എപ്പോഴായിരിക്കും ലോകാവസാനം?
കഴിഞ്ഞ ലേഖനത്തിൽ കണ്ടതുപോലെ, ബൈബിളിൽ ലോകാവസാനം എന്നു പറയുന്നത് ഈ ഭൂമിയുടെ നാശമല്ല, മുഴുമനുഷ്യരുടെ നാശവുമല്ല. ഈ ദുഷ്ടവ്യവസ്ഥിതിയുടെയും അതിനെ അനുകൂലിക്കുന്നവരുടെയും നാശമാണ്. എന്നാൽ ഇത് എപ്പോഴാണ് സംഭവിക്കുന്നതെന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ടോ?
അവസാനത്തെക്കുറിച്ച് യേശു പറഞ്ഞത്:
“എപ്പോഴും ഉണർന്നിരിക്കുക. കാരണം ആ ദിവസമോ മണിക്കൂറോ നിങ്ങൾക്ക് അറിയില്ലല്ലോ.”—മത്തായി 25:13.
“നോക്കിയിരിക്കൂ! ഉണർന്നിരിക്കൂ! നിശ്ചയിച്ചിരിക്കുന്ന സമയം നിങ്ങൾക്ക് അറിയില്ലല്ലോ.”—മർക്കോസ് 13:33.
ഈ ലോകത്തിന്റെ അവസാനത്തിനായി ദൈവം ഒരു ‘നിശ്ചിതസമയം,’ അതായത് ഒരു കൃത്യ “ദിവസവും മണിക്കൂറും” വെച്ചിട്ടുണ്ട്. ഭൂമിയിലുള്ള ആർക്കും അത് എപ്പോഴാണെന്ന് അറിയില്ല. (മത്തായി 24:36) എന്നാൽ അതിന്റെ അർഥം, ലോകാവസാനം അടുത്തോ എന്ന് അറിയാൻ ഒരു വഴിയും ഇല്ലെന്നാണോ? അങ്ങനെയല്ല. അവസാനം അടുക്കുമ്പോൾ ചില കാര്യങ്ങൾ സംഭവിക്കുമെന്നും അതിനുവേണ്ടി നോക്കിയിരിക്കണമെന്നും യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞിരുന്നു.
അടയാളം
ഈ “വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു” എന്നതിന്റെ അടയാളമായി യേശു പറഞ്ഞു: “ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും. ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകും.” (മത്തായി 24:3, 7) അതുപോലെ മാരകമായ ‘പകർച്ചവ്യാധികൾ’ ഉണ്ടാകുമെന്നും യേശു പറഞ്ഞു. (ലൂക്കോസ് 21:11) യേശു പറഞ്ഞ ആ കാര്യങ്ങളൊക്കെ ഇപ്പോൾ കാണുന്നില്ലേ?
യുദ്ധം, ക്ഷാമം, ഭൂകമ്പങ്ങൾ, മാരകമായ രോഗങ്ങൾ എന്നിവമൂലം ഇന്നു ഭൂമിയിലെ ആളുകൾ കഷ്ടപ്പെടുകയാണ്. ഉദാഹരണത്തിന്, 2004-ൽ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ ഭൂകമ്പംകൊണ്ട് വന്ന സുനാമി ഏകദേശം 2,25,000 പേരുടെ ജീവനാണെടുത്തത്. ഇനി, കോവിഡ്-19 മഹാമാരി കാരണം മൂന്നു വർഷംകൊണ്ട് ലോകമെമ്പാടുമായി ഏതാണ്ട് 69 ലക്ഷം ആളുകളുടെ ജീവനാണു പൊലിഞ്ഞത്. ഇതെല്ലാം ഈ വ്യവസ്ഥിതി അവസാനിക്കാൻ പോകുന്നു എന്നതിന്റെ തെളിവുകളായിരിക്കുമെന്ന് യേശു പറഞ്ഞു.
