പഠനലേഖനം 44
ഗീതം 33 നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക
അനീതി നേരിടുമ്പോൾ എങ്ങനെ വിശ്വസ്തരായി തുടരാം?
“തിന്മ നിങ്ങളെ കീഴ്പെടുത്താൻ അനുവദിക്കരുത്. പകരം, എപ്പോഴും നന്മകൊണ്ട് തിന്മയെ കീഴടക്കുക.”—റോമ. 12:21.
ഉദ്ദേശ്യം
കാര്യങ്ങൾ കൂടുതൽ വഷളാകാത്ത വിധത്തിൽ എങ്ങനെ അനീതി നേരിടാമെന്നു നോക്കാം.
1-2. നമുക്ക് ആരിൽനിന്നൊക്കെ അനീതി നേരിട്ടേക്കാം? വിശദീകരിക്കുക.
യേശു ഒരിക്കൽ, ന്യായം നടത്തിക്കിട്ടാൻ പതിവായി ന്യായാധിപന്റെ അടുത്ത് അപേക്ഷിച്ചുകൊണ്ടിരുന്ന ഒരു വിധവയുടെ ദൃഷ്ടാന്തം പറഞ്ഞു. അന്നത്തെ ആളുകൾ അനീതി നേരിട്ടിട്ടുള്ളതുകൊണ്ട് യേശുവിന്റെ ശിഷ്യന്മാർക്ക് ആ കഥയിലെ വിധവയുടെ അവസ്ഥ മനസ്സിലാക്കാൻ കഴിയുമായിരുന്നു. (ലൂക്കോ. 18:1-5) അതു നമുക്കും മനസ്സിലാക്കാനാകും. കാരണം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മളും അനീതി നേരിട്ടിട്ടുണ്ട്.
2 മുൻവിധിയും അസമത്വവും അടിച്ചമർത്തലും നിറഞ്ഞതാണ് ഇന്നത്തെ ലോകം. അതുകൊണ്ട് ആരെങ്കിലും നമ്മളോട് അന്യായമായി പെരുമാറിയാലും അതിൽ അതിശയിക്കാനില്ല. (സഭാ. 5:8) എന്നാൽ ഒരു സഹോദരനോ സഹോദരിയോ ആണ് നമ്മളോട് അനീതിയോടെ പെരുമാറുന്നതെങ്കിലോ? അപ്പോൾ നമുക്കു നിരാശ തോന്നിയേക്കാം. കാരണം അവരിൽനിന്ന് നമ്മൾ അതു പ്രതീക്ഷിക്കുന്നില്ല. സത്യത്തെ എതിർക്കുന്നവരെപ്പോലെ നമ്മളോട് അനീതി കാണിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടായിരിക്കില്ല അവർ അങ്ങനെ ചെയ്യുന്നത്. അവർ അപൂർണരായതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ദുഷ്ടരായ എതിരാളികളിൽനിന്ന് അനീതി നേരിട്ടപ്പോൾ യേശു എങ്ങനെ പ്രതികരിച്ചു എന്നതിൽനിന്ന് നമുക്കു പലതും പഠിക്കാനുണ്ട്. നമ്മളെ എതിർക്കുന്ന എതിരാളികളോടു നമ്മൾ ക്ഷമിക്കുമെങ്കിൽ നമ്മുടെ സഹോദരങ്ങളോടു നമ്മൾ എത്രയധികം ക്ഷമിക്കണം! പുറത്തുള്ളവരിൽനിന്നോ സഭയിലുള്ളവരിൽനിന്നോ നമുക്ക് അനീതി നേരിട്ടാൽ യഹോവയ്ക്ക് എന്താണു തോന്നുന്നത്? യഹോവ അതു കാര്യമായെടുക്കുമോ?
3. നമ്മൾ നേരിടുന്ന അനീതിയെക്കുറിച്ച് യഹോവയ്ക്ക് ചിന്തയുണ്ടെന്നു നമുക്ക് എങ്ങനെ അറിയാം?
