“ക്ഷീണിച്ചിരിക്കുന്നവനു ദൈവം ബലം കൊടുക്കുന്നു”
2018-ലെ നമ്മുടെ വാർഷികവാക്യം: “യഹോവയിൽ പ്രത്യാശ വെച്ചിരിക്കുന്നവർ ശക്തി വീണ്ടെടുക്കും.”—യശ. 40:31.
1. നമ്മൾ ഏതെല്ലാം പ്രശ്നങ്ങൾ നേരിടേണ്ടിവന്നേക്കാം, എന്നാൽ യഹോവ തന്റെ വിശ്വസ്തദാസരിൽ സന്തോഷിക്കുന്നത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രങ്ങൾ കാണുക.)
ഈ വ്യവസ്ഥിതിയിലെ ജീവിതം ഒരുതരത്തിലും എളുപ്പമുള്ളതല്ല. പ്രിയ സഹോദരങ്ങളേ, നിങ്ങളിൽ പലരും ഗുരുതരമായ രോഗങ്ങളോടു മല്ലിടുന്നവരാണ്. ഇനി, വാർധക്യത്തിലേക്കു കടന്ന പലർക്കും പ്രായംചെന്ന അവരുടെ കുടുംബാംഗങ്ങളെ പരിചരിക്കേണ്ടതായിട്ടുണ്ട്. ആഡംബരങ്ങൾക്കുവേണ്ടിയല്ല, കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടി പാടുപെടുന്നവരാണു മറ്റു ചിലർ. ചിലർക്കാണെങ്കിൽ പല പ്രശ്നങ്ങൾ ഒരേ സമയത്ത് നേരിടേണ്ടിവരുന്നുണ്ടെന്നും ഞങ്ങൾക്ക് അറിയാം. ഇവയൊക്കെ നിങ്ങളെ തളർത്തിക്കളഞ്ഞേക്കാം. ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനു വളരെയധികം സമയവും പണവും ചെലവഴിക്കേണ്ടിയും വന്നേക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം അടിയുറച്ചതാണ്, ശോഭനമായ ഭാവിയെക്കുറിച്ചുള്ള പ്രത്യാശ അചഞ്ചലമാണ്. അതു കാണുമ്പോൾ യഹോവ എത്ര സന്തോഷിക്കുന്നുണ്ടാകും!
2. യശയ്യ 40:29-ൽനിന്ന് നമുക്ക് എന്തു പ്രോത്സാഹനമാണു കിട്ടുന്നത്, എന്നാൽ നമുക്കു ഗുരുതരമായ എന്തു പിശകു പറ്റിയേക്കാം?
2 ജീവിതസമ്മർദങ്ങൾ താങ്ങാനാകാത്തതായി നിങ്ങൾക്കു ചിലപ്പോഴൊക്കെ തോന്നാറുണ്ടോ? ഇക്കാര്യത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല. വിശ്വസ്തരായ ചില ദൈവദാസർക്കുപോലും തങ്ങൾക്ക് ഇനി മുന്നോട്ടുപോകാൻ കഴിയില്ല എന്നു തോന്നിയതായി ബൈബിൾ പറയുന്നുണ്ട്. (1 രാജാ. 19: 4; ഇയ്യോ. 7:7) പക്ഷേ അത്തരം സാഹചര്യങ്ങളിൽ അവർ മടുത്ത് പിന്മാറിയോ? ഇല്ല. അവർ ശക്തിക്കായി യഹോവയിലേക്കു നോക്കി. അവർക്കു നിരാശപ്പെടേണ്ടിവന്നില്ല, കാരണം ‘ശക്തിയില്ലാത്തവനു വേണ്ടുവോളം ഊർജം പകരുന്നവനാണ് ’ നമ്മുടെ ദൈവം. (യശ. 40:29) ഇക്കാലത്ത് ദൈവജനത്തിൽപ്പെട്ട ചിലർ, ജീവിതസമ്മർദങ്ങളെ നേരിടുന്നതിനു ദൈവസേവനത്തിൽനിന്ന് കുറച്ചുനാൾ വിട്ടുനിൽക്കുന്നതാണു നല്ലതെന്നു കരുതുന്നു. ക്രിസ്തീയപ്രവർത്തനങ്ങൾ അനുഗ്രഹത്തെക്കാളേറെ ഒരു ഭാരമായിട്ടാണ് അവർക്കു തോന്നുന്നത്. എത്ര സങ്കടകരമാണ് അത്! അവർ ദൈവവചനം വായിക്കുന്നതും മീറ്റിങ്ങുകൾക്കു പോകുന്നതും പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നതും നിറുത്തുന്നു. പ്രശ്നങ്ങളുണ്ടാകുമ്പോൾ അവർ അങ്ങനെതന്നെ ചെയ്യുമെന്നാണു സാത്താൻ പ്രതീക്ഷിക്കുന്നതും.
