വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യഹോവയുടെ സാക്ഷികൾ പൗലോസ് അപ്പോസ്തലനെ കഷണ്ടിയുള്ള ആളായിട്ടോ മുടി തീരെ കുറവുള്ള ആളായിട്ടോ ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണ്?
സത്യത്തിൽ, പൗലോസ് കാഴ്ചയ്ക്ക് എങ്ങനെയായിരുന്നെന്നു കൃത്യമായി പറയാൻ ഇന്നുള്ള ആർക്കും കഴിയില്ല. നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വരുന്ന പൗലോസ് അപ്പോസ്തലന്റെ രേഖാചിത്രങ്ങളും പെയിന്റിങ്ങുകളും കലാരചനകൾ മാത്രമാണ്, അല്ലാതെ, പുരാവസ്തുശാസ്ത്രം പ്രദാനം ചെയ്യുന്ന തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതല്ല.
എന്നിരുന്നാലും, പൗലോസിന്റെ ആകാരം സംബന്ധിച്ച് ചില സൂചനകൾ ലഭ്യമാണ്. ഉദാഹരണത്തിന്, 1902 മാർച്ച് 1 ലക്കം സീയോന്റെ വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഇങ്ങനെ പറഞ്ഞു: “പൗലോസിന്റെ ആകാരത്തെപ്പറ്റി: . . . ഏതാണ്ട് എ.ഡി. 150-ൽ എഴുതപ്പെട്ട പൗലോസിന്റെയും തെക്ലയുടെയും പ്രവൃത്തികൾ (എന്ന പുസ്തകത്തിൽ) ഒരു നല്ല വിവരണം കാണുന്നുണ്ട്. അതു വിശ്വാസയോഗ്യമാണെന്നു പരമ്പരാഗതമായി കരുതിപ്പോരുന്നു. ഈ പുസ്തകത്തിൽ അദ്ദേഹത്തെ ‘ഉറച്ച ശരീരവും പൊക്കം കുറഞ്ഞ്, കാലുകൾ അൽപ്പം അകത്തി നടക്കുന്ന, നീണ്ട മൂക്കും കൂട്ടുപുരികവും കഷണ്ടിയും ഉള്ള’ ഒരാളായിട്ടാണു വിവരിച്ചിരിക്കുന്നത്.”
പൗലോസിന്റെയും തെക്ലയുടെയും പ്രവൃത്തികൾ എന്ന പുസ്തകത്തെക്കുറിച്ച് ഒരു ഡിക്ഷണറി [The Oxford Dictionary of the Christian Church (1997 edition)] ഇങ്ങനെ പറയുന്നു: “ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ ചരിത്രപരമായി സത്യമായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.” പുസ്തകം എഴുതിയതിനു ശേഷമുള്ള ചില നൂറ്റാണ്ടുകളിൽ ഇതിനു നല്ല മതിപ്പുണ്ടായിരുന്നു. പുസ്തകത്തിന്റെ 80-ഓളം ഗ്രീക്കു കൈയെഴുത്തുപ്രതികളും അതുപോലെ മറ്റു ഭാഷകളിലുള്ള വിവർത്തനങ്ങളും അതിന്റെ തെളിവാണ്. അതുകൊണ്ട് നമ്മുടെ പ്രസിദ്ധീകരണങ്ങളിലെ പൗലോസിന്റെ ചിത്രങ്ങൾ വിശ്വസനീയമായ ചില പുരാതനവിവരണങ്ങൾക്കു ചേർച്ചയിലുള്ളതാണ്.
വാസ്തവത്തിൽ, പൗലോസിന്റെ ആകാരത്തെക്കാൾ മറ്റു കാര്യങ്ങൾക്കല്ലേ പ്രാധാന്യം? പൗലോസിന്റെ ശുശ്രൂഷക്കാലത്തുതന്നെ ജഡികചിന്താഗതിയുള്ള ചില വിമർശകർ പൗലോസിനെപ്പറ്റി “നേരിൽ കാണുമ്പോൾ അയാൾ ദുർബലനും അയാളുടെ സംസാരം കഴമ്പില്ലാത്തതും ആണ്” എന്നു കുറ്റപ്പെടുത്തിയിരുന്നു. (2 കൊരി. 10:10) പക്ഷേ, യേശു ഒരു അത്ഭുതം പ്രവർത്തിച്ചാണു പൗലോസ് ഒരു ക്രിസ്ത്യാനിയായതെന്ന കാര്യം മറക്കരുത്. ‘ജനതകളുടെ മുമ്പാകെ യേശുവിന്റെ പേര് വഹിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രമെന്ന’ നിലയിൽ പൗലോസ് തന്റെ നിയമനം ശരിയായ വിധത്തിൽ നിറവേറ്റിയതിനെക്കുറിച്ചും നമുക്കു ചിന്തിക്കാവുന്നതാണ്. (പ്രവൃ. 9:3-5, 15; 22:6-8) കൂടാതെ, പരിശുദ്ധാത്മാവിനാൽ പ്രേരിതനായി പൗലോസ് എഴുതിയ ബൈബിൾപുസ്തകങ്ങളിൽനിന്ന് നമുക്ക് എത്രമാത്രം പ്രയോജനങ്ങളാണു ലഭിക്കുന്നതെന്നു ചിന്തിക്കുക.
ഒരു ക്രിസ്ത്യാനിയാകുന്നതിനു മുമ്പുള്ള തന്റെ നേട്ടങ്ങളെപ്പറ്റി പൗലോസ് വീമ്പിളക്കുകയോ തന്റെ ആകാരത്തെപ്പറ്റി വിവരിക്കുകയോ ചെയ്തില്ല. (പ്രവൃ. 26:4, 5; ഫിലി. 3:4-6) “ഞാൻ അപ്പോസ്തലന്മാരിൽ ഏറ്റവും ചെറിയവനാണ്. . . ഞാൻ അപ്പോസ്തലൻ എന്നു വിളിക്കപ്പെടാൻപോലും യോഗ്യനല്ല” എന്ന് അദ്ദേഹം സമ്മതിച്ചുപറഞ്ഞു. (1 കൊരി. 15:9) പിന്നീട് അദ്ദേഹം ഇങ്ങനെ എഴുതി: ‘ഞാൻ എല്ലാ വിശുദ്ധരിലും ഏറ്റവും ചെറിയവനെക്കാൾ താഴെയായിട്ടും ദൈവം എന്നോട് ഈ അനർഹദയ കാണിച്ചത്, ഞാൻ ക്രിസ്തുവിന്റെ അളവറ്റ ധനത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ജനതകളിൽപ്പെട്ടവരോടു ഘോഷിക്കാൻ വേണ്ടിയാണ്.’ (എഫെ. 3:8, 9) പൗലോസ് ഘോഷിച്ച ആ സന്തോഷവാർത്തയല്ലേ അദ്ദേഹത്തിന്റെ ആകാരത്തെക്കുറിച്ചുള്ള ഏതൊരു തർക്കത്തെക്കാളും പ്രധാനം?