വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദൈവത്തിന്‍റെ വാക്കുകൾ ശക്തി ചെലുത്തുന്നു’

‘ദൈവത്തിന്‍റെ വാക്കുകൾ ശക്തി ചെലുത്തുന്നു’

“ദൈവത്തിന്‍റെ വാക്കുകൾ ജീവനുള്ളതും ശക്തി ചെലുത്തുന്നതും . . . ആണ്‌.”—എബ്രാ. 4:12.

ഗീതങ്ങൾ: 96, 94

1. ദൈവവചനം ശക്തി ചെലുത്തുന്നു എന്നു നിങ്ങൾക്ക് ഉറപ്പുള്ളത്‌ എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

മനുഷ്യർക്കുള്ള ദൈവത്തിന്‍റെ സന്ദേശമായ ബൈബിൾ “ജീവനുള്ളതും ശക്തി ചെലുത്തുന്നതും” ആണെന്ന് യഹോവയുടെ ജനമായ നമുക്ക് ഉറപ്പുണ്ട്. (എബ്രാ. 4:12) ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ബൈബിളിനു ശക്തിയുണ്ട് എന്നതിനുള്ള തെളിവുകളാണു നമ്മിൽ അനേകരും. നമ്മുടെ സഹോദരങ്ങളിൽ ചിലർ മുമ്പ് മോഷ്ടാക്കളും മയക്കുമരുന്നിന്‌ അടിമകളും അധാർമികജീവിതം നയിച്ചിരുന്നവരും ഒക്കെയായിരുന്നു. മറ്റു ചിലർക്ക്, ജീവിതത്തിൽ ചില നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞെങ്കിലും ഒരു ശൂന്യതാബോധം തോന്നിയിരുന്നു. (സഭാ. 2:3-11) പ്രതീക്ഷയ്‌ക്കു വകയില്ലെന്നു കരുതിയിരുന്ന പലരും ജീവനിലേക്കുള്ള വഴി കണ്ടെത്തിയതു മാറ്റം വരുത്താനുള്ള ബൈബിളിന്‍റെ ശക്തികൊണ്ട് മാത്രമാണ്‌. വീക്ഷാഗോപുരത്തിൽ വരുന്ന “ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” എന്ന ലേഖനപരമ്പരയിൽ അങ്ങനെയുള്ള ധാരാളം സഹോദരങ്ങളുടെ അനുഭവങ്ങൾ നമ്മൾ വായിച്ചിട്ടുണ്ട്. സത്യം സ്വന്തമാക്കിയതിനു ശേഷവും ക്രിസ്‌ത്യാനികൾ ആത്മീയപുരോഗതി വരുത്തുന്നതിൽ തുടരുന്നതു നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.

2. മാറ്റം വരുത്താനുള്ള ദൈവവചനത്തിന്‍റെ ശക്തി ഒന്നാം നൂറ്റാണ്ടിൽ തെളിഞ്ഞത്‌ എങ്ങനെ?

