യഥാർഥസന്തോഷം കൈവരുത്തുന്ന സ്നേഹം
“യഹോവ ദൈവമായുള്ള ജനം സന്തുഷ്ടർ.”—സങ്കീ. 144:15.
1. നമ്മൾ ജീവിക്കുന്ന കാലം മറ്റെല്ലാ കാലഘട്ടങ്ങളിൽനിന്ന് വ്യത്യസ്തമാണെന്നു പറയുന്നത് എന്തുകൊണ്ട്?
മനുഷ്യചരിത്രത്തിലെ മറ്റെല്ലാ കാലഘട്ടങ്ങളിൽനിന്നും വ്യത്യസ്തമായ ഒരു കാലത്താണു നമ്മൾ ജീവിക്കുന്നത്. ബൈബിൾ മുൻകൂട്ടിപ്പറഞ്ഞതുപോലെ യഹോവ ‘എല്ലാ ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള ഒരു മഹാപുരുഷാരത്തെ’ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇവർ 80 ലക്ഷത്തിലധികം വരുന്ന ഒരു “മഹാജനത”യായിത്തീർന്നിരിക്കുന്നു. സന്തുഷ്ടരായ ഈ ജനം ‘രാപ്പകൽ ദൈവത്തിന്റെ ആലയത്തിൽ വിശുദ്ധസേവനം അനുഷ്ഠിക്കുകയാണ്.’ (വെളി. 7:9, 15; യശ. 60:22) ദൈവത്തോടും സഹമനുഷ്യരോടും സ്നേഹമുള്ള ആളുകളുടെ ഇത്ര വലിയൊരു കൂട്ടം ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല.
2. ദൈവവുമായി ബന്ധമില്ലാത്ത ആളുകളെ, തെറ്റായ ഏതുതരം സ്നേഹമാണു തിരിച്ചറിയിക്കുന്നത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
2 എന്നാൽ നമ്മുടെ ഈ കാലത്ത് ആളുകൾ മറ്റൊരു തരം സ്നേഹം കാണിക്കുമെന്നു തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞു. സ്വാർഥതയാണ് അതിന്റെ മുഖമുദ്ര. ദൈവവുമായി ഒരു ബന്ധവുമില്ലാത്ത ആളുകളുടെ സ്വഭാവവിശേഷതയായിരിക്കും അത്തരം സ്നേഹം. പൗലോസ് അപ്പോസ്തലൻ ഇങ്ങനെയാണ് അതെക്കുറിച്ച് എഴുതിയത്: “അവസാനകാലത്ത് . . . മനുഷ്യർ സ്വസ്നേഹികളും പണക്കൊതിയന്മാരും . . . ദൈവത്തെ സ്നേഹിക്കുന്നതിനു പകരം ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവരും” ആയിരിക്കും. (2 തിമൊ. 3:1-4) തങ്ങളുടെ താത്പര്യങ്ങൾക്കു മുഖ്യസ്ഥാനം കൊടുക്കുന്ന ഇത്തരം സ്നേഹം ക്രിസ്തീയസ്നേഹത്തോടു ചേർന്നുപോകുന്നതല്ല. എന്നു മാത്രമല്ല, അതു ക്രിസ്തീയസ്നേഹത്തിനു നേർവിപരീതവുമാണ്. സ്വാർഥലക്ഷ്യങ്ങൾക്കു പുറകേ പോകുന്നവർ വിചാരിക്കുന്നതു തങ്ങൾക്കു സന്തോഷം കിട്ടുമെന്നാണ്. പക്ഷേ, അത് ഒരിക്കലും ഒരു വ്യക്തിയെ സന്തുഷ്ടനാക്കുന്നില്ല. തന്നെയുമല്ല, അത്തരം സ്നേഹം സ്വാർഥമായ ഒരു ലോകത്തെ സൃഷ്ടിക്കുന്നു, ജീവിതം ‘ബുദ്ധിമുട്ടു നിറഞ്ഞതാക്കുകയും’ ചെയ്യുന്നു.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു പരിശോധിക്കും, എന്തുകൊണ്ട്?
