പഠനലേഖനം 18
‘ഓട്ടം പൂർത്തിയാക്കുക’
“ഞാൻ ഓട്ടം പൂർത്തിയാക്കി.”—2 തിമൊ. 4:7.
ഗീതം 129 നമ്മൾ എന്നും സഹിച്ചുനിൽക്കും
പൂർവാവലോകനം *
1. നമ്മൾ എല്ലാവരും എന്താണു ചെയ്യേണ്ടത്?
വളരെ ബുദ്ധിമുട്ടാണെന്നു നിങ്ങൾക്ക് അറിയാവുന്ന ഒരു ഓട്ടമത്സരത്തിൽ നിങ്ങൾ പങ്കെടുക്കുമോ? സാധ്യതയനുസരിച്ച് ഇല്ല. പ്രത്യേകിച്ച് നിങ്ങൾക്ക് എന്തെങ്കിലും രോഗമോ ക്ഷീണമോ ഉണ്ടെങ്കിൽ ഒട്ടുംതന്നെ സാധ്യതയില്ല. എന്നാൽ എല്ലാ ക്രിസ്ത്യാനികളും ഒരു ഓട്ടമത്സരത്തിലാണെന്നു പൗലോസ് അപ്പോസ്തലൻ പറഞ്ഞു. (എബ്രാ. 12:1) നമ്മൾ ചെറുപ്പക്കാരായിരിക്കും, അല്ലെങ്കിൽ നമുക്കു പ്രായമായിക്കാണും. നമുക്കു നല്ല ആരോഗ്യമുണ്ടായിരിക്കും, അല്ലെങ്കിൽ വലിയ ആരോഗ്യമില്ലാത്തവരായിരിക്കും. സാഹചര്യങ്ങൾ എന്തായാലും യഹോവ തരുമെന്നു പറഞ്ഞിട്ടുള്ള സമ്മാനം കിട്ടണമെങ്കിൽ നമ്മൾ എല്ലാവരും അവസാനംവരെ മടുത്തുപോകാതെ ഓടണം.—മത്താ. 24:13.
2. 2 തിമൊഥെയൊസ് 4:7, 8-ൽ കാണുന്നതുപോലെ, തളർന്നുപോകാതെ ഓടാനുള്ള ഉപദേശം പൗലോസിനു കൊടുക്കാൻ കഴിഞ്ഞത് എന്തുകൊണ്ട്?
2 വിജയകരമായി ‘ഓട്ടം പൂർത്തിയാക്കിയ ആളായിരുന്നു’ പൗലോസ്. അതുകൊണ്ട് പൗലോസിന് അതെക്കുറിച്ച് മറ്റുള്ളവരോടു പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. (2 തിമൊഥെയൊസ് 4:7, 8 വായിക്കുക.) പക്ഷേ പൗലോസ് ഇവിടെ പറഞ്ഞ ഓട്ടമത്സരം എന്താണ്?
എന്താണ് ആ ഓട്ടമത്സരം?
3. പൗലോസ് പറഞ്ഞ ഓട്ടമത്സരം എന്താണ്?
3 പ്രധാനപ്പെട്ട പാഠങ്ങൾ പഠിപ്പിക്കാൻ പൗലോസ് പലപ്പോഴും പുരാതന ഗ്രീസിൽ നടന്നിരുന്ന കായികമത്സരങ്ങളുടെ ചില സവിശേഷതകൾ ഉപയോഗിച്ചിരുന്നു. (1 കൊരി. 9:25-27; 2 തിമൊ. 2:5) ചില അവസരങ്ങളിൽ, ക്രിസ്ത്യാനിയായുള്ള ഒരാളുടെ ജീവിതത്തെ പൗലോസ് ഓട്ടമത്സരത്തോടു താരതമ്യം ചെയ്തിട്ടുണ്ട്. (1 കൊരി. 9:24; ഗലാ. 2:2; ഫിലി. 2:16) തന്നെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുകയും സ്നാനപ്പെടുകയും ചെയ്യുമ്പോഴാണ് ഒരാൾ ഈ ‘ഓട്ടമത്സരത്തിൽ’ ഓടാൻ തുടങ്ങുന്നത്. (1 പത്രോ. 3:21) യഹോവ നിത്യജീവൻ എന്ന സമ്മാനം കൊടുക്കുമ്പോൾ ആ വ്യക്തി ഫിനിഷിങ് ലൈനിലെത്തും.—മത്താ. 25:31-34, 46; 2 തിമൊ. 4:8.
4. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
4 ദീർഘദൂര ഓട്ടമത്സരവും ക്രിസ്ത്യാനിയായുള്ള ഒരാളുടെ ജീവിതവും തമ്മിൽ താരതമ്യം ചെയ്തിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം ഇതു തമ്മിൽ പല സാമ്യങ്ങളുണ്ട്. അതിൽ മൂന്നെണ്ണം നമുക്കു നോക്കാം. ഒന്ന്, നമ്മൾ ശരിയായ വഴിയിലൂടെ ഓടണം. രണ്ട്, നമ്മുടെ മനസ്സ് എപ്പോഴും ഫിനിഷിങ് ലൈനിൽ, അതായത് ലക്ഷ്യത്തിൽ
ആയിരിക്കണം. മൂന്ന്, ഓട്ടത്തിനിടയിൽ വരുന്ന തടസ്സങ്ങൾ നമ്മൾ മറികടക്കണം.ശരിയായ വഴിയിലൂടെ ഓടുക
5. ഏതു വഴിയിലൂടെയാണു നമ്മൾ ഓടേണ്ടത്, എന്തുകൊണ്ട്?
