നിങ്ങളുടെ പുതിയ സഭയുമായി എങ്ങനെ ഇണങ്ങിച്ചേരാം?
“ഇങ്ങോട്ടു മാറുന്നതിനെക്കുറിച്ച് ഓർത്തപ്പോൾ എനിക്കാകെ ടെൻഷനായിരുന്നു. എനിക്കു സുഹൃത്തുക്കളെ കിട്ടുമോ, ആളുകൾക്ക് എന്നെ ഇഷ്ടമാകുമോ എന്നൊക്കെ ഞാൻ സംശയിച്ചു.” വീട്ടിൽനിന്ന് 1,400-ലധികം കിലോമീറ്റർ അകലെയുള്ള ഒരു സഭയിലേക്കു മാറിയ അലന്റെ * വാക്കുകളാണ് ഇത്. അലൻ പുതിയ സഭയുമായി ഇണങ്ങിച്ചേരാൻ ശ്രമിക്കുകയാണ്.
മറ്റൊരു സഭയിലേക്കു മാറിയ ഒരാളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കും ഉത്കണ്ഠ തോന്നിയേക്കാം. പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ എന്തു സഹായിക്കും? അതു വിചാരിച്ചതിനെക്കാൾ ബുദ്ധിമുട്ടാണെങ്കിലോ? ഇനി, നിങ്ങൾ വേറൊരു സഭയിലേക്കു പോകുന്നില്ലെങ്കിൽത്തന്നെ, നിങ്ങളുടെ സഭയിലേക്ക് ആരെങ്കിലും സ്ഥലം മാറി വരുന്നെങ്കിൽ അവരെ സഹായിക്കാൻ എന്തു ചെയ്യാനാകും?
വേരു പിടിച്ച് പടർന്ന് പന്തലിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
ഒരു ദൃഷ്ടാന്തം നോക്കാം: ഒരു മരം മറ്റൊരിടത്തേക്കു പറിച്ചുനടുകയാണെന്നു കരുതുക. മരം പറിച്ചെടുക്കുമ്പോൾ കൊണ്ടുപോകാനുള്ള സൗകര്യത്തിനുവേണ്ടി മിക്കപ്പോഴും കുറെയധികം വേരുകൾ മുറിച്ചുമാറ്റും. ആ മരം തുടർന്നും ശക്തമായി നിൽക്കുന്നതിന്, മാറ്റിനട്ടാൽ ഉടനെ അതിൽ പുതിയ വേരുകൾ വളരണം. അതുപോലെ ഒരു സഭയിൽനിന്ന് മറ്റൊരു സഭയിലേക്കു മാറുമ്പോൾ അൽപ്പമൊക്കെ ബുദ്ധിമുട്ടു തോന്നിയേക്കാം. നേരത്തേയുണ്ടായിരുന്ന സഭയിൽ നിങ്ങളുടെ ‘വേരുകൾ’ പടർന്നുകിടക്കുകയായിരുന്നു. അതായത്, നിങ്ങൾക്ക് അവിടെ നല്ലൊരു സുഹൃദ്വലയമുണ്ടായിരുന്നു, നിങ്ങൾ ശീലിച്ച് പഴകിയ ഒരു ആത്മീയചര്യയുണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറി, പുതിയ ചുറ്റുപാടിൽ നിങ്ങളുടെ വേരുകൾ പുതുതായി പടർന്ന് പന്തലിക്കേണ്ടതുണ്ട്. അതിനു നിങ്ങളെ എന്തു സഹായിക്കും? ബൈബിൾതത്ത്വങ്ങൾ പ്രാവർത്തികമാക്കുന്നതാണ് അതിനുള്ള വഴി. ചില തത്ത്വങ്ങൾ നമുക്കു നോക്കാം.
