മാതാപിതാക്കളേ, സ്നാനമെന്ന ലക്ഷ്യത്തിലെത്താൻ മക്കളെ സഹായിക്കുന്നുണ്ടോ?
“ഇനി എന്തിനാണു വൈകുന്നത്? എഴുന്നേറ്റ് സ്നാനമേൽക്കുക.”—പ്രവൃ. 22:16.
1. കുട്ടികൾ സ്നാനപ്പെടുന്നതിനു മുമ്പ് ഏതു കാര്യം മാതാപിതാക്കൾ ഉറപ്പുവരുത്തും?
‘സ്നാനമേൽക്കാൻ ആഗ്രഹിക്കുന്നതായി ഞാൻ ഡാഡിയോടും മമ്മിയോടും മാസങ്ങളോളം പറഞ്ഞുകൊണ്ടേയിരുന്നു, അവരും അതിനെക്കുറിച്ച് എന്നോടു കൂടെക്കൂടെ സംസാരിക്കുമായിരുന്നു. എന്റെ തീരുമാനം എത്ര ഗൗരവമുള്ളതാണെന്ന് ഞാൻ അറിയുന്നുവെന്ന് ഉറപ്പാക്കാൻ അവർ ആഗ്രഹിച്ചിരുന്നു. 1934 ഡിസംബർ 31-ാം തീയതി എന്റെ ജീവിതത്തിലെ പ്രാധാന്യമുളള ഈ സംഭവത്തിന്റെ ദിവസം വന്നെത്തി.’ തന്റെ സ്നാനത്തിലേക്കു നയിച്ച കാര്യങ്ങളെക്കുറിച്ച് ബ്ലോസം ബ്രാന്റ് സഹോദരി പറയുന്ന വാക്കുകളാണ് ഇത്. ജ്ഞാനപൂർവമായ തീരുമാനങ്ങൾ എടുക്കാൻ മക്കളെ സഹായിക്കണമെന്നാണ് ഇന്നത്തെ മാതാപിതാക്കളുടെയും ആഗ്രഹം. അനാവശ്യമായി സ്നാനം വൈകിപ്പിക്കുകയോ നീട്ടിവെക്കുകയോ ചെയ്യുന്നത് ആത്മീയഹാനി വരുത്തും. (യാക്കോ. 4:17) എങ്കിലും, ക്രിസ്തുവിന്റെ ഒരു ശിഷ്യനായിരിക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കുട്ടികൾ തയ്യാറായെന്ന് അവർ സ്നാനപ്പെടുന്നതിനു മുമ്പുതന്നെ മാതാപിതാക്കൾ ഉറപ്പുവരുത്തും.
2. (എ) ഏതു കാര്യമാണു ചില സർക്കിട്ട് മേൽവിചാരകന്മാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 ക്രിസ്തീയകുടുംബങ്ങളിൽ വളർന്നുവന്നിട്ടുള്ള ചില ചെറുപ്പക്കാർ ഇതുവരെ സ്നാനമേറ്റിട്ടില്ല. കൗമാരപ്രായം കഴിയാറായവരും ഇരുപതുകളുടെ
തുടക്കത്തിലുള്ളവരും ഇക്കൂട്ടത്തിലുണ്ടെന്നു ചില സർക്കിട്ട് മേൽവിചാരകന്മാർ ശ്രദ്ധിച്ചിട്ടുണ്ട്. ഈ ചെറുപ്പക്കാരിൽ മിക്കവരും സഭായോഗങ്ങൾക്കു വരുകയും ശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്യുന്നവരാണ്. യഹോവയുടെ സാക്ഷികളായാണ് അവർ തങ്ങളെത്തന്നെ കാണുന്നത്. എങ്കിലും എന്തോ ചില കാരണങ്ങളാൽ യഹോവയ്ക്കു ജീവിതം സമർപ്പിക്കാനും സ്നാനമേൽക്കാനും അവർ മടിച്ചുനിൽക്കുന്നു. മക്കൾ സ്നാനപ്പെടാറായിട്ടില്ലെന്നു ചില മാതാപിതാക്കൾ കരുതുന്നതാണ് അതിന്റെ ഒരു കാരണം. സ്നാനപ്പെടാൻ മക്കളെ പ്രോത്സാഹിപ്പിക്കുന്നതിൽനിന്ന് പല മാതാപിതാക്കളെയും തടയുന്ന നാലു കാര്യങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും.കുട്ടിക്കു സ്നാനമേൽക്കാനുള്ള പ്രായമായോ?