5 ഓട്ടമത്സരത്തിൽ സമ്മാനം കിട്ടണമെങ്കിൽ അതിന്റെ സംഘാടകർ പറയുന്ന വഴിയിലൂടെതന്നെ ഓട്ടക്കാർ ഓടണം. അതുപോലെ നിത്യജീവൻ എന്ന സമ്മാനം കിട്ടണമെങ്കിൽ നമ്മൾ ക്രിസ്തീയ ജീവിതരീതി പിൻപറ്റണം. (പ്രവൃ. 20:24; 1 പത്രോ. 2:21) പക്ഷേ സാത്താനും അവനെ അനുഗമിക്കുന്നവർക്കും നമ്മൾ അങ്ങനെ ചെയ്യുന്നത് ഇഷ്ടമല്ല. അവർ പൊയ്ക്കൊണ്ടിരിക്കുന്ന വഴിയിലൂടെ അവരോടൊപ്പം നമ്മൾ ഓടാനാണ് അവർ ആഗ്രഹിക്കുന്നത്. (1 പത്രോ. 4:4) നമ്മൾ തിരഞ്ഞെടുത്തിരിക്കുന്ന ജീവിതപാതയെ അവർ കളിയാക്കുന്നു. അവരുടെ വഴിയാണു നല്ലതെന്നും അതാണു സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയെന്നും അവർ അവകാശപ്പെടുന്നു. പക്ഷേ അവരുടെ ഈ അവകാശവാദങ്ങളെല്ലാം തെറ്റാണ്.—2 പത്രോ. 2:19.
6. ബ്രയാന്റെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
6 സാത്താന്റെ ലോകം പറയുന്ന വഴിയിലൂടെയാണ് ഇന്ന് അനേകരും ഓടുന്നത്. പക്ഷേ അതു സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയല്ലെന്ന് അവരോടൊപ്പം ഓടാൻ തീരുമാനിക്കുന്നവർക്കു പെട്ടെന്നുതന്നെ മനസ്സിലാകും. (റോമ. 6:16) പകരം അവർ സാത്താന്റെയും സ്വന്തം മോഹങ്ങളുടെയും അടിമകളാകും. അതിന് ഉദാഹരണമാണു ബ്രയാന്റെ ജീവിതം. ക്രിസ്തീയ ജീവിതരീതി പിൻപറ്റാനാണ് അച്ഛനും അമ്മയും ബ്രയാനെ പ്രോത്സാഹിപ്പിച്ചത്. പക്ഷേ ആ വഴിയേ പോയാൽ തനിക്കു സന്തോഷം കിട്ടില്ലെന്നു കൗമാരക്കാലത്ത് ബ്രയാനു തോന്നി. സാത്താന്റെ നിലവാരങ്ങളനുസരിച്ച് ജീവിക്കുന്നവരുടെകൂടെ ഓടാൻ ബ്രയാൻ തീരുമാനിച്ചു. ബ്രയാൻ പറയുന്നു: “തന്നിഷ്ടപ്രകാരമുള്ള ജീവിതം വാസ്തവത്തിൽ എന്റെ സ്വാതന്ത്ര്യം കവർന്നുകളയുമെന്നു ഞാൻ ചിന്തിച്ചിരുന്നതേ ഇല്ല. അത് എന്നെ ലഹരിയുടെ അടിമയാക്കി. ക്രമേണ മദ്യവും മയക്കുമരുന്നും ജീവിതത്തിന്റെ ഭാഗമായി. അധാർമികജീവിതമായിരുന്നു എന്റേത്. തുടർന്നുള്ള വർഷങ്ങളിൽ പതിയെപ്പതിയെ വീര്യംകൂടിയ ലഹരിവസ്തുക്കൾ ഞാൻ ഉപയോഗിച്ചുതുടങ്ങി. പലതിനും അടിമയായി എന്നു പറയാം. . . . ലഹരിയുടെ വലയിൽപ്പെട്ട ഞാൻ പണത്തിനായി ലഹരിവസ്തുക്കൾ വിൽക്കാൻ തുടങ്ങി.” പക്ഷേ പിന്നീടു ബ്രയാൻ യഹോവയുടെ നിലവാരങ്ങളനുസരിച്ച് ജീവിക്കാൻ തീരുമാനിച്ചു, ഓടിക്കൊണ്ടിരുന്ന വഴി ഉപേക്ഷിക്കുകയും 2001-ൽ സ്നാനപ്പെടുകയും ചെയ്തു. ക്രിസ്തീയപാതയിലൂടെയാണു ബ്രയാൻ ഇപ്പോൾ ഓടുന്നത്. അദ്ദേഹത്തിന് ഇപ്പോൾ ശരിക്കുള്ള സന്തോഷമുണ്ട്. *
7. മത്തായി 7:13, 14 പറയുന്നതനുസരിച്ച്, നമ്മുടെ മുമ്പിലുള്ള രണ്ടു വഴികൾ ഏതൊക്കെയാണ്?