ദൈവത്തിന്റെ വചനം ദിവസവും വായിക്കുന്ന ഒരു വ്യക്തി ‘നീർച്ചാലുകൾക്കരികെ നട്ടിരിക്കുന്ന, കൃത്യസമയത്തുതന്നെ കായ്ക്കുന്ന, ഇലകൾ വാടാത്ത ഒരു മരംപോലെയാണ്. അവൻ ചെയ്യുന്നതെല്ലാം സഫലമാകും.’—സങ്കീ. 1:1-3.
ഒരു മരം നന്നായി വളരണമെങ്കിൽ അതിന്റെ വേരു ദിവസവും വെള്ളം വലിച്ചെടുക്കണം. അതുപോലെ ദൈവവുമായി ശക്തമായ ബന്ധം നിലനിറുത്താൻ ഒരു ക്രിസ്ത്യാനി ദൈവവചനം എന്നും പഠിക്കണം. അതുകൊണ്ട് ദിവസവും ബൈബിൾ വായിക്കുക, ക്രമമായി മീറ്റിങ്ങുകൾക്കു ഹാജരാകുക. കുടുംബാരാധനയും വ്യക്തിപരമായ പഠനവും തുടരുക. ആത്മീയമായി ശക്തരായി നിൽക്കാൻ മുമ്പ് നിങ്ങൾക്കു വേണ്ടിയിരുന്ന എല്ലാ ആത്മീയശീലങ്ങളും പുതിയ സ്ഥലത്തും ആവശ്യമാണ്.
“ ഉന്മേഷം പകരുന്നവന് ഉന്മേഷം ലഭിക്കും.”—സുഭാ. 11:25.
ശുശ്രൂഷയിൽ കൂടുതലായി ഏർപ്പെടുന്നതു നിങ്ങളുടെ ഉത്സാഹം വർധിപ്പിക്കും, പുതിയ സാഹചര്യങ്ങളുമായി പെട്ടെന്ന് ഇണങ്ങിച്ചേരുകയും ചെയ്യും. ഒരു ക്രിസ്തീയമൂപ്പനായ കെവിൻ പറയുന്നു: “പുതിയ സഭയിൽ എത്തിയ ഉടനെ ഞാനും ഭാര്യയും സഹായ മുൻനിരസേവനം ആരംഭിച്ചു. അതാണു ഞങ്ങളെ ഏറ്റവും അധികം സഹായിച്ചത്. സഹോദരങ്ങളും മുൻനിരസേവകരും അതുപോലെ പുതിയ പ്രദേശവും ആയി ഞങ്ങൾ പെട്ടെന്നു പരിചയത്തിലായി.” 1,600 കിലോമീറ്റർ അകലെയുള്ള ഒരു സഭയിലേക്കു മാറിയ റോജർ പറയുന്നു: “പുതിയ സഭയുമായി ഇണങ്ങിച്ചേരാനുള്ള ഏറ്റവും നല്ല വഴി കൂടെക്കൂടെ വയൽസേവനത്തിനു പോകുന്നതാണ്. അതുപോലെ, ഏതു സഹായവും ചെയ്യാൻ നിങ്ങൾ ഒരുക്കമാണെന്നു മൂപ്പന്മാരോടു പറയുക. രാജ്യഹാൾ ശുചീകരിക്കുക, മീറ്റിങ്ങുകളിൽ പകരനിയമനം നടത്തുക, നിങ്ങളുടെ വണ്ടിയിൽ സഹോദരങ്ങളെ മീറ്റിങ്ങുകൾക്കു കൊണ്ടുവരുക, ഈ വിധങ്ങളിലൊക്കെ സഹായിക്കാം. നിങ്ങൾ ആത്മത്യാഗമനോഭാവത്തോടെ എന്തും ചെയ്യാൻ തയ്യാറാണെന്നു കാണുമ്പോൾ സഹോദരങ്ങൾ നിങ്ങളെ ഹൃദയത്തിലേറ്റും.”
നിങ്ങൾ “ഹൃദയം വിശാലമായി തുറക്കണം.”—2 കൊരി. 6:13.