3 മറ്റുള്ളവർ നമ്മളോട് എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ച് യഹോവയ്ക്കു ശരിക്കും ചിന്തയുണ്ട്. “യഹോവ നീതിയെ സ്നേഹിക്കുന്നു.” (സങ്കീ. 37:28) ദൈവം അവർക്കു കൃത്യസമയത്ത്, “വേഗത്തിൽ ന്യായം നടത്തിക്കൊടുക്കുമെന്നു” യേശു ഉറപ്പുതരുന്നു. (ലൂക്കോ. 18:7, 8) യഹോവ പെട്ടെന്നുതന്നെ അനീതി കാരണം നമുക്കുണ്ടായ വേദനകളെല്ലാം മാറ്റും. പിന്നീട് അങ്ങോട്ട് നമ്മൾ അനീതി നേരിടാൻ ദൈവം അനുവദിക്കുകയുമില്ല.—സങ്കീ. 72:1, 2.
4. എന്തെല്ലാം സഹായങ്ങളാണ് യഹോവ ഇന്നു നമുക്കു തരുന്നത്?
4 നമ്മൾ അനുഭവിക്കുന്ന അനീതി യഹോവ ഭാവിയിൽ പരിഹരിക്കും. അതുമാത്രമല്ല യഹോവ ഇപ്പോഴും നമ്മളെ സഹായിക്കുന്നുണ്ട്. (2 പത്രോ. 3:13) അനീതി നേരിടുമ്പോൾ തെറ്റായ കാര്യങ്ങൾ ചെയ്യാതിരിക്കാൻ യഹോവ നമ്മളെ പഠിപ്പിക്കുന്നു. അതുപോലെ മറ്റുള്ളവർ അന്യായമായി പെരുമാറുമ്പോൾ നമുക്കു പകർത്താനായി യേശുവിന്റെ നല്ല മാതൃക യഹോവ തന്നിട്ടുണ്ട്. കൂടാതെ നമ്മളെ സഹായിക്കുന്ന പ്രായോഗികനിർദേശങ്ങളും തന്നിരിക്കുന്നു.
അനീതിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്നു ശ്രദ്ധിക്കുക
5. അനീതി നേരിടുമ്പോൾ നമ്മൾ പ്രതികരിക്കുന്ന വിധം ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണ്?
5 അനീതി നേരിടുമ്പോൾ നമുക്കു വല്ലാത്ത വേദനയും വിഷമവും തോന്നിയേക്കാം. (സഭാ. 7:7) വിശ്വസ്തദാസന്മാരായ ഇയ്യോബിനും ഹബക്കൂക്കിനും അങ്ങനെ തോന്നിയിട്ടുണ്ട്. (ഇയ്യോ. 6:2, 3; ഹബ. 1:1-3) ഈ ചിന്തകളൊക്കെ സ്വാഭാവികമാണെങ്കിലും നമ്മൾ എങ്ങനെ പ്രതികരിക്കുന്നുവെന്നതു ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ ബുദ്ധിശൂന്യമായി പ്രവർത്തിച്ചേക്കാം.
6. അബ്ശാലോമിന്റെ ഉദാഹരണം നമ്മളെ എന്താണു പഠിപ്പിക്കുന്നത്? (ചിത്രവും കാണുക.)
6 ഒരാൾ നമ്മളോടോ നമ്മൾ സ്നേഹിക്കുന്ന ഒരാളോടോ അനീതിയോടെ പെരുമാറിയാൽ അവരോടു പ്രതികാരം ചെയ്യാൻ നമുക്കു തോന്നിയേക്കാം. അങ്ങനെ പ്രതികരിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. ദാവീദ് രാജാവിന്റെ മകനായ അബ്ശാലോമിന്റെ കാര്യം നോക്കാം. സ്വന്തം പെങ്ങളായ താമാറിനെ അർധസഹോദരനായ അമ്നോൻ ബലാത്സംഗം ചെയ്തെന്ന് അറിഞ്ഞപ്പോൾ അബ്ശാലോമിനു ദേഷ്യം അടക്കാനായില്ല. മോശയുടെ നിയമമനുസരിച്ച് മരണശിക്ഷ അർഹിക്കുന്ന തെറ്റായിരുന്നു അമ്നോൻ ചെയ്തത്. (ലേവ്യ 20:17) അബ്ശാലോമിനു ദേഷ്യം തോന്നിയതിൽ തെറ്റില്ലായിരുന്നെങ്കിലും തന്റേതായ വിധത്തിൽ കാര്യങ്ങൾ ചെയ്യാനുള്ള അധികാരം അദ്ദേഹത്തിനില്ലായിരുന്നു.—2 ശമു. 13:20-23, 28, 29.