2 ദൈവവചനം പഠിച്ചതിന്‍റെ ഫലമായി ഇക്കാലത്ത്‌ പലരും ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തുന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. ഒന്നാം നൂറ്റാണ്ടിൽ, സ്വർഗീയപ്രത്യാശയുണ്ടായിരുന്ന ചില സഹോദരങ്ങളും അത്തരം മാറ്റങ്ങൾ വരുത്തിയിരുന്നു. (1 കൊരിന്ത്യർ 6:9-11 വായിക്കുക.) ദൈവരാജ്യം അവകാശമാക്കുകയില്ലാത്ത പലതരം ആളുകളെക്കുറിച്ച് പറഞ്ഞശേഷം പൗലോസ്‌ അപ്പോസ്‌തലൻ ഇങ്ങനെ പറഞ്ഞു: ‘നിങ്ങളിൽ ചിലർ അത്തരക്കാർ ആയിരുന്നു.’ പക്ഷേ തിരുവെഴുത്തുകളുടെയും പരിശുദ്ധാത്മാവിന്‍റെയും സഹായത്തോടെ അവർ മാറ്റങ്ങൾ വരുത്തി. ഇനി, മറ്റു ചിലർ സത്യം സ്വീകരിച്ചശേഷവും ഗൗരവമേറിയ പ്രശ്‌നങ്ങളിൽ അകപ്പെട്ടിരുന്നു. അവർ മാറ്റം വരുത്തണമായിരുന്നു. ഉദാഹരണത്തിന്‌, ഒന്നാം നൂറ്റാണ്ടിലെ ഒരു അഭിഷിക്തക്രിസ്‌ത്യാനി പുറത്താക്കപ്പെട്ടതായും പിന്നീടു മാറ്റം വരുത്തിയ അദ്ദേഹത്തെ പുനഃസ്ഥിതീകരിച്ചതായും ബൈബിൾ പറയുന്നുണ്ട്. (1 കൊരി. 5:1-5; 2 കൊരി. 2:5-8) ഇന്നും എന്തെല്ലാം തരത്തിലുള്ള പ്രശ്‌നങ്ങളാണു നമ്മുടെ സഹവിശ്വാസികൾ നേരിടുന്നത്‌! ദൈവവചനത്തിന്‍റെ സഹായത്തോടെ അവർ അതു മറികടക്കുന്നതു കാണുമ്പോൾ നമ്മൾ പ്രോത്സാഹിതരാകുന്നില്ലേ?

3. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

3 അതെ, ദൈവവചനം ശക്തിയുള്ളതാണ്‌. യഹോവ നമുക്കായി തന്നിരിക്കുന്ന ആ ഉപകരണം നമ്മൾ നന്നായി പ്രയോജനപ്പെടുത്തണം. (2 തിമൊ. 2:15) ദൈവവചനം ചെലുത്തുന്ന ശക്തി മൂന്നു വിധങ്ങളിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഈ ലേഖനത്തിൽ പഠിക്കും: (1) നമ്മുടെ സ്വന്തം ജീവിതത്തിൽ (2) ശുശ്രൂഷയിൽ (3) ക്രിസ്‌തീയകൂടിവരവുകളിൽ പഠിപ്പിക്കുമ്പോൾ. നമ്മുടെ പ്രയോജനത്തിനായി നമ്മെ പഠിപ്പിക്കുന്ന സ്‌നേഹമുള്ള സ്വർഗീയപിതാവിനോടു സ്‌നേഹവും നന്ദിയും കാണിക്കാൻ അതു സഹായിക്കും.—യശ. 48:17.

നമ്മുടെ സ്വന്തം ജീവിതത്തിൽ

4. (എ) ദൈവവചനം ശക്തി ചെലുത്തണമെങ്കിൽ നമ്മൾ എന്തു ചെയ്യണം? (ബി) ബൈബിൾ വായിക്കാൻ നിങ്ങൾ എങ്ങനെയാണു സമയം കണ്ടെത്തുന്നത്‌?

4 ദൈവവചനം ശക്തി ചെലുത്തണമെങ്കിൽ പതിവായി നമ്മൾ അതു വായിക്കണം, സാധിക്കുമെങ്കിൽ എല്ലാ ദിവസവും. (യോശു. 1:8) നമുക്ക് എല്ലാവർക്കും തിരക്കാണെന്നതു ശരിതന്നെ. എങ്കിലും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ ഉൾപ്പെടെ യാതൊന്നും ബൈബിൾ വായിക്കുന്നതിനു തടസ്സമാകരുത്‌. (എഫെസ്യർ 5:15, 16 വായിക്കുക.) അതിരാവിലെയോ കിടക്കുന്നതിനു മുമ്പോ അതിന്‌ ഇടയ്‌ക്കുള്ള മറ്റ്‌ ഏതെങ്കിലും സമയത്തോ ബൈബിൾ വായിക്കാനായി യഹോവയുടെ ജനം വ്യത്യസ്‌തവിധങ്ങളിൽ സമയം കണ്ടെത്തുന്നു. “അങ്ങയുടെ നിയമം ഞാൻ എത്ര പ്രിയപ്പെടുന്നു! ദിവസം മുഴുവൻ ഞാൻ അതു ധ്യാനിക്കുന്നു” എന്ന് എഴുതിയ സങ്കീർത്തനക്കാരന്‍റെ അതേ മനോഭാവമാണ്‌ അവർക്കും.—സങ്കീ. 119:97.

