ഈ ലോകം അവസാനിക്കാൻ പോകുകയാണോ?
ഈ ലോകം അവസാനിക്കുമെന്ന് ബൈബിളിൽ പറയുന്നതായി നിങ്ങൾക്ക് അറിയാമായിരിക്കും. (1 യോഹന്നാൻ 2:17) അതിനർഥം, മനുഷ്യരൊന്നും പിന്നെ ഭൂമിയിൽ ഉണ്ടാകില്ലെന്നാണോ? ഭൂമി ജീവജാലങ്ങൾ ഒന്നുമില്ലാതെ വെറുതേ പാഴായിക്കിടക്കും, അല്ലെങ്കിൽ ഭൂമിതന്നെ നശിച്ചുപോകും എന്നാണോ?
ഈ ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം ‘അല്ല’ എന്നാണ്.
അവസാനിക്കില്ലാത്തത്
മനുഷ്യവർഗം
ബൈബിൾ പറയുന്നത്: ദൈവം ‘ഭൂമിയെ വെറുതേ സൃഷ്ടിക്കാതെ, മനുഷ്യർക്കു താമസിക്കാനായി ഉണ്ടാക്കി.’—യശയ്യ 45:18.
ഭൂമി
ബൈബിൾ പറയുന്നത്: “ഒരു തലമുറ പോകുന്നു, മറ്റൊരു തലമുറ വരുന്നു. പക്ഷേ ഭൂമി എന്നും നിലനിൽക്കുന്നു.”—സഭാപ്രസംഗകൻ 1:4.
അർഥം: ബൈബിൾ പറയുന്നതനുസരിച്ച് ഭൂമി ഒരിക്കലും നശിച്ചുപോകില്ല, അവിടെ എന്നും മനുഷ്യർ താമസിക്കും. അങ്ങനെയാണെങ്കിൽ എന്താണ് ഈ ലോകാവസാനം?
ചിന്തിക്കുക: വരാൻപോകുന്ന ലോകാവസാനത്തെ നോഹയുടെ നാളിൽ നടന്ന സംഭവങ്ങളോടാണ് ബൈബിൾ താരതമ്യപ്പെടുത്തുന്നത്. നോഹ ജീവിച്ചിരുന്ന കാലത്ത് ഭൂമി ‘അക്രമംകൊണ്ട് നിറഞ്ഞിരുന്നു.’ (ഉൽപത്തി 6:13) എന്നാൽ നോഹ നീതിമാനായിരുന്നു. അതുകൊണ്ട് ഒരു പ്രളയത്താൽ ദൈവം ദുഷ്ടരായ ആളുകളെയെല്ലാം നശിപ്പിച്ചപ്പോൾ നോഹയെയും കുടുംബത്തെയും സംരക്ഷിച്ചു. അന്നു നടന്ന ആ സംഭവത്തെക്കുറിച്ച് പിന്നീട് ബൈബിൾ പറയുന്നത് ഇങ്ങനെയാണ്: ‘പ്രളയമുണ്ടായി ലോകം നശിച്ചു.’ (2 പത്രോസ് 3:6) അതെ, അതൊരു ലോകാവസാനമായിരുന്നു. എന്നാൽ എന്താണ് അന്ന് നശിച്ചത്? ഭൂമിയല്ല, ഭൂമിയിലെ ദുഷ്ടരായ മനുഷ്യരാണ്. അതുകൊണ്ട് ലോകത്തിന്റെ അവസാനം എന്നു ബൈബിൾ പറയുന്നത് ഈ ഭൂമി നശിക്കുന്നതിനെക്കുറിച്ചല്ല. മറിച്ച്, ഈ ഭൂമിയിലെ ദുഷ്ടരായ ആളുകളെയും അവർ കെട്ടിപ്പടുത്തിയ കാര്യങ്ങളെയും നശിപ്പിക്കുന്നതിനെക്കുറിച്ചാണ്.
അവസാനിക്കുന്നത്
ദുഷ്ടതയും മറ്റു പ്രശ്നങ്ങളും
ബൈബിൾ പറയുന്നത്: “കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല. അവർ ഉണ്ടായിരുന്നിടത്ത് നീ നോക്കും; പക്ഷേ, അവരെ കാണില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും.”—സങ്കീർത്തനം 37:10, 11.
