“കരയുന്നവരുടെകൂടെ കരയുക”
“പരസ്പരം പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുക.”—1 തെസ്സ. 5:11.
1, 2. വേർപാടിന്റെ വേദനയുമായി കഴിയുന്നവർക്ക് ആശ്വാസമേകാനുള്ള മാർഗങ്ങളെക്കുറിച്ച് നമ്മൾ പഠിക്കേണ്ടത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
“മകൻ മരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും അതിന്റെ വേദന ഞങ്ങളെ വിട്ടുമാറിയില്ല. മനസ്സു നുറുങ്ങുന്ന വേദന തോന്നി.” സൂസി എന്ന സഹോദരിയുടെ വാക്കുകളാണ് ഇത്. പെട്ടെന്ന് ഒരു ദിവസം ഭാര്യ മരിച്ചപ്പോൾ തനിക്കു “ശരീരമാകെ പറഞ്ഞറിയിക്കാനാകാത്ത വേദന തോന്നി” എന്നാണു മറ്റൊരു സഹോദരൻ പറഞ്ഞത്. ഇവരുടേത് ഒറ്റപ്പെട്ട അനുഭവങ്ങളല്ല. ഇതേപോലെ അനേകരുണ്ടെന്നത് ഒരു ദുഃഖസത്യമാണ്. അർമഗെദോനു മുമ്പ് തങ്ങളുടെ പ്രിയപ്പെട്ടവർ വേർപിരിഞ്ഞുപോകുമെന്നു പല സഹോദരങ്ങളും ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും മരിച്ചുപോയിട്ടുണ്ടോ? അല്ലെങ്കിൽ, വേർപാടിന്റെ വേദനയുമായി കഴിയുന്ന ആരെയെങ്കിലും നിങ്ങൾക്കു പരിചയമുണ്ടോ? എങ്കിൽ ഈ ചോദ്യം നിങ്ങളുടെ മനസ്സിൽ വന്നിട്ടുണ്ടാകും: ‘ആ വേദനയിൽ അവർക്ക് എവിടെനിന്ന് ആശ്വാസം കിട്ടും?’
2 ‘കാലം മായ്ക്കാത്ത മുറിവുകളില്ല’ എന്ന് ആളുകൾ പറയുന്നതു നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ കാലം കടന്നുപോകുമ്പോൾ മനസ്സിന്റെ മുറിവ് താനേ ഭേദമായിക്കൊള്ളും എന്നു പ്രതീക്ഷിക്കാൻ കഴിയുമോ? വിധവയായ ഒരു സ്ത്രീ പറഞ്ഞത് ഇതാണ്: “എന്റെ അഭിപ്രായത്തിൽ ഒരാളുടെ മനസ്സിന്റെ മുറിവുകൾ മായ്ക്കാൻ കാലത്തെക്കാൾ ശക്തിയുള്ളത്, പിന്നീടുള്ള സമയത്ത് ആ വ്യക്തി ചെയ്യുന്ന കാര്യങ്ങൾക്കാണ്.” അതു ശരിയുമാണ്. ശരീരത്തിലുണ്ടാകുന്ന ഒരു മുറിവുപോലെതന്നെയാണു മനസ്സിനേറ്റ മുറിവും. ശ്രദ്ധയോടെ, വേണ്ട പരിചരണം കൊടുത്താൽ അതു പതിയെപ്പതിയെ ഭേദമാകും. അങ്ങനെയെങ്കിൽ, പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടതിന്റെ വേദനയുമായി കഴിയുന്നവർക്ക് എവിടെനിന്ന് സഹായം ലഭിക്കും?
യഹോവ—‘ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവം’
3, 4. മരണത്തിന്റെ വേദന അനുഭവിക്കുന്നവരുടെ അവസ്ഥ യഹോവയ്ക്കു മനസ്സിലാകുമെന്നു നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
3 നമുക്കു ലഭിക്കുന്ന ആശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടം കരുണാമയനായ നമ്മുടെ സ്വർഗീയപിതാവാണ്. (2 കൊരിന്ത്യർ 1:3, 4 വായിക്കുക.) സഹാനുഭൂതി കാണിക്കുന്ന കാര്യത്തിൽ യഹോവയെക്കാൾ മികച്ചൊരു മാതൃക വേറെയില്ല. തന്റെ ജനത്തോട്, “ഞാനല്ലേ നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ” എന്നു ചോദിച്ചപ്പോൾ യഹോവ അക്കാര്യത്തിന് ഉറപ്പുകൊടുക്കുകയായിരുന്നു.—യശ. 51:12; സങ്കീ. 119:50, 52, 76.
