യഥാർഥധനം സമ്പാദിക്കുക
“നീതികെട്ട ധനംകൊണ്ട് നിങ്ങൾക്കുവേണ്ടി സ്നേഹിതരെ നേടിക്കൊള്ളുക.”—ലൂക്കോ. 16:9.
ഗീതങ്ങൾ: 32, 154
1, 2. ഈ വ്യവസ്ഥിതിയിൽ എല്ലാ കാലത്തും ദരിദ്രരുണ്ടായിരിക്കും എന്നു പറയുന്നത് എന്തുകൊണ്ട്?
ഇന്നത്തെ സാമ്പത്തികലോകം വളരെ നിഷ്ഠുരമാണ്. അനീതിയാണ് അതിന്റെ മുഖമുദ്ര. അനേകം ചെറുപ്പക്കാർ ജോലി തേടി അലയുകയാണ്. സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും കൂടുതൽ സമ്പന്നമായ രാജ്യങ്ങളിലേക്കു ചേക്കേറാൻ ചിലർ തുനിയുന്നു. സമ്പന്നരാജ്യങ്ങളിൽപ്പോലും ദാരിദ്ര്യത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ധാരാളം ആളുകളുണ്ട്. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം അനുദിനം കൂടിക്കൂടിവരുകയാണ്. ചില പുതിയ കണക്കുകളനുസരിച്ച്, ഏറ്റവും സമ്പന്നരായ 1 ശതമാനം ആളുകളുടെ കൈയിൽ സമ്പത്തു മുഴുവൻ കുമിഞ്ഞുകൂടിയിരിക്കുന്നു. ബാക്കിയുള്ള 99 ശതമാനം ആളുകളുടെ സ്വത്തിന്റെ ആകത്തുകയെടുത്താൽപ്പോലും ആ സമ്പന്നരുടെ സ്വത്തിന്റെ അത്രയുമേ വരൂ എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. അതിന്റെ കൃത്യത ഉറപ്പാക്കാൻ കഴിയില്ലെങ്കിലും ഒരു കാര്യത്തിൽ ആർക്കും സംശയമില്ല. കോടിക്കണക്കിന് ആളുകൾ കടുത്ത ദാരിദ്ര്യത്തിൽ കഴിയുമ്പോൾ ചിലർ അനേകം തലമുറകൾക്കു കഴിയാനുള്ള സ്വത്തു കൈയടക്കിവെച്ചിരിക്കുന്നു. “ദരിദ്രർ എപ്പോഴും നിങ്ങളുടെകൂടെയുണ്ടല്ലോ” എന്ന യേശുവിന്റെ വാക്കുകളും ഈ പരുക്കൻ യാഥാർഥ്യം വരച്ചുകാട്ടുന്നു. (മർക്കോ. 14:7) എങ്കിൽ എന്തുകൊണ്ടാണു ലോകത്തിൽ ഇത്ര അസമത്വം?
2 ദൈവരാജ്യം വരാതെ ഇപ്പോഴുള്ള സാമ്പത്തികവ്യവസ്ഥിതി മാറില്ലെന്നു യേശുവിന് അറിയാമായിരുന്നു. വെളിപാട് 18:3-ൽ പറഞ്ഞിരിക്കുന്ന “വ്യാപാരികൾ” അഥവാ അത്യാഗ്രഹം നിറഞ്ഞ വാണിജ്യലോകം, മത-രാഷ്ട്രീയ ഘടകങ്ങൾപോലെതന്നെ സാത്താന്റെ ലോകത്തിന്റെ ഭാഗമാണ്. രാഷ്ട്രീയകാര്യങ്ങളിൽനിന്നും വ്യാജമതത്തിൽനിന്നും പൂർണമായി വേറിട്ടുനിൽക്കാൻ ദൈവജനത്തിന് ഇപ്പോൾത്തന്നെ കഴിയുന്നുണ്ട്. എങ്കിലും സാത്താന്റെ ലോകത്തിന്റെ വാണിജ്യഘടകത്തിൽനിന്ന് പൂർണമായും വിട്ടുനിൽക്കാൻ അവരിൽ മിക്കവർക്കും കഴിയില്ല എന്നതാണു വാസ്തവം.
3. നമ്മൾ ഏതു ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും?
3 ഇന്നത്തെ വാണിജ്യവ്യവസ്ഥിതിയെ ക്രിസ്ത്യാനികളായ നമ്മൾ ഓരോരുത്തരും എങ്ങനെയാണു കാണുന്നതെന്ന് ഒരു ആത്മപരിശോധന നടത്തണം. അതിനു സഹായിക്കുന്ന ചില ചോദ്യങ്ങളാണ് ഇവ: ‘എന്റെ സ്വത്തുവകകൾ ഉപയോഗിച്ച് എനിക്ക് എങ്ങനെ ദൈവത്തോടുള്ള വിശ്വസ്തത തെളിയിക്കാനാകും? വ്യാപാരലോകവുമായുള്ള ഇടപാടുകൾ എനിക്ക് എങ്ങനെ കുറയ്ക്കാം? വെല്ലുവിളി നിറഞ്ഞ ഇന്നത്തെ ചുറ്റുപാടുകളിലും ദൈവജനത്തിന് യഹോവയെ പൂർണമായി ആശ്രയിക്കാമെന്ന് ഏത് അനുഭവങ്ങൾ കാണിക്കുന്നു?’
