“ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും”
രാത്രി വൈകി നിങ്ങൾ ഒരു തെരുവിലൂടെ നടക്കുകയാണ്. പെട്ടെന്നതാ ആരോ നിങ്ങളെ പിന്തുടരുന്നു. നിങ്ങൾ നിൽക്കുമ്പോൾ അയാളും നിൽക്കും. നിങ്ങൾ വേഗത്തിൽ നടക്കുമ്പോൾ അയാളും വേഗത കൂട്ടും. നിങ്ങൾ ഓടാൻ തുടങ്ങുന്നു. നിങ്ങൾ ഓടിയോടി അടുത്തുള്ള ഒരു കൂട്ടുകാരന്റെ വീട്ടിൽ എത്തി. കൂട്ടുകാരൻ കതകു തുറന്നു, നിങ്ങൾ അകത്തേക്കു കയറി. ഹൊ, എന്തൊരു ആശ്വാസം!
ഒരുപക്ഷേ ഇതുപോലൊരു അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടില്ലായിരിക്കാം. എന്നാൽ ജീവിതത്തിലെ ചില ആകുലതകൾ നിങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ടാകും. ഉദാഹരണത്തിന്, നിങ്ങൾ ഒരു മോശം ശീലം മാറ്റാൻ ആഗ്രഹിക്കുന്നു; പക്ഷേ പിന്നെയുംപിന്നെയും അതേ തെറ്റ് ആവർത്തിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ ജോലി നഷ്ടപ്പെട്ടിട്ട് കുറെ കാലമായി; എത്ര ശ്രമിച്ചിട്ടും പുതിയൊരു ജോലി കണ്ടെത്താനാകുന്നില്ല. അതുമല്ലെങ്കിൽ നിങ്ങൾക്കു വയസ്സായിവരുന്നു; ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ നിങ്ങൾക്കു പേടി തോന്നുന്നു. ഇതോ ഇതുപോലുള്ള മറ്റ് ആകുലതകളോ നിങ്ങളെ അലട്ടുന്നുണ്ടോ?
നിങ്ങൾ നേരിടുന്ന പ്രശ്നം ഏതുമാകട്ടെ, നിങ്ങളുടെ വിഷമങ്ങളും ദുഃഖങ്ങളും പങ്കുവെക്കാൻ കഴിയുന്ന, നിങ്ങൾക്ക് ആവശ്യമായ സഹായം തരാൻ കഴിയുന്ന, ഒരാൾ ഒപ്പമുണ്ടെങ്കിൽ അത് എത്ര ആശ്വാസമായിരിക്കും, അല്ലേ? നിങ്ങൾക്ക് അങ്ങനെയൊരു ഉറ്റ സുഹൃത്തുണ്ടോ? ഉണ്ട്, അങ്ങനെ ഒരാളുണ്ട്! യഹോവ! യഹോവയ്ക്കു നിങ്ങളുടെ ഒരു ഉറ്റ സുഹൃത്തായിരിക്കാൻ കഴിയും. ഗോത്രപിതാവായ അബ്രാഹാമിന് യഹോവ അങ്ങനെയൊരു സുഹൃത്തായിരുന്നെന്ന് യശയ്യ 41:8-13 വ്യക്തമാക്കുന്നു. 10, 13 വാക്യങ്ങളിൽ യഹോവ തന്റെ ദാസന്മാർ ഓരോരുത്തരോടും ഇങ്ങനെ പറയുന്നു: “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും. നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.”
“ഞാൻ നിന്നെ താങ്ങും”
ഈ വാക്കുകൾ എത്ര സാന്ത്വനം പകരുന്നു, അല്ലേ? യഹോവ വാക്കുകൾകൊണ്ട് വരച്ച ആ ചിത്രം ഒന്നു ഭാവനയിൽ കാണുക. യഹോവയുടെ കൈ പിടിച്ച് നടക്കുന്നതു സന്തോഷം തരുന്ന ഒരു കാര്യംതന്നെയാണ്. എന്നാൽ അതിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. കാരണം, യഹോവ നമ്മുടെ കൈ പിടിച്ച് നമ്മളോടൊപ്പം നടക്കുകയാണെങ്കിൽ യഹോവ വലതുകൈ പിടിക്കുന്നതു നമ്മുടെ ഇടതുകൈയിലായിരിക്കും. പക്ഷേ ഇവിടെ പറയുന്നത്, “നീതിയുള്ള വലങ്കൈ” നീട്ടി യഹോവ പിടിക്കുന്നതു നിങ്ങളുടെ “വലങ്കൈ”യിലാണ് എന്നാണ്. ഒരു കുഴിയിൽനിന്ന് നിങ്ങളെ പിടിച്ചുകയറ്റാനെന്നപോലെ! ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ യഹോവ നിങ്ങളുടെ കൈ പിടിച്ചുകൊണ്ട്, “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും” എന്ന ഉറപ്പു തരുന്നു.