5, 6. (എ) ധ്യാനിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്? (ബി) ധ്യാനത്തിന്‍റെ ഗുണമേന്മ എങ്ങനെ വർധിപ്പിക്കാം? (സി) ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതു നിങ്ങൾക്ക് എങ്ങനെയാണു പ്രയോജനപ്പെട്ടിരിക്കുന്നത്‌?

5 ബൈബിൾ വായിച്ചാൽ മാത്രം പോരാ, വായിച്ച ഭാഗത്തെക്കുറിച്ച് ധ്യാനിക്കുകയും വേണം. (സങ്കീ. 1:1-3) അപ്പോൾ മാത്രമേ അതിലെ മഹത്തായ ജ്ഞാനം സ്വന്തം ജീവിതത്തിൽ മെച്ചമായി പ്രാവർത്തികമാക്കാനാകൂ. വായിക്കുന്നത്‌ അച്ചടിച്ച താളുകളിൽനിന്നായാലും ഇലക്‌ട്രോണിക്‌ ഉപകരണങ്ങളിൽനിന്നായാലും ശരി, ദൈവത്തിന്‍റെ വാക്കുകൾ താളുകളിൽനിന്ന് അടർത്തിയെടുത്ത്‌ ഹൃദയത്തിൽ പതിപ്പിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.

6 ധ്യാനത്തിന്‍റെ ഗുണമേന്മ എങ്ങനെ വർധിപ്പിക്കാം? ഓരോ ഭാഗവും വായിച്ചതിനു ശേഷം ഒന്നു നിറുത്തിയിട്ട്, പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടെന്നാണ്‌ അനേകരുടെയും അഭിപ്രായം: ‘ഈ ഭാഗത്തുനിന്ന് യഹോവയെക്കുറിച്ച് എന്താണു പഠിക്കാനുള്ളത്‌? ഈ ഭാഗത്ത്‌ അടങ്ങിയിരിക്കുന്ന തത്ത്വം ഏതെല്ലാം വിധങ്ങളിൽ ഞാൻ ഇപ്പോൾത്തന്നെ പ്രാവർത്തികമാക്കുന്നുണ്ട്? എനിക്ക് ഇനിയും ഏതെല്ലാം കാര്യങ്ങളിൽ മെച്ചപ്പെടാനാകും?’ ദൈവവചനത്തെക്കുറിച്ച് പ്രാർഥനാനിർഭരമായ ഒരു മനസ്സോടെ ധ്യാനിക്കുമ്പോൾ അതിലെ ബുദ്ധിയുപദേശമനുസരിച്ച് ജീവിക്കാൻ നമ്മൾ കൂടുതൽക്കൂടുതൽ പ്രചോദിതരായിത്തീരും. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ സ്വന്തം ജീവിതത്തിൽ ശക്തി ചെലുത്താൻ ദൈവവചനത്തെ നമ്മൾ അനുവദിക്കുകയാണ്‌.—2 കൊരി. 10:4, 5.

ശുശ്രൂഷയിൽ

7. ശുശ്രൂഷയിൽ ദൈവവചനം എങ്ങനെ മെച്ചമായി ഉപയോഗിക്കാം?

