പഠനലേഖനം 25
“എന്റെ ആടുകളെ ഞാൻതന്നെ തിരഞ്ഞ് കണ്ടുപിടിക്കും”
“എന്റെ ആടുകളെ ഞാൻതന്നെ തിരഞ്ഞ് കണ്ടുപിടിക്കും. ഞാൻ അവയെ പരിപാലിക്കും.”—യഹ. 34:11.
ഗീതം 105 “ദൈവം സ്നേഹമാണ്”
പൂർവാവലോകനം *
1. എന്തുകൊണ്ടാണ് മുലയൂട്ടുന്ന ഒരു അമ്മയോട് യഹോവ തന്നെ താരതമ്യം ചെയ്തത്?
യശയ്യ പ്രവാചകന്റെ കാലത്ത് യഹോവ ഇങ്ങനെയൊരു ചോദ്യം ചോദിച്ചു: “മുല കുടിക്കുന്ന കുഞ്ഞിനെ ഒരു അമ്മയ്ക്കു മറക്കാനാകുമോ?” എന്നിട്ട് ദൈവം തന്റെ ജനത്തോട് ഇങ്ങനെ പറഞ്ഞു: “ഇവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ ഒരിക്കലും മറക്കില്ല.” (യശ. 49:15) സാധാരണ യഹോവ തന്നെ ഒരു അമ്മയുമായി താരതമ്യം ചെയ്യാറില്ല. പക്ഷേ ഈ സാഹചര്യത്തിൽ യഹോവ അങ്ങനെ ചെയ്തു. തനിക്കു തന്റെ ദാസന്മാരോട് എത്രമാത്രം അടുപ്പം തോന്നുന്നുണ്ടെന്നു കാണിക്കാനാണ് ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം യഹോവ ഇവിടെ ഉപയോഗിച്ചത്. ജാസ്മിൻ എന്ന സഹോദരി പറയുന്നതുപോലെയാണ് മിക്ക അമ്മമാർക്കും തോന്നുന്നത്. ജാസ്മിൻ പറയുന്നു: “നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ മുലയൂട്ടുമ്പോൾ, കുഞ്ഞുമായി ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു പ്രത്യേകബന്ധത്തിനു നിങ്ങൾ തുടക്കമിടുകയാണ്.”
2. തന്റെ മക്കളിൽ ഒരാൾ തന്നിൽനിന്ന് അകന്നുപോകുന്നതു കാണുമ്പോൾ യഹോവയ്ക്ക് എന്താണു തോന്നുന്നത്?
2 തന്റെ മക്കളിൽ ഒരാളെങ്കിലും മീറ്റിങ്ങുകൾക്കു പോകുന്നതും വയൽസേവനത്തിൽ പങ്കെടുക്കുന്നതും നിറുത്തിയാൽ, അതുപോലും യഹോവ ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഓരോ വർഷവും തന്റെ ആയിരക്കണക്കിനു ദാസന്മാർ നിഷ്ക്രിയരാകുന്നതു * കാണുമ്പോൾ യഹോവയ്ക്ക് എത്രമാത്രം വേദന തോന്നുന്നുണ്ടെന്ന് ഒന്ന് ആലോചിച്ചുനോക്കൂ!
3. യഹോവ എന്താണ് ആഗ്രഹിക്കുന്നത്?
3 നിഷ്ക്രിയരായിപ്പോയ നമ്മുടെ സഹോദരങ്ങളിൽ മിക്കവരും പിന്നീടു സഭയിലേക്കു തിരിച്ചുവരാറുണ്ട്. അവർ തിരിച്ചുവരുമ്പോൾ നമ്മൾ അതിൽ സന്തോഷിക്കുകയും ചെയ്യുന്നു. നിഷ്ക്രിയരായ എല്ലാവരും തിരിച്ചുവരണമെന്നാണ് യഹോവയുടെ ആഗ്രഹം. നമ്മളും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. (1 പത്രോ. 2:25) നമുക്ക് അവരെ എങ്ങനെ സഹായിക്കാം? ആ ചോദ്യത്തിനുള്ള ഉത്തരം മനസ്സിലാക്കുന്നതിനുമുമ്പ്, ചിലർ മീറ്റിങ്ങുകൾക്കും ശുശ്രൂഷയ്ക്കും പോകുന്നതു നിറുത്തുന്നതിന്റെ കാരണങ്ങൾ നമുക്കു നോക്കാം.
