കൊടുക്കുന്നതിന്റെ പ്രയോജനങ്ങൾ അനുഭവിച്ചറിയൂ!
“ബസ്സ് പൊയ്ക്കോട്ടേ, പക്ഷേ ഈ ചൈനക്കാരൻ ഇവിടെ നിൽക്കും!” തെക്കേ അമേരിക്കയിലെ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കുള്ള യാത്രയ്ക്കിടെ അലക്സാൻഡ്ര കേട്ട വാക്കുകളാണ് ഇത്. കാര്യം അറിയാൻ അവൾ ബസ്സിൽനിന്ന് ഇറങ്ങി. ഒരു ചൈനീസ് യുവാവ് അതിർത്തിയിലുള്ള ഉദ്യോഗസ്ഥനോട് തന്റെ നിരപരാധിത്വം സ്പാനിഷ് ഭാഷയിൽ പറഞ്ഞുബോധിപ്പിക്കാൻ പാടുപെടുന്ന കാഴ്ചയാണ് അലക്സാൻഡ്ര കണ്ടത്. യഹോവയുടെ സാക്ഷികളുടെ ചൈനീസ് ഭാഷയിലുള്ള മീറ്റിങ്ങിനു പോയിട്ടുള്ളതുകൊണ്ട് ആ ഭാഷ കുറച്ചൊക്കെ അറിയാമായിരുന്ന അലക്സാൻഡ്ര ആ ചൈനക്കാരനെ സഹായിക്കാൻ മുന്നോട്ടുവന്നു.
നിയമപരമായിത്തന്നെയാണ് താൻ ഇവിടെ താമസിക്കുന്നതെന്നും രേഖകളും പണവും കളവ് പോയതാണെന്നും ആ ചെറുപ്പക്കാരൻ ഉദ്യോഗസ്ഥനോടു പറഞ്ഞു. ആദ്യമൊന്നും ഇതു വിശ്വസിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. സഹായിക്കാൻ വന്ന അലക്സാൻഡ്രപോലും മനുഷ്യക്കടത്തിന്റെ കണ്ണിയാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. ഒടുവിൽ ആ ഉദ്യോഗസ്ഥൻ ചെറുപ്പക്കാരൻ പറഞ്ഞതെല്ലാം വിശ്വസിക്കാൻ തയ്യാറായി. എന്നാൽ കൈവശം മതിയായ രേഖകളൊന്നും ഇല്ലാത്തതുകൊണ്ട് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു. ചില്ലിക്കാശുപോലും കൈയിലില്ലാതിരുന്ന ആ ചെറുപ്പക്കാരന് 20 ഡോളർ നൽകി അലക്സാൻഡ്ര സഹായിച്ചു. പറഞ്ഞറിയിക്കാനാകാത്ത നന്ദിയായിരുന്നു ആ ചെറുപ്പക്കാരന്. 20 ഡോളറിൽ കൂടുതൽ തിരിച്ചുതരാമെന്നും അലക്സാൻഡ്രയോടു പറഞ്ഞു. പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടൊന്നുമല്ല സഹായിച്ചതെന്ന് അലക്സാൻഡ്ര വിശദീകരിച്ചു. മറ്റുള്ളവരെ സഹായിക്കുന്നതിൽ അവൾക്ക് സന്തോഷമേയുണ്ടായിരുന്നുള്ളൂ. കാരണം അതാണ് ശരിയെന്ന് അവൾക്ക് അറിയാമായിരുന്നു. ചില ബൈബിൾപ്രസിദ്ധീകരണങ്ങൾ കൊടുത്തിട്ട് സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ അലക്സാൻഡ്ര ആ ചെറുപ്പക്കാരനോട് ആവശ്യപ്പെട്ടു.
പരിചയമില്ലാത്തവരോട് ആളുകൾ ദയ കാണിച്ചതിന്റെ ഇത്തരം അനുഭവങ്ങൾ കേൾക്കുന്നത് നമുക്ക് സന്തോഷം നൽകുന്ന ഒന്നാണ്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും, ഇനി പ്രത്യേകിച്ച് ഒരു മതത്തിലും അംഗങ്ങളല്ലാത്തവരും ദയാപ്രവൃത്തികൾ ചെയ്യാറുണ്ട്. അത്തരം വിശാലമായ മനസ്സോടെ മറ്റുള്ളവർക്കു കൊടുക്കാൻ നിങ്ങൾ ഒരുക്കമാണോ? ഈ ചോദ്യം പ്രധാനമായിരിക്കുന്നതിന്റെ കാരണം യേശു പറഞ്ഞു: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.” (പ്രവൃത്തികൾ 20:35) ശാസ്ത്രവും ഇതിനോടു യോജിക്കുന്നു. കാരണം മറ്റുള്ളവർക്ക് എന്തെങ്കിലും മനസ്സോടെ കൊടുക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. അത് എങ്ങനെയാണെന്ന് നമുക്കു നോക്കാം.