7 നമ്മൾ ശരിയായ വഴിയിലൂടെതന്നെ ഓടേണ്ടത് എത്ര പ്രധാനമാണ്! “ജീവനിലേക്ക്” പോകുന്ന ഇടുക്കമുള്ള വഴിയിലൂടെയുള്ള ഓട്ടം നിറുത്തിയിട്ട് ഈ ലോകത്തിലെ മിക്കവരും യാത്ര ചെയ്യുന്ന വിശാലമായ വഴിയിലൂടെ നമ്മൾ പോകാനാണു സാത്താൻ ആഗ്രഹിക്കുന്നത്. എളുപ്പമുള്ള ആ വഴിയിലൂടെ പോകാനാണ് എല്ലാവർക്കും താത്പര്യം. പക്ഷേ അതു ‘നാശത്തിലേക്കുള്ള വഴിയാണെന്ന്’ ഓർക്കുക. (മത്തായി 7:13, 14 വായിക്കുക.) വഴി തെറ്റാതെ ശരിയായ വഴിയിലൂടെതന്നെ പോകണമെങ്കിൽ നമ്മൾ യഹോവയിൽ ആശ്രയിക്കുകയും യഹോവ പറയുന്നതു കേൾക്കുകയും വേണം.
എപ്പോഴും ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
8. ഒരു ഓട്ടക്കാരൻ വീണുപോയാൽ അയാൾ എന്തു ചെയ്യും?
8 ദീർഘദൂര ഓട്ടമത്സരത്തിലെ ഓട്ടക്കാർ വഴിയിൽ നോക്കിയാണ് ഓടുന്നത്, അല്ലെങ്കിൽ അവർ എവിടെയെങ്കിലും തട്ടിവീഴാൻ സാധ്യതയുണ്ട്. എന്നാലും ചിലപ്പോൾ അവർ കൂടെ ഓടുന്നയാളെ തട്ടിവീഴുകയോ അറിയാതെ കുഴിയിൽ ചവിട്ടി കാലിടറുകയോ ചെയ്തേക്കാം. വീണുപോയാൽ എഴുന്നേറ്റിട്ട് അവർ ഓട്ടം തുടരും. തങ്ങൾ എങ്ങനെ വീണു എന്നല്ല അവർ നോക്കുന്നത്. പകരം ഫിനിഷിങ് ലൈനിലും കിട്ടാനിരിക്കുന്ന സമ്മാനത്തിലും ആണ് അവരുടെ ശ്രദ്ധ.
9. നമ്മൾ വീണുപോയാൽ എന്തു ചെയ്യണം?
9 നമ്മുടെ ഓട്ടത്തിനിടയിൽ നമ്മൾ ഇടയ്ക്കിടെ വീണുപോയേക്കാം. എങ്ങനെ? ചിലപ്പോൾ വാക്കിലും പ്രവൃത്തിയിലും നമുക്കു തെറ്റുകൾ പറ്റും. അല്ലെങ്കിൽ നമ്മുടെകൂടെ ഓടുന്നവരുടെ തെറ്റുകൾ നമ്മളെ മുറിപ്പെടുത്തിയേക്കാം. അങ്ങനെ സംഭവിച്ചാൽ അതിൽ അതിശയിക്കേണ്ട കാര്യമില്ല. കാരണം നമ്മൾ എല്ലാം അപൂർണരാണ്. ജീവനിലേക്കു പോകുന്ന ഞെരുക്കമുള്ള ഒരേ വഴിയിലൂടെയാണു നമ്മൾ എല്ലാവരും ഓടുന്നത്. അതുകൊണ്ട് ചിലപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ‘തട്ടാനും മുട്ടാനും’ ഒക്കെ സാധ്യതയുണ്ട്. ചിലപ്പോഴൊക്കെ നമ്മുടെ ഒരു വാക്കോ പ്രവൃത്തിയോ മറ്റൊരാൾക്കു ‘പരാതിക്കു കാരണമാകുമെന്ന്’ പൗലോസ് പറഞ്ഞു. (കൊലോ. 3:13) നമ്മൾ വീണുപോയാൽ എന്തിൽ തട്ടിയാണു നമ്മൾ വീണതെന്നു ചിന്തിച്ച് സമയം കളയുന്നതിനു പകരം കിട്ടാൻപോകുന്ന സമ്മാനത്തെക്കുറിച്ച് നമുക്കു ചിന്തിക്കാം, എഴുന്നേറ്റ് നമ്മുടെ ഓട്ടം തുടരാം. അല്ലാതെ നീരസപ്പെട്ട് വീണിടത്തുതന്നെ കിടന്നാൽ നമ്മൾ ഫിനിഷിങ് ലൈനിൽ എത്തുകയുമില്ല, നമുക്കു സമ്മാനം കിട്ടുകയുമില്ല. അതു മാത്രമല്ല, ഞെരുക്കമുള്ള വഴിയിലൂടെ ഓടാൻ ശ്രമിക്കുന്ന മറ്റുള്ളവർക്കു നമ്മൾ ഒരു തടസ്സമാകുകയും ചെയ്തേക്കാം.
