പഠനലേഖനം 41
സ്നാനത്തിലേക്ക് പുരോഗമിക്കാൻ ബൈബിൾവിദ്യാർഥികളെ എങ്ങനെ സഹായിക്കാം?—ഭാഗം 1
“ശുശ്രൂഷകർ എന്ന നിലയിൽ ഞങ്ങൾ എഴുതിയ ക്രിസ്തുവിന്റെ കത്താണു നിങ്ങൾ എന്നതു വ്യക്തമാണ്.”—2 കൊരി. 3:3.
ഗീതം 78 ‘ദൈവത്തിന്റെ വചനം പഠിപ്പിക്കുന്നു’
പൂർവാവലോകനം *
1. ഒരാളെ സ്നാനപ്പെടാൻ സഹായിക്കുന്നത് വിലയേറിയ ഒരു പദവിയാണെന്നു മനസ്സിലാക്കാൻ 2 കൊരിന്ത്യർ 3:1-3 സഹായിക്കുന്നത് എങ്ങനെ? (പുറംതാളിലെ ചിത്രം കാണുക.)
നിങ്ങളുടെ സഭയിൽ വന്നുകൊണ്ടിരിക്കുന്ന ഒരു ബൈബിൾവിദ്യാർഥി സ്നാനമേൽക്കുമ്പോൾ നിങ്ങളുടെ വികാരം എന്തായിരിക്കും? നിങ്ങൾക്ക് വളരെയധികം സന്തോഷം തോന്നും, അല്ലേ? (മത്താ. 28:19) നിങ്ങളാണ് ആ വ്യക്തിക്ക് ബൈബിൾപഠനം നടത്തിയതെങ്കിൽ അദ്ദേഹം സ്നാനപ്പെടുന്നത് കാണുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ലായിരിക്കും. (1 തെസ്സ. 2:19, 20) അദ്ദേഹത്തിന്റെ ആത്മീയപുരോഗതിയും സ്നാനവും നിങ്ങളും സഭയിലെ മറ്റു സഹോദരങ്ങളും അദ്ദേഹത്തിനുവേണ്ടി ചെയ്ത കഠിനാധ്വാനത്തിന്റെ തെളിവാണ്. അതുകൊണ്ട് ഈ പുതിയ ശിഷ്യരെ അവരുടെകൂടെ ബൈബിൾ പഠിച്ചവരുടെയും മുഴുസഭയുടെയും “ശുപാർശക്കത്തുകൾ” എന്നു വിളിക്കാം.—2 കൊരിന്ത്യർ 3:1-3 വായിക്കുക.
2. (എ) നമ്മൾ ഏതു പ്രധാനപ്പെട്ട ചോദ്യത്തെക്കുറിച്ച് ചിന്തിക്കണം, എന്തുകൊണ്ട്? (ബി) എന്താണ് ഒരു ബൈബിൾപഠനം? (അടിക്കുറിപ്പ് കാണുക.)
2 കഴിഞ്ഞ നാലു വർഷമായി ഓരോ മാസവും ഒരു കോടി ബൈബിൾപഠനങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. * ആ ഓരോ വർഷവും ശരാശരി 2,80,000-ത്തിലധികം ആളുകളാണ് യഹോവയുടെ സാക്ഷികളാകുകയും ക്രിസ്തുവിന്റെ ശിഷ്യരായി സ്നാനപ്പെടുകയും ചെയ്യുന്നത്. ക്രിസ്തുവിന്റെ ശിഷ്യരാകാൻ യഹോവ ക്ഷമയോടെ ആളുകൾക്ക് ഇപ്പോഴും സമയവും അവസരവും കൊടുത്തിട്ടുണ്ട്. പക്ഷേ ആ സമയം വളരെ പെട്ടെന്ന് തീർന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നമ്മുടെകൂടെ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്നവരെ എത്രയും പെട്ടെന്ന് സ്നാനത്തിലേക്കു നയിക്കാൻ കഴിയുന്നതെല്ലാം നമ്മൾ ചെയ്യണം. നമുക്ക് അത് എങ്ങനെ ചെയ്യാം?—1 കൊരി. 7:29എ; 1 പത്രോ. 4:7.
3. ഈ ലേഖനത്തിൽ നമ്മൾ എന്ത് ചർച്ച ചെയ്യും?