7. അനീതി നേരിട്ടപ്പോൾ സങ്കീർത്തനക്കാരൻ ആദ്യം എങ്ങനെയാണു പ്രതികരിച്ചത്?
7 അനീതി പ്രവർത്തിക്കുന്നവർക്കു ശിക്ഷ കിട്ടാതെ പോകുമ്പോൾ ശരി ചെയ്യുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നു നമ്മൾ ചിന്തിച്ചേക്കാം. ശരിയായതു ചെയ്യുന്നവരോടു മോശമായി പെരുമാറിയ ദുഷ്ടന്മാർ, ജീവിതം ആസ്വദിക്കുന്നതായി ഒരു സങ്കീർത്തനക്കാരനു തോന്നി. അദ്ദേഹം പറഞ്ഞു: “ദുഷ്ടന്മാർക്ക് ഇങ്ങനെയാണ്; അവരുടെ ജീവിതം പരമസുഖം.” (സങ്കീ. 73:12) ഈ അനീതി കണ്ട് അദ്ദേഹത്തിന് ആകെ നിരാശ തോന്നുകയും യഹോവയെ സേവിക്കുന്നതുകൊണ്ട് ഒരു ഗുണവുമില്ലെന്നു ചിന്തിക്കുകയും ചെയ്തു. “ഇതു മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് ആകെ അസ്വസ്ഥത തോന്നി” എന്നാണ് അദ്ദേഹം പറഞ്ഞത്. (സങ്കീ. 73:14, 16) ആ ദൈവദാസൻ ഇങ്ങനെ തുറന്നുപറഞ്ഞു: “എന്റെ കാലടികൾ വഴിതെറ്റുന്ന ഘട്ടത്തോളം എത്തിയതാണ്; എന്റെ ചുവടുകൾ വഴുതിപ്പോയേനേ.” (സങ്കീ. 73:2) ഇതുപോലെ തോന്നിയ ആൽബർട്ടോ a സഹോദരന്റെ കാര്യം നമുക്കു നോക്കാം.
8. അനീതി നേരിട്ടത് ഒരു സഹോദരനെ എങ്ങനെ ബാധിച്ചു?
8 സഭയുടെ സംഭാവനയിൽനിന്ന് പണം മോഷ്ടിച്ചു എന്നൊരു തെറ്റായ ആരോപണം ആൽബർട്ടോയ്ക്ക് എതിരെയുണ്ടായി. അങ്ങനെ, ഒരു മൂപ്പനായി സേവിക്കാനുള്ള ഉത്തരവാദിത്വം നഷ്ടപ്പെട്ടു. അതുപോലെ ആളുകൾക്ക് അദ്ദേഹത്തോടുള്ള ബഹുമാനവും ഇല്ലാതായി. “എനിക്കു ദേഷ്യവും അങ്ങേയറ്റം നിരാശയും തോന്നി” എന്ന് അദ്ദേഹം പറയുന്നു. ആ വൈകാരികവേദന അദ്ദേഹത്തിന്റെ ആത്മീയതയെ ബാധിച്ചു. അഞ്ചു വർഷത്തോളം അദ്ദേഹം നിഷ്ക്രിയനായിപ്പോലും തുടർന്നു. അനീതി നേരിടേണ്ടിവരുമ്പോൾ ദേഷ്യം നിയന്ത്രിച്ചില്ലെങ്കിൽ എന്തു സംഭവിച്ചേക്കാമെന്ന് ഈ ഉദാഹരണം നമുക്കു കാണിച്ചുതരുന്നു.
യേശു അനീതി നേരിട്ട വിധം അനുകരിക്കുക
9. എന്തെല്ലാം തരത്തിലുള്ള അനീതിയാണു യേശുവിനു സഹിക്കേണ്ടിവന്നത്? (ചിത്രവും കാണുക.)