ചിലർ യഹോവയെ സേവിക്കുന്നതു നിറുത്തുന്നതിന്റെ കാരണം
4. ജോലി ചിലരെ എങ്ങനെ ബാധിച്ചിരിക്കുന്നു?
4 ചിലർ ജോലികാര്യങ്ങളിൽ അമിതമായി മുഴുകിപ്പോയിരിക്കുന്നു. തെക്കുകിഴക്കേ ഏഷ്യയിൽ താമസിക്കുന്ന ഹംഗ് * എന്ന സഹോദരൻ പറയുന്നു: “ഞാൻ വളരെയധികം സമയവും ഊർജവും എന്റെ ജോലികാര്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചു. സാമ്പത്തികമായി ഉയർന്ന നിലയിലാണെങ്കിൽ എനിക്കു കുറെക്കൂടി മെച്ചമായി യഹോവയെ സേവിക്കാനാകും എന്നു ഞാൻ കരുതി. പക്ഷേ ആ ചിന്ത തെറ്റായിരുന്നെന്നു പിന്നീട് എനിക്കു മനസ്സിലായി. ഞാൻ കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്തു. അതിനുവേണ്ടി മീറ്റിങ്ങുകൾ മുടക്കാൻ തുടങ്ങിയ ഞാൻ അവസാനം മീറ്റിങ്ങുകൾക്കു പോകാതെയായി. ദൈവത്തിൽനിന്ന് ആളുകളെ പതുക്കെപ്പതുക്കെ അകറ്റുന്ന രീതിയിലാണ് ഈ ലോകത്തെ സാത്താൻ ഒരുക്കിയിരിക്കുന്നത്.”
5. പ്രശ്നങ്ങളുടെ പരമ്പര ഒരു സഹോദരിയെ എങ്ങനെയാണു ബാധിച്ചത്?
5 ചില സഹോദരങ്ങളുടെ കാര്യത്തിൽ പലപല പ്രശ്നങ്ങൾ അവരെ വീർപ്പുമുട്ടിച്ചതുകൊണ്ടാണ് അവർ നിഷ്ക്രിയരായത്. അഞ്ചു മക്കളുടെ അമ്മയായ ബ്രിട്ടനിലെ ആൻ സഹോദരി പറയുന്നു: “ഗുരുതരമായ വൈകല്യങ്ങളോടെയാണ് എന്റെ ഒരു കുഞ്ഞ് ജനിച്ചത്. പിന്നീട് എന്റെ ഒരു മകളെ സഭയിൽനിന്ന് പുറത്താക്കി. അതുപോലെ എന്റെ ഒരു മകന് ഒരു മാനസികരോഗവും വന്നു. ഞാൻ ആകെ തകർന്നുപോയി. മീറ്റിങ്ങുകൾക്കും പ്രസംഗപ്രവർത്തനത്തിനും പോകുന്നതു ഞാൻ നിറുത്തി. അങ്ങനെ ഞാൻ നിഷ്ക്രിയയായി.” ആനിനോടും കുടുംബത്തോടും ഇതുപോലുള്ള പ്രശ്നങ്ങൾ നേരിടുന്ന മറ്റുള്ളവരോടും നിങ്ങൾക്കു സഹതാപം തോന്നുന്നില്ലേ?
6. കൊലോസ്യർ 3:13 ബാധകമാക്കാതിരുന്നാൽ ഒരാൾ യഹോവയുടെ ജനത്തിൽനിന്ന് അകന്നുപോയേക്കാവുന്നത് എങ്ങനെ?