3 ആളുകളെ ശിഷ്യരാക്കാൻ ശേഷിച്ചിരിക്കുന്ന സമയം കുറവായതുകൊണ്ട് ഭരണസംഘം ഇതെക്കുറിച്ച് ബ്രാഞ്ചോഫീസുകളോട് സംസാരിച്ചു. കൂടുതൽ ബൈബിൾവിദ്യാർഥികളെ എങ്ങനെ സ്നാനമെന്ന പടിയിലേക്ക് നയിക്കാൻ കഴിയും എന്നതിനെക്കുറിച്ച് ചോദിച്ചു. ഇക്കാര്യത്തിൽ ബൈബിൾ പഠിപ്പിക്കുന്നവർക്കും വിദ്യാർഥികൾക്കും ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ അനുഭവസമ്പന്നരായ മുൻനിരസേവകർക്കും മിഷനറിമാർക്കും സർക്കിട്ട് മേൽവിചാരകന്മാർക്കും പറയാനുണ്ട്. * (സുഭാ. 11:14; 15:22) അവർ പങ്കുവെച്ച ചില ആശയങ്ങൾ ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും ചിന്തിക്കും. സ്നാനത്തിലേക്കു പുരോഗമിക്കാൻ വിദ്യാർഥി ചെയ്യേണ്ട അഞ്ചു കാര്യങ്ങൾ ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. ബൈബിൾ പഠിപ്പിക്കുന്നവരെന്ന നിലയിൽ, ഈ അഞ്ചു കാര്യങ്ങൾ ചെയ്യാൻ നമ്മൾ വിദ്യാർഥികളെ സഹായിക്കണം.
എല്ലാ ആഴ്ചയും പഠിക്കുക
4. വീട്ടുവാതിൽക്കൽ വെച്ച് നടത്തുന്ന ബൈബിൾപഠനത്തെക്കുറിച്ച് നമ്മൾ ഏതു കാര്യം ഓർക്കണം?
4 നമ്മുടെ ചില സഹോദരങ്ങൾ വീട്ടുവാതിൽക്കൽനിന്ന് ബൈബിൾപഠനങ്ങൾ നടത്താറുണ്ട്. ഇതൊരു നല്ല തുടക്കമാണ്. ബൈബിളിൽ താത്പര്യം വളർത്താൻ ഇത് ആളുകളെ സഹായിക്കും. പക്ഷേ ഇങ്ങനെയുള്ള ചർച്ചകൾ പലപ്പോഴും അധികം ദൈർഘ്യമുള്ളതായിരിക്കില്ല, എല്ലാ ആഴ്ചയും നടക്കണമെന്നുമില്ല. താത്പര്യം വളർത്താൻ ചില സഹോദരങ്ങൾ ഒരു കാര്യംകൂടെ ചെയ്യും. വീട്ടുകാരന്റെ ഫോൺ നമ്പർ മേടിച്ചിട്ട് ഒരു തിരുവെഴുത്താശയം പങ്കുവെക്കുന്നതിന് ഇടയ്ക്ക് ഫോൺ ചെയ്യുകയോ മെസ്സേജ് അയയ്ക്കുകയോ ചെയ്യും. ഇങ്ങനെയുള്ള ഹ്രസ്വമായ ചർച്ചകൾ മാസങ്ങളോളം തുടർന്നേക്കാം. എന്നാൽ ദൈവവചനം പഠിക്കുന്നതിന് ഒരു വിദ്യാർഥി * കുറച്ചുകൂടെ സമയമെടുക്കാനോ ശ്രമം ചെയ്യാനോ തയ്യാറാകുന്നില്ലെങ്കിൽ ആ വ്യക്തി പുരോഗമിച്ച് സമർപ്പിക്കുകയും സ്നാനപ്പെടുകയും ചെയ്യുമോ? സാധ്യതയില്ല.
5. ലൂക്കോസ് 14:27-33 അനുസരിച്ച്, എന്ത് ചെയ്യാൻ നമ്മൾ വിദ്യാർഥികളെ സഹായിക്കണം?
5 ഒരിക്കൽ യേശു ഒരു ഗോപുരം പണിയാൻ ആഗ്രഹിച്ച ഒരാളുടെയും യുദ്ധത്തിനു പുറപ്പെടാൻ ഒരുങ്ങുന്ന ഒരു രാജാവിന്റെയും ദൃഷ്ടാന്തം പറഞ്ഞു. ഗോപുരം പണിയാൻ ഉദ്ദേശിക്കുന്നയാൾ അത് പൂർത്തീകരിക്കാൻ കഴിയുമോ എന്ന് “ആദ്യം ഇരുന്ന് ചെലവ് കണക്കുകൂട്ടി” നോക്കണം. അതുപോലെ തന്റെ സൈന്യത്തിനു വിജയിക്കാൻ കഴിയുമോ എന്ന് രാജാവും ‘ആദ്യം തന്നെ ഉപദേശം ചോദിക്കണമെന്നും’ യേശു പറഞ്ഞു. (ലൂക്കോസ് 14:27-33 വായിക്കുക.) സമാനമായി, തന്റെ ശിഷ്യനാകാൻ ആഗ്രഹിക്കുന്ന ഒരാൾ തന്റെ അനുഗാമിയാകുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നന്നായി ആലോചിച്ചുനോക്കണം എന്ന് യേശുവിന് അറിയാമായിരുന്നു. ആ കാര്യങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതിന് എല്ലാ ആഴ്ചയും നമ്മുടെകൂടെ ബൈബിൾ പഠിക്കാൻ നമ്മൾ അവരെ പ്രോത്സാഹിപ്പിക്കണം. നമുക്ക് അത് എങ്ങനെ ചെയ്യാം?
