വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം എന്തു​കൊ​ണ്ടാണ്‌ എല്ലാ പ്രാർഥ​ന​കൾക്കും ഉത്തരം തരാത്തത്‌?

ദൈവം എന്തു​കൊ​ണ്ടാണ്‌ എല്ലാ പ്രാർഥ​ന​കൾക്കും ഉത്തരം തരാത്തത്‌?

നമ്മുടെ സ്വർഗീയ പിതാ​വിന്‌, ദൈവ​മായ യഹോ​വ​യ്‌ക്ക്‌, നമ്മുടെ ആത്മാർഥ​മായ പ്രാർഥ​നകൾ കേൾക്കാൻ സന്തോ​ഷ​മാണ്‌. എന്നാൽ നമ്മുടെ എല്ലാ പ്രാർഥ​ന​കൾക്കും ദൈവം ഉത്തരം തരാത്തത്‌ എന്തു​കൊ​ണ്ടാണ്‌? പ്രാർഥി​ക്കു​മ്പോൾ നമ്മൾ എന്തൊക്കെ കാര്യ​ങ്ങ​ളാ​ണു മനസ്സിൽപ്പി​ടി​ക്കേ​ണ്ടത്‌? അതെക്കു​റിച്ച്‌ ബൈബിൾ നൽകുന്ന ചില നിർദേ​ശങ്ങൾ നോക്കാം.

“പ്രാർഥി​ക്കു​മ്പോൾ . . . ഒരേ കാര്യങ്ങൾ തന്നെയും പിന്നെ​യും ഉരുവി​ട​രുത്‌.”​—മത്തായി 6:7.

നമ്മൾ മനപ്പാ​ഠ​മാ​ക്കിയ ഒരു പ്രാർഥ​ന​യോ ഇനി ഒരു പുസ്‌ത​ക​ത്തിൽ എഴുതിയ പ്രാർഥ​ന​യോ ആവർത്തിച്ച്‌ ചൊല്ലാ​നല്ല ദൈവം ആഗ്രഹി​ക്കു​ന്നത്‌. പകരം ദൈവം ഇഷ്ടപ്പെ​ടു​ന്നതു ഹൃദയ​ത്തിൽനിന്ന്‌ തന്നോടു സംസാ​രി​ക്കാ​നാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു സുഹൃത്ത്‌ നിങ്ങളെ വിളി​ച്ചിട്ട്‌ എല്ലാ ദിവസ​വും ഒരേ കാര്യം​തന്നെ പറഞ്ഞു​കൊ​ണ്ടി​രു​ന്നാൽ നിങ്ങൾക്ക്‌ ഇഷ്ടപ്പെ​ടു​മോ? ഒരിക്ക​ലു​മില്ല. നല്ല സുഹൃ​ത്തു​ക്കൾ എപ്പോ​ഴും ആത്മാർഥ​മാ​യി തുറന്നു​സം​സാ​രി​ക്കും. അതു​പോ​ലെ യഹോ​വ​യോട്‌ ഉള്ളുതു​റന്ന്‌ സംസാ​രി​ക്കു​മ്പോൾ നമ്മളും യഹോ​വ​യു​ടെ ഒരു സുഹൃ​ത്താ​ണെന്നു കാണി​ക്കു​ക​യാണ്‌.

“ചോദി​ക്കു​ന്നെ​ങ്കിൽത്തന്നെ, നിങ്ങൾക്ക്‌ ഒന്നും ലഭിക്കു​ന്നില്ല. കാരണം . . . ദുരു​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണു നിങ്ങൾ ചോദി​ക്കു​ന്നത്‌.”​—യാക്കോബ്‌ 4:3.

ദൈവ​ത്തിന്‌ ഇഷ്ടമല്ലാത്ത, നമ്മൾ ചെയ്‌തു​കാ​ണാൻ ദൈവം ആഗ്രഹി​ക്കാത്ത, ഒരു കാര്യ​ത്തി​നു വേണ്ടി​യാ​ണു നമ്മൾ പ്രാർഥി​ക്കു​ന്ന​തെ​ങ്കി​ലോ? ആ പ്രാർഥന ദൈവം കേൾക്കു​മെന്നു നമുക്ക്‌ പ്രതീ​ക്ഷി​ക്കാൻ കഴിയു​മോ? ഉദാഹ​ര​ണ​ത്തിന്‌, ചൂതാ​ട്ട​ത്തി​ലൂ​ടെ പണം നേടാൻ ഒരാൾ പ്രാർഥി​ക്കു​ന്നു എന്നു വിചാ​രി​ക്കുക. അത്യാ​ഗ്രഹം പാടി​ല്ലെ​ന്നും ഭാഗ്യ​പ​രീ​ക്ഷണം നടത്തരു​തെ​ന്നും വ്യക്തമായ മുന്നറി​യി​പ്പു ദൈവം തന്നിരി​ക്കുന്ന സ്ഥിതിക്ക്‌ ആ പ്രാർഥന ദൈവം കേൾക്കു​മോ? (യശയ്യ 65:11; ലൂക്കോസ്‌ 12:15) അങ്ങനെ ചിന്തി​ക്കു​ന്ന​തിൽ യാതൊ​രു അർഥവു​മി​ല്ലല്ലേ? അതു​കൊണ്ട്‌ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം കിട്ടണ​മെ​ങ്കിൽ ബൈബി​ളി​ലൂ​ടെ ദൈവം പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രാർഥി​ക്കണം.

“നിയമ​ത്തി​നു ചെവി കൊടു​ക്കാൻ മനസ്സി​ല്ലാ​ത്ത​വന്റെ പ്രാർഥ​ന​പോ​ലും അറപ്പു​ണ്ടാ​ക്കു​ന്നത്‌.”​—സുഭാ​ഷി​തങ്ങൾ 28:9.

ബൈബിൾ കാലങ്ങ​ളിൽ തന്റെ നിയമങ്ങൾ അനുസ​രി​ക്കാ​ത്ത​വ​രു​ടെ പ്രാർഥ​ന​കൾക്കു ദൈവം ഉത്തരം നൽകി​യി​രു​ന്നില്ല. (യശയ്യ 1:15, 16) ഇന്നും ദൈവ​ത്തിന്‌ മാറ്റം വന്നിട്ടില്ല. (മലാഖി 3:6) നമ്മുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം കിട്ടണ​മെ​ങ്കിൽ നമ്മൾ ദൈവ​ത്തി​ന്റെ നിയമങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കണം. എന്നാൽ കഴിഞ്ഞ കാലത്ത്‌ നമ്മൾ തെറ്റുകൾ ചെയ്‌തി​ട്ടു​ണ്ടെ​ങ്കി​ലോ? അതിന്റെ അർഥം ദൈവം നമ്മുടെ പ്രാർഥ​നകൾ ഒരിക്ക​ലും കേൾക്കില്ല എന്നാണോ? അല്ല. നമ്മൾ തെറ്റു തിരുത്തി ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ പരമാ​വധി ശ്രമി​ക്കു​ന്നെ​ങ്കിൽ ദൈവം നമ്മളോ​ടു തീർച്ച​യാ​യും ക്ഷമിക്കും.​—പ്രവൃ​ത്തി​കൾ 3:19.