വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഗലാത്യർ 5:22, 23-ലെ ഗുണങ്ങൾ മാത്രമാണോ ‘ദൈവാത്മാവിന്റെ ഫലത്തിൽ’ ഉൾപ്പെട്ടിരിക്കുന്നത്?
ആ വാക്യങ്ങളിൽ ഒൻപതു ഗുണങ്ങൾ കാണാം: “ദൈവാത്മാവിന്റെ ഫലം സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം.” എങ്കിലും ഇത്രയും ഗുണങ്ങൾ വളർത്തിയെടുക്കാനേ ദൈവാത്മാവിനു നമ്മളെ സഹായിക്കാൻ കഴിയൂ എന്നു ചിന്തിക്കരുത്.
ഇതിനു മുമ്പുള്ള വാക്യങ്ങളിൽ പൗലോസ് അപ്പോസ്തലൻ എന്താണു പറയുന്നതെന്നു നോക്കുക: “ജഡത്തിന്റെ പ്രവൃത്തികൾ . . . ലൈംഗിക അധാർമികത, അശുദ്ധി, ധിക്കാരത്തോടെയുള്ള പെരുമാറ്റം, വിഗ്രഹാരാധന, ഭൂതവിദ്യ, ശത്രുത, വഴക്ക്, അസൂയ, ക്രോധം, അഭിപ്രായഭിന്നത, ചേരിതിരിവ്, വിഭാഗീയത, മത്സരം, മുഴുക്കുടി, വന്യമായ ആഘോഷങ്ങൾ എന്നിവയും ഇതുപോലുള്ള മറ്റു കാര്യങ്ങളും” ആണ്. (ഗലാ. 5:19-21) അതിന്റെ അർഥം, ‘ജഡത്തിന്റെ പ്രവൃത്തികളുടെ’ ഭാഗമായി പൗലോസിനു പറയാൻ കഴിയുന്ന മറ്റു കാര്യങ്ങളുമുണ്ടായിരുന്നു എന്നാണ്. ഉദാഹരണത്തിന്, കൊലോസ്യർ 3:5-ൽ പറഞ്ഞിരിക്കുന്നതുപോലുള്ള കാര്യങ്ങൾ. സമാനമായി, ഒൻപതു നല്ല ഗുണങ്ങൾ പട്ടികപ്പെടുത്തിയതിനു ശേഷം പൗലോസ് ഇങ്ങനെ എഴുതി: “ഇവയ്ക്ക് എതിരുനിൽക്കുന്ന ഒരു നിയമവുമില്ല.” ഗ്രീക്ക് ഭാഷയിൽ, “ഇവയ്ക്ക്” എന്നതിനെ “ഇങ്ങനെയുള്ള കാര്യങ്ങൾക്ക്” എന്നും പരിഭാഷപ്പെടുത്താം. അതുകൊണ്ട് പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നമുക്കു വളർത്തിയെടുക്കാൻ കഴിയുന്ന എല്ലാ ഗുണങ്ങളും പൗലോസ് ഇവിടെ ഉൾപ്പെടുത്തിയിട്ടില്ല.
ദൈവാത്മാവിന്റെ ഫലത്തെ, പൗലോസ് എഫെസൊസിലെ സഭയ്ക്ക് എഴുതിയ ‘വെളിച്ചത്തിന്റെ ഫലവുമായി’ താരതമ്യം ചെയ്താൽ ഇതു കൂടുതൽ വ്യക്തമാകും. പൗലോസ് ഇങ്ങനെ എഴുതി: “വെളിച്ചത്തിന്റെ ഫലമാണല്ലോ എല്ലാ തരം നന്മയും നീതിയും സത്യവും.” (എഫെ. 5:8, 9) ഇവിടെ ‘നീതി,’ ‘സത്യം’ എന്നീ ഗുണങ്ങളോടൊപ്പം വെളിച്ചത്തിന്റെ ഫലത്തിന്റെ ഭാഗമായി പറഞ്ഞിരിക്കുന്ന ‘നന്മ’ എന്ന ഗുണം ദൈവാത്മാവിന്റെ ഫലത്തിന്റെ ഭാഗവുമാണ്. അങ്ങനെയെങ്കിൽ, ഈ വാക്യത്തിൽ നന്മയോടൊപ്പം കൊടുത്തിരിക്കുന്ന ‘നീതി,’ ‘സത്യം’ എന്നീ ഗുണങ്ങളെയും ദൈവാത്മാവിന്റെ ഫലത്തിന്റെ ഭാഗമായി കണക്കാക്കാവുന്നതല്ലേ?
അതുപോലെ, പൗലോസ് തിമൊഥെയൊസിനെ, “നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സഹനശക്തി, സൗമ്യത” എന്നീ ആറു സദ്ഗുണങ്ങൾ വളർത്തിയെടുക്കാൻ പ്രോത്സാഹിപ്പിച്ചു. (1 തിമൊ. 6:11) അതിൽ വിശ്വാസം, സ്നേഹം, സൗമ്യത എന്നീ ഗുണങ്ങൾ മാത്രമേ ദൈവാത്മാവിന്റെ ഫലത്തിന്റെ ഭാഗമായിട്ടുള്ളൂ. എങ്കിലും മറ്റു മൂന്നു ഗുണങ്ങളായ നീതി, ദൈവഭക്തി, സഹനശക്തി എന്നിവ വളർത്തിയെടുക്കാനും തിമൊഥെയൊസിനു ദൈവാത്മാവിന്റെ സഹായം ആവശ്യമായിരുന്നു.—കൊലോസ്യർ 3:12; 2 പത്രോസ് 1:5-7 താരതമ്യം ചെയ്യുക.
അതുകൊണ്ട്, ക്രിസ്ത്യാനികൾ വളർത്തിയെടുക്കേണ്ട എല്ലാ ഗുണങ്ങളും പട്ടികപ്പെടുത്തിയിരിക്കുന്ന ഭാഗമാണു ഗലാത്യർ 5:22, 23 എന്നു ചിന്തിക്കേണ്ടതില്ല. ‘ദൈവാത്മാവിന്റെ ഫലത്തിന്റെ’ ഒൻപതു വശങ്ങൾ വളർത്തിയെടുക്കാൻ ദൈവാത്മാവ് നമ്മളെ സഹായിക്കുകതന്നെ ചെയ്യും. എന്നാൽ ക്രിസ്തീയപക്വതയിലേക്കു വളരാനും ‘ശരിയായ നീതിക്കും വിശ്വസ്തതയ്ക്കും ചേർച്ചയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് സൃഷ്ടിച്ചിരിക്കുന്ന പുതിയ വ്യക്തിത്വം ധരിക്കാനും’ ശ്രമിക്കുമ്പോൾ നമ്മൾ വളർത്തിയെടുക്കേണ്ട മറ്റു ഗുണങ്ങളുമുണ്ട്. അതിനും ദൈവാത്മാവ് സഹായിക്കും.—എഫെ. 4:24.