വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 19

അവസാ​ന​കാ​ലത്തെ ‘വടക്കേ രാജാവ്‌’

അവസാ​ന​കാ​ലത്തെ ‘വടക്കേ രാജാവ്‌’

“അവസാ​ന​കാ​ലത്ത്‌ തെക്കേ രാജാവ്‌ അവനോട്‌ (വടക്കേ രാജാ​വി​നോട്‌) ഏറ്റുമു​ട്ടും.”​—ദാനി. 11:40.

ഗീതം 150 രക്ഷയ്‌ക്കായ്‌ ദൈവത്തെ അന്വേ​ഷി​ക്കാം

പൂർവാവലോകനം *

1. ബൈബിൾപ്ര​വ​ച​നങ്ങൾ നമുക്ക്‌ എന്താണു പറഞ്ഞു​ത​രു​ന്നത്‌?

യഹോ​വ​യു​ടെ ജനത്തിനു പെട്ടെ​ന്നു​തന്നെ എന്തു സംഭവി​ക്കും? നമ്മൾ അതി​നെ​പ്പറ്റി ഒരുപാട്‌ ആലോ​ചിച്ച്‌ വിഷമി​ക്കേണ്ട ആവശ്യ​മില്ല. കാരണം നമ്മളെ​യെ​ല്ലാം ബാധി​ക്കുന്ന പ്രധാ​ന​പ്പെട്ട സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ കൃത്യ​മാ​യി നമുക്കു പറഞ്ഞു​ത​രു​ന്നുണ്ട്‌. അതിൽ പ്രത്യേ​കം എടുത്തു​പ​റ​യേണ്ട ഒന്നാണ്‌ ദാനി​യേൽ 11-ാം അധ്യാ​യ​ത്തി​ലെ പ്രവചനം. പരസ്‌പരം പോര​ടി​ക്കുന്ന രണ്ടു രാജാ​ക്ക​ന്മാ​രെ​ക്കു​റി​ച്ചാണ്‌ ആ പ്രവചനം. വടക്കേ രാജാവ്‌, തെക്കേ രാജാവ്‌ എന്നാണ്‌ ആ രാജാ​ക്ക​ന്മാ​രെ വിളി​ക്കു​ന്നത്‌. ഭൂമി​യി​ലെ ഏറ്റവും ശക്തരായ ചില ഗവൺമെ​ന്റു​കൾ എന്താണു ചെയ്യാൻപോ​കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ ആ പ്രവചനം നമ്മളെ സഹായി​ക്കും. ആ പ്രവചനത്തിലെ ധാരാളം കാര്യങ്ങൾ ഇതി​നോ​ട​കം​തന്നെ നിറ​വേ​റി​ക്ക​ഴി​ഞ്ഞി​ട്ടുണ്ട്‌. അതു​കൊണ്ട്‌ അതിലെ ബാക്കി കാര്യ​ങ്ങ​ളും നിറ​വേ​റു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും.

2. ഉൽപത്തി 3:15-ഉം വെളി​പാട്‌ 11:7-ഉം 12:17-ഉം സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ ദാനി​യേൽ പ്രവചനം പഠിക്കു​മ്പോൾ നമ്മൾ ഏതെല്ലാം വസ്‌തു​തകൾ മനസ്സിൽപ്പി​ടി​ക്കണം?

2 ദാനി​യേൽ 11-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രവചനം മനസ്സി​ലാ​ക​ണ​മെ​ങ്കിൽ നമ്മൾ ഒരു കാര്യം ഓർത്തി​രി​ക്കണം. ദൈവ​ജ​നത്തെ നേരിട്ട്‌ സ്വാധീ​നി​ച്ചി​ട്ടുള്ള ഗവൺമെ​ന്റു​ക​ളെ​യും ഭരണാ​ധി​കാ​രി​ക​ളെ​യും കുറിച്ച്‌ മാത്രമേ ഈ പ്രവചനം പറയു​ന്നു​ള്ളൂ. * ലോക​ജ​ന​സം​ഖ്യ​യു​മാ​യി താരത​മ്യം ചെയ്‌താൽ ദൈവ​ജനം വളരെ കുറച്ച്‌ പേർ മാത്രമേ ഉള്ളൂ. പിന്നെ എന്തിനാണ്‌ ഗവൺമെ​ന്റു​കൾ ദൈവ​ജ​നത്തെ ലക്ഷ്യം വെക്കു​ന്നത്‌? കാരണം സാത്താ​നും അവന്റെ മുഴു വ്യവസ്ഥി​തി​ക്കും ഒരു ലക്ഷ്യമേ ഉള്ളൂ, യഹോ​വ​യെ​യും യേശു​വി​നെ​യും സേവി​ക്കു​ന്ന​വരെ നശിപ്പി​ക്കുക. (ഉൽപത്തി 3:15; വെളി​പാട്‌ 11:7; 12:17 വായി​ക്കുക.) ഇനി ദാനി​യേൽ പ്രവചനം കൃത്യ​മാ​യി മനസ്സി​ലാ​ക​ണ​മെ​ങ്കിൽ നമ്മൾ അതിനെ ബൈബി​ളി​ലെ മറ്റു ഭാഗങ്ങ​ളു​മാ​യി ഒത്തു​നോ​ക്കണം. ആ പ്രവചനം ബൈബി​ളി​ലെ മറ്റു പ്രവച​ന​ങ്ങ​ളു​മാ​യി യോജി​പ്പി​ലു​മാ​യി​രി​ക്കണം.

3. ഈ ലേഖന​ത്തി​ലും അടുത്ത ലേഖന​ത്തി​ലും നമ്മൾ എന്തു പഠിക്കും?