നീതികെട്ട കാര്യസ്ഥന്റെ ദൃഷ്ടാന്തകഥ
4, 5. (എ) യേശുവിന്റെ ദൃഷ്ടാന്തകഥയിലെ കാര്യസ്ഥന് എന്തു പ്രശ്നമാണുണ്ടായത്? (ബി) തന്റെ അനുഗാമികൾക്കു യേശു എന്ത് ഉപദേശമാണു നൽകിയത്?
4 ലൂക്കോസ് 16:1-9 വായിക്കുക. യേശു പറഞ്ഞ നീതികെട്ട കാര്യസ്ഥന്റെ ദൃഷ്ടാന്തകഥ നമ്മളെ ചിന്തിപ്പിക്കുന്നതാണ്. സ്വത്തെല്ലാം പാഴാക്കിക്കളയുന്നു എന്ന പരാതി ഉയർന്നപ്പോൾ ആ കാര്യസ്ഥൻ “ബുദ്ധിപൂർവം” (“പ്രായോഗികജ്ഞാനത്തോടെ,” അടിക്കുറിപ്പ്) പ്രവർത്തിച്ചു. ജോലി നഷ്ടപ്പെട്ടാലും തന്റെ സഹായത്തിന് എത്തുന്ന ‘സ്നേഹിതരെ നേടാൻ’ അദ്ദേഹം ശ്രമിച്ചു. * എന്നാൽ ഇതിന്റെ അർഥം, ഈ ലോകത്ത് പിടിച്ചുനിൽക്കാൻ യേശുവിന്റെ ശിഷ്യന്മാർ നീതികെട്ട മാർഗങ്ങൾ സ്വീകരിച്ചാലും കുഴപ്പമില്ല എന്നാണോ? അല്ല, അതല്ല യേശു ഉദ്ദേശിച്ചത്. കാരണം, ‘ഈ വ്യവസ്ഥിതിയുടെ മക്കളെപ്പോലെയാണു’ കാര്യസ്ഥൻ പെരുമാറിയതെന്നാണു യേശു പറഞ്ഞത്. പ്രധാനപ്പെട്ട മറ്റൊരു കാര്യം പഠിപ്പിക്കുക എന്നതായിരുന്നു ഈ ദൃഷ്ടാന്തകഥയുടെ ഉദ്ദേശ്യം.
5 പ്രതിസന്ധിയിലായ ആ കാര്യസ്ഥനെപ്പോലെ ഭാവിയിൽ തന്റെ അനുഗാമികൾക്കും ഒരു വലിയ പ്രതിസന്ധിയുണ്ടാകുമെന്നു യേശുവിന് അറിയാമായിരുന്നു. അനീതി നിറഞ്ഞ ഈ ലോകത്ത്, ജീവിക്കാനുള്ള വക കണ്ടെത്തുക എന്നത് അവരിൽ മിക്കവർക്കും പ്രയാസമാകുമായിരുന്നു. അതുകൊണ്ട് യേശു പറഞ്ഞു: “നീതികെട്ട ധനംകൊണ്ട് നിങ്ങൾക്കുവേണ്ടി സ്നേഹിതരെ നേടിക്കൊള്ളുക. അങ്ങനെയായാൽ അതു തീർന്നുപോകുമ്പോൾ അവർ (യഹോവയും യേശുവും) നിങ്ങളെ നിത്യമായ വാസസ്ഥലങ്ങളിലേക്കു സ്വീകരിക്കും.” യേശുവിന്റെ ഈ ഉപദേശത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
6. ഇന്നത്തെ വാണിജ്യലോകം ദൈവോദ്ദേശ്യത്തിന്റെ ഭാഗമല്ലായിരുന്നെന്നു നമുക്ക് എങ്ങനെ അറിയാം?
6 സമ്പത്തിനെ ‘നീതികെട്ടത്’ എന്നു വിളിച്ചതിന്റെ കാരണം യേശു വിശദീകരിച്ചില്ല. എങ്കിലും അത്യാഗ്രഹത്തോടെ ലാഭം കൊയ്യുന്ന വ്യാപാരയിടപാടുകൾ ദൈവത്തിന്റെ ഉദ്ദേശ്യത്തിന്റെ ഭാഗമല്ലായിരുന്നെന്നു ബൈബിൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ആദാമിനും ഹവ്വയ്ക്കും ആവശ്യമായിരുന്നതെല്ലാം യഹോവ ഏദെനിൽ സമൃദ്ധമായി കൊടുത്തിരുന്നു. (ഉൽപ. 2:15, 16) പിന്നീട്, ഒന്നാം നൂറ്റാണ്ടിൽ ദൈവം അഭിഷിക്തർക്കു പരിശുദ്ധാത്മാവിനെ നൽകിയപ്പോൾ, “തങ്ങളുടെ വസ്തുവകകൾ തങ്ങളുടെ സ്വന്തമാണെന്ന് ഒരാൾപ്പോലും കരുതിയില്ല; പകരം അവർക്കുള്ളതെല്ലാം പൊതുവകയായി കണക്കാക്കി.” (പ്രവൃ. 4:32) ഭൂമി ഉത്പാദിപ്പിക്കുന്നതെല്ലാം എല്ലാ മനുഷ്യരും മതിയാവോളം ആസ്വദിക്കുന്ന ഒരു കാലം വരുമെന്നു പ്രവാചകനായ യശയ്യയും മുൻകൂട്ടിപ്പറഞ്ഞു. (യശ. 25:6-9; 65:21, 22) എന്നാൽ ആ കാലം വരുന്നതുവരെ ഇന്നത്തെ ലോകത്തിലെ “നീതികെട്ട ധനം” ഉപയോഗിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ഒപ്പം ദൈവത്തെ പ്രസാദിപ്പിക്കാനും യേശുവിന്റെ അനുഗാമികൾക്കു “പ്രായോഗികജ്ഞാനം” ആവശ്യമാണ്.
