നിങ്ങളുടെ ശുശ്രൂഷ മഞ്ഞുപോലെയാണോ?
നമ്മുടെ ശുശ്രൂഷ പ്രധാനപ്പെട്ടതും മൂല്യമുള്ളതുമാണ്. എന്നാൽ നമ്മൾ സുവാർത്ത അറിയിക്കുന്ന എല്ലാവരും അത് മനസ്സിലാക്കുന്നില്ല. പലരും ബൈബിൾ പറയുന്ന കാര്യങ്ങളിൽ താത്പര്യമുള്ളവരാണെങ്കിലും നമ്മുടെകൂടെ ബൈബിൾ പഠിക്കേണ്ട ആവശ്യമുണ്ടെന്ന് അവർക്ക് തോന്നുന്നില്ല.
ഗാവെൻ എന്ന വ്യക്തിയുടെ അനുഭവം നമുക്ക് നോക്കാം. രാജ്യഹാളിൽ യോഗങ്ങൾക്കു പോകുമായിരുന്നെങ്കിലും ക്രമമായ ഒരു ബൈബിൾപഠനത്തിന് അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നു. അദ്ദേഹത്തിന് ബൈബിളിനെക്കുറിച്ച് വളരെ കുറച്ചേ അറിയാമായിരുന്നുള്ളൂ. എന്നാൽ ഇക്കാര്യം മറ്റാരും അറിയാൻ അദ്ദേഹം ആഗ്രഹിച്ചില്ല. മാത്രമല്ല, ഒരു മതത്തിൽ ചേർന്ന് അതിന്റെ കടപ്പാടിൻകീഴിലാകാൻ ഗാവെൻ ഇഷ്ടപ്പെട്ടില്ല. കബളിപ്പിക്കപ്പെടുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. നിങ്ങൾക്ക് എന്തു തോന്നുന്നു? ഗാവന്റെ ചിന്താഗതിക്ക് മാറ്റം വരുമോ? ബൈബിൾപഠിപ്പിക്കലുകൾക്ക് ഒരു വ്യക്തിയുടെ മേൽ എന്ത് സ്വാധീനം ചെലുത്താനാകുമെന്ന് നമുക്ക് നോക്കാം. യഹോവ ഇസ്രായേൽ ജനത്തോട് പണ്ട് ഇങ്ങനെ പറഞ്ഞു: “എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും ... ചൊരിയും.” (ആവ. 31:19, 30; 32:2) നമുക്ക് ഇപ്പോൾ മഞ്ഞിന്റെ ചില സവിശേഷതകൾ നമ്മുടെ ശുശ്രൂഷയുമായി താരതമ്യം ചെയ്യാം. സകല തരം ആളുകളെയും ഫലപ്രദമായി സഹായിക്കാൻ എങ്ങനെ കഴിയുമെന്നും നമുക്ക് അതിൽനിന്ന് പഠിക്കാം.—1 തിമൊ. 2:3, 4.
നമ്മുടെ ശുശ്രൂഷ മഞ്ഞുപോലെ ആയിരിക്കുന്നത് എങ്ങനെ?
മഞ്ഞ് മൃദുലമാണ്. അന്തരീക്ഷത്തിലെ ഈർപ്പം വെള്ളത്തുള്ളികളായി മാറുമ്പോൾ പതിയെപ്പതിയെ മഞ്ഞ് ഉണ്ടാകുന്നു. എങ്ങനെയാണ് യഹോവയുടെ വാക്കുകൾ “മഞ്ഞുപോലെ” ചൊരിഞ്ഞത്? യഹോവ തന്റെ ജനത്തോട് ദയയോടെയും ആർദ്രതയോടെയും പരിഗണനയോടെയും ആണ് സംസാരിച്ചത്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആദരിക്കുമ്പോൾ നമ്മൾ യഹോവയെ അനുകരിക്കുകയാണ്. സ്വയം ന്യായവാദം ചെയ്ത് തീരുമാനങ്ങളെടുക്കാനാണ് നമ്മൾ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരത്തിൽ നമ്മൾ അവരോടു പരിഗണന കാണിക്കുമ്പോൾ നമ്മൾ പറയുന്നതു കേൾക്കാൻ അവർ മനസ്സൊരുക്കം കാണിക്കും. നമ്മുടെ ശുശ്രൂഷ കൂടുതൽ ഫലപ്രദവുമായിത്തീരും.