6 കൊലോസ്യർ 3:13 വായിക്കുക. യഹോവയുടെ ചില ദാസന്മാർക്ക് ഒരു സഹവിശ്വാസിയുടെ പെരുമാറ്റം നിമിത്തം മുറിവേറ്റിട്ടുണ്ടായിരിക്കും. ചിലപ്പോൾ ഒരു സഹോദരനോ സഹോദരിക്കോ എതിരെ നമുക്കു ‘പരാതിക്കു ന്യായമായ കാരണമുണ്ടായേക്കാമെന്ന്’ പൗലോസ് അപ്പോസ്തലൻ മനസ്സിലാക്കി. നമുക്കു ചിലപ്പോൾ അനീതിയും സഹിക്കേണ്ടിവന്നിട്ടുണ്ടാകാം. നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ഉള്ളിൽ നീരസം വളരും. അതു നമ്മളെ ക്രമേണ യഹോവയുടെ ജനത്തിൽനിന്ന് അകറ്റിയേക്കാം. തെക്കേ അമേരിക്കയിലെ ഒരു സഹോദരനായ പാബ്ലോയുടെ അനുഭവം നോക്കുക. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അദ്ദേഹത്തിന്റെമേൽ ആരോപണമുണ്ടായി. അദ്ദേഹത്തിനു സഭയിലെ സേവനപദവി നഷ്ടപ്പെടുകയും ചെയ്തു. സഹോദരൻ എങ്ങനെയാണു പ്രതികരിച്ചത്? അദ്ദേഹം പറയുന്നു: “എനിക്കു വല്ലാത്ത ദേഷ്യം തോന്നി. ഞാൻ പതുക്കെ സഭയിൽനിന്ന് അകന്നുപോയി.”
7. കുറ്റബോധം തോന്നുന്ന ഒരു വ്യക്തിക്ക് എന്തു സംഭവിച്ചേക്കാം?
7 ഇനി, മുമ്പ് ചെയ്ത ഗുരുതരമായ ഒരു തെറ്റിന്റെ പേരിൽ ഒരാളുടെ മനസ്സാക്ഷി അയാളെ ഇപ്പോഴും കുറ്റപ്പെടുത്തുന്നുണ്ടാകും. കുറെ കാലം കഴിഞ്ഞിട്ടും താൻ ദൈവത്തിന്റെ സ്നേഹത്തിന് അർഹനല്ലെന്ന് അയാൾക്കു തോന്നിയേക്കാം. പശ്ചാത്താപം കാണിക്കുകയും കരുണ ലഭിക്കുകയും ചെയ്തെങ്കിലും ദൈവജനത്തിന്റെ ഭാഗമായിരിക്കാനുള്ള യോഗ്യത തനിക്കില്ലെന്ന് അയാൾ ചിന്തിക്കുന്നുണ്ടാകും. ഫ്രാൻസെസ്കോ എന്ന സഹോദരന് അങ്ങനെ തോന്നി. സഹോദരൻ പറയുന്നു: “ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടതിന് എനിക്കു ശാസന കിട്ടി. പിന്നെയും ഞാൻ മീറ്റിങ്ങുകൾക്കു പോയെങ്കിലും പതുക്കെ ഞാൻ നിരാശയിലേക്കു വീണുപോയി. യഹോവയുടെ ജനത്തിൽ ഒരാളായിരിക്കാനുള്ള യോഗ്യത എനിക്കില്ലെന്നു ഞാൻ ചിന്തിക്കാൻ തുടങ്ങി. എന്റെ മനസ്സാക്ഷി എന്നെ അലട്ടിക്കൊണ്ടിരുന്നു. യഹോവ എന്നോടു ക്ഷമിച്ചിട്ടില്ലെന്നു ഞാൻ ഉറച്ച് വിശ്വസിച്ചു. പതുക്കെ ഞാൻ സഭയുടെകൂടെ സഹവസിക്കുന്നതു നിറുത്തി.” നമ്മൾ ഇതുവരെ ചിന്തിച്ച സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സഹോദരങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്? നിങ്ങൾക്കു സഹാനുഭൂതി തോന്നുന്നുണ്ടോ? അതിലും പ്രധാനമായി, യഹോവയ്ക്ക് അവരെക്കുറിച്ച് എന്താണു തോന്നുന്നത്?
യഹോവ തന്റെ ആടുകളെ സ്നേഹിക്കുന്നു
8. ഒരു കാലത്ത് തന്നെ സേവിച്ചിരുന്നവരെ യഹോവ മറന്നുകളയുമോ? വിശദീകരിക്കുക.