കഷ്ടതയിലായിരിക്കുമ്പോൾ സഹായിക്കാൻ ഓടിയെത്തുന്ന, സ്നേഹവാനായ പിതാവും സുഹൃത്തും ആയി യഹോവയെ നിങ്ങൾ കാണുന്നുണ്ടോ? യഹോവയ്ക്കു നിങ്ങളിൽ താത്പര്യമുണ്ട്, നിങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ചിന്തയുണ്ട്, നിങ്ങളെ സഹായിക്കാൻ തീരുമാനിച്ചുറച്ചിരിക്കുകയുമാണ്. ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും, സുരക്ഷിതരാണെന്നു നിങ്ങൾക്കു തോന്നാൻ യഹോവ ആഗ്രഹിക്കുന്നു. കാരണം, യഹോവ നിങ്ങളെ ഒരുപാടു സ്നേഹിക്കുന്നു. “കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.”—സങ്കീ. 46:1.
കഴിഞ്ഞ കാലത്തെ തെറ്റുകളെക്കുറിച്ചുള്ള കുറ്റബോധം
കഴിഞ്ഞ കാലത്ത് ചെയ്തുപോയ തെറ്റുകളെക്കുറിച്ച് ഓർത്ത് ചിലർ സ്വയം കുറ്റപ്പെടുത്തുന്നു. ദൈവം ക്ഷമിച്ചുകാണുമോ എന്നുപോലും അവർക്കു സംശയമാണ്. നിങ്ങൾക്കും ഇത്തരത്തിൽ കുറ്റബോധം തോന്നാറുണ്ടെങ്കിൽ ഇതു ചിന്തിക്കുക: വിശ്വസ്തനായ ഇയ്യോബ് താൻ ‘യൗവനത്തിൽ അകൃത്യങ്ങൾ’ ചെയ്തതിനെക്കുറിച്ച് പിന്നീട് ഓർത്തു. (ഇയ്യോ. 13:26) സങ്കീർത്തനക്കാരനായ ദാവീദും യഹോവയോട് ഇങ്ങനെ അപേക്ഷിച്ചു: “എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ.” (സങ്കീ. 25:7) അപൂർണരായതുകൊണ്ട് നമ്മൾ എല്ലാവരും “പാപം ചെയ്തു ദൈവികമഹത്ത്വം ഇല്ലാത്തവരായിത്തീർന്നിരിക്കുന്നു.”—റോമ. 3:23.
പുരാതനകാലത്തെ ദൈവജനത്തോടു പറഞ്ഞ വാക്കുകളാണ് യശയ്യ 41-ാം അധ്യായത്തിലുള്ളത്. അവർ വളരെയധികം തെറ്റുകൾ ചെയ്തപ്പോൾ യഹോവ അവരെ ബാബിലോണിലെ അടിമത്തത്തിലേക്ക് അയച്ചുകൊണ്ട് ശിക്ഷിച്ചു. (യശ. 39:6, 7) ആ സമയത്തും യഹോവ ചിന്തിച്ചുകൊണ്ടിരുന്നത്, അവർ അനുതപിക്കുകയും തന്നിലേക്കു മടങ്ങിവരുകയും ചെയ്യുമ്പോൾ അവരെ വിടുവിക്കുന്നതിനെക്കുറിച്ചായിരുന്നു. (യശ. 41:8, 9; 49:8) യഹോവയുടെ കൃപ ലഭിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരോട് യഹോവ ഇന്നും മഹാമനസ്കത കാണിക്കുന്നു.—സങ്കീ. 51:1.
