സഹായം നൽകുന്നവർക്കുള്ള അനുഗ്രഹങ്ങൾ
ഇന്നു ധാരാളം ആളുകൾ ഭക്ഷണവും പാർപ്പിടവും ഇല്ലാതെ കഷ്ടപ്പെടുന്നു. വേറെ ചിലർ നല്ലൊരു ഭാവിക്കുവേണ്ടി ആഗ്രഹിക്കുന്നു. ഇങ്ങനെയുള്ളവരെ സഹായിക്കുമ്പോൾ എങ്ങനെയാണ് നമുക്കു ദൈവത്തിന്റെ പ്രീതിയും അംഗീകാരവും കിട്ടുന്നത്?
വിശുദ്ധതിരുവെഴുത്തുകൾ പറയുന്നത്
“എളിയവനോടു കരുണ കാണിക്കുന്നവൻ യഹോവയ്ക്കു കടം കൊടുക്കുന്നു; അവൻ ചെയ്യുന്നതിനു ദൈവം പ്രതിഫലം നൽകും.”—സുഭാഷിതങ്ങൾ 19:17.
സഹായം ആവശ്യമുള്ളവരെ സഹായിക്കുക എന്നതിന്റെ അർഥം
കവർച്ചക്കാർ ഉപദ്രവിച്ച്, പാതി മരിച്ചവനായി ഉപേക്ഷിക്കപ്പെട്ട ഒരു വ്യക്തിയെക്കുറിച്ച് യേശു തന്റെ ദൃഷ്ടാന്തകഥയിൽ പറഞ്ഞു. (ലൂക്കോസ് 10:29-37) അതുവഴി വന്ന ഒരു അപരിചിതൻ, അദ്ദേഹം മറ്റൊരു വംശത്തിൽപ്പെട്ട ഒരാളായിട്ടുപോലും അയാളുടെ അടുത്തുചെന്ന് അയാളുടെ മുറിവുകൾ വെച്ചുകെട്ടി.
ദയാലുവായ ആ അപരിചിതൻ മുറിവേറ്റ വ്യക്തിക്കു പ്രഥമശുശ്രൂഷയും സാമ്പത്തികസഹായവും നൽകി. കൂടാതെ, സുഖംപ്രാപിക്കുന്നതിനുവേണ്ട മറ്റു കാര്യങ്ങളും ചെയ്തു.
ഈ ദൃഷ്ടാന്തകഥയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? സഹായം ആവശ്യമുള്ളവർക്കുവേണ്ടി നമുക്കു ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യുക. (സുഭാഷിതങ്ങൾ 14:31) ദാരിദ്ര്യവും കഷ്ടപ്പാടും ഉടൻതന്നെ അവസാനിപ്പിക്കുമെന്നു തിരുവെഴുത്തുകളിലൂടെ ദൈവം പഠിപ്പിക്കുന്നു. എന്നാൽ ദൈവം എപ്പോൾ, എങ്ങനെ അതു ചെയ്യും? സ്നേഹവാനായ നമ്മുടെ സ്രഷ്ടാവ് നമുക്കായി കരുതിവെച്ചിരിക്കുന്ന അനുഗ്രഹങ്ങൾ എന്തെല്ലാമാണ്? അടുത്ത ലേഖനത്തിൽ അതു കാണാം.