വെറുപ്പും പകയും ഇല്ലാതാകുമ്പോൾ!
നമ്മുടെ ഉള്ളിൽനിന്ന് വെറുപ്പിന്റെ എല്ലാ കണികകളും ഇല്ലാതാക്കാൻ നമുക്കു കഴിയും. പക്ഷേ മറ്റുള്ളവരുടെ മനോഭാവവും പ്രവൃത്തികളും മാറ്റാൻ കഴിയില്ലല്ലോ. വെറുപ്പ് ഉള്ളിൽകൊണ്ടുനടക്കുന്ന ആളുകൾ ഇവിടെ ഉള്ളിടത്തോളം നിഷ്കളങ്കരായ ആളുകൾക്ക് അതിന്റെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരും. അങ്ങനെയെങ്കിൽ വെറുപ്പിന്റെ തീ എന്നെന്നേക്കുമായി അണയ്ക്കാൻ ആർക്കു പറ്റും?
ദൈവമായ യഹോവയ്ക്കു മാത്രമേ അതിനു കഴിയൂ. ദൈവം അങ്ങനെ ചെയ്യുമെന്നു ബൈബിൾ ഉറപ്പു തന്നിട്ടുമുണ്ട്.—സുഭാഷിതങ്ങൾ 20:22.
വെറുപ്പിന്റെ അടിസ്ഥാനകാരണങ്ങൾ ദൈവം ഇല്ലാതാക്കും
-
1. പിശാചായ സാത്താൻ. ഈ ലോകത്തിലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രധാന കാരണക്കാരൻ ദുഷ്ടദൂതനായ, പിശാചായ സാത്താനാണ്. അതുകൊണ്ട് സാത്താനെയും സാത്താനെപ്പോലെ വെറുപ്പ് ഉള്ളിൽകൊണ്ടുനടക്കുന്നവരെയും ദൈവം നശിപ്പിക്കും.—സങ്കീർത്തനം 37:38; റോമർ 16:20.
-
2. വെറുപ്പു നിറഞ്ഞ സാത്താന്റെ ഈ ലോകം. ഈ ലോകത്തുനിന്ന് അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും വെറുപ്പ് ഇളക്കിവിടുന്ന മതനേതാക്കന്മാരെയും ദൈവം ഇല്ലാതാക്കും. മറ്റുള്ളവരെ മുതലെടുത്ത് സ്വന്തം കീശ വീർപ്പിക്കുന്ന വ്യവസായങ്ങളെയും ദൈവം തുടച്ചുനീക്കും. സാത്താന്റെ ഈ ലോകത്ത് വെറുപ്പ് ആളിക്കത്തിക്കുന്ന കാര്യങ്ങളാണല്ലോ ഇതെല്ലാം.—2 പത്രോസ് 3:13.
-
3. മനുഷ്യന്റെ അപൂർണത. മനുഷ്യർ അപൂർണരായിട്ടാണ് ജനിക്കുന്നതെന്നു ബൈബിൾ പറയുന്നു. എന്നു പറഞ്ഞാൽ, തെറ്റായ കാര്യങ്ങൾ ചിന്തിക്കാനും പ്രവൃത്തിക്കാനും ഉള്ള ചായ്വോടെ. (റോമർ 5:12) മറ്റുള്ളവരോടുള്ള വെറുപ്പാണ് അതിലൊന്ന്. മനുഷ്യന്റെ ഉള്ളിൽനിന്ന് ഈ തെറ്റായ ചായ്വുകളെല്ലാം ഇല്ലാതാക്കാൻ ദൈവം സഹായിക്കും. അപ്പോൾ എന്നെന്നേക്കുമായി ഈ ലോകത്തുനിന്ന് വെറുപ്പിന്റെ എല്ലാ കണികകളും മാഞ്ഞുപോകും.—യശയ്യ 54:13.