3. ബ്ലോസം സഹോദരിയുടെ മാതാപിതാക്കൾക്ക് എന്ത് ഉത്കണ്ഠയുണ്ടായിരുന്നു?
3 മകൾക്കു സ്നാനത്തിന്റെ പ്രാധാന്യവും ഗൗരവവും മനസ്സിലാക്കാനുള്ള പ്രായമായിട്ടുണ്ടോ എന്നു ബ്ലോസം സഹോദരിയുടെ മാതാപിതാക്കൾക്ക് ഉത്കണ്ഠയുണ്ടായിരുന്നു. അങ്ങനെയെങ്കിൽ, ഒരു കുട്ടി യഹോവയ്ക്കു തന്നെത്തന്നെ സമർപ്പിക്കാനുള്ള പക്വതയിലെത്തിയെന്നു മാതാപിതാക്കൾക്ക് എങ്ങനെ അറിയാം?
4. കുട്ടികളെ പഠിപ്പിക്കുമ്പോൾ, മത്തായി 28:19, 20-ൽ കാണുന്ന യേശുവിന്റെ കല്പന മാതാപിതാക്കളെ സഹായിക്കുന്നത് എങ്ങനെ?
4 മത്തായി 28:19, 20 വായിക്കുക. മുൻലേഖനത്തിൽ പഠിച്ചതുപോലെ, ഒരു വ്യക്തി സ്നാനപ്പെടേണ്ട നിശ്ചിതപ്രായമൊന്നും ബൈബിൾ പറയുന്നില്ല. എങ്കിലും ഒരു വ്യക്തിയെ ശിഷ്യനാക്കുന്നതിന്റെ അർഥത്തെക്കുറിച്ച് ചിന്തിക്കുന്നതു മാതാപിതാക്കൾക്കു പ്രയോജനം ചെയ്യും. മത്തായി 28:19-ൽ “ശിഷ്യരാക്കുക” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്, ആളുകളെ ശിഷ്യരാക്കുക എന്ന ലക്ഷ്യത്തോടെ അവരെ പഠിപ്പിക്കുക എന്ന അർഥമാണുള്ളത്. യേശു പഠിപ്പിച്ച കാര്യങ്ങൾ പഠിക്കുകയും മനസ്സിലാക്കുകയും അത് അനുസരിക്കാൻ ഉറച്ച തീരുമാനമെടുക്കുകയും ചെയ്യുന്ന ഒരാളാണ് ഒരു ശിഷ്യൻ. ക്രിസ്തുവിന്റെ സ്നാനമേറ്റ ശിഷ്യരായിത്തീരാൻ മക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ശൈശവംമുതലേ മാതാപിതാക്കൾ അവരെ പഠിപ്പിക്കണം. ഒരു ശിശുവിനു സ്നാനത്തിനു യോഗ്യതയില്ല എന്നതു സത്യമാണ്. എങ്കിലും കുട്ടികൾക്കുപോലും ബൈബിൾസത്യങ്ങൾ മനസ്സിലാക്കാനും വിലമതിക്കാനും കഴിയുമെന്നു ബൈബിൾ കാണിച്ചുതരുന്നുണ്ട്.
5, 6. (എ) തിമൊഥെയൊസിനെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങളിൽനിന്ന് അദ്ദേഹത്തിന്റെ സ്നാനത്തെക്കുറിച്ച് എന്തു മനസ്സിലാക്കാം? (ബി) വിവേകമുള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കും?