10. നമ്മൾ കാരണം മറ്റുള്ളവർ ‘ഇടറിവീഴുന്നത്’ ഒഴിവാക്കാൻ നമുക്ക് എന്തു ചെയ്യാം?
10 മറ്റൊരു വിധത്തിലും നമ്മൾ കാരണം മറ്റുള്ളവർ ‘ഇടറിവീഴുന്നത്’ നമുക്ക് ഒഴിവാക്കാം. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യണമെന്നു വാശി പിടിക്കുന്നതിനു പകരം നമ്മുടെകൂടെ ഓടുന്നവരുടെ താത്പര്യങ്ങൾക്കു മുൻഗണന കൊടുത്തുകൊണ്ട് നമുക്ക് അതു ചെയ്യാം. (റോമ. 14:13, 19-21; 1 കൊരി. 8:9, 13) പക്ഷേ അക്കാര്യത്തിൽ നമ്മൾ ഒരു ഓട്ടമത്സരത്തിലെ ഓട്ടക്കാരെപ്പോലെയല്ല. അവർ മറ്റ് ഓട്ടക്കാരുമായി മത്സരിക്കുകയാണ്. അവർ ഓരോരുത്തരും തനിക്ക് എങ്ങനെ ഒന്നാം സ്ഥാനത്ത് എത്താം എന്നു മാത്രമേ ചിന്തിക്കുന്നുള്ളൂ. അതുകൊണ്ട് എങ്ങനെയും മറ്റുള്ളവരെ പിന്നിലാക്കി മുന്നിലെത്താൻ അവർ ശ്രമിക്കുന്നു. ആ ഓട്ടക്കാർക്കു സ്വന്തം താത്പര്യങ്ങളെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ. എന്നാൽ നമ്മുടെ ഓട്ടമത്സരത്തിൽ നമ്മൾ പരസ്പരം മത്സരിക്കുന്നില്ല. (ഗലാ. 5:26; 6:4) മറ്റുള്ളവർ നമ്മളോടൊപ്പം ഫിനിഷിങ് ലൈനിൽ എത്താനും ജീവന്റെ സമ്മാനം നേടാനും ആണ് നമ്മൾ ആഗ്രഹിക്കുന്നത്. കഴിയുന്നത്ര ആളുകളെ അതിനു സഹായിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. അതുകൊണ്ട് “സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യംകൂടെ” നോക്കാനുള്ള പൗലോസിന്റെ ബുദ്ധിയുപദേശം അനുസരിക്കാൻ നമ്മൾ ശ്രമിക്കുന്നു.—ഫിലി. 2:4.
11. ഒരു ഓട്ടക്കാരന്റെ മനസ്സിൽ എപ്പോഴും എന്തുണ്ടായിരിക്കും, എന്തുകൊണ്ട്?
11 ഒരു ഓട്ടമത്സരത്തിലെ ഓട്ടക്കാർ വഴിയിൽ നോക്കിയാണ് ഓടുന്നതെങ്കിലും അവരുടെ മനസ്സിൽ എപ്പോഴും ആ ഫിനിഷിങ് ലൈനുണ്ട്. ആ ലൈൻ അവർക്കു നേരിട്ട് കാണാൻ കഴിയില്ല. എന്നാലും ഫിനിഷിങ് ലൈനിൽ എത്തി സമ്മാനം ലഭിക്കുന്നത് അവർക്കു ഭാവനയിൽ കാണാൻ കഴിയും. അതു മടുത്തുപോകാതെ ഓടാൻ അവർക്ക് ഒരു പ്രചോദനമാണ്.
12. യഹോവ നമുക്ക് ഏതു സമ്മാനം ഉറപ്പു തന്നിട്ടുണ്ട്?
12 നമ്മൾ പങ്കെടുക്കുന്ന ഓട്ടമത്സരത്തിൽ ഓട്ടം പൂർത്തിയാക്കുന്നവർക്കെല്ലാം സമ്മാനം കൊടുക്കുമെന്ന് യഹോവ സ്നേഹത്തോടെ ഉറപ്പു തന്നിട്ടുണ്ട്. സ്വർഗത്തിലെയോ ഭൂമിയിലെ പറുദീസയിലെയോ നിത്യജീവനാണ് അത്. ഈ സമ്മാനം എങ്ങനെയായിരിക്കുമെന്ന് തിരുവെഴുത്തുകൾ വിവരിക്കുന്നുണ്ട്. അതുകൊണ്ട് ഭാവിയിൽ നമ്മുടെ ജീവിതം എത്ര മനോഹരമായിരിക്കുമെന്ന് നമുക്കു സങ്കൽപ്പിച്ചുനോക്കാൻ കഴിയും. നമ്മുടെ സമ്മാനം ഒളി മങ്ങാതെ മനസ്സിൽ സൂക്ഷിക്കുന്നെങ്കിൽ ഓട്ടം നിറുത്തിക്കളയാനുള്ള സാധ്യത കുറവായിരിക്കും.