7 ശുശ്രൂഷയിൽ ദൈവവചനം എങ്ങനെ മെച്ചമായി ഉപയോഗിക്കാം? ഒരു വിധം, പ്രസംഗ-പഠിപ്പിക്കൽവേലയിൽ ബൈബിൾ ഉപയോഗിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാതിരിക്കുക എന്നതാണ്‌. ഒരു സഹോദരൻ അതെപ്പറ്റി പറഞ്ഞത്‌ ഇങ്ങനെയാണ്‌: “നിങ്ങളും യഹോവയും ഒരുമിച്ച് വീടുതോറുമുള്ള ശുശ്രൂഷയ്‌ക്കു പോകുകയാണെന്നു വിചാരിക്കുക. വീട്ടുകാരോടു മുഴുവൻ സമയവും നിങ്ങൾതന്നെ സംസാരിക്കുമോ, അതോ യഹോവയ്‌ക്കു സംസാരിക്കാൻ അവസരം കൊടുക്കുമോ?” സഹോദരൻ ഉദ്ദേശിച്ചത്‌ ഇതാണ്‌: ശുശ്രൂഷയിൽ ദൈവവചനത്തിൽനിന്ന് നേരിട്ട് വായിക്കുമ്പോൾ വീട്ടുകാരനോടു സംസാരിക്കാൻ യഹോവയ്‌ക്ക് അവസരം കൊടുക്കുകയാണ്‌. നമ്മൾ പറയുന്ന ഏതു വാക്കിനെക്കാളും ശക്തി, ഉചിതമായി തിരഞ്ഞെടുത്ത ഒരു വാക്യത്തിനുണ്ട്. (1 തെസ്സ. 2:13) ചിന്തിക്കുക: ‘സന്തോഷവാർത്ത പ്രസംഗിക്കുമ്പോൾ, സാധിക്കുമ്പോഴൊക്കെ ദൈവവചനത്തിലെ ഒരു ഭാഗം എടുത്തുകാണിക്കാൻ ഞാൻ ശ്രമിക്കാറുണ്ടോ?’

8. വയൽശുശ്രൂഷയിൽ ബൈബിൾവാക്യങ്ങൾ വായിക്കുന്നതോടൊപ്പം മറ്റ്‌ എന്തുകൂടെ ചെയ്യണം?

8 ആളുകളോടു സംസാരിക്കുമ്പോൾ, ബൈബിൾവാക്യങ്ങൾ വായിച്ചു എന്നതുകൊണ്ട് മാത്രം പ്രയോജനം ചെയ്യണമെന്നില്ല. എന്തുകൊണ്ട്? കാരണം പലർക്കും ബൈബിളിനെക്കുറിച്ച് പരിമിതമായ അറിവേ ഉള്ളൂ. ഒന്നാം നൂറ്റാണ്ടിലും നമ്മുടെ കാലത്തും അത്‌ അങ്ങനെതന്നെ. (റോമ. 10:2) നമ്മൾ വായിച്ചതുകൊണ്ട് മാത്രം വാക്യത്തിലെ ആശയം വീട്ടുകാരനു മനസ്സിലായിക്കാണുമെന്നു കരുതരുത്‌. നമ്മൾ സമയമെടുത്ത്‌ ആ വാക്യത്തിലെ ആശയങ്ങൾ വേർതിരിച്ച് കാണിക്കുകയും മുഖ്യപദങ്ങൾ ഒന്നുകൂടെ വായിക്കുകയും അവയുടെ അർഥം വിശദീകരിക്കുകയും വേണം. അങ്ങനെ ദൈവവചനത്തിലെ സന്ദേശം ശ്രോതാക്കളുടെ മനസ്സിലും ഹൃദയത്തിലും എത്തിച്ചേരാൻ നമുക്കു സഹായിക്കാനാകും.—ലൂക്കോസ്‌ 24:32 വായിക്കുക.

9. ബൈബിളിനോട്‌ ആദരവ്‌ തോന്നുന്ന വിധത്തിൽ നമുക്കു തിരുവെഴുത്തുകൾ എങ്ങനെ പരിചയപ്പെടുത്താം? ഒരു ഉദാഹരണം പറയുക.

9 കൂടാതെ, ആളുകൾക്കു ബൈബിളിനോട്‌ ആദരവ്‌ തോന്നുന്ന വിധത്തിൽ വാക്യങ്ങൾ പരിചയപ്പെടുത്തുകയും വേണം. ഉദാഹരണത്തിന്‌, നമുക്ക് ഇങ്ങനെ പറയാം: “ഇക്കാര്യത്തെക്കുറിച്ച് നമ്മുടെ സ്രഷ്ടാവ്‌ എന്താണു പറയുന്നതെന്നു നോക്കിയാലോ?” ക്രിസ്‌ത്യാനിയല്ലാത്ത ഒരാളോടു സംസാരിക്കുമ്പോൾ, “വിശുദ്ധലിഖിതങ്ങൾ എന്താണു നമ്മളോടു പറയുന്നതെന്നു ശ്രദ്ധിക്കുക” എന്നു പറയാം. മതവിശ്വാസിയല്ലാത്ത ഒരാളോടു സംസാരിക്കുമ്പോഴോ? നമുക്ക് ഇങ്ങനെ ചോദിക്കാം: “പണ്ടുകാലത്ത്‌ എഴുതിയ ഈ വാക്കുകൾ നിങ്ങൾ കേട്ടിട്ടുണ്ടോ?” അതെ, ഓരോരുത്തരുടെയും സാഹചര്യങ്ങളനുസരിച്ച് നമുക്കു സമീപനത്തിൽ മാറ്റം വരുത്താം.—1 കൊരി. 9:22, 23.