3 ഈ കാര്യങ്ങൾ മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ നമ്മൾ ദാനി​യേൽ 11:25-39 ചർച്ച ചെയ്യും. 1870 മുതൽ 1991 വരെയുള്ള കാലത്ത്‌ ആരായി​രു​ന്നു വടക്കേ രാജാവ്‌, ആരായി​രു​ന്നു തെക്കേ രാജാവ്‌ എന്നു നമ്മൾ കാണും. കൂടാതെ, ദാനി​യേൽ പ്രവച​ന​ത്തി​ന്റെ ഈ ഭാഗ​ത്തെ​ക്കു​റി​ച്ചുള്ള നമ്മുടെ ഗ്രാഹ്യ​ത്തിന്‌ ഒരു മാറ്റം ആവശ്യ​മാ​യി​വ​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും നമ്മൾ പഠിക്കും. അടുത്ത ലേഖന​ത്തിൽ നമ്മൾ ദാനി​യേൽ 11:40–12:1 ചർച്ച ചെയ്യും. അതിൽ, 1991 മുതൽ അർമ​ഗെ​ദോൻ യുദ്ധം വരെയുള്ള കാലയ​ള​വി​നെ​ക്കു​റിച്ച്‌ ഈ പ്രവചനം വെളി​പ്പെ​ടു​ത്തുന്ന കാര്യങ്ങൾ നമ്മൾ പഠിക്കും. ഈ രണ്ടു ലേഖന​ങ്ങ​ളും നിങ്ങൾ പഠിക്കു​മ്പോൾ, “അവസാ​ന​കാ​ലത്തെ വടക്കേ രാജാ​വും തെക്കേ രാജാ​വും” എന്ന ചാർട്ടു​കൂ​ടി നോക്കു​ന്നതു സഹായ​ക​മാ​യി​രി​ക്കും. ആദ്യം നമുക്ക്‌ ഈ രണ്ടു രാജാ​ക്ക​ന്മാർ ആരാ​ണെന്നു നോക്കാം.

ആ രാജാ​ക്ക​ന്മാർ ആരാ​ണെന്നു നമുക്ക്‌ എങ്ങനെ അറിയാം?

4. വടക്കേ രാജാ​വും തെക്കേ രാജാ​വും ആരാ​ണെന്ന്‌ അറിയാൻ ഏതു മൂന്നു കാര്യങ്ങൾ നമ്മളെ സഹായി​ക്കും?

4 തുടക്ക​ത്തിൽ ഇസ്രാ​യേ​ലി​ന്റെ വടക്കും തെക്കും ഉള്ള രാഷ്‌ട്രീ​യ​ശ​ക്തി​കൾക്കാ​ണു “വടക്കേ രാജാവ്‌,” “തെക്കേ രാജാവ്‌” എന്നീ പേരുകൾ നൽകി​യി​രു​ന്നത്‌. നമ്മൾ എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? കാരണം ദാനി​യേ​ലി​ന്റെ അടുത്ത്‌ വന്ന ദൂതൻ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “അവസാ​ന​നാ​ളു​ക​ളിൽ നിന്റെ ജനത്തിന്‌ എന്തു സംഭവി​ക്കു​മെന്നു നിന്നെ അറിയി​ക്കാ​നാ​ണു ഞാൻ വന്നിരി​ക്കു​ന്നത്‌.” (ദാനി. 10:14) എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തു​വരെ ഇസ്രാ​യേ​ല്യ​രാ​യി​രു​ന്നു ദൈവ​ജനം. എന്നാൽ അന്നുമു​തൽ ക്രിസ്‌തു​വി​ന്റെ വിശ്വ​സ്‌ത​രായ ശിഷ്യ​ന്മാ​രാ​ണു തന്റെ ജനമെന്ന്‌ യഹോവ വ്യക്തമാ​ക്കി. അതു​കൊണ്ട്‌ ദാനി​യേൽ 11-ാം അധ്യാ​യ​ത്തി​ലെ പ്രവച​ന​ത്തി​ലെ മിക്ക ഭാഗങ്ങ​ളും പുരാതന ഇസ്രാ​യേ​ല്യ​രെ​ക്കു​റി​ച്ചു​ള്ളതല്ല, പകരം ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളെ​ക്കു​റി​ച്ചു​ള്ള​താണ്‌. (പ്രവൃ. 2:1-4; റോമ. 9:6-8; ഗലാ. 6:15, 16) കാലം കടന്നു​പോ​കു​ന്ന​ത​നു​സ​രിച്ച്‌, വടക്കേ രാജാ​വും തെക്കേ രാജാ​വും മാറി​മാ​റി​വന്നു. എങ്കിലും രണ്ടു രാജാ​ക്ക​ന്മാ​രും നിലവി​ലു​ണ്ടാ​യി​രുന്ന സമയത്ത്‌ അവ തമ്മിൽ ചില സമാന​ത​ക​ളു​ണ്ടാ​യി​രു​ന്നു. ഒന്ന്‌, ആ രാജാ​ക്ക​ന്മാർ ദൈവ​ജ​നത്തെ നേരിട്ട്‌ സ്വാധീ​നി​ച്ചി​ട്ടുണ്ട്‌. രണ്ട്‌, ദൈവ​ജ​ന​വു​മാ​യി ഇടപെട്ട വിധത്തി​ലൂ​ടെ അവർ സത്യ​ദൈ​വ​മായ യഹോ​വയെ വെറു​ക്കു​ന്നെന്നു കാണിച്ചു. മൂന്ന്‌, ആ രണ്ടു രാജാ​ക്ക​ന്മാ​രും പരസ്‌പരം മേധാ​വി​ത്വ​ത്തി​നും മേൽക്കോ​യ്‌മ​ക്കും വേണ്ടി പോരാ​ടി.

5. എ.ഡി. 100 മുതൽ 1870 വരെ വടക്കേ രാജാ​വും തെക്കേ രാജാ​വും ഉണ്ടായി​രു​ന്നോ? വിശദീ​ക​രി​ക്കുക.

