരീയസ്ഥലമല്ല എന്നു പറയാവുന്നത് എന്തുകൊണ്ട്?
3 വെളിപാട് 16:14, 16 വായിക്കുക. “അർമഗെദോൻ” എന്ന വാക്കു തിരുവെഴുത്തുകളിൽ ഒരു പ്രാവശ്യം മാത്രമേ കാണുന്നുള്ളൂ. “മെഗിദ്ദോപർവതം” എന്ന് അർഥം വരുന്ന എബ്രായ പദപ്രയോഗത്തിൽനിന്നാണ് ഈ വാക്കു വന്നത്. (വെളി. 16:16, അടിക്കുറിപ്പ്) പുരാതന ഇസ്രായേലിലെ ഒരു നഗരമായിരുന്നു മെഗിദ്ദോ. (യോശു. 17:11) എന്നാൽ അർമഗെദോൻ പരാമർശിക്കുന്നത് ഭൂമിയിലെ ഏതെങ്കിലും ഒരു സ്ഥലത്തെയല്ല. ശരിക്കും പറഞ്ഞാൽ, ‘ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കാന്മാർ’ യഹോവയ്ക്ക് എതിരെ ഒരുമിച്ചുകൂടുന്ന സാഹചര്യത്തെയാണ് അർമഗെദോൻ കുറിക്കുന്നത്. (വെളി. 16:14) എങ്കിലും ഈ ലേഖനത്തിൽ, ഭൂമിയിലെ രാജാക്കന്മാർ ഒരുമിച്ച് കൂടിയതിനു ശേഷം നടക്കാനിരിക്കുന്ന യുദ്ധത്തെ പരാമർശിക്കാനും അർമഗെദോൻ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു. അർമഗെദോൻ ആലങ്കാരികമായ ഒരു സ്ഥലമാണെന്നു നമുക്ക് എങ്ങനെ അറിയാം? ഒന്ന്, മെഗിദ്ദോ എന്നു പേരുള്ള ഒരു പർവതം ഭൂമിയിലില്ല. രണ്ട്, പുരാതന മെഗിദ്ദോയ്ക്കു ചുറ്റുമുള്ള സ്ഥലത്ത് ‘ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാരും’ അവരുടെ സൈന്യങ്ങളും യുദ്ധായുധങ്ങളും ഒതുങ്ങില്ല. മൂന്ന്, ലോകത്തെ ‘രാജാക്കന്മാർ’ ആക്രമിക്കാൻപോകുന്ന ദൈവജനം ഭൂമിയുടെ പല ഭാഗങ്ങളിൽ ചിതറിക്കിടക്കുകയാണ്. ഈ ലേഖനത്തിൽ നമ്മൾ പഠിക്കാൻപോകുന്നതുപോലെ, അവരെ ആക്രമിക്കുമ്പോഴാണ് അർമഗെദോൻ യുദ്ധം ആരംഭിക്കുന്നത്.
4. വരാനിരിക്കുന്ന അന്തിമയുദ്ധത്തെ യഹോവ എന്തുകൊണ്ടാണു മെഗിദ്ദോയുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്?
4 യഹോവ ഈ അന്തിമയുദ്ധത്തെ എന്തുകൊണ്ടാണ് മെഗിദ്ദോയുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്? ബൈബിൾക്കാലങ്ങളിൽ മെഗിദ്ദോയിലും അടുത്തുള്ള ജസ്രീൽ താഴ്വരയിലും വെച്ച് ഒട്ടനവധി യുദ്ധങ്ങൾ നടന്നിട്ടുണ്ട്. തന്റെ ജനത്തെ സഹായിക്കുന്നതിന് യഹോവ ഈ യുദ്ധങ്ങളിൽ ചിലപ്പോൾ നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, “മെഗിദ്ദോ നീരുറവിന് അരികിൽവെച്ച്” നടന്ന ഒരു സംഭവം നോക്കുക. സീസെര എന്ന സൈന്യാധിപൻ നയിച്ച കനാന്യ സൈന്യത്തെ തോൽപ്പിക്കാൻ യഹോവ ന്യായാധിപനായ ബാരാക്കിനെ സഹായിച്ചു. തങ്ങൾക്ക് അത്ഭുതകരമായ ജയം തന്നതിനു ബാരാക്കും പ്രവാചികയായ ദബോരയും യഹോവയ്ക്കു നന്ദി പറഞ്ഞു. അവർ ഇങ്ങനെ പാടി: “ആകാശത്തുനിന്ന് നക്ഷത്രങ്ങൾ . . . സീസെരയ്ക്കെതിരെ യുദ്ധം ചെയ്തു. കീശോൻ ജലപ്രവാഹം അവരെ ഒഴുക്കിക്കളഞ്ഞു.”—ന്യായാ. 5:19-21.
