വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കു​ന്ന​വരെ’ യഹോവ സ്‌നേ​ഹി​ക്കു​ന്നു

‘സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കു​ന്ന​വരെ’ യഹോവ സ്‌നേ​ഹി​ക്കു​ന്നു

‘നല്ല മണ്ണിൽ വീണ വിത്തിന്റെ കാര്യ​മോ: സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കു​ന്ന​വ​രാണ്‌ അവർ.’—ലൂക്കോ. 8:15.

ഗീതങ്ങൾ: 68, 72

1, 2. (എ) പ്രതി​ക​രണം കുറഞ്ഞ പ്രദേ​ശ​ങ്ങ​ളിൽ മടുത്തു​പോ​കാ​തെ പ്രസം​ഗി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ മാതൃക നമുക്കു പ്രോ​ത്സാ​ഹ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) “സ്വന്തം നാട്ടിൽ” പ്രസം​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു എന്താണു പറഞ്ഞത്‌? (അടിക്കു​റിപ്പ്‌ കാണുക.)

സെർജി​യോ​യും ഒലിൻഡ​യും മുൻനി​ര​സേ​വ​ക​രായ ദമ്പതി​ക​ളാണ്‌. 80-നു മേൽ പ്രായ​മുള്ള ഇവർ ഐക്യ​നാ​ടു​ക​ളി​ലാ​ണു താമസി​ക്കു​ന്നത്‌. ഈയി​ടെ​യാ​യി കാലു​വേദന കാരണം അവർക്കു നടക്കാൻ അൽപ്പം ബുദ്ധി​മു​ട്ടുണ്ട്‌. എങ്കിലും, പതിറ്റാ​ണ്ടു​ക​ളാ​യി രാവിലെ ഏഴു മണിക്കു പട്ടണത്തി​ലെ തിര​ക്കേ​റിയ ഒരു കവലയിൽ അവർ എത്തും. അവിടെ ബസ്റ്റോ​പ്പിന്‌ അടുത്ത്‌ വഴിയാ​ത്ര​ക്കാർക്കു കൊടു​ക്കാൻ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​മാ​യി അവരെ കാണാം. മിക്കവ​രും ഈ ദമ്പതി​കളെ ശ്രദ്ധി​ക്കാ​റില്ല. എങ്കിലും തങ്ങളെ നോക്കു​ന്ന​വ​രു​ടെ നേരെ പുഞ്ചി​രി​ച്ചു​കൊണ്ട്‌ ഉച്ചവരെ അവർ അവി​ടെ​ത്തന്നെ കാണും. ഉച്ചയാ​കു​മ്പോൾ അവർ പതിയെ വീട്ടി​ലേക്കു നടക്കും. ഇങ്ങനെ, വർഷങ്ങ​ളാ​യി എല്ലാ ആഴ്‌ച​യും ആറു ദിവസം വിശ്വ​സ്‌ത​രായ ഈ ദമ്പതികൾ തിര​ക്കോ​ടെ രാജ്യ​സ​ന്ദേശം പ്രസം​ഗി​ക്കു​ന്നു.

2 ഇവരെ​പ്പോ​ലെ ലോക​മെ​മ്പാ​ടു​മുള്ള വിശ്വ​സ്‌ത​രായ അനേകം സഹോ​ദ​രങ്ങൾ അധികം പ്രതി​ക​ര​ണ​മി​ല്ലാത്ത സ്വന്തം നാട്ടി​ലാ​ണു വർഷങ്ങ​ളാ​യി പ്രവർത്തി​ക്കു​ന്നത്‌. നിങ്ങളു​ടെ സാഹച​ര്യം അതാ​ണെ​ങ്കിൽ ക്ഷമയോ​ടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ‘സഹിച്ചു​നിൽക്കു​ന്ന​തി​നു’ നിങ്ങളെ ഞങ്ങൾ ആത്മാർഥ​മാ​യി അഭിന​ന്ദി​ക്കു​ന്നു. * നിങ്ങൾ നിശ്ചയ​ദാർഢ്യ​ത്തോ​ടെ, മടുത്തു​പോ​കാ​തെ യഹോ​വയെ സേവി​ക്കു​ന്നതു പലർക്കും ഒരു പ്രോ​ത്സാ​ഹ​ന​മാണ്‌. അനേക​വർഷ​ങ്ങ​ളാ​യി ദൈവത്തെ സേവി​ക്കു​ന്ന​വർക്കു​പോ​ലും അതു നവോ​ന്മേഷം പകരുന്നു. ചില സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രു​ടെ വാക്കുകൾ ശ്രദ്ധി​ക്കുക: “ശുശ്രൂ​ഷ​യിൽ ഇതു​പോ​ലുള്ള വിശ്വ​സ്‌ത​രായ സഹോ​ദ​ര​ങ്ങ​ളോ​ടു​കൂ​ടെ പ്രവർത്തി​ക്കു​ന്നത്‌ എനിക്ക്‌ ഊർജം പകരുന്നു.” “അവരുടെ വിശ്വ​സ്‌തത, ബുദ്ധി​മു​ട്ടു​ള്ള​പ്പോ​ഴും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ധൈര്യ​ത്തോ​ടെ തുടരാൻ എന്നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.” “അവരുടെ മാതൃക എനിക്ക്‌ ഉത്സാഹം പകരുന്നു.”

3. നമ്മൾ ഏതു മൂന്നു ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കും, എന്തു​കൊണ്ട്‌?