5 എ.ഡി. 100-നു ശേഷം കുറച്ച്‌ കാലം കഴിഞ്ഞ്‌ സത്യ​ക്രി​സ്‌തീ​യ​സ​ഭ​യിൽ വ്യാജ​ക്രി​സ്‌ത്യാ​നി​കൾ പെരു​കാൻതു​ടങ്ങി. അവർ തെറ്റായ ആശയങ്ങൾ പഠിപ്പി​ക്കു​ക​യും ദൈവ​വ​ച​ന​ത്തി​ലെ സത്യം ഒളിച്ചു​വെ​ക്കു​ക​യും ചെയ്‌തു. ആ സമയം മുതൽ 19-ാം നൂറ്റാ​ണ്ടി​ന്റെ അവസാ​നം​വരെ ഭൂമി​യിൽ ദൈവ​ജ​ന​ത്തി​ന്റെ സംഘടി​ത​മായ ഒരു കൂട്ടമി​ല്ലാ​യി​രു​ന്നു. വയലിൽ കള വളരു​ന്ന​തു​പോ​ലെ, വ്യാജ​ക്രി​സ്‌ത്യാ​നി​കൾ തഴച്ചു​വ​ള​രാൻ തുടങ്ങി. അതു​കൊണ്ട്‌ സത്യ​ക്രി​സ്‌ത്യാ​നി​കൾ ആരാ​ണെന്നു തിരി​ച്ച​റി​യുക വളരെ ബുദ്ധി​മു​ട്ടാ​യി. (മത്താ. 13:36-43) നമ്മൾ ചർച്ച ചെയ്യുന്ന വിഷയ​വു​മാ​യി ഇക്കാര്യ​ത്തി​നുള്ള ബന്ധം എന്താണ്‌? എ.ഡി. 100 മുതൽ 1870 വരെയുള്ള വർഷങ്ങ​ളി​ലെ രാജാ​ക്ക​ന്മാ​രോ ഭരണകൂ​ട​ങ്ങ​ളോ വടക്കേ രാജാ​വും തെക്കേ രാജാ​വും അല്ലായി​രു​ന്നു എന്നു നമുക്ക്‌ അതിൽനിന്ന്‌ മനസ്സി​ലാ​ക്കാം. കാരണം ദൈവ​ജ​ന​ത്തി​ന്റെ സംഘടി​ത​മായ ഒരു കൂട്ടം ഇല്ലായി​രു​ന്ന​തു​കൊ​ണ്ടു​തന്നെ അവരെ ആക്രമി​ക്കാ​നും രാഷ്‌ട്രീ​യ​ശ​ക്തി​കൾക്കു കഴിയു​മാ​യി​രു​ന്നില്ല. * എന്നാൽ 1870-നു ശേഷം വടക്കേ രാജാ​വും തെക്കേ രാജാ​വും വീണ്ടും പ്രത്യ​ക്ഷ​പ്പെ​ടു​മെന്നു നമുക്കു പ്രതീ​ക്ഷി​ക്കാൻ കഴിയും. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌?

6. ദൈവ​ജനം എപ്പോൾ മുതലാ​ണു വീണ്ടും ഒരു സംഘടി​ത​കൂ​ട്ട​മാ​യത്‌? വിശദീ​ക​രി​ക്കുക.

6 ദൈവ​ജനം 1870 മുതൽ ഒരു കൂട്ടമാ​യി സംഘടി​പ്പി​ക്ക​പ്പെ​ടാൻ തുടങ്ങി. ആ വർഷമാ​ണു ചാൾസ്‌ റ്റെയ്‌സ്‌ റസ്സലും സഹകാ​രി​ക​ളും ഒരു ബൈബിൾപഠന ക്ലാസ്‌ തുടങ്ങി​യത്‌. മിശി​ഹൈക രാജ്യം സ്ഥാപി​ക്ക​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ ഒരു സന്ദേശ​വാ​ഹകൻ ‘വഴി തെളി​ക്കു​മെന്ന്‌’ തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ച്ചി​രു​ന്നു. റസ്സൽ സഹോ​ദ​ര​നും അടുത്ത സഹകാ​രി​ക​ളും ആ സന്ദേശ​വാ​ഹ​ക​നാ​യി പ്രവർത്തി​ച്ചു. (മലാ. 3:1) ശരിയായ രീതി​യിൽ യഹോ​വയെ സേവി​ക്കുന്ന ഒരു സംഘടി​ത​ജനം അങ്ങനെ വീണ്ടു​മു​ണ്ടാ​യി. അവരെ ഉപദ്ര​വി​ച്ചി​രുന്ന രാഷ്‌ട്രീ​യ​ശ​ക്തി​ക​ളും രംഗത്തു​ണ്ടാ​യി​രു​ന്നോ? നമുക്കു നോക്കാം.

ആരാണ്‌ തെക്കേ രാജാവ്‌?

7. ഒന്നാം ലോക​മ​ഹാ​യു​ദ്ധം തുടങ്ങി കുറെ കഴിയു​ന്ന​തു​വരെ ആരായി​രു​ന്നു തെക്കേ രാജാവ്‌?

7 ബ്രിട്ടൻ 1870-ഓടെ ലോക​ത്തി​ലെ ഏറ്റവും വലിയ സാമ്രാ​ജ്യ​മാ​യി. ലോക​ത്തി​ലെ ഏറ്റവും ശക്തമായ സൈന്യ​മാ​യി​രു​ന്നു ബ്രിട്ട​ന്റേത്‌. ദാനി​യേൽ പ്രവചനം മറ്റു മൂന്നു കൊമ്പു​കളെ കീഴട​ക്കിയ ഒരു ചെറിയ കൊമ്പി​നെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. ചെറിയ കൊമ്പ്‌ ബ്രിട്ട​നെ​യും മറ്റു കൊമ്പു​കൾ ഫ്രാൻസ്‌, സ്‌പെ​യിൻ, നെതർലൻഡ്‌സ്‌ എന്നീ രാജ്യ​ങ്ങ​ളെ​യും ആണ്‌ സൂചി​പ്പി​ക്കു​ന്നത്‌. (ദാനി. 7:7, 8) ഒന്നാം ലോക​മ​ഹാ​യു​ദ്ധം തുടങ്ങി കുറെ കഴിയു​ന്ന​തു​വരെ ബ്രിട്ട​നാ​യി​രു​ന്നു തെക്കേ രാജാവ്‌. ഈ സമയമാ​യ​പ്പോ​ഴേ​ക്കും അമേരി​ക്കൻ ഐക്യ​നാ​ടു​കൾ ലോക​ത്തി​ലെ ഒരു പ്രധാ​ന​പ്പെട്ട സാമ്പത്തി​ക​ശ​ക്തി​യാ​യി വളർന്നി​രു​ന്നു, ബ്രിട്ട​നു​മാ​യി കൈ കോർത്ത്‌ പ്രവർത്തി​ക്കാ​നും തുടങ്ങി.

