പഠനലേഖനം 6
ഗീതം 18 മോചനവിലയ്ക്കു നന്ദിയുള്ളവർ
യഹോവ ക്ഷമിക്കുന്നവനാണ്—നമ്മൾ അതു വിലമതിക്കുന്നത് എന്തുകൊണ്ട്?
“ദൈവം അവനെ (ഏകജാതനായ മകനെ) ലോകത്തിനുവേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്നേഹം.”—യോഹ. 3:16.
ഉദ്ദേശ്യം
നമ്മുടെ പാപങ്ങൾ ക്ഷമിക്കാനായി യഹോവ ചെയ്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ യഹോവ നമ്മളോടു ക്ഷമിക്കുന്നതിൽ നമുക്കു കൂടുതൽ നന്ദി തോന്നും.
1-2. മനുഷ്യവർഗത്തിന്റെ സാഹചര്യം ഒന്നാം ഖണ്ഡികയിലെ ചെറുപ്പക്കാരന്റേതുപോലെ ആയിരിക്കുന്നത് എങ്ങനെ?
ഒരു ചെറുപ്പക്കാരൻ നല്ല കാശുള്ള വീട്ടിലാണു വളർന്നുവന്നത്. ഒരു ദിവസം അവൻ വലിയൊരു ദുരന്തവാർത്ത കേട്ടു: അവന്റെ മാതാപിതാക്കൾ ഒരു അപകടത്തിൽ മരിച്ചു എന്ന്. അത് അവനെ തകർത്തുകളഞ്ഞു. എന്നാൽ ഞെട്ടിക്കുന്ന മറ്റൊരു വാർത്തയും അവനു കേൾക്കേണ്ടിവന്നു. അവന്റെ മാതാപിതാക്കൾ കുടുംബസ്വത്തെല്ലാം ധൂർത്തടിച്ച് വലിയ കടബാധ്യത വരുത്തിവെച്ചിരിക്കുന്നു എന്ന കാര്യം. സ്വത്ത് കൈമാറുന്നതിനു പകരം അവർ അവനുവേണ്ടി ബാക്കിവെച്ചത് ഒരുപാടു കടങ്ങളാണ്. കടം കൊടുത്തവർക്ക് അതു പെട്ടെന്നു തിരിച്ചുവേണം. എന്നാൽ ആ ചെറുപ്പക്കാരന് ഒരിക്കലും വീട്ടാൻ പറ്റാത്തത്ര വലുതായിരുന്നു ആ കടം.
2 നമ്മുടെ സാഹചര്യവും ഏതാണ്ട് ഈ ചെറുപ്പക്കാരന്റേതുപോലെയാണ്. നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമും ഹവ്വയും പൂർണരായിരുന്നു. മനോഹരമായ പറുദീസയിലാണ് അവർ ജീവിച്ചിരുന്നത്. (ഉൽപ. 1:27; 2:7-9) ഒരു കുഴപ്പവും ഇല്ലാതെ സന്തോഷത്തോടെ അവർക്ക് എന്നും ജീവിക്കാമായിരുന്നു. എന്നാൽ കാര്യങ്ങളാകെ മാറിമറിഞ്ഞു. ആദാമും ഹവ്വയും പാപം ചെയ്തുകൊണ്ട് പറുദീസയും എന്നേക്കും ജീവിക്കാനുള്ള അവസരവും നഷ്ടപ്പെടുത്തി. തങ്ങളുടെ മക്കൾക്കു കൊടുക്കാൻ പിന്നെ എന്തായിരുന്നു അവരുടെ കൈയിലുണ്ടായിരുന്നത്? ബൈബിൾ പറയുന്നു: “ഒരു മനുഷ്യനിലൂടെ (ആദാം) പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.” (റോമ. 5:12) ആദാം നമുക്കു കൈമാറിത്തന്നതു പാപവും അതിന്റെ ഫലമായുള്ള മരണവും ആണ്. കൈമാറിക്കിട്ടിയ ഈ പാപം നമുക്കാർക്കും ഒരിക്കലും കൊടുത്തുതീർക്കാൻ പറ്റാത്ത വലിയൊരു കടംപോലെയാണ്.—സങ്കീ. 49:8.