സഹോദരസ്നേഹത്തിന്റെ കാര്യത്തിൽ വിശാലരാകുക. മറ്റൊരു സഭയിലേക്കു മാറിയപ്പോൾ മെലിസ്സയും കുടുംബവും പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യംവെച്ചു. മെലിസ്സ പറയുന്നു: “മീറ്റിങ്ങുകൾ തുടങ്ങുന്നതിനു മുമ്പും അതിനു ശേഷവും ഞങ്ങൾ സഹോദരങ്ങളോട് അടുത്ത് ഇടപഴകി. വെറുതേ ഒരു അഭിവാദനം പറഞ്ഞുപോകുന്നതിനു പകരം ഞങ്ങൾ അവരുമായി സംഭാഷണങ്ങളിൽ ഏർപ്പെട്ടു.” അങ്ങനെ ആ കുടുംബത്തിനു
സഭയിലെ സഹോദരങ്ങളുടെ പേരുകൾ പെട്ടെന്നു പഠിക്കാൻ കഴിഞ്ഞു. സഹോദരങ്ങൾക്ക് ആതിഥ്യമേകിക്കൊണ്ടും അവർ വിശാലത കാണിച്ചു. അതു സുഹൃദ്ബന്ധങ്ങൾ ശക്തമാക്കാൻ സഹായിച്ചു. മെലിസ്സ പറയുന്നു: “ഞങ്ങൾ ഫോൺനമ്പരുകൾ കൈമാറി. അതുകൊണ്ട് ആത്മീയപ്രവർത്തനങ്ങൾക്കും മറ്റു കാര്യങ്ങൾക്കും ഞങ്ങൾക്ക് ഒരുമിച്ച് ഏർപ്പെടാൻ കഴിഞ്ഞു.”പുതിയ ആളുകളെ പരിചയപ്പെടുന്നതു നിങ്ങൾക്കു ചിന്തിക്കാൻപറ്റാത്ത കാര്യമാണെങ്കിൽ ചെറിയചെറിയ കാര്യങ്ങൾ ചെയ്തുകൊണ്ട് തുടങ്ങാം. ഉദാഹരണത്തിന്, ഒന്നു പുഞ്ചിരിക്കുക, നിങ്ങൾക്ക് അങ്ങനെ തോന്നുന്നില്ലെങ്കിൽപ്പോലും! ചിരിക്കുന്ന മുഖം ആളുകളെ നിങ്ങളോടു കൂടുതൽ അടുപ്പിക്കും. “സന്തോഷത്തോടെയുള്ള നോട്ടം ഹൃദയത്തിന് ആഹ്ലാദം” എന്നാണല്ലോ. (സുഭാ. 15:30, അടിക്കുറിപ്പ്) സ്വന്തം നാട്ടിൽനിന്നും ദൂരെ ഒരിടത്തേക്കു മാറിത്താമസിച്ച റെയ്ച്ചൽ പറയുന്നു: “ഞാൻ പൊതുവേ ഒതുങ്ങിക്കൂടുന്ന ആളാണ്. പുതിയ സഭയിലെ സഹോദരങ്ങളുമായി സംസാരിക്കാൻ എനിക്കു ചിലപ്പോൾ ബോധപൂർവം ശ്രമിക്കേണ്ടതുണ്ട്. ആരോടും സംസാരിക്കാതെ രാജ്യഹാളിൽ ഒറ്റയ്ക്ക് ഇരിക്കുന്ന ആരെങ്കിലുമുണ്ടോ എന്നു ഞാൻ നോക്കും. ആ വ്യക്തി എന്നെപ്പോലെ ലജ്ജാലുവായിരിക്കുമല്ലോ.” എല്ലാ മീറ്റിങ്ങുകൾക്കു മുമ്പും ശേഷവും ഇതുവരെ സംസാരിച്ചിട്ടില്ലാത്ത ഒരാളുമായി സംസാരിക്കാൻ എന്തുകൊണ്ട് ലക്ഷ്യംവെച്ചുകൂടാ?