8. അവസാ​ന​കാ​ലത്ത്‌ ഇന്നോളം ആരാണ്‌ തെക്കേ രാജാ​വാ​യി പ്രവർത്തി​ച്ചി​രി​ക്കു​ന്നത്‌?

8 ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ഐക്യ​നാ​ടു​ക​ളും ബ്രിട്ട​നും ചേർന്ന്‌ ശക്തമായ ഒരു സൈനി​ക​സ​ഖ്യ​മാ​യി. അങ്ങനെ ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി നിലവിൽ വന്നു. ദാനി​യേൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ ഈ രാജാവ്‌ “അതിശ​ക്ത​മായ ഒരു വൻ​സൈ​ന്യ​ത്തെ” കൂട്ടി. (ദാനി. 11:25) പിന്നീ​ടി​ങ്ങോട്ട്‌ അവസാ​ന​കാ​ലത്ത്‌ ഉടനീളം ആംഗ്ലോ-അമേരി​ക്കൻ സഖ്യമാണ്‌ തെക്കേ രാജാവായി * പ്രവർത്തി​ച്ചി​രി​ക്കു​ന്നത്‌. അപ്പോൾ വടക്കേ രാജാ​വോ?

 

വടക്കേ രാജാവ്‌ വീണ്ടും രംഗ​പ്ര​വേശം ചെയ്യുന്നു

9. എന്നാണു വടക്കേ രാജാവ്‌ വീണ്ടും പ്രത്യ​ക്ഷ​പ്പെ​ട്ടത്‌, ദാനി​യേൽ 11:25 എങ്ങനെ നിറ​വേറി?

9 റസ്സൽ സഹോ​ദ​ര​നും സഹകാ​രി​ക​ളും ബൈബിൾപഠന ക്ലാസ്‌ തുടങ്ങി​യ​തി​ന്റെ പിറ്റേ വർഷം, അതായത്‌ 1871-ൽ, വടക്കേ രാജാവ്‌ വീണ്ടും പ്രത്യ​ക്ഷ​പ്പെട്ടു. ആ വർഷം ഓട്ടോ വോൺ ബിസ്‌മാർക്ക്‌ പല പ്രദേ​ശ​ങ്ങ​ളെ​യും ഒരുമിച്ച്‌ ചേർത്തു, അങ്ങനെ ശക്തമായ ജർമൻ സാമ്രാ​ജ്യം നിലവിൽ വന്നു. അതായി​രു​ന്നു വടക്കേ രാജാവ്‌. വിൽഹെം ഒന്നാമൻ രാജാ​വാ​യി​രു​ന്നു ജർമനി​യു​ടെ ആദ്യത്തെ ചക്രവർത്തി. അദ്ദേഹം ബിസ്‌മാർക്കി​നെ ആദ്യത്തെ ചാൻസ​ല​റാ​യി നിയമി​ക്കു​ക​യും ചെയ്‌തു. * പതിറ്റാ​ണ്ടു​കൾകൊണ്ട്‌ ജർമനി ആഫ്രി​ക്ക​യി​ലെ​യും ശാന്തസ​മു​ദ്ര​ത്തി​ലെ​യും പല രാജ്യ​ങ്ങ​ളു​ടെ​യും നിയ​ന്ത്രണം കൈക്ക​ലാ​ക്കി, ബ്രിട്ട​നെ​ക്കാൾ വലിയ ശക്തിയാ​കാ​നും ശ്രമിച്ചു. ജർമൻ സാമ്രാ​ജ്യം ശക്തമായ ഒരു സൈന്യ​ത്തെ ഉണ്ടാക്കി​യെ​ടു​ത്തു. (ദാനി​യേൽ 11:25 വായി​ക്കുക.) ലോക​ത്തി​ലെ രണ്ടാമത്തെ ഏറ്റവും വലിയ നാവി​ക​ശ​ക്തി​യാ​യി​രു​ന്നു ജർമനി​യു​ടേത്‌. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ ജർമനി ആ സൈന്യ​ത്തെ ശത്രു​ക്കൾക്കു നേരെ അഴിച്ചു​വി​ട്ടു.

10. ദാനി​യേൽ 11:25ബി, 26 എങ്ങനെ​യാ​ണു നിറ​വേ​റി​യത്‌?