‘സന്തോഷത്തോടെ കൊടുക്കുന്നവൻ’
കൊടുക്കുന്നത് സന്തോഷം തരുമെന്ന് അനുഭവങ്ങൾ കാണിക്കുന്നു, അവ തമ്മിൽ അത്ര ബന്ധപ്പെട്ടിരിക്കുന്നു. “സന്തോഷത്തോടെ കൊടുക്കുന്നവരെയാണു ദൈവം സ്നേഹിക്കുന്നത്” എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. സഹവിശ്വാസികൾക്കു ബുദ്ധിമുട്ട് വന്നപ്പോൾ ഉദാരമായി സംഭാവനകൾ നൽകിയ ക്രിസ്ത്യാനികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു പൗലോസ്. (2 കൊരിന്ത്യർ 8:4; 9:7) സന്തോഷമുണ്ടായിരുന്നതുകൊണ്ട് അവർ മറ്റുള്ളവർക്ക് കൊടുത്തു എന്നല്ല പൗലോസ് പറഞ്ഞത്. നേരെമറിച്ച് മറ്റുള്ളവർക്ക് എന്തെങ്കിലും കൊടുത്തതാണ് അവരെ സന്തോഷമുള്ളവരാക്കിയത്.
ഒരു പഠനം സൂചിപ്പിക്കുന്നതുപോലെ മറ്റുള്ളവർക്കു കൊടുക്കുന്നത് “സന്തോഷം, വിശ്വാസം, വ്യക്തിബന്ധങ്ങൾ എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് നമുക്ക് ഒരു ‘പുത്തൻ ഉണർവേകുന്നു.’” “സ്വന്തം ആവശ്യത്തിനുവേണ്ടി പണം ചെലവാക്കുമ്പോൾ ലഭിക്കുന്നതിനെക്കാൾ കൂടുതൽ സന്തോഷം മറ്റുള്ളവർക്കുവേണ്ടി പണം ചെലവാക്കുമ്പോൾ ലഭിക്കുന്നു” എന്നാണ് മറ്റൊരു പഠനം തെളിയിക്കുന്നത്.
എന്റെ സാഹചര്യങ്ങൾ നിമിത്തം എനിക്കു കാര്യമായി ഒന്നും കൊടുക്കാൻ കഴിയുന്നില്ലെന്ന് എപ്പോഴെങ്കിലും നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? സത്യം പറഞ്ഞാൽ, ‘സന്തോഷത്തോടെ കൊടുക്കുന്നതിന്റെ’ സംതൃപ്തി എല്ലാവർക്കും അനുഭവിച്ചറിയാനാകും. അതിന് വലിയൊരു തുക വേണമെന്നില്ല, ശരിയായ മനോഭാവം
മതി. യഹോവയുടെ സാക്ഷികളിൽ ഒരാൾ ഈ മാസികയുടെ പ്രസാധകർക്ക് ചെറിയ ഒരു സംഭാവനയോടൊപ്പം ഇങ്ങനെയൊരു സന്ദേശം അയച്ചുകൊടുത്തു: “കഴിഞ്ഞ വർഷങ്ങളിലുടനീളം വലിയ തുകയൊന്നും എനിക്കു രാജ്യഹാളിൽ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടില്ല.” എന്നിട്ടും അവൾ പറയുന്നു: “ഞാൻ കൊടുത്തതിനെക്കാൾ അധികം യഹോവ എനിക്കു തിരികെ നൽകി. . . . സംഭാവന നൽകാൻ എനിക്ക് ഒരു അവസരം തന്നതിന് ഒരുപാട് നന്ദി. എനിക്ക് അത് വലിയൊരു ആശ്വാസമായി.”പണം മാത്രമല്ല കൊടുക്കാൻ കഴിയുന്നത്. മറ്റു പലതും നമുക്കു കൊടുക്കാനാകും.