3. (എ) നമ്മളെ ദുർബലരാക്കുക എന്ന സാത്താന്റെ ലക്ഷ്യം നമുക്ക് എങ്ങനെ തകർക്കാം? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്താണു ചർച്ച ചെയ്യാൻ പോകുന്നത്?
3 ക്രിസ്തീയപ്രവർത്തനങ്ങളിൽ പൂർണമായി മുഴുകുന്നതു നമ്മളെ ശക്തരാക്കുമെന്നു സാത്താനു നന്നായി അറിയാം. നമ്മൾ ശക്തരായിരിക്കാൻ അവൻ ആഗ്രഹിക്കുന്നേ ഇല്ല. നിങ്ങൾ ശാരീരികമായും വൈകാരികമായും തളർന്നുപോകുന്നെങ്കിൽ ഒരിക്കലും യഹോവയുമായുള്ള ബന്ധം വേർപെടുത്തരുത്. പകരം യഹോവയോടു കൂടുതൽ അടുത്തുചെല്ലുക. കാരണം, “ദൈവം നിങ്ങളെ ബലപ്പെടുത്തുകയും ശക്തരാക്കുകയും” ചെയ്യും. (1 പത്രോ. 5:10; യാക്കോ. 4:8) ദൈവസേവനത്തിൽ മടുത്തുപോകാൻ ഇടയാക്കുന്ന രണ്ടു സാഹചര്യങ്ങളെക്കുറിച്ചും ആ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ബൈബിൾതത്ത്വങ്ങൾ എങ്ങനെ സഹായിക്കുമെന്നും ഈ ലേഖനത്തിൽ നമ്മൾ ചിന്തിക്കും. അതിനു മുമ്പ്, നമ്മളെ ശക്തിപ്പെടുത്താനുള്ള യഹോവയുടെ കഴിവിനെക്കുറിച്ച് യശയ്യ 40:26-31 എന്തു പറയുന്നെന്നു നമുക്കു നോക്കാം.
യഹോവയിൽ പ്രത്യാശ വെച്ചിരിക്കുന്നവർ ശക്തി വീണ്ടെടുക്കും
4. യശയ്യ 40:26 നമുക്കു തരുന്ന പാഠം എന്താണ്?
4 യശയ്യ 40:26 വായിക്കുക. പ്രപഞ്ചത്തിൽ എത്ര നക്ഷത്രങ്ങളുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്താൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. നമ്മൾ ജീവിക്കുന്ന ക്ഷീരപഥം എന്ന താരാപംക്തിയിൽ മാത്രം 40,000 കോടിയോളം നക്ഷത്രങ്ങളുണ്ടെന്നു ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നു. ആ നക്ഷത്രങ്ങൾക്കെല്ലാം യഹോവ ഓരോ പേരിട്ടിട്ടുണ്ട്. ഒന്നു ചിന്തിക്കുക: ജീവനില്ലാത്ത ഈ സൃഷ്ടികളിൽ യഹോവ ഇത്ര താത്പര്യം കാണിക്കുന്നെങ്കിൽ, തന്നെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന നിങ്ങളെക്കുറിച്ച് യഹോവയ്ക്ക് എന്തായിരിക്കും തോന്നുക! (സങ്കീ. 19:1, 3, 14) നമ്മുടെ സ്നേഹവാനായ പിതാവിനു നിങ്ങളെക്കുറിച്ച് എല്ലാം അറിയാം. യഹോവ “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു.” (മത്താ. 10:30) സങ്കീർത്തനക്കാരൻ ഈ ഉറപ്പു തരുന്നു: “കുറ്റമില്ലാത്തവർ അനുഭവിക്കുന്നതെല്ലാം യഹോവയ്ക്ക് അറിയാം.” (സങ്കീ. 37:18) അതെ, നിങ്ങൾ നേരിടുന്ന പരിശോധനകൾ യഹോവ കാണുന്നുണ്ട്, അവ ഓരോന്നും സഹിച്ചുനിൽക്കാനുള്ള ശക്തി തരാൻ യഹോവയ്ക്കു കഴിയും.
5. യഹോവയ്ക്കു നമ്മളെ ശക്തിപ്പെടുത്താൻ കഴിയുമെന്നു നമുക്ക് ഉറച്ചുവിശ്വസിക്കാവുന്നത് എന്തുകൊണ്ട്?