10 ജർമൻ സാമ്രാ​ജ്യ​ത്തി​നും അതു പടുത്തു​യർത്തിയ സൈനി​ക​ശ​ക്തി​ക്കും എന്തു സംഭവി​ക്കു​മെന്നു ദാനി​യേൽ അടുത്ത​താ​യി പറയുന്നു. വടക്കേ രാജാ​വി​നു പിടി​ച്ചു​നിൽക്കാ​നാ​കില്ല എന്നാണു പ്രവചനം പറയു​ന്നത്‌. എന്തു​കൊണ്ട്‌? ‘അവർ അവന്‌ എതിരെ കുടി​ല​ത​ന്ത്രങ്ങൾ മനയും. അവന്റെ വിശി​ഷ്ട​വി​ഭ​വങ്ങൾ കഴിക്കു​ന്നവർ അവന്റെ വീഴ്‌ച​യ്‌ക്കു കളമൊ​രു​ക്കും.’ (ദാനി. 11:25ബി, 26എ) ദാനി​യേ​ലി​ന്റെ കാലത്ത്‌ രാജാ​വി​ന്റെ ‘വിശി​ഷ്ട​വി​ഭ​വങ്ങൾ’ കഴിക്കു​ന്ന​വ​രിൽ ‘രാജാ​വി​നു സേവനം’ ചെയ്യുന്ന കൊട്ടാ​രോ​ദ്യോ​ഗസ്ഥർ ഉൾപ്പെ​ട്ടി​രു​ന്നു. (ദാനി. 1:5) ഇവിടെ പ്രവചനം ആരെക്കു​റി​ച്ചാ​ണു പറയു​ന്നത്‌? ജർമൻ സാമ്രാ​ജ്യ​ത്തി​ന്റെ ഉന്നത ഉദ്യോ​ഗ​സ്ഥ​രെ​യാണ്‌ ഇതു കുറി​ക്കു​ന്നത്‌. അവരിൽ ചക്രവർത്തി​യു​ടെ ജനറൽമാ​രും സൈനിക ഉപദേ​ഷ്ടാ​ക്ക​ളും ഉൾപ്പെ​ട്ടി​രു​ന്നു. ജർമനി​യി​ലെ ഏകാധി​പ​ത്യ​ഭ​രണം ഇല്ലാതാ​ക്കാൻ അവർ കാരണ​മാ​യി. * സാമ്രാ​ജ്യം നിലം​പ​തി​ക്കു​മെന്നു മാത്രമല്ല, തെക്കേ രാജാ​വു​മാ​യുള്ള യുദ്ധത്തി​ന്റെ പരിണ​ത​ഫലം എന്തായി​രി​ക്കു​മെ​ന്നും പ്രവചനം മുൻകൂ​ട്ടി​പ്പ​റഞ്ഞു. വടക്കേ രാജാ​വി​നെ​ക്കു​റിച്ച്‌ പ്രവചനം ഇങ്ങനെ പറയുന്നു: “അവന്റെ സൈന്യ​ത്തെ തുടച്ചു​നീ​ക്കും; ഒരു കൂട്ട​ക്കൊല നടക്കും.” (ദാനി. 11:26ബി) മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ ജർമൻ സൈന്യ​ത്തെ ‘തുടച്ചു​നീ​ക്കി,’ പലരെ​യും ‘കൂട്ട​ക്കൊല’ ചെയ്‌തു. അന്നേവരെ നടന്ന യുദ്ധങ്ങ​ളിൽ ഏറ്റവും അധികം ആളുകൾ കൊല്ല​പ്പെട്ട യുദ്ധമാ​യി​രു​ന്നു അത്‌.

11. ദാനി​യേൽ 11:27-30 അനുസ​രിച്ച്‌, വടക്കേ രാജാ​വും തെക്കേ രാജാ​വും എന്താണു ചെയ്‌തത്‌?

11 ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു മുമ്പുള്ള സമയ​ത്തെ​ക്കു​റിച്ച്‌ ദാനി​യേൽ 11:27, 28 പറയു​ന്നുണ്ട്‌. വടക്കേ രാജാ​വും തെക്കേ രാജാ​വും “ഒരു മേശയ്‌ക്കു ചുറ്റും ഇരുന്ന്‌ പരസ്‌പരം നുണ പറയും” എന്ന്‌ അവിടെ നമ്മൾ വായി​ക്കു​ന്നു. വടക്കേ രാജാവ്‌ ‘ധാരാളം സാധന​സാ​മ​ഗ്രി​കൾ’ സമ്പാദി​ക്കും എന്നും അവിടെ പറയുന്നു. അതുത​ന്നെ​യാ​ണു സംഭവി​ച്ചത്‌. പരസ്‌പരം സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നെന്നു ജർമനി​യും ബ്രിട്ട​നും പറഞ്ഞു. പക്ഷേ 1914-ൽ യുദ്ധം തുടങ്ങി​യ​പ്പോൾ ആ പറഞ്ഞ​തെ​ല്ലാം നുണയാ​ണെന്നു തെളിഞ്ഞു. 1914-നു മുമ്പുള്ള വർഷങ്ങ​ളിൽ ജർമനി ധാരാളം സ്വത്തു സ്വരു​ക്കൂ​ട്ടു​ക​യും ചെയ്‌തു, അങ്ങനെ ലോക​ത്തി​ലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തി​ക​ശ​ക്തി​യാ​യി. അതു കഴിഞ്ഞ്‌ ജർമനി തെക്കേ രാജാ​വു​മാ​യി യുദ്ധം ചെയ്‌തു, പക്ഷേ അതിൽ പരാജ​യ​പ്പെട്ടു. അങ്ങനെ ദാനി​യേൽ 11:29-ഉം 30-ന്റെ ആദ്യഭാ​ഗ​വും നിറ​വേറി.

ആ രാജാ​ക്ക​ന്മാർ ദൈവ​ജ​ന​ത്തോ​ടു പോര​ടി​ക്കു​ന്നു

12. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ വടക്കേ രാജാ​വും തെക്കേ രാജാ​വും എന്താണു ചെയ്‌തത്‌?

12 രണ്ടു രാജാ​ക്ക​ന്മാ​രും തമ്മിലുള്ള പോരാ​ട്ടം 1914 മുതൽ രൂക്ഷമാ​യി. ദൈവ​ജ​ന​ത്തോ​ടുള്ള അവരുടെ എതിർപ്പും വർധി​ച്ചു​വന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ ആയുധം എടുക്കാൻ വിസമ്മ​തിച്ച ദൈവ​ത്തി​ന്റെ ദാസന്മാ​രെ ജർമൻ ഗവൺമെ​ന്റും ബ്രിട്ടീഷ്‌ ഗവൺമെ​ന്റും ഉപദ്ര​വി​ച്ചു. കൂടാതെ, വെളി​പാട്‌ 11:7-10-ലെ പ്രവചനം നിവർത്തി​ച്ചു​കൊണ്ട്‌, ഐക്യ​നാ​ടു​ക​ളി​ലെ ഗവൺമെന്റ്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ത്തി​രു​ന്ന​വരെ ജയിലി​ല​ട​യ്‌ക്കു​ക​യും ചെയ്‌തു.