3 ലോകത്തിൽ വ്യാപകമായിരിക്കുന്ന സ്വാർഥത നിറഞ്ഞ ഈ സ്നേഹം ക്രിസ്ത്യാനികൾക്ക് അപകടം വരുത്തുമെന്നു പൗലോസ് തിരിച്ചറിഞ്ഞു. അതുകൊണ്ട് അത്തരം തെറ്റായ സ്നേഹം കാണിക്കുന്നവരിൽനിന്ന് ‘അകന്നുമാറാൻ’ അദ്ദേഹം മുന്നറിയിപ്പു നൽകി. (2 തിമൊ. 3:5) എന്നിരുന്നാലും അത്തരം ആളുകളിൽനിന്ന് പൂർണമായി വേറിട്ടുനിൽക്കാൻ നമുക്കാകില്ല. അങ്ങനെയെങ്കിൽ, ഇന്നു പ്രബലമായിരിക്കുന്ന ലോകത്തിന്റെ മനോഭാവം നമ്മളെ സ്വാധീനിക്കാതിരിക്കാനും സ്നേഹത്തിന്റെ ദൈവമായ യഹോവയെ സന്തോഷിപ്പിക്കാനും നമുക്ക് എങ്ങനെ കഴിയും? നമുക്ക് ഇപ്പോൾ ദൈവത്തോടുള്ള സ്നേഹവും 2 തിമൊഥെയൊസ് 3:2-4-ൽ വിവരിക്കുന്ന തരം സ്നേഹവും തമ്മിൽ ഒന്നു താരതമ്യം ചെയ്തുനോക്കാം. അങ്ങനെ ചെയ്യുന്നതു നമ്മളെത്തന്നെ ഒന്നു പരിശോധിച്ചുനോക്കാനും യഥാർഥ സന്തോഷവും സംതൃപ്തിയും തരുന്ന തരം സ്നേഹം എങ്ങനെ കാണിക്കാമെന്നു മനസ്സിലാക്കാനും നമ്മളെ സഹായിക്കും.
ദൈവത്തോടുള്ള സ്നേഹമോ സ്വസ്നേഹമോ?
4. ഒരളവുവരെ നമ്മോടുതന്നെ സ്നേഹമുള്ളതു തെറ്റല്ലാത്തത് എന്തുകൊണ്ട്?
4 ‘മനുഷ്യർ സ്വസ്നേഹികൾ ആയിരിക്കും’ എന്നു ദൈവപ്രചോദിതമായി പൗലോസ് എഴുതി. നമ്മളെത്തന്നെ സ്നേഹിക്കുന്നതു തെറ്റാണോ? അല്ല. അതു സ്വാഭാവികമാണ്, ഒരു പരിധിവരെ ആവശ്യവുമാണ്. യഹോവ ആ വിധത്തിലാണു നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. യേശു പറഞ്ഞു: “നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.” (മർക്കോ. 12:31) നമ്മെത്തന്നെ സ്നേഹിക്കുന്നില്ലെങ്കിൽ നമുക്ക് അയൽക്കാരനെ സ്നേഹിക്കാൻ കഴിയില്ല. തിരുവെഴുത്തുകളിൽ ഇങ്ങനെയും പറഞ്ഞിരിക്കുന്നു: “അങ്ങനെതന്നെ, ഭർത്താക്കന്മാരും ഭാര്യമാരെ സ്വന്തം ശരീരത്തെപ്പോലെ സ്നേഹിക്കണം. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്തന്നെ സ്നേഹിക്കുന്നു. ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുത്തിട്ടില്ലല്ലോ. ക്രിസ്തു സഭയുടെ കാര്യത്തിൽ ചെയ്യുന്നതുപോലെ വാത്സല്യത്തോടെ അതിനെ പരിപോഷിപ്പിക്കുകയല്ലേ ചെയ്യുന്നത്?” (എഫെ. 5:28, 29) അതുകൊണ്ട് ഒരളവുവരെ നമ്മളെത്തന്നെ സ്നേഹിക്കുന്നതിൽ തെറ്റില്ല.
5. തങ്ങളെത്തന്നെ അമിതമായി സ്നേഹിക്കുന്നവരെ നിങ്ങൾ എങ്ങനെ വർണിക്കും?
5 എന്നാൽ 2 തിമൊഥെയൊസ് 3:2-ൽ പറഞ്ഞിരിക്കുന്ന സ്നേഹം സ്വാഭാവികമായുള്ള ഒന്നല്ല, അതു ഗുണം ചെയ്യുന്നതുമല്ല. അതു വികലമാക്കപ്പെട്ട, സ്വാർഥത നിറഞ്ഞ സ്നേഹമാണ്. കണക്കിലധികം തങ്ങളെത്തന്നെ സ്നേഹിക്കുന്നവർ തങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കുന്നവരാണ്. (റോമർ 12:3 വായിക്കുക.) സ്വന്തം കാര്യങ്ങളിലാണ് അത്തരക്കാർക്ക് ഏറ്റവുമധികം താത്പര്യം. മറ്റുള്ളവരെക്കുറിച്ച് അവർക്കു വലിയ ചിന്തയൊന്നുമില്ല. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അതിന്റെ ഉത്തരവാദിത്വമേറ്റെടുക്കുന്നതിനു പകരം മറ്റുള്ളവരുടെ മേൽ പഴിചാരാനായിരിക്കും അവരുടെ പ്രവണത. ഒരു ബൈബിൾ വ്യാഖ്യാനഗ്രന്ഥം പറയുന്നതനുസരിച്ച് ‘തങ്ങളെത്തന്നെ സ്നേഹിക്കുന്നവർ മുള്ളൻപന്നിയെപ്പോലെയാണ്. മുള്ളൻപന്നി അതിനു സുഖം കിട്ടാനായി പന്തുപോലെ ചുരുണ്ടുകൂടി കിടക്കാറുണ്ട്. അതിന്റെ അടിഭാഗം മുഴുവൻ രോമാവൃതമായതുകൊണ്ട് ഇങ്ങനെ കിടക്കുന്നതു മുള്ളൻപന്നിക്കു നല്ല സുഖമാണ്. പക്ഷേ പുറമേ മുഴുവൻ മുള്ളുകളായിരിക്കും, അടുത്തേക്ക് ആരെങ്കിലും ചെന്നാൽ അവരുടെ ദേഹത്ത് മുള്ളു കൊള്ളും.’ ഇങ്ങനെ മുള്ളൻപന്നിയെപ്പോലെ സ്വന്തം താത്പര്യങ്ങളെ ചുറ്റിപ്പറ്റി ജീവിക്കുന്ന ആളുകൾ പക്ഷേ ശരിക്കും സന്തുഷ്ടരല്ല.