5 യശയ്യ 40:28 വായിക്കുക. എല്ലാ തരം ഊർജത്തിന്റെയും ഉറവിടം യഹോവയാണ്. ഉദാഹരണത്തിന്, സൂര്യനു മാത്രം യഹോവ നൽകിയിരിക്കുന്ന ഊർജത്തിന്റെ അളവ് ഒന്നു ചിന്തിച്ചുനോക്കൂ. ശാസ്ത്രലേഖകനായ ഡേവിഡ് ബൊഡാനിസ് ഇതെക്കുറിച്ച് എഴുതുന്നു: “ഓരോ സെക്കന്റിലും സൂര്യനിൽ നടക്കുന്ന വിസ്ഫോടനത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഊർജം ശതകോടിക്കണക്കിന് ആറ്റംബോംബുകളുടെ സ്ഫോടനത്തിലൂടെ പുറത്തുവരുന്ന ഊർജത്തിനു തുല്യമാണ്.” സൂര്യൻ “ഒരു സെക്കന്റിൽ വികിരണം ചെയ്യുന്ന ഊർജം മനുഷ്യകുടുംബത്തിന് ഏതാണ്ട് 2,00,000 വർഷത്തെ ആവശ്യങ്ങൾക്കു തികയും” എന്ന് ഒരു ഗവേഷകൻ കണക്കുകൂട്ടുന്നു. സൂര്യനെ ഇങ്ങനെ ജ്വലിപ്പിച്ചുനിറുത്താൻ കഴിവുള്ള യഹോവയ്ക്കു നമ്മൾ നേരിടുന്ന ഏതൊരു പ്രശ്നത്തിലും പിടിച്ചുനിൽക്കാൻ ആവശ്യമായ ശക്തി പകരാൻ കഴിയും, തീർച്ച!
6. യേശുവിന്റെ നുകം മൃദുവാണെന്നു പറയുന്നത് ഏത് അർഥത്തിലാണ്, ആ അറിവ് നമ്മളെ എങ്ങനെ സ്വാധീനിക്കണം?
6 യശയ്യ 40:29 വായിക്കുക. യഹോവയെ സേവിക്കുന്നതു നമുക്ക് വളരെയധികം സന്തോഷം തരുന്നു. യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: ‘എന്റെ നുകം വഹിക്കുക.’ അങ്ങനെ ചെയ്താൽ “നിങ്ങൾക്ക് ഉന്മേഷം കിട്ടും; കാരണം, എന്റെ നുകം മൃദുവും എന്റെ ചുമടു ഭാരം കുറഞ്ഞതും ആണ്.” (മത്താ. 11:28-30) ആ വാക്കുകൾ എത്ര സത്യമാണല്ലേ? ചിലപ്പോഴൊക്കെ അങ്ങേയറ്റം ക്ഷീണിതരായിട്ടായിരിക്കും നമ്മൾ മീറ്റിങ്ങിനോ വയൽസേവനത്തിനോ വീട്ടിൽനിന്ന് ഇറങ്ങുന്നത്. പക്ഷേ, തിരിച്ചുവരുന്നതോ? ഉന്മേഷത്തോടെ, ജീവിതപ്രശ്നങ്ങൾ നേരിടാൻ കൂടുതൽ സജ്ജരായി. എന്തു തോന്നുന്നു? യേശുവിന്റെ നുകം ശരിക്കും മൃദുവല്ലേ?
7. മത്തായി 11:28-30-ലെ വാക്കുകളുടെ സത്യത തെളിയിക്കുന്ന ഒരു അനുഭവം പറയുക.
7 ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന
കെയ്ലാ എന്ന സഹോദരിയുടെ കാര്യമെടുക്കുക. വർഷങ്ങളായി വിട്ടുമാറാത്ത ക്ഷീണവും വിഷാദവും കഠിനമായ തലവേദനയും സഹോദരിയെ അലട്ടിയിരുന്നു. മീറ്റിങ്ങുകൾക്കു പോകുന്നതു സഹോദരിക്കു പലപ്പോഴും ബുദ്ധിമുട്ടായിരുന്നു. ഒരിക്കൽ വളരെ ശ്രമം ചെയ്ത് ഒരു പൊതുപ്രസംഗത്തിനു വന്ന സഹോദരി ഇങ്ങനെ പറഞ്ഞു: “നിരുത്സാഹത്തെക്കുറിച്ചായിരുന്നു പ്രസംഗം. പ്രസംഗകൻ വിവരങ്ങൾ അവതരിപ്പിച്ചതു സമാനുഭാവത്തോടെയും വളരെ ദയയോടെയും ആയിരുന്നു, ഞാൻ കരഞ്ഞുപോയി. ഒറ്റ മീറ്റിങ്ങുപോലും മുടക്കരുതെന്ന് അത് എന്നെ ഓർമിപ്പിച്ചു.” ആ മീറ്റിങ്ങിൽ പങ്കെടുക്കാൻ ഒരുപാടു ബുദ്ധിമുട്ടിയെങ്കിലും സഹോദരി എത്ര സന്തുഷ്ടയായെന്നോ!8, 9. “ബലഹീനനായിരിക്കുമ്പോൾത്തന്നെ ഞാൻ ശക്തനുമാണ്” എന്ന് എഴുതിയപ്പോൾ പൗലോസ് അപ്പോസ്തലൻ എന്താണ് അർഥമാക്കിയത്?