തക്കൂയ * എന്ന സഹോദരന്റെ അനുഭവം നോക്കാം. അശ്ലീലം കാണുക, സ്വയംഭോഗം ചെയ്യുക എന്നീ ദുശ്ശീലങ്ങൾ തക്കൂയയ്ക്കുണ്ടായിരുന്നു. അവ ഉപേക്ഷിക്കാൻ തക്കൂയ ആത്മാർഥമായി ശ്രമിച്ചിട്ടും ഇടയ്ക്കിടെ വീണുപോയി. തക്കൂയയ്ക്ക് എന്താണു തോന്നിയത്? “ഞാൻ ഒന്നിനും കൊള്ളാത്തവനാണെന്ന് എനിക്കു തോന്നി. പക്ഷേ ഞാൻ ക്ഷമയ്ക്കായി പ്രാർഥിച്ചപ്പോഴെല്ലാം യഹോവ എന്നെ പിടിച്ചുയർത്തി.” യഹോവ എങ്ങനെയാണ് അതു ചെയ്തത്? തെറ്റുപറ്റിപ്പോയാൽ തങ്ങളെ വിളിക്കണമെന്നു സഭയിലെ മൂപ്പന്മാർ തക്കൂയയോടു പറഞ്ഞിരുന്നു. തക്കൂയ സമ്മതിക്കുന്നു: “അവരെ വിളിക്കാൻ എനിക്കു വല്ലാത്ത മടി തോന്നി. പക്ഷേ അങ്ങനെ ചെയ്തപ്പോഴൊക്കെ എനിക്ക് ഉൾക്കരുത്തു കിട്ടി.” പിന്നീട്, സർക്കിട്ട് മേൽവിചാരകൻ തക്കൂയയ്ക്ക് ഇടയസന്ദർശനം നടത്താൻ മൂപ്പന്മാർ ക്രമീകരണം ചെയ്തു. സർക്കിട്ട് മേൽവിചാരകൻ തക്കൂയയോടു പറഞ്ഞു: “ഞാൻ ഇവിടെ യാദൃശ്ചികമായി എത്തിപ്പെട്ടതല്ല. ഞാൻ ഇവിടെ വരണമെന്നതു മൂപ്പന്മാരുടെ ആഗ്രഹമായിരുന്നു. അവരാണു തക്കൂയയ്ക്ക് ഈ ഇടയസന്ദർശനം ക്രമീകരിച്ചത്.” തക്കൂയ പറയുന്നു: “ഞാനാണു തെറ്റുകൾ ചെയ്തുകൊണ്ടിരുന്നത്. എന്നിട്ടും മൂപ്പന്മാരിലൂടെ എന്നെ സഹായിക്കാൻ യഹോവ മുൻകൈയെടുത്തു.” തക്കൂയ ആ ദുശ്ശീലങ്ങൾ ഉപേക്ഷിക്കുകയും പിന്നീട് ഒരു സാധാരണ മുൻനിരസേവകനാകുകയും ചെയ്തു. ഇപ്പോൾ അദ്ദേഹം ഒരു ബ്രാഞ്ചോഫീസിൽ സേവിക്കുകയാണ്. ഈ സഹോദരന്റെ അനുഭവം കാണിക്കുന്നതുപോലെ, കുറ്റബോധത്തിന്റെ പടുകുഴിയിൽനിന്ന് യഹോവ നിങ്ങളെയും പിടിച്ചുയർത്തും.
വരുമാനമാർഗം കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠ
ഒരു ജോലിയില്ലാത്തതു പലരെയും ഉത്കണ്ഠപ്പെടുത്തുന്നു. ജോലി നഷ്ടപ്പെടുന്ന ചിലർക്കു മറ്റൊരു വരുമാനമാർഗം കണ്ടെത്താൻ കഴിയുന്നില്ല. ഒന്നു ചിന്തിക്കുക: ഓരോ തൊഴിലുടമയും നിങ്ങളോട് “ഇവിടെ നിങ്ങൾക്കു ജോലിയില്ല” എന്നു പറഞ്ഞാൽ എന്തായിരിക്കും നിങ്ങൾക്കു തോന്നുന്നത്? അങ്ങനെയൊരു സാഹചര്യത്തിൽ ചിലർക്ക് അവരുടെ ആത്മാഭിമാനം നഷ്ടപ്പെടും. യഹോവ എങ്ങനെ നിങ്ങളെ സഹായിച്ചേക്കാം? യഹോവ പെട്ടെന്നു നിങ്ങൾക്ക് ഒരു ജോലി തരില്ലായിരിക്കാം. എന്നാൽ ദാവീദ് രാജാവ് നിരീക്ഷിച്ച ഈ കാര്യം നിങ്ങളുടെ ഓർമയിൽ കൊണ്ടുവന്നുകൊണ്ട് യഹോവ നിങ്ങളെ സഹായിക്കും: “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.” (സങ്കീ. 37:25) അതെ, യഹോവ നിങ്ങളെ വിലയുള്ളവരായി കാണുന്നു. “നീതിയുള്ള വലങ്കൈകൊണ്ട്” യഹോവ നിങ്ങളെ താങ്ങും. തന്നെ സേവിക്കുന്നതിന് ആവശ്യമായതെല്ലാം കണ്ടെത്താൻ യഹോവ നിങ്ങളെ സഹായിക്കും.