5. ബാരാക്ക് നടത്തിയ യുദ്ധവും അർമഗെദോൻ യുദ്ധവും തമ്മിലുള്ള വ്യത്യാസം എന്താണ്?
5 ബാരാക്കും ദബോരയും അവരുടെ പാട്ട് അവസാനിപ്പിച്ചത് ഈ വാക്കുകളോടെയാണ്: “യഹോവേ, അങ്ങയുടെ ശത്രുക്കളെല്ലാം നശിച്ചുപോകട്ടെ, എന്നാൽ അങ്ങയെ സ്നേഹിക്കുന്നവർ ഉദിച്ചുയരുന്ന സൂര്യനെപ്പോലെ ശോഭിക്കട്ടെ.” (ന്യായാ. 5:31) അന്നത്തെപ്പോലെ, അർമഗെദോനിലും ദൈവത്തിന്റെ ശത്രുക്കൾ നശിപ്പിക്കപ്പെടും. പക്ഷേ ദൈവത്തെ സ്നേഹിക്കുന്നവർ രക്ഷപ്പെടും. എന്നാൽ ഈ രണ്ടു യുദ്ധങ്ങളും തമ്മിൽ ഒരു വലിയ വ്യത്യാസമുണ്ട്, അർമഗെദോനിൽ ദൈവജനം യുദ്ധം ചെയ്യില്ല. അവർ നിരായുധരായിരിക്കും. “ശാന്തരായിരുന്ന്” അവർ യഹോവയിലും യഹോവയുടെ സ്വർഗീയസൈന്യത്തിലും ‘ആശ്രയിക്കും.’ അതായിരിക്കും “അവരുടെ ബലം.”—യശ. 30:15; വെളി. 19:11-15.
6. അർമഗെദോനിൽ യഹോവ എങ്ങനെയാണു തന്റെ ശത്രുക്കളെ തോൽപ്പിക്കുന്നത്?
6 അർമഗെദോനിൽ ദൈവം എങ്ങനെയാണു ശത്രുക്കളെ തോൽപ്പിക്കാൻപോകുന്നത്? അതിനു ദൈവം വ്യത്യസ്തരീതികൾ സ്വീകരിച്ചേക്കാം. ഉദാഹരണത്തിന്, ദൈവം ഭൂകമ്പമോ ആലിപ്പഴമോ അല്ലെങ്കിൽ ഇടിമിന്നലോ ഉപയോഗിച്ചേക്കാം. (ഇയ്യോ. 38:22, 23; യഹ. 38:19-22) ശത്രുക്കൾ പരസ്പരം പോരടിക്കാനും ദൈവം ഇടയാക്കിയേക്കാം. (2 ദിന. 20:17, 22, 23) ഇനി, ദുഷ്ടന്മാരെ കൊന്നുകളയാൻ ദൈവം ദൂതന്മാരെ ഉപയോഗിച്ചേക്കാം. (യശ. 37:36) ഏതു രീതി ഉപയോഗിച്ചാലും ശരി, ദൈവത്തിന്റെ വിജയം സമ്പൂർണമായിരിക്കും. ദൈവത്തിന്റെ എല്ലാ ശത്രുക്കളും ഇല്ലാതാകും, നീതിമാന്മാരായ എല്ലാവരും രക്ഷ നേടും.—സുഭാ. 3:25, 26.