8 മുമ്പ് തന്നെ സേവിക്കുകയും ഇടയ്ക്കുവെച്ച് തന്റെ ജനത്തിന്റെകൂടെ സഹവസിക്കുന്നതു നിറുത്തുകയും ചെയ്തവരെ യഹോവ മറന്നുകളയില്ല. തനിക്കുവേണ്ടി അവർ ചെയ്ത സേവനവും യഹോവ മറക്കില്ല. (എബ്രാ. 6:10) തന്റെ ജനത്തിനുവേണ്ടി യഹോവ എങ്ങനെയാണു കരുതുന്നതെന്നു കാണിക്കാൻ യശയ്യ പ്രവാചകൻ മനോഹരമായ ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു. യശയ്യ എഴുതി: “ഒരു ഇടയനെപ്പോലെ ദൈവം ആടുകളെ പരിപാലിക്കും. കൈകൊണ്ട് കുഞ്ഞാടുകളെ ഒരുമിച്ചുകൂട്ടും, അവയെ മാറോടണച്ച് കൊണ്ടുനടക്കും.” (യശ. 40:11) ആട്ടിൻപറ്റത്തിൽനിന്ന് ഒരു ആട് കൂട്ടംതെറ്റിപ്പോയാൽ വലിയ ഇടയനായ യഹോവയ്ക്ക് എന്താണു തോന്നുന്നത്? യേശുവിന്റെ വാക്കുകളിൽനിന്ന് യഹോവയുടെ വികാരങ്ങൾ എന്താണെന്നു നമുക്കു മനസ്സിലാക്കാം. യേശു ഒരിക്കൽ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യന് 100 ആടുണ്ടെന്നു കരുതുക. അവയിൽ ഒന്നു കൂട്ടംതെറ്റിപ്പോയാൽ അയാൾ 99-നെയും മലകളിൽത്തന്നെ വിട്ടിട്ട് കൂട്ടംതെറ്റിയതിനെ തിരഞ്ഞുപോകില്ലേ? അതിനെ കണ്ടെത്തിയാലുള്ള സന്തോഷം, കൂട്ടംതെറ്റിപ്പോകാത്ത 99-നെയും ഓർത്തുള്ള സന്തോഷത്തെക്കാൾ വലുതായിരിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”—മത്താ. 18:12, 13.
9. ബൈബിൾക്കാലങ്ങളിൽ എങ്ങനെയാണു നല്ല ഇടയന്മാർ ആടുകളെ പരിപാലിച്ചിരുന്നത്? (പുറംതാളിലെ ചിത്രം കാണുക.)
9 യഹോവയെ ഒരു ഇടയനോടു താരതമ്യം ചെയ്യാൻ കഴിയുന്നത് എന്തുകൊണ്ട്? കാരണം ബൈബിൾക്കാലങ്ങളിൽ ഒരു നല്ല ഇടയൻ തന്റെ ആടുകളുടെ കാര്യത്തിൽ നല്ല ശ്രദ്ധയുള്ളവനായിരുന്നു. ഉദാഹരണത്തിന്, ദാവീദ് തന്റെ ആട്ടിൻപറ്റത്തെ രക്ഷിക്കാൻ ഒരു സിംഹത്തോടും കരടിയോടും പോരാടി. (1 ശമു. 17:34, 35) കാണാതാകുന്നത് ഒരു ആട് മാത്രമാണെങ്കിൽപ്പോലും ഒരു നല്ല ഇടയൻ അതു ശ്രദ്ധിക്കാതിരിക്കില്ല. (യോഹ. 10:3, 14) ആ ഇടയൻ തന്റെ 99 ആടിനെയും സുരക്ഷിതമായി തൊഴുത്തിൽ എത്തിക്കും, അല്ലെങ്കിൽ അവയെ മറ്റ് ഇടയന്മാരുടെ പക്കൽ ഏൽപ്പിക്കും. എന്നിട്ട് കാണാതെപോയ തന്റെ ആടിനെ തിരഞ്ഞുപോകും. യേശു ഈ ദൃഷ്ടാന്തം ഉപയോഗിച്ചതു നമ്മളെ ഈ പ്രധാനപ്പെട്ട സത്യം പഠിപ്പിക്കാനാണ്: “ഈ ചെറിയവരിൽ ഒരാൾപ്പോലും നശിച്ചുപോകുന്നതു സ്വർഗസ്ഥനായ എന്റെ പിതാവിന് ഇഷ്ടമല്ല.”—മത്താ. 18:14.
യഹോവ തന്റെ ആടുകളെ തിരഞ്ഞ് കണ്ടുപിടിക്കുന്നു
10. യഹസ്കേൽ 34:11-16 പറയുന്നതനുസരിച്ച്, കാണാതെപോയ ആടുകളുടെ കാര്യത്തിൽ യഹോവ എന്തു വാഗ്ദാനം ചെയ്തിട്ടുണ്ട്?