6. നമ്മൾ ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ട്?
6 അവസാനകാലത്ത് ലോകമെങ്ങും പ്രബലമാകുന്ന മോശം ഗുണങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണു പൗലോസ് സ്വസ്നേഹം പട്ടികപ്പെടുത്തിയതെന്നു ശ്രദ്ധിക്കുക. മറ്റു ദുർഗുണങ്ങളെല്ലാം ഇതിൽനിന്ന് ഉരുത്തിരിയുന്നതുകൊണ്ടാണ് അത് ആദ്യം വന്നിരിക്കുന്നതെന്നു ചില ബൈബിൾപണ്ഡിതന്മാർ പറയുന്നു. എന്നാൽ ഇതിനു വിപരീതമായി ദൈവത്തെ സ്നേഹിക്കുന്നവർ തികച്ചും വ്യത്യസ്തമായ ഗുണങ്ങളുള്ളവരാണ്. നമുക്കുണ്ടായിരിക്കേണ്ട തരം സ്നേഹത്തെ ബൈബിൾ സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നീ ഗുണങ്ങളുമായാണു ബന്ധപ്പെടുത്തിയിരിക്കുന്നത്. (ഗലാ. 5:22, 23) സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “യഹോവ ദൈവമായുള്ള ജനം സന്തുഷ്ടർ.” (സങ്കീ. 144:15) യഹോവ സന്തോഷമുള്ള ദൈവമാണ്. യഹോവയുടെ ജനവും ആ ഗുണം പ്രതിഫലിപ്പിക്കുന്നു. അവർ മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടി തങ്ങൾക്കുള്ളതു കൊടുക്കുന്നതിൽ സന്തോഷിക്കുന്നു. എന്നാൽ തങ്ങളെത്തന്നെ സ്നേഹിക്കുന്നവർക്കു വാങ്ങുന്നതിൽ മാത്രമാണു താത്പര്യം.—പ്രവൃ. 20:35.
7. നമ്മുടെ ദൈവസ്നേഹം ഒന്നു വിലയിരുത്താൻ ഏതു ചോദ്യങ്ങൾ സഹായിക്കും?
7 ജീവിതത്തിൽ നമ്മൾ നമ്മളെത്തന്നെയാണോ ഫിലിപ്പിയർ 2:3, 4-ൽ കാണുന്ന ഈ ഉപദേശം ശ്രദ്ധിക്കുക: “വഴക്കുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയോ ദുരഭിമാനത്തോടെയോ ഒന്നും ചെയ്യാതെ താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുക. നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.” സ്വയം ഇങ്ങനെ ചോദിക്കുന്നതു നമുക്കു ഗുണം ചെയ്യും: ‘ഈ ഉപദേശം ഞാൻ എന്റെ ജീവിതത്തിൽ പിൻപറ്റുന്നുണ്ടോ? ദൈവേഷ്ടം ചെയ്യാൻ ഞാൻ ആത്മാർഥമായി ശ്രമിക്കുന്നുണ്ടോ? വയൽസേവനത്തിൽ തിരക്കോടെ ഏർപ്പെട്ടുകൊണ്ടും സഹോദരങ്ങളെ സഹായിച്ചുകൊണ്ടും ഞാൻ ഈ നിർദേശത്തിനു ചേർച്ചയിൽ ജീവിക്കുന്നുണ്ടോ?’ നമ്മളെത്തന്നെ വിട്ടുകൊടുക്കുന്നത് എപ്പോഴും എളുപ്പമല്ല. അതിൽ നല്ല ശ്രമം ഉൾപ്പെടുന്നുണ്ട്. നമ്മൾ ചില ത്യാഗങ്ങളും ചെയ്യേണ്ടിവരും. പക്ഷേ, പ്രപഞ്ചത്തിന്റെ പരമാധികാരിയുടെ അംഗീകാരം നമുക്കുണ്ടെന്ന് അറിയുന്നതിനെക്കാൾ നമ്മളെ സന്തോഷിപ്പിക്കുന്ന മറ്റ് എന്താണുള്ളത്?