അർമഗെദോനിലേക്കു നയിക്കുന്ന സംഭവങ്ങൾ
7-8. (എ) 1 തെസ്സലോനിക്യർ 5:1-6 പറയുന്നതനുസരിച്ച്, ലോകനേതാക്കൾ അസാധാരണമായ ഏതു പ്രഖ്യാപനം നടത്തും? (ബി) ഈ നുണ അപകടം ചെയ്യുന്നത് എന്തുകൊണ്ട്?
7 “യഹോവയുടെ ദിവസം” വരുന്നതിനു മുമ്പായി “സമാധാനം, സുരക്ഷിതത്വം” എന്ന പ്രഖ്യാപനമുണ്ടാകും. (1 തെസ്സലോനിക്യർ 5:1-6 വായിക്കുക.) 1 തെസ്സലോനിക്യർ 5:2-ലെ “യഹോവയുടെ ദിവസം” ‘മഹാകഷ്ടതയെയാണ്’ പരാമർശിക്കുന്നത്. (വെളി. 7:14) മഹാകഷ്ടത ആരംഭിക്കാൻപോകുന്നെന്നു നമ്മൾ എങ്ങനെ അറിയും? വളരെ അസാധാരണമായ ഒരു പ്രഖ്യാപനമുണ്ടാകുമെന്നാണു ബൈബിൾ പറയുന്നത്. മഹാകഷ്ടത ആരംഭിക്കുന്നതിന്റെ സൂചനയായിരിക്കും അത്.
8 ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ “സമാധാനം, സുരക്ഷിതത്വം” എന്ന പ്രഖ്യാപനമായിരിക്കും അത്. ലോകനേതാക്കൾ എന്തുകൊണ്ടാണ് അങ്ങനെ ഒരു പ്രഖ്യാപനം നടത്തുക? നമുക്കു കൃത്യമായി അറിയില്ല. മതനേതാക്കന്മാർ ഇതിൽ പങ്കുചേരുമോ? ചിലപ്പോൾ അവരും കൂടിയേക്കാം. എന്തായാലും, ഈ പ്രഖ്യാപനം ഭൂതങ്ങളിൽനിന്ന് വരുന്ന മറ്റൊരു നുണ മാത്രമാണ്. പക്ഷേ ഈ നുണ വളരെ അപകടം ചെയ്യും. കാരണം, മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കഷ്ടത പടിവാതിൽക്കൽ എത്തിനിൽക്കുന്ന സമയത്ത് നടത്തുന്ന ഈ പ്രഖ്യാപനം, കാര്യങ്ങളെല്ലാം സുരക്ഷിതമാണെന്ന തെറ്റായ ധാരണ ആളുകൾക്കു കൊടുക്കും. എന്നാൽ, “ഗർഭിണിക്കു പ്രസവവേദന വരുന്നതുപോലെ,
പ്രതീക്ഷിക്കാത്ത നേരത്ത് അവരുടെ മേൽ പെട്ടെന്നുള്ള നാശം വരും.” യഹോവയുടെ വിശ്വസ്തരായ ദാസന്മാർക്ക് എന്തു സംഭവിക്കും? യഹോവയുടെ ദിവസം അത്ര പെട്ടെന്ന് ആരംഭിക്കുന്നതു കണ്ട് അവരും ഒന്ന് അമ്പരന്നുപോയേക്കാം. പക്ഷേ അവർ തയ്യാറായിരിക്കും.9. ദൈവം സാത്താന്റെ വ്യവസ്ഥിതിയെ ഒറ്റയടിക്ക് ഇല്ലാതാക്കുമോ? വിശദീകരിക്കുക.
