പ്രാണികളുടെ അത്ഭുതലോകം
പ്രാണികളുടെ അത്ഭുതലോകം
സ്പെയിനിലെ ഉണരുക! ലേഖകൻ
ശല്യങ്ങൾ! ആകട്ടെ, അങ്ങനെയാണോ പ്രാണികളെ കുറിച്ചുള്ള നിങ്ങളുടെ വിചാരം? ഇവറ്റകൾ ഈ ഭൂമിയിൽ നിന്നുതന്നെ ഒന്നു പോയിക്കിട്ടിയിരുന്നെങ്കിൽ എന്നു നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചു പോയിട്ടുണ്ടോ? കണ്ണിൽക്കാണുന്ന പ്രാണികളെയെല്ലാം നിർദാക്ഷിണ്യം നിങ്ങൾ അടിച്ചുകൊല്ലുകയോ ചവിട്ടിയരക്കുകയോ ചെയ്യാറുണ്ടോ? എന്നാൽ, അവയോട് ഇങ്ങനെ സന്ധിയില്ലാസമരം പ്രഖ്യാപിക്കുന്നതിനു മുമ്പ് അവയുടെ ലോകത്തെ കുറിച്ച് അൽപ്പം മനസ്സിലാക്കുന്നതു നല്ലതായിരിക്കില്ലേ? എന്തായാലും, എണ്ണത്തിൽ മനുഷ്യരെയൊക്കെ ബഹുദൂരം പിന്നിലാക്കുന്ന—ഓരോ മനുഷ്യനും ആനുപാതികമായി 20,00,00,000 പ്രാണികൾ ഉണ്ടെന്നാണു കണക്ക്—ഈ ജീവികൾ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് സ്വപ്നം കാണാൻ പോലും തുനിയേണ്ട!
ആരിലും വിസ്മയം ജനിപ്പിക്കുന്ന ഇക്കൂട്ടരിൽ ഏതാനും പേരെ വെറുതെയൊന്നു പരിചയപ്പെട്ടാൽത്തന്നെ ഇവർ അത്ര ചില്ലറക്കാരൊന്നുമല്ല എന്നു നിങ്ങൾക്കു ബോധ്യമാകും.
പറക്കൽ കെങ്കേമം, കാഴ്ചയോ അതിവിശിഷ്ടം
പ്രാണികളിൽ മിക്കവരും പറക്കൽ വിദഗ്ധരാണ്. ഏതാനും ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക. കൊതുകുകൾക്കു തലകീഴായി പറക്കാനുള്ള കഴിവുണ്ട്. ചിലവയ്ക്ക്, മഴയത്ത് ഒട്ടും നനയാതെ പറക്കാൻ കഴിയും. ഇത് എങ്ങനെയാണെന്നല്ലേ? മഴത്തുള്ളികൾ ദേഹത്തു വീഴാതെ അവയ്ക്കിടയിൽക്കൂടി തെന്നിമാറി പറന്നുകൊണ്ടുതന്നെ! മണിക്കൂറിൽ 72 കിലോമീറ്റർ വേഗത്തിലാണ് ചില ഉഷ്ണമേഖലാ കടന്നലുകളും തേനീച്ചകളും ഇരമ്പിപ്പായുന്നത്. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഒരു മൊണാർക്ക് ചിത്രശലഭം ദേശാന്തരഗമനത്തിനിടയിൽ താണ്ടിയത് 3,010-ലധികം കിലോമീറ്ററുകളാണ്. പൂവീച്ചകൾക്കാണെങ്കിൽ ഒരൊറ്റ സെക്കൻഡിൽ 1,000-ത്തിലധികം തവണ ചിറകടിക്കാൻ കഴിയും. ഇക്കാര്യത്തിൽ, മൂളിപ്പക്ഷികൾ അവയുടെ ഏഴയലത്തുപോലും വരില്ല. ആനത്തുമ്പികൾക്ക് പുറകോട്ടു പറക്കാനുള്ള കഴിവുണ്ട്. സൂക്ഷ്മ പഠനം നടത്താൻ മാത്രം ഗവേഷകരിൽ താത്പര്യം ഉണർത്തിയ ഒരു സവിശേഷതയാണ് ഇത്.