അർഥം: നോഹയുടെ നാളിലെ പ്രളയത്തോടെ ദുഷ്ടത അവസാനിച്ചു എന്ന് പറയാനാകില്ല. കാരണം പിന്നീടും ദുഷ്ടരായ ആളുകൾ ഭൂമിയിൽ ഉണ്ടാകുകയും ആളുകളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നുതന്നെ ദൈവം ഈ ദുഷ്ടതയ്ക്കെല്ലാം ഒരു അവസാനം കൊണ്ടുവരും. സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ, പിന്നെ “ദുഷ്ടന്മാരുണ്ടായിരിക്കില്ല.” ദൈവം തന്റെ രാജ്യത്തിലൂടെയാണ് ദുഷ്ടന്മാരെയെല്ലാം നശിപ്പിക്കാൻ പോകുന്നത്. ദൈവത്തോട് അനുസരണമുള്ള ആളുകളെ ഭരിക്കുന്ന ഒരു ഗവൺമെന്റാണ് ഈ രാജ്യം. സ്വർഗത്തിൽനിന്നായിരിക്കും അത് ഭരണം നടത്തുന്നത്.
ചിന്തിക്കുക: ദൈവരാജ്യം വരുമ്പോൾ ഇന്നു മനുഷ്യരെ ഭരിക്കുന്ന നേതാക്കന്മാരുടെ പ്രതികരണം എന്തായിരിക്കും? അവർ ദൈവരാജ്യത്തെ എതിർക്കുമെന്നു ബൈബിൾ പറയുന്നു. അങ്ങനെ അവർ അബദ്ധം കാണിക്കും. (സങ്കീർത്തനം 2:2) ഫലമോ? ദൈവരാജ്യം ഇന്നത്തെ മനുഷ്യഗവൺമെന്റുകളെയെല്ലാം തകർത്തുകളയും. എന്നിട്ട് “അതു മാത്രം എന്നും നിലനിൽക്കും.” (ദാനിയേൽ 2:44) മനുഷ്യരുടെ ഭരണം അവസാനിക്കേണ്ടതുണ്ടോ?
അവസാനിക്കേണ്ടത്—മനുഷ്യരുടെ ഭരണം
ബൈബിൾ പറയുന്നത്: ‘സ്വന്തം കാലടികളുടെ നിയന്ത്രണംപോലും മനുഷ്യനുള്ളതല്ല.’—യിരെമ്യ 10:23.
അർഥം: മനുഷ്യർക്ക് മനുഷ്യരെ ഭരിക്കാവുന്ന രീതിയിലല്ല ദൈവം അവരെ സൃഷ്ടിച്ചത്. മറ്റുള്ളവരെ ഭരിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഉള്ള മനുഷ്യരുടെ ശ്രമങ്ങൾ ഇന്നു പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ചിന്തിക്കുക: ഒരു സർവവിജ്ഞാനകോശം (Britannica Academic) പറയുന്നത് ഇങ്ങനെയാണ്: “ദാരിദ്ര്യം, പട്ടിണി, രോഗം, പ്രകൃതിദുരന്തങ്ങൾ, യുദ്ധം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയൊന്നും പരിഹരിക്കാൻ” ഇന്നത്തെ ഗവൺമെന്റുകൾക്ക് കഴിയുന്നില്ലെന്നാണ് തോന്നുന്നത്. അതു തുടർന്ന് ഇങ്ങനെ പറയുന്നു: “ലോകം മുഴുവൻ ഒരൊറ്റ ഗവൺമെന്റിന്റെ കീഴിലാണെങ്കിൽ ഇതുപോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ്” ചിലർ വിശ്വസിക്കുന്നത്. ശരി, ലോകം മുഴുവനും ഒരൊറ്റ ഗവൺമെന്റിന്റെ കീഴിൽ വന്നാലും, അപ്പോഴും അതു ഭരിക്കുന്നത് ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ കഴിയാത്ത, കുറവുകളൊക്കെയുള്ള മനുഷ്യർതന്നെയല്ലേ? ദൈവത്തിന്റെ ഗവൺമെന്റിനു മാത്രമേ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും പൂർണമായി പരിഹരിക്കാൻ കഴിയുകയുള്ളൂ.
ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനത്തെക്കുറിച്ച് ഓർത്ത്, അതായത് ഈ ലോകത്തിന്റെ അവസാനത്തെക്കുറിച്ച് ഓർത്ത്, നല്ലവരായ ആളുകൾ പേടിക്കണോ? ‘വേണ്ട’ എന്നാണ് ബൈബിൾ പറയുന്നത്. പകരം അവർ സന്തോഷിക്കുകയാണ് വേണ്ടത്. കാരണം ഈ മോശമായ ലോകത്തിന്റെ സ്ഥാനത്ത് ദൈവം അതിമഹത്തായ ഒരു പുതിയ ലോകം കൊണ്ടുവരും!
അത് എപ്പോൾ സംഭവിക്കും? ബൈബിളിന്റെ ഉത്തരം അടുത്ത ലേഖനത്തിൽ കാണാം.