സമയം എത്രയായി?
സമയം അറിയണമെങ്കിൽ നിങ്ങൾ എന്തു ചെയ്യും? വാച്ചിലോ ക്ലോക്കിലോ നോക്കും. ഒരു കൂട്ടുകാരൻ സമയം എത്രയായെന്നു ചോദിച്ചാൽ നിങ്ങൾ എങ്ങനെ അതിനു മറുപടി പറയും? സമയം പറയാൻ വ്യത്യസ്തരീതികൾ ഉണ്ട്. ഏതൊക്കെ?
ഉദാഹരണത്തിന്, ഉച്ച കഴിഞ്ഞ് ഒരു മണിക്കൂറും 30 മിനിറ്റും പിന്നിട്ടെന്നു കരുതുക. ‘ഒന്ന് മുപ്പത്’ എന്നു നിങ്ങൾ ചിലപ്പോൾ പറയും. നിങ്ങളുടെ നാടും പറയുന്ന രീതിയും അനുസരിച്ച് ചിലപ്പോൾ 13:30 എന്നായിരിക്കും നിങ്ങളുടെ മറുപടി. 24 മണിക്കൂർ ക്ലോക്കിനെ അടിസ്ഥാനമാക്കിയാണ് ഇങ്ങനെ പറയുന്നത്. ‘ഒന്നരയായി’ എന്നാണു മിക്കവാറും നമ്മൾ പറയാറ്.
ബൈബിൾ വായിക്കുന്ന നിങ്ങൾ ബൈബിൾക്കാലങ്ങളിൽ എങ്ങനെയാണ് ആളുകൾ സമയം പറഞ്ഞിരുന്നതെന്നു ചിന്തിച്ചേക്കാം. അതിനു പല വിധങ്ങളുണ്ടായിരുന്നു. ബൈബിളിലെ എബ്രായതിരുവെഴുത്തുകളിൽ “രാവിലെ,” “ഉച്ച,” “നട്ടുച്ച,” “വൈകുന്നേരം” എന്നീ പദപ്രയോഗങ്ങൾ കാണാം. (ഉൽപ. 8:11; 19:27; 43:16; ആവ. 28:29; 1 രാജാ. 18:26) എന്നിരുന്നാലും ചില സന്ദർഭങ്ങളിൽ കുറെക്കൂടി കൃത്യമായി സമയം പറഞ്ഞിട്ടുണ്ട്.
യേശു ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പ് ഇസ്രായേല്യർ രാത്രിയെ മൂന്നു ഭാഗങ്ങളായി തിരിച്ചിരുന്നു. യാമങ്ങൾ എന്നാണ് അവയെ വിളിച്ചിരുന്നത്. (സങ്കീ. 63:6) ന്യായാധിപന്മാർ 7:19-ൽ ‘മധ്യയാമത്തെക്കുറിച്ച്’ പറയുന്നു. യേശുവിന്റെ കാലമായപ്പോഴേക്കും ജൂതന്മാർ ഗ്രീക്കുകാരുടെയും റോമാക്കാരുടെയും രീതി കടമെടുത്ത് രാത്രിയെ നാലു യാമങ്ങളായി തിരിച്ചു.
സുവിശേഷങ്ങളിൽ ഈ യാമങ്ങളെക്കുറിച്ച് പല പ്രാവശ്യം പറയുന്നുണ്ട്. ഉദാഹരണത്തിന്, ശിഷ്യന്മാരുടെ വള്ളത്തിന്റെ അടുത്തേക്ക് “രാത്രിയുടെ നാലാം യാമത്തിൽ” യേശു കടലിനു മുകളിലൂടെ നടന്നുചെന്നു എന്ന് നമ്മൾ വായിക്കുന്നു. (മത്താ. 14:25) ഒരു ദൃഷ്ടാന്തത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “കള്ളൻ വരുന്ന യാമം വീട്ടുകാരന് അറിയാമായിരുന്നെങ്കിൽ അയാൾ ഉണർന്നിരുന്ന് കള്ളൻ വീടു കവർച്ച ചെയ്യാതിരിക്കാൻ നോക്കില്ലായിരുന്നോ?”—മത്താ. 24:43, അടിക്കുറിപ്പ്.
യേശു തന്റെ ശിഷ്യന്മാരോടു സംസാരിച്ച സമയത്ത് ഈ നാലു യാമങ്ങളെക്കുറിച്ച് സൂചിപ്പിച്ചു: “നിങ്ങളും എപ്പോഴും ഉണർന്നിരിക്കുക. കാരണം വീട്ടുകാരൻ വരുന്നതു സന്ധ്യയ്ക്കോ അർധരാത്രിക്കോ കോഴി കൂകുന്ന നേരത്തോ അതിരാവിലെയോ എപ്പോഴാണെന്ന് അറിയില്ല.” (മർക്കോ. 13:35) ആ യാമങ്ങളിൽ ആദ്യത്തേത്, അതായത് “സന്ധ്യ,” സൂര്യാസ്തമയം തൊട്ട് രാത്രി ഒൻപതു മണി വരെയായിരുന്നു. രണ്ടാമത്തെ യാമം, “അർധരാത്രി,” രാത്രി ഒൻപതു മണി തൊട്ട് പാതിരാത്രി വരെയായിരുന്നു. മൂന്നാമത്തേത് “കോഴി കൂകുന്ന നേരം,” അതായത് “പുലർച്ചയ്ക്കു മുമ്പ്,” പാതിരാത്രി മുതൽ വെളുപ്പിന് മൂന്നു മണി വരെയുള്ള സമയം. യേശുവിനെ അറസ്റ്റ് ചെയ്ത സമയത്ത് കോഴി കൂകിയതു ശരിക്കും ഈ യാമത്തിലായിരുന്നു. (മർക്കോ. 14:72) രാത്രിയിലെ നാലാമത്തെ യാമം, “അതിരാവിലെ” മൂന്നു മണി മുതൽ സൂര്യോദയം വരെയായിരുന്നു.
അതുകൊണ്ട്, ഇന്നത്തെപ്പോലെ സമയം നോക്കാനുള്ള ഘടികാരങ്ങളൊന്നും ബൈബിൾക്കാലങ്ങളിൽ ആളുകൾക്കില്ലായിരുന്നെങ്കിലും പകലത്തെയും രാത്രിയിലെയും സമയം പറയാൻ അവർക്ക് ഒരു സംവിധാനമുണ്ടായിരുന്നു.