അതോ ദൈവത്തെയാണോ കൂടുതൽ സ്നേഹിക്കുന്നത് എന്ന് എങ്ങനെ നിർണയിക്കാം?8. ദൈവത്തോടുള്ള സ്നേഹം ചിലരെ എന്തു ചെയ്യാൻ പ്രേരിപ്പിച്ചിരിക്കുന്നു?
8 യഹോവയെ കൂടുതൽ സേവിക്കുന്നതിനുവേണ്ടി, ധാരാളം പണമുണ്ടാക്കാൻ കഴിയുന്ന ജോലികൾ വിട്ടുകളയാൻ ദൈവസ്നേഹം ചിലരെ പ്രേരിപ്പിച്ചിരിക്കുന്നു. ഐക്യനാടുകളിൽ താമസിക്കുന്ന എറീക്ക സഹോദരി ഒരു ഡോക്ടറാണ്. എന്നാൽ, വൈദ്യശാസ്ത്രമേഖലയിൽ തനിക്കുണ്ടായിരുന്ന ആ പദവിയും സ്ഥാനവും എല്ലാം ഉപേക്ഷിച്ച് സഹോദരി സാധാരണ മുൻനിരസേവനം ആരംഭിച്ചു, ഭർത്താവിനോടൊപ്പം പല രാജ്യങ്ങളിൽ സേവിച്ചു. പിന്നിട്ട വഴികളെക്കുറിച്ച് സഹോദരി പറയുന്നു: “ഒരു അന്യഭാഷാവയലിൽ സേവിച്ചതുകൊണ്ട് ഞങ്ങൾക്കുണ്ടായ നല്ലനല്ല അനുഭവങ്ങളും ഞങ്ങൾക്കു കിട്ടിയ സുഹൃത്തുക്കളും ഞങ്ങളുടെ ജീവിതം കൂടുതൽ അർഥപൂർണമാക്കി. ഞാൻ ഇപ്പോഴും രോഗികളെ ചികിത്സിക്കാറുണ്ട്. പക്ഷേ, എന്റെ സമയവും ശക്തിയും എല്ലാം ഞാൻ കൂടുതൽ ഉപയോഗിക്കുന്നത് ആളുകളെ ആത്മീയമായി സുഖപ്പെടുത്തുന്നതിനും സഹോദരങ്ങളെ സഹായിക്കുന്നതിനും വേണ്ടിയാണ്. അങ്ങേയറ്റം സന്തോഷവും സംതൃപ്തിയും ആണ് ഇന്നു ഞാൻ അനുഭവിക്കുന്നത്.”
നിക്ഷേപം സ്വർഗത്തിലോ ഭൂമിയിലോ?
9. പണത്തോടുള്ള സ്നേഹം സന്തോഷം കൈവരുത്തുകയില്ലാത്തത് എന്തുകൊണ്ട്?
9 ആളുകൾ ‘പണക്കൊതിയന്മാർ’ ആയിരിക്കുമെന്നു പൗലോസ് എഴുതി. കുറച്ച് വർഷങ്ങൾക്കു മുമ്പ് അയർലൻഡിലെ ഒരു മുൻനിരസേവകൻ ഒരാളോടു ദൈവത്തെക്കുറിച്ച് സംസാരിച്ചു. അപ്പോൾ അയാൾ തന്റെ പേഴ്സ് തുറന്ന് കുറെ നോട്ടുകളെടുത്ത് ഉയർത്തിപ്പിടിച്ചിട്ട് അഹങ്കാരത്തോടെ ഇങ്ങനെ പറഞ്ഞു: “ഇതാണ് എന്റെ ദൈവം!” എല്ലാവരും ഇങ്ങനെ പറയാറില്ലെങ്കിലും ഇന്നു ലോകത്തുള്ള മിക്കവരും പണത്തെയും പണം കൊടുത്ത് വാങ്ങാൻ കഴിയുന്ന വസ്തുക്കളെയും സ്നേഹിക്കുന്നവരാണ്. എന്നാൽ ബൈബിൾ ഇങ്ങനെ മുന്നറിയിപ്പു തരുന്നു: “വെള്ളിയെ സ്നേഹിക്കുന്നവനു വെള്ളികൊണ്ടും ധനത്തെ സ്നേഹിക്കുന്നവനു വരുമാനംകൊണ്ടും ഒരിക്കലും തൃപ്തിവരില്ല.” (സഭാ. 5:10) അത്തരക്കാർ എപ്പോഴും കൂടുതൽക്കൂടുതൽ പണം ആഗ്രഹിക്കുന്നവരാണ്. അതു വാരിക്കൂട്ടാനുള്ള ശ്രമത്തിനിടയിൽ അവർ തങ്ങൾക്കുതന്നെ ‘പലപല വേദനകൾ’ വരുത്തിവെക്കുന്നു.—1 തിമൊ. 6:9, 10.