ആരും പരസ്പരം വെറുക്കില്ലാത്ത ഒരു കാലം ബൈബിൾ വാഗ്ദാനം ചെയ്യുന്നു
-
1. ആരും അനീതി അനുഭവിക്കേണ്ടിവരില്ല. ഭാവിയിൽ ദൈവരാജ്യം ഈ ലോകത്തെ ഭരിക്കും. സ്വർഗത്തിൽനിന്നായിരിക്കും അതു ഭരണം നടത്തുന്നത്. പിന്നീടൊരിക്കലും മനുഷ്യർക്ക് അനീതി അനുഭവിക്കേണ്ടിവരില്ല. (ദാനിയേൽ 2:44) അന്നു മുൻവിധിയുണ്ടായിരിക്കില്ല. എല്ലാവർക്കും പരസ്പരം അംഗീകരിക്കാനുള്ള മനസ്സുണ്ടായിരിക്കും. ആളുകൾ ഇന്ന് അനുഭവിക്കുന്ന എല്ലാ അനീതികൾക്കും ദൈവം അന്ന് പരിഹാരം വരുത്തും.—ലൂക്കോസ് 18:7.
-
2. എല്ലാവരും സമാധാനത്തോടെ ജീവിക്കും. അക്രമവും യുദ്ധവും കാരണം അന്ന് ആരും കഷ്ടപ്പെടേണ്ടിവരില്ല. (സങ്കീർത്തനം 46:9) സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ മാത്രമുള്ള ലോകം സുരക്ഷിതമായ ഒരു ഇടമായിരിക്കും.—സങ്കീർത്തനം 72:7.
-
3. എല്ലാവരും സ്വസ്ഥമായി എന്നേക്കും ഈ ഭൂമിയിൽ ജീവിക്കും. എല്ലാവർക്കും തമ്മിൽത്തമ്മിൽ നല്ല സ്നേഹമുണ്ടായിരിക്കും. (മത്തായി 22:39) ഒന്നും, മനസ്സിനെ വിഷമിപ്പിക്കുന്ന ചിന്തകളോ ഓർമകളോ പോലും ആരെയും അലട്ടില്ല. (യശയ്യ 65:17) വെറുപ്പും വിദ്വേഷവും എല്ലാം പഴങ്കഥയാകുന്ന ആ കാലത്ത് മനുഷ്യർ “സമാധാനസമൃദ്ധിയിൽ അത്യധികം ആനന്ദിക്കും.”—സങ്കീർത്തനം 37:11.
അങ്ങനെയൊരു ലോകത്ത് ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇപ്പോൾപ്പോലും ബൈബിൾതത്ത്വങ്ങൾ അനുസരിച്ചുകൊണ്ട് തങ്ങളുടെ ഉള്ളിൽനിന്ന് വെറുപ്പ് പിഴുതെറിയാൻ ആളുകൾക്കു പറ്റുന്നുണ്ട്. (സങ്കീർത്തനം 37:8) ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് വരുന്ന യഹോവയുടെ സാക്ഷികൾ അതിനായി ശ്രമിക്കുന്നു. പല സംസ്കാരങ്ങളിലും പശ്ചാത്തലങ്ങളിലും നിന്നുള്ളവരാണ് അവർ. എങ്കിലും അവർ ഒരു കുടുംബംപോലെ സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുന്നു.—യശയ്യ 2:2-4.
അനീതി സഹിക്കേണ്ടിവരുമ്പോൾ എന്താണു ചെയ്യേണ്ടതെന്ന് യഹോവയുടെ സാക്ഷികൾ ബൈബിളിൽനിന്ന് മനസ്സിലാക്കി. അതു നിങ്ങളുമായി പങ്കുവെക്കാൻ അവർക്കു സന്തോഷമേ ഉള്ളൂ. വെറുപ്പിനെയും വിദ്വേഷത്തെയും പതിയെപ്പതിയെ സ്നേഹംകൊണ്ട് മൂടാൻ ആ വിവരങ്ങൾ നിങ്ങളെ സഹായിക്കും. ആരെങ്കിലും നിങ്ങളോടു മര്യാദയില്ലാതെ ഇടപെടുന്നുണ്ടോ, നിങ്ങളെ വെറുപ്പോടെ കാണുന്നുണ്ടോ? അവരോടുപോലും എങ്ങനെ സ്നേഹം കാണിക്കാമെന്നു നിങ്ങൾ പഠിക്കും. അപ്പോൾ നിങ്ങൾക്കു സന്തോഷം കിട്ടും, മറ്റുള്ളവരുമായുള്ള ബന്ധം മെച്ചപ്പെടും. മാത്രമല്ല, വെറുപ്പും പകയും ഇല്ലാത്ത ദൈവത്തിന്റെ രാജ്യത്തിൽ ആയിരിക്കാൻ എന്തു ചെയ്യാമെന്നും നിങ്ങൾ മനസ്സിലാക്കും.—സങ്കീർത്തനം 37:29.