6. വിദ്യാർഥികൾ കൂടുതൽ പുരോഗതി വരുത്തുന്നതിന് നമുക്ക് എന്ത് ചെയ്യാൻ ശ്രമിക്കാം?
6 വീട്ടുവാതിൽക്കൽവെച്ച് നടത്തുന്ന ബൈബിൾപഠനങ്ങളുടെ സമയം കൂട്ടിക്കൊണ്ട് നമുക്കു തുടങ്ങാം. ഒരുപക്ഷേ ഓരോ പ്രാവശ്യവും അദ്ദേഹത്തെ സന്ദർശിക്കുമ്പോൾ ഒരു തിരുവെഴുത്താശയം ചർച്ച ചെയ്യുന്നതിനു പകരം രണ്ട് ആശയങ്ങൾ ചർച്ച ചെയ്യാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. കൂടുതൽ സമയം പഠിക്കുന്നതിനു വിദ്യാർഥിക്കു ബുദ്ധിമുട്ടില്ലാത്തതായി തോന്നുമ്പോൾ, എവിടെയെങ്കിലും ഇരുന്ന് പഠിച്ചാലോ എന്ന് നമുക്ക് വീട്ടുകാരനോട് ചോദിക്കാം. വീട്ടുകാരന്റെ അപ്പോഴത്തെ മറുപടി കേൾക്കുമ്പോൾ, ബൈബിൾ പഠിക്കുന്നത് അദ്ദേഹം ഗൗരവമായി എടുക്കുന്നുണ്ടോ എന്നു നമുക്ക് മനസ്സിലാകും. കുറച്ചുനാൾ കഴിഞ്ഞ്, ആഴ്ചയിൽ രണ്ടു പ്രാവശ്യം പഠിക്കാൻ താത്പര്യമുണ്ടോ എന്ന് നമുക്ക് വിദ്യാർഥിയോട് ചോദിക്കാം. അതു കുറച്ചുകൂടെ വേഗത്തിൽ പുരോഗതി വരുത്താൻ അദ്ദേഹത്തെ സഹായിക്കും. എങ്കിലും ആഴ്ചയിൽ എത്ര തവണ പഠിക്കുന്നു എന്നത് മാത്രമല്ല കാര്യം.
ഓരോ ബൈബിൾപഠനത്തിന് മുമ്പും തയ്യാറാകുക
7. ഓരോ പ്രാവശ്യവും ബൈബിൾപഠനം നടത്തുന്നതിനു മുമ്പ് നിങ്ങൾക്ക് എങ്ങനെ തയ്യാറാകാം?
7 അധ്യാപകൻ എന്ന നിലയിൽ നിങ്ങൾ ഓരോ ബൈബിൾപഠനത്തിനു മുമ്പും നന്നായി തയ്യാറാകണം. ചർച്ച ചെയ്യാനുള്ള ഭാഗം വായിക്കുകയും തിരുവെഴുത്തുകൾ എടുത്തുനോക്കുകയും ചെയ്തുകൊണ്ട് തുടങ്ങാം. അതിലെ മുഖ്യ ആശയങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി മനസ്സിലാക്കുക. പാഠത്തിന്റെ വിഷയം, ഉപതലക്കെട്ടുകൾ, പഠനചോദ്യങ്ങൾ, “വായിക്കുക” എന്നു കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ, ചിത്രങ്ങൾ, ആ വിഷയം വിശദീകരിക്കുന്ന വീഡിയോകൾ എന്നിവയെക്കുറിച്ചൊക്കെ ചിന്തിക്കുക. അതു കഴിഞ്ഞ് നിങ്ങളുടെ വിദ്യാർഥിയെ മനസ്സിൽക്കാണുക. അദ്ദേഹത്തിന് എളുപ്പത്തിൽ മനസ്സിലാക്കാനും ബാധകമാക്കാനും കഴിയുന്ന വിധത്തിൽ വിവരങ്ങൾ ലളിതമായും വ്യക്തമായും എങ്ങനെ അവതരിപ്പിക്കാം എന്ന് ആലോചിക്കുക.—നെഹ. 8:8; സുഭാ. 15:28എ.