9 അനീതി നേരിട്ടപ്പോൾ യേശു നല്ലൊരു മാതൃകവെച്ചു. കുടുംബത്തിനുള്ളിൽനിന്നും പുറത്തുനിന്നും യേശുവിന് അന്യായമായ പെരുമാറ്റം നേരിടേണ്ടിവന്നു. വിശ്വാസത്തിലില്ലാത്ത ബന്ധുക്കൾ യേശുവിനു ഭ്രാന്താണെന്നു പറഞ്ഞു. യേശുവിനു ശക്തി കിട്ടിയതു ഭൂതങ്ങളിൽനിന്നാണെന്നു മതനേതാക്കന്മാർ ആരോപിച്ചു. ഇനി റോമൻ പടയാളികൾ യേശുവിനെ കളിയാക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ഒടുവിൽ കൊല്ലുകപോലും ചെയ്തു. (മർക്കോ. 3:21; 14:55; 15:16-20, 35-37) ഇത്രയൊക്കെ അനീതി നേരിടേണ്ടിവന്നെങ്കിലും യേശു ഒരിക്കലും മോശമായി പ്രതികരിച്ചില്ല. യേശുവിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
10. യേശു എങ്ങനെയാണ് അനീതി നേരിട്ടത്? (1 പത്രോസ് 2:21-23)
10 1 പത്രോസ് 2:21-23 വായിക്കുക. b അനീതി നേരിടേണ്ടിവരുമ്പോൾ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ യേശു നമുക്കു നല്ലൊരു മാതൃകവെച്ചു. എപ്പോൾ സംസാരിക്കണമെന്നും സംസാരിക്കാതിരിക്കണമെന്നും യേശുവിന് അറിയാമായിരുന്നു. (മത്താ. 26:62-64) തന്നെക്കുറിച്ച് പറഞ്ഞ തെറ്റായ എല്ലാ ആരോപണങ്ങൾക്കും മറുപടി കൊടുക്കാൻ യേശു ശ്രമിച്ചില്ല. (മത്താ. 11:19) ഇനി, മറുപടി കൊടുത്തപ്പോൾ എതിരാളികളെ കളിയാക്കുകയോ അവരെ ഭീഷണിപ്പെടുത്തുകയോ ചെയ്തില്ല. യേശുവിന് ആത്മനിയന്ത്രണം കാണിക്കാൻ കഴിഞ്ഞത്, ‘നീതിയോടെ വിധിക്കുന്ന ദൈവത്തിന്റെ കൈയിൽ തന്റെ കാര്യം ഭരമേൽപ്പിച്ചതുകൊണ്ടാണ്.’ യഹോവയുടെ കാഴ്ചപ്പാടിൽ കാര്യങ്ങളെ കാണുന്നതാണ് ഏറ്റവും പ്രധാനമെന്നു യേശുവിന് അറിയാമായിരുന്നു. യഹോവ കൃത്യസമയത്ത് പ്രവർത്തിക്കുമെന്നു യേശു ഉറച്ചുവിശ്വസിച്ചു.
11. നമുക്കു നാവിനെ നിയന്ത്രിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതൊക്കെയാണ്? (ചിത്രങ്ങളും കാണുക.)
11 അന്യായം നേരിടുമ്പോൾ നാവിനെ നിയന്ത്രിച്ചുകൊണ്ട് നമുക്കു യേശുവിനെ അനുകരിക്കാം. ചിലതൊക്കെ നമുക്കു കണ്ണടച്ചുവിടാൻ പറ്റുന്നവയായിരിക്കും. അല്ലെങ്കിൽ സാഹചര്യം കൂടുതൽ മോശമാകേണ്ടല്ലോ എന്ന് ഓർത്ത് നമ്മൾ മിണ്ടാതിരുന്നേക്കാം. (സഭാ. 3:7; യാക്കോ. 1:19, 20) എന്നാൽ ഒരു അന്യായം കാണുമ്പോഴോ നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച് പറയേണ്ടിവരുമ്പോഴോ നമ്മൾ സംസാരിക്കാൻ തീരുമാനിച്ചേക്കാം. (പ്രവൃ. 6:1, 2) അങ്ങനെ സംസാരിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അതു ശാന്തമായും ആദരവോടെയും ആയിരിക്കാൻ നമ്മൾ പരമാവധി ശ്രമിക്കണം.—1 പത്രോ. 3:15. c
12. “നീതിയോടെ വിധിക്കുന്ന” ദൈവത്തിന്റെ കൈയിൽ നമ്മുടെ കാര്യം ഭരമേൽപ്പിക്കാൻ എങ്ങനെ കഴിയും?