5 ചെറുപ്പത്തിൽത്തന്നെ സത്യം സ്വന്തമാക്കിയ ഒരു ശിഷ്യനാണു തിമൊഥെയൊസ്. ശൈശവംമുതലേ തിരുവെഴുത്തുസത്യങ്ങൾ തിമൊഥെയൊസ് പഠിച്ചിരുന്നെന്നു പൗലോസ് അപ്പോസ്തലൻ പറഞ്ഞു. തിമൊഥെയൊസിന്റെ പിതാവ് യഹോവയെ ആരാധിക്കാത്ത ആളായിരുന്നെങ്കിലും തിരുവെഴുത്തുകളോടു താത്പര്യം നട്ടുവളർത്താൻ ജൂതരായ അമ്മയും മുത്തശ്ശിയും തിമൊഥെയൊസിനെ സഹായിച്ചു. അങ്ങനെ അചഞ്ചലമായ വിശ്വാസം വളർത്തിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. (2 തിമൊ. 1:5; 3:14, 15) ഏകദേശം 20 വയസ്സായപ്പോഴേക്കും സഭയിൽ പ്രത്യേകപദവികൾക്കു യോഗ്യത നേടുന്ന അളവോളം പുരോഗമിച്ച ഒരു ക്രിസ്തുശിഷ്യനായിരുന്നു തിമൊഥെയൊസ്.—പ്രവൃ. 16:1-3.
6 ഓരോ കുട്ടിയും വ്യത്യസ്തനാണ്. എല്ലാ കുട്ടികളും ഒരേ പ്രായത്തിൽ പക്വതയിൽ എത്തുന്നില്ല. ചിലർ ചെറുപ്രായത്തിൽത്തന്നെ മാനസികവും വൈകാരികവും ആയ പക്വതയിൽ എത്തുകയും സ്നാനപ്പെടാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യും. ചിലർ കുറച്ചുകൂടെ പ്രായമായതിനു ശേഷമായിരിക്കും സ്നാനത്തിനു യോഗ്യരാകുന്നത്. അതുകൊണ്ട് വിവേകമുള്ള മാതാപിതാക്കൾ മക്കളെ സ്നാനപ്പെടാനായി നിർബന്ധിക്കില്ല. പകരം, കുട്ടിയുടെ പ്രായവും ഇതിനോടകം വരുത്തിയിരിക്കുന്ന പുരോഗതിയും കണക്കിലെടുത്ത് വേണ്ട സഹായം കൊടുക്കും. അങ്ങനെയാകുമ്പോൾ കുട്ടിക്കു ജ്ഞാനപൂർവം തീരുമാനമെടുക്കാനും അതിൽ മാതാപിതാക്കൾക്കു സന്തോഷിക്കാനും കഴിയും. (സുഭാഷിതങ്ങൾ 27:11 വായിക്കുക.) മക്കളെ ക്രിസ്തുവിന്റെ ശിഷ്യരാക്കുക എന്നതാണു തങ്ങളുടെ ലക്ഷ്യമെന്നു മാതാപിതാക്കൾ ഒരിക്കലും മറക്കരുത്. അപ്പോൾ, മാതാപിതാക്കളുടെ മനസ്സിലേക്കു വരുന്ന മറ്റൊരു ചോദ്യം ഇതായിരിക്കാം: ‘ദൈവത്തിനു സമർപ്പിക്കാനും സ്നാനമേൽക്കാനും വേണ്ടത്ര അറിവ് എന്റെ കുട്ടിക്കുണ്ടോ?’
കുട്ടിക്ക് ആവശ്യത്തിന് അറിവുണ്ടോ?
7. സ്നാനപ്പെടാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി എല്ലാ ബൈബിൾവിഷയങ്ങളെക്കുറിച്ചും ആഴത്തിൽ അറിവ് നേടണമെന്നുണ്ടോ? വിശദീകരിക്കുക.
7 മക്കളെ പഠിപ്പിക്കുമ്പോൾ, അവർ നല്ല ബൈബിൾപരിജ്ഞാനം നേടി അതിന്റെ അടിസ്ഥാനത്തിൽ സമർപ്പണം നടത്തണമെന്നാണു മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ, ദൈവത്തിനു തന്നെത്തന്നെ സമർപ്പിക്കാനും സ്നാനമേൽക്കാനും ഒരു വ്യക്തി എല്ലാ ബൈബിൾവിഷയങ്ങളെപ്പറ്റിയും അഗാധമായ അറിവ് നേടണമെന്നില്ല. സ്നാനത്തിനു ശേഷവും ഓരോ ക്രിസ്തുശിഷ്യനും അറിവ് നേടുന്നതിൽ തുടരണം. (കൊലോസ്യർ 1:9, 10 വായിക്കുക.) അങ്ങനെയെങ്കിൽ സ്നാനപ്പെടുന്നതിനു മുമ്പ് ഒരു വ്യക്തി എത്രമാത്രം അറിവ് നേടണം?