9 നോഹയുടെ കാലത്ത് ചെയ്തതുപോലെ സാത്താന്റെ മുഴുലോകത്തെയും ഒറ്റയടിക്ക് യഹോവ ഇല്ലാതാക്കില്ല. പകരം രണ്ടു ഘട്ടങ്ങളായിട്ടാണ് അതു ചെയ്യാൻപോകുന്നത്. ആദ്യം, എല്ലാ വ്യാജമതങ്ങളും ചേർന്നുള്ള ബാബിലോൺ എന്ന മഹതിയെ നശിപ്പിക്കും. പിന്നെ, അർമഗെദോനിൽ, സാത്താന്റെ ലോകത്തിന്റെ ബാക്കിയുള്ള ഭാഗത്തെ ദൈവം തുടച്ചുനീക്കും. അതിൽ ഈ വ്യവസ്ഥിതിയിലെ രാഷ്ട്രീയ-സൈനിക-വാണിജ്യ ഘടകങ്ങൾ ഉൾപ്പെടുന്നു. നമുക്ക് ഈ രണ്ടു സംഭവങ്ങളും ഒന്ന് അടുത്ത് പരിശോധിക്കാം.
10. വെളിപാട് 17:1, 6-ഉം 18:24-ഉം പറയുന്നതനുസരിച്ച്, യഹോവ എന്തുകൊണ്ടാണു ബാബിലോൺ എന്ന മഹതിയെ നശിപ്പിക്കുന്നത്?
10 “മഹാവേശ്യക്കുള്ള ന്യായവിധി.” (വെളിപാട് 17:1, 6; 18:24 വായിക്കുക.) ബാബിലോൺ എന്ന മഹതി ദൈവനാമത്തിന്മേൽ വലിയ നിന്ദ വരുത്തിക്കൂട്ടിയിരിക്കുന്നു. ഈ “മഹാവേശ്യ” ദൈവത്തെക്കുറിച്ച് നുണകളാണു പഠിപ്പിച്ചിരിക്കുന്നത്. ഭൂമിയിലെ ഭരണാധികാരികളുമായി സഖ്യം ചേർന്നുകൊണ്ട് അവൾ ആത്മീയവേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. അധികാരവും സ്വാധീനവും ഉപയോഗിച്ച് അവളുടെ ആടുകളെ ചൂഷണം ചെയ്തിരിക്കുന്നു. അതുപോലെ, ദൈവദാസർ ഉൾപ്പെടെ പലരെയും അവൾ കൊന്നു. (വെളി. 19:2) യഹോവ എങ്ങനെയാണു ബാബിലോൺ എന്ന മഹതിയെ നശിപ്പിക്കാൻപോകുന്നത്?
11. ‘കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗം’ എന്താണ്, ബാബിലോൺ എന്ന മഹതിക്കെതിരെ ദൈവം ആ കാട്ടുമൃഗത്തെ എങ്ങനെ ഉപയോഗിക്കും?
11 ‘കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗത്തിന്റെ’ ‘പത്തു കൊമ്പുകളെ’ ഉപയോഗിച്ചാണ് യഹോവ ‘മഹാവേശ്യയെ’ നശിപ്പിക്കുന്നത്. ആ കാട്ടുമൃഗം ഐക്യരാഷ്ട്രസംഘടനയെയാണു പ്രതിനിധാനം ചെയ്യുന്നത്. ഈ സംഘടനയെ പിന്തുണയ്ക്കുന്ന നിലവിലുള്ള രാഷ്ട്രീയശക്തികളാണു പത്തു കൊമ്പുകൾ. ദൈവം നിശ്ചയിച്ച സമയത്ത്, ആ രാഷ്ട്രീയശക്തികൾ ബാബിലോൺ എന്ന മഹതിക്കെതിരെ തിരിയും. അവർ അവളുടെ സ്വത്തു കൊള്ളയടിക്കുകയും അവളുടെ ദുഷ്ടത തുറന്നുകാട്ടുകയും ചെയ്തുകൊണ്ട് “അവളെ നശിപ്പിക്കുകയും നഗ്നയാക്കുകയും” ചെയ്യും. (വെളി. 17:3, 16) ഒരു ദിവസം കൊണ്ടെന്നപോലെ സംഭവിക്കുന്ന പെട്ടെന്നുള്ള ആ നാശം അവളെ പിന്തുണയ്ക്കുന്ന എല്ലാവരെയും ഞെട്ടിക്കും. കാരണം, “ഞാൻ രാജ്ഞിയെപ്പോലെ ഭരിക്കുന്നു. ഞാൻ വിധവയല്ല; എനിക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല” എന്നായിരുന്നല്ലോ അവൾ വീമ്പിളക്കിയിരുന്നത്.—വെളി. 18:7, 8.