12 “നീതിയോടെ വിധിക്കുന്ന” ദൈവത്തിന്റെ കൈയിൽ കാര്യങ്ങളെല്ലാം ഭരമേൽപ്പിച്ചുകൊണ്ടും നമുക്കു യേശുവിനെ അനുകരിക്കാം. ആളുകൾ നമ്മളെ തെറ്റിദ്ധരിക്കുകയോ നമ്മളോടു മോശമായി പെരുമാറുകയോ ചെയ്താൽ യഹോവയ്ക്ക് എല്ലാ സത്യങ്ങളും അറിയാമെന്ന് ഉറപ്പുണ്ടായിരിക്കുക. മോശമായ പെരുമാറ്റം സഹിച്ചുനിൽക്കാൻ അതു നമ്മളെ സഹായിക്കും. കാരണം, അവസാനം യഹോവ കാര്യങ്ങളെല്ലാം നേരെയാക്കുമെന്നു നമുക്ക് അറിയാം. കാര്യങ്ങൾ യഹോവയ്ക്കു വിടുമ്പോൾ, നമ്മുടെ ഹൃദയത്തിൽ ദേഷ്യവും പകയും വളരുന്നതു തടയാനാകും. അങ്ങനെ ചെയ്തില്ലെങ്കിൽ നമ്മൾ അമിതമായി പ്രതികരിക്കാനും നമ്മുടെ സന്തോഷം നഷ്ടപ്പെടാനും യഹോവയുമായുള്ള ബന്ധം തകരാനും ഇടയുണ്ട്.—സങ്കീ. 37:8.
13. അനീതി സഹിക്കാൻ ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ നമുക്ക് എന്ത് ഓർക്കാം?
13 യേശുവിന്റെ മാതൃക പൂർണമായി പകർത്താൻ നമുക്കു കഴിയില്ല എന്നതു ശരിയാണ്. പിന്നീടു വിഷമം തോന്നുന്ന എന്തെങ്കിലും നമ്മൾ ഇടയ്ക്കൊക്കെ പറയാനോ ചെയ്യാനോ സാധ്യതയുണ്ട്. (യാക്കോ. 3:2) ചിലപ്പോൾ നമ്മൾ നേരിടുന്ന അന്യായം നമുക്കു താങ്ങാൻ കഴിയുന്നതിനും അപ്പുറം നമ്മളെ മുറിപ്പെടുത്തിയേക്കാം. നിങ്ങളുടെ സാഹചര്യം അതാണെങ്കിൽ നിങ്ങൾ അനുഭവിക്കുന്നത് എന്താണെന്ന് യഹോവയ്ക്ക് അറിയാമെന്ന് ഉറപ്പുണ്ടായിരിക്കുക. അതുപോലെ യേശു അന്യായം സഹിച്ചിട്ടുള്ളതുകൊണ്ട് നമ്മൾ അനുഭവിക്കുന്ന വിഷമങ്ങൾ കാണുമ്പോൾ യേശുവിനു സഹതാപം തോന്നും. (എബ്രാ. 4:15, 16) അനീതി നേരിടുമ്പോൾ നമ്മളെ സഹായിക്കാൻ യേശുവിന്റെ മാതൃക മാത്രമല്ല പ്രായോഗികമായ ചില നിർദേശങ്ങളും യഹോവ നമുക്കു തന്നിട്ടുണ്ട്. അതുപോലുള്ള രണ്ടു നിർദേശങ്ങൾ റോമർക്ക് എഴുതിയ കത്തിൽ കാണാം.
“ദൈവക്രോധത്തിന് ഇടം കൊടുക്കുക”
14. “ദൈവക്രോധത്തിന് ഇടം കൊടുക്കുക” എന്നതിന്റെ അർഥം എന്താണ്? (റോമർ 12:19)
14 റോമർ 12:19 വായിക്കുക. അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികളോടു “ദൈവക്രോധത്തിന് ഇടം കൊടുക്കുക” എന്നു പറഞ്ഞു. തന്റെ സമയത്ത്, തന്റേതായ വിധത്തിൽ നീതി നടത്തിത്തരാൻ യഹോവയെ അനുവദിച്ചുകൊണ്ട് നമുക്ക് അങ്ങനെ ചെയ്യാനാകും. അന്യായം നേരിടേണ്ടിവന്ന ജോൺ എന്ന സഹോദരൻ പറഞ്ഞു: “തെറ്റായ കാര്യങ്ങളൊന്നും ചെയ്യാതിരിക്കാൻ ഞാൻ എന്റെ ദേഷ്യം നിയന്ത്രിക്കണമായിരുന്നു. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. റോമർ 12:19 ആണ് യഹോവയ്ക്കുവേണ്ടി കാത്തിരിക്കാൻ എന്നെ സഹായിച്ചത്.”
15. പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ യഹോവയ്ക്കുവേണ്ടി കാത്തിരിക്കുന്നത് ഏറ്റവും നല്ലതായിരിക്കുന്നത് എന്തുകൊണ്ട്?
15 പ്രശ്നം പരിഹരിക്കുന്ന കാര്യത്തിൽ യഹോവയ്ക്കുവേണ്ടി കാത്തിരിക്കുന്നതു നമുക്കു പ്രയോജനം ചെയ്യും. അങ്ങനെ ചെയ്യുമ്പോൾ നമ്മുടേതായ രീതിയിൽ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന ഭാരവും ടെൻഷനും ഒഴിവാക്കാനാകും. നമ്മളെ സഹായിക്കാമെന്ന് യഹോവ വാക്കുതന്നിട്ടുണ്ട്. യഹോവ ഇങ്ങനെ പറയുന്നതുപോലെയാണ്: ‘നിനക്കുണ്ടായ അനീതി എനിക്ക് വിട്ടേക്ക്; ഞാൻ എല്ലാം നേരെയാക്കും.’ “ഞാൻ പകരം ചെയ്യും” എന്ന യഹോവയുടെ വാഗ്ദാനം നമ്മൾ വിശ്വസിക്കുകയാണെങ്കിൽ യഹോവ ഏറ്റവും നല്ല രീതിയിൽ ആ പ്രശ്നത്തെ കൈകാര്യം ചെയ്യും എന്ന ഉറപ്പോടെ നമുക്ക് അതു വിട്ടുകളയാനാകും. മുമ്പ് പറഞ്ഞ ജോണിനെ സഹായിച്ചത് അതാണ്. അദ്ദേഹം പറയുന്നു: “യഹോവയ്ക്കുവേണ്ടി കാത്തിരിക്കാൻ ഞാൻ തയ്യാറായാൽ എന്നെക്കാൾ ഏറ്റവും നന്നായി യഹോവ അതു നോക്കിക്കൊള്ളും.”
“എപ്പോഴും നന്മകൊണ്ട് തിന്മയെ കീഴടക്കുക”
16-17. ‘എപ്പോഴും നന്മകൊണ്ട് തിന്മയെ കീഴടക്കാൻ’ പ്രാർഥന നമ്മളെ എങ്ങനെ സഹായിക്കും? (റോമർ 12:21)
16 റോമർ 12:21 വായിക്കുക. പൗലോസ് ക്രിസ്ത്യാനികളോട് “എപ്പോഴും നന്മകൊണ്ട് തിന്മയെ കീഴടക്കുക” എന്നും പറഞ്ഞു. മലയിലെ പ്രസംഗത്തിൽ യേശു പറഞ്ഞത് ഇങ്ങനെയാണ്: “ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.” (മത്താ. 5:44) അതുതന്നെയാണു യേശു ചെയ്തത്. റോമൻ പടയാളികൾ യേശുവിനെ സ്തംഭത്തിൽ തറച്ചപ്പോൾ യേശുവിന് അനുഭവിക്കേണ്ടിവന്നതെല്ലാം നിങ്ങളുടെ മനസ്സിലേക്കു വരുന്നുണ്ടോ? ആ സമയത്ത് യേശു സഹിച്ച കടുത്ത വേദനയും നിന്ദയും അനീതിയും ഒന്നും നമുക്ക് ഊഹിക്കാൻപോലും കഴിയില്ല.
