പുതിയ ലോകത്തിൽ ജീവിക്കാൻ. . .
കുഴഞ്ഞുമറിഞ്ഞ ഈ ലോകം പെട്ടെന്നുതന്നെ ദൈവം അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ലേഖനങ്ങളിൽ നമ്മൾ കണ്ടു. അതിനു യാതൊരു സംശയവും വേണ്ടാ. കാരണം ദൈവവചനമായ ബൈബിളിൽ ഇങ്ങനെ പറയുന്നു:
‘ലോകം നീങ്ങിപ്പോകും.’—1 യോഹന്നാൻ 2:17.
എന്നാൽ രക്ഷപ്പെടുന്നവർ ആരും ഉണ്ടായിരിക്കില്ലേ? ഉണ്ടായിരിക്കും. കാരണം ബൈബിൾ ഇങ്ങനെയും ഉറപ്പുനൽകുന്നുണ്ട്:
“ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നയാൾ എന്നും ജീവിക്കും.”
അപ്പോൾ രക്ഷപ്പെടണമെങ്കിൽ നമ്മൾ എന്തു ചെയ്യണം? ദൈവത്തിന്റെ ഇഷ്ടം ചെയ്യണം. ദൈവത്തിന്റെ ഇഷ്ടം അറിയണമെങ്കിൽ നമ്മൾ ആദ്യം ദൈവത്തെ അറിയണം.
‘ദൈവത്തെ അറിയുക,’ രക്ഷ നേടുക
യേശു പറഞ്ഞു: ‘ഏകസത്യദൈവമായ അങ്ങയെ അറിയുന്നതാണ് നിത്യജീവൻ.’ (യോഹന്നാൻ 17:3) ലോകാവസാനം വരുമ്പോൾ അതിൽനിന്ന് രക്ഷ നേടുന്നതിനും എന്നേക്കും ജീവിച്ചിരിക്കുന്നതിനും നമ്മൾ ‘ദൈവത്തെ അറിയണം.’ എന്നാൽ അതിൽ, ദൈവമുണ്ടെന്നു സമ്മതിക്കുന്നതോ ദൈവത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയുന്നതോ അല്ല ഉൾപ്പെടുന്നത്, നമ്മൾ ദൈവത്തിന്റെ കൂട്ടുകാരാകണം. ഒരാളുമായി നല്ലൊരു സൗഹൃദത്തിലേക്കു വരണമെങ്കിൽ നമ്മൾ അവരോടൊത്ത് സമയം ചെലവിടണം. ദൈവത്തിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ്. ദൈവത്തിന്റെ നല്ലൊരു സുഹൃത്താകണമെങ്കിൽ നമ്മൾ ബൈബിളിലെ ചില സത്യങ്ങൾ പഠിക്കണം. അവയിൽ ചിലത്:
ദൈവവചനമായ ബൈബിൾ ദിവസവും വായിക്കുക
ജീവിച്ചിരിക്കാൻ നമ്മൾ എന്നും ഭക്ഷണം കഴിക്കണം. എന്നാൽ അതുമാത്രം മതിയോ? യേശു പറഞ്ഞു: “മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല, യഹോവയുടെ വായിൽനിന്ന് വരുന്ന എല്ലാ വചനംകൊണ്ടും ജീവിക്കേണ്ടതാണ്.”—മത്തായി 4:4.
യഹോവയുടെ വചനങ്ങൾ, അഥവാ യഹോവയുടെ വാക്കുകൾ നമുക്ക് ഇന്നു ബൈബിളിൽ കാണാൻ കഴിയും. അമൂല്യമായ ആ പുസ്തകം പഠിക്കുമ്പോൾ നമുക്കു പല സത്യങ്ങളും അറിയാനാകും—മനുഷ്യർക്കുവേണ്ടി ദൈവം പണ്ടുചെയ്ത കാര്യങ്ങളും ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളും ഭാവിയിൽ ചെയ്യാൻപോകുന്ന കാര്യങ്ങളും.
സഹായത്തിനായി ദൈവത്തോടു പ്രാർഥിക്കുക
ദൈവത്തെ അനുസരിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ട്, എന്നാൽ ദൈവം തെറ്റെന്നു പറയുന്ന ചില കാര്യങ്ങൾ നിറുത്താൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിലോ? അങ്ങനെയാണെങ്കിൽ ദൈവത്തെ അടുത്തറിയുന്നതു നിങ്ങൾക്കു പ്രയോജനം ചെയ്യും.
നമുക്കൊരു സ്ത്രീയെക്കുറിച്ച് നോക്കാം. അവരെ സാന്ദ്ര എന്നു വിളിക്കാം. ഒരു അധാർമികജീവിതമായിരുന്നു അവരുടേത്. ബൈബിൾ പഠിച്ചപ്പോൾ ‘അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകലാനുള്ള’ ദൈവത്തിന്റെ കല്പനയെക്കുറിച്ച് അവർ മനസ്സിലാക്കി. (1 കൊരിന്ത്യർ 6:18) സാന്ദ്ര എന്തു ചെയ്തു? ആ മോശമായ ജീവിതം ഉപേക്ഷിക്കാനുള്ള ശക്തിക്കായി യഹോവയോടു പ്രാർഥിച്ചു. അങ്ങനെ സാന്ദ്രയ്ക്ക് അതിനു സാധിച്ചു. എന്നാൽ അത് അത്ര എളുപ്പമായിരുന്നില്ല. സാന്ദ്ര പറയുന്നു: “ഞാൻ ഒറ്റയ്ക്കു ശ്രമിച്ചാൽ ഇത്തരം കാര്യങ്ങളൊക്കെ ഒഴിവാക്കാൻ എന്നെക്കൊണ്ടാകില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തെറ്റായ കാര്യങ്ങളൊക്കെ മനസ്സിൽ വരുമ്പോൾ ഞാൻ അത് യഹോവയോടു തുറന്നുപറയും. പ്രാർഥനയാണ് യഹോവയോട് അടുക്കാൻ എന്നെ സഹായിച്ചത്.” സാന്ദ്രയെപ്പോലെ ഇന്നു ലക്ഷക്കണക്കിന് ആളുകളാണ് ദൈവത്തെ അറിഞ്ഞുകൊണ്ടിരിക്കുന്നത്. ദൈവത്തെ സന്തോഷിപ്പിക്കുന്ന രീതിയിൽ ജീവിക്കാൻ വേണ്ട മാറ്റങ്ങൾ വരുത്താനുള്ള ശക്തി ദൈവം അവർക്കു കൊടുക്കുന്നു.—ഫിലിപ്പിയർ 4:13.
നിങ്ങൾ എത്രത്തോളം ദൈവത്തെ അറിയുന്നുവോ അത്രത്തോളം ‘ദൈവം നിങ്ങളെ അറിയും,’ നിങ്ങളെ ഉറ്റ സുഹൃത്തായി കാണുകയും ചെയ്യും. (ഗലാത്യർ 4:9; സങ്കീർത്തനം 25:14) അപ്പോൾ നിങ്ങൾക്ക് ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കാൻ കഴിയും. എന്നാൽ പുതിയ ലോകം എങ്ങനെയായിരിക്കും? അടുത്ത ലേഖനത്തിൽ അതു കാണാം.
a ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് ബൈബിളിൽ പറയുന്നു.