12. എന്തു ചെയ്യാൻ യഹോവ രാഷ്ട്രങ്ങളെ അനുവദിക്കില്ല, എന്തുകൊണ്ട്?
12 തന്റെ ജനത്തെ നശിപ്പിക്കാൻ ദൈവം രാഷ്ട്രങ്ങളെ അനുവദിക്കില്ല. കാരണം, അവർ അഭിമാനത്തോടെ യഹോവയുടെ പേരു വഹിക്കുന്നവരാണ്. കൂടാതെ ബാബിലോൺ എന്ന മഹതിയിൽനിന്ന് പുറത്ത് കടക്കാനുള്ള കല്പന അവർ അനുസരിച്ചു. (പ്രവൃ. 15:16, 17; വെളി. 18:4) കൂടാതെ, അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് അവർ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് യഹോവയുടെ ദാസന്മാർക്ക് “അവൾക്കു വരുന്ന ബാധകളുടെ ഓഹരി” അനുഭവിക്കേണ്ടിവരില്ല. എങ്കിലും അവരുടെ വിശ്വാസം പരിശോധിക്കുന്ന സംഭവമാണ് തുടർന്ന് നടക്കാൻപോകുന്നത്.
13. (എ) ആരാണു ഗോഗ്? (ബി) യഹസ്കേൽ 38:2, 8, 9 അനുസരിച്ച്, ഗോഗിനെ അർമഗെദോൻ എന്ന ആലങ്കാരികസ്ഥലത്ത് എത്തിക്കുന്നത് എപ്പോൾ?
13 ഗോഗിന്റെ ആക്രമണം. (യഹസ്കേൽ 38:2, 8, 9 വായിക്കുക.) എല്ലാ വ്യാജമതസംഘടനകളെയും നശിപ്പിച്ചുകഴിയുമ്പോൾ കൊടുങ്കാറ്റിനു ശേഷം തലയുയർത്തി നിൽക്കുന്ന ഒറ്റപ്പെട്ട വൻമരംപോലെ ദൈവജനം മാത്രം ഭൂമിയിൽ ശേഷിക്കും. ആ കാഴ്ച സാത്താനെ അങ്ങേയറ്റം ദേഷ്യം പിടിപ്പിക്കും. അവൻ എങ്ങനെയായിരിക്കും തന്റെ ദേഷ്യം പ്രകടിപ്പിക്കുന്നത്? യഹോവയുടെ ദാസന്മാരെ ആക്രമിക്കുന്നതിനു രാഷ്ട്രങ്ങളുടെ കൂട്ടത്തെ പ്രേരിപ്പിക്കാൻ സാത്താൻ ‘അശുദ്ധമായ അരുളപ്പാടുകൾ,’ അഥവാ ഭൂതങ്ങളെ ഉപയോഗിച്ച് വ്യാജമായ പ്രചാരണങ്ങൾ, നടത്തും. (വെളി. 16:13, 14) രാഷ്ട്രങ്ങളുടെ ആ കൂട്ടത്തെയാണു “മാഗോഗ് ദേശത്തെ ഗോഗ്” എന്നു വിളിക്കുന്നത്. രാഷ്ട്രങ്ങൾ യഹോവയുടെ ജനത്തിനു നേരേ ആക്രമണം അഴിച്ചുവിടുമ്പോൾ അർമഗെദോൻ എന്ന ആലങ്കാരികസ്ഥലത്ത് രാഷ്ട്രങ്ങൾ എത്തിച്ചേരും, അഥവാ അർമഗെദോൻ യുദ്ധം ആരംഭിക്കും.—വെളി. 16:16.
14. ഗോഗ് ഏതു കാര്യം തിരിച്ചറിയും?