3 ഈ ലേഖന​ത്തിൽ മൂന്നു ചോദ്യ​ങ്ങൾ ചർച്ച ചെയ്യും. എന്തു​കൊ​ണ്ടാ​ണു നമുക്കു ചില​പ്പോൾ ഉത്സാഹ​ക്കു​റവ്‌ തോന്നു​ന്നത്‌? നമ്മൾ എങ്ങനെ​യാ​ണു ഫലം പുറ​പ്പെ​ടു​വി​ക്കു​ന്നത്‌? സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കാൻ എന്തു സഹായി​ക്കും? യേശു ഏൽപ്പിച്ച പ്രസം​ഗ​വേല പൂർത്തീ​ക​രി​ക്കാ​നുള്ള നമ്മുടെ ദൃഢനി​ശ്ച​യത്തെ ശക്തമാ​ക്കാൻ ഈ ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു സഹായി​ക്കും.

ഉത്സാഹ​ക്കു​റവ്‌ തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?

4. (എ) ഭൂരി​പക്ഷം ജൂതന്മാ​രും അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കാ​തി​രു​ന്ന​പ്പോൾ പൗലോ​സിന്‌ എന്താണു തോന്നി​യത്‌? (ബി) എന്തു​കൊ​ണ്ടാ​ണു പൗലോ​സിന്‌ അങ്ങനെ തോന്നി​യത്‌?

4 പ്രതി​ക​രണം കുറവുള്ള പ്രദേ​ശ​ങ്ങ​ളിൽ പ്രവർത്തി​ക്കു​മ്പോൾ നിങ്ങൾക്കു നിരു​ത്സാ​ഹം തോന്നി​യി​ട്ടു​ണ്ടോ? എങ്കിൽ, പൗലോസ്‌ അപ്പോ​സ്‌ത​ല​നും ഇങ്ങനെ തോന്നി​യി​ട്ടു​ണ്ടെന്ന്‌ ഓർക്കുക. ഏകദേശം 30 വർഷം നീണ്ട തന്റെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ അനേകം ആളുകളെ ക്രിസ്‌തു​ശി​ഷ്യ​രാ​കാൻ പൗലോസ്‌ സഹായി​ച്ചു. (പ്രവൃ. 14:21; 2 കൊരി. 3:2, 3) എങ്കിലും, ജൂതന്മാ​രിൽ അധികം പേരെ സത്യാ​രാ​ധ​ക​രാ​ക്കാൻ പൗലോ​സി​നു കഴിഞ്ഞില്ല. മിക്കവ​രും പൗലോ​സി​നെ ശ്രദ്ധി​ച്ചില്ല, ചിലർ അദ്ദേഹത്തെ ഉപദ്ര​വി​ക്കു​ക​പോ​ലും ചെയ്‌തു. (പ്രവൃ. 14:19; 17:1, 4, 5, 13) ജൂതന്മാർ ശ്രദ്ധി​ക്കാ​തി​രു​ന്ന​പ്പോൾ പൗലോ​സിന്‌ എന്താണു തോന്നി​യത്‌? അദ്ദേഹം പറയുന്നു: “ഞാൻ ക്രിസ്‌തു​വിൽ സത്യമാ​ണു പറയു​ന്നത്‌. . . . എന്റെ ഹൃദയ​ത്തിൽ അതിയായ ദുഃഖ​വും അടങ്ങാത്ത വേദന​യും ഉണ്ട്‌.” (റോമ. 9:1-3) എന്തു​കൊ​ണ്ടാ​ണു പൗലോ​സിന്‌ ഇങ്ങനെ തോന്നി​യത്‌? പൗലോസ്‌ പ്രസം​ഗ​പ്ര​വർത്ത​നത്തെ വളരെ​യ​ധി​കം സ്‌നേ​ഹി​ച്ചി​രു​ന്നു. അതു​പോ​ലെ, ജൂതന്മാ​രോ​ടുള്ള ആത്മാർഥ​മായ സ്‌നേ​ഹം​കൊ​ണ്ടാ​ണു പൗലോസ്‌ അവരോ​ടു പ്രസം​ഗി​ച്ചത്‌. എന്നിട്ടും ദൈവ​ത്തി​ന്റെ കരുണ​യ്‌ക്കു നേരെ അവർ പുറം​തി​രി​ഞ്ഞതു കണ്ടപ്പോൾ പൗലോ​സി​നു വേദന തോന്നി.

5. (എ) അയൽക്കാ​രോ​ടു പ്രസം​ഗി​ക്കാൻ നമ്മളെ എന്താണു പ്രേരി​പ്പി​ക്കു​ന്നത്‌? (ബി) ചില​പ്പോ​ഴൊ​ക്കെ നിരു​ത്സാ​ഹം തോന്നു​ന്ന​തിൽ നമ്മൾ അതിശ​യി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