തടസ്സങ്ങൾ ഉണ്ടായാലും ഓടുക
13. ഓട്ടമത്സരത്തിലെ ഓട്ടക്കാർക്കില്ലാത്ത എന്താണ് നമുക്കുള്ളത്?
13 പുരാതന ഗ്രീസിലെ ഓട്ടക്കാർക്കു ക്ഷീണവും ശരീരവേദനയും പോലുള്ള പല പ്രശ്നങ്ങളും മറികടക്കണമായിരുന്നു. അവർക്കു കിട്ടിയ പരിശീലനവും അവരുടെ ആരോഗ്യവും ആയിരുന്നു അവർക്ക് ആകെയുണ്ടായിരുന്ന കൈമുതൽ. ആ ഓട്ടക്കാരെപ്പോലെ നമുക്കും പരിശീലനം കിട്ടുന്നുണ്ട്. പക്ഷേ അതു മാത്രമല്ല, ആവശ്യമായ ശക്തിയും നമുക്കു ലഭിക്കും. എങ്ങനെ? യഹോവ അപരിമിതമായ ശക്തിയുടെ ഉറവാണ്. യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ നമ്മളെ പരിശീലിപ്പിക്കുമെന്നു മാത്രമല്ല, ശക്തരാക്കുമെന്നും യഹോവ ഉറപ്പു തന്നിട്ടുണ്ട്.—1 പത്രോ. 5:10.
14. 2 കൊരിന്ത്യർ 12:9, 10 പ്രശ്നങ്ങൾ നേരിടാൻ നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്?
14 പൗലോസിനു പല പ്രശ്നങ്ങളും നേരിടേണ്ടിവന്നു. മറ്റുള്ളവരുടെ പരിഹാസവും ഉപദ്രവവും ആയിരുന്നു അതിലൊന്ന്. കൂടാതെ പലപ്പോഴും തനിക്കു വേണ്ടത്ര ബലമില്ലാത്തതുപോലെ പൗലോസിനു തോന്നി. ഇനി ‘ജഡത്തിലെ മുള്ള്’ എന്നു വിളിച്ച ഒരു പ്രശ്നവും പൗലോസിനുണ്ടായിരുന്നു. (2 കൊരി. 12:7) പക്ഷേ ഈ പ്രശ്നങ്ങൾ ഓട്ടം നിറുത്തിക്കളയാനുള്ള കാരണങ്ങളായി കാണുന്നതിനു പകരം യഹോവയിൽ ആശ്രയിക്കാനുള്ള അവസരങ്ങളായാണു പൗലോസ് കണ്ടത്. (2 കൊരിന്ത്യർ 12:9, 10 വായിക്കുക.) ഇങ്ങനെയൊരു മനോഭാവമുണ്ടായിരുന്നതുകൊണ്ട് പരിശോധനകളുടെ സമയത്തെല്ലാം യഹോവ പൗലോസിനെ സഹായിച്ചു.
15. പൗലോസിനെ അനുകരിക്കുന്നെങ്കിൽ നമുക്ക് എന്ത് അനുഭവിച്ചറിയാനാകും?
15 വിശ്വാസത്തിന്റെ പേരിൽ നമുക്കും പരിഹാസവും ഉപദ്രവവും ഒക്കെ നേരിട്ടേക്കാം. നമുക്കും ആരോഗ്യപ്രശ്നങ്ങളും ക്ഷീണവും തളർച്ചയും ഒക്കെ അനുഭവിക്കേണ്ടിവന്നേക്കാം. എന്നാൽ നമ്മൾ പൗലോസിനെ അനുകരിക്കുന്നെങ്കിൽ ഇത്തരം പ്രശ്നങ്ങൾ യഹോവയുടെ സഹായം അനുഭവിച്ചറിയാനുള്ള അവസരങ്ങളായി മാറും. അതെ, അത്തരം സാഹചര്യങ്ങളിൽ യഹോവ സ്നേഹത്തോടെ നമ്മളെ സഹായിക്കും.