10 ആട്ടിൻപറ്റത്തിൽനിന്ന് കൂട്ടംവിട്ട് പോയ ‘ചെറിയവർ’ ഉൾപ്പെടെ നമ്മളെ ഓരോരുത്തരെയും യഹോവ സ്നേഹിക്കുന്നു. കാണാതെപോയ ആടിനെ തിരഞ്ഞ് കണ്ടുപിടിക്കുമെന്നും ആത്മീയാരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുമെന്നും യഹസ്കേൽ പ്രവാചകനിലൂടെ ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനുവേണ്ടി താൻ ചെയ്യുന്ന ചില പ്രത്യേക കാര്യങ്ങളും യഹോവ എടുത്തുപറഞ്ഞു. ആടിനെ കാണാതെപോയാൽ ഇസ്രായേല്യനായ ഒരു ഇടയൻ ചെയ്യുന്ന കാര്യങ്ങളാണ് അവ. (യഹസ്കേൽ 34:11-16 വായിക്കുക.) ആദ്യം ഇടയൻ ആടിനെ അന്വേഷിക്കും, അതിനു നല്ല സമയവും ശ്രമവും ആവശ്യമാണ്. ആടിനെ കണ്ടുപിടിച്ചുകഴിഞ്ഞാൽ ഇടയൻ അതിനെ ആട്ടിൻകൂട്ടത്തിലേക്കു തിരിച്ചുകൊണ്ടുവരും. ഇനി, ആടിനു പരിക്കു പറ്റിയിട്ടുണ്ടെങ്കിലോ വിശക്കുന്നുണ്ടെങ്കിലോ, അതിനെ ഇടയൻ സ്നേഹത്തോടെ പരിപാലിക്കും. അതിന്റെ മുറിവുകൾ വെച്ചുകെട്ടും, തളർന്നിരിക്കുന്ന അതിനെ എടുത്തുകൊണ്ട് നടക്കും, ആഹാരം കൊടുക്കും. ‘ദൈവത്തിന്റെ ആട്ടിൻപറ്റത്തിൽനിന്ന്’ കൂട്ടംവിട്ടുപോയവരെ സഹായിക്കാൻ ഇടയന്മാരായ മൂപ്പന്മാരും ഇതേ കാര്യങ്ങൾതന്നെ ചെയ്യണം. (1 പത്രോ. 5:2, 3) മൂപ്പന്മാർ അവരെ അന്വേഷിക്കണം, ആട്ടിൻപറ്റത്തിലേക്കു തിരിച്ചുവരാൻ അവരെ സഹായിക്കണം, ആവശ്യമായ ആത്മീയസഹായം കൊടുത്തുകൊണ്ട് അവരോടു സ്നേഹം കാണിക്കണം. *
11. ഒരു നല്ല ഇടയന് എന്ത് അറിയാം?
11 ചിലപ്പോൾ ചില ആടുകൾ കൂട്ടംതെറ്റിപ്പോയേക്കാമെന്ന് ഒരു നല്ല ഇടയന് അറിയാം. ഒരു ആട് കൂട്ടത്തിൽനിന്ന് മാറിപ്പോയാൽ ഇടയൻ അതിനോടു ക്രൂരമായി പെരുമാറില്ല. മുൻകാലത്ത് ചില ദൈവദാസന്മാർ ദൈവത്തിൽനിന്ന് അകന്നുപോയിട്ടുണ്ട്. അവരെ ദൈവം എങ്ങനെയാണു സഹായിച്ചതെന്നു നമുക്കു നോക്കാം.
12. യഹോവ യോനയോട് എങ്ങനെയാണ് ഇടപെട്ടത്?