8. കൊലോസ്യർ 1:9, 10-ലെ പൗലോസ് അപ്പോസ്തലന്റെ വാക്കുകൾ നമ്മുടെ ബൈബിൾവിദ്യാർഥികൾക്കുവേണ്ടി പ്രാർഥിക്കുന്നതിനെക്കുറിച്ച് നമ്മളെ എന്താണ് പഠിപ്പിക്കുന്നത്?
8 വിദ്യാർഥിക്കും അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നത് തയ്യാറാകുന്നതിന്റെ ഭാഗമാണ്. വിദ്യാർഥിയെ പ്രചോദിപ്പിക്കുന്ന രീതിയിൽ ബൈബിൾ പഠിപ്പിക്കാനുള്ള സഹായത്തിനായി യഹോവയോട് അപേക്ഷിക്കുക. (കൊലോസ്യർ 1:9, 10 വായിക്കുക.) അദ്ദേഹത്തിനു മനസ്സിലാക്കാനോ അംഗീകരിക്കാനോ ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ ഏതായിരിക്കും എന്നു മുൻകൂട്ടിക്കാണാൻ ഒരു ശ്രമം നടത്തുക. സ്നാനത്തിലേക്ക് പുരോഗമിക്കാൻ വിദ്യാർഥിയെ സഹായിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം. അത് എപ്പോഴും ഓർക്കുക.
9. ബൈബിൾപഠനത്തിനു തയ്യാറാകാൻ അധ്യാപകനു വിദ്യാർഥിയെ എങ്ങനെ സഹായിക്കാം?
9 ക്രമമായ ഒരു ബൈബിൾപഠനത്തിലൂടെ വിദ്യാർഥിക്ക് യഹോവയും യേശുവും ചെയ്ത കാര്യങ്ങളോടു നന്ദി തോന്നും. അങ്ങനെ കൂടുതൽ പഠിക്കാനുള്ള ആഗ്രഹമുണ്ടാകും എന്നാണ് നമ്മുടെ പ്രതീക്ഷ. (മത്താ. 5:3, 6) ബൈബിൾപഠനത്തിൽനിന്ന് ശരിക്കും പ്രയോജനം കിട്ടണമെങ്കിൽ വിദ്യാർഥി പഠിക്കുന്ന കാര്യങ്ങൾക്കു പൂർണശ്രദ്ധ കൊടുക്കണം. പാഠഭാഗം വായിക്കുകയും അതു തനിക്ക് എങ്ങനെയാണ് ബാധകമാകുന്നത് എന്ന് ചിന്തിക്കുകയും ചെയ്തുകൊണ്ട് നേരത്തേ തയ്യാറാകുന്നത് ഇതിനു വിദ്യാർഥിയെ സഹായിക്കും. അതുകൊണ്ട് മുന്നമേ പഠിച്ചിരിക്കേണ്ടതിന്റെ പ്രാധാന്യം വിദ്യാർഥിക്കു പറഞ്ഞുകൊടുക്കുക. തയ്യാറാകാൻ അധ്യാപകനു വിദ്യാർഥിയെ എങ്ങനെ സഹായിക്കാം? വിദ്യാർഥിയുടെകൂടെ ഒരു പാഠഭാഗം തയ്യാറായിക്കൊണ്ട് അത് എങ്ങനെ ചെയ്യാം എന്ന് കാണിച്ചുകൊടുക്കുക. * ചോദ്യത്തിന്റെ നേരിട്ടുള്ള ഉത്തരം എങ്ങനെ കണ്ടെത്താമെന്നും പ്രധാനപ്പെട്ട വാക്കുകളുടെ അടിയിൽ മാത്രം വരയ്ക്കുന്നത് ഉത്തരം ഓർത്തുവെക്കാൻ എങ്ങനെ സഹായിക്കുമെന്നും വിശദീകരിക്കുക. എന്നിട്ട് സ്വന്തം വാക്കുകളിൽ ഉത്തരം നൽകാൻ അദ്ദേഹത്തോട് പറയുക. പാഠഭാഗം അദ്ദേഹത്തിന് എത്ര നന്നായി മനസ്സിലായെന്ന് അതിലൂടെ നമുക്കു നിർണയിക്കാൻ പറ്റും. പുരോഗമിക്കാൻ നിങ്ങളുടെ വിദ്യാർഥി ചെയ്യേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ച് നോക്കാം.
എല്ലാ ദിവസവും യഹോവയുമായി സംസാരിക്കാൻ വിദ്യാർഥിയെ പഠിപ്പിക്കുക
10. ഓരോ ദിവസവും ബൈബിൾ വായിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, ബൈബിൾവായനയിൽനിന്ന് കൂടുതൽ പ്രയോജനം കിട്ടുന്നതിന് എന്തു ചെയ്യണം?