8, 9. പൗലോസിനെയും ജയിലധികാരിയെയും കുറിച്ചുള്ള വിവരണത്തിൽനിന്ന് നമുക്ക് എന്തൊക്കെ പഠിക്കാൻ കഴിയും?
8 ഇതെക്കുറിച്ച് ഒന്നാം നൂറ്റാണ്ടിലെ ഒരു കുടുംബത്തിന്റെ അനുഭവത്തിൽനിന്ന് മാതാപിതാക്കൾക്കു ചില കാര്യങ്ങൾ പഠിക്കാനാകും. (പ്രവൃ. 16:25-33) ഏകദേശം എ.ഡി. 50-ൽ പൗലോസ് രണ്ടാമത്തെ മിഷനറിയാത്രയിൽ ഫിലിപ്പി സന്ദർശിച്ചു. അവിടെവെച്ച് അദ്ദേഹത്തെയും സഹകാരിയായ ശീലാസിനെയും വ്യാജാരോപണങ്ങൾ ചമച്ച് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. രാത്രിയായപ്പോൾ ജയിലിന്റെ അടിത്തറവരെ ഇളക്കിയ ഒരു ഭൂകമ്പം ഉണ്ടായി, വാതിലുകളെല്ലാം മലർക്കെ തുറന്നു. തടവുകാർ രക്ഷപ്പെട്ടെന്നു വിചാരിച്ച് ജയിലധികാരി ആത്മഹത്യ ചെയ്യാൻ തുനിഞ്ഞപ്പോൾ പൗലോസ് അദ്ദേഹത്തെ തടഞ്ഞു. ജയിലധികാരിക്കും കുടുംബത്തിനും നല്ലൊരു സാക്ഷ്യം കൊടുക്കാൻ പൗലോസിനും ശീലാസിനും ആ സാഹചര്യത്തിൽ കഴിഞ്ഞു. യേശുവിനെക്കുറിച്ച് പഠിച്ച സത്യങ്ങളോടു വിലമതിപ്പു തോന്നിയ അവർ എന്തു ചെയ്തു? ഒട്ടും വൈകാതെ അവർ സ്നാനമേറ്റു. ഈ അനുഭവത്തിൽനിന്ന് നമുക്കുള്ള പാഠം എന്താണ്?
9 ഈ ജയിലധികാരി റോമൻസൈന്യത്തിൽനിന്ന് വിരമിച്ച ഒരു പടയാളിയായിരുന്നിരിക്കാം. അദ്ദേഹത്തിനു ദൈവവചനത്തെക്കുറിച്ച് അറിവില്ലായിരുന്നു. അതുകൊണ്ട് ഒരു ക്രിസ്ത്യാനിയാകുന്നതിന് അദ്ദേഹം അടിസ്ഥാന ബൈബിൾസത്യങ്ങൾ പഠിക്കുകയും തന്റെ ദാസന്മാരിൽനിന്ന് യഹോവ എന്താണ് ആവശ്യപ്പെടുന്നതെന്നു മനസ്സിലാക്കുകയും വേണമായിരുന്നു. കൂടാതെ, യേശുവിന്റെ പഠിപ്പിക്കലുകൾ അനുസരിക്കാൻ ഉറച്ച തീരുമാനവും എടുക്കണമായിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് തിരുവെഴുത്തുകളെക്കുറിച്ച് അദ്ദേഹം നേടിയ അടിസ്ഥാനപരിജ്ഞാനവും അതിനോടുള്ള വിലമതിപ്പും സ്നാനമേൽക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. സ്നാനത്തിനു ശേഷവും അദ്ദേഹം പഠനം തുടർന്നു എന്നതിൽ സംശയമില്ല. സമർപ്പണവും സ്നാനവും ഉൾപ്പെടെയുള്ള അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകളോടു കുട്ടി വിലമതിപ്പു കാണിക്കുന്നെങ്കിൽ എന്തു ചെയ്യാമെന്നാണ് ഈ അനുഭവം പഠിപ്പിക്കുന്നത്? കുട്ടി സഭയിലെ മൂപ്പന്മാരെ സമീപിച്ച് സ്നാനത്തിനുവേണ്ട യോഗ്യത നേടിയിട്ടുണ്ടോ എന്നു മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. * സ്നാനമേറ്റ മറ്റു ശിഷ്യരെപ്പോലെ ഈ കുട്ടിയും യഹോവയുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള അറിവിൽ വളർന്നുകൊണ്ടേയിരിക്കും, ഒരുപക്ഷേ എന്നുമെന്നേക്കും.—റോമ. 11:33, 34.