10. സമ്പത്തിനെയും ദാരിദ്ര്യത്തെയും പറ്റി ബൈബിൾ എന്താണ് പറയുന്നത്?
10 പണം ആവശ്യമില്ലാത്തതായി ആരാണുള്ളത്? പണം ഒരളവുവരെ സംരക്ഷണം തരുന്നുണ്ട്. (സഭാ. 7:12) പക്ഷേ, അടിസ്ഥാനാവശ്യങ്ങൾക്കുവേണ്ട പണം മാത്രമാണുള്ളതെങ്കിൽ ഒരാൾക്കു ശരിക്കും സന്തുഷ്ടനായിരിക്കാൻ കഴിയുമോ? തീർച്ചയായും കഴിയും! (സഭാപ്രസംഗകൻ 5:12 വായിക്കുക.) യാക്കെയുടെ മകനായ ആഗൂർ ഇങ്ങനെ പ്രാർഥിച്ചു: “ദാരിദ്ര്യമോ സമ്പത്തോ തരാതെ എനിക്കു വേണ്ട ആഹാരം മാത്രം തരേണമേ.” അങ്ങേയറ്റം ദാരിദ്ര്യം അനുഭവിക്കാൻ അദ്ദേഹം ആഗ്രഹിക്കാത്തതിന്റെ കാരണം നമുക്കെല്ലാം പെട്ടെന്നു മനസ്സിലാകും. അദ്ദേഹംതന്നെ പറയുന്നതുപോലെ, മോഷ്ടിക്കാനുള്ള പ്രലോഭനം തോന്നാൻ അദ്ദേഹം ആഗ്രഹിച്ചില്ല. കാരണം അതു ദൈവത്തിന് അപമാനം വരുത്തുമായിരുന്നു. എന്നാൽ സമ്പത്തു തരരുതേ എന്നു പ്രാർഥിച്ചത് എന്തുകൊണ്ടാണ്? അദ്ദേഹം എഴുതി: ‘ഞാൻ തൃപ്തനായിട്ട്, “ആരാണ് യഹോവ” എന്നു ചോദിച്ച് അങ്ങയെ തള്ളിപ്പറയാൻ ഇടവരുമല്ലോ.’ (സുഭാ. 30:8, 9) ദൈവത്തിൽ ആശ്രയിക്കുന്നതിനു പകരം സമ്പത്തിൽ ആശ്രയിക്കുന്ന പലരെയും നിങ്ങൾക്ക് അറിയാമായിരിക്കും.
11. പണം സംബന്ധിച്ച് യേശു എന്ത് ഉപദേശമാണ് തന്നത്?
11 പണസ്നേഹികൾക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല. യേശു ഇങ്ങനെ പറഞ്ഞു: “രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത് മറ്റേ യജമാനനെ സ്നേഹിക്കും. അല്ലെങ്കിൽ ഒന്നാമനോടു പറ്റിനിന്ന് മറ്റേ യജമാനനെ നിന്ദിക്കും. നിങ്ങൾക്ക് ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല.” തൊട്ടു മുമ്പ് യേശു ഇങ്ങനെ പറഞ്ഞിരുന്നു: “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളൻ കയറി മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതു മതിയാക്കൂ. പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കുകയോ കള്ളൻ കയറി മോഷ്ടിക്കുകയോ ചെയ്യാത്ത സ്വർഗത്തിൽ മത്താ. 6:19, 20, 24.
നിക്ഷേപങ്ങൾ സ്വരൂപിക്കൂ.”—12. ലളിതമായി ജീവിക്കുന്നതു ദൈവസേവനം കൂടുതൽ എളുപ്പമുള്ളതാക്കുന്നത് എങ്ങനെ? ഒരു ഉദാഹരണം പറയുക.