16. ആരോഗ്യമില്ലെങ്കിലും നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
16 നിങ്ങൾ കിടപ്പിലാണോ? അതോ വീൽച്ചെയറിനെ ആശ്രയിച്ചാണോ നിങ്ങൾ കഴിയുന്നത്? നിങ്ങൾക്കു നടക്കാൻ ബുദ്ധിമുട്ടുണ്ടോ? നിങ്ങളുടെ കാഴ്ച മങ്ങിവരുകയാണോ? അങ്ങനെയെങ്കിൽ ചെറുപ്പക്കാരുടെയും ആരോഗ്യമുള്ളവരുടെയും കൂടെ ഓടാൻ നിങ്ങൾക്കു കഴിയുമോ? തീർച്ചയായും നിങ്ങൾക്കു കഴിയും. പ്രായംചെന്നവർക്കും ആരോഗ്യമില്ലാത്തവർക്കും സ്വന്തം ശക്തികൊണ്ട് ഇതു ചെയ്യാൻ കഴിയില്ല എന്നതു ശരിയാണ്. പക്ഷേ അങ്ങനെ ചെയ്യുന്ന പലരുമുണ്ട്. യഹോവയുടെ ശക്തിയിൽ ആശ്രയിക്കുന്നതുകൊണ്ടാണ് അവർക്ക് അതു കഴിയുന്നത്. എങ്ങനെയാണ് അവർ അതു ചെയ്യുന്നത്? ഫോണിലൂടെയോ വെബ്സൈറ്റ് (JW Streaming) വഴിയോ ക്രിസ്തീയയോഗങ്ങൾ അവർ ശ്രദ്ധിക്കുന്നു. ഡോക്ടർമാരോടും നഴ്സുമാരോടും ബന്ധുക്കളോടും സാക്ഷീകരിച്ചുകൊണ്ട് അവർ ശിഷ്യരാക്കൽവേലയിൽ ഏർപ്പെടുകയും ചെയ്യുന്നു.
17. നല്ല ആരോഗ്യമില്ലാത്ത തന്റെ ദാസരെക്കുറിച്ച് യഹോവയ്ക്ക് എന്താണു തോന്നുന്നത്?
17 നിങ്ങളുടെ ശരീരത്തിന്റെ പരിമിതികൾ കാരണം മനസ്സു മടുത്തുപോയിട്ട് ജീവനുവേണ്ടിയുള്ള ഓട്ടം ഓടിത്തീർക്കാനുള്ള ശേഷി നിങ്ങൾക്കില്ലെന്നു ചിന്തിക്കരുത്. ഇത്രയും കാലം നിങ്ങൾ യഹോവയിൽ സങ്കീ. 9:10) എന്നു മാത്രമല്ല, ഈ സമയത്ത് യഹോവ നിങ്ങളോടു കൂടുതൽ അടുക്കുകയും ചെയ്യും. ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങളുള്ള ഒരു സഹോദരി പറഞ്ഞതു ശ്രദ്ധിക്കുക: “ആരോഗ്യപ്രശ്നങ്ങൾ കൂടുന്നതനുസരിച്ച്, സത്യത്തെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ എനിക്കു കിട്ടുന്ന അവസരങ്ങൾ കുറഞ്ഞുവരുകയാണ്. പക്ഷേ ഞാൻ ചെയ്യുന്ന ചെറിയ കാര്യങ്ങൾപോലും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. അത് ഓർക്കുമ്പോൾ എനിക്കും സന്തോഷം തോന്നുന്നു.” നിങ്ങളുടെ മനസ്സു തളരുന്നെങ്കിൽ ഓർക്കുക: യഹോവ നിങ്ങളുടെകൂടെയുണ്ട്. പൗലോസിന്റെ മാതൃക നോക്കുക. അദ്ദേഹത്തിന്റെ ഈ വാക്കുകൾ തീർച്ചയായും നിങ്ങൾക്കു പ്രോത്സാഹനം പകരും: “ബലഹീനതകൾ . . . സഹിക്കുന്നതിൽ എനിക്കു സന്തോഷമേ ഉള്ളൂ. കാരണം ബലഹീനനായിരിക്കുമ്പോൾത്തന്നെ ഞാൻ ശക്തനുമാണ്.”—2 കൊരി. 12:10.
അർപ്പിച്ച വിശ്വാസവും യഹോവയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങളും യഹോവ മറന്നിട്ടില്ല. യഹോവ നിങ്ങളെ സ്നേഹിക്കുന്നു. മുമ്പെന്നത്തെക്കാളും ഇപ്പോൾ നിങ്ങൾക്ക് യഹോവയുടെ സഹായം വേണം. യഹോവ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ല. (18. ചിലർ അനുഭവിക്കുന്ന ഒരു പ്രത്യേകപ്രശ്നം എന്താണ്?
18 ജീവനിലേക്കുള്ള വഴിയിൽ ഓടുന്ന ചിലർ അനുഭവിക്കുന്നതു വേറൊരു പ്രശ്നമാണ്. മറ്റുള്ളവർക്കു കാണാൻ കഴിയാത്ത ചില വ്യക്തിപരമായ പ്രശ്നങ്ങൾ അവർക്കുണ്ട്. അത് ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞെന്നുംവരില്ല. ഉദാഹരണത്തിന്, അവർ കടുത്ത വിഷാദമോ ഉത്കണ്ഠയോ സമ്മർദമോ അനുഭവിക്കുന്നുണ്ടാകും. യഹോവയുടെ ഈ പ്രിയപ്പെട്ട ദാസർ നേരിടുന്ന പ്രശ്നം കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നത് എന്താണ്? ഒരാളുടെ കൈ ഒടിഞ്ഞിരിക്കുന്നതോ ഒരാൾ വീൽച്ചെയറിന്റെ സഹായത്തോടെ കഴിയുന്നതോ എല്ലാവർക്കും കാണാനാകും. അങ്ങനെയുള്ളവരെ സഹായിക്കാനും മറ്റുള്ളവർക്കു തോന്നും. എന്നാൽ മാനസികസമ്മർദമോ അതുപോലെയുള്ള ബുദ്ധിമുട്ടുകളോ അനുഭവിക്കുന്നവരെ പുറമേനിന്ന് നോക്കിയാൽ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നണമെന്നില്ല. പക്ഷേ കാലോ കൈയോ ഒടിഞ്ഞവർക്കുള്ളതുപോലെതന്നെ ഇവർക്കും വേദനയും പ്രയാസവും ഒക്കെയുണ്ട്. എന്നാൽ മറ്റുള്ളവർക്ക് അതു കാണാൻ കഴിയാത്തതുകൊണ്ട് അവർക്ക് ആവശ്യമായ സ്നേഹവും ശ്രദ്ധയും മറ്റുള്ളവർ കൊടുത്തെന്നുവരില്ല.