ചിലപ്പോൾ ആദ്യത്തെ കുറച്ച് ആഴ്ചകളൊക്കെ ഉത്സാഹത്തോടെ മറ്റുള്ളവരുമായി സംസാരിച്ചേക്കാം. പക്ഷേ സമയം കടന്നുപോകുന്നതനുസരിച്ച് പുതുമ നഷ്ടപ്പെടും. ആ സമയത്ത് പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ തുടർന്നും തീവ്രമായി ശ്രമിക്കേണ്ടതുണ്ടായിരിക്കാം.
ഇണങ്ങിച്ചേരാൻ കൂടുതൽ സമയം വേണ്ടിവരുമ്പോൾ
പുതിയ നിലത്ത് വേരു പിടിക്കാൻ ചില മരങ്ങൾക്കു കൂടുതൽ സമയം വേണ്ടിവരും. അതുപോലെ, പുതിയ ഒരു സഭയുമായി എല്ലാവരും പെട്ടെന്ന് ഇണങ്ങിയെന്നുവരില്ല. പുതിയ ഒരു സഭയിലേക്കു മാറിയിട്ട് കുറച്ച് കാലമായിട്ടും അവിടവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്ന ഒരാളാണോ നിങ്ങൾ? പിൻവരുന്ന ബൈബിൾതത്ത്വങ്ങൾ ബാധകമാക്കുന്നത് അതിനു സഹായിക്കും.
“നന്മ ചെയ്യുന്നതു നിറുത്തിക്കളയരുത്. തളർന്നുപോകാതിരുന്നാൽ തക്കസമയത്ത് നമ്മൾ കൊയ്യും.”—ഗലാ. 6:9.
വിചാരിച്ച സമയത്തിനുള്ളിൽ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ കൂടുതൽ സമയമെടുക്കുക. ഉദാഹരണത്തിന്, ഗിലെയാദ് പരിശീലനം ലഭിച്ച മിക്ക മിഷനറിമാരും അനേകവർഷങ്ങൾ വിദേശനിയമനത്തിൽ ചെലവിട്ടതിനു ശേഷമാണു തങ്ങളുടെ സ്വദേശത്തേക്ക് അവധിക്കു പോകുന്നത്. അങ്ങനെ ചെയ്യുന്നതു തങ്ങൾ ചെന്ന സ്ഥലത്തെ സഹോദരങ്ങളുമായി ഉറ്റബന്ധങ്ങൾ വളർത്തിയെടുക്കാനും വ്യത്യസ്തമായ സംസ്കാരവുമായി ഇണങ്ങിച്ചേരാനും അവരെ സഹായിക്കുന്നു.
പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന കാര്യത്തിൽ തിരക്കു കൂട്ടിയിട്ട് കാര്യമില്ലെന്നു പലപല സ്ഥലങ്ങളിലേക്കു മാറിത്താമസിച്ച അലഹൻഡ്രോ മനസ്സിലാക്കി. അദ്ദേഹം പറയുന്നു: “ഏറ്റവും അവസാനം ഞങ്ങൾ മാറിത്താമസിച്ച സമയത്ത് എന്റെ ഭാര്യ പറഞ്ഞു, ‘എന്റെ കൂട്ടുകാരെല്ലാം പഴയ സഭയിലാണ്.’” അപ്പോൾ അലഹൻഡ്രോ, കഴിഞ്ഞ പ്രാവശ്യം സഭ മാറിയപ്പോൾ, അതായത് രണ്ടു വർഷം മുമ്പ് ഭാര്യ ഇതേ കാര്യം പറഞ്ഞത് ഓർമിപ്പിച്ചു. എന്നാൽ സഹോദരി മറ്റുള്ളവരിൽ താത്പര്യം കാണിച്ചു, അങ്ങനെ രണ്ടു വർഷംകൊണ്ട് മുൻപരിചയമില്ലാതിരുന്ന പലരും ഉറ്റ സുഹൃത്തുക്കളാകുകയും ചെയ്തു.