4 മനസ്സലിവുള്ള നമ്മുടെ പിതാവായ യഹോവ, പ്രിയപ്പെട്ടവരെ മരണത്തിൽ വേർപെടുന്നതിന്റെ വേദന അനുഭവിച്ചറിഞ്ഞിട്ടുള്ള വ്യക്തിയാണ്. അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, മോശ, ദാവീദ് രാജാവ് എന്നിവരെല്ലാം യഹോവയ്ക്കു വളരെ പ്രിയപ്പെട്ടവരായിരുന്നു. (സംഖ്യ 12:6-8; മത്താ. 22:31, 32; പ്രവൃ. 13:22) അവരെയെല്ലാം ജീവനിലേക്കു തിരികെ കൊണ്ടുവരാനായി യഹോവ ആകാംക്ഷയോടെ നോക്കിയിരിക്കുകയാണെന്നു ദൈവവചനം ഉറപ്പുതരുന്നു. (ഇയ്യോ. 14:14, 15) പിന്നീട് അവർ സന്തോഷത്തോടെ, നല്ല ആരോഗ്യത്തോടെ ഇവിടെ കഴിയും. ഇനി, ദൈവത്തിന്റെ പ്രിയപുത്രനെക്കുറിച്ച് ചിന്തിക്കുക. ദൈവത്തിന് ആ മകനോടു “പ്രത്യേകമായൊരു ഇഷ്ടമുണ്ടായിരുന്നു.” (സുഭാ. 8:22, 30) ആ പുത്രൻ വേദന സഹിച്ച് മരിച്ചതിനും യഹോവ സാക്ഷിയായി. യഹോവ അപ്പോൾ അനുഭവിച്ച ഹൃദയവേദന വാക്കുകളിൽ പറഞ്ഞറിയിക്കാനാകില്ല.—യോഹ. 5:20; 10:17.
5, 6. യഹോവയിൽനിന്നുള്ള ആശ്വാസം ലഭിക്കാൻ നമ്മൾ എന്തു ചെയ്യണം?
5 യഹോവ നമ്മുടെ തുണയ്ക്കെത്തുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. അതുകൊണ്ട്, നമ്മുടെ ഹൃദയത്തിലെ ദുഃഖഭാരം മുഴുവൻ പ്രാർഥനയിലൂടെ ദൈവത്തെ അറിയിക്കാൻ ഒരു മടിയും വിചാരിക്കരുത്. യഹോവ നമ്മുടെ വേദന മനസ്സിലാക്കുന്നുണ്ടെന്നും വേണ്ട സമയത്ത് നമ്മളെ സാന്ത്വനിപ്പിക്കുമെന്നും അറിയുന്നതുതന്നെ എന്തൊരു ആശ്വാസമാണ്! എന്നാൽ യഹോവ എങ്ങനെയാണ് അതു ചെയ്യുന്നത്?
6 ദൈവം നമ്മളെ സഹായിക്കുന്ന ഒരു വിധം “പരിശുദ്ധാത്മാവിൽനിന്നുള്ള ആശ്വാസം” തന്നുകൊണ്ടാണ്. (പ്രവൃ. 9:31) ദൈവത്തിന്റെ പ്രവർത്തനനിരതമായ ആ ശക്തിക്കു നമ്മളെ വളരെയധികം ആശ്വസിപ്പിക്കാനാകും. ‘തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ കൊടുക്കാൻ’ യഹോവയ്ക്കു വലിയ സന്തോഷമാണെന്നു യേശുവിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. (ലൂക്കോ. 11:13) മുമ്പ് പറഞ്ഞ സൂസി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഞങ്ങളെ ആശ്വസിപ്പിക്കേണമേ എന്നു പല പ്രാവശ്യം മുട്ടിൽ നിന്ന് യഹോവയോടു കേണപേക്ഷിച്ചിട്ടുണ്ട്. ഓരോ തവണയും ദൈവസമാധാനം ഹൃദയത്തെയും മനസ്സിനെയും കാക്കുന്നതു ഞങ്ങൾ അനുഭവിച്ചറിഞ്ഞു.”—ഫിലിപ്പിയർ 4:6, 7 വായിക്കുക.
