നിങ്ങൾക്ക് അറിയാമോ?
യേശു കുഷ്ഠരോഗികളോട് ഇടപെട്ട വിധം വ്യത്യസ്തമായിരുന്നത് എങ്ങനെ?
ബൈബിൾക്കാലങ്ങളിൽ കണ്ടുവന്നിരുന്ന കുഷ്ഠരോഗത്തെ അന്നത്തെ ജൂതന്മാർ ഭയപ്പെട്ടു. നാഡികളെ ബാധിക്കുന്ന ഈ രോഗം രോഗിയുടെ ശരീരം എന്നേക്കുമായി വികൃതമാക്കുമായിരുന്നു. കുഷ്ഠരോഗത്തിന് അറിയപ്പെടുന്ന ചികിത്സയുമില്ലായിരുന്നു. പകരം അവരെ മാറ്റിപ്പാർപ്പിക്കുകയാണു ചെയ്തിരുന്നത്. രോഗികൾ തങ്ങളുടെ രോഗത്തെപ്പറ്റി മറ്റുള്ളവർക്കു മുന്നറിയിപ്പു കൊടുക്കുകയും വേണമായിരുന്നു.—ലേവ്യ 13:45, 46.
ജൂതന്മാരുടെ മതനേതാക്കന്മാർ തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നതിന് അപ്പുറം പോയി. അവർ കുഷ്ഠരോഗത്തെക്കുറിച്ച് പുതിയപുതിയ നിയമങ്ങൾ ഉണ്ടാക്കിക്കൊണ്ട് രോഗികളുടെ ജീവിതം അങ്ങേയറ്റം ബുദ്ധിമുട്ടുള്ളതാക്കിത്തീർത്തു. ഉദാഹരണത്തിന്, ആളുകൾ ഒരു കുഷ്ഠരോഗിയിൽനിന്ന് കുറഞ്ഞത് 4 മുഴം (ഏകദേശം 6 അടി അഥവാ 2 മീറ്റർ) അകലം പാലിക്കണമെന്നു റബ്ബിമാരുടെ നിയമം നിഷ്കർഷിച്ചിരുന്നു. കാറ്റുള്ള സമയമാണെങ്കിൽ അത് 100 മുഴം (ഏകദേശം 150 അടി അഥവാ 45 മീറ്റർ) ആയിരിക്കണമായിരുന്നു. കുഷ്ഠരോഗികൾ “പാളയത്തിന്നു പുറത്ത്” താമസിക്കണമെന്ന തിരുവെഴുത്തുനിബന്ധനയുടെ അർഥം, അവരെ ചുറ്റുമതിലുള്ള നഗരങ്ങളിൽനിന്ന് പുറത്താക്കണമെന്നാണെന്ന്, ജൂതമതാചാരങ്ങൾ വിവരിക്കുന്ന താൽമൂദിൽ പാണ്ഡിത്യമുള്ള ചിലർ വ്യാഖ്യാനിച്ചു. അതുകൊണ്ട്, അക്കാലത്തെ ഒരു റബ്ബി ഒരു കുഷ്ഠരോഗിയെ നഗരത്തിനുള്ളിൽ കണ്ടാൽ “ആളുകളെ അശുദ്ധരാക്കാതെ തിരിച്ചുപോ” എന്നു പറഞ്ഞ് അയാളെ കല്ലെറിയുമായിരുന്നു.
എന്നാൽ യേശുവിന്റെ സമീപനം എത്രയോ വ്യത്യസ്തമായിരുന്നു! കുഷ്ഠരോഗികളെ ആട്ടിയോടിക്കുന്നതിനു പകരം യേശു അവരെ തൊടാൻ തയ്യാറായി; അവരുടെ രോഗം മാറ്റിക്കൊടുക്കുകയും ചെയ്തു.—മത്തായി 8:3.▪ (w16-E No. 4)
ഏതൊക്കെ കാരണങ്ങളുടെ പേരിലാണു ജൂതമതനേതാക്കന്മാർ വിവാഹമോചനം അനുവദിച്ചിരുന്നത്?
ഒന്നാം നൂറ്റാണ്ടിലെ മതനേതാക്കന്മാരുടെ ഇടയിൽ വിവാഹമോചനം ഒരു തർക്കവിഷയമായിരുന്നു. അതുകൊണ്ടാണ് ഒരിക്കൽ ചില പരീശന്മാർ യേശുവിനെ പരീക്ഷിക്കാനായി, “ഒരു പുരുഷൻ ഏതു കാരണത്തെച്ചൊല്ലിയും തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമോ” എന്നു ചോദിച്ചത്.—മത്തായി 19:3.
ഭാര്യയിൽ “ദൂഷ്യമായ വല്ലതും” കണ്ടാൽ അവളെ വിവാഹമോചനം ചെയ്യാൻ മോശയുടെ നിയമം ഒരു പുരുഷനെ അനുവദിച്ചിരുന്നു. (ആവർത്തനം 24:1) യേശുവിന്റെ കാലമായപ്പോഴേക്കും ഈ നിയമത്തിന്റെ അർഥം തികച്ചും വ്യത്യസ്തമായ വിധത്തിൽ വ്യാഖ്യാനിച്ചിരുന്ന രണ്ടു റബ്ബിവിഭാഗമുണ്ടായിരുന്നു. കർശനമായ വീക്ഷണങ്ങൾ വെച്ചുപുലർത്തിയിരുന്ന ഷാമൈ വിഭാഗം വിവാഹമോചനത്തിന്റെ ഒരേ ഒരു അടിസ്ഥാനം “ലൈംഗികമായ അശുദ്ധി” അഥവാ വ്യഭിചാരം ആണെന്നു വ്യാഖ്യാനിച്ചു. അതേസമയം, ഹില്ലെൽ വിഭാഗം ദാമ്പത്യത്തിലെ വലുതോ ചെറുതോ ആയ ഏതു വിയോജിപ്പുകളും വിവാഹമോചനത്തിന് അടിസ്ഥാനമാണെന്നു വാദിച്ചു. അവരുടെ വാദമനുസരിച്ച്, ഭക്ഷണത്തിനു രുചിയില്ലാത്തതിന്റെ പേരിലോ ഭാര്യയെക്കാൾ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടെത്തിയതിന്റെ പേരിലോ ഒരാൾക്കു വിവാഹമോചനം ചെയ്യാമായിരുന്നു.
അങ്ങനെയെങ്കിൽ, പരീശന്മാരുടെ ചോദ്യത്തിനു യേശു എന്ത് ഉത്തരമാണു കൊടുത്തത്? യേശു തുറന്നുപറഞ്ഞു: “പരസംഗം എന്ന കാരണത്താലല്ലാതെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു.”—മത്തായി 19:6, 9. ▪ (w16-E No. 4)