3. നമ്മുടെ പാപങ്ങൾ “കടങ്ങൾ” പോലെയാണെന്നു പറയാവുന്നത് എന്തുകൊണ്ട്?
3 യേശു പാപങ്ങളെ ‘കടങ്ങളോട്’ ഉപമിച്ചു. (മത്താ. 6:12; ലൂക്കോ. 11:4) കടം വരുത്തിവെക്കുന്ന ഒരാൾ അതു കൊടുത്തുതീർക്കേണ്ടതുണ്ട്. പാപം ചെയ്യുമ്പോൾ നമ്മളും കടം മേടിച്ച ഒരാളെപ്പോലെ യഹോവയുടെ മുമ്പാകെ ബാധ്യതയിലാകുകയാണ്. ആ കടം യഹോവയ്ക്കു കൊടുത്തുതീർക്കേണ്ടതുണ്ട്. അതു വീട്ടാൻ നമുക്കു സഹായം കിട്ടിയില്ലായിരുന്നെങ്കിൽ മരണത്തോടെ മാത്രമേ നമ്മൾ അതിൽനിന്ന് മോചിതരാകുമായിരുന്നുള്ളൂ.—റോമ. 6:7, 23.
4. (എ) ആരും സഹായിച്ചില്ലെങ്കിൽ എല്ലാ പാപികൾക്കും എന്തു സംഭവിക്കുമായിരുന്നു? (സങ്കീർത്തനം 49:7-9) (ബി) ബൈബിളിൽ “പാപം” എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? (“ പാപം” എന്ന ചതുരം കാണുക.)
4 ആദാമും ഹവ്വയും നഷ്ടപ്പെടുത്തിയതെല്ലാം വീണ്ടെടുക്കാൻ നമ്മളെക്കൊണ്ട് ആകുമോ? നമുക്ക് ഒറ്റയ്ക്ക് അതിനു കഴിയില്ല. (സങ്കീർത്തനം 49:7-9 വായിക്കുക.) അതുകൊണ്ട് ആരെങ്കിലും സഹായിച്ചില്ലെങ്കിൽ നമുക്ക് എന്നേക്കും ജീവിക്കാനോ, മരിച്ചുപോയാൽ വീണ്ടും ജീവനിലേക്കു വരാനോ ഒരിക്കലും ആകില്ല. ഒരർഥത്തിൽ മൃഗങ്ങളുടേതുപോലെതന്നെ ആയിരിക്കും നമ്മുടെ മരണവും.—സഭാ. 3:19; 2 പത്രോ. 2:12.
5. കൈമാറിക്കിട്ടിയിരിക്കുന്ന പാപത്തിന്റെ കടം വീട്ടാൻ സ്നേഹവാനായ പിതാവ് നമ്മളെ സഹായിച്ചിരിക്കുന്നത് എങ്ങനെയാണ്? (ചിത്രം കാണുക.)
5 തുടക്കത്തിൽ കണ്ട ആ ചെറുപ്പക്കാരനെക്കുറിച്ച് ഒന്നുകൂടി ചിന്തിക്കാം. പണക്കാരനായ ഒരു മനുഷ്യൻ അവന്റെ കടമെല്ലാം വീട്ടാൻ മുന്നോട്ടുവന്നാലോ? ആ ചെറുപ്പക്കാരന് എന്തായാലും അദ്ദേഹത്തോടു വളരെ നന്ദി തോന്നും. അതുപോലെ അവൻ ആ സമ്മാനം സ്വീകരിക്കുകയും ചെയ്യും. ആ പണക്കാരനായ മനുഷ്യനെപ്പോലെയാണ് നമ്മുടെ സ്നേഹവാനായ സ്വർഗീയപിതാവും പ്രവർത്തിച്ചിരിക്കുന്നത്. ആദാം കൈമാറിത്തന്ന പാപത്തിന്റെ വലിയ കടം വീട്ടാൻ യഹോവ നമുക്ക് ഒരു സമ്മാനം തന്നു. യേശു അതെക്കുറിച്ച് ഇങ്ങനെയാണു പറഞ്ഞത്: “തന്റെ ഏകജാതനായ മകനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം അവനെ ലോകത്തിനുവേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്നേഹം.” (യോഹ. 3:16) ഈ സമ്മാനത്തിലൂടെ യഹോവയുമായി നല്ലൊരു ബന്ധത്തിലേക്കു വരാനുള്ള അവസരവും നമുക്കു കിട്ടിയിരിക്കുന്നു.