നീതികെട്ട ധനം ബുദ്ധിപൂർവം ഉപയോഗിക്കുക
7. ലൂക്കോസ് 16:10-13 വരെയുള്ള വാക്യങ്ങളിൽ ഏത് ഉപദേശം കാണാം?
7 ലൂക്കോസ് 16:10-13 വായിക്കുക. യേശുവിന്റെ ദൃഷ്ടാന്തകഥയിലെ കാര്യസ്ഥൻ സ്വന്തനേട്ടം മനസ്സിൽക്കണ്ടാണ് ആളുകളെ സ്നേഹിതരാക്കിയത്. എന്നാൽ നിസ്വാർഥമായ ഉദ്ദേശ്യത്തോടെ സ്വർഗത്തിൽ സ്നേഹിതരെ നേടാനാണു യേശു അനുഗാമികളെ പ്രോത്സാഹിപ്പിച്ചത്. ദൃഷ്ടാന്തകഥയ്ക്കു ശേഷം വരുന്ന വാക്യങ്ങൾ “നീതികെട്ട ധനം” ഉപയോഗിക്കുന്ന വിധത്തെ ദൈവത്തോടുള്ള വിശ്വസ്തതയുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്നതു ശ്രദ്ധിക്കുക. അതുകൊണ്ട്, നമ്മുടെ കൈവശമുള്ള ധനം ചെലവഴിക്കുന്ന വിധത്തിലൂടെ നമുക്കു ദൈവത്തോടുള്ള ‘വിശ്വസ്തത’ തെളിയിക്കാനാകും എന്നാണു യേശു ഉദ്ദേശിച്ചത്. അത് എങ്ങനെ ചെയ്യാനാകും?
8, 9. നീതികെട്ട ധനം ഉപയോഗിക്കുന്നതിൽ വിശ്വസ്തത കാണിച്ച ചിലരുടെ അനുഭവങ്ങൾ പറയുക.
8 യേശു മുൻകൂട്ടിപ്പറഞ്ഞ ലോകവ്യാപകപ്രവർത്തനത്തിനുവേണ്ടി സംഭാവനകൾ കൊടുത്തുകൊണ്ട് ധനത്തിന്റെ കാര്യത്തിൽ വിശ്വസ്തരാണെന്നു നമുക്കു തെളിയിക്കാനാകും. (മത്താ. 24:14) ഇന്ത്യയിലുള്ള ഒരു കൊച്ചു പെൺകുട്ടി എന്താണു ചെയ്തതെന്നോ? നാണയങ്ങൾ ഇട്ട് സൂക്ഷിക്കാൻ അവൾക്ക് ഒരു ചെറിയ കുടുക്കയുണ്ടായിരുന്നു. കളിപ്പാട്ടങ്ങൾ മേടിക്കാനുള്ള പൈസപോലും അവൾ അതിൽ ഇട്ടു. കുടുക്ക നിറഞ്ഞപ്പോൾ ആ പണം അവൾ പ്രസംഗപ്രവർത്തനത്തിനുവേണ്ടി കൊടുത്തു. ഇന്ത്യയിൽത്തന്നെയുള്ള മറ്റൊരു സഹോദരന് ഒരു തെങ്ങിൻതോപ്പുണ്ട്. അദ്ദേഹം മലയാള പരിഭാഷാകേന്ദ്രത്തിനു കുറെ തേങ്ങ സംഭാവനയായി നൽകി. പരിഭാഷാകേന്ദ്രത്തിൽ എന്തായാലും തേങ്ങ ആവശ്യമുള്ളതുകൊണ്ട് താൻ അത് അവിടെ നേരിട്ട് എത്തിക്കുന്നതാണു കുറച്ച് പണം നൽകുന്നതിലും മെച്ചമെന്ന് അദ്ദേഹം ചിന്തിച്ചു. അതു പ്രായോഗികജ്ഞാനമല്ലേ? ഗ്രീസിലുള്ള സഹോദരങ്ങളും അവിടെയുള്ള ബഥേലിലേക്കു പതിവായി ഒലിവെണ്ണയും വെണ്ണയും മറ്റ് ആഹാരസാധനങ്ങളും എത്തിക്കാറുണ്ട്.
9 ഇപ്പോൾ വിദേശത്തുള്ള ശ്രീലങ്കക്കാരനായ ഒരു സഹോദരൻ നാട്ടിലുള്ള തന്റെ വീടും പുരയിടവും യോഗങ്ങൾക്കായും സമ്മേളനങ്ങൾക്കായും മുഴുസമയസേവകരെ താമസിപ്പിക്കാനായും വിട്ടുകൊടുത്തിരിക്കുകയാണ്. അത് അദ്ദേഹത്തിനു സാമ്പത്തികമായി നഷ്ടം വരുത്തിവെക്കുന്നുണ്ടെങ്കിലും ആ പ്രദേശത്തുള്ള, അധികം പണമൊന്നുമില്ലാത്ത പ്രചാരകർക്ക് അതൊരു വലിയ സഹായമാണ്. നമ്മുടെ പ്രവർത്തനത്തിനു നിയന്ത്രണമുള്ള മറ്റൊരു ദേശത്ത്, സഹോദരങ്ങൾ തങ്ങളുടെ വീടുകൾ രാജ്യഹാളുകളായി ഉപയോഗിക്കാൻ വിട്ടുകൊടുക്കുന്നു. അതുകൊണ്ട്, സാമ്പത്തികമായി അധികമൊന്നുമില്ലാത്ത സഹോദരങ്ങൾക്കും മുൻനിരസേവകർക്കും വലിയ പണച്ചെലവില്ലാതെ യോഗങ്ങൾക്കു കൂടിവരാനാകുന്നു.