5 പൗലോ​സി​നെ​പ്പോ​ലെ, ആളുക​ളോ​ടുള്ള ആത്മാർഥ​മായ താത്‌പ​ര്യ​മാ​ണു പ്രസം​ഗി​ക്കാൻ നമ്മളെ​യും പ്രേരി​പ്പി​ക്കു​ന്നത്‌. (മത്താ. 22:39; 1 കൊരി. 11:1) എന്തു​കൊണ്ട്‌? യഹോ​വയെ സേവി​ക്കാൻ തീരു​മാ​നി​ക്കുന്ന ആളുകളെ എത്ര​യെത്ര അനു​ഗ്ര​ഹ​ങ്ങ​ളാ​ണു കാത്തി​രി​ക്കു​ന്ന​തെന്നു നമുക്ക്‌ അറിയാം. നമ്മുടെ പ്രദേ​ശത്തെ ആളുക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നമുക്ക്‌ ഇങ്ങനെ തോന്നാ​റി​ല്ലേ: ‘എത്ര വിലപ്പെട്ട കാര്യ​ങ്ങ​ളാണ്‌ അവർ നഷ്ടപ്പെ​ടു​ത്തു​ന്നത്‌. അത്‌ അവർക്കൊ​ന്നു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കാൻ കഴിഞ്ഞി​രു​ന്നെ​ങ്കിൽ!’ അതു​കൊണ്ട്‌ യഹോ​വ​യെ​യും മനുഷ്യ​രെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്കുള്ള ഉദ്ദേശ്യ​ത്തെ​യും സംബന്ധിച്ച സത്യം പഠിക്കാൻ നമ്മൾ ആളുകളെ എപ്പോ​ഴും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഒരർഥ​ത്തിൽ നമ്മൾ ആളുക​ളോട്‌ ഇങ്ങനെ പറയു​ക​യാണ്‌: ‘ഇതാ, ഞങ്ങൾ നിങ്ങൾക്കു മനോ​ഹ​ര​മായ ഒരു സമ്മാനം​കൊ​ണ്ടാ​ണു വന്നിരി​ക്കു​ന്നത്‌. ദയവു​ചെ​യ്‌ത്‌ സ്വീക​രി​ക്കണം.’ അവർ ആ സമ്മാനം നിരസി​ക്കു​മ്പോൾ സ്വാഭാ​വി​ക​മാ​യും നമ്മുടെ ‘ഹൃദയ​ത്തിൽ വേദന’ തോന്നും. അത്തരം തോന്ന​ലു​കൾ നമുക്കു വിശ്വാ​സം കുറവാ​ണെന്നല്ല സൂചി​പ്പി​ക്കു​ന്നത്‌. മറിച്ച്‌, നമ്മൾ പ്രസം​ഗ​പ്ര​വർത്ത​നത്തെ സ്‌നേ​ഹി​ക്കു​ന്നെ​ന്നാണ്‌. അതു​കൊണ്ട്‌ ഇടയ്‌ക്കൊ​ക്കെ നിരു​ത്സാ​ഹം തോന്നി​യാ​ലും നമ്മൾ ക്ഷമയോ​ടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരു​ന്നു. 25 വർഷത്തി​ല​ധി​ക​മാ​യി മുൻനി​ര​സേ​വനം ചെയ്യുന്ന എലേന സഹോ​ദരി പറയുന്നു: “പ്രസം​ഗ​പ്ര​വർത്തനം എനിക്ക്‌ അൽപ്പം ബുദ്ധി​മു​ട്ടാണ്‌. എന്നാൽ അതിനു പകരം വെക്കാൻ വേറൊ​ന്നില്ല.” നമുക്കും ഇങ്ങനെ​യല്ലേ പറയാൻ തോന്നു​ന്നത്‌?

എങ്ങനെ​യാ​ണു ഫലം പുറ​പ്പെ​ടു​വി​ക്കു​ന്നത്‌?

6. ഏതു ചോദ്യ​ത്തി​നുള്ള ഉത്തരം ഇപ്പോൾ കണ്ടെത്തും, എങ്ങനെ?

6 പ്രസം​ഗി​ക്കുന്ന പ്രദേശം ഏതാ​ണെ​ങ്കി​ലും, നമ്മൾ ചെയ്യുന്ന ശുശ്രൂഷ ഫലകര​മാ​ണെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? പ്രധാ​ന​പ്പെട്ട ഈ ചോദ്യ​ത്തി​നുള്ള ഉത്തരത്തി​നു​വേണ്ടി ‘ഫലം കായ്‌ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌’ യേശു പറഞ്ഞ രണ്ടു ദൃഷ്ടാ​ന്തങ്ങൾ നോക്കാം. (മത്താ. 13:23) ആദ്യ​ത്തേതു മുന്തി​രി​ച്ചെ​ടി​യു​ടേ​താണ്‌.

7. (എ) “കൃഷി​ക്കാ​ര​നും” “മുന്തി​രി​ച്ചെ​ടി​യും” “ശാഖക​ളും” ആരെ​യൊ​ക്കെ​യാ​ണു പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌? (ബി) ഏതു ചോദ്യ​ത്തി​നുള്ള ഉത്തരം നമ്മൾ കണ്ടുപി​ടി​ക്കും?

7 യോഹ​ന്നാൻ 15:1-5, 8 വായി​ക്കുക. യേശു അപ്പോ​സ്‌ത​ല​ന്മാ​രോ​ടു പറഞ്ഞതു ശ്രദ്ധി​ക്കുക: “നിങ്ങൾ ധാരാളം ഫലം കായ്‌ക്കു​ന്ന​തു​കൊ​ണ്ടും എന്റെ ശിഷ്യ​ന്മാ​രാ​ണെന്നു തെളി​യി​ക്കു​ന്ന​തു​കൊ​ണ്ടും എന്റെ പിതാവ്‌ മഹത്ത്വ​പ്പെ​ടു​ന്നു.” ഈ ദൃഷ്ടാ​ന്ത​ത്തിൽ, യേശു യഹോ​വയെ ‘കൃഷി​ക്കാ​ര​നെ​ന്നും’ തന്നെത്തന്നെ ‘മുന്തി​രി​ച്ചെ​ടി​യെ​ന്നും’ ശിഷ്യ​ന്മാ​രെ ‘ശാഖക​ളെ​ന്നും’ വിളിച്ചു. * അങ്ങനെ​യെ​ങ്കിൽ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ പുറ​പ്പെ​ടു​വി​ക്കേണ്ട ഫലം എന്താണ്‌? ആ ഫലം എന്താ​ണെന്നു യേശു നേരിട്ട്‌ പറഞ്ഞില്ല. എന്നാൽ അത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ഒരു സൂചന യേശു തന്നു.