14 ആ സമയത്ത് ഗോഗ് ‘മനുഷ്യശക്തിയിൽ,’ അഥവാ സൈനികബലത്തിൽ, ആശ്രയിക്കും. (2 ദിന. 32:8) നമ്മളോ, നമ്മുടെ ദൈവമായ യഹോവയിലും. നമ്മുടെ നിലപാടു രാഷ്ട്രങ്ങൾക്കു മണ്ടത്തരമായി തോന്നിയേക്കാം. അതിനു കാരണവുമുണ്ട്. ശക്തയായ ബാബിലോൺ എന്ന മഹതിയെ അവളുടെ ദൈവങ്ങൾ ‘കാട്ടുമൃഗത്തിന്റെയും’ ‘പത്തു കൊമ്പുകളുടെയും’ കൈയിൽനിന്ന് രക്ഷിച്ചില്ല. (വെളി. 17:16) അതുകൊണ്ട് ദൈവജനത്തെ അനായാസം ഇല്ലാതാക്കാമെന്നു ഗോഗ് കണക്കു കൂട്ടും. “മേഘം ദേശത്തെ മൂടുന്നതുപോലെ,” ഗോഗ് യഹോവയുടെ ജനത്തെ ആക്രമിക്കും. (യഹ. 38:16) പക്ഷേ താൻ ഒരു കെണിയിലേക്കാണു നടന്നുനീങ്ങിയതെന്നു പെട്ടെന്നുതന്നെ അവൻ മനസ്സിലാക്കും. പണ്ട് ചെങ്കടലിൽവെച്ച് ഫറവോൻ മനസ്സിലാക്കിയതുപോലെ യഹോവയ്ക്കെതിരെയാണു താൻ യുദ്ധം ചെയ്യുന്നതെന്നു ഗോഗ് തിരിച്ചറിയും.—പുറ. 14:1-4; യഹ. 38:3, 4, 18, 21-23.
15. അർമഗെദോൻ യുദ്ധത്തിൽ യേശു എന്തു ചെയ്യും?
15 ക്രിസ്തുവും സ്വർഗത്തിലെ സൈന്യവും ദൈവജനത്തെ സംരക്ഷിക്കും, രാഷ്ട്രങ്ങളെയും അവരുടെ സൈന്യങ്ങളെയും നശിപ്പിക്കുകയും ചെയ്യും. (വെളി. 19:11, 14, 15) എന്നാൽ ഭൂതപ്രചാരണം ഉപയോഗിച്ച് രാഷ്ട്രങ്ങളെ അർമഗെദോനിൽ എത്തിച്ച യഹോവയുടെ മുഖ്യശത്രുവായ സാത്താന്റെ കാര്യമോ? യേശു അവനെയും കൂടെയുള്ള ഭൂതങ്ങളെയും അഗാധത്തിലേക്ക് എറിയും, അവിടെ ആയിരം വർഷത്തേക്ക് അവരെ ബന്ധനത്തിലാക്കും.—വെളി. 20:1-3.
അർമഗെദോൻ യുദ്ധത്തിൽ എങ്ങനെ രക്ഷ നേടാം?
16. (എ) ‘ദൈവത്തെ അറിയുന്നു’ എന്നു നമുക്ക് എങ്ങനെ കാണിക്കാം? (ബി) യഹോവയെ അറിയുന്നവർക്ക് അർമഗെദോൻ യുദ്ധത്തിൽ എന്ത് അനുഗ്രഹമാണു കാത്തിരിക്കുന്നത്?
16 നമ്മൾ സത്യം പഠിച്ചിട്ട് കുറെ വർഷങ്ങളായെങ്കിലും അല്ലെങ്കിലും, അർമഗെദോനിൽ രക്ഷ കിട്ടണമെങ്കിൽ ‘ദൈവത്തെ അറിയുകയും’ ‘നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത അനുസരിക്കുകയും’ വേണം. (2 തെസ്സ. 1:7-9) ദൈവത്തിന് ഇഷ്ടമുള്ള കാര്യങ്ങളും ഇഷ്ടമില്ലാത്ത കാര്യങ്ങളും, ദൈവത്തിന്റെ നിലവാരങ്ങളും അറിയുമ്പോഴാണു നമ്മൾ ‘ദൈവത്തെ അറിയുന്നത്.’ കൂടാതെ, ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ദൈവത്തിനു സമ്പൂർണഭക്തി കൊടുക്കുകയും ചെയ്തുകൊണ്ട് ദൈവത്തെ അറിയുന്നു എന്നു കാണിക്കാം. (1 യോഹ. 2:3-5; 5:3) നമ്മൾ ദൈവത്തെ അറിഞ്ഞാൽ, ‘ദൈവം അറിയുന്ന’ ഒരാളാകാൻ നമുക്കു കഴിയും, അതായത് നമുക്കു ദൈവത്തിന്റെ അംഗീകാരം കിട്ടും. (1 കൊരി. 8:3) അങ്ങനെയുള്ളവർക്കാണ് അർമഗെദോൻ യുദ്ധത്തിൽ രക്ഷ ലഭിക്കുക.