6. ഈ ലേഖനത്തിൽ ബൈബിളിലെ ഏതൊക്കെ പദപ്രയോഗങ്ങളെക്കുറിച്ച് നമ്മൾ ചിന്തിക്കും, എന്തുകൊണ്ട്?
6 യഹോവ നൽകിയിരിക്കുന്ന മനോഹരമായ ഈ സമ്മാനം നമ്മുടെ “കടങ്ങൾ” അഥവാ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ ഇടയാക്കുന്നത് എങ്ങനെയാണ്? അതിനുള്ള ഉത്തരം ബൈബിളിലെ ഈ പദപ്രയോഗങ്ങളിൽനിന്ന് മനസ്സിലാക്കാം: അനുരഞ്ജനം, പാപപരിഹാരം, ദൈവവുമായി സമാധാനത്തിലാകുന്നു, മോചനവില, വീണ്ടെടുപ്പ്, നീതിമാന്മാരായി പ്രഖ്യാപിക്കുന്നു. ഈ ലേഖനത്തിൽ ഓരോ പദപ്രയോഗത്തിന്റെയും അർഥത്തെക്കുറിച്ച് നമ്മൾ കൂടുതലായി പഠിക്കും. അവയെക്കുറിച്ച് ആഴമായി ചിന്തിക്കുന്നതു നമ്മളോടു ക്ഷമിക്കാനായി യഹോവ ചെയ്തിരിക്കുന്ന കാര്യങ്ങളോടുള്ള നമ്മുടെ വിലമതിപ്പു കൂട്ടും.
ലക്ഷ്യം: അനുരഞ്ജനം
7. (എ) ആദാമും ഹവ്വയും വേറെ എന്തുകൂടെ നഷ്ടപ്പെടുത്തി? (ബി) ആദാമിന്റെയും ഹവ്വയുടെയും മക്കൾ എന്ന നിലയിൽ നമ്മൾ എന്തു നേടിയെടുക്കേണ്ടത് പ്രധാനമാണ്? (റോമർ 5:10, 11)
7 ആദാമിനും ഹവ്വയ്ക്കും എന്നും ജീവിക്കാനുള്ള പ്രത്യാശ മാത്രമല്ല തങ്ങളുടെ പിതാവായ യഹോവയുമായുള്ള ബന്ധവും നഷ്ടമായി. പാപം ചെയ്യുന്നതിനു മുമ്പ് ആദാമും ഹവ്വയും യഹോവയുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു. (ലൂക്കോ. 3:38) എന്നാൽ യഹോവയോട് അനുസരണക്കേടു കാണിച്ചതോടെ അവർ ദൈവത്തിന്റെ കുടുംബത്തിൽനിന്ന് പുറത്തായി. അവർക്കു കുട്ടികൾ ഉണ്ടാകുന്നതിനു മുമ്പായിരുന്നു അത്. (ഉൽപ. 3:23, 24; 4:1) അതുകൊണ്ടുതന്നെ അവരുടെ പിൻതലമുറക്കാരായ നമ്മൾ യഹോവയുമായി അനുരഞ്ജനത്തിൽ ആകേണ്ടതുണ്ട്. (റോമർ 5:10, 11 വായിക്കുക.) മറ്റു വാക്കുകളിൽ പറഞ്ഞാൽ, നമ്മൾ യഹോവയുമായി നല്ലൊരു ബന്ധത്തിലേക്കു വരേണ്ടതുണ്ട്. ഒരു ഗ്രന്ഥം പറയുന്നതനുസരിച്ച് ഇവിടെ ഉപയോഗിച്ചിരിക്കുന്ന “അനുരഞ്ജനം” എന്നതിന്റെ ഗ്രീക്കു പദത്തിന് “ഒരു ശത്രുവിനെ കൂട്ടുകാരനാക്കുക” എന്ന് അർഥമാക്കാൻ കഴിയും. അതു സാധ്യമാകുന്നതിനുവേണ്ടി യഹോവതന്നെ മുൻകൈയെടുത്ത് പ്രവർത്തിച്ചു എന്നത് എത്ര വലിയൊരു കാര്യമാണ്! എന്നാൽ യഹോവ എങ്ങനെയാണ് അതു ചെയ്തത്?