‘അവസാനകാലം’
ഈ വ്യവസ്ഥിതിയുടെ നാശത്തിനു തൊട്ടുമുമ്പുള്ള കാലത്തെ ‘അവസാനകാലം’ എന്നാണ് ബൈബിൾ വിളിച്ചിരിക്കുന്നത്. (2 പത്രോസ് 3:3, 4) അവസാനകാലത്ത് ആളുകളുടെ സ്വഭാവരീതികൾ വളരെ മോശമായിരിക്കുമെന്ന് 2 തിമൊഥെയൊസ് 3:1-5 പറയുന്നു. (“ ലോകാവസാനത്തിനു തൊട്ടുമുമ്പ്” എന്ന ചതുരം കാണുക.) സ്വാർഥരും അത്യാഗ്രഹികളും ക്രൂരന്മാരും സ്നേഹമില്ലാത്തവരും ആയ ആളുകളെ നമ്മൾ ഇന്നു കാണുന്നില്ലേ? നമ്മൾ ലോകാവസാനത്തോട് അടുത്തു എന്നാണ് ഇതും കാണിക്കുന്നത്.
ഈ അവസാനകാലം എത്രത്തോളം നീളും? അതു “കുറച്ച് കാലമേ” ഉളളൂ എന്നാണ് ബൈബിൾ പറയുന്നത്. അതിനു ശേഷം ദൈവം ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും.’—വെളിപാട് 11:15-18; 12:12.
പറുദീസാഭൂമി ഇതാ തൊട്ടടുത്ത്!
ഇന്നത്തെ ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കാൻ ദൈവം ഒരു കൃത്യ ദിവസവും മണിക്കൂറും നിശ്ചയിച്ചിട്ടുണ്ട്. (മത്തായി 24:36) എന്നാൽ ഒരു സന്തോഷവാർത്തയുണ്ട്. നമ്മൾ ‘ആരും നശിച്ചുപോകരുതെന്ന്’ ദൈവം ആഗ്രഹിക്കുന്നു. (2 പത്രോസ് 3:9) ദൈവത്തെക്കുറിച്ച് പഠിക്കാനും അതനുസരിച്ച് ജീവിക്കാനും ദൈവം നമുക്ക് ഇപ്പോൾ ഒരു അവസരം തന്നിട്ടുണ്ട്. അങ്ങനെ നമുക്കു ലോകാവസാനത്തെ അതിജീവിക്കാനും ഭൂമി ഒരു പറുദീസയാകുമ്പോൾ ആ പുതിയ ലോകത്തിൽ ആയിരിക്കാനും കഴിയും.
പുതിയ ലോകത്തിൽ ജീവിക്കാൻ കഴിയണമെങ്കിൽ എന്തു ചെയ്യണമെന്ന് ആളുകൾ ഇപ്പോൾ പഠിക്കണം. അതു പഠിപ്പിക്കാൻ ലോകം മുഴുവനുമായി ദൈവം ഒരു ക്രമീകരണം ചെയ്തിട്ടുണ്ട്. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത “ഭൂലോകത്തെങ്ങും” പ്രസംഗിക്കപ്പെടും എന്ന് യേശു പറഞ്ഞിരുന്നു. (മത്തായി 24:14) ഇതിനു ചേർച്ചയിൽ ദൈവരാജ്യത്തെക്കുറിച്ച് അറിയാനും അതെക്കുറിച്ച് കൂടുതലായി പഠിക്കാനും യഹോവയുടെ സാക്ഷികൾ ആളുകളെ സഹായിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകളെ ഇങ്ങനെ സഹായിക്കുന്നതിനുവേണ്ടി കോടിക്കണക്കിന് മണിക്കൂറുകളാണ് അവർ ചെലവഴിക്കുന്നത്. അവസാനം വരുന്നതിനുമുമ്പ് ഈ പ്രസംഗപ്രവർത്തനം ഭൂമിയിലെങ്ങും നടന്നിട്ടുണ്ടാകുമെന്നാണ് യേശു പറഞ്ഞത്.
മനുഷ്യഭരണം ഏതാണ്ട് അവസാനിച്ചു. എന്നാൽ സന്തോഷിക്കാൻ വകയുണ്ട്, നിങ്ങൾക്ക് ഈ ലോകാവസാനത്തെ അതിജീവിച്ച് ദൈവം ഉറപ്പു നൽകിയ ആ പുതിയ ലോകത്തിലായിരിക്കാൻ കഴിയും. അതിന് എന്തു ചെയ്യണമെന്ന് അടുത്ത ലേഖനത്തിൽ കാണാം.
‘അവസാനകാലത്തെക്കുറിച്ചുള്ള’ യേശുവിന്റെ പ്രവചനം നമുക്കു മുന്നിൽ പ്രത്യാശയുടെ വെളിച്ചംവീശുന്നു