യേശു—സഹാനുഭൂതിയുള്ള മഹാപുരോഹിതൻ
7, 8. യേശു നമ്മളെ ആശ്വസിപ്പിക്കുമെന്ന് ഉറപ്പുള്ളത് എന്തുകൊണ്ട്?
7 ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ വാക്കുകളിലും പ്രവൃത്തികളിലും പിതാവായ യഹോവയുടെ സഹാനുഭൂതി അതേപടി തെളിഞ്ഞുകാണാമായിരുന്നു. (യോഹ. 5:19) ‘ഹൃദയം തകർന്നവരെയും’ ‘ദുഃഖിച്ച് കരയുന്നവരെയും’ ആശ്വസിപ്പിക്കാനായിരുന്നു യഹോവ യേശുവിനെ ഭൂമിയിലേക്ക് അയച്ചത്. (യശ. 61:1, 2; ലൂക്കോ. 4:17-21) അതുകൊണ്ടുതന്നെ ആളുകളോടുള്ള സഹാനുഭൂതി സ്വഭാവത്തിൽ അലിഞ്ഞുചേർന്നിരുന്ന വ്യക്തിയായിരുന്നു യേശു. ആളുകളുടെ കഷ്ടപ്പാടുകൾ നല്ലവണ്ണം മനസ്സിലാക്കിയ യേശുവിന് അവരോട് അലിവ് തോന്നി. അവരെ സഹായിക്കാൻ യേശു ആത്മാർഥമായി ആഗ്രഹിച്ചു.—എബ്രാ. 2:17.
8 അടുത്ത കുടുംബക്കാരിലും പരിചയക്കാരിലും പെട്ട പലരുടെയും മരണം ചെറുപ്രായത്തിൽത്തന്നെ യേശു കണ്ടിട്ടുണ്ടാകും. വളർത്തുപിതാവായ യോസേഫ് മരിക്കുമ്പോൾ യേശു കൗമാരത്തിലോ 20-കളുടെ തുടക്കത്തിലോ ആയിരുന്നു എന്നു വേണം കരുതാൻ. * ആർദ്രവികാരങ്ങളുണ്ടായിരുന്ന യേശുവിനെ യോസേഫിന്റെ വേർപാട് ആ പ്രായത്തിൽ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകും. അമ്മയുടെയും അനിയന്മാരുടെയും അനിയത്തിമാരുടെയും കണ്ണുനീരു കാണേണ്ടിവന്നതും ആ വേദനയുടെ ആഴം കൂട്ടിക്കാണും.
9. ലാസർ മരിച്ചപ്പോൾ യേശു എങ്ങനെയാണു സഹാനുഭൂതി കാണിച്ചത്?
9 ശുശ്രൂഷയിലുടനീളം ആളുകളെ നന്നായി മനസ്സിലാക്കാനും യോഹ. 11:33-36.
അവരുടെ വേദനയും വികാരങ്ങളും തന്റേതായി കണ്ട് ഇടപെടാനും യേശുവിനു കഴിഞ്ഞു. യേശുവിന്റെ പ്രിയസ്നേഹിതനായ ലാസർ മരിച്ചപ്പോൾ എന്താണു സംഭവിച്ചതെന്നു ചിന്തിക്കുക. ലാസറിനെ ഉയിർപ്പിക്കാൻപോകുകയാണെന്ന് അറിയാമായിരുന്നിട്ടും മറിയയും മാർത്തയും അനുഭവിക്കുന്ന അതേ വേദന യേശുവിനു സ്വന്തഹൃദയത്തിൽ അനുഭവപ്പെട്ടു. അവരോടുള്ള സഹാനുഭൂതിയാൽ മനംനൊന്ത് യേശുവിന്റെ കണ്ണു നിറഞ്ഞൊഴുകി.—10. യേശുവിന് ഇന്നും നമ്മുടെ വേദനകൾ മനസ്സിലാകുമെന്നു നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
10 യേശു സഹാനുഭൂതിയോടെ ആളുകളെ ആശ്വസിപ്പിച്ചതിനെക്കുറിച്ചുള്ള വിവരണങ്ങൾ നമുക്ക് ഇന്ന് എങ്ങനെയാണ് ഉപകാരപ്പെടുന്നത്? “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും മാറ്റമില്ലാത്തവനാണ്” എന്നു തിരുവെഴുത്തുകൾ ഉറപ്പു തരുന്നു. (എബ്രാ. 13:8) ‘ജീവനായകനായ’ യേശുവിനു വേർപാടിന്റെ വേദന എന്താണെന്നു നന്നായി അറിയാവുന്നതുകൊണ്ട് ‘പരീക്ഷിക്കപ്പെടുന്നവരുടെ സഹായത്തിന് എത്താനും കഴിയും.’ (പ്രവൃ. 3:15; എബ്രാ. 2:10, 18) ഇതിൽനിന്ന് നമുക്ക് എന്ത് ഉറപ്പാണു കിട്ടുന്നത്? മറ്റുള്ളവരുടെ വേദന കാണുമ്പോൾ ഇന്നും യേശുവിനു മനസ്സലിവ് തോന്നും. അവരുടെ വേദന മനസ്സിലാക്കി “സഹായം ആവശ്യമുള്ള സമയത്തുതന്നെ” യേശു അവരെ ആശ്വസിപ്പിക്കും.—എബ്രായർ 4:15, 16 വായിക്കുക.