ക്രമീകരണം: പാപപരിഹാരം
8. എന്താണ് പാപപരിഹാരം?
8 പാപപരിഹാരം എന്നതു പാപികളായ മനുഷ്യരുമായി നല്ലൊരു ബന്ധം വീണ്ടെടുക്കാൻ യഹോവ ചെയ്തിരിക്കുന്ന ക്രമീകരണമാണ്. ഒരു സാധനം വീണ്ടെടുക്കാൻ അതിന്റെ അതേ വിലയുള്ള മറ്റൊരു സാധനം കൊടുക്കുന്നത് അതിൽ ഉൾപ്പെടുന്നു. ആദാം നഷ്ടപ്പെടുത്തിയത് അതേ വില കൊടുത്ത് തിരികെ വാങ്ങാൻ യഹോവ ക്രമീകരണം ചെയ്തു. ദൈവവുമായി സമാധാനത്തിലാകാൻ ആ ക്രമീകരണത്തിലൂടെ മനുഷ്യർക്കു കഴിയും.—റോമ. 3:25.
9. ഇസ്രായേല്യരുടെ പാപങ്ങൾ ക്ഷമിക്കാനായി യഹോവ താത്കാലികമായ എന്തു ക്രമീകരണമാണ് ഏർപ്പെടുത്തിയത്?
9 ഇസ്രായേല്യർ പാപം ചെയ്യുമ്പോൾ ആ പാപം ക്ഷമിച്ചുകിട്ടാനും യഹോവയുമായി വീണ്ടും ഒരു നല്ല ബന്ധത്തിലേക്കു വരാനും യഹോവ താത്കാലികമായ ഒരു ക്രമീകരണം ഏർപ്പെടുത്തി. ഇസ്രായേല്യർ വർഷത്തിലൊരിക്കൽ പാപപരിഹാരദിവസം ആചരിച്ചിരുന്നു. ആ ദിവസം മഹാപുരോഹിതൻ ജനങ്ങൾക്കുവേണ്ടി മൃഗങ്ങളെ ബലിയർപ്പിക്കുമായിരുന്നു. പക്ഷേ മൃഗബലികൾകൊണ്ട് ഇസ്രായേല്യരുടെ പാപം പൂർണമായി പരിഹരിക്കാൻ പറ്റില്ലായിരുന്നു. കാരണം മൃഗങ്ങൾ മനുഷ്യരെക്കാൾ താഴ്ന്ന സൃഷ്ടികളാണ്. എന്നാൽ ഇസ്രായേല്യർ പശ്ചാത്തപിച്ചുകൊണ്ട് യഹോവ ആവശ്യപ്പെട്ട ബലികൾ അർപ്പിച്ചപ്പോഴെല്ലാം യഹോവ അവരോടു ക്ഷമിക്കാൻ തയ്യാറായി. (എബ്രാ. 10:1-4) ഇതിനു പുറമേ പാപപരിഹാരദിവസത്തിലെ യാഗങ്ങളും പതിവായി അർപ്പിച്ചിരുന്ന മറ്റു പാപയാഗങ്ങളും ഇസ്രായേല്യരെ ഒരു കാര്യം ഓർമിപ്പിച്ചു: തങ്ങൾ പാപികൾ ആണെന്നും ആ പാപം പൂർണമായി ഇല്ലാതാക്കാൻ നിലനിൽക്കുന്ന ഒരു പരിഹാരം വേണമെന്നും ഉള്ള കാര്യം.
10. മനുഷ്യരുടെ പാപങ്ങൾ ക്ഷമിക്കാൻ കഴിയേണ്ടതിന് യഹോവ എന്നും നിലനിൽക്കുന്ന എന്തു ക്രമീകരണമാണ് ഏർപ്പെടുത്തിയത്?
