വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യ​ലേ​ഖ​നം | ദൈവ​ത്തി​ന്റെ അതിവി​ശി​ഷ്ട​സ​മ്മാ​നം—നിങ്ങൾ സ്വീക​രി​ക്കു​മോ?

ദൈവ​ത്തി​ന്റെ അതിവി​ശി​ഷ്ട​സ​മ്മാ​നം!—ഇത്ര അമൂല്യ​മാ​യി​രി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?

ദൈവ​ത്തി​ന്റെ അതിവി​ശി​ഷ്ട​സ​മ്മാ​നം!—ഇത്ര അമൂല്യ​മാ​യി​രി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?

ദൈവ​ത്തി​ന്റെ അതിവി​ശി​ഷ്ട​സ​മ്മാ​നം! ഇത്ര അമൂല്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ഒരു സമ്മാനം നിങ്ങൾക്കു വില​പ്പെ​ട്ട​താ​യി തോന്നു​ന്നത്‌ എപ്പോ​ഴാണ്‌? ചുരു​ങ്ങി​യത്‌ നാലു കാര്യങ്ങൾ അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു: (1) സമ്മാനം തന്നത്‌ ആരാണ്‌, (2) സമ്മാനം തരാൻ കാരണം എന്ത്‌, (3) ആ സമ്മാനം തന്നയാൾ അതിനു​വേണ്ടി എന്തെല്ലാം ത്യാഗങ്ങൾ ചെയ്യേ​ണ്ടി​വന്നു, (4) നിങ്ങൾക്ക്‌ ആവശ്യ​മാ​യി​രുന്ന ഒന്നാണോ സമ്മാന​മാ​യി ലഭിച്ചത്‌? ഈ നാലു കാര്യങ്ങൾ ആഴത്തിൽ ചിന്തി​ക്കു​ന്നത്‌ ദൈവ​ത്തി​ന്റെ അതിവി​ശി​ഷ്ട​സ​മ്മാ​ന​മായ മോച​ന​വി​ലയെ വിലമ​തി​ക്കാൻ നമ്മളെ സഹായി​ക്കും.

ആര്‌ തന്നു?

ചില സമ്മാനങ്ങൾ പ്രിയ​പ്പെ​ടാൻ കാരണം നമ്മൾ അതിയാ​യി ആദരി​ക്കുന്ന ഒരാളോ അധികാ​ര​സ്ഥാ​ന​ത്തുള്ള ഒരാളോ നമുക്ക്‌ അതു തന്നതു​കൊ​ണ്ടാ​യി​രി​ക്കാം. മറ്റു ചില സമ്മാനങ്ങൾ അത്ര വിലപി​ടി​പ്പു​ള്ള​ത​ല്ലെ​ങ്കി​ലും നമ്മളെ സ്‌നേ​ഹി​ക്കുന്ന ഒരു കുടും​ബാം​ഗ​മോ സുഹൃ​ത്തോ തന്നതു​കൊണ്ട്‌ നമ്മൾ അത്‌ ഇഷ്ടപ്പെ​ടു​ന്നു. മുൻലേ​ഖ​ന​ത്തിൽ നമ്മൾ പരിച​യ​പ്പെട്ട ജോർദനു ലഭിച്ച സമ്മാനം അത്തരത്തി​ലുള്ള ഒന്നായി​രു​ന്നു. മോച​ന​വില എന്ന സമ്മാന​ത്തി​ന്റെ കാര്യ​ത്തി​ലും ഇതു സത്യമാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