“‘കഴിഞ്ഞ കാലം ഇപ്പോഴത്തെക്കാൾ നല്ലതായിരുന്നതിന്റെ കാരണം എന്ത്’ എന്നു നീ ചോദിക്കരുത്. നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ.”—സഭാ. 7:10.
നിങ്ങളുടെ പുതിയ സഭയെ പഴയ സഭയുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക. ഉദാഹരണത്തിന്, പുതിയ സഭയിലെ സഹോദരങ്ങൾ ഉൾവലിയുന്നവരോ അല്ലെങ്കിൽ തുറന്നടിച്ച് പറയുന്നവരോ ആയിരിക്കാം. അതൊക്കെ നിങ്ങൾക്ക് ഒരുപക്ഷേ ഒരു പുതിയ അനുഭവമായിരിക്കും. എങ്കിലും അവരുടെ നല്ല ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അവർ നിങ്ങളുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കണമെന്നാണല്ലോ നിങ്ങളുടെയും ആഗ്രഹം. പുതിയ ഒരു സഭയിലേക്കു മാറിയപ്പോൾ ‘ഞാൻ ശരിക്കും “സഹോദരസമൂഹത്തെ മുഴുവൻ” സ്നേഹിക്കുന്നുണ്ടോ’ എന്നു ചിലർ ചിന്തിക്കാൻ ഇടയായിട്ടുണ്ട്.—1 പത്രോ. 2:17.
“ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും.”—
സഹായത്തിനായി പ്രാർഥിക്കുന്നതിൽ തുടരുക. ഒരു മൂപ്പനായ ഡേവിഡ് പറയുന്നു: “ഈ പ്രശ്നം സ്വന്തമായി പരിഹരിക്കാൻ ശ്രമിക്കരുത്. പല കാര്യങ്ങളും യഹോവയുടെ സഹായത്താൽ മാത്രമേ നമുക്കു ചെയ്യാൻ കഴിയൂ. അതെപ്പറ്റി പ്രാർഥിക്കുക.” മുമ്പ് പറഞ്ഞ റെയ്ച്ചലിനും ഇതേ അഭിപ്രായമാണുള്ളത്. സഹോദരി പറയുന്നു: “സഭയുമായുള്ള ബന്ധത്തിന് അൽപ്പം കുറവ് വന്നെന്നു തോന്നിയാൽ ഞങ്ങൾ അതെക്കുറിച്ച് യഹോവയോടു പ്രത്യേകം ഇങ്ങനെ പ്രാർഥിക്കും, ‘മറ്റുള്ളവർക്കു ഞങ്ങളോട് അടുക്കാൻ ബുദ്ധിമുട്ടു തോന്നുന്ന വിധത്തിൽ ഞങ്ങൾ എന്തെങ്കിലും ചെയ്യുന്നെങ്കിൽ അതു ഞങ്ങളെ അറിയിക്കണേ.’ എന്നിട്ട് സഹോദരങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാൻ ഞങ്ങൾ ശ്രമിക്കും.”
മാതാപിതാക്കളേ, സഭയുമായി ഇണങ്ങിച്ചേരാൻ നിങ്ങളുടെ മക്കൾ ബുദ്ധിമുട്ടുന്നെങ്കിൽ അതെക്കുറിച്ച് അവരുടെകൂടെയിരുന്ന് പ്രാർഥിക്കുക. അവർക്കു പുതിയ കൂട്ടുകാരെ കണ്ടെത്താൻ നല്ല സഹവാസത്തിനുള്ള അവസരങ്ങൾ ക്രമീകരിക്കുക.