19. മെഫിബോശെത്തിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
19 നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടോ? മറ്റുള്ളവർ നിങ്ങളെ മനസ്സിലാക്കുന്നില്ലെന്നു തോന്നുന്നുണ്ടോ? എങ്കിൽ മെഫിബോശെത്തിന്റെ മാതൃക നിങ്ങൾക്ക് ഒരു പ്രോത്സാഹനമായിരിക്കും. (2 ശമു. 4:4) മെഫിബോശെത്തിനു ശാരീരികവൈകല്യങ്ങളുണ്ടായിരുന്നു. ദാവീദ് രാജാവ് മെഫിബോശെത്തിനെ തെറ്റിദ്ധരിക്കുകയും അദ്ദേഹത്തോട് അന്യായമായി പെരുമാറുകയും ചെയ്തു. മെഫിബോശെത്തിന്റെ എന്തെങ്കിലും തെറ്റുകൊണ്ടല്ല ഇതൊക്കെ സംഭവിച്ചത്. എങ്കിലും ഇതിന്റെയൊന്നും പേരിൽ മെഫിബോശെത്തിന് ആരോടും നീരസം തോന്നിയില്ല. പകരം ജീവിതത്തിലെ നല്ല കാര്യങ്ങൾക്കു അദ്ദേഹം നന്ദിയുള്ളവനായിരുന്നു. മുമ്പ് ദാവീദ് കാണിച്ച ദയ അദ്ദേഹം മറന്നില്ല. (2 ശമു. 9:6-10) അതുകൊണ്ട് ദാവീദ് കാര്യം മുഴുവൻ മനസ്സിലാക്കാതെ തന്നോട് ഇടപെട്ടപ്പോൾ മെഫിബോശെത്ത് ദേഷ്യപ്പെടുകയോ നീരസപ്പെടുകയോ ചെയ്തില്ല. ദാവീദ് ചെയ്ത തെറ്റിന് യഹോവയെ കുറ്റപ്പെടുത്തുന്നതിനു പകരം യഹോവ നിയമിച്ച രാജാവിനെ എങ്ങനെ പിന്തുണയ്ക്കാമെന്നാണു മെഫിബോശെത്ത് ചിന്തിച്ചത്. (2 ശമു. 16:1-4; 19:24-30) നമ്മുടെ പ്രയോജനത്തിനുവേണ്ടി യഹോവ തന്റെ വചനത്തിൽ മെഫിബോശെത്തിന്റെ ഈ നല്ല മാതൃക രേഖപ്പെടുത്തി.—റോമ. 15:4.
20. ഉത്കണ്ഠ ചിലരെ എങ്ങനെ ബാധിച്ചേക്കാം, പക്ഷേ ഏതു കാര്യത്തിൽ അവർക്ക് ഉറപ്പുണ്ടായിരിക്കാം?
20 കടുത്ത ഉത്കണ്ഠ കാരണം ചില സഹോദരങ്ങൾക്കു മറ്റുള്ളവരുടെകൂടെയായിരിക്കുമ്പോൾ വല്ലാത്ത പരിഭ്രമവും പിരിമുറുക്കവും ഒക്കെ തോന്നാറുണ്ട്. വലിയൊരു കൂട്ടത്തിന്റെകൂടെയായിരിക്കുന്നത് അവർക്കു ബുദ്ധിമുട്ടാണ്, എങ്കിലും അവർ മീറ്റിങ്ങുകൾക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും പോകുന്നു. പരിചയമില്ലാത്ത ആളുകളോടു സംസാരിക്കുന്നത് അവർക്ക് ഒരു പ്രശ്നമാണ്. എങ്കിലും അവർ വയൽസേവനത്തിനു പോകുകയും മറ്റുള്ളവരോടു സംസാരിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ടെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. പലരും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മുഴുഹൃദയത്തോടെ നിങ്ങൾ ചെയ്യുന്ന ശ്രമങ്ങൾ കാണുമ്പോൾ യഹോവ സന്തോഷിക്കുന്നുണ്ടെന്ന് ഓർക്കുക. യഹോവ നിങ്ങളെ അനുഗ്രഹിക്കുന്നതുകൊണ്ടും നിങ്ങൾക്ക് ആവശ്യമായ ശക്തി തരുന്നതുകൊണ്ടും ആണ് നിങ്ങൾ ഇത്രയും കാലം പിടിച്ചുനിന്നത്. * (ഫിലി. 4:6, 7; 1 പത്രോ. 5:7) ആരോഗ്യപ്രശ്നങ്ങളോ മാനസികസമ്മർദമോ ഒക്കെ ഉണ്ടെങ്കിലും യഹോവയെ സേവിക്കുന്നെങ്കിൽ അത് യഹോവയെ സന്തോഷിപ്പിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക.