10. ഉദാരമായി കൊടുക്കുമ്പോൾ നമുക്കു ലഭിക്കുന്ന ചില അനുഗ്രഹങ്ങൾ എന്തെല്ലാം?
10 ആത്മീയസമ്പത്തിനോടുള്ള താരതമ്യത്തിൽ മൂല്യം കുറഞ്ഞ ഭൗതികസമ്പത്ത് ഒരു ‘ചെറിയ കാര്യമാണ്.’ അത് ഉപയോഗിക്കുന്നതിൽ ദൈവജനം വിശ്വസ്തരാണെന്നാണു മേൽപ്പറഞ്ഞ അനുഭവങ്ങൾ കാണിക്കുന്നത്. അതുകൊണ്ടുതന്നെ ദൈവജനം ‘ചെറിയ കാര്യത്തിൽ വിശ്വസ്തരാണ്’ എന്നു പറയാം. (ലൂക്കോ. 16:10) യഹോവയുടെ ഈ സ്നേഹിതർക്കു തങ്ങളുടെ അത്തരം ത്യാഗങ്ങളെക്കുറിച്ച് എന്താണു തോന്നുന്നത്? ഉദാരമായി കൊടുക്കുന്നതിലൂടെ തങ്ങൾ സ്വർഗത്തിൽ “യഥാർഥധനം” സമ്പാദിക്കുകയാണെന്ന് അവർക്ക് അറിയാം. (ലൂക്കോ. 16:11) ക്രമമായി ദൈവരാജ്യപ്രവർത്തനങ്ങൾക്കുവേണ്ടി സംഭാവന ചെയ്യുന്ന ഒരു സഹോദരി, തനിക്കു ലഭിച്ച പ്രത്യേകമായ ഒരു അനുഗ്രഹത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “എന്റെ പണവും മറ്റും ഉദാരമായി കൊടുത്തപ്പോൾ എന്നിൽ അസാധാരണമായൊരു മാറ്റം വന്നതു ഞാൻ അനുഭവിച്ചറിഞ്ഞു. ഞാൻ ഭൗതികവസ്തുക്കൾ കൊടുക്കുന്നതിൽ എത്രത്തോളം ഉദാരത കാണിച്ചോ, മറ്റുള്ളവരോട് അത്രത്തോളം വിശാലമനസ്സോടെ ഇടപെടാൻ എനിക്കായി. ഇപ്പോൾ ഞാൻ കൂടുതൽ ക്ഷമിക്കാൻ പഠിച്ചു. മറ്റുള്ളവരോട് ഒത്തുപോകുന്ന കാര്യത്തിലും ഞാൻ വളരെ മെച്ചപ്പെട്ടു. തിരുത്തലുകൾ സ്വീകരിക്കാനും പ്രതീക്ഷകൾ തകരുമ്പോൾ പിടിച്ചുനിൽക്കാനും പാകമായ ഒരു മനസ്സാണ് ഇപ്പോൾ എന്റേത്.” ഇതൊരു ഒറ്റപ്പെട്ട അനുഭവമല്ല. ഉദാരമായി കൊടുക്കാനുള്ള മനസ്സ് ആത്മീയമായി ബലപ്പെടുത്തുമെന്ന് അനുഭവിച്ചറിഞ്ഞ അനേകരുണ്ട്.—സങ്കീ. 112:5; സുഭാ. 22:9.