10 ഓരോ ആഴ്ചയും അധ്യാപകന്റെകൂടെ ബൈബിൾ പഠിക്കുന്നതിനു പുറമേ ഓരോ ദിവസവും വിദ്യാർഥി സ്വന്തമായി ചെയ്യേണ്ട ചില കാര്യങ്ങളുമുണ്ട്. അദ്ദേഹം യഹോവയുമായി ആശയവിനിമയം ചെയ്യണം. യഹോവ പറയുന്നത് ശ്രദ്ധിച്ചുകൊണ്ടും യഹോവയോട് സംസാരിച്ചുകൊണ്ടും അത് ചെയ്യാം. ദിവസവും ബൈബിൾ വായിച്ചുകൊണ്ട് ദൈവത്തിനു പറയാനുള്ളത് അദ്ദേഹത്തിന് ശ്രദ്ധിക്കാം. (യോശു. 1:8; സങ്കീ. 1:1-3) jw.org-ലെ പ്രിന്റ് എടുക്കാൻ പറ്റുന്ന “ബൈബിൾവായനയ്ക്കുള്ള പട്ടിക” എങ്ങനെ ഉപയോഗിക്കാം എന്ന് അദ്ദേഹത്തിനു കാണിച്ചുകൊടുക്കുക. * ബൈബിൾവായനയിൽനിന്ന് കൂടുതൽ പ്രയോജനം കിട്ടുന്നതിന് ഓരോ പ്രാവശ്യവും ബൈബിൾ വായിക്കുമ്പോൾ യഹോവയെക്കുറിച്ച് അത് എന്താണ് പഠിപ്പിക്കുന്നതെന്നും അത് സ്വന്തം ജീവിതത്തിൽ എങ്ങനെ ബാധകമാക്കാമെന്നും ചിന്തിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക.—പ്രവൃ. 17:11; യാക്കോ. 1:25.
11. ശരിയായ രീതിയിൽ പ്രാർഥിക്കാൻ വിദ്യാർഥിക്ക് എങ്ങനെ പഠിക്കാം, അദ്ദേഹം കൂടെക്കൂടെ യഹോവയോട് പ്രാർഥിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 എല്ലാ ദിവസവും പ്രാർഥിച്ചുകൊണ്ട് യഹോവയോടു സംസാരിക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. ഓരോ പ്രാവശ്യം ബൈബിൾപഠനം തുടങ്ങുന്നതിനു മുമ്പും അതിനു ശേഷവും പ്രാർഥിക്കുക. ഹൃദയസ്പർശിയായ ആ പ്രാർഥനകളിൽ വിദ്യാർഥിയുടെ കാര്യവും ഉൾപ്പെടുത്തുക. നിങ്ങളുടെ പ്രാർഥനകൾ ശ്രദ്ധിക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽനിന്ന് എങ്ങനെയാണു പ്രാർഥിക്കേണ്ടതെന്ന് അദ്ദേഹത്തിനു മനസ്സിലാകും. യേശുക്രിസ്തുവിന്റെ നാമത്തിൽ യഹോവയോടാണു പ്രാർഥിക്കേണ്ടതെന്നും അദ്ദേഹത്തിനു ബോധ്യമാകും. (മത്താ. 6:9; യോഹ. 15:16) എല്ലാ ദിവസവും ബൈബിൾ വായിക്കുകയും (യഹോവയെ ശ്രദ്ധിക്കുകയും) പ്രാർഥിക്കുകയും (യഹോവയോടു സംസാരിക്കുകയും) ചെയ്താൽ വിദ്യാർഥി ദൈവത്തോട് എത്രയധികം അടുക്കുമെന്ന് ഒന്നാലോചിച്ച് നോക്കൂ. (യാക്കോ. 4:8) ഇതൊരു ശീലമാക്കുന്നത് സമർപ്പണത്തിലേക്കും സ്നാനത്തിലേക്കും പുരോഗമിക്കാൻ അദ്ദേഹത്തെ സഹായിക്കും. വിദ്യാർഥി ചെയ്യേണ്ട മറ്റൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാം.
യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ സഹായിക്കുക
12. യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ ഒരു അധ്യാപകനു വിദ്യാർഥിയെ എങ്ങനെ സഹായിക്കാം?