കൊടുക്കുന്നത് ആരോഗ്യത്തിന് നല്ലത്
ബൈബിൾ പറയുന്നു: “ദയ കാട്ടുന്നവൻ തനിക്കുതന്നെ ഗുണം ചെയ്യുന്നു; എന്നാൽ ക്രൂരത കാട്ടുന്നവൻ സ്വയം കഷ്ടങ്ങൾ വരുത്തിവെക്കുന്നു.” (സുഭാഷിതങ്ങൾ 11:17) ദയയുള്ളവർ ഉദാരമതികളായിരിക്കും. അവർ അവരുടെ സമയം, ഊർജം അങ്ങനെ അവർക്കുള്ളതെല്ലാം മനസ്സോടെ കൊടുക്കാൻ തയ്യാറായിരിക്കും; തങ്ങളെത്തന്നെ അവർ മറ്റുള്ളവർക്കുവേണ്ടി വിട്ടുകൊടുക്കും. ഈ ദയാപ്രവൃത്തികൾ വ്യത്യസ്ത വിധങ്ങളിൽ അവരുടെ ജീവിതത്തിന്റെ മാറ്റ് കൂട്ടുന്നു. അത്തരം ദയാപ്രവൃത്തികളിൽ വളരെ ചെറിയവപോലും അവരുടെ ആരോഗ്യത്തിനു ഗുണം ചെയ്യും.
മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ടു വരുന്നവർക്ക് വേദനകളും വിഷമങ്ങളും വിഷാദവും വിരളമായിരിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ അവർക്ക് നല്ല ആരോഗ്യമായിരിക്കും. എയ്ഡ്സോ മൾട്ടിപ്പിൾ സ്ക്ലീറോസിസോ പോലുള്ള ഗുരുതരമായ രോഗങ്ങളുള്ളവർപോലും മറ്റുള്ളവർക്ക് ദയാപ്രവൃത്തികൾ ചെയ്യുമ്പോൾ അവരുടെ ആരോഗ്യം മെച്ചപ്പെടുന്നു. ഇനി, മദ്യപാനത്തിൽനിന്ന് പുറത്തുവരാൻ ശ്രമിക്കുന്നവർ മറ്റുള്ളവരെ സഹായിക്കാൻ മനസ്സു കാണിക്കുമ്പോൾ വിഷാദവും ഈ ദുശ്ശീലം വീണ്ടും തുടങ്ങാനുള്ള സാധ്യതയും അവരിൽ നന്നേ കുറയുന്നതായി തെളിഞ്ഞിരിക്കുന്നു.
ഇത്തരം മാറ്റങ്ങൾക്കു പിന്നിലെ കാരണം എന്താണ്? “അനുകമ്പ, കരുണ, ദയ എന്നീ ഗുണങ്ങൾ പ്രകടമാക്കുമ്പോൾ നിഷേധാത്മക ചിന്തകളില്ലാതാകും” എന്നാണ് പറയപ്പെടുന്നത്. മറ്റുള്ളവർക്കു കൊടുക്കുന്ന ശീലം രക്തസമ്മർദവും പിരിമുറുക്കവും കുറയാൻ സഹായിക്കുന്നു. മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുമ്പോൾ ഇണയെ നഷ്ടപ്പെട്ടവർക്കുപോലും വിഷാദത്തിന്റെ പിടിയിൽനിന്ന് പെട്ടെന്ന് പുറത്തുവരാൻ കഴിഞ്ഞിട്ടുണ്ട്.
അതെ, കൊടുക്കുന്നത് നിങ്ങൾക്കു ഗുണമേ ചെയ്യൂ. അതു തർക്കമറ്റ വസ്തുതയാണ്.
കൊടുക്കുന്ന ശീലം മറ്റുള്ളവരിലേക്കും പടരട്ടെ
തന്റെ അനുഗാമികളെ യേശു ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “കൊടുക്കുന്നത് ഒരു ശീലമാക്കുക. അപ്പോൾ ആളുകൾ നിങ്ങൾക്കും തരും. അമർത്തി, കുലുക്കിക്കൊള്ളിച്ച്, നിറഞ്ഞുകവിയുന്നത്ര അളവിൽ നിങ്ങളുടെ മടിയിലേക്ക് ഇട്ടുതരും. നിങ്ങൾ അളന്നുകൊടുക്കുന്ന അതേ അളവുപാത്രത്തിൽ നിങ്ങൾക്കും അളന്നുകിട്ടും.” (ലൂക്കോസ് 6:38) മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ അവർ അതിനെ വിലമതിക്കുകയും അവരും കൊടുക്കാൻ ശീലിക്കുകയും ചെയ്യും. കൊടുക്കുന്നത് ഐക്യവും സുഹൃദ്ബന്ധവും ശക്തമാക്കും.