‘തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസം’
11. നിങ്ങളെ വളരെ ആശ്വസിപ്പിച്ചിട്ടുള്ള ചില തിരുവെഴുത്തുകൾ ഏതെല്ലാം?
11 ലാസർ മരിച്ചപ്പോൾ യേശുവിനുണ്ടായ തീവ്രവേദനയെക്കുറിച്ചുള്ള വിവരണംപോലെ, നമുക്ക് ആശ്വാസം തരുന്ന എണ്ണമറ്റ തിരുവെഴുത്തുഭാഗങ്ങൾ ദൈവവചനത്തിലുണ്ട്. അതിൽ അതിശയിക്കാനില്ല. കാരണം “മുമ്പ് എഴുതിയിട്ടുള്ളതെല്ലാം നമുക്കുവേണ്ടിയാണ്. അതായത്, നമ്മളെ പഠിപ്പിക്കാനും അങ്ങനെ നമ്മുടെ സഹനത്താലും തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകാനും വേണ്ടിയാണ്.” (റോമ. 15:4) നിങ്ങൾ വേർപാടിന്റെ വേദന അനുഭവിക്കുന്ന ഒരാളാണെങ്കിൽ താഴെ കൊടുത്തിരിക്കുന്നതുപോലുള്ള ചില തിരുവെഴുത്തുകൾ നിങ്ങൾക്കു സാന്ത്വനമേകും:
-
“യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്; മനസ്സു തകർന്നവരെ ദൈവം രക്ഷിക്കുന്നു.”—സങ്കീ. 34:18, 19.
-
“ആകുലചിന്തകൾ എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിച്ചു, എന്നെ സാന്ത്വനപ്പെടുത്തി.”—സങ്കീ. 94:19.
-
“നമ്മുടെ കർത്താവായ യേശുക്രിസ്തുവും, നമ്മളെ സ്നേഹിച്ച് തന്റെ അനർഹദയയാൽ നമുക്കു നിത്യാശ്വാസവും നല്ല ഒരു പ്രത്യാശയും തന്ന നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകർന്ന് . . . നിങ്ങളെ ശക്തരാക്കട്ടെ.”—2 തെസ്സ. 2:16, 17. *
സഭ—ആശ്വാസത്തിന്റെ ഉറവ്
12. മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ നമുക്കു ചെയ്യാൻ കഴിയുന്ന ഒരു കാര്യം എന്താണ്?