10 മനുഷ്യരുടെ പാപങ്ങൾ തനിക്കു ക്ഷമിക്കാൻ കഴിയേണ്ടതിന് യഹോവ എന്നും നിലനിൽക്കുന്ന ഒരു ക്രമീകരണം ഏർപ്പെടുത്തി. തന്റെ പ്രിയപ്പെട്ട മകൻ ‘അനേകം ആളുകളുടെ പാപങ്ങൾ ചുമക്കാൻ ഒരിക്കൽ മാത്രം സ്വയം അർപ്പിക്കുക’ എന്നതായിരുന്നു അത്. (എബ്രാ. 9:28) ‘അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാൻ’ യേശു തയ്യാറായി. (മത്താ. 20:28) എന്നാൽ എന്താണ് മോചനവില?
വില: മോചനവില
11. (എ) ബൈബിൾ പറയുന്നതനുസരിച്ച് മോചനവില എന്താണ്? (ബി) മോചനവില കൊടുക്കാൻ പറ്റുന്നത് എങ്ങനെയുള്ള ഒരാൾക്കു മാത്രമാണ്?
11 ബൈബിളനുസരിച്ച് പാപപരിഹാരത്തിനും അനുരഞ്ജനത്തിനും വേണ്ടി കൊടുത്ത വിലയാണ് മോചനവില. a നഷ്ടപ്പെട്ടതു വീണ്ടെടുക്കാനുള്ള ഒരു അടിസ്ഥാനം അത് യഹോവയ്ക്കു നൽകി. എങ്ങനെ? ആദാമും ഹവ്വയും നഷ്ടപ്പെടുത്തിയതു പൂർണതയുള്ള ജീവനും എന്നും ജീവിക്കാനുള്ള അവസരവും ആണ്. അതുകൊണ്ട് മോചനവില, അതേ മൂല്യമുള്ള ഒന്നായിരിക്കണം. (1 തിമൊ. 2:6) അതു നൽകാൻ കഴിയുന്ന ഒരു മനുഷ്യൻ (1) പൂർണനായിരിക്കണം; (2) ഭൂമിയിൽ എന്നും ജീവിക്കാൻ കഴിയുന്ന ഒരാളായിരിക്കണം; (3) ആ ജീവിതം നമുക്കുവേണ്ടി വിട്ടുതരാൻ മനസ്സുള്ളയാളുമായിരിക്കണം. അങ്ങനെയൊരാളുടെ ജീവനു മാത്രമേ നഷ്ടപ്പെട്ടതിനു പകരമാകാൻ കഴിയുകയുള്ളൂ.
12. മോചനവില കൊടുക്കാൻ യേശുവിനു കഴിഞ്ഞത് എന്തുകൊണ്ട്?
12 മോചനവില നൽകാൻ യേശുവിനു കഴിഞ്ഞതിന്റെ മൂന്നു കാരണങ്ങൾ നോക്കാം. (1) യേശു പൂർണനായാണ് ജനിച്ചത്, അതുപോലെ ‘ക്രിസ്തു പാപം ചെയ്തുമില്ല.’ (1 പത്രോ. 2:22) (2) അതുകൊണ്ടുതന്നെ യേശുവിനു ഭൂമിയിൽ എന്നും ജീവിക്കാൻ പറ്റുമായിരുന്നു. (3) മരിക്കാനും ആ ജീവിതം നമുക്കുവേണ്ടി തരാനും യേശു തയ്യാറായിരുന്നു. (എബ്രാ. 10:9, 10) പാപം ചെയ്യുന്നതിനു മുമ്പ് ആദ്യമനുഷ്യനായ ആദാം എങ്ങനെയായിരുന്നോ അതുപോലെതന്നെ പൂർണനായിരുന്നു യേശുവും. (1 കൊരി. 15:45) അതുകൊണ്ട് തന്റെ മരണത്തിലൂടെ ആദാമിന്റെ പാപത്തിനു പരിഹാരം കൊണ്ടുവരാൻ, അതായത് ആദാം നഷ്ടപ്പെടുത്തിയതു വീണ്ടെടുക്കാൻ യേശുവിനായി. (റോമ. 5:19) അങ്ങനെ യേശു “അവസാനത്തെ ആദാം” ആയിത്തീർന്നു. ഇനി വേറൊരു പൂർണമനുഷ്യൻ വന്ന് ആദാം നഷ്ടപ്പെടുത്തിയതിനു പകരം കൊടുക്കേണ്ടതില്ല. കാരണം യേശു “എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം” ആ വില കൊടുത്തു.—എബ്രാ. 7:27; 10:12.