11. (എ) നമ്മൾ ഉദാരമായി കൊടുക്കുന്നതു ‘പ്രായോഗികജ്ഞാനത്തിനു’ തെളിവായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ദൈവജനത്തിന് ഇടയിൽ ‘ചിലരുടെ സമൃദ്ധികൊണ്ട് മറ്റു ചിലരുടെ കുറവ് നികന്നുകിട്ടുന്നത്’ എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
11 ദൈവരാജ്യതാത്പര്യങ്ങൾക്കുവേണ്ടി സ്വത്തുവകകൾ ഉപയോഗിക്കുന്നതു “പ്രായോഗികജ്ഞാനം” ആണെന്നു പറയാൻ മറ്റൊരു കാരണമുണ്ട്. ശുശ്രൂഷയിൽ തീക്ഷ്ണതയോടെ പ്രവർത്തിക്കുന്ന മറ്റുള്ളവരെ നമ്മൾ അതുവഴി പിന്തുണയ്ക്കുകയാണ്. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണെങ്കിലും ചില സഹോദരങ്ങൾക്കു മുഴുസമയസേവനം ഏറ്റെടുക്കാനോ ആവശ്യം അധികമുള്ളിടത്തേക്കു മാറിത്താമസിക്കാനോ കഴിയുന്നുണ്ടാകില്ല. പക്ഷേ തങ്ങളുടെ സംഭാവനകൾ മറ്റുള്ളവരുടെ ശുശ്രൂഷയെ പിന്തുണയ്ക്കുന്നു എന്ന സംതൃപ്തി അവർക്കുണ്ട്. (സുഭാ. 19:17) ഉദാഹരണത്തിന്, കൊടിയ ദാരിദ്ര്യത്തിന്റെ ക്ലേശങ്ങൾ അനുഭവിക്കുന്നെങ്കിലും നല്ല ആത്മീയപുരോഗതിയുള്ള പല പ്രദേശങ്ങളുമുണ്ട്. അത്തരം സ്ഥലങ്ങളിൽ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യാനും പ്രസംഗപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനും സ്വമനസ്സാലെയുള്ള സംഭാവനകൾ സഹായിക്കുന്നു. കോംഗോ, മഡഗാസ്കർ, റുവാണ്ട പോലുള്ള ചില രാജ്യങ്ങളിൽ കുടുംബാംഗങ്ങൾക്ക് ആഹാരം വാങ്ങേണ്ട പണം മാറ്റിവെച്ചാലേ ബൈബിൾ വാങ്ങാൻ കഴിയൂ എന്നൊരു അവസ്ഥയുണ്ടായിരുന്നു. കാരണം ചിലപ്പോഴൊക്കെ ബൈബിളിന്റെ വില, ഒരു ആഴ്ചത്തെയോ ഒരു മാസത്തെയോ ശമ്പളത്തിനു തുല്യമായിരുന്നു. വർഷങ്ങളോളം ഇതായിരുന്നു അവിടങ്ങളിലെ സ്ഥിതി. എന്നാൽ ഇപ്പോൾ, അനേകരുടെ സംഭാവനകൾകൊണ്ടും ‘മറ്റുള്ളവരുടെ സമൃദ്ധികൊണ്ട് ചിലരുടെ കുറവ് നികത്തിക്കൊണ്ടും’ യഹോവയുടെ സംഘടന ബൈബിൾ പരിഭാഷപ്പെടുത്തി അവിടങ്ങളിൽ വിതരണം ചെയ്തിരിക്കുന്നു. അങ്ങനെ, കുടുംബത്തിലെ ഓരോ അംഗത്തിനും, ആത്മീയദാഹമുള്ള എല്ലാ ബൈബിൾവിദ്യാർഥികൾക്കും ഇപ്പോൾ ബൈബിൾ ലഭ്യമാണ്. (2 കൊരിന്ത്യർ 8:13-15 വായിക്കുക.) സംഭാവനകൾ കൊടുക്കുന്നവർക്കു മാത്രമല്ല അതിന്റെ പ്രയോജനം ലഭിക്കുന്നവർക്കും യഹോവയുടെ സ്നേഹിതരാകാനുള്ള അവസരമാണ് അതിലൂടെ തുറന്നുകിട്ടുന്നത്.
വാണിജ്യലോകവുമായുള്ള ഇടപാടുകൾ പരമാവധി കുറയ്ക്കുക
12. താൻ ദൈവത്തിൽ ആശ്രയിച്ചെന്ന് അബ്രാഹാം തെളിയിച്ചത് എങ്ങനെ?
12 യഹോവയുടെ സ്നേഹിതരാകാൻ മറ്റൊരു വഴിയുണ്ട്. ഇന്നത്തെ വാണിജ്യലോകവുമായുള്ള ഇടപാടുകൾ കുറച്ചിട്ട് “യഥാർഥധനം” സമ്പാദിക്കാൻ ശ്രമിക്കുക. ശക്തമായ വിശ്വാസത്തിന് ഉടമയായിരുന്ന അബ്രാഹാം യഹോവയുമായുള്ള സുഹൃദ്ബന്ധം വിലയേറിയതായി കണ്ടതുകൊണ്ട് സമ്പദ്സമൃദ്ധമായ ഊർ നഗരം വിട്ട് കൂടാരങ്ങളിൽ കഴിഞ്ഞു. (എബ്രാ. 11:8-10) യഥാർഥസമ്പത്ത് യഹോവയിൽനിന്നാണു ലഭിക്കുന്നതെന്നു വിശ്വസിച്ച അബ്രാഹാം ഒരിക്കലും ഭൗതികനേട്ടങ്ങൾക്കു പിന്നാലെ പോയില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ അബ്രാഹാമിനു ദൈവത്തിൽ ആശ്രയമില്ലെന്നു വരുമായിരുന്നു. (ഉൽപ. 14:22, 23) അബ്രാഹാമിന്റേതുപോലുള്ള വിശ്വാസമുണ്ടായിരിക്കുന്നതിനെ പ്രോത്സാഹിപ്പിച്ച യേശു ധനികനായ ഒരു യുവാവിനോടു പറഞ്ഞു: “എല്ലാം തികഞ്ഞവനാകാൻ നീ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും; എന്നിട്ട് വന്ന് എന്റെ അനുഗാമിയാകുക.” (മത്താ. 19:21) ആ മനുഷ്യന് അബ്രാഹാമിന്റേതുപോലുള്ള വിശ്വാസമില്ലായിരുന്നു. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി ദൈവത്തിൽ അടിയുറച്ച വിശ്വാസമുണ്ടായിരുന്ന മറ്റ് അനേകരുണ്ട്.
13. (എ) തിമൊഥെയൊസിനു പൗലോസ് എന്ത് ഉപദേശമാണു കൊടുത്തത്? (ബി) നമുക്ക് ഇന്നു പൗലോസിന്റെ ഉപദേശം എങ്ങനെ അനുസരിക്കാം?
