വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യ​ലേ​ഖ​നം | ദൈവ​ത്തി​ന്റെ അതിവി​ശി​ഷ്ട​സ​മ്മാ​നം—നിങ്ങൾ സ്വീക​രി​ക്കു​മോ?

ദൈവ​ത്തി​ന്റെ അതിവിശിഷ്ടസമ്മാനത്തോട്‌ നിങ്ങൾക്ക്‌ എങ്ങനെ നന്ദി കാണി​ക്കാം?

ദൈവ​ത്തി​ന്റെ അതിവിശിഷ്ടസമ്മാനത്തോട്‌ നിങ്ങൾക്ക്‌ എങ്ങനെ നന്ദി കാണി​ക്കാം?

“ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​മാ​ണു ഞങ്ങളെ നിർബ​ന്ധി​ക്കു​ന്നത്‌. . . . ക്രിസ്‌തു എല്ലാവർക്കും​വേണ്ടി മരിച്ച​തു​കൊണ്ട്‌ ജീവി​ക്കു​ന്നവർ ഇനി തങ്ങൾക്കു​വേ​ണ്ടി​യല്ല, തങ്ങൾക്കു​വേണ്ടി മരിച്ച്‌ ഉയിർപ്പി​ക്ക​പ്പെ​ട്ട​വ​നു​വേണ്ടി ജീവി​ക്കണം.”—2 കൊരി​ന്ത്യർ 5:14, 15.

വിശി​ഷ്ട​മായ ഒരു സമ്മാനം ലഭിക്കു​മ്പോൾ നമ്മൾ നന്ദി കാണി​ക്കേ​ണ്ട​താണ്‌. ഒരിക്കൽ പത്തു കുഷ്‌ഠ​രോ​ഗി​കളെ സുഖ​പ്പെ​ടു​ത്തി​യ​ശേഷം യേശു അതിന്റെ പ്രാധാ​ന്യം എടുത്തു​പ​റഞ്ഞു. ആ മാറാ​രോ​ഗ​ത്തിന്‌ അന്നു മരുന്നി​ല്ലാ​യി​രു​ന്നു. ആ പത്തു പേരിൽ ഒരാൾ “താൻ ശുദ്ധനാ​യെന്നു കണ്ടപ്പോൾ ഉറക്കെ ദൈവത്തെ സ്‌തു​തി​ച്ചു​കൊണ്ട്‌ മടങ്ങി​വന്നു.” യേശു ചോദി​ച്ചു: “പത്തു പേരല്ലേ ശുദ്ധരാ​യത്‌? ബാക്കി ഒൻപതു പേർ എവിടെ?” (ലൂക്കോസ്‌ 17:12-17) മറ്റുള്ളവർ നമുക്കു​വേണ്ടി ചെയ്യുന്ന ദയാ​പ്ര​വൃ​ത്തി​കൾ എളുപ്പം മറന്നു​ക​ള​യാൻ സാധ്യ​ത​യു​ണ്ടെ​ന്നാണ്‌ ഇതു കാണി​ക്കു​ന്നത്‌.

മോച​ന​വി​ല​യ്‌ക്കു തുല്യ​മാ​യി മറ്റൊരു സമ്മാന​വു​മില്ല. നമുക്കു ലഭിക്കാ​വു​ന്ന​തി​ലും​വെച്ച്‌ ഏറ്റവും മികച്ച സമ്മാന​മാണ്‌ അത്‌. ദൈവം നിങ്ങൾക്കു​വേണ്ടി നൽകിയ ആ സമ്മാനത്തെ നിങ്ങൾ എങ്ങനെ വീക്ഷി​ക്കും?

  • നൽകിയ വ്യക്തിയെ അടുത്ത​റി​യുക. യേശു​വി​ലൂ​ടെ ദൈവം മോച​ന​വില നൽകി​യെ​ങ്കി​ലും നിത്യ​ജീ​വൻ ലഭിക്ക​ണ​മെ​ങ്കിൽ നമ്മുടെ ഭാഗത്ത്‌ ശ്രമം ആവശ്യ​മാണ്‌. കാരണം പ്രാർഥ​ന​യിൽ യേശു ദൈവ​ത്തോട്‌ ഇങ്ങനെ പറഞ്ഞു: “ഏകസത്യ​ദൈ​വ​മായ അങ്ങയെ​യും അങ്ങ്‌ അയച്ച യേശു​ക്രി​സ്‌തു​വി​നെ​യും അവർ അറിയു​ന്ന​താ​ണു നിത്യ​ജീ​വൻ.” (യോഹ​ന്നാൻ 17:3) കുട്ടി​യാ​യി​രു​ന്ന​പ്പോൾ ഒരാൾ നിങ്ങളു​ടെ ജീവൻ രക്ഷി​ച്ചെന്ന്‌ അറിഞ്ഞാൽ ആ വ്യക്തി​യെ​ക്കു​റിച്ച്‌ കൂടുതൽ അറിയാ​നും അദ്ദേഹം എന്തു​കൊ​ണ്ടാണ്‌ നിങ്ങളെ രക്ഷിച്ച​തെന്നു മനസ്സി​ലാ​ക്കാ​നും നിങ്ങൾ ശ്രമി​ക്കി​ല്ലേ? നമ്മുടെ ജീവൻ രക്ഷിക്കാ​നാ​യി മോച​ന​വില എന്ന സമ്മാനം നൽകിയ യഹോവ, തന്നെ അറിയാൻ മാത്രമല്ല താനു​മാ​യി ഒരു അടുത്ത ബന്ധത്തി​ലേക്കു വരാനും ആഗ്രഹി​ക്കു​ന്നു. ബൈബിൾ പറയുന്നു: “ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും.”—യാക്കോബ്‌ 4:8.