ഏതുതരം വിദ്യാഭ്യാസമാണു കുട്ടിക്ക് ഏറ്റവും നല്ലത്?
10, 11. (എ) ചില മാതാപിതാക്കളുടെ ധാരണ എന്താണ്? (ബി) എന്തിനാണു മാതാപിതാക്കൾ മുഖ്യസ്ഥാനം കൊടുക്കേണ്ടത്?
10 നല്ല വിദ്യാഭ്യാസം നേടി, കൊള്ളാവുന്ന ഒരു ജോലി കിട്ടിയശേഷം കുട്ടി സ്നാനപ്പെട്ടാൽ മതിയെന്നു ചില മാതാപിതാക്കൾ കണക്കുകൂട്ടുന്നു. നല്ല ഉദ്ദേശ്യത്തോടെയായിരിക്കാം അവർ അങ്ങനെ ചിന്തിക്കുന്നത്. പക്ഷേ യഥാർഥവിജയം നേടാൻ അതു കുട്ടിയെ സഹായിക്കുമോ? അതിലും പ്രധാനമായി, അങ്ങനെയൊരു തീരുമാനം തിരുവെഴുത്തുകൾക്കു ചേർച്ചയിലുള്ളതാണോ? യഹോവയുടെ വചനം ഏതു ജീവിതപാത തിരഞ്ഞെടുക്കാനാണു പ്രോത്സാഹിപ്പിക്കുന്നത്?—സഭാപ്രസംഗകൻ 12:1 വായിക്കുക.
11 ഈ ലോകവും അതിന്റെ എല്ലാ ഘടകങ്ങളും യഹോവയുടെ ചിന്തയ്ക്കും ഇഷ്ടത്തിനും നേർവിപരീതമാണെന്ന കാര്യം നമ്മൾ ഓർത്തിരിക്കണം. (യാക്കോ. 4:7, 8; 1 യോഹ. 2:15-17; 5:19) സാത്താനെയും അവന്റെ ലോകത്തെയും അതിന്റെ അഭക്തമായ ചിന്താരീതികളെയും പ്രതിരോധിക്കണമെങ്കിൽ ഒരു കുട്ടിക്ക് യഹോവയുമായി ഒരു അടുത്ത ബന്ധം കൂടിയേ തീരൂ. കുട്ടിയുടെ വിദ്യാഭ്യാസത്തിനും ജോലിക്കും ഒക്കെയാണു മാതാപിതാക്കൾ പ്രാധാന്യം കൊടുക്കുന്നതെങ്കിൽ, താൻ ജീവിതത്തിൽ എന്തിനാണു മുൻഗണന കൊടുക്കേണ്ടതെന്ന കാര്യത്തിൽ കുട്ടി ആശയക്കുഴപ്പത്തിലായേക്കാം, അത് അപകടമാണ്. തങ്ങളുടെ കുട്ടി ജീവിതവിജയത്തെക്കുറിച്ച് ഈ ലോകത്തിന്റെ കാഴ്ചപ്പാടു വളർത്തിയെടുക്കാൻ സ്നേഹമുള്ള ക്രിസ്തീയമാതാപിതാക്കൾ വാസ്തവത്തിൽ ആഗ്രഹിക്കുമോ? ഓർക്കുക: യഹോവയ്ക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുത്താൽ മാത്രമേ നമുക്കു ജീവിതത്തിൽ വിജയിക്കാനാകൂ, അതാണ് യഥാർഥസന്തോഷം നൽകുന്നത്.—സങ്കീർത്തനം 1:2, 3 വായിക്കുക.