12 വേർപാടിന്റെ വേദന അനുഭവിക്കുന്നവർക്ക് ആശ്വാസത്തിന്റെ മറ്റൊരു ഉറവാണു ക്രിസ്തീയസഭ. (1 തെസ്സലോനിക്യർ 5:11 വായിക്കുക.) ‘തകർന്ന മനസ്സുള്ളവരെ’ ബലപ്പെടുത്താനും ആശ്വസിപ്പിക്കാനും നിങ്ങൾക്ക് എന്തു ചെയ്യാനാകും? (സുഭാ. 17:22) ‘മൗനമായിരിക്കാൻ ഒരു സമയമുണ്ട്, സംസാരിക്കാൻ ഒരു സമയമുണ്ട്’ എന്ന കാര്യം ഓർക്കുക. (സഭാ. 3:7) ഭർത്താവിനെ നഷ്ടപ്പെട്ട ഡാലിൻ എന്ന സഹോദരി പറയുന്നു: “മനസ്സിലുള്ളതെല്ലാം തുറന്നുപറയാൻ ഒരു അവസരം കിട്ടണമെന്നു ദുഃഖിച്ചിരിക്കുന്നവർ ആഗ്രഹിക്കും. അതുകൊണ്ട് അവർ സംസാരിക്കുമ്പോൾ തടസ്സപ്പെടുത്താതെ ശ്രദ്ധിച്ചുകേൾക്കുന്നതു വളരെ പ്രധാനമാണ്.” ആങ്ങള ആത്മഹത്യ ചെയ്തതിന്റെ ദുഃഖം അനുഭവിച്ച യൂനിയയ്ക്കു പറയാനുള്ളത് ഇതാണ്: “(പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടമായവരുടെ) ദുഃഖം മുഴുവനായി മനസ്സിലാക്കാൻ കഴിയില്ലെങ്കിലും അതു മനസ്സിലാക്കാൻ നിങ്ങൾക്കുള്ള ആഗ്രഹമാണു പ്രധാനം.”
13. ദുഃഖിതരുടെ മാനസികാവസ്ഥയെക്കുറിച്ച് നമ്മൾ എന്ത് ഓർക്കണം?
13 നമ്മൾ മനസ്സിൽപ്പിടിക്കേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്. എല്ലാവർക്കും വേദന അനുഭവപ്പെടുന്നത് ഒരുപോലെയല്ല. അത് അവർ പ്രകടിപ്പിക്കുന്ന രീതിയും ചിലപ്പോൾ വ്യത്യാസപ്പെട്ടിരിക്കും. ഒരു വ്യക്തിയുടെ മനസ്സു നീറിപ്പുകയുകയായിരിക്കാം. പക്ഷേ തന്റെ ഉള്ളിന്റെ ഉള്ളിലുള്ള വിഷമങ്ങൾ വാക്കുകളിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞെന്നുവരില്ല. ദൈവവചനം ഇക്കാര്യം ശരിവെക്കുന്നു: “ഹൃദയത്തിനു മാത്രമേ സ്വന്തം വേദന മനസ്സിലാകൂ; അതിന്റെ സന്തോഷത്തിൽ പങ്കുചേരാനും മറ്റാർക്കുമാകില്ല.” (സുഭാ. 14:10) ഇനി, ഒരാൾ തന്റെ ഉള്ളിലുള്ള വിഷമങ്ങൾ നമ്മളോടു തുറന്നുപറഞ്ഞെന്നിരിക്കട്ടെ. എങ്കിൽപ്പോലും അയാളുടെ മനസ്സു മുഴുവനായി വായിച്ചെടുക്കാൻ നമുക്കു കഴിയണമെന്നില്ല.
14. ദുഃഖിതരെ ആശ്വസിപ്പിക്കാൻ നമുക്ക് എന്തു പറയാനാകും?
14 അതുകൊണ്ടുതന്നെ അത്തരം ദുഃഖവുമായി കഴിയുന്നവരെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നു തീരുമാനിക്കാൻ അത്ര എളുപ്പമല്ല. എങ്കിലും “ബുദ്ധിയുള്ളവരുടെ നാവ് മുറിവ് ഉണക്കുന്നു” എന്നു ബൈബിൾ പറയുന്നുണ്ട്. (സുഭാ. 12:18) നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയിലെ വിവരങ്ങൾ ഉപയോഗിച്ച് ദുഃഖാർത്തർക്ക് ആശ്വാസം പകരാൻ പലർക്കും കഴിഞ്ഞിരിക്കുന്നു. * എന്നാൽ “കരയുന്നവരുടെകൂടെ കരയുക” എന്നതാണു പലപ്പോഴും അവർക്ക് ആശ്വാസമേകാനുള്ള ഏറ്റവും നല്ല മാർഗം. (റോമ. 12:15) ഭർത്താവ് മരിച്ചുപോയ ഗാബി പറയുന്നു: “മിക്കപ്പോഴും എന്റെ ഹൃദയവികാരങ്ങൾ പുറത്ത് വരുന്നതു കണ്ണുനീരായിട്ടാണ്. അതുകൊണ്ട് കൂട്ടുകാർ എന്റെകൂടെ കരയുമ്പോൾ എനിക്ക് അൽപ്പം ആശ്വാസം തോന്നാറുണ്ട്. എന്റെ ദുഃഖത്തിൽ ഞാൻ ഒറ്റയ്ക്കല്ല എന്ന് അപ്പോൾ തോന്നും.”
15. ഒരാളെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കാൻ ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാം? (“ മനസ്സിനു കുളിർമയേകിയ ചില വാക്കുകൾ” എന്ന ചതുരവും കാണുക.)
15 നേരിട്ട് കണ്ട് സംസാരിക്കുന്നതു ബുദ്ധിമുട്ടായി തോന്നുന്നെങ്കിൽ ഒരു കാർഡിലൂടെയോ ഇ-മെയിലിലൂടെയോ മെസേജിലൂടെയോ കത്തിലൂടെയോ നിങ്ങൾക്ക് അവരെ ആശ്വസിപ്പിക്കാനാകും. ചിലപ്പോഴൊക്കെ, അതിൽ ഒരു തിരുവെഴുത്തു മാത്രം എഴുതിയാൽ മതിയാകും. മരിച്ചുപോയ ആളുടെ ഏതെങ്കിലും ഗുണങ്ങൾ, അദ്ദേഹത്തിന്റേതു മാത്രമായ എന്തെങ്കിലും സ്വഭാവസവിശേഷതകൾ, അദ്ദേഹത്തോടൊപ്പമായിരുന്നപ്പോൾ വീണുകിട്ടിയ ചില നല്ല നിമിഷങ്ങൾ എന്നിവയെല്ലാം നിങ്ങൾക്കു കുറിക്കാം. യൂനിയ പറയുന്നു: “പ്രോത്സാഹനം പകരുന്ന ചെറിയൊരു കുറിപ്പു കിട്ടുന്നതും സഭയിലുള്ള ആരെങ്കിലും ക്ഷണിക്കുന്നതും ഒക്കെ എന്നെ എത്രമാത്രം ബലപ്പെടുത്തുന്നെന്നോ. എന്നെ അവർ സ്നേഹിക്കുന്നെന്നും അവർക്ക് എന്നെക്കുറിച്ച് ചിന്തയുണ്ടെന്നും അത് എന്നെ ഓർമിപ്പിക്കും.”
16. ആളുകളെ ആശ്വസിപ്പിക്കാനാകുന്ന, വളരെ ഫലപ്രദമായ ഒരു വിധം ഏതാണ്?
16 വേർപാടിന്റെ വേദന അനുഭവിച്ചുകഴിയുന്ന
ഒരു സഹക്രിസ്ത്യാനിക്കുവേണ്ടി പ്രാർഥിക്കുന്നതിന്റെ വില കുറച്ചുകാണരുത്. ചിലപ്പോൾ അദ്ദേഹത്തോടൊപ്പവും നമുക്കു പ്രാർഥിക്കാനാകും. ദുഃഖം നിറഞ്ഞ അത്തരമൊരു സാഹചര്യത്തിൽ ഉള്ളിലെ ചിന്തകളെല്ലാം ദൈവമുമ്പാകെ പകരാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നാം. പ്രാർഥനയ്ക്കിടെ നിങ്ങൾ കരഞ്ഞുപോയേക്കാം, നിങ്ങളുടെ വാക്കുകൾ മുറിഞ്ഞുപോയേക്കാം. എങ്കിലും അവർക്കുവേണ്ടിയുള്ള നിങ്ങളുടെ ആത്മാർഥമായ പ്രാർഥനകൾ അവരുടെ ദുഃഖത്തിനുള്ള ശക്തമായ മറുമരുന്നാണ്. ഡാലിൻ ഓർക്കുന്നു: “ആശ്വസിപ്പിക്കാൻ വന്ന സഹോദരിമാരോട്, എന്റെകൂടെ ഇരുന്ന് ഒന്നു പ്രാർഥിക്കാമോ എന്നു ഞാൻ ചോദിച്ചിട്ടുണ്ട്. പ്രാർഥിക്കാൻ തുടങ്ങുമ്പോൾ പലപ്പോഴും അവർക്കു വാക്കുകൾ കിട്ടാറില്ല. പക്ഷേ ഏതാനും ചില വാചകങ്ങൾ കഴിയുമ്പോൾ അവർ സമനില വീണ്ടെടുത്ത് വളരെ ഹൃദയസ്പർശിയായ പ്രാർഥന നടത്തും. അവരുടെ ശക്തമായ വിശ്വാസവും സ്നേഹവും എന്നെക്കുറിച്ചുള്ള ചിന്തയും എന്റെ വിശ്വാസത്തെ വളരെയധികം ശക്തിപ്പെടുത്തിയിട്ടുണ്ട്.”തുടർന്നും അവരെ സഹായിക്കുക
17-19. ആശ്വാസം കൊടുക്കുന്നതു പെട്ടെന്നു നിറുത്തിക്കളയരുതാത്തത് എന്തുകൊണ്ട്?