മനുഷ്യബന്ധങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകർ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: “പരോപകാരം ചെയ്യുന്ന ശീലമുള്ളവർ അങ്ങനെ ചെയ്യാൻ മറ്റുള്ളവരെയും പ്രേരിപ്പിക്കുന്നു.” സത്യം പറഞ്ഞാൽ, “ദയാപ്രവൃത്തികൾ ചെയ്തതിനെക്കുറിച്ച് വായിച്ചതുതന്നെ ഉദാരമതികളായിരിക്കാൻ ആളുകളെ സഹായിച്ചിട്ടുണ്ട്.” മറ്റൊരു പഠനം കാണിക്കുന്നതുപോലെ, “ഒരു ശൃംഖലയിലെ ഓരോ വ്യക്തിക്കും പലരെയും, എന്തിന് നൂറുകണക്കിന് ആളുകളെപ്പോലും സ്വാധീനിക്കാൻ കഴിയും. ഒരുപക്ഷേ അവർ പരസ്പരം കാണുകയോ അറിയുകയോ പോലും ചെയ്തിട്ടുണ്ടാകില്ല.” മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഉദാരതയുടെ ഒരു ചെറിയ പ്രവൃത്തിക്ക് ഒരു തരംഗംതന്നെ സൃഷ്ടിക്കാനാകും. അത് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക്, അങ്ങനെ ഒരു സമൂഹത്തിലെ എല്ലാവരിലേക്കും വ്യാപിക്കും. അങ്ങനെയൊരു സമൂഹത്തിൽ ജീവിക്കുന്നത് എന്തു രസമായിരിക്കും, അല്ലേ?
കൊടുക്കുന്ന ശീലം എത്ര ആളുകൾ വളർത്തിയെടുക്കുന്നുവോ അത്രയും അനുഗ്രഹങ്ങൾ ആസ്വദിക്കാനാകും!ഇതു ശരിവെക്കുന്നതാണ് യു.എസ്.എ.-യിലെ ഫ്ളോറിഡയിൽനിന്നുള്ള ഒരു അനുഭവം. ഒരു കൊടുങ്കാറ്റ് വിതച്ച നാശത്തിനു ശേഷം സ്വമേധാസേവകരായ ഒരു കൂട്ടം യഹോവയുടെ സാക്ഷികൾ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി അവിടെയെത്തി. ഒരു വീടിന്റെ അറ്റകുറ്റം തീർക്കാൻ ആവശ്യമായ സാധനസാമഗ്രികൾക്കായി കാത്തുനിൽക്കവെ അയൽപക്കത്തുള്ള വീടിന്റെ മതിൽ തകർന്നുകിടക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. അതു നന്നാക്കിക്കൊടുക്കാൻ അവർ സന്നദ്ധരായി. അതിൽ മതിപ്പു തോന്നിയ വീട്ടുടമസ്ഥൻ കുറച്ച് നാൾ കഴിഞ്ഞപ്പോൾ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തേക്കു ഒരു കത്ത് എഴുതി. അതിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും. പരിചയപ്പെട്ടതിൽവെച്ച് ഏറ്റവും നല്ല ആളുകളായിരുന്നു അവർ.” സാക്ഷികളുടെ അസാധാരണവേല എന്ന് അദ്ദേഹം വിളിച്ച പ്രവർത്തനങ്ങൾക്കുവേണ്ടി ഉദാരമായ സംഭാവന നൽകാൻ ഈ ദയാപ്രവൃത്തി അദ്ദേഹത്തെ പ്രേരിപ്പിച്ചു.
കൊടുക്കുന്നതിന്റെ ഉദാത്തമായ മാതൃക പകർത്തുക
ഒരു ഗവേഷണത്തിൽ കണ്ടെത്തിയ ശ്രദ്ധേയമായ കാര്യം ഇതാണ്: “മറ്റുള്ളവരെ സഹായിക്കാനുള്ള സ്വതസിദ്ധമായ ഒരു വാഞ്ഛ മനുഷ്യരിൽ അന്തർലീനമാണ്.” ആ പഠനം പറയുന്നതനുസരിച്ച്, കുട്ടികൾ “സംസാരിക്കാൻ തുടങ്ങുന്നതിനു മുമ്പേ കൊടുക്കാൻ ശീലിക്കുന്നു.” എന്തുകൊണ്ട്? ബൈബിൾ അതിന് ഉത്തരം നൽകുന്നു. മനുഷ്യനെ സൃഷ്ടിച്ചത് ‘ദൈവത്തിന്റെ ഛായയിലാണ്.’ അതായത്, ദൈവത്തിന്റെ ഗുണങ്ങൾ സഹിതമാണ് നമ്മൾ സൃഷ്ടിക്കപ്പെട്ടത്.—ഉൽപത്തി 1:27.