13. 1933-നു ശേഷവും രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ല​ത്തും വടക്കേ രാജാവ്‌ എന്താണു ചെയ്‌തത്‌?

13 വടക്കേ രാജാ​വായ ജർമനി 1933 മുതൽ യാതൊ​രു ദാക്ഷി​ണ്യ​വു​മി​ല്ലാ​തെ ദൈവ​ജ​നത്തെ ഉപദ്ര​വി​ക്കാൻ തുടങ്ങി. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ അത്‌ അങ്ങേയറ്റം തീവ്ര​മാ​യി. അത്‌ എങ്ങനെ​യാ​ണു സംഭവി​ച്ചത്‌? ജർമനി നാസി​ക​ളു​ടെ കീഴി​ലാ​യ​പ്പോൾ ഹിറ്റ്‌ല​റും കൂട്ടാ​ളി​ക​ളും ദൈവ​ജ​ന​ത്തി​ന്റെ പ്രവർത്തനം നിരോ​ധി​ച്ചു. അവർ യഹോ​വ​യു​ടെ ജനത്തിൽപ്പെട്ട നൂറു​ക​ണ​ക്കിന്‌ ആളുകളെ കൊല്ലു​ക​യും ആയിര​ങ്ങളെ തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലേക്ക്‌ അയയ്‌ക്കു​ക​യും ചെയ്‌തു. ശരിക്കും ദാനി​യേൽ മുൻകൂ​ട്ടി​പ്പറഞ്ഞ സംഭവ​ങ്ങൾത​ന്നെ​യാ​യി​രു​ന്നു ഇതെല്ലാം. വടക്കേ രാജാവ്‌ ‘വിശു​ദ്ധ​മ​ന്ദി​രം അശുദ്ധ​മാ​ക്കു​ക​യും പതിവു​സ​വി​ശേഷത നീക്കം ചെയ്യു​ക​യും’ ചെയ്യും എന്ന്‌ അവിടെ പറഞ്ഞി​രു​ന്നു. യഹോ​വ​യു​ടെ പേര്‌ പരസ്യ​മാ​യി ഘോഷി​ക്കു​ന്ന​തിൽനിന്ന്‌ ദൈവ​ദാ​സരെ കർശന​മാ​യി നിയ​ന്ത്രി​ച്ച​പ്പോൾ അവൻ അതാണു ചെയ്‌തത്‌. (ദാനി. 11:30ബി, 31എ) ജർമനി​യു​ടെ നേതാ​വായ ഹിറ്റ്‌ലർ ദൈവ​ജ​നത്തെ ജർമനി​യിൽനിന്ന്‌ നിശ്ശേഷം ഇല്ലാതാ​ക്കു​മെന്നു പ്രതിജ്ഞ ചെയ്യു​ക​പോ​ലും ചെയ്‌തു.

പുതിയ ഒരു വടക്കേ രാജാവ്‌

14. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം ആരാണു വടക്കേ രാജാ​വാ​യത്‌? വിശദീ​ക​രി​ക്കുക.

14 രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം, സോവി​യറ്റ്‌ യൂണി​യ​നി​ലെ കമ്മ്യൂ​ണിസ്റ്റ്‌ ഗവൺമെന്റ്‌ ജർമനി​യിൽനിന്ന്‌ പിടി​ച്ചെ​ടുത്ത വിസ്‌തൃ​ത​മായ പ്രദേ​ശ​ങ്ങ​ളിൽ തങ്ങളുടെ അധികാ​രം സ്ഥാപിച്ചു. അത്‌ അടുത്ത വടക്കേ രാജാ​വാ​യി. സത്യാ​രാ​ധ​ക​രോ​ടു നാസി ഏകാധി​പ​ത്യം ഇടപെ​ട്ട​തു​പോ​ലെ​ത​ന്നെ​യാ​ണു സോവി​യറ്റ്‌ യൂണി​യ​നും സഖ്യക​ക്ഷി​ക​ളും ഇടപെ​ട്ടത്‌. രാജ്യ​ത്തോ​ടുള്ള അനുസ​ര​ണ​ത്തെ​ക്കാൾ ദൈവ​ത്തി​നു പ്രാധാ​ന്യം കൊടു​ത്ത​വ​രെ​യെ​ല്ലാം അവർ കഠിന​മാ​യി ഉപദ്ര​വി​ച്ചു.

15. രണ്ടാം ലോക​മ​ഹാ​യു​ദ്ധം കഴിഞ്ഞ ഉടനെ വടക്കേ രാജാവ്‌ എന്തു ചെയ്‌തു?