കൊളംബിയയിൽ താമസിക്കുന്ന സാറ യഹോവയുടെ മത്താ. 6:33, 34) പിന്നീട് ഒരിക്കൽ മുൻതൊഴിലുടമ സാറയെ വിളിച്ച് പഴയ ജോലി തരാമെന്നു പറഞ്ഞു. ആത്മീയപ്രവർത്തനങ്ങൾക്കു കൂടുതൽ സമയം കിട്ടുന്ന ഒരു ചെറിയ ജോലിയാണെങ്കിൽ മാത്രമേ വരുകയുള്ളൂ എന്നു സാറ പറഞ്ഞു. മുമ്പ് കിട്ടിയിരുന്ന അത്രയും ശമ്പളമില്ലെങ്കിലും മുൻനിരസേവനം തുടരാൻ സാറയ്ക്ക് ഇന്നു കഴിയുന്നു. ബുദ്ധിമുട്ടു നിറഞ്ഞ ആ സമയത്തെല്ലാം യഹോവയുടെ സ്നേഹമുള്ള കൈ സാറ അനുഭവിച്ചറിഞ്ഞു.
സംരക്ഷണം അനുഭവിച്ചറിഞ്ഞു. പ്രശസ്തമായ ഒരു സ്ഥാപനത്തിൽ സാറയ്ക്കു നല്ല ശമ്പളമുളള ഒരു ജോലിയുണ്ടായിരുന്നു. പക്ഷേ ദിവസം മുഴുവൻ ആ ജോലിക്കുവേണ്ടി ചെലവഴിക്കേണ്ടിവന്നു. യഹോവയ്ക്കുവേണ്ടി കൂടുതൽ ചെയ്യാനായി സാറ ആ ജോലി ഉപേക്ഷിച്ച് മുൻനിരസേവനം തുടങ്ങി. കൂടുതൽ സമയം ചെലവഴിക്കേണ്ടാത്ത എന്തെങ്കിലും ഒരു ചെറിയ ജോലി കിട്ടുമെന്നായിരുന്നു സാറയുടെ പ്രതീക്ഷ. എന്നാൽ വിചാരിച്ചതുപോലെ ജോലി കിട്ടിയില്ല. സാറ ഒരു ഐസ്ക്രീം പാർലർ തുടങ്ങിനോക്കി. അതും വിജയിച്ചില്ല. സാറ പറയുന്നു: “നീണ്ട മൂന്നു വർഷങ്ങൾ അങ്ങനെ കടന്നുപോയി. എന്നാൽ യഹോവയുടെ അനുഗ്രഹത്താൽ ഞാൻ പിടിച്ചുനിന്നു.” ഈ കാലയളവിൽ ജീവിതത്തിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം സാറ മനസ്സിലാക്കി; അടുത്ത ദിവസത്തെക്കുറിച്ച് ഉത്കണ്ഠപ്പെടരുതെന്നും പഠിച്ചു. (വാർധക്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ
വയസ്സായിവരുന്നതാണു മറ്റു ചിലരെ ആശങ്കാകുലരാക്കുന്നത്. തൊഴിൽ ചെയ്യാനാകാതെവരുമ്പോൾ, ഇനിയുള്ള കാലം എങ്ങനെ ജീവിക്കും എന്ന് അവർ ചിന്തിക്കുന്നു. വാർധക്യത്തിന്റേതായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അവർ ചിന്താകുലരാണ്. സാധ്യതയനുസരിച്ച് ദാവീദാണ് യഹോവയോട് ഇങ്ങനെ അപേക്ഷിച്ചത്: “വാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.”—സങ്കീ. 71:9, 18.