17. ‘നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത അനുസരിക്കുക’ എന്നാൽ എന്താണ്?
17 ‘നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയിൽ’ യേശു പഠിപ്പിച്ച എല്ലാ സത്യങ്ങളും ഉൾപ്പെടുന്നു. ദൈവവചനത്തിൽ നമുക്ക് അതു കാണാം. ഈ സന്തോഷവാർത്തയ്ക്കു ചേർച്ചയിൽ ജീവിക്കുമ്പോൾ നമ്മൾ അത് അനുസരിക്കുകയാണ്. അതിൽ ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നതും ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതും ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുന്നതും ഉൾപ്പെടുന്നു. (മത്താ. 6:33; 24:14) കൂടാതെ, യേശു ഏൽപ്പിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഉത്തരവാദിത്വം ചെയ്യുന്ന ക്രിസ്തുവിന്റെ അഭിഷിക്തസഹോദരങ്ങളെ പിന്തുണയ്ക്കുന്നതും അതിൽ ഉൾപ്പെടുന്നുണ്ട്.—മത്താ. 25:31-40.
18. ക്രിസ്തുവിന്റെ അഭിഷിക്തസഹോദരന്മാർ, തങ്ങളോടു കാണിച്ച സ്നേഹദയയ്ക്ക് എങ്ങനെയാണു പ്രത്യുപകാരം ചെയ്യുന്നത്?
യോഹ. 10:16) എങ്ങനെ? അർമഗെദോൻ യുദ്ധം ആരംഭിക്കുന്നതിനു മുമ്പ്, 1,44,000 പേരിൽ ഭൂമിയിൽ ബാക്കിയുള്ളവർ ദൈവത്തിന്റെ അമർത്യതയുള്ള ആത്മവ്യക്തികളായി സ്വർഗത്തിലേക്ക് എടുക്കപ്പെടും. അങ്ങനെ ആ 1,44,000 അഭിഷിക്തദാസന്മാരും സ്വർഗീയസൈന്യത്തോടൊപ്പം ചേർന്ന് ഗോഗിനെ തകർക്കുകയും ‘മഹാപുരുഷാരത്തെ’ സംരക്ഷിക്കുകയും ചെയ്യും. (വെളി. 2:26, 27; 7:9, 10) ഈ അഭിഷിക്തസഹോദരന്മാർ ഭൂമിയിലുള്ള സമയത്ത് അവരെ പിന്തുണയ്ക്കാൻ കഴിയുന്നതു മഹാപുരുഷാരത്തിൽപ്പെട്ടവർക്ക് എത്ര വലിയ പദവിയാണ്!
18 ‘വേറെ ആടുകളിൽപ്പെട്ടവർ’ ചെയ്ത എല്ലാ സഹായത്തിനും പ്രത്യുപകാരം ചെയ്യാൻ ദൈവത്തിന്റെ അഭിഷിക്തദാസന്മാർക്കു പെട്ടെന്നുതന്നെ അവസരം ലഭിക്കും. (നമുക്ക് എങ്ങനെ വിശ്വസ്തരായി നിൽക്കാം?
19-20. എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും, അർമഗെദോൻ അടുത്തുവരുന്ന ഈ സമയത്ത് വിശ്വസ്തരായി നിൽക്കാൻ നമുക്ക് എങ്ങനെ കഴിയും?