മഞ്ഞ് നവോന്മേഷം തരുന്നു. ആളുകളുടെ താത്പര്യങ്ങളെക്കുറിച്ച് ആഴമായി ചിന്തിച്ച് വ്യത്യസ്തരീതികൾ പ്രയോഗിച്ചുനോക്കുന്നെങ്കിൽ നമ്മുടെ ശുശ്രൂഷ മറ്റുള്ളവർക്ക് ഉന്മേഷം പകരും. ഗാവനോട് ബൈബിൾപഠനത്തിന്റെ കാര്യം ആദ്യം പറഞ്ഞ ക്രിസ് സഹോദരൻ അതിന് അദ്ദേഹത്തെ നിർബന്ധിച്ചില്ല. പകരം, ഗാവന് ആസ്വദിക്കാൻ പറ്റിയ വിധത്തിൽ എങ്ങനെ ബൈബിൾചർച്ചകൾ നടത്താമെന്നാണ് ക്രിസ് ചിന്തിച്ചത്. ഒരു പ്രധാനവിഷയത്തെ കേന്ദ്രീകരിച്ചാണ് ബൈബിൾ എഴുതിയിരിക്കുന്നതെന്നും അത് തിരിച്ചറിയുകയാണെങ്കിൽ യോഗങ്ങളിലെ പരിപാടികൾ കൂടുതൽ മനസ്സിലാകുമെന്നും ക്രിസ് പറഞ്ഞു. ബൈബിൾ സത്യമാണെന്ന് ബോധ്യപ്പെടാൻ തന്നെ സഹായിച്ചത് അതിലെ പ്രവചനങ്ങളാണെന്ന് ക്രിസ് ഗാവനോട് പറഞ്ഞു. തുടർന്ന്, പ്രവചനങ്ങൾ എങ്ങനെയാണ് നിവൃത്തിയേറിയത് എന്നതിനെക്കുറിച്ച് അവർ പല ചർച്ചകൾ നടത്തി. ഈ സംഭാഷണങ്ങൾ ഗാവന് ഒരു പുതിയ ഉണർവ് നൽകി. ഒടുവിൽ അദ്ദേഹം ബൈബിൾപഠനത്തിന് സമ്മതിച്ചു.
മഞ്ഞ് ജീവന്റെ നിലനിൽപ്പിന് അനിവാര്യം. ഇസ്രയേലിലെ വരണ്ട ചൂടു കാലത്ത് കുറച്ച് മാസങ്ങൾ മഴ പെയ്യാറില്ല. മഞ്ഞിൽനിന്നുള്ള ഈർപ്പം ഇല്ലാത്തതുകൊണ്ട് ചെടികൾ വാടിക്കരിഞ്ഞുപോകും. യഹോവ മുൻകൂട്ടി പറഞ്ഞതുപോലെ ഇന്ന് ഒരു ആത്മീയവരൾച്ചയുണ്ട്. (ആമോ. 8:11) എന്നാൽ ‘വേറെ ആടുകളുടെ’ പിന്തുണയോടെ ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ടിരിക്കുന്ന അഭിഷിക്തർ, “യഹോവയിങ്കൽനിന്നുള്ള മഞ്ഞുപോലെ”യായിരിക്കുമെന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്. (യോഹ. 10:16; മീഖാ 5:7) സത്യത്തിനായി ദാഹിക്കുന്നവർക്കു ജീവൻ നൽകാനുള്ള യഹോവയുടെ കരുതലിന്റെ ഭാഗമാണ് നമ്മൾ പ്രസംഗിക്കുന്ന സന്ദേശം. ഈ സന്ദേശത്തെ നമ്മൾ വിലമതിക്കുന്നുണ്ടോ?
മഞ്ഞ് യഹോവയിൽനിന്നുള്ള ഒരു അനുഗ്രഹമാണ്. (ആവ. 33:13, 15) ശ്രദ്ധിക്കുന്നവർക്കു നമ്മുടെ ശുശ്രൂഷ ഒരു അനുഗ്രഹമായിത്തീർന്നേക്കാം. ഗാവനും ആ അനുഗ്രഹം ആസ്വദിക്കാനായി. കാരണം ബൈബിൾപഠനത്തിലൂടെ അദ്ദേഹത്തിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കണ്ടെത്താൻ സാധിച്ചു. അദ്ദേഹം പെട്ടെന്ന് പുരോഗമിച്ചു, സ്നാനമേറ്റു. ഇപ്പോൾ അദ്ദേഹം, തന്റെ ഭാര്യ ജോയ്സിനോടൊപ്പം ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു.
നിങ്ങളുടെ ശുശ്രൂഷയെ വിലയുള്ളതായി കാണുക
പ്രസംഗപ്രവർത്തനത്തെ മഞ്ഞിനോടു താരതമ്യം ചെയ്യുന്നത് ശുശ്രൂഷയിൽ നമ്മുടെ ഓരോരുത്തരുടെയും ശ്രമങ്ങൾ എത്ര മൂല്യമുള്ളതാണെന്നും മനസ്സിലാക്കാൻ സഹായിക്കും. എങ്ങനെ? ഒരു മഞ്ഞുതുള്ളിക്ക് ഒറ്റയ്ക്കു നിൽക്കുമ്പോൾ കാര്യമായിട്ടൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും ലക്ഷക്കണക്കിനു മഞ്ഞുതുള്ളികൾ ഒന്നിച്ചുചേരുമ്പോൾ അതിന് ഭൂമിയെ നനയ്ക്കാനാകും. സമാനമായി, ശുശ്രൂഷയിൽ വ്യക്തികൾ എന്ന നിലയിൽ നമ്മുടെ പങ്ക് ചെറുതാണെന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ ലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി “സകല ജനതകൾക്കും” സാക്ഷ്യം നൽകാൻ കഴിയുന്നു. (മത്താ. 24:14) നമ്മുടെ ശുശ്രൂഷ മറ്റുള്ളവർക്കു യഹോവയിൽനിന്നുള്ള അനുഗ്രഹമായിരിക്കുമോ? അതെ, നമ്മുടെ ശുശ്രൂഷ മഞ്ഞുപോലെ മൃദുലവും നവോന്മേഷം പകരുന്നതും ജീവത്പ്രധാനവും ആയിരിക്കും.