കുട്ടി പിന്നീടു പാപം ചെയ്താലോ?
12. കുട്ടിയുടെ സ്നാനം ചില മാതാപിതാക്കൾ നീട്ടിവെക്കുന്നതിന്റെ കാരണം എന്താണ്?
12 മകൾ സ്നാനപ്പെടാൻ താൻ ആഗ്രഹിക്കാഞ്ഞതിന്റെ കാരണത്തെക്കുറിച്ച് ഒരു അമ്മ പറയുന്നു: “പുറത്താക്കൽക്രമീകരണമാണ് ഒരു പ്രധാനകാരണമെന്നു പറയാൻ എനിക്കു വിഷമമുണ്ട്.” കുട്ടി ബുദ്ധിശൂന്യമായി പ്രവർത്തിക്കുന്ന പ്രായം കഴിഞ്ഞിട്ട് സ്നാനമേറ്റാൽ മതിയെന്ന് ഈ സഹോദരിയെപ്പോലെ ചില മാതാപിതാക്കൾ ചിന്തിക്കുന്നു. (ഉൽപ. 8:21; സുഭാ. 22:15) ‘കുട്ടി സ്നാനമേൽക്കാത്തിടത്തോളം അവനെ പുറത്താക്കാൻ കഴിയില്ലല്ലോ’ എന്നാണ് അവരുടെ ധാരണ. എന്താണ് ഇത്തരം ന്യായവാദങ്ങളിലെ തെറ്റ്?—യാക്കോ. 1:22.
13. സ്നാനമേറ്റില്ലെങ്കിൽ ഒരാൾ യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടിവരില്ല എന്നു ചിന്തിക്കുന്നതു ശരിയാണോ? വിശദീകരിക്കുക.
13 സ്വമനസ്സാലെ തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിക്കാനുള്ള പക്വതയിലെത്തുന്നതിനു മുമ്പ് കുട്ടി സ്നാനപ്പെടാൻ ക്രിസ്തീയമാതാപിതാക്കന്മാർ ആഗ്രഹിക്കില്ല. എന്നാൽ സ്നാനമേറ്റില്ലെങ്കിൽ കുട്ടി യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടിവരില്ല എന്നു ചിന്തിക്കുന്നതു തെറ്റാണ്. എന്തുകൊണ്ട്? ഒരാൾ യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടത് അയാൾ സ്നാനമേറ്റോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലല്ല. ശരിയും തെറ്റും സംബന്ധിച്ച യഹോവയുടെ വീക്ഷണം ഒരു കുട്ടി മനസ്സിലാക്കിക്കഴിഞ്ഞാൽ അവൻ തന്റെ പ്രവൃത്തികൾക്കു ദൈവമുമ്പാകെ ഉത്തരം പറയേണ്ടിവരും. (യാക്കോബ് 4:17 വായിക്കുക.) അതുകൊണ്ട്, ജ്ഞാനമുള്ള മാതാപിതാക്കൾ സ്നാനം നീട്ടിവെക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കില്ല. പകരം, യഹോവ ശരിയെന്നു പറയുന്നതിനെ സ്നേഹിക്കാനും തെറ്റെന്നു പറയുന്നതിനെ വെറുക്കാനും അവർ മക്കളെ ശൈശവംമുതലേ പഠിപ്പിക്കുകയും ശരിയായ മാതൃക വെക്കുകയും ചെയ്യും. (ലൂക്കോ. 6:40) യഹോവയോടുള്ള സ്നേഹം യഹോവയുടെ ഉന്നതനിലവാരങ്ങളോടു പറ്റിനിൽക്കാൻ കുട്ടിയെ പ്രേരിപ്പിക്കും, ഗുരുതരമായ പാപം ചെയ്യുന്നതിൽനിന്ന് സംരക്ഷിക്കുകയും ചെയ്യും.—യശ. 35:8.
മറ്റുള്ളവർക്കു സഹായിക്കാനാകും
14. സ്നാനത്തിലേക്കു കുട്ടികളെ പുരോഗമിക്കാൻ സഹായിക്കുന്ന മാതാപിതാക്കളുടെ ശ്രമങ്ങളെ മൂപ്പന്മാർക്ക് എങ്ങനെ പിന്തുണയ്ക്കാം?