13 അങ്ങനെയൊരാളായിരുന്നു തിമൊഥെയൊസ്. അദ്ദേഹത്തിനു ശക്തമായ വിശ്വാസമുണ്ടായിരുന്നു. “ക്രിസ്തുയേശുവിന്റെ ഒരു മികച്ച പടയാളി” എന്നു തിമൊഥെയൊസിനെ വിളിച്ചശേഷം പൗലോസ് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “പടയാളിയായി സേവനം അനുഷ്ഠിക്കുന്ന ഒരാൾ, തന്നെ സൈന്യത്തിൽ ചേർത്ത വ്യക്തിയുടെ അംഗീകാരം നേടാൻവേണ്ടി അനുദിനജീവിതത്തിലെ വ്യാപാരയിടപാടുകളിലൊന്നും ഉൾപ്പെടാതിരിക്കുന്നു.” (2 തിമൊ. 2:3, 4) പത്തു ലക്ഷത്തിലധികം വരുന്ന മുഴുസമയശുശ്രൂഷകർ ഉൾപ്പെടെ യേശുവിന്റെ എല്ലാ അനുഗാമികളും സാഹചര്യം അനുവദിക്കുന്നിടത്തോളം പൗലോസിന്റെ ആ ഉപദേശം അനുസരിക്കുന്നവരാണ്. പരസ്യങ്ങളുടെയും ചുറ്റുമുള്ള ലോകത്തിന്റെയും സമ്മർദങ്ങളെ ചെറുത്തുനിൽക്കുന്ന അവർ, “കടം വാങ്ങുന്നവൻ കടം കൊടുക്കുന്നവന്റെ അടിമ” എന്ന തത്ത്വം എപ്പോഴും ഓർക്കുന്നു. (സുഭാ. 22:7) നമ്മൾ അടിമകളെപ്പോലെ നമ്മുടെ സമയവും ശക്തിയും മുഴുവൻ സാത്താന്റെ വാണിജ്യലോകത്തിനുവേണ്ടി ചെലവഴിച്ചാൽ സാത്താന് അതിൽപ്പരം സന്തോഷം ഉണ്ടാകാനില്ല. നമ്മൾ എടുക്കുന്ന ചില തീരുമാനങ്ങൾ നമ്മളെ വലിയ കടബാധ്യതയിലാക്കിയേക്കാം. വർഷങ്ങൾ കഴിഞ്ഞാലും അതിൽനിന്ന് മുക്തിയുണ്ടാകണമെന്നില്ല. ഭീമമായ ഭവനവായ്പകൾ, അടച്ചാലുമടച്ചാലും തീരാത്ത വിദ്യാഭ്യാസവായ്പകൾ, കാർ ലോണിന്റെ വലിയ മാസത്തവണകൾ, എന്തിന് ആഡംബരമായി നടത്തുന്ന വിവാഹങ്ങൾപോലും നമ്മളെ സാമ്പത്തികമായി ഞെരുക്കിയേക്കാം. ജീവിതം ലളിതമാക്കുകയും കടവും ചെലവുകളും കുറയ്ക്കുകയും ചെയ്താൽ ഇന്നത്തെ വാണിജ്യലോകത്തിനുവേണ്ടി അടിമപ്പണിയെടുക്കുന്നതിനു പകരം സ്വാതന്ത്ര്യത്തോടെ ദൈവത്തെ സേവിക്കാൻ നമുക്കു കഴിയും. അതാണു പ്രായോഗികജ്ഞാനം.—1 തിമൊ. 6:10.
14. എന്തു ചെയ്യാൻ നമ്മൾ ഉറച്ച തീരുമാനമെടുക്കണം? ചില അനുഭവങ്ങൾ പറയുക.
14 ശരിയായ മുൻഗണനകൾ വെച്ചാലേ നമുക്കു ജീവിതം ലളിതമായി സൂക്ഷിക്കാൻ കഴിയൂ. ഒരു ദമ്പതികളുടെ അനുഭവം നോക്കുക. അവർക്കു നല്ല ലാഭം കിട്ടിക്കൊണ്ടിരുന്ന ഒരു ബിസിനെസ്സുണ്ടായിരുന്നു. എന്നാൽ വീണ്ടും മുഴുസമയസേവനം തുടങ്ങാനുള്ള ആഗ്രഹം കാരണം അവർ ആ ബിസിനെസ്സും അവരുടെ ബോട്ടും മറ്റു വസ്തുവകകളും വിറ്റു. പിന്നീട് അവർ ന്യൂയോർക്കിലെ വാർവിക്കിൽ നടക്കുന്ന ലോകാസ്ഥാനത്തിന്റെ നിർമാണപ്രവർത്തനത്തിൽ പങ്കെടുത്തു. അതുകൊണ്ട് അവർക്കു പ്രത്യേകമായ ചില അനുഗ്രഹങ്ങൾ കിട്ടി. ബഥേലിലായിരുന്ന മകളോടും മരുമകനോടും