12 പഠിക്കുന്ന കാര്യങ്ങൾ വിദ്യാർഥിക്ക് മനസ്സിലായാൽ മാത്രം പോരാ. അത് അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിക്കുകയും വേണം. എങ്കിൽ മാത്രമേ പഠിക്കുന്ന കാര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന് പ്രചോദനം തോന്നുകയുള്ളൂ. ആളുകൾക്ക് വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ യുക്തിസഹമായി പഠിപ്പിച്ചിരുന്ന ആളായിരുന്നു യേശു. ആളുകൾ യേശുവിനെ അനുഗമിച്ചതു പക്ഷേ, യേശുവിന്റെ പഠിപ്പിക്കലുകൾ അവരുടെ ഹൃദയത്തെ സ്പർശിച്ചതുകൊണ്ടുംകൂടിയാണ്. (ലൂക്കോ. 24:15, 27, 32) യഹോവയെ ഒരു യഥാർഥ വ്യക്തിയായി കാണാൻ നിങ്ങളുടെ വിദ്യാർഥിക്ക് കഴിയണം. യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ കഴിയുമെന്ന് അദ്ദേഹത്തിനു മനസ്സിലാകണം. യഹോവയെ തന്റെ പിതാവും തന്റെ ദൈവവും തന്റെ സ്നേഹിതനും ആയി കാണാനും നമ്മൾ വിദ്യാർഥിയെ സഹായിക്കണം. (സങ്കീ. 25:4, 5) ബൈബിൾ പഠിപ്പിക്കുന്ന സമയത്ത് ദൈവത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് എടുത്തുപറയുക. (പുറ. 34:5, 6; 1 പത്രോ. 5:6, 7) ഏതു വിഷയമാണ് നമ്മൾ പഠിക്കുന്നതെങ്കിലും നമുക്ക് അതു ചെയ്യാം. യഹോവയുടെ സ്നേഹം, ദയ, അനുകമ്പ പോലുള്ള മനോഹരമായ ഗുണങ്ങൾ നന്നായി മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുക. ‘നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കണം’ എന്നതാണ് “ഏറ്റവും വലിയതും ഒന്നാമത്തേതും ആയ കല്പന” എന്ന് യേശു പറഞ്ഞു. (മത്താ. 22:37, 38) വിദ്യാർഥിയുടെ ഉള്ളിൽ യഹോവയോടുള്ള സ്നേഹം വളർന്നുവരാൻ സഹായിക്കുന്നതിന് എപ്പോഴും ശ്രമിക്കുക.
13. യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ വിദ്യാർഥിയെ എങ്ങനെ സഹായിക്കാം എന്നതിന് ഒരു ഉദാഹരണം പറയുക.
13 വിദ്യാർഥിയോട് സംസാരിക്കുമ്പോൾ യഹോവയോട് നിങ്ങൾക്ക് തോന്നുന്ന ആഴമായ സ്നേഹത്തെക്കുറിച്ച് പറയുക. തനിക്കും ഇതുപോലെ ദൈവവുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കണം എന്ന ആഗ്രഹം തോന്നാൻ വിദ്യാർഥിയെ ഇത് സഹായിച്ചേക്കും. (സങ്കീ. 73:28) പഠിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രസിദ്ധീകരണത്തിലോ ഏതെങ്കിലുമൊരു തിരുവെഴുത്തിലോ യഹോവയുടെ സ്നേഹം, ജ്ഞാനം, നീതി, ശക്തി എന്നീ ഗുണങ്ങളെക്കുറിച്ച് പറയുന്ന എന്തെങ്കിലുമൊരു കാര്യം നിങ്ങളുടെ ഹൃദയത്തെ സ്പർശിച്ചോ? എങ്കിൽ ആ ആശയം വിദ്യാർഥിയുമായി ചർച്ച ചെയ്യുക. നമ്മുടെ സ്വർഗീയപിതാവിനെ നിങ്ങൾ സ്നേഹിക്കുന്നതിന്റെ പല കാരണങ്ങളിൽ ഒന്നാണ് ഇതെന്ന് വിദ്യാർഥി മനസ്സിലാക്കട്ടെ. പുരോഗതി വരുത്തി സ്നാനപ്പെടാൻ ഓരോ ബൈബിൾവിദ്യാർഥിയും ചെയ്യേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമുണ്ട്.
സഭായോഗങ്ങൾക്കു വരാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക
14. മീറ്റിങ്ങുകൾക്കു വന്നാൽ അത് വിദ്യാർഥിക്ക് എങ്ങനെയെല്ലാം പ്രയോജനം ചെയ്യുമെന്നാണ് എബ്രായർ 10:24, 25 പറയുന്നത്?