8 യശയ്യ 40:30 വായിക്കുക. നമ്മൾ എത്ര സമർഥരാണെങ്കിലും ശരി, നമ്മുടെ സ്വന്തം കഴിവുകൊണ്ട് നേടിയെടുക്കാൻ കഴിയുന്ന കാര്യങ്ങൾക്കു പരിമിതിയുണ്ട്. അക്കാര്യം നമ്മൾ ഒരിക്കലും മറന്നുപോകരുത്. നല്ല പ്രാപ്തിയുള്ള ഒരാളായിരുന്നു പൗലോസ് അപ്പോസ്തലൻ. എങ്കിലും അദ്ദേഹത്തിനു പരിമിതികളുണ്ടായിരുന്നു, ആഗ്രഹിച്ചതെല്ലാം ചെയ്യാൻ അതുകൊണ്ട് അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇതെക്കുറിച്ചുള്ള തന്റെ ഉത്കണ്ഠകൾ അദ്ദേഹം ദൈവത്തെ അറിയിച്ചപ്പോൾ ദൈവം ഇങ്ങനെ പറഞ്ഞു: “ബലഹീനതയിലാണ് എന്റെ ശക്തി പൂർണമാകുന്നത്.” പൗലോസിനു കാര്യം മനസ്സിലായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ബലഹീനനായിരിക്കുമ്പോൾത്തന്നെ ഞാൻ ശക്തനുമാണ്.” (2 കൊരി. 12:7-10) അപ്പോസ്തലൻ എന്താണ് അർഥമാക്കിയത്?
9 തനിക്കു സ്വന്തമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് ഒരു പരിധിയുണ്ടെന്നും ശക്തനായ ഒരാളുടെ സഹായം തനിക്ക് ആവശ്യമുണ്ടെന്നും പൗലോസ് തിരിച്ചറിഞ്ഞു. ദൈവത്തിന്റെ പരിശുദ്ധാത്മാവ് പൗലോസിന് ആവശ്യമായ ശക്തി കൊടുക്കുമായിരുന്നു. അതുമല്ല, സ്വന്തം ശക്തികൊണ്ട് ഒരിക്കലും പൂർത്തിയാക്കാൻ കഴിയില്ലാതിരുന്ന അനേകം കാര്യങ്ങൾ ചെയ്യാൻ പരിശുദ്ധാത്മാവ് അദ്ദേഹത്തെ പ്രാപ്തനാക്കുകയും ചെയ്യുമായിരുന്നു. നമ്മുടെ കാര്യത്തിലും ഇതു സത്യമാണ്. യഹോവയിൽനിന്നുള്ള ശക്തി നമുക്കു ലഭിച്ചാൽ നമ്മളും ശക്തരാകും, തീർച്ച!
10. തനിക്കു നേരിട്ട പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ ദാവീദിനെ യഹോവ സഹായിച്ചത് എങ്ങനെ?
10 സങ്കീർത്തനക്കാരനായ ദാവീദ് പലപ്പോഴും പരിശുദ്ധാത്മാവിന്റെ ശക്തി അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരാളാണ്. അദ്ദേഹം ഇങ്ങനെ പാടി: “അങ്ങയുടെ സഹായത്താൽ ഞാൻ കവർച്ചപ്പടയുടെ നേരെ പാഞ്ഞുചെല്ലും. ദൈവത്തിന്റെ ശക്തിയാൽ ഞാൻ മതിൽ ചാടിക്കടക്കും.” (സങ്കീ. 18:29) അതെ, ചില മതിലുകൾ അതായത് ചില പ്രശ്നങ്ങൾ നമുക്ക് ഒരിക്കലും നമ്മുടെ സ്വന്തം ശക്തികൊണ്ട് ‘ചാടിക്കടക്കാവുന്നതല്ല.’ നമുക്ക് യഹോവയുടെ തുണ കൂടിയേ തീരൂ.
11. നമ്മുടെ പ്രശ്നങ്ങൾ നേരിടുന്നതിനു പരിശുദ്ധാത്മാവ് വഹിക്കുന്ന പങ്കു വിവരിക്കുക.