നിങ്ങളുടെ സഭയിലേക്ക് ആരെങ്കിലും മാറിവരുമ്പോൾ
നിങ്ങളുടെ സഭയിലേക്കു പുതുതായി ആരെങ്കിലും മാറിവരുന്നെങ്കിൽ അവരെ എങ്ങനെ സഹായിക്കാം? തുടക്കംമുതൽത്തന്നെ ആ വ്യക്തികളുടെ ഒരു യഥാർഥസുഹൃത്തായിരിക്കാൻ ശ്രമിക്കുക. അതിന് ആദ്യം, ഇങ്ങനെ ചിന്തിക്കുക: ‘ഞാൻ ഒരു പുതിയ സ്ഥലത്ത് ചെല്ലുന്നെങ്കിൽ അവിടെയുള്ള ആളുകൾ എന്നോട് എങ്ങനെ പെരുമാറാനാണു ഞാൻ ആഗ്രഹിക്കുന്നത്?’ എന്നിട്ട് ആ വിധത്തിൽ അവരോടു പെരുമാറുക. (മത്താ. 7:12) നിങ്ങളുടെ കുടുംബാരാധനയ്ക്കോ മാസംതോറുമുള്ള JW പ്രക്ഷേപണം കാണാനോ നിങ്ങൾക്ക് അവരെയുംകൂടെ ഉൾപ്പെടുത്താനാകുമോ? നിങ്ങളുടെകൂടെ വയൽസേവനത്തിന് അവരെയും കൂട്ടാനാകുമോ? നിങ്ങളോടൊപ്പം ലഘുഭക്ഷണം കഴിക്കാൻ അവരെ ക്ഷണിക്കുന്നെങ്കിൽ നിങ്ങൾ കാണിച്ച ആതിഥ്യം അവർ എന്നും ഓർത്തിരിക്കും. പുതുതായി വരുന്നവർക്കു വേറെ എന്തെല്ലാം സഹായങ്ങൾ നമുക്കു ചെയ്തുകൊടുക്കാനാകും?
കാർലോസ് എന്ന സഹോദരൻ പറയുന്നു: “ഞങ്ങൾ പുതിയ സഭയിൽ എത്തിയപ്പോൾ ന്യായമായ വിലയ്ക്കു സാധനങ്ങൾ കിട്ടുന്ന കടകളുടെ ലിസ്റ്റ് ഒരു സഹോദരി ഞങ്ങൾക്കു തന്നു. അതു ഞങ്ങളെ വളരെയധികം സഹായിച്ചു.” വേറൊരു കാലാവസ്ഥയുള്ള ഒരു സ്ഥലത്തുനിന്ന് നിങ്ങളുടെ സ്ഥലത്തേക്കു മാറിവന്നവർക്കു നിങ്ങളുടെ പ്രദേശത്തെ ഓരോ കാലാവസ്ഥയ്ക്കനുസരിച്ച് എങ്ങനെ വസ്ത്രം ധരിക്കണമെന്നു പറഞ്ഞുകൊടുക്കുന്നെങ്കിൽ അത് അവർക്ക് ഒരു സഹായമായിരിക്കും. കൂടാതെ, നിങ്ങളുടെ പ്രദേശത്തുള്ളവരുടെ ചരിത്രവും പശ്ചാത്തലവും മതവിശ്വാസങ്ങളും വിശദീകരിച്ചുകൊടുത്തുകൊണ്ട് ശുശ്രൂഷയിൽ ഫലപ്രദരാകാൻ അവരെ സഹായിക്കാം.
പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നതു പ്രയോജനം ചെയ്യും
തുടക്കത്തിൽ പറഞ്ഞ അലൻ പുതിയ സഭയിൽ എത്തിയിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. അദ്ദേഹം പറയുന്നു: “സഹോദരീസഹോദരന്മാരെ അടുത്തറിയാൻ എന്റെ ഭാഗത്തുനിന്ന് നല്ല ശ്രമം ആവശ്യമായിരുന്നു. ഇപ്പോൾ അവർ എനിക്കു കുടുംബംപോലെയാണ്. ഞാൻ സന്തുഷ്ടനാണ്.” വേറൊരു സ്ഥലത്തേക്കു മാറിപ്പോയതിന്റെ പേരിൽ തന്റെ സുഹൃത്തുക്കളെ നഷ്ടമായെന്നല്ല, പകരം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പുതിയ സൗഹൃദങ്ങൾ കിട്ടി എന്നാണ് അലൻ കരുതുന്നത്.
^ ഖ. 2 ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.