12 ലളിതമായി ജീവിക്കുന്നതു പലരെയും കൂടുതൽ സന്തുഷ്ടരാക്കുന്നെന്നു മാത്രമല്ല യഹോവയെ സേവിക്കാൻ അവർക്കു കൂടുതൽ സമയം കിട്ടുകയും ചെയ്യുന്നു. ഐക്യനാടുകളിലുള്ള ജാക്ക് സഹോദരൻ തനിക്കുണ്ടായിരുന്ന വലിയ വീടും ബിസിനെസ്സും വിറ്റു. ഭാര്യയോടൊപ്പം മുൻനിരസേവനം ചെയ്യാനാണ് അദ്ദേഹം അങ്ങനെ ചെയ്തത്. അദ്ദേഹം ഓർക്കുന്നു: “ഞങ്ങൾക്കുണ്ടായിരുന്ന മനോഹരമായ വീടും സ്ഥലവും ഒക്കെ ഉപേക്ഷിക്കുന്നത് അൽപ്പം ബുദ്ധിമുട്ടായിരുന്നു. പക്ഷേ, വർഷങ്ങളായി മിക്കവാറും എല്ലാ ദിവസവും ജോലിസ്ഥലത്തെ പ്രശ്നങ്ങൾ കാരണം മനസ്സു മടുത്താണു ഞാൻ വീട്ടിലെത്തിയിരുന്നത്. മുൻനിരസേവികയായ എന്റെ ഭാര്യയാകട്ടെ, എപ്പോഴും അങ്ങേയറ്റം സന്തോഷവതിയും! അവൾ ഇങ്ങനെ പറയുമായിരുന്നു, ‘എന്റെ ബോസാണ് ഏറ്റവും നല്ല ബോസ്.’ ഞാനും ഇപ്പോൾ മുൻനിരസേവനം ചെയ്യുകയാണ്. ഞങ്ങൾ രണ്ടു പേരും യഹോവയ്ക്കുവേണ്ടി പ്രവർത്തിക്കുന്നു.”
13. പണത്തോടുള്ള നമ്മുടെ വീക്ഷണം നമുക്ക് എങ്ങനെ വിശകലനം ചെയ്യാം?
13 പണത്തെ നമ്മൾ എങ്ങനെയാണു വീക്ഷിക്കുന്നതെന്നു വിശകലനം ചെയ്യാൻ പിൻവരുന്ന ചോദ്യങ്ങളെക്കുറിച്ച് സത്യസന്ധമായി ഒന്നു ചിന്തിക്കുക: ‘പണത്തെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ ഞാൻ ശരിക്കും വിശ്വസിക്കുന്നുണ്ടോ, അതിനനുസരിച്ചാണോ ഞാൻ ജീവിക്കുന്നത്? പണം സമ്പാദിക്കുന്നതിനാണോ എന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം? യഹോവയുമായുള്ള ബന്ധത്തെക്കാളും വ്യക്തിബന്ധങ്ങളെക്കാളും ഞാൻ വില കൊടുക്കുന്നതു വസ്തുവകകൾക്കാണോ? യഹോവ എന്റെ ആവശ്യങ്ങൾക്കായി കരുതുമെന്നു ഞാൻ ഉറച്ചുവിശ്വസിക്കുന്നുണ്ടോ?’ തന്നിൽ പ്രത്യാശ വെക്കുന്ന ആരെയും യഹോവ നിരാശരാക്കില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.—മത്താ. 6:33.
യഹോവയെ അന്വേഷിക്കുന്നോ അതോ ജീവിതസുഖങ്ങളുടെ പിന്നാലെയോ?
14. ജീവിതസുഖങ്ങളെക്കുറിച്ചുള്ള സമനിലയുള്ള വീക്ഷണം എന്താണ്?
14 മുൻകൂട്ടിപ്പറഞ്ഞതുപോലെ, ഇന്നു മിക്കയാളുകളും ‘ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവർ’ ആണ്. നമ്മളെക്കുറിച്ചുതന്നെയും പണത്തെക്കുറിച്ചും ന്യായമായ ഒരു വീക്ഷണമുണ്ടായിരിക്കുന്നതു തെറ്റല്ലെന്നു നമ്മൾ കണ്ടു. അതുപോലെതന്നെ ഉല്ലാസത്തിന്റെ കാര്യത്തിലും സമനിലയുള്ള ഒരു വീക്ഷണമുള്ളതിൽ തെറ്റൊന്നുമില്ല. നമ്മൾ ഒരു വിരക്തജീവിതം നയിക്കാനോ ആസ്വാദ്യകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാനോ ഒന്നുമല്ല യഹോവ ആഗ്രഹിക്കുന്നത്. വിശ്വസ്തരായവർക്കു ബൈബിൾ ഈ പ്രോത്സാഹനം കൊടുക്കുന്നു: “നീ പോയി ആനന്ദത്തോടെ നിന്റെ ഭക്ഷണം കഴിക്കുക, ആനന്ദഹൃദയത്തോടെ നിന്റെ വീഞ്ഞു കുടിക്കുക.”—സഭാ. 9:7.
15. ‘ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവർ’ എന്ന പ്രയോഗം എന്താണ് അർഥമാക്കുന്നത്?
