മുഖ്യലേഖനം | ദൈവദൂതന്മാർ—വെറും സങ്കൽപ്പമോ?
ദുഷ്ടരായ ദൂതന്മാരുണ്ടോ?
ഉണ്ട് എന്നതാണ് ഉത്തരം. ദൂതന്മാർ എവിടെ നിന്നാണ് വന്നത്? ദൈവം അവരെ സൃഷ്ടിച്ചതാണ്. അവർക്ക് ഇച്ഛാസ്വാതന്ത്ര്യം, അതായത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ദൈവം നൽകി. ആദ്യമനുഷ്യനായ ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ച് അധികം വൈകാതെതന്നെ ദൈവത്തിന്റെ ഈ പൂർണതയുള്ള ആത്മസൃഷ്ടികളിൽ ഒരാൾ ഭൂമിയിൽ മത്സരത്തിനു തുടക്കമിട്ടു. ദൈവം കൊടുത്തിട്ടുള്ള തിരഞ്ഞെടുപ്പുസ്വാതന്ത്ര്യം ആ ദൂതൻ മോശമായി ഉപയോഗിച്ചു. ആദാമിനെയും ഹവ്വയെയും ആ മത്സരത്തിൽ ഉൾപ്പെടുത്തുന്നതിൽ ആ ദൂതൻ വിജയിച്ചു. (ഉൽപത്തി 3:1-7; വെളിപാട് 12:9) ഈ ആത്മസൃഷ്ടിയുടെ പേരോ മത്സരത്തിനു മുമ്പ് സ്വർഗത്തിൽ അയാൾക്കുണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ചോ ബൈബിൾ പറയുന്നില്ല. എന്നാൽ മത്സരത്തെത്തുടർന്ന് ബൈബിൾ വളരെ ഉചിതമായിത്തന്നെ ആ ദൂതനു സാത്താൻ എന്നും പിശാച് എന്നും ഉള്ള പേരുകൾ നൽകി. സാത്താൻ എന്നതിനർഥം ‘എതിരാളി’ എന്നാണ്. പിശാച് എന്നതിന് ‘പരദൂഷണം പറയുന്നവൻ’ എന്നും.—മത്തായി 4:8-11.
ദുഃഖകരമായ സത്യം, ദൈവത്തിന് എതിരെയുള്ള മത്സരം അവിടെ അവസാനിച്ചില്ല എന്നതാണ്. നോഹയുടെ നാളിൽ ചില ദൂതന്മാർ ദൈവത്തിന്റെ സ്വർഗീയ കുടുംബത്തിലെ ‘തങ്ങളുടെ വാസസ്ഥലം വിട്ട് പോയി.’ ദുഷിച്ചതും അധാർമികവും ആയ ജീവിതം നയിക്കാൻ അവർ മനുഷ്യശരീരമെടുത്ത് ഭൂമിയിലേക്കു വന്നു. ഇത് അവരെ സംബന്ധിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.—യൂദ 6; ഉൽപത്തി 6:1-4; 1 പത്രോസ് 3:19, 20.
അവർക്ക് എന്തു സംഭവിച്ചു? ഭൂമിയെ ശുദ്ധീകരിക്കുന്നതിന് ദൈവം ഒരു ആഗോളജലപ്രളയം കൊണ്ടുവന്നപ്പോൾ ഈ ദൂതന്മാർ തങ്ങളുടെ മനുഷ്യശരീരം ഉപേക്ഷിച്ചു സ്വന്തം വാസസ്ഥലത്തേക്കു പോയി. എന്നാൽ മുമ്പുണ്ടായിരുന്ന ‘സ്വന്തം സ്ഥാനത്തേക്കു’ മടങ്ങിചെല്ലാൻ ശ്രമിച്ച ആ അനുസരണംകെട്ട ദൂതന്മാരെ ദൈവം അതിന് അനുവദിച്ചില്ല. പകരം അവരെ കടുത്ത “അന്ധകാരത്തിൽ” ടാർട്ടറസിൽ (ആത്മീയ അന്ധകാരത്തിൽ), ദൈവമുമ്പാകെ ഏറ്റവും അധമമായ അവസ്ഥയിലേക്കു താഴ്ത്തി. (യൂദ 6; 2 പത്രോസ് 2:4) “വെളിച്ചദൂതനായി ആൾമാറാട്ടം നടത്തുന്ന” “ഭൂതങ്ങളുടെ അധിപനായ” പിശാചായ സാത്താന്റെ നിയന്ത്രണത്തിൻ കീഴിൽ പ്രവർത്തിക്കാൻ അവർ തങ്ങളെത്തന്നെ വിട്ടുകൊടുത്തിരിക്കുന്നു.—മത്തായി 12:24; 2 കൊരിന്ത്യർ 11:14.
1914-ൽ a ദൈവത്തിന്റെ മിശിഹൈകരാജ്യം, അതായത് സ്വർഗീയ ഗവൺമെന്റ്, സ്ഥാപിതമായെന്നു ബൈബിൾ പഠിപ്പിക്കുന്നു. ആ അതിപ്രധാനമായ സംഭവത്തെത്തുടർന്നു സാത്താനെയും അവന്റെ ഭൂതങ്ങളെയും സ്വർഗത്തിൽനിന്ന് പുറത്താക്കി. അവരുടെ പ്രവർത്തനം ഭൂമിയിൽ മാത്രമായി ഒതുക്കി. ഈ ദുഷ്ടദൂതന്മാരുടെ നശീകരണപ്രവണതയുടെയും പകയുടെയും തെളിവുകളാണ് ഇന്നു ഭൂമിയിൽ നടമാടുന്ന ദുഷ്ടതയും കടുത്ത അധാർമികതയും.—വെളിപാട് 12:9-12.
ഞെട്ടിക്കുന്ന അക്രമപ്രവർത്തനങ്ങളും അധാർമികതയുടെ വർധനവും നമുക്ക് ഉറപ്പേകുന്ന ഒരു കാര്യമുണ്ട്. ഭീകരവാഴ്ചയുടെ അവസാനം! പെട്ടെന്നുതന്നെ, നിഷ്ഠുരന്മാരായ ഈ ആത്മസൃഷ്ടികളുടെ പ്രവർത്തനങ്ങൾ ദൈവം അവസാനിപ്പിക്കും. ദൈവത്തിന്റെ രാജ്യം പറുദീസാഭൂമിയെ 1000 വർഷം ഭരിക്കും. അതിനുശേഷം, മനുഷ്യകുടുംബത്തെ പരീക്ഷിക്കാൻ ദുഷ്ടന്മാരായ ആത്മസൃഷ്ടികൾക്ക് അവസാനമായി ഒരു അവസരം കൂടി കൊടുക്കും. പിന്നെ അവരെ എന്നന്നേക്കുമായി നശിപ്പിച്ചുകളയും.—മത്തായി 25:41; വെളിപാട് 20:1-3, 7-10.
a ദൈവത്തിന്റെ രാജ്യത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ അധ്യായം 8 കാണുക. ഇത് www.dan124.com/ml എന്ന സൈറ്റിലും ലഭ്യം.