13. പാപപരിഹാരത്തിനായുള്ള ക്രമീകരണവും മോചനവിലയും തമ്മിലുള്ള വ്യത്യാസം എന്താണ്?
13 അപ്പോൾ പാപപരിഹാരത്തിനായുള്ള ക്രമീകരണവും മോചനവിലയും തമ്മിലുള്ള വ്യത്യാസം എന്താണ്? പാപപരിഹാര ക്രമീകരണത്തിൽ താനും മനുഷ്യരും തമ്മിലുള്ള ബന്ധം വീണ്ടെടുക്കാൻ യഹോവ ചെയ്യുന്ന കാര്യങ്ങളാണ് ഉൾപ്പെടുന്നത്. എന്നാൽ, പാപികളായ മനുഷ്യരുടെ കാര്യത്തിൽ പാപപരിഹാരം സാധ്യമാകുന്നതിനുവേണ്ടി കൊടുത്ത വിലയാണ് മോചനവില. നമുക്കുവേണ്ടി ചൊരിഞ്ഞ യേശുവിന്റെ വിലയേറിയ രക്തമായിരുന്നു ആ വില.—എഫെ. 1:7; എബ്രാ. 9:14.
ഫലങ്ങൾ: വീണ്ടെടുപ്പും നീതിമാന്മാരായി പ്രഖ്യാപിക്കുന്നതും
14. നമ്മൾ ഇനി എന്തു ചർച്ച ചെയ്യും, എന്തുകൊണ്ട്?
14 പാപപരിഹാരത്തിനായുള്ള ക്രമീകരണത്തിന്റെ ഫലങ്ങൾ എന്തെല്ലാമാണ്? അതിന് ഉത്തരം കണ്ടെത്താൻ ബൈബിളിലെ രണ്ടു പദപ്രയോഗങ്ങളുടെ അർഥത്തെക്കുറിച്ച് ചിന്തിക്കാം. യഹോവയുടെ ക്ഷമയിൽനിന്ന് നമുക്കു വ്യക്തിപരമായി പ്രയോജനം കിട്ടുന്നത് എങ്ങനെയാണെന്നു മനസ്സിലാക്കാൻ അതു സഹായിക്കും.
15-16. (എ) ബൈബിളിൽ ‘വീണ്ടെടുക്കുക’ എന്ന പദം എന്തിനെ കുറിക്കുന്നു? (ബി) അതെക്കുറിച്ച് നമുക്ക് എന്താണ് തോന്നുന്നത്?
15 ബൈബിളിൽ വീണ്ടെടുക്കുക എന്ന പദം, മോചനവില കൊടുത്തുകൊണ്ട് ഒരാളെ കുറ്റവിമുക്തനാക്കുന്നതിനെ അല്ലെങ്കിൽ മോചിപ്പിക്കുന്നതിനെ അർഥമാക്കുന്നു. അപ്പോസ്തലനായ പത്രോസ് അതെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “പൂർവികരിൽനിന്ന് നിങ്ങൾക്കു കൈമാറിക്കിട്ടിയ പൊള്ളയായ ജീവിതരീതിയിൽനിന്ന് നിങ്ങളെ മോചിപ്പിച്ചിരിക്കുന്നതു (അക്ഷ. “വീണ്ടെടുത്തിരിക്കുന്നത്”) സ്വർണവും വെള്ളിയും പോലെ നശിച്ചുപോകുന്ന വസ്തുക്കളാലല്ല എന്നു നിങ്ങൾക്ക് അറിയാമല്ലോ. കറയും കളങ്കവും ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള രക്തത്താൽ, ക്രിസ്തുവിന്റെ വിലയേറിയ രക്തത്താൽ, ആണ് നിങ്ങളെ മോചിപ്പിച്ചിരിക്കുന്നത്.”—1 പത്രോ. 1:18, 19; അടിക്കുറിപ്പ്.
