“കൈ അയച്ച് ദാനം ചെയ്യുന്നവന് അനുഗ്രഹം ലഭിക്കും”
യാഗങ്ങൾ പണ്ടുകാലംമുതലേ സത്യാരാധനയുടെ സുപ്രധാനഭാഗമാണ്. ഇസ്രായേല്യർ മൃഗബലികൾ അർപ്പിച്ചു. ക്രിസ്ത്യാനികൾ എപ്പോഴും “സ്തുതികളാകുന്ന ബലി” അർപ്പിക്കുന്നതിൽ പേരുകേട്ടവരാണ്. എന്നാൽ ദൈവത്തിന്റെ പ്രീതി ലഭിക്കുന്ന മറ്റു യാഗങ്ങളുമുണ്ട്. (എബ്രാ. 13:15, 16) ഈ യാഗങ്ങൾ സന്തോഷവും അനുഗ്രഹങ്ങളും കൈവരുത്തുന്നു. ഇതു ശരിവെക്കുന്ന ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കാം.
പുരാതനനാളിലെ വിശ്വസ്ത ആരാധികയായിരുന്ന ഹന്ന വന്ധ്യയായിരുന്നു. തനിക്ക് ഒരു ആൺകുട്ടി വേണമെന്നു ഹന്ന അതിയായി ആഗ്രഹിച്ചു. ഒരു ആൺകുട്ടി പിറന്നാൽ അവനെ ‘ജീവിതകാലം മുഴുവൻ ദൈവത്തെ സേവിക്കാൻ’ വിട്ടുകൊടുക്കുമെന്നു പ്രാർഥനയിൽ ഹന്ന യഹോവയ്ക്കു നേർച്ച നേർന്നു. (1 ശമു. 1:10, 11) താമസിയാതെ ഹന്ന ഗർഭിണിയായി, ഒരു ആൺകുട്ടിയെ പ്രസവിച്ചു, അവനു ശമുവേൽ എന്നു പേരിട്ടു. ശമുവേലിന്റെ മുലകുടി മാറിയ ഉടനെ, തന്റെ നേർച്ചയ്ക്കു ചേർച്ചയിൽ ഹന്ന ശമുവേലിനെ വിശുദ്ധകൂടാരത്തിലേക്കു കൊണ്ടുപോയി. ഹന്നയുടെ ആത്മത്യാഗമനസ്സിനെ യഹോവ അനുഗ്രഹിച്ചു. ഹന്നയ്ക്കു വേറെ അഞ്ചു കുട്ടികളുംകൂടെ ഉണ്ടായി. ശമുവേലാകട്ടെ, ഒരു പ്രവാചകനും ബൈബിൾ എഴുത്തുകാരനും ആയിത്തീർന്നു.—1 ശമു. 2:21.
ഹന്നയെയും ശമുവേലിനെയും പോലെ ഇന്നത്തെ ക്രിസ്ത്യാനികൾക്കും സ്രഷ്ടാവിനെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവെക്കാനുള്ള പദവിയുണ്ട്. യഹോവയെ ആരാധിക്കുന്നതിനുവേണ്ടി നമ്മൾ ചെയ്യുന്ന ഏതു ത്യാഗത്തെയും യഹോവ സമൃദ്ധമായി അനുഗ്രഹിക്കുമെന്നു യേശു ഉറപ്പു നൽകി.—മർക്കോ. 10:28-30.
ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തബീഥ (ഡോർക്കസ്) “നല്ല കാര്യങ്ങളും ദാനധർമങ്ങളും” ചെയ്യുന്നതിൽ പേരുകേട്ട ഒരു ക്രിസ്തീയസ്ത്രീയായിരുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിനു തബീഥ വളരെ ത്യാഗങ്ങൾ ചെയ്തുപോന്നു. സഭയിലുള്ളവരെയെല്ലാം ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ഒരു ദിവസം തബീഥ “രോഗം ബാധിച്ച് മരിച്ചു.” പത്രോസ് അടുത്ത പ്രദേശത്തുണ്ടെന്നു ശിഷ്യന്മാർ അറിഞ്ഞപ്പോൾ പെട്ടെന്നു തങ്ങളുടെ അടുത്ത് വരേണമേ എന്ന് അവർ പത്രോസിനോട് അപേക്ഷിച്ചു. പത്രോസ് അവിടെയെത്തി തബീഥയെ ഉയിർപ്പിച്ചപ്പോൾ അവർക്കുണ്ടായ സന്തോഷം ഒന്ന് ആലോചിച്ചുനോക്കൂ. അതാണ് ഒരു അപ്പോസ്തലൻ നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ പുനരുത്ഥാനം. (പ്രവൃ. 9:36-41) തബീഥ ചെയ്ത സേവനം യഹോവ മറന്നില്ലായിരുന്നു. (എബ്രാ. 6:10) ഔദാര്യം കാണിക്കുന്ന കാര്യത്തിൽ നമുക്കുള്ള നല്ല ഒരു മാതൃകയായി തബീഥയെക്കുറിച്ച് ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
മറ്റൊരു ഉത്തമമാതൃകയാണ് അപ്പോസ്തലനായ പൗലോസ്. മറ്റുള്ളവർക്കായി കരുതാൻ തന്റെ സമയം പൗലോസ് മടികൂടാതെ ചെലവഴിച്ചു. “ഞാൻ ഏറ്റവും സന്തോഷത്തോടെ എനിക്കുള്ളതും എന്നെത്തന്നെയും നിങ്ങൾക്കുവേണ്ടി തരും” എന്നാണു കൊരിന്തിലെ ക്രിസ്തീയസഹോദരങ്ങൾക്കു പൗലോസ് എഴുതിയത്. (2 കൊരി. 12:15) മറ്റുള്ളവർക്കായി തന്നെത്തന്നെ വിട്ടുകൊടുക്കുന്നതിന്റെ പ്രയോജനങ്ങൾ അനുഭവത്തിലൂടെ പൗലോസ് തിരിച്ചറിഞ്ഞു. തനിക്കുതന്നെ ലഭിക്കുന്ന സംതൃപ്തി മാത്രമല്ല, അതിലും പ്രധാനമായി യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങളും അംഗീകാരവും.—പ്രവൃ. 20:24, 35.
രാജ്യതാത്പര്യം ഉന്നമിപ്പിക്കുന്നതിനും സഹോദരങ്ങളെ പിന്തുണയ്ക്കുന്നതിനും നമ്മുടെ സമയവും ഊർജവും ചെലവഴിക്കുമ്പോൾ യഹോവ വളരെയധികം സന്തോഷിക്കുന്നു. രാജ്യപ്രസംഗവേലയെ പിന്തുണയ്ക്കാൻ കഴിയുന്ന മറ്റ് ഏതെങ്കിലും വഴികളുണ്ടോ? ഉണ്ട്. സ്നേഹത്താൽ പ്രേരിതമായുള്ള പ്രവർത്തനങ്ങൾക്കൊപ്പം നമ്മുടെ സ്വമനസ്സാലെയുള്ള സംഭാവനകൾകൊണ്ടും നമുക്കു ദൈവത്തെ ബഹുമാനിക്കാൻ കഴിയും. ലോകവ്യാപക പ്രസംഗപ്രവർത്തനത്തെ വിപുലീകരിക്കാൻ ഈ സംഭാവനകൾ ഉപയോഗിക്കുന്നു. അതിൽ മിഷനറിമാരെയും മറ്റു പ്രത്യേക മുഴുസമയസേവകരെയും പിന്തുണയ്ക്കുന്നത് ഉൾപ്പെടുന്നു. കൂടാതെ, പ്രസിദ്ധീകരണങ്ങളും വീഡിയോകളും തയ്യാറാക്കുന്നതും പരിഭാഷ ചെയ്യുന്നതും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സഹായിക്കുന്നതും പുതിയ രാജ്യഹാളുകൾ നിർമിക്കുന്നതും ഒക്കെ നമ്മുടെ സ്വമനസ്സാലെയുള്ള സംഭാവനകൾ ഉപയോഗിച്ചുകൊണ്ടാണ്. “കൈ അയച്ച് ദാനം ചെയ്യുന്നവന് അനുഗ്രഹം ലഭിക്കും” എന്ന കാര്യത്തിൽ നമുക്ക് ഒരു സംശയവും വേണ്ടാ. അതിലുപരിയായി, നമ്മുടെ വിലയേറിയ വസ്തുക്കൾ യഹോവയ്ക്കു കൊടുക്കുമ്പോൾ നമ്മൾ യഹോവയെ മഹത്ത്വപ്പെടുത്തുകയാണ്.—സുഭാ. 3:9; 22:9.
^ ഖ. 10 ഇന്ത്യയിൽ അത് “Jehovah’s Witnesses of India” എന്ന പേരിലായിരിക്കണം.
^ ഖ. 12 ഇന്ത്യൻ പാസ്പോർട്ട് ഉള്ള വ്യക്തികൾക്ക് www.jwindiagift.org എന്ന വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്.
^ ഖ. 14 ഒരു അന്തിമതീരുമാനം എടുക്കുന്നതിനു മുമ്പ് നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക.
^ ഖ. 21 ‘നിന്റെ വിലയേറിയ വസ്തുക്കൾ കൊടുത്ത് യഹോവയെ ബഹുമാനിക്കുക’ എന്ന ഒരു ഡോക്യുമെന്റ് ഇന്ത്യയിൽ ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ലഭ്യമാണ്.