  • മോച​ന​വി​ല​യിൽ വിശ്വാ​സം അർപ്പി​ക്കുക. “പുത്ര​നിൽ വിശ്വ​സി​ക്കു​ന്ന​വനു നിത്യ​ജീ​വ​നുണ്ട്‌.” (യോഹ​ന്നാൻ 3:36) വിശ്വാ​സം അർപ്പി​ക്കുക എന്നു പറഞ്ഞാൽ എന്താണ്‌? പ്രവർത്തി​ക്കുക എന്ന്‌ അർഥം. മോച​ന​വി​ല​യിൽ വിശ്വാ​സ​മു​ണ്ടെന്നു കാണി​ക്കാൻ പ്രവൃ​ത്തി​കൾ അനിവാ​ര്യ​മാണ്‌. (യാക്കോബ്‌ 2:17) ഏതുതരം പ്രവൃ​ത്തി​കൾ? ഒരു സമ്മാനം നിങ്ങളു​ടെ സ്വന്തമാ​കു​ന്നത്‌ നിങ്ങൾ കൈ നീട്ടി അതു സ്വീക​രി​ക്കു​മ്പോ​ഴാണ്‌. അതു​കൊണ്ട്‌ ശ്രമം ചെയ്‌ത്‌ മോച​ന​വില എന്ന സമ്മാനം സ്വീക​രി​ക്കുക. എങ്ങനെ? നിങ്ങൾ എങ്ങനെ ജീവി​ക്കാ​നാണ്‌ ദൈവം പ്രതീ​ക്ഷി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കി​ക്കൊ​ണ്ടും അതു​പോ​ലെ പ്രവർത്തി​ച്ചു​കൊ​ണ്ടും. a ക്ഷമയ്‌ക്കും ശുദ്ധമായ മനസ്സാ​ക്ഷി​ക്കും വേണ്ടി ദൈവ​ത്തോ​ടു പ്രാർഥി​ക്കുക. മോച​ന​വി​ല​യിൽ വിശ്വാ​സം അർപ്പി​ക്കു​ന്ന​വർക്ക്‌ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും സമൃദ്ധി​യും നിറഞ്ഞ ഒരു ജീവിതം എന്നേക്കും ആസ്വദി​ക്കാ​മെന്ന പൂർണ​ബോ​ധ്യ​ത്തോ​ടെ ദൈവത്തെ സമീപി​ക്കുക.—എബ്രായർ 11:1.

  • യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കുന്ന പരിപാ​ടി​യിൽ പങ്കെടു​ക്കുക. മോച​ന​വി​ല​യെന്ന ദൈവ​ത്തി​ന്റെ കരുതൽ ഓർമി​ക്കാ​നാ​യി യേശു ഒരു വാർഷി​കാ​ച​രണം ഏർപ്പെ​ടു​ത്തി. അതി​നെ​ക്കു​റിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: “എന്റെ ഓർമ​യ്‌ക്കു​വേണ്ടി ഇതു തുടർന്നും ചെയ്യുക.” (ലൂക്കോസ്‌ 22:19) 2017 ഏപ്രിൽ 11-ാം തീയതി, ചൊവ്വാഴ്‌ച സൂര്യാ​സ്‌ത​മ​യ​ശേഷം യഹോ​വ​യു​ടെ സാക്ഷികൾ യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാൻ കൂടി​വ​രും. ഒരു മണിക്കൂ​റോ​ളം ദൈർഘ്യ​മുള്ള ഈ പരിപാ​ടി​യിൽ യേശു​വി​ന്റെ മരണത്തി​ന്റെ പ്രാധാ​ന്യ​വും അത്‌ ഇപ്പോ​ഴും ഭാവി​യി​ലും നമുക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ നൽകി​ത്ത​രു​മെ​ന്നും വിശദീ​ക​രി​ക്കുന്ന ഒരു പ്രസം​ഗ​മു​ണ്ടാ​യി​രി​ക്കും. കഴിഞ്ഞ വർഷം ഈ ആചരണ​ത്തിൽ ലോക​മെ​ങ്ങു​മാ​യി ഏകദേശം 2 കോടി ആളുകൾ സംബന്ധി​ച്ചു. ദൈവ​ത്തി​ന്റെ ഈ അതിവി​ശി​ഷ്ട​സ​മ്മാ​ന​ത്തോ​ടു നന്ദി കാണി​ക്കു​ന്ന​തിൽ ഞങ്ങളോ​ടൊ​പ്പം ചേരാൻ ഞങ്ങൾ നിങ്ങളെ ആത്മാർഥ​മാ​യി ക്ഷണിക്കു​ന്നു.

a ദൈവത്തെ അറിയാ​നും ദൈവ​ത്തോ​ടു കൂടുതൽ അടുക്കാ​നും കഴിയുന്ന ഏറ്റവും മികച്ച മാർഗം ദൈവ​വ​ച​ന​മായ ബൈബിൾ പഠിക്കുക എന്നതാണ്‌. അത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാ​ളോ​ടു ചോദി​ക്കാം. അല്ലെങ്കിൽ www.dan124.com/ml എന്ന ഞങ്ങളുടെ വെബ്‌​സൈറ്റ്‌ സന്ദർശി​ക്കുക.