8. (എ) ഈ ദൃഷ്ടാ​ന്ത​ത്തിൽ ഫലം എന്നു പറഞ്ഞി​രി​ക്കു​ന്നതു പുതിയ ശിഷ്യർ അല്ലാത്തത്‌ എന്തു​കൊണ്ട്‌? (ബി) എങ്ങനെ​യുള്ള കാര്യങ്ങൾ മാത്രമേ യഹോവ നമ്മളോ​ടു ചെയ്യാൻ ആവശ്യ​പ്പെ​ടു​ക​യു​ള്ളൂ?

8 പിതാ​വി​നെ​ക്കു​റിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: “എന്നിലുള്ള കായ്‌ക്കാത്ത ശാഖക​ളെ​ല്ലാം പിതാവ്‌ മുറി​ച്ചു​ക​ള​യു​ന്നു.” മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, നമ്മൾ ഫലം കായ്‌ക്കു​ന്നെ​ങ്കിൽ മാത്രമേ യഹോവ നമ്മളെ തന്റെ ദാസരാ​യി അംഗീ​ക​രി​ക്കു​ക​യു​ള്ളൂ. (മത്താ. 13:23; 21:43) ഈ ദൃഷ്ടാ​ന്ത​ത്തിൽ പറഞ്ഞി​രി​ക്കുന്ന ഫലം പുതിയ ശിഷ്യ​രെ​യാ​ണോ കുറി​ക്കു​ന്നത്‌? (മത്താ. 28:19) അല്ല. അങ്ങനെ​യാ​ണെ​ങ്കിൽ, പ്രതി​ക​രണം കുറഞ്ഞ പ്രദേ​ശ​ങ്ങ​ളിൽ പ്രസം​ഗി​ക്കു​ന്ന​തു​കൊണ്ട്‌ ആളുകളെ ശിഷ്യ​രാ​ക്കാൻ കഴിയാ​തെ​പോ​കുന്ന വിശ്വ​സ്‌ത​രായ സാക്ഷികൾ ഫലം കായ്‌ക്കാത്ത ശാഖകൾപോ​ലെ​യാ​കും. പക്ഷേ അങ്ങനെ നമുക്കു ചിന്തി​ക്കാൻ കഴിയി​ല്ല​ല്ലോ. ശിഷ്യ​രാ​കാൻ ആളുകളെ നമുക്കു നിർബ​ന്ധി​ക്കാൻ കഴിയില്ല. തങ്ങളെ​ക്കൊണ്ട്‌ കഴിയാത്ത ഒരു കാര്യം ചെയ്യാൻ പരാജ​യ​പ്പെ​ടു​ന്ന​തി​ന്റെ പേരിൽ തന്റെ ദാസരെ യഹോവ തള്ളിക്ക​ള​യില്ല. അത്‌ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​നു നേർവി​പ​രീ​ത​മാണ്‌. നമുക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ യഹോവ എപ്പോ​ഴും നമ്മളോട്‌ ആവശ്യ​പ്പെ​ടു​ക​യു​ള്ളൂ.—ആവ. 30:11-14.

9. (എ) ഏതു പ്രവർത്ത​ന​ത്തിൽ പങ്കു​ചേർന്നു​കൊണ്ട്‌ നമുക്കു ഫലം പുറ​പ്പെ​ടു​വി​ക്കാം? (ബി) നമ്മൾ ഏതു ദൃഷ്ടാ​ന്ത​മാ​ണു ചിന്തി​ക്കാൻപോ​കു​ന്നത്‌?

9 അങ്ങനെ​യെ​ങ്കിൽ എന്താണു നമ്മൾ പുറ​പ്പെ​ടു​വി​ക്കേണ്ട ഫലം? അതു നമുക്ക്‌ എല്ലാവർക്കും ഏർപ്പെ​ടാൻ കഴിയുന്ന ഒരു പ്രവർത്ത​ന​മാ​യി​രി​ക്കണം. അങ്ങനെ​യുള്ള ഏതു പ്രവർത്ത​ന​മാണ്‌ യഹോവ തന്റെ ദാസർക്കു നിയമി​ച്ചു​ത​ന്നി​രി​ക്കു​ന്നത്‌? ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കുക എന്ന നിയമനം. * (മത്താ. 24:14) വിതക്കാ​ര​നെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാന്തം ഈ വസ്‌തുത ശരി​വെ​ക്കു​ന്നു. നമുക്ക്‌ ഇപ്പോൾ ആ ദൃഷ്ടാന്തം ചിന്തി​ക്കാം.

10. (എ) ഈ ദൃഷ്ടാ​ന്ത​ത്തി​ലെ “വിത്ത്‌,” ‘മണ്ണ്‌’ എന്നിവ എന്തി​നെ​യാ​ണു പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌? (ബി) ഒരു ഗോതമ്പു ചെടി പുറ​പ്പെ​ടു​വി​ക്കുന്ന ഫലം എന്താണ്‌?