17 വേർപാടിന്റെ ദുഃഖം തെല്ലൊന്നടങ്ങാൻ ഓരോ വ്യക്തിക്കും എത്രത്തോളം സമയം വേണ്ടിവരുമെന്നു പറയാനാകില്ല. ഒരാൾ മരിച്ചാൽ പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കാൻ കുറച്ച് ദിവസത്തേക്കു സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ചുറ്റും കാണും. പക്ഷേ പതിയെപ്പതിയെ അവരെല്ലാം തങ്ങളുടേതായ തിരക്കുകളിലേക്കു മടങ്ങിയേക്കാം. അപ്പോഴും നിങ്ങൾ അവരെ സഹായിക്കാൻ തയ്യാറായിരിക്കണം. “യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.” (സുഭാ. 17:17) ഒരാൾ വേർപാടിന്റെ ദുഃഖവുമായി പൊരുത്തപ്പെടാൻ എത്ര നാളെടുത്താലും ആ സമയമത്രയും അവർക്കു വലിയൊരു ആശ്വാസമായിരിക്കാൻ സഹക്രിസ്ത്യാനികൾക്കാകും.—1 തെസ്സലോനിക്യർ 3:7 വായിക്കുക.
18 വേർപാടിന്റെ വേദനയുമായി കഴിയുന്നവർക്കു പെട്ടെന്നായിരിക്കും മനസ്സിൽ ദുഃഖത്തിന്റെ വേലിയേറ്റമുണ്ടാകുന്നതെന്നും ഓർക്കുക. ചിലപ്പോൾ വിവാഹവാർഷികംപോലുള്ള ചില പ്രത്യേകദിവസങ്ങളോ ഏതെങ്കിലും സംഗീതമോ ഫോട്ടോകളോ ഒരു പ്രത്യേകഗന്ധമോ ശബ്ദമോ ഋതുക്കളുടെ മാറ്റമോ ഒക്കെ ദുഃഖത്തിനു തിരി കൊളുത്തിയേക്കാം. ചില പ്രത്യേകകാര്യങ്ങൾ ചെയ്യുമ്പോഴും പ്രിയപ്പെട്ടവരുടെ ഓർമകൾ ഓടിയെത്തിയേക്കാം. ഒറ്റയ്ക്കായതിനു ശേഷം ആദ്യമായി വരുന്ന സമ്മേളനമോ സ്മാരകമോ പോലുള്ള ചില അവസരങ്ങളും വേദനയ്ക്കു കാരണമാകാം. ഒരു സഹോദരൻ പറയുന്നു: “എന്റെ ഭാര്യയെ നഷ്ടപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ വിവാഹവാർഷികത്തെ എങ്ങനെ നേരിടുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അതു വളരെ ബുദ്ധിമുട്ടായിരുന്നുതാനും. പക്ഷേ എനിക്ക് ഒറ്റപ്പെടൽ തോന്നാതിരിക്കാൻ ചില സഹോദരീസഹോദരന്മാർ എന്റെ അടുത്ത സുഹൃത്തുക്കളെ വിളിച്ച് ഒരു കൂടിവരവ് ക്രമീകരിച്ചു.”