ഒപ്പം സേവിക്കാൻ അവർക്ക് അവസരം ലഭിച്ചു. ഇനി, സഹോദരന്റെ മാതാപിതാക്കൾ വാർവിക്കിലെ നിർമാണപ്രവർത്തനത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ അവർക്കു കുറച്ച് ആഴ്ചകൾ അവരുടെകൂടെയും പ്രവർത്തിക്കാനായി. ഐക്യനാടുകളിലെ കൊളറാഡോയിലുള്ള മുൻനിരസേവികയായ ഒരു സഹോദരിക്ക് ഒരു ബാങ്കിൽ അംശകാലജോലി കിട്ടി. സഹോദരിയുടെ ജോലി വളരെ ഇഷ്ടപ്പെട്ടതുകൊണ്ട് അവിടെ മുഴുസമയജോലി നൽകാമെന്നു ബാങ്കുകാർ
പറഞ്ഞു, അതും മൂന്ന് ഇരട്ടി ശമ്പളത്തിൽ! പക്ഷേ ആ ജോലി സ്വീകരിച്ചാൽ ശുശ്രൂഷയ്ക്കു മുമ്പത്തെ അത്രയും ശ്രദ്ധ നൽകാനാകില്ലെന്നു മനസ്സിലാക്കിയ സഹോദരി ആകർഷകമായ ആ വാഗ്ദാനം നിരസിച്ചു. യഹോവയുടെ ദാസന്മാർ ചെയ്തിട്ടുള്ള എണ്ണമറ്റ ത്യാഗങ്ങളിൽ ഏതാനും ചിലതു മാത്രമാണ് ഇവ. ഇന്നത്തെ വാണിജ്യലോകം നമ്മളെ മോഹിപ്പിക്കുന്ന പലതും വെച്ചുനീട്ടിയേക്കാം. പക്ഷേ അവയ്ക്കു പകരം രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കാൻ തീരുമാനിച്ചാൽ, നമുക്ക് ഏറ്റവും പ്രധാനം ദൈവവുമായുള്ള സൗഹൃദവും ആത്മീയസമ്പത്തും ആണെന്നു തെളിയിക്കുകയായിരിക്കും.സമ്പത്തുകൊണ്ട് ഉപകാരമില്ലാതാകുമ്പോൾ
15. ഏതു സമ്പത്താണ് ഏറ്റവും അധികം സംതൃപ്തി തരുന്നത്?
15 സമ്പത്ത് യഹോവയുടെ അനുഗ്രഹത്തിന്റെ തെളിവായിരിക്കണമെന്നില്ല. ‘നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ സമ്പന്നരായവരെയാണ്’ യഹോവ അനുഗ്രഹിക്കുന്നത്. (1 തിമൊഥെയൊസ് 6:17-19 വായിക്കുക.) ലൂചീയാ സഹോദരിയുടെ അനുഭവം നോക്കാം. * അൽബേനിയയിൽ കൂടുതൽ ശുശ്രൂഷകരുടെ ആവശ്യമുണ്ടെന്നു മനസ്സിലാക്കിയ സഹോദരി 1993-ൽ ഇറ്റലിയിൽനിന്ന് അവിടേക്കു മാറിത്താമസിച്ചു. സഹോദരിക്കു ജോലിയൊന്നുമില്ലായിരുന്നു. ആകെയുള്ള കൈമുതൽ യഹോവയിലുള്ള ആശ്രയമായിരുന്നു. അൽബേനിയൻ ഭാഷ പഠിച്ചെടുത്ത സഹോദരി 60-ലധികം ആളുകളെ സ്നാനത്തിന്റെ പടിയിലെത്താൻ സഹായിച്ചു. ദൈവജനത്തിൽ ഭൂരിപക്ഷം പേരും അത്രയും ഫലം തരുന്ന പ്രദേശങ്ങളിലായിരിക്കില്ല സേവിക്കുന്നത്. എങ്കിലും ജീവന്റെ പാത കണ്ടെത്താനും അതിൽ തുടരാനും മറ്റുള്ളവരെ സഹായിക്കാനായി നമ്മൾ ചെയ്യുന്നതെന്തും അവരും നമ്മളും എന്നുമെന്നും വിലപ്പെട്ടതായി കാണും, സംശയമില്ല.—മത്താ. 6:20.
16. (എ) ഇന്നത്തെ വാണിജ്യലോകത്തെ കാത്തിരിക്കുന്നത് എന്താണ്? (ബി) ഭാവിയിൽ നടക്കാനിരിക്കുന്ന സംഭവങ്ങൾ ഭൗതികസമ്പത്തിനോടുള്ള നമ്മുടെ മനോഭാവത്തെ എങ്ങനെ സ്വാധീനിക്കണം?