10 ലൂക്കോസ്‌ 8:5-8, 11-15 വായി​ക്കുക. വിതക്കാ​ര​നെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്ത​ത്തി​ലെ വിത്തു “ദൈവ​വ​ചനം” അഥവാ രാജ്യ​സ​ന്ദേശം ആണ്‌. മണ്ണ്‌ പ്രതീ​ക​പ്പെ​ടു​ത്തു​ന്നതു മനുഷ്യ​ന്റെ ആലങ്കാ​രി​ക​ഹൃ​ദ​യ​വും. നല്ല മണ്ണിൽ വീണ വിത്തു വേരു പിടിച്ച്‌, മുളച്ച്‌, ഒരു ചെടി​യാ​യി വളർന്നു​വന്നു. അത്‌ “100 മേനി വിളവ്‌” നൽകി. ഇതൊരു ഗോതമ്പു ചെടി​യാ​ണെ​ന്നി​രി​ക്കട്ടെ, ആ ചെടി നൽകുന്ന വിളവ്‌ അഥവാ ഫലം എന്താണ്‌? ചെറി​യ​ചെ​റിയ ഗോതമ്പു ചെടി​ക​ളാ​ണോ? അല്ല. അതു പുതിയ വിത്തു​ക​ളാണ്‌. ആ വിത്തുകൾ ഒരുപക്ഷേ ചെടി​ക​ളാ​യി വളർന്നു​വ​ന്നേ​ക്കാം. ഈ ദൃഷ്ടാ​ന്ത​ത്തിൽ ഒരു ധാന്യ​വി​ത്തിൽനിന്ന്‌ 100 ധാന്യ​മ​ണി​കൾവരെ ലഭിക്കു​ന്നുണ്ട്‌. ഈ വസ്‌തുത നമ്മുടെ ശുശ്രൂ​ഷ​യ്‌ക്ക്‌ എങ്ങനെ​യാ​ണു ബാധക​മാ​കു​ന്നത്‌?

നമ്മൾ എങ്ങനെ​യാ​ണു ‘സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കു​ന്നത്‌?’ (11-ാം ഖണ്ഡിക കാണുക)

11. (എ) വിതക്കാ​രന്റെ ദൃഷ്ടാന്തം നമ്മുടെ ശുശ്രൂ​ഷ​യ്‌ക്കു ബാധക​മാ​കു​ന്നത്‌ എങ്ങനെ? (ബി) നമ്മൾ എങ്ങനെ​യാ​ണു പുതിയ രാജ്യ​വി​ത്തു പുറ​പ്പെ​ടു​വി​ക്കു​ന്നത്‌?

11 ഈ ദൃഷ്ടാ​ന്തത്തെ നമ്മുടെ സാഹച​ര്യ​വു​മാ​യി താരത​മ്യം ചെയ്യാം. മാതാ​പി​താ​ക്ക​ളോ മറ്റു സഹോ​ദ​ര​ങ്ങ​ളോ നമ്മുടെ ഹൃദയ​ത്തിൽ വിത്തു വിതച്ചു അഥവാ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ നമ്മളോ​ടു പറഞ്ഞു. യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​ലെ നല്ല മണ്ണു​പോ​ലെ നമ്മൾ പ്രതി​ക​രി​ച്ചതു കണ്ടപ്പോൾ അവർ സന്തോ​ഷി​ച്ചു. നമ്മൾ ആ സന്ദേശം സ്വീക​രി​ച്ച​തി​ന്റെ ഫലമായി രാജ്യ​സ​ന്ദേശം നമ്മുടെ ഉള്ളിൽ വേരു പിടി​ക്കു​ക​യും ഒരു ഗോതമ്പു ചെടി​പോ​ലെ വളർന്നു​വ​രു​ക​യും ചെയ്‌തു. പിന്നീട്‌ അതു ഫലം കായ്‌ച്ചു. എങ്ങനെ? ഒരു ഗോതമ്പു ചെടി തരുന്ന ഫലം പുതിയ ചെടി​കളല്ല, മറിച്ച്‌ പുതിയ വിത്തു​ക​ളാ​ണെന്നു നമ്മൾ കണ്ടു. അതു​പോ​ലെ നമ്മൾ പുറ​പ്പെ​ടു​വി​ക്കുന്ന ഫലം പുതിയ ശിഷ്യർ അല്ല, പുതിയ രാജ്യ​വി​ത്തു​ക​ളാണ്‌. * നമ്മൾ എങ്ങനെ​യാ​ണു പുതിയ രാജ്യ​വി​ത്തു​കൾ പുറ​പ്പെ​ടു​വി​ക്കു​ന്നത്‌? ഓരോ തവണയും രാജ്യ​സ​ന്ദേശം അറിയി​ക്കു​മ്പോൾ നമ്മുടെ ഉള്ളിൽ നട്ട അതേ തരത്തി​ലുള്ള വിത്തുകൾ നമ്മൾ പുറ​പ്പെ​ടു​വി​ക്കു​ക​യാണ്‌. (ലൂക്കോ. 6:45; 8:1) അതു​കൊണ്ട്‌ നമ്മൾ രാജ്യ​സ​ന്ദേശം ഘോഷി​ക്കു​ന്നി​ട​ത്തോ​ളം കാലം നമ്മൾ ‘സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കു​ക​യാണ്‌’ എന്ന്‌ ഈ ദൃഷ്ടാന്തം പഠിപ്പി​ക്കു​ന്നു.

12. (എ) മുന്തിരിച്ചെടിയുടെയും വിതക്കാരന്റെയും ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (ബി) ഈ കാര്യം നിങ്ങളെ എങ്ങനെ​യാ​ണു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌?

12 യേശു പറഞ്ഞ മുന്തി​രി​ച്ചെ​ടി​യു​ടെ​യും വിതക്കാ​ര​ന്റെ​യും ദൃഷ്ടാ​ന്ത​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? ആളുകൾ പ്രതി​ക​രി​ച്ചാ​ലും ഇല്ലെങ്കി​ലും വിശ്വ​സ്‌ത​ത​യോ​ടെ പ്രസം​ഗി​ക്കു​മ്പോൾ നമ്മൾ ഫലം പുറ​പ്പെ​ടു​വി​ക്കു​ക​യാണ്‌. പൗലോ​സും ഇതേ വസ്‌തു​ത​തന്നെ പറഞ്ഞു: “അവനവൻ ചെയ്യുന്ന പണിക്ക​നു​സ​രിച്ച്‌ പ്രതി​ഫ​ല​വും കിട്ടും.” (1 കൊരി. 3:8) അതെ, പ്രതി​ഫലം കിട്ടു​ന്നതു പണിക്ക​നു​സ​രി​ച്ചാണ്‌, അല്ലാതെ പണിയു​ടെ അന്തിമ​ഫ​ല​ങ്ങളെ ആശ്രയി​ച്ചല്ല. 20 വർഷമാ​യി മുൻനി​ര​സേ​വനം ചെയ്യുന്ന മെറ്റിൽഡ സഹോ​ദരി പറയുന്നു: “യഹോവ പ്രതി​ഫലം തരുന്നതു നമ്മുടെ ശ്രമങ്ങൾക്കാണ്‌. ഈ അറിവ്‌ എന്നെ വളരെ​യ​ധി​കം സന്തോ​ഷി​പ്പി​ക്കു​ന്നു.”

സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കാൻ എങ്ങനെ കഴിയും?

13, 14. റോമർ 10:1, 2 അനുസ​രിച്ച്‌, രാജ്യ​സ​ന്ദേശം ശ്രദ്ധി​ക്കാത്ത ആളുക​ളോ​ടു തുടർന്നും പ്രസം​ഗി​ക്കാൻ പൗലോ​സി​നെ പ്രേരി​പ്പിച്ച കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

13 സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? മുമ്പ്‌ കണ്ടതു​പോ​ലെ, ജൂതന്മാർ രാജ്യ​സ​ന്ദേശം ശ്രദ്ധി​ക്കാ​തി​രു​ന്ന​പ്പോൾ പൗലോ​സി​നു ദുഃഖം തോന്നി. എങ്കിലും പൗലോസ്‌ അവരെ പ്രതീ​ക്ഷ​യ്‌ക്കു വകയി​ല്ലാ​ത്ത​വ​രാ​യി കണ്ടില്ല. ആ ജൂതന്മാ​രെ​ക്കു​റിച്ച്‌ തനിക്ക്‌ എന്താണു തോന്നു​ന്ന​തെന്നു പിന്നീടു റോമി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതി​യ​പ്പോൾ പൗലോസ്‌ വ്യക്തമാ​ക്കി. അദ്ദേഹം പറഞ്ഞു: “അവർക്കു രക്ഷ കിട്ടണ​മെ​ന്നാണ്‌ എന്റെ ഹൃദയ​ത്തി​ലെ ആഗ്രഹ​വും ദൈവ​ത്തോ​ടുള്ള അകമഴിഞ്ഞ പ്രാർഥ​ന​യും. അവർക്കു ദൈവ​ത്തി​ന്റെ കാര്യ​ത്തിൽ ശുഷ്‌കാ​ന്തി​യു​ണ്ടെന്നു ഞാൻ സാക്ഷി പറയുന്നു. പക്ഷേ അതു ശരിയായ അറിവി​ന്റെ അടിസ്ഥാ​ന​ത്തി​ലു​ള്ള​ത​ല്ലെന്നു മാത്രം.” (റോമ. 10:1, 2) ശുശ്രൂ​ഷ​യിൽ പൗലോസ്‌ തുടർന്ന​തി​ന്റെ എന്തൊക്കെ കാരണ​ങ്ങ​ളാണ്‌ ഇവിടെ പറയു​ന്നത്‌?

14 ആദ്യം​തന്നെ, താൻ എന്തു​കൊ​ണ്ടാ​ണു ജൂതന്മാ​രോ​ടു പ്രസം​ഗി​ക്കു​ന്നതു നിറു​ത്താ​തി​രു​ന്ന​തെന്നു പൗലോസ്‌ പറഞ്ഞു. ‘ഹൃദയ​ത്തി​ലെ ആഗ്രഹ​മാണ്‌’ അതിന്‌ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചത്‌. അതെ, ജൂതന്മാർ രക്ഷ നേടണ​മെ​ന്നാ​യി​രു​ന്നു പൗലോ​സി​ന്റെ ആത്മാർഥ​മായ ആഗ്രഹം. (റോമ. 11:13, 14) രണ്ടാമത്‌, പൗലോസ്‌ ‘ദൈവ​ത്തോ​ടുള്ള തന്റെ അകമഴിഞ്ഞ പ്രാർഥ​ന​യെ​ക്കു​റിച്ച്‌’ പറഞ്ഞി​രി​ക്കു​ന്നു. രാജ്യ​സ​ന്ദേശം സ്വീക​രി​ക്കാൻ ജൂതന്മാ​രെ സഹായി​ക്കണേ എന്നു പൗലോസ്‌ ദൈവ​ത്തോ​ടു യാചി​ച്ചി​രു​ന്നു. മൂന്നാ​മത്തെ കാരണം എന്താണ്‌? പൗലോസ്‌ പറഞ്ഞു: ‘അവർക്കു ദൈവ​ത്തി​ന്റെ കാര്യ​ത്തിൽ ശുഷ്‌കാ​ന്തി​യുണ്ട്‌.’ പൗലോസ്‌ ആളുക​ളി​ലെ നന്മ കാണു​ക​യും യഹോ​വയെ സേവി​ക്കാ​നുള്ള അവരുടെ തീക്ഷ്‌ണത മനസ്സി​ലാ​ക്കു​ക​യും ചെയ്‌തു. ശരിയായ വഴി കാണി​ച്ചു​കൊ​ടു​ത്താൽ അവർക്കു തന്നെ​പ്പോ​ലെ തീക്ഷ്‌ണ​ത​യുള്ള ക്രിസ്‌തു​ശി​ഷ്യ​രാ​കാൻ കഴിയു​മെന്നു പൗലോസ്‌ തിരി​ച്ച​റി​ഞ്ഞു.

15. പൗലോ​സി​നെ നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം? ചിലരു​ടെ അനുഭ​വങ്ങൾ പറയുക.