15 2 തിമൊഥെയൊസ് 3:4, ജീവിതത്തിൽ ദൈവത്തിനു യാതൊരു സ്ഥാനവും കൊടുക്കാതെ ജീവിതസുഖങ്ങൾ തേടുന്നവരെയാണു പരാമർശിക്കുന്നത്. അത്തരം ആളുകൾക്കു ദൈവത്തോട് അൽപ്പമൊക്കെ സ്നേഹം കാണുമെന്ന് ഈ വാക്യം പറയുന്നില്ല. ആളുകൾ ദൈവത്തെക്കാൾ കൂടുതൽ ജീവിതസുഖങ്ങൾ പ്രിയപ്പെടും എന്നല്ല മറിച്ച്, ‘ദൈവത്തിനു പകരം’ എന്നാണു വാക്യം പറയുന്നത്. ഒരു പണ്ഡിതൻ ഈ വാക്യത്തെക്കുറിച്ച് ഇങ്ങനെ എഴുതി: “അവരും ദൈവത്തെ ഒരളവുവരെ സ്നേഹിക്കുന്നുണ്ടെന്ന് ഈ വാക്യം ഒരുതരത്തിലും അർഥമാക്കുന്നില്ല. അവർക്കു ദൈവത്തോട് അൽപ്പംപോലും സ്നേഹമില്ലെന്നാണ് ഇതിന്റെ അർഥം.” ജീവിതസുഖങ്ങളോട് അടങ്ങാത്ത സ്നേഹമുള്ളവർക്കുള്ള എത്ര ഗൗരവമേറിയ മുന്നറിയിപ്പാണ് ഇത്! ‘ഈ ജീവിതത്തിലെ രസങ്ങൾ’ കാരണം ‘ശ്രദ്ധ പതറുന്നവർക്ക്,’ ‘ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവർ’ എന്ന പ്രയോഗം ശരിക്കും ചേരുന്നു.—ലൂക്കോ. 8:14.
16, 17. ജീവിതസുഖങ്ങളുടെ കാര്യത്തിൽ യേശു എന്തു മാതൃകയാണു വെച്ചത്?
16 ജീവിതസുഖങ്ങളെക്കുറിച്ച് തികച്ചും സമനിലയുള്ള ഒരു വീക്ഷണമാണു യേശുവിനുണ്ടായിരുന്നത്. യേശു ഒരു ‘വിവാഹവിരുന്നിലും’ ഒരു ‘വലിയ വിരുന്നിലും’ പങ്കെടുത്തെന്നു ബൈബിൾ പറയുന്നുണ്ട്. (യോഹ. 2:1-10; ലൂക്കോ. 5:29) ആ വിവാഹവിരുന്നിൽ വീഞ്ഞു തീർന്നുപോയപ്പോൾ യേശു അത്ഭുതകരമായി വെള്ളം വീഞ്ഞാക്കി മാറ്റി. മറ്റൊരു അവസരത്തിൽ, തിന്നുകയും കുടിക്കുകയും ചെയ്തതിനു തന്നെ കുറ്റപ്പെടുത്തിയ സ്വയനീതിക്കാരായ ആളുകളുടെ സമനിലയില്ലാത്ത വീക്ഷണം യേശു തള്ളിക്കളഞ്ഞു.—ലൂക്കോ. 7:33-36.
17 പക്ഷേ, ജീവിതസുഖങ്ങളല്ലായിരുന്നു യേശുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി. യഹോവയ്ക്കായിരുന്നു യേശുവിന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം. അതുപോലെ, യേശു മറ്റുള്ളവർക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു. മനുഷ്യവർഗത്തെ രക്ഷിക്കുന്നതിനുവേണ്ടി ദണ്ഡനസ്തംഭത്തിലെ വേദനാകരമായ മരണംവരിക്കാൻപോലും യേശു തയ്യാറായി. തന്റെ കാൽച്ചുവടുകൾ പിന്തുടരാൻ ആഗ്രഹിക്കുന്നവരോടു യേശു ഇങ്ങനെ പറഞ്ഞു: “എന്നെപ്രതി ആളുകൾ നിങ്ങളെ നിന്ദിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കുറിച്ച് പല തരം അപവാദം പറയുകയും ചെയ്യുമ്പോൾ നിങ്ങൾ സന്തുഷ്ടർ. സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായതുകൊണ്ട് ആനന്ദിച്ച് ആഹ്ലാദിക്കുക. നിങ്ങൾക്കു മുമ്പുള്ള പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചിട്ടുണ്ടല്ലോ.”—മത്താ. 5:11, 12.
18. നമ്മൾ ജീവിതസുഖങ്ങളെ എത്രത്തോളം പ്രിയപ്പെടുന്നുണ്ടെന്നു മനസ്സിലാക്കാൻ ഏതു ചോദ്യങ്ങൾ നമ്മളെ സഹായിക്കും?