ഒന്നാമത്തെ കാരണ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “തന്റെ ഏകജാ​ത​നി​ലൂ​ടെ നമുക്കു ജീവൻ ലഭിക്കാൻവേണ്ടി ദൈവം ആ മകനെ ലോക​ത്തേക്ക്‌ അയച്ചു.” (1 യോഹ​ന്നാൻ 4:9) ഈ വസ്‌തുത മോച​ന​വില എന്ന സമ്മാനത്തെ വിശി​ഷ്ട​മാ​ക്കു​ന്നു. കാരണം ദൈവ​ത്തെ​ക്കാൾ ഉന്നതനായ മറ്റൊ​രാ​ളില്ല. ദൈവ​ത്തെ​ക്കു​റിച്ച്‌ ഒരു സങ്കീർത്ത​ന​ക്കാ​രൻ എഴുതി​യത്‌ ഇങ്ങനെ​യാണ്‌: “യഹോവ എന്നു പേരുള്ള അങ്ങ്‌ മാത്രം മുഴു​ഭൂ​മി​ക്കും മീതെ അത്യു​ന്നതൻ.” (സങ്കീർത്തനം 83:18) നമുക്കു സമ്മാനം തരാൻ ഇതിലും ഉന്നതനായ മറ്റൊ​രാ​ളില്ല!

ഇനി രണ്ടാമത്തെ കാരണം, ദൈവം നമ്മുടെ “പിതാവ്‌” ആണ്‌. (യശയ്യ 63:16) അത്‌ എങ്ങനെ? ദൈവ​മാണ്‌ നമുക്കു ജീവൻ നൽകി​യത്‌. മാത്രമല്ല സ്‌നേ​ഹ​വാ​നായ ഒരു പിതാ​വി​നെ​പ്പോ​ലെ ദൈവം നമുക്കു​വേണ്ടി എന്നും വിശ്വ​സ്‌ത​ത​യോ​ടെ കരുതു​ന്നു. പുരാ​ത​ന​കാ​ലത്തെ ദൈവ​ജ​ന​മായ എഫ്രയീ​മി​നെ​ക്കു​റിച്ച്‌ ദൈവം ഇങ്ങനെ ചോദി​ച്ചു: “എഫ്രയീം എന്റെ പ്രിയ​മ​ക​നല്ലേ, എന്റെ പൊ​ന്നോ​മന? . . . അതു​കൊ​ണ്ടാണ്‌ എന്റെ ഹൃദയം അവനു​വേണ്ടി തുടി​ക്കു​ന്നത്‌. എനിക്ക്‌ അവനോ​ടു നിശ്ചയ​മാ​യും അലിവ്‌ തോന്നും.” (യിരെമ്യ 31:20) ഇന്നത്തെ തന്റെ ആരാധ​ക​രെ​ക്കു​റി​ച്ചും ദൈവ​ത്തിന്‌ ഇതേ ചിന്തയാ​ണു​ള്ളത്‌. ദൈവം സർവശ​ക്ത​നായ സ്രഷ്ടാവ്‌ മാത്രമല്ല നമ്മുടെ വിശ്വ​സ്‌ത​പി​താ​വും സുഹൃ​ത്തും കൂടി​യാണ്‌. ഇത്തരം ഒരു വ്യക്തി​യിൽനിന്ന്‌ ലഭിക്കുന്ന ഏതൊരു സമ്മാന​വും ശ്രേഷ്‌ഠ​മല്ലേ?

തരാൻ കാരണം?

ചില സമ്മാനങ്ങൾ നമുക്കു വില​പ്പെ​ട്ട​താണ്‌. കാരണം അതു തരുന്നത്‌ നമ്മളോ​ടുള്ള ആത്മാർഥ​മായ സ്‌നേ​ഹം​കൊ​ണ്ടാണ്‌, അല്ലാതെ എന്തെങ്കി​ലും ഒരു കടപ്പാ​ടി​ന്റെ പുറത്തല്ല. ശരിക്കും നിസ്സ്വാർഥ​നായ ഒരാൾ തിരി​ച്ചൊ​ന്നും പ്രതീ​ക്ഷി​ക്കാ​തെ​യാണ്‌ സമ്മാനം കൊടു​ക്കു​ന്നത്‌.