12 യഹോവ ഒരു നിയമനം കൊടുത്തപ്പോൾ യോന അതു ചെയ്യാതെ പൊയ്ക്കളഞ്ഞു. എങ്കിലും യഹോവ യോനയെ തള്ളിക്കളഞ്ഞില്ല. ഒരു നല്ല ഇടയനെപ്പോലെ യഹോവ യോനയെ രക്ഷിക്കുകയും നിയമനം ചെയ്യുന്നതിന് ആവശ്യമായ ശക്തി നേടാൻ സഹായിക്കുകയും ചെയ്തു. (യോന 2:7; 3:1, 2) പിന്നീട് ഒരു ചുരയ്ക്ക ചെടി ഉപയോഗിച്ചുകൊണ്ട് ഓരോ മനുഷ്യജീവന്റെയും വില മനസ്സിലാക്കാൻ ദൈവം യോനയെ സഹായിച്ചു. (യോന 4:10, 11) എന്താണ് ഇതിൽനിന്നുള്ള പാഠം? നിഷ്ക്രിയരായവരെ മൂപ്പന്മാർ പെട്ടെന്നു തള്ളിക്കളയരുത്. പകരം അവർ ആട്ടിൻപറ്റത്തിൽനിന്ന് എന്തുകൊണ്ടാണ് അകന്നുപോയതെന്നു മനസ്സിലാക്കാൻ മൂപ്പന്മാർ ശ്രമിക്കണം. ഇനി, ആ വ്യക്തി യഹോവയിലേക്കു തിരിച്ചുവരുമ്പോൾ മൂപ്പന്മാർ തുടർന്നും ആ വ്യക്തിയോടുള്ള സ്നേഹവും ആത്മാർഥമായ താത്പര്യവും കാണിക്കും.
13. 73-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരനോട് യഹോവ ഇടപെട്ട വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
13 ദുഷ്ടന്മാർ തഴച്ചുവളരുകയാണെന്നു തോന്നിയപ്പോൾ 73-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരനു നിരുത്സാഹം തോന്നി. ദൈവേഷ്ടം ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് അദ്ദേഹം ചിന്തിച്ചുപോയി. (സങ്കീ. 73:12, 13, 16) ഈ സാഹചര്യത്തിൽ യഹോവ എന്തു ചെയ്തു? യഹോവ സങ്കീർത്തനക്കാരനെ കുറ്റപ്പെടുത്തിയില്ല. എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ വാക്കുകൾ ബൈബിളിൽ ഉൾപ്പെടുത്തുകയും ചെയ്തു. പതുക്കെപ്പതുക്കെ, യഹോവയുമായുള്ള ബന്ധമാണ് മറ്റെല്ലാത്തിനെക്കാളും മൂല്യമുള്ളതെന്നും അതാണു ജീവിതത്തിന് അർഥം പകരുന്നതെന്നും സങ്കീർത്തനക്കാരൻ മനസ്സിലാക്കി. (സങ്കീ. 73:23, 24, 26, 28) എന്താണു പാഠം? യഹോവയെ സേവിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് സംശയിച്ചുതുടങ്ങുന്നവരെ മൂപ്പന്മാർ മോശമായി വിലയിരുത്തരുത്. അവരെ കുറ്റപ്പെടുത്തുന്നതിനു പകരം, അവർ എന്തുകൊണ്ടാണ് അങ്ങനെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നു മനസ്സിലാക്കാൻ മൂപ്പന്മാർ ശ്രമിക്കണം. അങ്ങനെയാകുമ്പോൾ അവർക്ക് ഏറ്റവും അനുയോജ്യമായ തിരുവെഴുത്തുകൾ ഉപയോഗിച്ച് പ്രോത്സാഹനം കൊടുക്കാൻ മൂപ്പന്മാർക്കു കഴിയും.
14. ഏലിയയ്ക്കു സഹായം ആവശ്യമായിവന്നത് എന്തുകൊണ്ട്, യഹോവ എങ്ങനെയാണു സഹായിച്ചത്?