19 എന്നാൽ പ്രത്യേകം ചില അവസരങ്ങളിൽ മാത്രമല്ല അവർക്ക് ആശ്വാസം വേണ്ടതെന്ന് ഓർക്കുക. യൂനിയ പറയുന്നു: “വാർഷികദിനങ്ങളല്ലാത്ത മറ്റു ദിവസങ്ങളിലും ഒരാൾക്കു സഹായമേകാനും കൂട്ടായിരിക്കാനും സാധിക്കുമെങ്കിൽ അതു വളരെ നല്ലതായിരിക്കും. പ്രതീക്ഷിക്കാതിരിക്കുമ്പോൾ വന്നുചേരുന്ന അത്തരം നിമിഷങ്ങൾ വളരെ വിലപ്പെട്ടതാണ്, അതു വലിയ ആശ്വാസം തരും.” പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ ഒരു വ്യക്തിക്കു തോന്നുന്ന ദുഃഖം മുഴുവൻ ഇല്ലാതാക്കാനോ ആ ശൂന്യത പൂർണമായി നികത്താനോ നമുക്കു കഴിയില്ലെന്നതു സത്യമാണ്. പക്ഷേ ദുഃഖിതരെ സഹായിക്കാൻ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ അവർക്ക് ഒരളവുവരെ ആശ്വാസവും സാന്ത്വനവും കൊടുക്കുമെന്ന് ഓർക്കുക. (1 യോഹ. 3:18) ഗാബി പറയുന്നു: “ജീവിതത്തിലെ ബുദ്ധിമുട്ടു പിടിച്ച ഓരോ സാഹചര്യത്തിലും എനിക്കു കൈത്താങ്ങേകാൻ മൂപ്പന്മാരുണ്ടായിരുന്നു. അതിന് യഹോവയോടു വളരെ നന്ദിയുണ്ട്. യഹോവയുടെ സ്നേഹമുള്ള കരങ്ങൾ എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നതുപോലെ തോന്നി.”
20. യഹോവയുടെ വാഗ്ദാനങ്ങൾ നമുക്കു വലിയ ആശ്വാസമായിരിക്കുന്നത് എന്തുകൊണ്ട്?
20 ‘സ്മാരകക്കല്ലറകളിലുള്ള എല്ലാവരും (ക്രിസ്തുവിന്റെ) ശബ്ദം കേട്ട് പുറത്ത് വരും.’ (യോഹ. 5:28, 29) ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവം, വേർപാടിന്റെ വേദന അനുഭവിക്കുന്ന എല്ലാവരുടെയും ദുഃഖം അതുവഴി ഇല്ലാതാക്കും. ഇത് എത്ര വലിയൊരു ആശ്വാസമാണ്! “ദൈവം മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും, പരമാധികാരിയാം കർത്താവായ യഹോവ എല്ലാ മുഖങ്ങളിൽനിന്നും കണ്ണീർ തുടച്ചുമാറ്റും” എന്നു പറഞ്ഞിരിക്കുന്നു. ഇത് യഹോവയുടെ വാഗ്ദാനമാണ്. (യശ. 25:8) ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാവരും ‘കരയുന്നവരുടെകൂടെ കരയുന്നതിനു’ പകരം ‘സന്തോഷിക്കുന്നവരുടെകൂടെ സന്തോഷിക്കുന്ന’ ഒരു കാലമായിരിക്കും അത്.—റോമ. 12:15.
^ ഖ. 8 യേശുവിന് 12 വയസ്സുള്ളപ്പോഴാണു യോസേഫിനെക്കുറിച്ച് ബൈബിളിൽ അവസാനമായി പറയുന്നത്. വെള്ളം വീഞ്ഞാക്കിയ ആദ്യത്തെ അത്ഭുതപ്രവൃത്തിയെക്കുറിച്ചുള്ള വിവരണത്തിലും പിന്നീടുള്ള ഭാഗങ്ങളിലും യോസേഫിനെപ്പറ്റി ഒന്നും പറയുന്നില്ല. ദണ്ഡനസ്തംഭത്തിലായിരുന്നപ്പോൾ യേശു മറിയയെ അപ്പോസ്തലനായ യോഹന്നാനെയാണ് ഏൽപ്പിച്ചത്. യോസേഫ് ജീവിച്ചിരുന്നെങ്കിൽ യേശു അങ്ങനെ ചെയ്യാൻ സാധ്യതയില്ല.—യോഹ. 19:26, 27.
^ ഖ. 24 പലർക്കും വളരെയധികം ആശ്വാസം പകർന്നിട്ടുള്ള ചില തിരുവെഴുത്തുകളാണ് ഇവ: സങ്കീർത്തനം 20:1, 2; 31:7; 38:8, 9, 15; 55:22; 121:1, 2; യശയ്യ 57:15; 66:13; ഫിലിപ്പിയർ 4:13; 1 പത്രോസ് 5:7.
^ ഖ. 14 2010 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “ദുഃഖാർത്തരെ ആശ്വസിപ്പിക്കുക, യേശുവിനെപ്പോലെ” എന്ന ലേഖനവും കാണുക.