14 നമ്മുടെ വിദ്യാർഥികൾ പുരോഗമിച്ച് സ്നാനപ്പെടണം എന്നാണ് നമ്മുടെ എല്ലാവരുടെയും ആഗ്രഹം. അതിന് അവരെ സഹായിക്കാൻ കഴിയുന്ന ഒരു പ്രധാനവിധം സഭായോഗങ്ങൾക്ക് വരാൻ അവരെ സങ്കീ. 111:1) ബൈബിൾപഠനത്തിൽനിന്ന് പഠിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ മീറ്റിങ്ങുകൾക്കു വന്നാൽ പഠിക്കാമെന്ന് ചില അധ്യാപകർ വിദ്യാർഥികളോട് പറയുന്നു. വിദ്യാർഥിയോടൊത്ത് എബ്രായർ 10:24, 25 വായിക്കുക, എന്നിട്ട് മീറ്റിങ്ങുകൾക്കു വന്നാൽ കിട്ടുന്ന പ്രയോജനങ്ങൾ അദ്ദേഹത്തിന് പറഞ്ഞുകൊടുക്കുക. രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ അദ്ദേഹത്തെ കാണിക്കുക. * ക്രമമായി മീറ്റിങ്ങുകൾക്കു വരുന്നത് ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാക്കി മാറ്റാൻ വിദ്യാർഥിയെ സഹായിക്കുക.
പ്രോത്സാഹിപ്പിക്കുന്നതാണ്. വിദ്യാർഥികൾ മീറ്റിങ്ങുകളിൽ ഹാജരാകാൻ തുടങ്ങുമ്പോൾമുതൽ അവർ അതിവേഗം പുരോഗമിക്കുന്നെന്ന് അനുഭവപരിചയമുള്ള അധ്യാപകർ കണ്ടെത്തിയിരിക്കുന്നു. (15. ക്രമമായി മീറ്റിങ്ങുകൾക്കു വരാൻ നമുക്ക് എങ്ങനെ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാനാകും?
15 നിങ്ങളുടെ വിദ്യാർഥി ഇതേവരെ മീറ്റിങ്ങിനു വന്നിട്ടില്ലെങ്കിലോ ക്രമമായി വരുന്നില്ലെങ്കിലോ നിങ്ങൾക്ക് എന്ത് ചെയ്യാം? അടുത്തിടെ മീറ്റിങ്ങിൽ പഠിച്ച ഒരു കാര്യം അദ്ദേഹത്തോട് പറയുക. ഉത്സാഹത്തോടെ അങ്ങനെ ഒരു ആശയം പങ്കുവെക്കുന്നത് മീറ്റിങ്ങുകൾക്ക് വെറുതേ ക്ഷണിക്കുന്നതിനെക്കാളും ഗുണം ചെയ്യും. നിലവിൽ മീറ്റിങ്ങിൽ പഠിച്ചുകൊണ്ടിരിക്കുന്ന വീക്ഷാഗോപുരമോ ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയോ അദ്ദേഹത്തിന് കൊടുക്കുക. അടുത്ത മീറ്റിങ്ങിൽ പഠിക്കാൻ പോകുന്ന ഭാഗം അദ്ദേഹത്തിന് കാണിച്ചുകൊടുക്കുക. അതിൽ അദ്ദേഹത്തെ ആകർഷിച്ചത് ഏത് ഭാഗമാണെന്ന് വിദ്യാർഥിയോട് ചോദിക്കുക. അദ്ദേഹം പോയിട്ടുള്ള മതപരമായ മറ്റേതു കൂടിവരവിലും ലഭിച്ചിട്ടില്ലാത്ത ഒരു അനുഭവമായിരിക്കും ആദ്യമായി മീറ്റിങ്ങിനു വരുമ്പോൾ അദ്ദേഹത്തിന് ലഭിക്കുക. (1 കൊരി. 14:24, 25) തനിക്ക് അനുകരിക്കാൻ കഴിയുന്ന പലരെയും അദ്ദേഹത്തിന് അവിടെവെച്ച് പരിചയപ്പെടാൻ കഴിയും. സ്നാനത്തിലേക്ക് പുരോഗമിക്കാൻ അവർ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.
16. സ്നാനത്തിലേക്ക് പുരോഗമിക്കാൻ നമുക്ക് എങ്ങനെ നമ്മുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കാം, അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
16 സ്നാനത്തിലേക്ക് പുരോഗമിക്കാൻ നമുക്ക് എങ്ങനെ നമ്മുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കാം? എല്ലാ ആഴ്ചയും പഠിക്കാനും പാഠഭാഗം നേരത്തേതന്നെ തയ്യാറാകാനും പ്രോത്സാഹിപ്പിച്ചുകൊണ്ട് ബൈബിൾപഠനത്തിന്റെ ഗൗരവം മനസ്സിലാക്കാൻ നമുക്ക് ഓരോ വിദ്യാർഥിയെയും സഹായിക്കാം. അതുപോലെ എല്ലാ ദിവസവും യഹോവയുമായി സംസാരിക്കാനും യഹോവയോട് ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാനും നമ്മൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കണം. സഭായോഗങ്ങൾക്ക് വരേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ നമ്മൾ വിദ്യാർഥിയെ സഹായിക്കണം. (“ സ്നാനത്തിലേക്കു പുരോഗമിക്കാൻ വിദ്യാർഥികൾ ചെയ്യേണ്ടത്” എന്ന ചതുരം കാണുക.) വിദ്യാർഥികളെ സ്നാനത്തിലേക്ക് നയിക്കാൻ അധ്യാപകർ ചെയ്യേണ്ട വേറെ അഞ്ചു കാര്യങ്ങളെക്കുറിച്ച് നമ്മൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും
ഗീതം 76 നിങ്ങൾക്ക് എന്താണു തോന്നുന്നത്?