നമ്മുടെ സ്രഷ്ടാവായ യഹോവയുടെ വിസ്മയകരമായ ഗുണങ്ങളിൽ ഒന്നാണ് ഉദാരത. നമുക്കു ജീവനും ജീവിതം ആസ്വദിക്കാൻ ആവശ്യമായതും എല്ലാം ദൈവം നൽകിയിരിക്കുന്നു. (പ്രവൃത്തികൾ 14:17; 17:26-28) നമ്മുടെ സ്വർഗീയപിതാവായ യഹോവയെയും ആ ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് അറിയാൻ ദൈവവചനമായ ബൈബിൾ നമുക്കു പഠിക്കാം. ദൈവം ഭാവിയിൽ നമുക്കു സന്തോഷം നൽകുന്നത് എങ്ങനെയാണെന്നും ബൈബിൾ പറയുന്നു. a (1 യോഹന്നാൻ 4:9, 10) ഉദാരതയുടെ ഉറവിടമായ യഹോവയുടെ ഛായയിൽ സൃഷ്ടിച്ചിരിക്കുന്നതിനാൽ നമ്മൾ ആ ദൈവത്തെ അനുകരിച്ചുകൊണ്ട് മറ്റുള്ളവർക്കു കൊടുക്കുന്നെങ്കിൽ അതു നമുക്കു നന്മ വരുത്തും, ദൈവത്തിന്റെ അംഗീകാരം നേടിത്തരും, തീർച്ച.—എബ്രായർ 13:16.
ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ അലക്സാൻഡ്രയെ നിങ്ങൾ ഓർക്കുന്നുണ്ടോ? അവളുടെ കഥയുടെ ബാക്കി അറിയണ്ടേ? സഹയാത്രികരിൽ ഒരാൾ അവളോടു പറഞ്ഞത് ആ പണം ഇനി കിട്ടാനൊന്നും പോകുന്നില്ല എന്നാണ്. എന്നാൽ ബസ്സ് ഇറങ്ങിയ സ്ഥലത്ത് ആ ചെറുപ്പക്കാരൻ പറഞ്ഞതനുസരിച്ച് കൂട്ടുകാർ 20 ഡോളറുമായി നിൽപ്പുണ്ടായിരുന്നു. അങ്ങനെ ആ കടം പെട്ടെന്നുതന്നെ വീട്ടി. മാത്രമല്ല, അലക്സാൻഡ്ര പറഞ്ഞതുപോലെ ആ ചെറുപ്പക്കാരൻ ബൈബിൾ പഠിക്കാനും തുടങ്ങി. മൂന്നു മാസത്തിനു ശേഷം പെറുവിൽവെച്ച് നടന്ന യഹോവയുടെ സാക്ഷികളുടെ ചൈനീസ് ഭാഷയിലുള്ള ഒരു കൺവെൻഷനിൽവെച്ച് അയാളെ വീണ്ടും കണ്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അലക്സാൻഡ്ര തനിക്കുവേണ്ടി ചെയ്തതിനോടുള്ള നന്ദി കാണിക്കാൻ അദ്ദേഹം അലക്സാൻഡ്രയെയും അവളുടെകൂടെ കൺവെൻഷന് വന്നവരെയും അദ്ദേഹത്തിന്റെ റെസ്റ്റോറന്റിലേക്കു കൊണ്ടുപോയി.
മറ്റുള്ളവർക്കു കൊടുക്കുന്നതും അവരെ സഹായിക്കുന്നതും വലിയ സന്തോഷം നൽകിത്തരുന്നു. എല്ലാ നല്ല ദാനങ്ങളുടെയും ഉറവായ യഹോവയെ അടുത്തറിയാൻ ആളുകളെ സഹായിക്കുന്നതാണ് നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മ. (യാക്കോബ് 1:17) അങ്ങനെ കൊടുക്കുന്നതിന്റെ പ്രയോജനങ്ങൾ നിങ്ങൾ അനുഭവിച്ചറിയുന്നുണ്ടോ?
a കൂടുതൽ വിവരങ്ങൾ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം നോക്കുക. ഇത് www.dan124.com/ml-ലും ലഭ്യം. പ്രസിദ്ധീകരണങ്ങൾ > പുസ്തകങ്ങളും പത്രികകളും എന്നതിനു കീഴിൽ നോക്കുക.