21. യഹോവയുടെ സഹായത്താൽ നമുക്ക് എല്ലാവർക്കും എന്തു ചെയ്യാൻ കഴിയും?
21 അതെ, ഒരു സാധാരണ ഓട്ടമത്സരവും പൗലോസ് പറഞ്ഞ ഓട്ടമത്സരവും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ബൈബിൾക്കാലങ്ങളിലെ ഓട്ടമത്സരങ്ങളിൽ ഒരാൾക്കേ സമ്മാനം കിട്ടിയിരുന്നുള്ളൂ. എന്നാൽ ക്രിസ്ത്യാനികളായ നമ്മുടെ ഓട്ടത്തിൽ അവസാനംവരെ വിശ്വസ്തമായി പിടിച്ചുനിൽക്കുന്നവർക്കെല്ലാം നിത്യജീവൻ എന്ന സമ്മാനം കിട്ടും. (യോഹ. 3:16) ഇനി, ഒരു ഓട്ടമത്സരത്തിൽ ഓട്ടക്കാർക്കെല്ലാം നല്ല ആരോഗ്യമുണ്ടായിരിക്കണം. അല്ലെങ്കിൽ അവർ ജയിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും. എന്നാൽ നമ്മളിൽ പലർക്കും നല്ല ആരോഗ്യമില്ലായിരിക്കും. എങ്കിലും നമ്മൾ മടുത്തുപോകാതെ ഓടുന്നു. (2 കൊരി. 4:16) യഹോവയുടെ സഹായത്താൽ നമ്മൾ ഫിനിഷിങ് ലൈൻവരെ ഓടുകതന്നെ ചെയ്യും!
ഗീതം 144 സമ്മാനത്തിൽ കണ്ണു നട്ടിരിക്കുക!
^ ഖ. 5 യഹോവയുടെ ദാസന്മാരിൽ പലരും പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. മറ്റു പലർക്കും ശരീരത്തിന്റെ ശക്തി ചോർത്തിക്കളയുന്ന ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇനി, ചില സമയത്ത് നമുക്ക് എല്ലാവർക്കും ക്ഷീണം തോന്നാറുണ്ട്. അതുകൊണ്ട് ഒരു ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കാര്യം നമുക്കു ചിന്തിക്കാനേ പറ്റില്ലായിരിക്കും. പൗലോസ് അപ്പോസ്തലൻ പറഞ്ഞ ജീവനുവേണ്ടിയുള്ള ഓട്ടം നമുക്ക് എങ്ങനെ മടുത്തുപോകാതെ ഓടാമെന്നും ആ ഓട്ടത്തിൽ എങ്ങനെ വിജയിക്കാമെന്നും ഈ ലേഖനം ചർച്ച ചെയ്യും.
^ ഖ. 6 2013 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിലെ “ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” എന്ന ലേഖനം കാണുക.
^ ഖ. 20 ഉത്കണ്ഠയുള്ളവരെ സഹായിക്കുന്ന ചില പ്രായോഗികനിർദേശങ്ങൾക്കായും അതുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന ചിലരുടെ അനുഭവങ്ങൾക്കായും jw.org®-ലെ 2019 മെയ് മാസത്തെ പ്രതിമാസപരിപാടി കാണുക. ലൈബ്രറി > JW പ്രക്ഷേപണം എന്നതിനു കീഴിൽ നോക്കുക.
^ ഖ. 63 ചിത്രക്കുറിപ്പ്: ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടുന്നത് ശരിയായ വഴിയിലൂടെ ഓടാൻ പ്രായമുള്ള ഈ സഹോദരനെ സഹായിക്കുന്നു.
^ ഖ. 65 ചിത്രക്കുറിപ്പ്: മദ്യം കൂടുതൽ കുടിക്കാൻ മറ്റുള്ളവരെ നിർബന്ധിക്കുകയോ നമ്മൾതന്നെ അമിതമായി കുടിക്കുകയോ ചെയ്യുന്നെങ്കിൽ അതു മറ്റുള്ളവരെ ഇടറിച്ചേക്കാം.
^ ഖ. 67 ചിത്രക്കുറിപ്പ്: ആശുപത്രിക്കിടക്കയിലാണെങ്കിലും ഒരു സഹോദരൻ തന്നെ പരിചരിക്കുന്നവരോടു സാക്ഷീകരിച്ചുകൊണ്ട് ക്രിസ്തീയപാതയിലൂടെ ഓടുന്നു.