11 യശയ്യ 40:31 വായിക്കുക. സ്വന്തം ശക്തികൊണ്ട് മാത്രമല്ല കഴുകൻ മുകളിലേക്കു ഉയരുന്നതും അന്തരീക്ഷത്തിലൂടെ ഒഴുകിനീങ്ങുന്നതും. മുകളിലേക്കു പൊങ്ങുന്ന ഉഷ്ണവായു കഴുകനെ ഉയർത്തുന്നു. അങ്ങനെ കഴുകനു വളരെ കുറച്ച് ഊർജം മാത്രം ഉപയോഗിച്ചുകൊണ്ട് ഉയരത്തിലേക്കു പൊങ്ങിപ്പോകാൻ കഴിയും. വളരെയധികം ഉത്കണ്ഠ ഉളവാക്കുന്ന ഒരു പ്രശ്നം നിങ്ങളെ അലട്ടുന്നെങ്കിൽ കഴുകന്റെ കാര്യം ഓർക്കുക. ‘പരിശുദ്ധാത്മാവ് എന്ന സഹായിയെ’ തന്ന് നിങ്ങളെ ഉയർത്താൻ യഹോവയോടു യാചിക്കുക. (യോഹ. 14:26) നമുക്ക് ആവശ്യമുള്ള ഏതു സമയത്തും, 24 മണിക്കൂറും, ഈ സഹായം ലഭ്യമാണ്. അതു നമ്മളെ സന്തോഷിപ്പിക്കുന്നില്ലേ? ഒരു സഹവിശ്വാസിയുമായി എന്തെങ്കിലും പ്രശ്നമുള്ളപ്പോഴായിരിക്കും നമുക്കു ദൈവത്തിന്റെ സഹായം ഏറ്റവും ആവശ്യമുള്ളതായി തോന്നുന്നത്. എന്നാൽ എന്തുകൊണ്ടാണ് അത്തരം വിയോജിപ്പുകളുണ്ടാകുന്നത്?
12, 13. (എ) ക്രിസ്ത്യാനികൾക്കിടയിൽ പ്രശ്നങ്ങളുണ്ടാകുന്നത് എന്തുകൊണ്ട്? (ബി) യോസേഫിനെപ്പറ്റിയുള്ള വിവരണം യഹോവയെക്കുറിച്ച് നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
12 അപൂർണരായതുകൊണ്ടാണ് നമുക്ക് ഇടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നത്. ചിലപ്പോഴൊക്കെ സഹവിശ്വാസികളുടെ വാക്കുകളോ പ്രവൃത്തികളോ നമ്മളെ അസ്വസ്ഥരാക്കിയേക്കാം. അല്ലെങ്കിൽ നമ്മൾ ആയിരിക്കാം അവരെ അലോസരപ്പെടുത്തിയത്. എങ്ങനെയായാലും ഇത് ഒരു കടുത്ത പരിശോധനയായേക്കാം. തനിക്കു ജീവിതം സമർപ്പിച്ചിരിക്കുന്നവർ അപൂർണരാണെങ്കിലും യഹോവ അവരെ സ്നേഹിക്കുന്നു. മറ്റു പരിശോധനകളുടെ കാര്യത്തിലെന്നപോലെ സഹോദരങ്ങളുമായി യോജിപ്പോടെ പ്രവർത്തിച്ചുകൊണ്ട് നമ്മുടെ വിശ്വസ്തത തെളിയിക്കാൻ യഹോവ ആഗ്രഹിക്കുന്നു.
13 യോസേഫിന്റെ അനുഭവം കാണിച്ചുതരുന്നതുപോലെ തന്റെ ദാസന്മാർക്കു പരിശോധനകളുണ്ടാകുന്നത് യഹോവ തടയുന്നില്ല. യുവാവായിരുന്ന യോസേഫിനെ അസൂയപൂണ്ട ചേട്ടന്മാർ ഉൽപ. 37:28) ഒരു തെറ്റും ചെയ്യാതിരുന്നിട്ടും തന്റെ സ്നേഹിതനായ യോസേഫിനു മോശമായ പെരുമാറ്റം നേരിടേണ്ടിവന്നത് യഹോവ കാണുകയും അതിൽ ദുഃഖം തോന്നുകയും ചെയ്തെന്നതിൽ സംശയിക്കാനില്ല. എങ്കിലും യഹോവ കാര്യങ്ങളിൽ ഇടപെട്ടില്ല. പിന്നീട്, പോത്തിഫറിന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് യോസേഫിനെ ജയിലിൽ അടച്ചപ്പോഴും യഹോവ ഇടപെട്ടില്ല. അതിന്റെ അർഥം ദൈവം യോസേഫിനെ കൈവിട്ടെന്നാണോ? അല്ല, പകരം “യോസേഫ് ചെയ്തതെല്ലാം യഹോവ സഫലമാക്കി.”—ഉൽപ. 39:21-23.
അടിമയായി വിറ്റു, യോസേഫിന് ഈജിപ്തിലേക്കു പോകേണ്ടിവന്നു. (14. ‘കോപം കളയുന്നതുകൊണ്ട്’ നമുക്ക് ആത്മീയമായും ശാരീരികമായും എന്തെല്ലാം പ്രയോജനങ്ങൾ നേടാൻ കഴിയും?