14 ആത്മീയലക്ഷ്യങ്ങളെക്കുറിച്ച് നല്ല രീതിയിൽ സംസാരിച്ചുകൊണ്ട് മൂപ്പന്മാർക്കു മാതാപിതാക്കളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാനാകും. വെറും ആറു വയസ്സുണ്ടായിരുന്നപ്പോൾ റസ്സൽ സഹോദരനുമായി സംസാരിച്ചത് ഒരു സഹോദരിയെ എത്രയധികം സ്വാധീനിച്ചെന്നോ! 70-ലധികം വർഷം മുൻനിരസേവികയായി പ്രവർത്തിച്ച ആ സഹോദരി ഇങ്ങനെ പറഞ്ഞു: “എന്റെ ആത്മീയലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം 15 മിനിട്ട് ചെലവഴിച്ചു.” അതെ, പ്രോത്സാഹനം പകരുന്ന വാക്കുകൾക്കു നീണ്ടുനിൽക്കുന്ന നല്ല ഫലങ്ങൾ ഉളവാക്കാൻ കഴിയും. (സുഭാ. 25:11) കൂടാതെ, മാതാപിതാക്കളെയും അവരുടെ കുട്ടികളെയും രാജ്യഹാളിനോടു ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മൂപ്പന്മാർക്ക് ഉൾപ്പെടുത്താനാകും. അത്തരം സാഹചര്യങ്ങളിൽ പ്രായത്തിനും പ്രാപ്തിക്കും അനുസരിച്ച് കുട്ടികൾക്ക് ഓരോ നിയമനങ്ങൾ കൊടുക്കാം.
15. സഭയിലെ മറ്റുള്ളവർക്ക് ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?
15 സഭയിലെ യുവജനങ്ങളോട് ഉചിതമായ വ്യക്തിഗതതാത്പര്യം കാണിച്ചുകൊണ്ട് മറ്റുള്ളവർക്കും അവരെ സഹായിക്കാനാകും. അവർ ആത്മീയപുരോഗതിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ? ഉദാഹരണത്തിന്, ഒരു ചെറുപ്പക്കാരൻ നന്നായി ചിന്തിച്ച് ഹൃദയത്തിൽനിന്ന് ഒരു അഭിപ്രായം പറയുകയോ ഇടദിവസത്തെ മീറ്റിങ്ങിൽ എന്തെങ്കിലും പരിപാടി നടത്തുകയോ ചെയ്തോ? അല്ലെങ്കിൽ വിശ്വസ്തതയുടെ ഏതെങ്കിലും പരിശോധന വിജയകരമായി നേരിട്ടോ? സ്കൂളിൽ സാക്ഷീകരിക്കാൻ കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയോ? അത്തരം അവസരങ്ങളിൽ ഒട്ടും വൈകാതെ അവരെ ആത്മാർഥമായി അഭിനന്ദിക്കുക. മീറ്റിങ്ങിനു മുമ്പോ ശേഷമോ സങ്കീ. 35:18.