16 നമുക്കുവേണ്ടി മോചനവില നൽകിയിരിക്കുന്നതുകൊണ്ട് പാപത്തിന്റെയും മരണത്തിന്റെയും ക്രൂരമായ അടിമത്തത്തിൽനിന്ന് നമുക്കു മോചിതരാകാനാകും. (റോമ. 5:21) യേശുവിന്റെ വിലയേറിയ രക്തത്താലാണ് നമ്മളെ വീണ്ടെടുത്തിരിക്കുന്നത്. അതിനു നമ്മൾ യഹോവയോടും യേശുവിനോടും എത്രയധികം നന്ദിയുള്ളവരാണ്!—1 കൊരി. 15:22.
17-18. (എ) നീതിമാന്മാരായി പ്രഖ്യാപിക്കുക എന്നാൽ എന്താണ് അർഥം? (ബി) അതിൽനിന്ന് നമുക്കു കിട്ടുന്ന പ്രയോജനം എന്തെല്ലാമാണ്?
17 യഹോവ തന്റെ ദാസന്മാരെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നു എന്നു ബൈബിൾ പറയുന്നു. അതിന്റെ അർഥം, നമ്മൾ ചെയ്യുന്ന പാപങ്ങളുടെ കടം വീട്ടാനായി ഒന്നും തിരിച്ച് കൊടുക്കേണ്ടതില്ലെന്നും യഹോവ എല്ലാം പൂർണമായി മായ്ച്ചുകളഞ്ഞെന്നും ആണ്. എന്നാൽ യഹോവ തന്റെ നീതിയുടെ നിലവാരങ്ങൾ ലംഘിച്ചുകൊണ്ടല്ല അങ്ങനെ ചെയ്യുന്നത്. അതുപോലെ നമ്മളെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നതു നമുക്ക് എന്തെങ്കിലും യോഗ്യത ഉള്ളതുകൊണ്ടോ നമ്മുടെ തെറ്റുകൾ ദൈവം അംഗീകരിക്കുന്നതുകൊണ്ടോ അല്ല. പകരം യഹോവ ക്ഷമിക്കുന്നത്, മോചനവില കൊടുക്കുന്നതിനായി യഹോവയും യേശുവും ചെയ്ത കാര്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്.—റോമ. 3:24; ഗലാ. 2:16.
18 യഹോവ നമ്മളെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്? നീതിമാന്മാരായി പ്രഖ്യാപിച്ചിരിക്കുന്ന ചിലർക്കു ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാനുള്ള അവസരം ഉണ്ട്. അവർ ഇപ്പോൾത്തന്നെ ദൈവമക്കൾ ആണ്. (തീത്തോ. 3:7; 1 യോഹ. 3:1) യഹോവ അവരുടെ തെറ്റുകൾ ക്ഷമിച്ചിരിക്കുന്നു. ആ തെറ്റുകൾ അവർ ഒരിക്കലും ചെയ്യാത്തതുപോലെ യഹോവ കണക്കാക്കുന്നു. അതുകൊണ്ടാണ് അവർ സ്വർഗത്തിലേക്കു പ്രവേശിക്കാൻ യോഗ്യരാകുന്നത്. (റോമ. 8:1, 2, 30) ഇനി, ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവരുടെ കാര്യമോ? ദൈവത്തിന്റെ സുഹൃത്തുക്കൾ എന്ന നിലയിൽ യഹോവ അവരെയും നീതിമാന്മാരായി പ്രഖ്യാപിച്ചിരിക്കുന്നു. അവരുടെ തെറ്റുകൾ യഹോവ ക്ഷമിച്ചിരിക്കുന്നു. (യാക്കോ. 2:21-23) അർമഗെദോനെ അതിജീവിക്കുന്ന മഹാപുരുഷാരത്തിന് ഒരിക്കലും മരിക്കാതിരിക്കാനുള്ള പ്രത്യാശയുണ്ട്. (യോഹ. 11:26) മരിച്ചുപോയ ‘നീതിമാന്മാർക്കും നീതികെട്ടവർക്കും’ പുനരുത്ഥാനം കിട്ടും. (പ്രവൃ. 24:15; യോഹ. 5:28, 29) ഒടുവിൽ, ഭൂമിയിൽ ജീവിച്ചിരിക്കുന്ന യഹോവയുടെ എല്ലാ വിശ്വസ്തദാസരും “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം നേടും.” (റോമ. 8:21) നമ്മുടെ പിതാവായ യഹോവയുമായി നമ്മൾ പൂർണമായ അനുരഞ്ജനത്തിലാകും. പാപപരിഹാര ക്രമീകരണത്തിൽനിന്ന് എത്ര വലിയ അനുഗ്രഹമാണ് നമുക്കു ലഭിക്കാൻ പോകുന്നത്!