15 രണ്ടാം ലോക​മ​ഹാ​യു​ദ്ധം കഴിഞ്ഞ്‌ ഉടനെ​തന്നെ പുതിയ വടക്കേ രാജാ​വായ സോവി​യറ്റ്‌ യൂണി​യ​നും സഖ്യക​ക്ഷി​ക​ളും ദൈവ​ജ​ന​ത്തി​നു​മേൽ ആക്രമണം അഴിച്ചു​വി​ട്ടു. വെളി​പാട്‌ 12:15-17-ലെ പ്രവച​ന​ത്തി​നു ചേർച്ച​യിൽ ഈ രാജാവ്‌ നമ്മുടെ പ്രസം​ഗ​പ്ര​വർത്തനം നിരോ​ധി​ക്കു​ക​യും യഹോ​വ​യു​ടെ ജനത്തിൽപ്പെട്ട ആയിര​ക്ക​ണ​ക്കിന്‌ ആളുകളെ നാടു കടത്തു​ക​യും ചെയ്‌തു. വാസ്‌ത​വ​ത്തിൽ, അവസാ​ന​കാ​ലത്ത്‌ വടക്കേ രാജാവ്‌ ദൈവ​ജ​ന​ത്തി​ന്റെ പ്രവർത്തനം ഇല്ലാതാ​ക്കാൻ ഉപദ്ര​വ​ത്തി​ന്റെ ഒരു ‘നദിതന്നെ’ ഒഴുക്കി​വി​ട്ടി​രി​ക്കു​ന്നു, പക്ഷേ അവർ അതിൽ വിജയി​ക്കു​ന്നി​ല്ലെന്നു മാത്രം. *

16. ദാനി​യേൽ 11:37-39-ലെ പ്രവച​ന​ത്തി​നു ചേർച്ച​യിൽ സോവി​യറ്റ്‌ യൂണിയൻ പ്രവർത്തി​ച്ചത്‌ എങ്ങനെ?

16 ദാനി​യേൽ 11:37-39 വായി​ക്കുക. ഈ പ്രവച​ന​ത്തി​നു ചേർച്ച​യിൽ വടക്കേ രാജാവ്‌ ‘തന്റെ പിതാ​ക്ക​ന്മാ​രു​ടെ ദൈവത്തെ ഒട്ടും വകവെ​ച്ചില്ല.’ അത്‌ എങ്ങനെ? മതങ്ങൾ ഇല്ലാതാ​ക്കുക എന്ന ലക്ഷ്യത്തിൽ സോവി​യറ്റ്‌ യൂണിയൻ കാലങ്ങ​ളാ​യി നിലനി​ന്നി​രുന്ന മതസം​ഘ​ട​ന​ക​ളു​ടെ ശക്തി തകർക്കാൻ ശ്രമിച്ചു. അതിനു​വേണ്ടി, 1918-ൽത്തന്നെ സോവി​യറ്റ്‌ ഗവൺമെന്റ്‌ ഒരു ഉത്തരവ്‌ പുറ​പ്പെ​ടു​വി​ച്ചു. അവിടത്തെ സ്‌കൂ​ളു​ക​ളി​ലെ പാഠ്യ​പ​ദ്ധ​തി​യിൽ നിരീ​ശ്വ​ര​വാ​ദം ചേർക്കു​ന്ന​തി​ന്റെ ഒരു തുടക്ക​മാ​യി​രു​ന്നു അത്‌. വടക്കേ രാജാവ്‌ ‘കോട്ട​ക​ളു​ടെ ദൈവ​ത്തി​നു മഹത്ത്വം നൽകി​യെ​ന്നും’ പറയുന്നു. അത്‌ എങ്ങനെ? രാജ്യത്തെ ശക്തി​പ്പെ​ടു​ത്തു​ന്ന​തി​നു സൈന്യ​ബലം വർധി​പ്പി​ക്കാ​നും ആയിര​ക്ക​ണ​ക്കി​നു ന്യൂക്ലി​യർ ആയുധങ്ങൾ നിർമി​ക്കാ​നും സോവി​യറ്റ്‌ യൂണിയൻ വൻതോ​തിൽ പണം ചെലവ​ഴി​ച്ചു. കോടി​ക്ക​ണ​ക്കിന്‌ ആളുകളെ കൊല്ലാ​നുള്ള ആയുധങ്ങൾ വടക്കേ രാജാ​വും തെക്കേ രാജാ​വും ക്രമേണ സമാഹ​രി​ച്ചു.

ഒരു പ്രാവ​ശ്യ​ത്തേക്ക്‌ ഒന്നിക്കു​ന്നു

17. “നാശം വിതയ്‌ക്കുന്ന മ്ലേച്ഛവ​സ്‌തു” എന്താണ്‌?

17 ഒരു കാര്യം നടപ്പി​ലാ​ക്കാൻ വടക്കേ രാജാവ്‌ തെക്കേ രാജാ​വി​നെ പിന്തു​ണച്ചു. അവർ ‘നാശം വിതയ്‌ക്കുന്ന മ്ലേച്ഛവ​സ്‌തു​വി​നെ പ്രതി​ഷ്‌ഠി​ച്ചു.’ (ദാനി. 11:31) ആ മ്ലേച്ഛവ​സ്‌തു ഐക്യ​രാ​ഷ്‌ട്ര​സം​ഘ​ട​ന​യാണ്‌.

18. ഐക്യ​രാ​ഷ്‌ട്ര​സം​ഘ​ട​നയെ എന്തു​കൊ​ണ്ടാണ്‌ “നാശം വിതയ്‌ക്കുന്ന മ്ലേച്ഛവ​സ്‌തു” എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌?

18 ഐക്യ​രാ​ഷ്‌ട്ര​സം​ഘ​ട​നയെ എന്തു​കൊ​ണ്ടാണ്‌ “മ്ലേച്ഛവ​സ്‌തു” എന്നു വിളി​ക്കു​ന്നത്‌? കാരണം ദൈവ​രാ​ജ്യ​ത്തി​നു മാത്രം ചെയ്യാൻ കഴിയുന്ന കാര്യം തങ്ങളെ​ക്കൊണ്ട്‌ സാധിക്കുമെന്ന്‌ അവർ അവകാ​ശ​പ്പെ​ടു​ന്നു. എന്താണ്‌ അത്‌? ലോകത്ത്‌ സമാധാ​നം കൊണ്ടു​വ​രാൻ. മ്ലേച്ഛവ​സ്‌തു ‘നാശം വിതയ്‌ക്കും’ എന്നും പ്രവചനം പറയുന്നു. എല്ലാ വ്യാജ​മ​ത​ങ്ങ​ളെ​യും നശിപ്പി​ക്കു​ന്ന​തിൽ ഐക്യ​രാ​ഷ്‌ട്ര​സം​ഘടന ഒരു മുഖ്യ​പങ്കു വഹിക്കു​ന്ന​തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌.—“അവസാ​ന​കാ​ലത്തെ വടക്കേ രാജാ​വും തെക്കേ രാജാ​വും” എന്ന ചാർട്ട്‌ കാണുക.