18 ജീവിതസുഖങ്ങൾ എത്രത്തോളം നമ്മൾ പ്രിയപ്പെടുന്നുണ്ടെന്നു നമുക്ക് എങ്ങനെ തിരിച്ചറിയാം? അതിലൊന്നാണല്ലോ വിനോദം. അതുകൊണ്ട് നമ്മളോടുതന്നെ ഈ ചോദ്യങ്ങൾ ചോദിക്കുക: ‘എന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനത്തുള്ളതു മീറ്റിങ്ങുകളും വയൽശുശ്രൂഷയും ആണോ, അതോ വിനോദങ്ങളാണോ? ദൈവത്തെ സേവിക്കുന്നതിനുവേണ്ടി ഇഷ്ടമുള്ള ചില കാര്യങ്ങൾ വേണ്ടെന്നുവെക്കാൻ എനിക്കു മനസ്സുണ്ടോ? വിനോദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ യഹോവ എന്റെ തീരുമാനങ്ങളെ വീക്ഷിക്കുന്ന വിധം ഞാൻ കണക്കിലെടുക്കാറുണ്ടോ?’ വാസ്തവത്തിൽ നമ്മൾ ദൈവത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ ദൈവത്തെ അപ്രീതിപ്പെടുത്തുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രമായിരിക്കില്ല ഒഴിവാക്കുക. ദൈവത്തിന് ഇഷ്ടമാകുമോ എന്നു സംശയം തോന്നുന്ന കാര്യങ്ങളും ഒഴിവാക്കും.—മത്തായി 22:37, 38 വായിക്കുക.
സന്തോഷത്തിന്റെ പാത
19. യഥാർഥസന്തോഷം ആർക്കാണ് ഒരിക്കലും ലഭിക്കുകയില്ലാത്തത്?
19 മനുഷ്യൻ കഴിഞ്ഞ 6,000-ത്തോളം വർഷമായി അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് സാത്താന്റെ ലോകം അവസാനിക്കാറായി. തങ്ങളെത്തന്നെയും പണത്തെയും ജീവിതസുഖങ്ങളെയും അമിതമായി സ്നേഹിക്കുന്ന ആളുകളെക്കൊണ്ട് ഈ ഭൂമി നിറഞ്ഞിരിക്കുകയാണ്. തങ്ങൾക്ക് എന്തു കിട്ടും എന്നാണ് അവർ എപ്പോഴും നോക്കുന്നത്. അവരുടെ അഭിലാഷങ്ങളാണ് അവരുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു. ഇങ്ങനെയുള്ള ആളുകൾക്ക് ഒരിക്കലും യഥാർഥസന്തോഷം ലഭിക്കില്ല. സങ്കീർത്തനക്കാരൻ എഴുതിയതാണു വാസ്തവം: “യാക്കോബിന്റെ ദൈവം സഹായിയായുള്ളവൻ സന്തുഷ്ടൻ; തന്റെ ദൈവമായ യഹോവയിലല്ലോ അവൻ പ്രത്യാശ വെക്കുന്നത്.”—സങ്കീ. 146:5.
20. ദൈവസ്നേഹം നിങ്ങൾക്ക് എങ്ങനെയാണു സന്തോഷം കൈവരുത്തിയിരിക്കുന്നത്?
20 യഹോവയുടെ ജനത്തിന്റെ ഇടയിൽ ദൈവസ്നേഹം തഴച്ചുവളരുകയാണ്. ഓരോ വർഷവും അവരുടെ എണ്ണം കൂടിക്കൂടിവരുന്നു. ദൈവരാജ്യം ഭരണം നടത്തുന്നു എന്നതിന്റെയും പെട്ടെന്നുതന്നെ അതു ഭൂമിയിൽ നമുക്കു സ്വപ്നംപോലും കാണാൻ പറ്റാത്ത അനുഗ്രഹങ്ങൾ കൊണ്ടുവരും എന്നതിന്റെയും തെളിവല്ലേ ഇത്? ഓർക്കുക: നമുക്ക് യഥാർഥവും നിലനിൽക്കുന്നതും ആയ സന്തോഷം ലഭിക്കുന്നതു ദൈവേഷ്ടം ചെയ്യുന്നതിലൂടെയും ഏറ്റവും ഉന്നതനായവനെ നമ്മൾ പ്രസാദിപ്പിക്കുന്നു എന്ന് അറിയുന്നതിലൂടെയും ആണ്. യഹോവയെ സ്നേഹിക്കുന്നവർ സന്തുഷ്ടരായി എന്നുമെന്നും ജീവിക്കും! അടുത്ത ലേഖനത്തിൽ സ്വാർഥത നിറഞ്ഞ സ്നേഹത്തിൽനിന്നുണ്ടാകുന്ന മോശമായ ചില ഗുണങ്ങളെക്കുറിച്ച് നമ്മൾ പഠിക്കും. യഹോവയുടെ ദാസരുടെ ഇടയിൽ കാണുന്ന ഗുണങ്ങൾ അതിൽനിന്ന് എങ്ങനെയാണു വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും പഠിക്കും.