വാർധക്യകാലത്ത് യഹോവയുടെ ദാസർക്ക് ഇത്തരം ആശങ്കകളില്ലാതെ ജീവിക്കാൻ കഴിയുമോ? കഴിയും, അവരുടെ ആവശ്യങ്ങൾ യഹോവ നിറവേറ്റിക്കൊടുക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നെങ്കിൽ. നേരത്തെ അവർ പല സുഖസൗകര്യങ്ങളും അനുഭവിച്ച് ജീവിച്ചവരായിരിക്കാം. പക്ഷേ ഇപ്പോൾ ജീവിതം ലളിതമാക്കി ഉള്ളതുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നേക്കാം. “തടിപ്പിച്ച കാളയെ” മാത്രമല്ല ‘ശാകഭോജനവും’ ആസ്വദിക്കാൻ കഴിയുമെന്ന്, അതായത് മാംസാഹാരം മാത്രമല്ല സസ്യാഹാരവും രുചികരമാണെന്ന്, അവർ മനസ്സിലാക്കിയേക്കും. (സദൃ. 15:17) ഒരുപക്ഷേ ആരോഗ്യത്തിനും അതുതന്നെയായിരിക്കും നല്ലത്. യഹോവയെ പ്രസാദിപ്പിക്കുന്നതിലാണു നിങ്ങളുടെ മുഖ്യശ്രദ്ധയെങ്കിൽ വാർധക്യകാലത്തും യഹോവ നിങ്ങൾക്ക് ആവശ്യമായതെല്ലാം തരുമെന്ന് ഉറപ്പാണ്.
65 വർഷത്തിലധികമായി മുഴുസമയസേവനം ചെയ്യുന്ന ഹോസെയുടെയും റോസിന്റെയും കാര്യമെടുക്കുക. 24 മണിക്കൂറും പരിചരണം ആവശ്യമായിരുന്ന റോസിന്റെ പിതാവിനെ വർഷങ്ങളോളം അവർ ശുശ്രൂഷിച്ചു. കൂടാതെ ഹോസെക്കു ക്യാൻസർ വന്നപ്പോൾ ശസ്ത്രക്രിയയും കീമോതെറാപ്പിയും ചെയ്യേണ്ടിവന്നു. ഈ വിശ്വസ്തദമ്പതികൾക്കു നേരെ യഹോവ വലങ്കൈ നീട്ടിയോ? സഭയിലെ മറ്റൊരു ദമ്പതികളായ ടോണിയിലൂടെയും വെൻഡിയിലൂടെയും യഹോവ വലങ്കൈ നീട്ടി. അവർ ആ വൃദ്ധദമ്പതികൾക്കു താമസിക്കാൻ ഒരു വീടു നൽകി. ആ വീടു മുൻനിരസേവകരായ ആർക്കെങ്കിലും വാടകയില്ലാതെ കൊടുക്കാൻതന്നെയായിരുന്നു അവർ ഉദ്ദേശിച്ചിരുന്നത്. ടോണിയുടെ ഹൈസ്കൂൾ പഠനകാലത്ത്, ഹോസെയും റോസും ക്രമമായി വയൽസേവനത്തിനു പോകുന്നതു ക്ലാസിലെ ജനാലയിലൂടെ ടോണി കാണാറുണ്ടായിരുന്നു. അവരുടെ തീക്ഷ്ണത കണ്ടപ്പോൾ ടോണിക്ക് അവരോട് ഒരുപാടു സ്നേഹം തോന്നി. അവരുടെ ജീവിതം ടോണിയെ ശക്തമായി സ്വാധീനിക്കുകയും ചെയ്തു. മുഴുജീവിതവും യഹോവയ്ക്കു നൽകിയ ആ വൃദ്ധദമ്പതികൾക്കു ടോണിയും വെൻഡിയും അവരുടെ വീട്ടിൽ അഭയം കൊടുത്തു. ഇപ്പോൾ 85-നോട് അടുത്ത് പ്രായമുള്ള ഹോസെയെയും റോസിനെയും കഴിഞ്ഞ 15 വർഷമായി അവർ സഹായിക്കുകയാണ്. ആ യുവദമ്പതികളുടെ സഹായം യഹോവയുടെ ഒരു സമ്മാനമായിട്ടാണു ഹോസെയും റോസും കാണുന്നത്.
യഹോവ നിങ്ങൾക്കു നേരെയും “നീതിയുള്ള വലങ്കൈ” നീട്ടിയിരിക്കുന്നു, “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും” എന്ന വാഗ്ദാനത്തോടെ! നിങ്ങളുടെ വലങ്കൈ നീട്ടി യഹോവയുടെ ആ കൈ നിങ്ങൾ സ്വീകരിക്കുമോ?
^ ഖ. 11 ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.