14 ഇനി ദാവീദിന്റെ കാര്യം നോക്കാം. അദ്ദേഹത്തെപ്പോലെ മോശമായ പെരുമാറ്റം സഹിക്കേണ്ടിവന്ന ആളുകൾ വളരെ ചുരുക്കമായിരിക്കും. എന്നിട്ടും ദൈവത്തിന്റെ ആ സ്നേഹിതൻ നീരസം വെച്ചുകൊണ്ടിരുന്നില്ല. അദ്ദേഹം എഴുതി: “കോപം കളഞ്ഞ് ദേഷ്യം ഉപേക്ഷിക്കൂ! അസ്വസ്ഥനായിത്തീർന്നിട്ട് തിന്മ ചെയ്യരുത്.” (സങ്കീ. 37:8) നമ്മൾ യഹോവയെ അനുകരിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണു ‘കോപം കളയേണ്ടത്.’ ‘നമ്മുടെ പാപങ്ങൾക്കനുസൃതമായി നമ്മോടു പെരുമാറിയിട്ടില്ലാത്ത’ ദൈവമാണ് യഹോവ. (സങ്കീ. 103:10) ‘കോപം കളയുന്നതുകൊണ്ട്’ ശാരീരികമായും പ്രയോജനങ്ങളുണ്ട്. ഉയർന്ന രക്തസമ്മർദവും ശ്വസനസംബന്ധമായ രോഗങ്ങളും ഉണ്ടാകാൻ കോപം കാരണമായേക്കാം. അതു കരളിനെയും ആഗ്നേയഗ്രന്ഥിയെയും (പാൻക്രിയാസ്) ബാധിക്കുകയും ദഹനപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തേക്കാം. ചിലപ്പോൾ കോപാവേശത്തിനു പിന്നാലെ കുറച്ച് കാലത്തേക്കു വിഷാദവും കണ്ടേക്കാം. കോപിച്ചിരിക്കുന്ന ഒരാൾക്കു നേരാംവണ്ണം ചിന്തിക്കാൻ കഴിഞ്ഞെന്നും വരില്ല. നേരെ മറിച്ച്, “ശാന്തഹൃദയം ശരീരത്തിനു ജീവനേകുന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാ. 14:30) മനസ്സിനേറ്റ മുറിവുകൾ ഉണങ്ങാനും നമ്മുടെ സഹോദരനെ നേടാനും നമുക്ക് എങ്ങനെ കഴിയും? ബൈബിളിന്റെ ജ്ഞാനപൂർവമായ ഉപദേശം അനുസരിച്ചാൽ നമുക്ക് അതിനു കഴിയും.
സഹോദരങ്ങൾ നിരാശപ്പെടുത്തുമ്പോൾ
15, 16. നമ്മളെ വേദനിപ്പിച്ച ഒരാളുമായി സമാധാനം സ്ഥാപിക്കാൻ നമ്മൾ എങ്ങനെയാണ് അദ്ദേഹത്തെ സമീപിക്കേണ്ടത്?
15 എഫെസ്യർ 4:26 വായിക്കുക. ലോകത്തിലെ ആളുകൾ നമ്മളോടു മോശമായി പെരുമാറുമ്പോൾ നമുക്കു വലിയ അത്ഭുതമൊന്നും തോന്നാറില്ല. എന്നാൽ ആ സ്ഥാനത്ത്, നമ്മുടെ ഒരു സഹവിശ്വാസിയോ കുടുംബാംഗമോ ആണ് മുറിപ്പെടുത്തുന്ന എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നതെങ്കിൽ നമ്മൾ തകർന്നുപോയേക്കാം. നമുക്ക് അത് അങ്ങനെയങ്ങ് മറക്കാൻ കഴിയുന്നില്ലെന്നു വിചാരിക്കുക. ആ നീരസം വർഷങ്ങളോളം ഉള്ളിൽ കിടന്ന് പുകയാൻ നമ്മൾ അനുവദിക്കുമോ? അതോ പ്രശ്നങ്ങൾ പെട്ടെന്നു പരിഹരിക്കാനുള്ള ബൈബിളിന്റെ ജ്ഞാനോപദേശം അനുസരിക്കുമോ? പ്രശ്നം പരിഹരിക്കാൻ നമ്മൾ എത്ര കാലതാമസം വരുത്തുന്നോ, സഹോദരനുമായി സമാധാനം പുനഃസ്ഥാപിക്കുന്നതു നമുക്ക് അത്ര ബുദ്ധിമുട്ടായിത്തീരും.