15 നമുക്കു പൗലോ​സി​നെ എങ്ങനെ അനുക​രി​ക്കാം? ഒന്ന്‌, ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മുള്ള’ ആളുകളെ കണ്ടെത്താൻ നമുക്ക്‌ ആത്മാർഥ​മായ ആഗ്രഹ​മു​ണ്ടാ​യി​രി​ക്കണം. രണ്ട്‌, രാജ്യ​സ​ന്ദേശം കേൾക്കുന്ന ആത്മാർഥ​ത​യുള്ള ആളുക​ളു​ടെ ഹൃദയങ്ങൾ തുറ​ക്കേ​ണമേ എന്നു നമ്മൾ യഹോ​വ​യോട്‌ അപേക്ഷി​ക്കണം. (പ്രവൃ. 13:48; 16:14) ഏതാണ്ട്‌ 30 വർഷമാ​യി മുൻനി​ര​സേ​വനം ചെയ്യുന്ന സിൽവാന സഹോ​ദരി പറയുന്നു: “ഒരു വീട്ടി​ലേക്കു ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടെ, അതായത്‌ അവർ കേൾക്കു​മെന്ന ഉറപ്പോ​ടെ, കയറി​ച്ചെ​ല്ലാൻ എന്നെ സഹായി​ക്കേ​ണമേ എന്നു ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ക്കും.” നമ്മുടെ സന്ദേശം കേൾക്കാൻ മനസ്സുള്ള ആളുക​ളു​ടെ അടു​ത്തേക്കു ദൂതന്മാർ നമ്മളെ നയിക്കു​ന്ന​തി​നു​വേ​ണ്ടി​യും ദൈവ​ത്തോ​ടു പ്രാർഥി​ക്കാം. (മത്താ. 10:11-13; വെളി. 14:6) 30 വർഷത്തി​ല​ധി​ക​മാ​യി മുൻനി​ര​സേ​വനം ചെയ്യുന്ന റോബർട്ട്‌ സഹോ​ദരൻ പറയുന്നു: “വീട്ടു​കാ​രു​ടെ ജീവി​ത​ത്തിൽ എന്തൊ​ക്കെ​യാ​ണു സംഭവി​ക്കു​ന്ന​തെന്ന്‌ അറിയാ​വുന്ന ദൂതന്മാ​രു​ടെ​കൂ​ടെ പ്രവർത്തി​ക്കു​ന്നത്‌ ആവേശ​ക​ര​മാണ്‌.” മൂന്ന്‌, ആളുകൾ താത്‌പ​ര്യ​മു​ള്ള​വ​രാ​ണോ എന്ന്‌ അറിയാൻ നമ്മൾ ശ്രമി​ക്കു​ന്നു. 50 വർഷത്തി​ല​ധി​ക​മാ​യി യഹോ​വയെ സേവി​ക്കുന്ന കാൾ എന്ന ഒരു മൂപ്പൻ ഇങ്ങനെ പറയുന്നു: “വീട്ടു​കാ​രന്റെ താത്‌പ​ര്യം സൂചി​പ്പി​ക്കുന്ന എന്തെങ്കി​ലും അടയാ​ള​മു​ണ്ടോ എന്നു ഞാൻ നോക്കും. അത്‌ ഒരു പുഞ്ചി​രി​യാ​കാം, സൗഹാർദ​ത്തോ​ടെ​യുള്ള ഒരു നോട്ട​മാ​കാം, സത്യസ​ന്ധ​മായ ഒരു ചോദ്യ​മാ​കാം.” അതെ, പൗലോ​സി​നെ​പ്പോ​ലെ സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കാൻ നമുക്കും കഴിയും.

“നിന്റെ കൈക്കു വിശ്രമം കൊടു​ക്ക​രുത്‌”

16, 17. (എ) സഭാ​പ്ര​സം​ഗകൻ 11:6-ൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​നാ​കും? (ബി) നമ്മൾ വിത്തു വിതയ്‌ക്കു​ന്നതു നമ്മളെ നിരീ​ക്ഷി​ക്കുന്ന ആളുകളെ എങ്ങനെ സ്വാധീ​നി​ച്ചേ​ക്കാം? ഒരു അനുഭവം പറയുക.

16 നമ്മൾ അറിയി​ക്കുന്ന രാജ്യ​സ​ന്ദേശം ആളുക​ളു​ടെ ഹൃദയ​ത്തിൽ എത്തുന്നി​ല്ലെന്നു തോന്നി​യാ​ലും സത്യത്തി​ന്റെ വിത്തു വിതയ്‌ക്കുന്ന പ്രവർത്ത​ന​ത്തി​ന്റെ പ്രാധാ​ന്യം നമ്മൾ കുറച്ചു​കാ​ണ​രുത്‌. (സഭാ​പ്ര​സം​ഗകൻ 11:6 വായി​ക്കുക.) ശരിയാണ്‌, മിക്കവ​രും നമ്മുടെ സന്ദേശം ശ്രദ്ധി​ക്ക​ണ​മെ​ന്നില്ല. പക്ഷേ അവർ നമ്മളെ നിരീ​ക്ഷി​ക്കും. നമ്മുടെ വൃത്തി​യുള്ള വസ്‌ത്ര​ധാ​ര​ണ​വും, ആദര​വോ​ടെ​യുള്ള പെരു​മാ​റ്റ​വും, ഹൃദ്യ​മായ പുഞ്ചി​രി​യും ഒന്നും അവരുടെ കണ്ണിൽപ്പെ​ടാ​തെ പോകില്ല. നമ്മളെ​ക്കു​റിച്ച്‌ അവർക്കു​ണ്ടാ​യി​രുന്ന ധാരണകൾ പലതും തെറ്റാ​യി​രു​ന്നെന്നു കാല​ക്ര​മേണ അവർക്കു മനസ്സി​ലാ​യേ​ക്കാം. ഇത്തരം മാറ്റം നേരിട്ട്‌ കണ്ടവരാ​ണു തുടക്ക​ത്തിൽ പറഞ്ഞ സെർജി​യോ​യും ഒലിൻഡ​യും.