നമ്മൾ ഈ ചരിത്രം അറി​യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

19-20. (എ) നമ്മൾ ഈ ചരിത്രം അറി​യേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) അടുത്ത ലേഖന​ത്തിൽ നമ്മൾ ഏതു ചോദ്യം ചർച്ച ചെയ്യും?

19 നമ്മൾ ഈ ചരിത്രം അറിയണം, കാരണം വടക്കേ രാജാ​വി​നെ​യും തെക്കേ രാജാ​വി​നെ​യും കുറി​ച്ചുള്ള ദാനി​യേ​ലി​ന്റെ പ്രവചനം 1870 മുതൽ 1991 വരെ നിറ​വേ​റി​ക്ക​ഴി​ഞ്ഞെന്ന്‌ അതു തെളി​യി​ക്കു​ന്നു. അതു​കൊണ്ട്‌ പ്രവച​ന​ത്തി​ന്റെ ബാക്കി​യുള്ള ഭാഗവും നിറ​വേ​റു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.

20 സോവി​യറ്റ്‌ യൂണിയൻ 1991-ൽ തകർന്നു. അങ്ങനെ​യെ​ങ്കിൽ ഇപ്പോൾ ആരാണു വടക്കേ രാജാവ്‌? അതു നമുക്ക്‌ അടുത്ത ലേഖന​ത്തിൽ പഠിക്കാം.

ഗീതം 128 അവസാ​ന​ത്തോ​ളം സഹിച്ചു​നിൽക്കു​ക

^ ഖ. 5 തെളി​വു​കൾ കാണി​ക്കു​ന്ന​ത​നു​സ​രിച്ച്‌, ‘വടക്കേ രാജാ​വി​നെ​യും’ ‘തെക്കേ രാജാ​വി​നെ​യും’ കുറി​ച്ചുള്ള ദാനി​യേ​ലി​ന്റെ പ്രവചനം ഇപ്പോ​ഴും നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. എന്തു​കൊ​ണ്ടാണ്‌ നമുക്ക്‌ അത്‌ അത്ര ഉറപ്പിച്ച്‌ പറയാൻ കഴിയു​ന്നത്‌? ഈ പ്രവച​ന​ത്തി​ന്റെ വിശദാം​ശങ്ങൾ നമ്മൾ മനസ്സി​ലാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

^ ഖ. 2 ദൈവജനത്തിൽപ്പെട്ട ധാരാളം ആളുകൾ താമസി​ക്കു​ക​യോ ദൈവ​ജ​നത്തെ ആക്രമി​ക്കു​ക​യോ ചെയ്‌ത രാജ്യ​ങ്ങ​ളെ​യാണ്‌ ഈ ലേഖന​ത്തി​ലും അടുത്ത​തി​ലും ദൈവ​ജ​നത്തെ നേരിട്ട്‌ സ്വാധീ​നി​ച്ചി​ട്ടുള്ള ഗവൺമെ​ന്റു​കൾ എന്നു പറയു​ന്നത്‌.

^ ഖ. 5 ഇക്കാരണംകൊണ്ടുതന്നെ റോമൻ ചക്രവർത്തി​യായ ഔറേ​ലി​യനെ (എ.ഡി. 270-275) ‘വടക്കേ രാജാ​വാ​യും’ സെനോ​ബിയ രാജ്ഞിയെ (എ.ഡി. 267-272) ‘തെക്കേ രാജാ​വാ​യും’ ഇനി നമ്മൾ പറയില്ല. ഇതെക്കു​റിച്ച്‌ ദാനീ​യേൽ പ്രവച​ന​ത്തി​നു ശ്രദ്ധ കൊടു​പ്പിൻ! എന്ന പുസ്‌ത​ക​ത്തി​ന്റെ 13, 14 അധ്യാ​യ​ങ്ങ​ളിൽ വന്ന മാറ്റമാണ്‌ ഇത്‌.

^ ഖ. 9 1890-ൽ കൈസർ വിൽഹെം രണ്ടാമൻ ബിസ്‌മാർക്കി​നെ അധികാ​ര​ത്തിൽനിന്ന്‌ പുറത്താ​ക്കി.

^ ഖ. 10 അവരുടെ പ്രവർത്ത​നം​കൊണ്ട്‌ സാമ്രാ​ജ്യ​ത്തി​ന്റെ പതനം പെട്ടെന്നു സംഭവി​ച്ചു. അവർ കൈസ​റി​നുള്ള പിന്തുണ പിൻവ​ലി​ച്ചു, യുദ്ധത്തി​ലു​ണ്ടായ നാശന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ചുള്ള രഹസ്യ​വി​വ​രങ്ങൾ അവർ ചോർത്തി, അധികാ​രം വെച്ചൊ​ഴി​യാൻ ചക്രവർത്തി​യെ നിർബ​ന്ധി​ക്കു​ക​യും ചെയ്‌തു.

^ ഖ. 15 ദാനിയേൽ 11:34 സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ വടക്കേ രാജാ​വി​ന്റെ പ്രദേ​ശത്ത്‌ ജീവി​ക്കുന്ന ക്രിസ്‌ത്യാ​നി​കൾക്കു “ചെറി​യൊ​രു” ആശ്വാസം കിട്ടിയ സന്ദർഭ​ങ്ങ​ളു​ണ്ടാ​യി​ട്ടുണ്ട്‌. 1991-ൽ സോവി​യറ്റ്‌ യൂണിയൻ നിലം​പ​തി​ച്ചത്‌ അത്തരം ഒരു അവസര​മാ​യി​രു​ന്നു.