ദൈവം സ്വന്തം മകനെ നമുക്കാ​യി നൽകി​യത്‌ നമ്മളോ​ടുള്ള സ്‌നേ​ഹം​കൊ​ണ്ടാണ്‌. ബൈബിൾ പറയുന്നു: “ഇതിലൂ​ടെ ദൈവ​ത്തി​നു നമ്മളോ​ടുള്ള സ്‌നേഹം വെളി​പ്പെ​ട്ടി​രി​ക്കു​ന്നു.” എന്തിനു​വേണ്ടി? “തന്റെ ഏകജാ​ത​നി​ലൂ​ടെ നമുക്കു ജീവൻ ലഭിക്കാൻവേണ്ടി.” (1 യോഹ​ന്നാൻ 4:9) അങ്ങനെ ചെയ്യാൻ ദൈവ​ത്തിന്‌ എന്തെങ്കി​ലും കടപ്പാ​ടു​ണ്ടാ​യി​രു​ന്നോ? ഒരിക്ക​ലു​മില്ല! “ക്രിസ്‌തു​യേശു നൽകിയ മോച​ന​വില” ദൈവ​ത്തി​ന്റെ ‘അനർഹ​ദ​യ​യു​ടെ’ തെളി​വാണ്‌.—റോമർ 3:24.

എന്തു​കൊ​ണ്ടാണ്‌ അതിനെ “അനർഹദയ” എന്നു വിളി​ക്കു​ന്നത്‌? ബൈബിൾ ഉത്തരം നൽകുന്നു: “നമ്മൾ പാപി​ക​ളാ​യി​രി​ക്കു​മ്പോൾത്ത​ന്നെ​യാ​ണു ക്രിസ്‌തു നമുക്കു​വേണ്ടി മരിച്ചത്‌. ഇതിലൂ​ടെ ദൈവം നമ്മളോ​ടുള്ള തന്റെ സ്‌നേഹം കാണി​ച്ചു​ത​രു​ന്നു.” (റോമർ 5:8) നിരാ​ലം​ബ​രും നിസ്സഹാ​യ​രും പാപി​ക​ളും ആയ നമുക്ക്‌ ഈ സമ്മാനം തരാൻ ദൈവത്തെ പ്രേരി​പ്പി​ച്ചത്‌ നിസ്സ്വാർഥ​മായ സ്‌നേ​ഹ​മാണ്‌. നമ്മൾ അത്‌ അർഹി​ക്കു​ന്നില്ല, അതിനു പകരമാ​യി എന്തെങ്കി​ലും കൊടു​ക്കാ​നും നമുക്കാ​കില്ല. ചരി​ത്ര​ത്തി​ലെ ഏറ്റവും ഉദാത്ത​മായ സ്‌നേ​ഹ​പ്ര​ക​ട​ന​മാണ്‌ ഈ സമ്മാനം!

എന്തു ത്യാഗ​മാണ്‌ ചെയ്‌തത്‌?

ഒരുപാ​ടു ത്യാഗം ചെയ്‌ത്‌ തരുന്ന സമ്മാന​ങ്ങ​ളും വില​യേ​റി​യ​താണ്‌. സമ്മാനം തരുന്ന​യാൾ വളരെ പ്രിയ​പ്പെട്ട ഒന്ന്‌ ബലി കഴിച്ചി​ട്ടാണ്‌ അതു നമുക്കു നൽകു​ന്ന​തെ​ങ്കി​ലോ? നമ്മൾ അതിനെ നിധി​പോ​ലെ കാണും, ഉറപ്പ്‌!

ദൈവം ‘തന്റെ ഏകജാ​ത​നായ മകനെ​യാണ്‌’ നൽകി​യത്‌. (യോഹ​ന്നാൻ 3:16) ഇതിലും പ്രിയ​പ്പെട്ട ഒരാളെ ദൈവ​ത്തിന്‌ ഇനി നൽകാ​നില്ല. ഈ പ്രപഞ്ചം സൃഷ്ടിച്ച യുഗങ്ങ​ളി​ലു​ട​നീ​ളം യേശു ദൈവ​ത്തോ​ടൊ​പ്പം പ്രവർത്തി​ച്ചു. ദൈവ​ത്തിന്‌ യേശു​വി​നോട്‌ “പ്രത്യേ​ക​മാ​യൊ​രു ഇഷ്ടമു​ണ്ടാ​യി​രു​ന്നു.” (സുഭാ​ഷി​തങ്ങൾ 8:30) യേശു ദൈവ​ത്തി​ന്റെ ‘പ്രിയ​പു​ത്ര​നും’ “അദൃശ്യ​നായ ദൈവ​ത്തി​ന്റെ പ്രതി​രൂ​പ​വും” ആണ്‌. (കൊ​ലോ​സ്യർ 1:13-15) അവർ തമ്മിലുള്ള ആത്മബന്ധം നമ്മുടെ വിഭാ​വ​ന​കൾക്കും അപ്പുറ​മാണ്‌!