16 “(നീതികെട്ട ധനം) തീർന്നുപോകുമ്പോൾ” എന്നാണു യേശു പറഞ്ഞത്, അല്ലാതെ ‘അതു തീർന്നുപോയാൽ’ എന്നല്ല എന്നതു ശ്രദ്ധിക്കുക. (ലൂക്കോ. 16:9) ഈ അവസാനകാലത്ത് പല ബാങ്കുകൾ തകരുന്നതും ചില രാജ്യങ്ങൾ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാകുന്നതും നമ്മൾ കണ്ടിരിക്കുന്നു. എന്നാൽ സമീപഭാവിയിൽ ലോകം മുഴുവൻ സംഭവിക്കാനിരിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊന്നും ഒന്നുമല്ല. സാത്താന്റെ വ്യവസ്ഥിതി തകരും, അതിന്റെ മത-രാഷ്ട്രീയ-വാണിജ്യ ഘടകങ്ങൾ നാശത്തിലേക്കു കൂപ്പുകുത്തും. നൂറ്റാണ്ടുകളായി വാണിജ്യലോകത്തിന്റെ അവിഭാജ്യഘടകങ്ങളായിരുന്ന സ്വർണവും വെള്ളിയും വിലയില്ലാത്തതായിത്തീരുമെന്ന് യഹസ്കേലും സെഫന്യയും മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (യഹ. 7:19; സെഫ. 1:18) ഒന്നു ചിന്തിക്കുക! ജീവിതസായാഹ്നത്തിലെത്തിയിട്ട് പിന്തിരിഞ്ഞുനോക്കുമ്പോൾ, ഈ ലോകത്തിലെ “നീതികെട്ട ധനം” വാരിക്കൂട്ടാനായി നഷ്ടപ്പെടുത്തിയതു യഥാർഥധനമാണ് എന്നു തിരിച്ചറിയേണ്ടിവന്നാൽ എന്തായിരിക്കും നമുക്കു തോന്നുക? ജീവിതകാലം മുഴുവൻ അധ്വാനിച്ച് സമ്പാദിച്ചുകൂട്ടിയ പണം മുഴുവൻ കള്ളനോട്ടാണെന്നു തിരിച്ചറിയുന്ന ഒരാളുടെ അവസ്ഥയായിരിക്കും നമ്മുടേത്. (സുഭാ. 18:11) അതെ, അത്തരം ധനമെല്ലാം ഒരിക്കൽ ഉപകാരമില്ലാത്തതായിത്തീരും. അതുകൊണ്ട് ആ ധനം ഉപയോഗിച്ച് ഇപ്പോൾ സ്വർഗത്തിൽ “സ്നേഹിതരെ” നേടാൻ ശ്രമിക്കുക. അതിനുള്ള അവസരം നഷ്ടപ്പെടുത്തരുത്. യഹോവയുടെ രാജ്യത്തിനുവേണ്ടി ചെയ്യുന്ന ഏതു കാര്യവും നമ്മളെ ആത്മീയമായി സമ്പന്നരാക്കും.
17, 18. ദൈവത്തിന്റെ സ്നേഹിതരെ കാത്തിരിക്കുന്ന അനുഗ്രഹങ്ങൾ എന്താണ്?
17 ദൈവരാജ്യം വരുമ്പോൾ വാടകയും വായ്പകളും പഴങ്കഥയായി മാറും. എല്ലാവർക്കും ഇഷ്ടംപോലെ ഭക്ഷണമുണ്ടായിരിക്കും, ആർക്കും അതിനായി പണം മുടക്കേണ്ടിവരില്ല. ആരോഗ്യകാര്യങ്ങൾക്കുവേണ്ടി പണം ചെലവഴിക്കുന്ന കാലവും പൊയ്പോകും. ഭൂമിയുടെ ഏറ്റവും മികച്ച ഉത്പന്നങ്ങൾ യഹോവയുടെ സ്നേഹിതർ ആസ്വദിക്കും. അന്നും ആളുകൾ സ്വർണവും വെള്ളിയും രത്നങ്ങളും എല്ലാം ഉപയോഗിക്കും, പക്ഷേ അവ അലങ്കാരത്തിനായിരിക്കും അല്ലാതെ നിക്ഷേപങ്ങളായി പൂഴ്ത്തിവെക്കാനായിരിക്കില്ല. മനോഹരമായ വീടുകൾ പണിയാൻ മേത്തരം തടിയും കല്ലും ലോഹങ്ങളും സുലഭമായിരിക്കും. ധാരാളം സുഹൃത്തുക്കൾ നമ്മളെ സഹായിക്കാനെത്തും. പണമല്ല, നമ്മളെ സഹായിക്കുന്നതിലെ സംതൃപ്തി ആഗ്രഹിച്ചായിരിക്കും അവർ എത്തുന്നത്. ഭൂമിയുടെ എല്ലാ വിഭവങ്ങളും എല്ലാവരും പങ്കിടുന്ന ഒരു കാലം! തികച്ചും പുതിയൊരു ജീവിതരീതി!
18 സ്വർഗത്തിൽ സ്നേഹിതരുള്ളവർക്കു ലഭിക്കാനിരിക്കുന്ന അമൂല്യമായ അനുഗ്രഹങ്ങൾ ഇവിടംകൊണ്ട് തീരുന്നില്ല. ഭൂമിയിലെ യഹോവയുടെ ആരാധകരോടു യേശു ഇങ്ങനെ പറയും: “എന്റെ പിതാവിന്റെ അനുഗ്രഹം കിട്ടിയവരേ, വരൂ! ലോകാരംഭംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്ളൂ!” ഈ വാക്കുകൾ കേൾക്കുമ്പോൾ ഭൂമിയിലെ സത്യാരാധകർക്കുണ്ടാകുന്ന സന്തോഷം എത്രമാത്രമായിരിക്കും!—മത്താ. 25:34.
^ ഖ. 4 കാര്യസ്ഥന് എതിരെയുള്ള പരാതി ന്യായമായിരുന്നോ അല്ലയോ എന്നൊന്നും യേശു പറയുന്നില്ല. ലൂക്കോസ് 16:1-ൽ “പരാതി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിനു പരദൂഷണം എന്നൊരു അർഥവും വരാം. എന്നാൽ ആ സാഹചര്യത്തിൽ കാര്യസ്ഥൻ എങ്ങനെ പ്രതികരിച്ചു എന്നതിനാണു യേശു പ്രാധാന്യം കൊടുത്തത്, അല്ലാതെ അദ്ദേഹത്തെ പിരിച്ചുവിടാനുള്ള കാരണത്തിനല്ല.
^ ഖ. 15 2003 ജൂലൈ 8 ലക്കം ഉണരുക!-യുടെ 20-24 പേജുകളിൽ ലൂചീയാ മൂസാനെറ്റിന്റെ ജീവിതകഥ കാണാം.