14 ഒരിക്കൽ ഏലിയ പ്രവാചകൻ ഇസബേൽ രാജ്ഞിയെ പേടിച്ച് ഓടിപ്പോയി. (1 രാജാ. 19:1-3) യഹോവയുടെ ഒരു പ്രവാചകനായി താൻ മാത്രമേ ഉള്ളൂ എന്നും താൻ ഇതുവരെ ചെയ്തതെല്ലാം വെറുതെയായിപ്പോയെന്നും ഏലിയയ്ക്കു തോന്നി. അത്രമാത്രം നിരുത്സാഹപ്പെട്ടുപോയതുകൊണ്ട് ഏലിയ മരിക്കാൻപോലും ആഗ്രഹിച്ചു. (1 രാജാ. 19:4, 10) അപ്പോൾ കുറ്റപ്പെടുത്തുന്നതിനു പകരം ഏലിയ ഒറ്റയ്ക്കല്ലെന്നും അദ്ദേഹത്തിനു ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കാമെന്നും യഹോവ ഉറപ്പു കൊടുത്തു. ഏലിയയെക്കൊണ്ട് തനിക്ക് ഇനിയും ഉപയോഗമുണ്ടെന്ന് യഹോവ വ്യക്തമാക്കി. അദ്ദേഹം തന്റെ ആകുലതകളെല്ലാം പറഞ്ഞപ്പോൾ യഹോവ അതു ദയയോടെ ശ്രദ്ധിച്ച് കേൾക്കുകയും പുതിയ നിയമനങ്ങൾ കൊടുക്കുകയും ചെയ്തു. നമുക്കുള്ള പാഠം? (1 രാജാ. 19:11-16, 18) നമ്മൾ എല്ലാവരും, പ്രത്യേകിച്ച് മൂപ്പന്മാർ, യഹോവയുടെ ആടുകളോടു ദയയോടെ ഇടപെടണം. ചിലപ്പോൾ ഒരാൾ ദേഷ്യമോ അമർഷമോ ഒക്കെ കാണിച്ചേക്കാം. അല്ലെങ്കിൽ യഹോവയുടെ കരുണയ്ക്കു താൻ യോഗ്യനല്ലെന്ന് അയാൾക്കു തോന്നുന്നുണ്ടാകാം. എങ്കിലും ആ വ്യക്തി തന്റെ ഉള്ളിലുള്ളതെല്ലാം പറയുമ്പോൾ മൂപ്പന്മാർ ശ്രദ്ധിച്ച് കേൾക്കും. ‘കാണാതെപോയ ആടാണെങ്കിലും’ യഹോവ അദ്ദേഹത്തെ ഇപ്പോഴും വിലയുള്ളവനായി കാണുന്നുണ്ടെന്ന് അവർ ഉറപ്പു കൊടുക്കും.
ദൈവത്തിന്റെ കാണാതെപോയ ആടുകളെ നമ്മൾ എങ്ങനെ വീക്ഷിക്കണം?
15. യോഹന്നാൻ 6:39 അനുസരിച്ച്, യേശു തന്റെ പിതാവിന്റെ ആടുകളെ എങ്ങനെയാണു വീക്ഷിച്ചത്?
15 കാണാതെപോയ തന്റെ ആടുകളെ നമ്മൾ എങ്ങനെ വീക്ഷിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്? അതു മനസ്സിലാക്കാൻ യേശുവിന്റെ മാതൃക നമ്മളെ സഹായിക്കും. ഓരോ ആടും ദൈവത്തിന്റെ കണ്ണിൽ വിലയുള്ളതാണെന്നു യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് യഹോവയിലേക്കു തിരിച്ചുവരാൻ ‘ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളെ’ സഹായിക്കുന്നതിനു യേശു പരമാവധി ശ്രമിച്ചു. (മത്താ. 15:24; ലൂക്കോ. 19:9, 10) യഹോവയുടെ ആടുകളിൽ ഒന്നും നഷ്ടപ്പെട്ടുപോകാതിരിക്കാനും നല്ല ഇടയനായ യേശു തന്നെക്കൊണ്ടാകുന്നതെല്ലാം ചെയ്തു.—യോഹന്നാൻ 6:39 വായിക്കുക.
16-17. കൂട്ടംവിട്ടുപോയവരെ സഹായിക്കുന്നതിനെക്കുറിച്ച് മൂപ്പന്മാർക്ക് എന്തു തോന്നണം? (“ കാണാതെപോയ ഒരു ആട് എന്തായിരിക്കും ചിന്തിക്കുന്നത്?” എന്ന ചതുരം കാണുക.)