17 സെർജി​യോ പറയുന്നു: “സുഖമി​ല്ലാ​തി​രു​ന്ന​തു​കൊണ്ട്‌ കുറച്ചു​നാൾ പതിവു​സ്ഥ​ലത്ത്‌ സാക്ഷീ​ക​രി​ക്കാൻ പോകാൻ ഞങ്ങൾക്കു പറ്റിയില്ല. ഞങ്ങൾ അവിടെ തിരി​ച്ചെ​ത്തി​യ​പ്പോൾ പലരും ഞങ്ങളോ​ടു ചോദി​ച്ചു: ‘എന്തു പറ്റി? കുറച്ച്‌ നാളാ​യിട്ട്‌ നിങ്ങളെ ഇവിടെ കാണു​ന്നി​ല്ല​ല്ലോ.’” ഒരു ചെറു​ചി​രി​യോ​ടെ ഒലിൻഡ കൂട്ടി​ച്ചേർക്കു​ന്നു: “ചില ബസ്‌ ഡ്രൈ​വർമാർ ഞങ്ങളെ കൈവീ​ശി കാണിച്ചു. ചിലർ വാഹന​ത്തിൽ ഇരുന്ന്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: ‘കൊള്ളാം, നല്ല കാര്യ​മാ​ണു നിങ്ങൾ ചെയ്യു​ന്നത്‌.’ അവർ ഞങ്ങളോ​ടു മാസി​കകൾ വാങ്ങു​ക​പോ​ലും ചെയ്‌തു.” അവരെ അതിശ​യി​പ്പിച്ച മറ്റൊരു സംഭവ​വു​മു​ണ്ടാ​യി. ഒരിക്കൽ അതുവഴി വന്ന ഒരു വ്യക്തി സാഹിത്യ കൈവ​ണ്ടി​യു​ടെ അടുത്തു​വന്ന്‌ അവർക്ക്‌ ഒരു പൂച്ചെണ്ട്‌ സമ്മാനി​ച്ചിട്ട്‌ അവരുടെ പ്രവർത്ത​നത്തെ അഭിന​ന്ദി​ച്ചു.

18. ‘സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കാൻ’ നിങ്ങൾ ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

18 ‘കൈക്കു വിശ്രമം കൊടു​ക്കാ​തെ’ രാജ്യ​വി​ത്തു വിതയ്‌ക്കു​മ്പോൾ ‘എല്ലാ ജനതക​ളോ​ടും’ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്ന​തിൽ നമ്മൾ നമ്മുടെ ഭാഗം നിർവ​ഹി​ക്കു​ക​യാണ്‌. (മത്താ. 24:14) അതിലും പ്രധാ​ന​മാ​യി, നമുക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മു​ണ്ടാ​യി​രി​ക്കും. കാരണം ‘സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കു​ന്ന​വരെ’ യഹോവ സ്‌നേ​ഹി​ക്കു​ന്നു! ആ അറിവ്‌ നമ്മളെ സന്തോ​ഷി​പ്പി​ക്കു​ന്നി​ല്ലേ?

^ ഖ. 2 യേശുവിനുപോലും “സ്വന്തം നാട്ടിൽ” പ്രവർത്തി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. നാലു സുവി​ശേഷ എഴുത്തു​കാ​രും ഇതെക്കു​റിച്ച്‌ പറഞ്ഞി​ട്ടുണ്ട്‌.—മത്താ. 13:57; മർക്കോ. 6:4; ലൂക്കോ. 4:24; യോഹ. 4:44.

^ ഖ. 7 ഈ ദൃഷ്ടാ​ന്ത​ത്തി​ലെ ശാഖകൾ സ്വർഗീ​യ​പ്ര​ത്യാ​ശ​യു​ള്ള​വ​രെ​യാ​ണു കുറി​ക്കു​ന്ന​തെ​ങ്കി​ലും ദൈവ​ത്തി​ന്റെ എല്ലാ ദാസർക്കും പ്രയോ​ജനം ചെയ്യുന്ന പാഠങ്ങൾ ഈ ദൃഷ്ടാ​ന്ത​ത്തി​ലുണ്ട്‌.

^ ഖ. 9 ‘ഫലം കായ്‌ക്കുക’ എന്നതു “ദൈവാ​ത്മാ​വി​ന്റെ ഫലം” പുറ​പ്പെ​ടു​വി​ക്കു​ന്ന​തി​നെ​യും അർഥമാ​ക്കു​ന്നുണ്ട്‌. എങ്കിലും ഈ ലേഖന​ത്തി​ലും അടുത്ത​തി​ലും നമ്മൾ “അധരഫലം” അതായത്‌, പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​ക്കു​റി​ച്ചാ​ണു ചർച്ച ചെയ്യു​ന്നത്‌. —ഗലാ. 5:22, 23; എബ്രാ. 13:15.

^ ഖ. 11 മറ്റു ചില സന്ദർഭ​ങ്ങ​ളിൽ, ആളുകളെ ശിഷ്യ​രാ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ വിശദീ​ക​രി​ക്കാൻ വിതയ്‌ക്കു​ന്ന​തി​ന്റെ​യും കൊയ്യു​ന്ന​തി​ന്റെ​യും ദൃഷ്ടാ​ന്തങ്ങൾ യേശു ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—മത്താ. 9:37; യോഹ. 4:35-38.