16 ഒരു സഹോദരൻ നിങ്ങളെ വേദനിപ്പിച്ചെന്നും നിങ്ങൾക്ക് അതു വിട്ടുകളയാൻ കഴിയുന്നില്ലെന്നും വിചാരിക്കുക. സമാധാനമുണ്ടാക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയും? ആദ്യമായി, യഹോവയോടു മുട്ടിപ്പായി പ്രാർഥിക്കുക. സഹോദരനുമായി ഒരു നല്ല സംഭാഷണം നടത്താൻ സഹായിക്കണമേ എന്ന് യഹോവയോട് അപേക്ഷിക്കുക. സങ്കീ. 25:14) ദൈവം അദ്ദേഹത്തെ സ്നേഹിക്കുന്നു. യഹോവ തന്റെ സ്നേഹിതരോടു ദയാപൂർവം ഇടപെടുന്നു. അതുതന്നെയല്ലേ ദൈവം നമ്മളിൽനിന്നും പ്രതീക്ഷിക്കുക? (സുഭാ. 15:23; മത്താ. 7:12; കൊലോ. 4:6) അടുത്തതായി, അദ്ദേഹത്തോട് എന്താണു പറയാൻപോകുന്നതെന്നു മുൻകൂട്ടി ആലോചിക്കുക. ആ സഹോദരൻ നിങ്ങളെ മനഃപൂർവം മുറിവേൽപ്പിച്ചതാണെന്നു ചിന്തിക്കരുത്. ഒരുപക്ഷേ, അദ്ദേഹത്തിനു പിശകു പറ്റിയതായിരിക്കാം, അല്ലെങ്കിൽ നമ്മുടെ തെറ്റിദ്ധാരണയാകാം. ഈ പ്രശ്നത്തിൽ നമുക്കും ഒരു പങ്കുണ്ടോ എന്നു സത്യസന്ധമായി ചിന്തിച്ചുനോക്കുക. ഇങ്ങനെ എന്തെങ്കിലും പറഞ്ഞുകൊണ്ട് നിങ്ങൾക്കു സംഭാഷണം ആരംഭിക്കാവുന്നതാണ്: “ഒരുപക്ഷേ എനിക്കു തോന്നിയതായിരിക്കും, സഹോദരൻ ഇന്നലെ എന്നോട് അങ്ങനെ സംസാരിച്ചപ്പോൾ എനിക്ക്. . . ” എന്നാൽ ഈ ചർച്ചകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയില്ലെങ്കിൽ ശ്രമം ഉപേക്ഷിക്കരുത്. സമാധാനം പുനഃസ്ഥാപിക്കാനുള്ള മറ്റൊരു അവസരം കണ്ടെത്തുക. സഹോദരനുവേണ്ടി പ്രാർഥിക്കുക. സഹോദരന്റെ നല്ല ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മളെ സഹായിക്കണമെന്നും അദ്ദേഹത്തെ അനുഗ്രഹിക്കണമെന്നും യഹോവയോടു യാചിക്കുക. ദൈവത്തിന്റെ ഒരു സ്നേഹിതനായ ആ സഹോദരനെ നേടാനുള്ള നിങ്ങളുടെ ആത്മാർഥമായ ശ്രമങ്ങളിൽ യഹോവ സന്തോഷിക്കുന്നുണ്ടെന്നു നിങ്ങൾക്ക് ഉറപ്പായും വിശ്വസിക്കാം.
ഓർക്കുക: ആ സഹോദരനും യഹോവയുടെ ഒരു സ്നേഹിതനാണ്. (ഭൂതകാലം നമ്മളെ വേട്ടയാടുമ്പോൾ
17. നമ്മൾ ഒരു പാപം ചെയ്യാൻ ഇടയായാൽ യഹോവ എങ്ങനെയാണു തിരിച്ചുവരാൻ സഹായിക്കുന്നത്, ആ കരുതൽ നമ്മൾ പ്രയോജനപ്പെടുത്തേണ്ടത് എന്തുകൊണ്ട്?
17 മുമ്പ് ഗുരുതരമായ ഒരു പാപം ചെയ്തിട്ടുള്ളതുകൊണ്ട് തങ്ങൾ യഹോവയെ സേവിക്കാൻ യോഗ്യരല്ലെന്നു ചിലർക്കു തോന്നിയേക്കാം. കുറ്റബോധം ക്രൂരനായ ഒരു യജമാനനെപ്പോലെയാണ്. കുറ്റബോധംകൊണ്ട് വലഞ്ഞ ദാവീദ് രാജാവ് അതെക്കുറിച്ച് ഇങ്ങനെയാണു പറഞ്ഞത്: “ഞാൻ മിണ്ടാതിരുന്നപ്പോൾ ദിവസം മുഴുവനുമുള്ള ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി. രാവും പകലും അങ്ങയുടെ കൈ എനിക്കു ഭാരമായിരുന്നു.” പക്ഷേ, ദാവീദ് ഈ പ്രശ്നം ഒരു ആത്മീയവ്യക്തിയെപ്പോലെ കൈകാര്യം ചെയ്തു. അദ്ദേഹം എഴുതി: “ഒടുവിൽ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു; ഞാൻ എന്റെ തെറ്റു മറച്ചുവെച്ചില്ല.” (സങ്കീ. 32:3-5) നിങ്ങൾ ഗുരുതരമായി പാപം ചെയ്തുപോയെങ്കിലും തിരിച്ച് വരുന്നതിനു നിങ്ങളെ സഹായിക്കാൻ യഹോവ ഒരുക്കമാണ്. പക്ഷേ അതിനു സഭയിലൂടെ ലഭിക്കുന്ന സഹായം സ്വീകരിക്കാൻ നിങ്ങൾ തയ്യാറാകണം. (സുഭാ. 24:16; യാക്കോ. 5:13-15) ഇക്കാര്യത്തിൽ ഒട്ടും താമസം വിചാരിക്കരുത്, കാരണം നിങ്ങളുടെ നിത്യജീവനാണു തുലാസ്സിൽ തൂങ്ങുന്നത്. എന്നാൽ ഒരു പാപം ക്ഷമിച്ചുകിട്ടി ഏറെ കാലത്തിനു ശേഷവും മനസ്സാക്ഷി നിങ്ങളെ കുത്തിനോവിക്കുന്നെങ്കിലോ?