എന്നിട്ടും “സ്വന്തം പുത്ര​നെ​ത്തന്നെ നമു​ക്കെ​ല്ലാം​വേണ്ടി തരാൻ” ദൈവം മനസ്സു​കാ​ണി​ച്ചു. (റോമർ 8:32) തനിക്ക്‌ ഏറ്റവും പ്രിയ​പ്പെ​ട്ട​തി​നെ ദൈവം നമുക്കാ​യി നൽകി. ഈ സമ്മാനം തരാൻ ഇതിലും വിലപ്പെട്ട ഒന്ന്‌ ദൈവ​ത്തിന്‌ ത്യജി​ക്കാ​നില്ല!

നമുക്ക്‌ ആവശ്യ​മാ​യി​രുന്ന ഒന്നാണോ?

നമുക്ക്‌ ആവശ്യ​മാ​യി​രുന്ന ഒന്ന്‌, ചില​പ്പോൾ അത്യാ​വ​ശ്യ​മാ​യി​രുന്ന ഒന്ന്‌, സമ്മാന​മാ​യി ലഭിക്കു​മ്പോൾ നമുക്ക്‌ അത്‌ ഏറെ മൂല്യ​വ​ത്താ​യി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ ചികി​ത്സ​യ്‌ക്കു​വേണ്ടി നിങ്ങൾക്കു താങ്ങാ​നാ​കാത്ത ഒരു തുക മറ്റൊ​രാൾ അടയ്‌ക്കു​ന്നു, ആ അടിയ​ന്തി​ര​സാ​ഹ​ച​ര്യ​ത്തിൽ അതു നിങ്ങളു​ടെ ജീവൻ രക്ഷിച്ചു. ഇത്രയും തുക സമ്മാനിച്ച ആ വ്യക്തി​യോട്‌ നിങ്ങൾ എത്ര നന്ദിയു​ള്ള​വ​രാ​യി​രി​ക്കും! നിങ്ങൾ എന്നെങ്കി​ലും ആ സഹായം മറക്കു​മോ?

“ആദാമിൽ എല്ലാവ​രും മരിക്കു​ന്ന​തു​പോ​ലെ ക്രിസ്‌തു​വിൽ എല്ലാവർക്കും ജീവൻ കിട്ടും.” (1 കൊരി​ന്ത്യർ 15:22) ആദാമി​ന്റെ സന്തതി​ക​ളെന്ന നിലയിൽ നമ്മൾ എല്ലാവ​രും ‘മരിക്കു​ന്നു.’ കാരണം രോഗ​ത്തി​ന്റെ​യും മരണത്തി​ന്റെ​യും പിടി​യിൽനിന്ന്‌ രക്ഷപ്പെ​ടാ​നോ ദൈവ​വു​മാ​യി രമ്യത​യി​ലാ​കാ​നോ ദൈവ​മു​മ്പാ​കെ കുറ്റവി​മു​ക്ത​രാ​യി നിൽക്കാ​നോ നമുക്കു സ്വയം കഴിയില്ല. നമ്മു​ടെ​യോ മറ്റുള്ള​വ​രു​ടെ​യോ “ജീവൻ” നിലനിറുത്താനും നിസ്സാരരായ നമുക്കു കഴിയില്ല. ബൈബിൾ വ്യക്തമാ​ക്കു​ന്നു: “സഹോ​ദരൻ കുഴി കാണാതെ എന്നും ജീവി​ക്കേ​ണ്ട​തിന്‌ അവനെ വീണ്ടെ​ടു​ക്കാ​നോ അവനു​വേണ്ടി ദൈവ​ത്തി​നു മോച​ന​വില നൽകാ​നോ ഒരിക്ക​ലും കഴിയില്ല. . . . അതു നൽകു​ക​യെ​ന്നത്‌ അവരുടെ കഴിവിന്‌ അപ്പുറ​മാണ്‌.” (സങ്കീർത്തനം 49:7-9) മോച​ന​വില നൽകാൻ നിസ്സഹാ​യ​രായ നമുക്കു കഴിയില്ല, സഹായം കൂടിയേ തീരൂ!