17 യേശു ഒരുപാട് അനീതി സഹിച്ചെങ്കിലും അതൊന്നും തന്നെ കീഴടക്കാൻ യേശു അനുവദിച്ചില്ല. ആ പടയാളികളെ ശിക്ഷിക്കാൻ ആവശ്യപ്പെടുന്നതിനു പകരം, യേശു ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർക്ക് അറിയില്ലാത്തതുകൊണ്ട് ഇവരോടു ക്ഷമിക്കേണമേ.” (ലൂക്കോ. 23:34) നമ്മളോടു മോശമായി പെരുമാറിയവർക്കുവേണ്ടി നമ്മൾ പ്രാർഥിക്കുമ്പോൾ നമ്മുടെ ഉള്ളിലുള്ള പകയും ദേഷ്യവും ഒക്കെ കുറയ്ക്കാനാകും. അതുപോലെ അവരെ നമ്മൾ കാണുന്ന വിധംപോലും മാറിയേക്കാം.
18. അനീതി മറികടക്കാൻ ആൽബർട്ടോയെയും ജോണിനെയും പ്രാർഥന എങ്ങനെയാണു സഹായിച്ചത്?
18 അനീതി നേരിട്ടപ്പോൾ മുമ്പ് കണ്ട രണ്ടു സഹോദരന്മാരെയും പിടിച്ചുനിൽക്കാൻ സഹായിച്ചതു പ്രാർഥനയാണ്. ആൽബർട്ടോ പറയുന്നു: “എന്നോട് അന്യായമായി പെരുമാറിയ സഹോദരങ്ങൾക്കുവേണ്ടി ഞാൻ പ്രാർഥിച്ചു. ഈ അനീതിയെല്ലാം വിട്ടുകളയാൻ സഹായിക്കണേ എന്നു ഞാൻ പല തവണ അപേക്ഷിച്ചു.” സന്തോഷകരമായ കാര്യം, ആൽബർട്ടോ വീണ്ടും യഹോവയെ വിശ്വസ്തമായി സേവിക്കുന്നു എന്നതാണ്. ജോൺ പറയുന്നു: “എന്നെ മുറിപ്പെടുത്തിയ സഹോദരനുവേണ്ടി ഞാൻ പല തവണ പ്രാർഥിച്ചു. അങ്ങനെ പ്രാർഥിച്ചത് അദ്ദേഹത്തോടു ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നത് ഒഴിവാക്കാനും അദ്ദേഹത്തെ വിധിക്കാതിരിക്കാനും എന്നെ സഹായിച്ചു. അതുപോലെ എനിക്കു നല്ല സമാധാനവും കിട്ടി.”
19. ഈ വ്യവസ്ഥിതിയുടെ അവസാനംവരെ നമ്മൾ എന്തു ചെയ്യണം? (1 പത്രോസ് 3:8, 9)
19 ഈ ദുഷ്ടവ്യവസ്ഥിതി അവസാനിക്കുന്നതിനു മുമ്പ്, നമ്മൾ എന്തെല്ലാം അനീതി നേരിടേണ്ടിവരും എന്നു പറയാനാകില്ല. എന്നാൽ എന്തൊക്കെ വന്നാലും സഹായത്തിനായി നമുക്ക് എപ്പോഴും യഹോവയോടു പ്രാർഥിക്കാം. അതുപോലെ യേശു അനീതി നേരിട്ടപ്പോൾ പ്രതികരിച്ച വിധം അനുകരിക്കാനും ബൈബിൾതത്ത്വങ്ങൾ പകർത്താനും നമുക്കു ശ്രമിക്കാം. അങ്ങനെ ചെയ്യുമ്പോൾ യഹോവ നമ്മളെ അനുഗ്രഹിക്കുമെന്ന് ഉറപ്പാണ്.—1 പത്രോസ് 3:8, 9 വായിക്കുക.
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും
a പേരിനു മാറ്റം വരുത്തിയിരിക്കുന്നു.
b 1 പത്രോസ് 2, 3 അധ്യായങ്ങളിൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കു നേരിടേണ്ടിവന്ന സാഹചര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ക്രൂരരായ യജമാനന്മാരിൽനിന്നോ വിശ്വാസത്തിലില്ലാത്ത ഭർത്താക്കന്മാരിൽനിന്നോ അവർക്ക് അന്യായമായ പെരുമാറ്റം നേരിടേണ്ടിവന്നു.—1 പത്രോ. 2:18-20; 3:1-6, 8, 9.
c JW.ORG-ലുള്ള സ്നേഹം യഥാർഥസമാധാനം തരുന്നത് എങ്ങനെ? എന്ന വീഡിയോ കാണുക.