^ ഖ. 5 ഒരു വ്യക്തിയെ എന്തെങ്കിലും പഠിപ്പിക്കുക എന്നു പറഞ്ഞാൽ “പുതിയൊരു വിധത്തിൽ, അല്ലെങ്കിൽ വ്യത്യസ്തമായ ഒരു വിധത്തിൽ ചിന്തിക്കാനോ പ്രവർത്തിക്കാനോ” ആ വ്യക്തിയെ സഹായിക്കുക എന്നാണ് അർഥം. 2020-ലെ നമ്മുടെ വാർഷികവാക്യമാണ് മത്തായി 28:19. മറ്റുള്ളവരോടൊത്ത് ബൈബിൾപഠനം നടത്തേണ്ടതിന്റെയും സ്നാനപ്പെട്ട് ക്രിസ്തുവിന്റെ ഒരു ശിഷ്യനായിത്തീരാൻ അവരെ സഹായിക്കേണ്ടതിന്റെയും പ്രാധാന്യം ആ വാക്യം നമ്മളെ ഓർമിപ്പിക്കുന്നു. ഈ പ്രധാനപ്പെട്ട വേല ചെയ്യുന്നതിൽ നമുക്ക് എങ്ങനെ പുരോഗമിക്കാൻ കഴിയുമെന്ന് ഈ ലേഖനത്തിലൂടെയും അടുത്ത ലേഖനത്തിലൂടെയും കാണാം.
^ ഖ. 2 പദപ്രയോഗത്തിന്റെ വിശദീകരണം: നമ്മുടെ ഏതെങ്കിലും ഒരു പ്രസിദ്ധീകരണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ ആ പ്രസിദ്ധീകരണം ഉപയോഗിച്ചോ ക്രമമായി ബൈബിൾചർച്ചകൾ നടത്തുന്നു എങ്കിൽ നിങ്ങൾ ഒരു ബൈബിൾപഠനം നടത്തുകയാണ്. എങ്ങനെയാണ് ബൈബിൾപഠനം നടത്തുന്നതെന്നു വിദ്യാർഥിക്ക് കാണിച്ചുകൊടുത്തതിനു ശേഷം രണ്ടു തവണ പഠനം നടത്തുകയും അതു തുടരുമെന്ന് തോന്നുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് ആ ബൈബിൾപഠനം റിപ്പോർട്ട് ചെയ്യാവുന്നതാണ്.
^ ഖ. 3 2004 ജൂലൈ മുതൽ 2005 മെയ് വരെയുള്ള നമ്മുടെ രാജ്യശുശ്രൂഷയിലെ “പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ” എന്ന ലേഖനപരമ്പരയിലെ ചില ആശയങ്ങളും ഈ ലേഖനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
^ ഖ. 4 ഈ ലേഖനത്തിൽ വിദ്യാർഥി എന്നു പറയുമ്പോൾ അതിൽ വിദ്യാർഥിനികളും പെടുന്നു.
^ ഖ. 9 തയ്യാറാകാൻ ബൈബിൾ വിദ്യാർഥികളെ പഠിപ്പിക്കുക എന്ന നാലു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കാണുക. JW ലൈബ്രറിയിൽ, ഓഡിയോ വീഡിയോ പരിപാടികൾ (മീഡിയ) > ഞങ്ങളുടെ യോഗങ്ങളും ശുശ്രൂഷയും > കഴിവുകൾ മെച്ചപ്പെടുത്തുക എന്നതിന് കീഴിൽ നോക്കുക.
^ ഖ. 10 ബൈബിൾപഠിപ്പിക്കലുകൾ > ബൈബിൾ പഠനസഹായികൾ എന്നതിന് കീഴിൽ നോക്കുക.
^ ഖ. 14 JW ലൈബ്രറിയിൽ, ഓഡിയോ വീഡിയോ പരിപാടികൾ (മീഡിയ) > ഞങ്ങളുടെ യോഗങ്ങളും ശുശ്രൂഷയും > പ്രസംഗവേലയ്ക്കുള്ള ഉപകരണങ്ങൾ എന്നതിനു കീഴിൽ നോക്കുക.