ജീവൻ രക്ഷിക്കാ​നുള്ള ‘ചികി​ത്സ​യ്‌ക്ക്‌’ ആവശ്യ​മായ തുക യഹോവ സ്‌നേ​ഹ​ത്തോ​ടെ നൽകി. അങ്ങനെ യേശു​വി​ലൂ​ടെ ‘എല്ലാവർക്കും ജീവൻ കിട്ടാൻ’ ദൈവം ഇടയാക്കി. മോച​ന​വില ഇത്‌ സാധ്യ​മാ​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? “ദൈവ​പു​ത്ര​നായ യേശു​വി​ന്റെ രക്തം എല്ലാ പാപങ്ങ​ളിൽനി​ന്നും നമ്മളെ ശുദ്ധീ​ക​രി​ക്കു​ന്നു.” അതെ, യേശു ചൊരിഞ്ഞ രക്തത്തിൽ വിശ്വാ​സം അർപ്പി​ക്കു​ന്നത്‌ പാപങ്ങ​ളു​ടെ ക്ഷമയി​ലേ​ക്കും നിത്യ​ജീ​വ​നി​ലേ​ക്കും ഉള്ള വാതിൽ തുറന്നു​ത​രു​ന്നു. (1 യോഹ​ന്നാൻ 1:7; 5:13) ഈ മോച​ന​വില നമ്മുടെ മരിച്ചു​പോയ പ്രിയ​പ്പെ​ട്ട​വർക്കു പ്രയോ​ജനം ചെയ്യു​മോ? “ഒരു മനുഷ്യ​നി​ലൂ​ടെ മരണം വന്നതു​പോ​ലെ മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​വും ഒരു മനുഷ്യ​നി​ലൂ​ടെ​യാണ്‌ (യേശു​വി​ലൂ​ടെ​യാണ്‌) വരുന്നത്‌.”—1 കൊരി​ന്ത്യർ 15:21. a

യേശു​വി​ന്റെ ബലിമ​രണം! ഇതു​പോ​ലൊ​രു സമ്മാനം ഇത്ര ഉന്നതനായ ഒരാളിൽനിന്ന്‌ ഇനി ലഭിക്കാ​നില്ല, ദൈവ​ത്തിന്‌ ഇതിലും വലിയ സ്‌നേഹം കാണി​ക്കാ​നു​മില്ല. ദൈവ​മായ യഹോവ നമുക്കു​വേണ്ടി ത്യാഗം ചെയ്‌ത​തു​പോ​ലെ മറ്റാരും ചെയ്‌തി​ട്ടില്ല. പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും നമ്മളെ വിടു​വി​ച്ചു​കൊണ്ട്‌ നമ്മുടെ ഏറ്റവും വലിയ ആവശ്യം നിറ​വേ​റ്റുന്ന മറ്റൊരു ബലിയു​മില്ല. അതെ, മോച​ന​വില എന്ന ഈ സമ്മാന​ത്തിന്‌ പകരം വെക്കാൻ മറ്റൊ​ന്നില്ല!

 

a മരിച്ചവരെ ഉയിർപ്പി​ക്കു​മെന്ന ദൈ​വോ​ദ്ദേ​ശ്യ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 7-ാം അധ്യായം കാണുക. www.dan124.com/ml-ലും ലഭ്യം.