10. (എ) ഒരു സഹോദരനുണ്ടായ അനുഭവം വിവരിക്കുക. (ബി) ശുശ്രൂഷയിൽ ദൈവവചനം ശക്തി ചെലുത്തുമെന്നു തെളിയിക്കുന്ന നിങ്ങളുടെ ഒരു അനുഭവം പറയുക.

10 ശുശ്രൂഷയിൽ ബൈബിൾ ഉപയോഗിക്കുന്നതു വീട്ടുകാരെ ശക്തമായി സ്വാധീനിക്കുമെന്നു മിക്കവരും നിരീക്ഷിച്ചിട്ടുണ്ട്. ഒരു അനുഭവം നോക്കാം. വർഷങ്ങളായി നമ്മുടെ മാസികകൾ വായിക്കുന്ന പ്രായമുള്ള ഒരാൾക്ക് ഒരു സഹോദരൻ മടക്കസന്ദർശനം നടത്തി. പതിവുപോലെ വീക്ഷാഗോപുരത്തിന്‍റെ പുതിയ ലക്കം കൊടുത്തിട്ടു പോരുന്നതിനു പകരം ഇത്തവണ മാസികയിൽ കൊടുത്തിരിക്കുന്ന ഒരു തിരുവെഴുത്ത്‌ വായിച്ചുകേൾപ്പിക്കാൻ സഹോദരൻ തീരുമാനിച്ചു. 2 കൊരിന്ത്യർ 1:3, 4 ആണ്‌ സഹോദരൻ വായിച്ചത്‌: “നമ്മുടെ ദൈവം മനസ്സലിവുള്ള പിതാവും ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവവും ആണല്ലോ. നമ്മുടെ കഷ്ടതകളിലെല്ലാം ദൈവം നമ്മളെ ആശ്വസിപ്പിക്കുന്നു.” ആ വാക്കുകൾ വീട്ടുകാരന്‍റെ ഹൃദയത്തിൽ തട്ടി. ഒരിക്കൽക്കൂടി ആ വാക്യം വായിക്കാമോ എന്ന് അദ്ദേഹം സഹോദരനോടു ചോദിച്ചു. തനിക്കും ഭാര്യക്കും ഇപ്പോൾ ശരിക്കും ഈ ആശ്വാസവാക്കുകളായിരുന്നു വേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു, ബൈബിളിനെക്കുറിച്ച് കൂടുതൽ അറിയാൻ താത്‌പര്യം കാണിക്കുകയും ചെയ്‌തു. ശുശ്രൂഷയിൽ ദൈവവചനം ശക്തി ചെലുത്തുമെന്നു പറയുന്നതു ശരിയല്ലേ?—പ്രവൃ. 19:20.

ക്രിസ്‌തീയകൂടിവരവുകളിൽ പഠിപ്പിക്കുമ്പോൾ

11. ക്രിസ്‌തീയപരിപാടികളിൽ സ്റ്റേജിൽനിന്ന് പഠിപ്പിക്കുന്ന സഹോദരന്മാർക്ക് എന്ത് ഉത്തരവാദിത്വമുണ്ട്?