19 ബുദ്ധിമുട്ടു നിറഞ്ഞ ഈ അവസാനകാലത്ത് യഹോവയുടെ ജനത്തിൽ മിക്കവരും പരിശോധനകൾ നേരിടുന്നുണ്ട്. എന്നിരുന്നാലും, നമുക്കു സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ കഴിയും. (യാക്കോ. 1:2-4) നമ്മളെ വളരെയധികം സഹായിക്കുന്ന ഒന്നാണ്, മുടങ്ങാതെ, ഉള്ളുരുകി പ്രാർഥിക്കുന്നത്. (ലൂക്കോ. 21:36) പ്രാർഥിക്കുക മാത്രമല്ല, എല്ലാ ദിവസവും ദൈവവചനം പഠിക്കുകയും പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുകയും വേണം. വൈകാതെ നിറവേറാൻപോകുന്ന അത്ഭുതകരമായ പ്രവചനങ്ങളും നമ്മുടെ പഠനവിഷയമായിരിക്കണം. (സങ്കീ. 77:12) ഈ കാര്യങ്ങളെല്ലാം ചെയ്യുന്നതോടൊപ്പം ശുശ്രൂഷയിൽ കഴിവിന്റെ പരമാവധി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ നമുക്കു നമ്മുടെ വിശ്വാസവും അതുപോലെ പ്രത്യാശയും ശക്തമാക്കിനിറുത്താൻ കഴിയും.
20 ബാബിലോൺ എന്ന മഹതി മേലാൽ ഇല്ല! അർമഗെദോൻ യുദ്ധം അവസാനിച്ചു! എത്ര ആവേശം നിറഞ്ഞ ഒരു സമയം! എല്ലാവരും ദൈവത്തിന്റെ പേര് ആദരിക്കുകയും ഭരിക്കാനുള്ള ദൈവത്തിന്റെ അവകാശം അംഗീകരിക്കുകയും ചെയ്യുമ്പോൾ എത്ര സന്തോഷമായിരിക്കുമെന്നും ചിന്തിക്കുക! (യഹ. 38:23) അതുകൊണ്ട് ദൈവത്തെ അറിയുകയും ദൈവത്തിന്റെ മകനെ അനുസരിക്കുകയും അവസാനത്തോളം സഹിച്ചുനിൽക്കുകയും ചെയ്യുന്നവർക്ക് അർമഗെദോൻ ഒരു സന്തോഷവാർത്തയായിരിക്കും, സംശയമില്ല!—മത്താ. 24:13.
ഗീതം 143 പ്രവർത്തിച്ചുകൊണ്ടിരിക്കാം, ഉണർന്നിരിക്കാം, കാത്തിരിക്കാം
^ ഖ. 5 യഹോവയുടെ ജനം കാലങ്ങളായി അർമഗെദോനുവേണ്ടി കാത്തിരിക്കുകയാണ്. ഈ ലേഖനത്തിൽ, എന്താണ് അർമഗെദോൻ, അർമഗെദോനിലേക്കു നയിക്കുന്ന സംഭവങ്ങൾ എന്തൊക്കെയാണ്, അർമഗെദോൻ അടുത്തെത്തുംതോറും എങ്ങനെ വിശ്വസ്തരായി തുടരാം എന്നീ കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്യും.
^ ഖ. 71 ചിത്രക്കുറിപ്പ്: നമുക്കു ചുറ്റും നാടകീയസംഭവങ്ങൾ അരങ്ങേറും. നമ്മൾ (1) കഴിയുന്നിടത്തോളം കാലം ശുശ്രൂഷയിൽ പങ്കെടുക്കും, (2) ക്രമമായി പഠിക്കും, (3) ദൈവത്തിന്റെ സംരക്ഷണത്തിൽ ആശ്രയിക്കും.
^ ഖ. 85 ചിത്രക്കുറിപ്പ്: പോലീസുകാർ ഒരു ക്രിസ്തീയകുടുംബത്തിന്റെ വീട്ടിലേക്കു നടന്നടുക്കുന്നു, എന്നാൽ യേശുവും ദൂതന്മാരും സംഭവങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ആ കുടുംബത്തിന് അറിയാം.