19. യഹോവയും യേശുവും ചെയ്ത കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ എന്തു മാറ്റമാണു കൊണ്ടുവന്നിരിക്കുന്നത്? (“ നമുക്കുവേണ്ടി യഹോവ ചെയ്തത്” എന്ന ചതുരവും കാണുക.)
19 എല്ലാം നഷ്ടപ്പെട്ട, ഒരിക്കലും അടച്ചുതീർക്കാൻ പറ്റാത്തത്ര കടം കൈമാറിക്കിട്ടിയ ആ ചെറുപ്പക്കാരന്റേതുപോലെയായിരുന്നു നമ്മുടെ സാഹചര്യവും. പക്ഷേ യഹോവ നമ്മളെ സഹായിച്ചു. പാപപരിഹാരത്തിനായി യഹോവ ക്രമീകരണം ചെയ്തതുകൊണ്ടും യേശു മോചനവില നൽകിയതുകൊണ്ടും ആണ് നമ്മുടെ സാഹചര്യത്തിനു മാറ്റം വന്നത്. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യഹോവ നമ്മളെ പാപത്തിൽനിന്നും മരണത്തിൽനിന്നും വീണ്ടെടുത്തിരിക്കുന്നു, അഥവാ മോചിപ്പിച്ചിരിക്കുന്നു. നമ്മുടെ തെറ്റുകൾ ഒരിക്കലും നടന്നിട്ടില്ലാത്തതുപോലെ യഹോവ മായ്ച്ചുകളയുകയും ചെയ്യുന്നു. ഇനി, ഇപ്പോൾത്തന്നെ നമുക്കു നമ്മുടെ സ്വർഗീയപിതാവുമായി നല്ലൊരു ബന്ധം ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ പ്രയോജനം.
20. അടുത്ത ലേഖനത്തിൽ പഠിക്കാൻപോകുന്നത് എന്താണ്?
20 നമുക്കുവേണ്ടി യഹോവയും യേശുവും ചെയ്ത കാര്യങ്ങളെക്കുറിച്ച് സമയമെടുത്ത് ചിന്തിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഒരുപാടു നന്ദി തോന്നുന്നില്ലേ? (2 കൊരി. 5:15) അവർ സഹായിച്ചില്ലായിരുന്നെങ്കിൽ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു? മോചനവിലയിൽനിന്ന് നമുക്കു വ്യക്തിപരമായി കിട്ടുന്ന പ്രയോജനങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ബൈബിളിലെ ചില ദൃഷ്ടാന്തങ്ങൾ സഹായിക്കും. അതാണ് നമ്മൾ അടുത്ത ലേഖനത്തിൽ പഠിക്കാൻപോകുന്നത്.
ഗീതം 10 നമ്മുടെ ദൈവമായ യഹോവയെ സ്തുതിപ്പിൻ!
a ചില ഭാഷകളിൽ “മോചനവില” എന്ന പദം പരിഭാഷ ചെയ്തിരിക്കുന്നതു “ജീവന്റെ വില,” “കൊടുത്ത വില” എന്നൊക്കെ അർഥം വരുന്ന രീതിയിലാണ്.