ഒരു യുവവ്യക്തിയോടു സംസാരിക്കാൻ നിങ്ങൾക്കു ലക്ഷ്യം വെച്ചുകൂടേ? അങ്ങനെ നമുക്ക് ആ വ്യക്തിയോട് ആത്മാർഥമായ താത്പര്യം കാണിക്കാം. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ തങ്ങൾ ഒരു ‘മഹാസഭയുടെ’ ഭാഗമാണെന്നു ചെറുപ്പക്കാർ തിരിച്ചറിയാൻ ഇടയാകും.—സ്നാനമെന്ന പടി സ്വീകരിക്കാൻ കുട്ടിയെ സഹായിക്കുക
16, 17. (എ) സ്നാനപ്പെടുന്നത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ക്രിസ്തീയമാതാപിതാക്കളെ കാത്തിരിക്കുന്ന സന്തോഷം എന്താണ്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
16 മക്കളെ “യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും” വളർത്തിക്കൊണ്ടുവരുക എന്നതു മാതാപിതാക്കൾക്കുള്ള എത്ര വലിയൊരു പദവിയാണ്! (എഫെ. 6:4; സങ്കീ. 127:3) പുരാതന ഇസ്രായേലിലെ കുട്ടികൾ ജനിക്കുമ്പോൾത്തന്നെ യഹോവയ്ക്കു സമർപ്പിതമായ ഒരു ജനതയുടെ ഭാഗമായിരുന്നു. എന്നാൽ ഇന്നത്തെ ക്രിസ്തീയമാതാപിതാക്കളുടെ കുട്ടികൾ അങ്ങനെയല്ല. കൂടാതെ, ദൈവത്തോടും സത്യത്തോടും ഉള്ള സ്നേഹം അവർക്കു ജന്മനാ കിട്ടുന്നതുമല്ല. അതുകൊണ്ട് യഹോവയുടെ സമർപ്പിതരായ, സ്നാനമേറ്റ ദാസരായിത്തീരാൻ വേണ്ട സഹായം മാതാപിതാക്കൾ മക്കൾക്കു കൊടുക്കണം. കുട്ടി ജനിക്കുന്ന അന്നുമുതൽ അവനെ ഒരു ശിഷ്യനാക്കുക എന്നതായിരിക്കണം മാതാപിതാക്കളുടെ ലക്ഷ്യം. അതിലും പ്രധാനമായി മറ്റ് എന്താണുള്ളത്! ദൈവത്തിനു സമർപ്പിക്കുകയും സ്നാനമേൽക്കുകയും ദൈവത്തെ വിശ്വസ്തമായി സേവിക്കുകയും ചെയ്യുന്നതാണ് ഒരു വ്യക്തിയെ വരാനിരിക്കുന്ന മഹാകഷ്ടതയുടെ സമയത്ത് അതിജീവിക്കുന്നവരുടെ നിരയിലാക്കുന്നത്.—മത്താ. 24:13.
17 ബ്ലോസം ബ്രാന്റ് സഹോദരി സ്നാനപ്പെടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ പടി സ്വീകരിക്കാൻ തങ്ങളുടെ മകൾ തയ്യാറായോ എന്ന് ഉറപ്പു വരുത്താൻ ദൈവഭയമുള്ള മാതാപിതാക്കൾ ആഗ്രഹിച്ചു. സഹോദരി അതിനു തയ്യാറായെന്ന് അവർക്കു ബോധ്യം വന്നപ്പോൾ ആ തീരുമാനത്തെ അവർ പിന്തുണച്ചു. സ്നാനത്തിന്റെ തലേ രാത്രിയിൽ സഹോദരിയുടെ പിതാവ് അവിസ്മരണീയമായ ഒരു കാര്യം ചെയ്തു. സഹോദരി ഓർക്കുന്നു: ‘അദ്ദേഹം ഞങ്ങളെയെല്ലാവരെയും മുട്ടിൻമേൽ നിർത്തിയിട്ട് ഒരു പ്രാർഥന നടത്തി. തന്റെ മകളുടെ ജീവിതം യഹോവക്കു സമർപ്പിക്കാനുളള അവളുടെ തീരുമാനത്തിൽ താൻ അതീവ സന്തുഷ്ടനാണെന്ന് അദ്ദേഹം യഹോവയോടു പറഞ്ഞു.’ 60-ലധികം വർഷങ്ങൾക്കു ശേഷം ബ്ലോസം സഹോദരി പറയുന്നു: “ആ രാത്രി ഞാൻ ഒരുകാലത്തും മറക്കില്ല.” മാതാപിതാക്കളേ, മക്കൾ സമർപ്പിച്ച്, സ്നാനമേറ്റ് യഹോവയുടെ ദാസരായിത്തീരുന്നതിന്റെ സന്തോഷം നിങ്ങൾ അനുഭവിച്ചറിയൂ!
^ ഖ. 9 യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും (ഇംഗ്ലീഷ്) വാല്യം 2-ന്റെ 304-310 പേജുകളിലെ സഹായകമായ വിവരങ്ങൾ മാതാപിതാക്കൾക്കു കുട്ടികളുമായി ചർച്ച ചെയ്യാം. അതുപോലെ, 2011 ഏപ്രിൽ ലക്കം നമ്മുടെ രാജ്യശുശ്രൂഷ പേജ് 2-ലെ ചോദ്യപ്പെട്ടിയും കാണുക.