11 സഭായോഗങ്ങൾക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും കൂടിവരാൻ നമുക്കെല്ലാം ഇഷ്ടമാണ്‌. യഹോവയെ ആരാധിക്കാനാണു പ്രധാനമായും നാം കൂടിവരുന്നത്‌. കൂടാതെ, അവിടെ പഠിപ്പിക്കുന്ന കാര്യങ്ങളിൽനിന്ന് ധാരാളം പ്രയോജനങ്ങൾ നമുക്കു ലഭിക്കുന്നു. ഈ പരിപാടികളിൽ സ്റ്റേജിൽനിന്ന് പഠിപ്പിക്കുന്ന സഹോദരന്മാർക്കുള്ളതു വലിയൊരു പദവിയാണ്‌. അതേസമയം അതു ഗൗരവമുള്ള ഒരു ഉത്തരവാദിത്വവുമാണെന്ന് അവർ ഓർക്കണം. (യാക്കോ. 3:1) തങ്ങൾ പഠിപ്പിക്കുന്നതു ദൈവവചനത്തെ അടിസ്ഥാനമാക്കിയാണെന്ന് അവർ ഉറപ്പാക്കണം. ക്രിസ്‌തീയകൂടിവരവുകളിൽ പഠിപ്പിക്കുമ്പോൾ ദൈവവചനത്തിന്‍റെ ശക്തി മറ്റുള്ളവരിൽ എത്തിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?

12. തിരുവെഴുത്തുകളാണു പ്രസംഗത്തിന്‍റെ അടിസ്ഥാനമെന്നു പ്രസംഗകന്‌ എങ്ങനെ ഉറപ്പുവരുത്താം?

12 തിരുവെഴുത്തുകളാണു നിങ്ങളുടെ പ്രസംഗത്തിന്‍റെ അടിസ്ഥാനം എന്ന് ഉറപ്പുവരുത്തുക. (യോഹ. 7:16) എന്നു പറഞ്ഞാൽ എന്താണ്‌ അർഥം? നിങ്ങൾ ഉപയോഗിക്കുന്ന അനുഭവങ്ങളോ ദൃഷ്ടാന്തങ്ങളോ നിങ്ങളുടെ അവതരണരീതിയോ കാരണം നിങ്ങൾ വായിക്കുന്ന വാക്യത്തിന്‍റെ പ്രാധാന്യം കുറഞ്ഞുപോകുകയോ അതിൽനിന്ന് സദസ്സിന്‍റെ ശ്രദ്ധ മാറിപ്പോകുകയോ ചെയ്യരുത്‌. പ്രസംഗത്തിൽ കുറെ വാക്യങ്ങൾ വായിക്കുന്നു എന്നു കരുതി നിങ്ങൾ ബൈബിളിൽനിന്ന് പഠിപ്പിക്കുകയാണ്‌ എന്നു പറയാനാകില്ല. വാസ്‌തവത്തിൽ, കുറെയധികം വാക്യങ്ങൾ വായിച്ചാൽ അതിൽ ഒന്നുപോലും ശ്രോതാക്കളുടെ മനസ്സിൽ തങ്ങിനിൽക്കണമെന്നില്ല. അതുകൊണ്ട്, മുഖ്യതിരുവെഴുത്തുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. എന്നിട്ട് ആവശ്യത്തിനു സമയമെടുത്ത്‌ വാക്യങ്ങൾ നന്നായി വായിക്കുക, വിശദീകരിക്കുക, ദൃഷ്ടാന്തീകരിക്കുക, എങ്ങനെ ബാധകമാക്കാമെന്നു കാണിക്കുക. (നെഹ. 8:8) സംഘടനയുടെ ബാഹ്യരേഖ ഉപയോഗിച്ചുള്ള ഒരു പ്രസംഗം നടത്തേണ്ടതുള്ളപ്പോൾ അതു വാക്യങ്ങൾ സഹിതം നന്നായി പഠിക്കുക. ബാഹ്യരേഖയിലെ ആശയങ്ങളും കൊടുത്തിരിക്കുന്ന വാക്യങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ ശ്രമിക്കുക. എന്നിട്ട് അനുയോജ്യമായ തിരുവെഴുത്തുകൾ ഉപയോഗിച്ച് ബാഹ്യരേഖയിലെ ആശയങ്ങൾ പഠിപ്പിക്കുക. (ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്‌തകത്തിലെ 21-23 പാഠങ്ങളിൽ പ്രായോഗികമാർഗനിർദേശങ്ങൾ ഉണ്ട്.) ഏറ്റവും പ്രധാനമായി, ദൈവവചനത്തിലെ വിലയേറിയ ആശയങ്ങൾ ശ്രോതാക്കളുടെ ഹൃദയത്തിലെത്തിക്കാനുള്ള സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക.—എസ്ര 7:10; സുഭാഷിതങ്ങൾ 3:13, 14 വായിക്കുക.