16 യേശുവിന്റെ മാതൃക അനുകരിക്കാൻ പൗലോസ് അപ്പോസ്തലൻ എഫെസൊസ് സഭയിലെ മൂപ്പന്മാരെ പ്രോത്സാഹിപ്പിച്ചു. ‘ബലഹീനരെ സഹായിക്കണമെന്നും “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്” എന്നു കർത്താവായ യേശു പറഞ്ഞത് ഓർത്തുകൊള്ളണമെന്നും’ പൗലോസ് അവരോടു പറഞ്ഞു. (പ്രവൃ. 20:17, 35) ഇക്കാലത്തെ മൂപ്പന്മാർക്കും യഹോവയുടെ ജനത്തെ പരിപാലിക്കാനുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്വമുണ്ട്. സ്പെയിനിലെ ഒരു മൂപ്പനായ സാൽവഡോർ ഇങ്ങനെ പറയുന്നു: “കാണാതെപോയ തന്റെ ആടുകളെക്കുറിച്ച് യഹോവയ്ക്ക് എത്രമാത്രം ചിന്തയുണ്ടെന്ന് ഓർക്കുമ്പോൾ അവരെ സഹായിക്കുന്നതിന് എന്നെക്കൊണ്ടാകുന്നതെല്ലാം ചെയ്യാൻ എനിക്കു തോന്നുന്നു. ഒരു ആത്മീയ ഇടയൻ എന്ന നിലയിൽ അവർക്കുവേണ്ടി ഞാൻ കരുതാൻ യഹോവ പ്രതീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം.”
17 ഈ ലേഖനത്തിൽ പറഞ്ഞ സഹോദരങ്ങൾക്കെല്ലാം സഹായം കിട്ടുകയും അവർ യഹോവയിലേക്കു തിരിച്ചുവരുകയും ചെയ്തു. ഇപ്പോൾ ഈ നിമിഷംതന്നെ യഹോവയുടെ ജനത്തിൽനിന്ന് അകന്നുപോയ പലരും തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ട്. യഹോവയിലേക്കു തിരിച്ചുവരാൻ അവരെ സഹായിക്കുന്നതിന് എന്തു ചെയ്യാമെന്നു കൂടുതൽ വിശദമായി അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കും.
ഗീതം 139 എല്ലാം പുതുതാക്കുമ്പോൾ നിങ്ങളും അവിടെ!
^ ഖ. 5 വർഷങ്ങളായി യഹോവയെ സേവിക്കുന്ന ചിലർ എന്തുകൊണ്ടാണ് സഭയിൽനിന്ന് അകന്നുപോകുന്നത്? അവരെക്കുറിച്ച് ദൈവത്തിന് എന്താണു തോന്നുന്നത്? ഇവയ്ക്കുള്ള ഉത്തരം ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. യഹോവയിൽനിന്ന് അകന്നുപോയ ബൈബിൾക്കാലങ്ങളിലെ ചിലരെ യഹോവ എങ്ങനെയാണു സഹായിച്ചതെന്നും അതിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്നും നമ്മൾ ചിന്തിക്കും.
^ ഖ. 2 പദപ്രയോഗത്തിന്റെ വിശദീകരണം: പ്രസംഗപ്രവർത്തനം ആറു മാസമോ അതിലധികമോ ആയി റിപ്പോർട്ട് ചെയ്യാത്തവരെയാണു നിഷ്ക്രിയനായ പ്രചാരകൻ എന്നു പറയുന്നത്. എങ്കിലും അവർ ഇപ്പോഴും നമ്മുടെ സഹോദരങ്ങളാണ്, നമ്മൾ അവരെ സ്നേഹിക്കുന്നു.
^ ഖ. 4 ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.
^ ഖ. 10 ഈ മൂന്നു കാര്യങ്ങൾ മൂപ്പന്മാർക്ക് എങ്ങനെ ചെയ്യാമെന്ന് അടുത്ത ലേഖനം വിശദീകരിക്കും.
^ ഖ. 60 ചിത്രക്കുറിപ്പ്: കാണാതെപോയ ഒരു ആടിനെ ഓർത്ത് വിഷമിക്കുന്ന ഇസ്രായേല്യനായ ഒരു ഇടയൻ അതിനെ തിരഞ്ഞുപോകുന്നു. ആട്ടിൻപറ്റത്തിലേക്കു തിരിച്ചുവരാൻ അതിനെ സഹായിക്കുന്നു. ഇക്കാലത്തെ ആത്മീയ ഇടയന്മാരും അങ്ങനെതന്നെ ചെയ്യുന്നു.
^ ഖ. 64 ചിത്രക്കുറിപ്പ്: നിറുത്തിയിട്ടിരിക്കുന്ന ഒരു ബസ്സിൽ ഇരിക്കുന്ന നിഷ്ക്രിയയായ ഒരു സഹോദരി, രണ്ടു സാക്ഷികൾ സന്തോഷത്തോടെ പരസ്യസാക്ഷീകരണത്തിൽ ഏർപ്പെടുന്നതു നിരീക്ഷിക്കുന്നു.