നിങ്ങൾക്ക് അറിയാമോ?
‘നായ്ക്കുട്ടിയെക്കുറിച്ചുള്ള’ യേശുവിന്റെ ഉദാഹരണം അധിക്ഷേപിക്കുന്നതായിരുന്നോ?
ഒരു സന്ദർഭത്തിൽ ഇസ്രായേലിന്റെ അതിർത്തിക്കു വെളിയിലായി റോമൻ പ്രവിശ്യയുടെ കീഴിലുള്ള സിറിയയിലായിരുന്നപ്പോൾ ഒരു ഗ്രീക്ക് സ്ത്രീ സഹായത്തിനായി യേശുവിനെ സമീപിച്ചു. എന്നാൽ ജൂതന്മാരല്ലാത്ത ആളുകളെ ‘നായ്ക്കുട്ടികളോട്’ ഉപമിച്ചുകൊണ്ടുള്ള ഒരു ദൃഷ്ടാന്തം പറഞ്ഞുകൊണ്ടാണ് യേശു ആ സ്ത്രീക്കു മറുപടി കൊടുത്തത്. മോശയുടെ നിയമത്തിൽ നായ്ക്കളെ അശുദ്ധമൃഗങ്ങളുടെ ഗണത്തിലാണു പെടുത്തിയിരുന്നത്. (ലേവ്യ 11:27) ഇവിടെ യേശു ജൂതരല്ലാത്തവരെയും ആ ഗ്രീക്ക് സ്ത്രീയെയും അപമാനിച്ച് സംസാരിക്കുകയായിരുന്നോ?
ഒരിക്കലുമല്ല. തന്റെ ശിഷ്യന്മാരോടു പറഞ്ഞതുപോലെ, ആ സമയത്ത് ജൂതന്മാരെ സഹായിക്കുക എന്നതാണ് തന്റെ മുൻഗണന എന്നാണ് യേശു പറഞ്ഞതിന്റെ സാരം. അതുകൊണ്ടാണ് ഗ്രീക്കുകാരിയായ സ്ത്രീയോട് യേശു ഇങ്ങനെ പറഞ്ഞത്: “മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ.” (മത്തായി 15:21-26; മർക്കോസ് 7:26) ഗ്രീക്കുകാരുടെയും റോമാക്കാരുടെയും വീടുകളിൽ അവരുടെ കുട്ടികളോടൊപ്പം കളിക്കുന്ന, അവർക്കൊക്കെ വളരെ പ്രിയപ്പെട്ട ഓമനമൃഗമാണ് നായ്ക്കൾ. അതുകൊണ്ടുതന്നെ “നായ്ക്കുട്ടി” എന്നു യേശു പറഞ്ഞപ്പോൾ ഓമനത്തം തുളുമ്പുന്ന ഒരു ചിത്രമായിരിക്കും അവരുടെ മനസ്സിലേക്കു വന്നത്. യേശുവിന്റെ വാക്കുകൾക്ക് മറുപടിയായി ആ ഗ്രീക്ക് സ്ത്രീ ഇങ്ങനെ പറയുന്നു: “അങ്ങ് പറഞ്ഞതു ശരിയാണു കർത്താവേ. പക്ഷേ നായ്ക്കുട്ടികളും യജമാനന്റെ മേശയിൽനിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ.” അവളുടെ വിശ്വാസത്തെ യേശു അഭിനന്ദിച്ച് സംസാരിച്ചു. കൂടാതെ ആ സ്ത്രീയുടെ മകളെ സുഖപ്പെടുത്തുകയും ചെയ്തു.—മത്തായി 15:27, 28.
കപ്പൽയാത്ര നീട്ടിവെക്കാനുള്ള പൗലോസ് അപ്പോസ്തലന്റെ നിർദേശം ബുദ്ധിയായിരുന്നോ?
പൗലോസിനെയുംകൊണ്ട് ഇറ്റലിയിലേക്ക് പോയ കപ്പൽ ശക്തമായ പ്രതികൂലകാലാവസ്ഥ കാരണം മുന്നോട്ടു പോകാൻ കഷ്ടപ്പെടുകയായിരുന്നു. ഇടയ്ക്കൊരു തുറമുഖത്ത് കപ്പൽ നിർത്തിയപ്പോൾ ഇനിയുള്ള യാത്ര നീട്ടി വെക്കാൻ അപ്പോസ്തലൻ നിർദേശിച്ചു. (പ്രവൃത്തികൾ 27:9-12) അങ്ങനെ നിർദേശിക്കാൻ എന്തെങ്കിലും കാരണമുണ്ടായിരുന്നോ?
മെഡിറ്ററേനിയൻ സമുദ്രത്തിലൂടെയുള്ള ശീതകാലത്തെ കപ്പൽയാത്ര വളരെ ദുഷ്കരമാണെന്ന് പുരാതനകാലത്തെ നാവികർക്കൊക്കെ നന്നായി അറിയാം. നവംബർ പകുതിമുതൽ മാർച്ച് പകുതിവരെ സമുദ്രമാർഗം വഴിയുള്ള കപ്പൽയാത്ര ഏതാണ്ട് നിലച്ചമട്ടാണ്. പൗലോസ് സംസാരിക്കുന്ന കപ്പൽയാത്ര സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിലായിരുന്നു നടന്നത്. വെജീഷിയാസ് എന്ന റോമൻ എഴുത്തുകാരൻ (എ.ഡി. 4-ാം നൂറ്റാണ്ട്) സൈനിക ശാസ്ത്രത്തിന്റെ സാരസംഗ്രഹം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഈ പാതയിലൂടെയുള്ള സമുദ്രയാത്രയെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെ: “ചില മാസങ്ങൾ വളരെ അനുയോജ്യമാണ്. ചിലത് സംശയമാണ്. മറ്റു ചിലത് അസാധ്യമാണ്.” അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കപ്പൽയാത്ര വളരെ അനുയോജ്യമായ സമയം മെയ് 27 തൊട്ട് സെപ്റ്റംബർ 14 വരെയാണ്. എന്നാൽ സംശയകരവും അപകടംപിടിച്ചതും ആയ സമയം സെപ്റ്റംബർ 15 മുതൽ നവംബർ 11 വരെയും മാർച്ച് 11 മുതൽ മെയ് 26 വരെയും ആണ്. സമുദ്രയാത്രകൾ ചെയ്തു നല്ല പരിചയമുള്ള പൗലോസിന് ഈ കാര്യങ്ങളൊക്കെ നന്നായി അറിയാമെന്ന കാര്യത്തിൽ സംശയമില്ല. കപ്പിത്താനും കപ്പലുടമയ്ക്കും ഇത്തരം കാര്യങ്ങൾ അറിയാമായിരുന്നിരിക്കണം. എന്നാൽ അവർ പൗലോസിന്റെ വാക്കുകൾക്കു ചെവികൊടുത്തില്ല. അവസാനം കടലിൽ വെച്ചു കപ്പൽ തകർന്നു.—പ്രവൃത്തികൾ 27:13-44.