13. (എ) സഭായോഗത്തിൽ കേട്ട തിരുവെഴുത്തുകൾ ഒരു സഹോദരിയെ എങ്ങനെയാണു സ്‌പർശിച്ചത്‌? (ബി) സഭായോഗങ്ങളിൽ തിരുവെഴുത്തുകൾ നന്നായി ഉപയോഗിച്ചതിൽനിന്ന് നിങ്ങൾ എങ്ങനെയാണു പ്രയോജനം നേടിയത്‌?

13 സഭായോഗത്തിൽ കേട്ട വാക്യങ്ങൾ ആഴത്തിൽ സ്‌പർശിച്ച ഓസ്‌ട്രേലിയയിലെ ഒരു സഹോദരിയുടെ അനുഭവം നോക്കാം. ദുരനുഭവങ്ങൾ നിറഞ്ഞ ഒരു ബാല്യമായിരുന്നു ആ സഹോദരിയുടേത്‌. എങ്കിലും സഹോദരി ബൈബിൾസന്ദേശത്തിനു ചെവി കൊടുക്കുകയും ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുകയും ചെയ്‌തു. അതിനു ശേഷവും, യഹോവ തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് അംഗീകരിക്കാൻ സഹോദരിക്കു ബുദ്ധിമുട്ടായിരുന്നു. എന്നാൽ യഹോവ തന്നെ സ്‌നേഹിക്കുന്നുണ്ടെന്നു പിന്നീടു സഹോദരിക്കു ബോധ്യംവന്നു. എന്താണ്‌ അതിനു സഹായിച്ചത്‌? സഭായോഗത്തിൽ കേട്ട ഒരു തിരുവെഴുത്ത്‌ ധ്യാനിക്കുകയും ആ വാക്യം മറ്റു വാക്യങ്ങളുമായി ബന്ധിപ്പിച്ച് പഠിക്കുകയും ചെയ്‌തതാണു സഹോദരിയുടെ ജീവിതത്തിൽ വഴിത്തിരിവായത്‌. * യോഗങ്ങളിലോ സമ്മേളനങ്ങളിലോ കൺവെൻഷനുകളിലോ ഉപയോഗിച്ച ഏതെങ്കിലും വാക്യങ്ങൾ നിങ്ങളെ അങ്ങനെ സ്വാധീനിച്ചിട്ടുണ്ടോ?—നെഹ. 8:12.

14. യഹോവയുടെ വചനത്തോടുള്ള വിലമതിപ്പു നമുക്ക് എങ്ങനെ കാണിക്കാം?

14 തന്‍റെ വചനമായ ബൈബിൾ യഹോവ നമുക്കു സ്‌നേഹത്തോടെ തന്നിരിക്കുന്നതിൽ നമ്മൾ നന്ദിയുള്ളവരല്ലേ? അത്‌ എന്നേക്കും നിലനിൽക്കുമെന്ന് യഹോവ വാഗ്‌ദാനം ചെയ്‌തിരുന്നു, ആ വാഗ്‌ദാനം യഹോവ നിറവേറ്റുകയും ചെയ്‌തിരിക്കുന്നു. (1 പത്രോ. 1:24, 25) അതുകൊണ്ട് നമുക്കു ദൈവവചനം ക്രമമായി വായിക്കാം, സ്വന്തജീവിതത്തിൽ ബാധകമാക്കാം, മറ്റുള്ളവരെ സഹായിക്കുമ്പോൾ അത്‌ ഉപയോഗിക്കാം. അങ്ങനെ ഈ ദിവ്യസമ്മാനത്തോടും അതിന്‍റെ രചയിതാവായ യഹോവയോടും സ്‌നേഹവും വിലമതിപ്പും ഉള്ളവരായിരിക്കാം.