18. തങ്ങൾ അയോഗ്യരാണെന്ന ചിന്തയുമായി പോരാടുന്ന ആളുകളെ പൗലോസിന്റെ മാതൃക സഹായിക്കുന്നത് എങ്ങനെ?
18 കഴിഞ്ഞകാലത്ത് ചെയ്തുകൂട്ടിയ തെറ്റായ പ്രവർത്തനങ്ങളെക്കുറിച്ച് പൗലോസ് അപ്പോസ്തലനു പല അവസരങ്ങളിലും കുറ്റബോധം തോന്നിയിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ഞാൻ അപ്പോസ്തലന്മാരിൽ ഏറ്റവും ചെറിയവനാണ്. ദൈവത്തിന്റെ സഭയെ ഉപദ്രവിച്ച ഞാൻ അപ്പോസ്തലൻ എന്നു വിളിക്കപ്പെടാൻപോലും യോഗ്യനല്ല.” എങ്കിലും അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഞാൻ ഞാനായിരിക്കുന്നതു ദൈവത്തിന്റെ അനർഹദയ കാരണമാണ്.” (1 കൊരി. 15:9, 10) മുൻകാലത്ത് തെറ്റുകൾ ചെയ്ത മനുഷ്യനാണു പൗലോസെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു, ഇത് അറിഞ്ഞുകൊണ്ടുതന്നെയാണ് യഹോവ പൗലോസിനെ സ്വീകരിച്ചത്. ഇക്കാര്യം പൗലോസ് മനസ്സിലാക്കണമെന്ന് യഹോവ ആഗ്രഹിച്ചു. നിങ്ങളുടെ മുൻകാല പാപങ്ങളെപ്പറ്റി ആത്മാർഥമായി പശ്ചാത്തപിക്കുകയും അവ ഏറ്റുപറയുകയും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഉറപ്പായും യഹോവയുടെ കരുണയിൽ വിശ്വാസമർപ്പിക്കാം. അതുകൊണ്ട് യഹോവയുടെ വാക്കുകൾ വിശ്വസിക്കുക, യഹോവയുടെ ക്ഷമ സ്വീകരിക്കുക!—യശ. 55:6, 7.
19. ഏതാണ് 2018-ലെ നമ്മുടെ വാർഷികവാക്യം, അത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
19 വ്യവസ്ഥിതി അതിന്റെ അന്ത്യത്തോട് അടുക്കുംതോറും ജീവിതസമ്മർദങ്ങൾ കൂടിവരുകയേ ഉള്ളൂ. എങ്കിലും ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം, ‘ക്ഷീണിച്ചിരിക്കുന്നവനു ബലം കൊടുക്കുകയും ശക്തിയില്ലാത്തവനു വേണ്ടുവോളം ഊർജം പകരുകയും’ ചെയ്യുന്ന യഹോവ മുന്നോട്ടുപോകാൻ ആവശ്യമായതെല്ലാം നിങ്ങൾക്കു നൽകും. (യശ. 40:29; സങ്കീ. 55:22; 68:19) മീറ്റിങ്ങുകൾക്കായി രാജ്യഹാളിൽ എത്തുമ്പോൾ 2018-ലുടനീളം ഈ സുപ്രധാനസത്യം നമ്മുടെ ഓർമയിലേക്കു വരും. നമ്മുടെ വാർഷികവാക്യത്തിലെ ഈ വാക്കുകൾ അവിടെ ആലേഖനം ചെയ്തിട്ടുണ്ടായിരിക്കും: “യഹോവയിൽ പ്രത്യാശ വെച്ചിരിക്കുന്നവർ ശക്തി വീണ്ടെടുക്കും.”—യശ. 40:31.