അപാരമായ കാഴ്ചശക്തിയാണ് ഈച്ചകളുടേത്. അവയുടെ ക്ഷിപ്രപ്രതികരണ സംവിധാനം (Reflex) നമ്മുടേതിനെ അപേക്ഷിച്ച് പതിന്മടങ്ങ് വേഗമുള്ളതാണ്. എപ്പോഴെങ്കിലും ഒരു ഈച്ചയെ അടിച്ചുകൊല്ലാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്ക് ബോധ്യമായിട്ടുണ്ടായിരിക്കാം. രസകരമെന്നു പറയട്ടെ, ആറു വശങ്ങളുള്ള ആയിരക്കണക്കിന് കാചങ്ങളോടു (lens) കൂടിയ സംയുക്ത നേത്രങ്ങളാണ് ഈച്ചകളുടേത്. ഈ കാചങ്ങളിൽ ഓരോന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണു താനും. അതുകൊണ്ട്, അവയുടെ കാഴ്ചയും ചെറിയ ചെറിയ ശകലങ്ങളായി വിഭജിക്കപ്പെട്ടതായിരിക്കാനാണു സാധ്യത.
ഇനി, മനുഷ്യനേത്രങ്ങൾക്ക് അദൃശ്യമായ അൾട്രാ വയലറ്റ് രശ്മികൾ ചില പ്രാണികൾക്കു ദൃഷ്ടിഗോചരമാണ്. അതുകൊണ്ടുതന്നെ, കാണാൻ ഒരു ചന്തവുമില്ല എന്നു നാം കരുതുന്ന ഒരു വെളുത്ത ചിത്രശലഭത്തെ കുറിച്ച് ഒരു ആൺചിത്രശലഭം കരുതുന്നതു നേരെമറിച്ചാവും. അൾട്രാവയലറ്റ് പ്രകാശത്തിൽ കാണുമ്പോൾ പെൺശലഭങ്ങൾക്ക് മനോഹരമായ ഡിസൈനുകൾ ഉണ്ടായിരിക്കും, ഇണയെത്തേടി നടക്കുന്ന ആൺശലഭങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ തികച്ചും പര്യാപ്തമായവ.
മിക്ക പ്രാണികളുടെയും കണ്ണുകൾ ദിശാനിർണയ യന്ത്രം പോലെയാണു പ്രവർത്തിക്കുന്നത്. കടന്നലുകളുടെയും തേനീച്ചകളുടെയും
കാര്യം തന്നെ എടുക്കുക. പ്രകാശത്തിന്റെ ധ്രുവണതലം തിരിച്ചറിയാൻ അവയ്ക്കു കഴിയും. ഈ കഴിവുള്ളതു കൊണ്ട്, സൂര്യൻ മേഘങ്ങൾക്കിടയിൽ പോയി ഒളിച്ചിരുന്നാലും ആകാശത്ത് അതിന്റെ സ്ഥാനം കൃത്യമായി നിർണയിക്കാൻ പ്രാണികൾക്കു സാധിക്കും. തീറ്റതേടി തങ്ങളുടെ വാസസ്ഥലത്തുനിന്നു വളരെയകലെ പോയാലും വഴി തെറ്റാതെ തിരികെ എത്താൻ ഇതേ കഴിവ് അവയ്ക്കു തുണയാകുന്നു.ഇവിടെ കാറ്റിനു പ്രണയത്തിന്റെ സുഗന്ധം
മിക്കപ്പോഴും, ശബ്ദങ്ങളും സുഗന്ധങ്ങളുമൊക്കെ ഉപയോഗപ്പെടുത്തിയാണ് പ്രാണികൾ ഇണയെ കണ്ടെത്തുന്നത്. ആയുസ്സ് ഏതാനും ആഴ്ചകൾ മാത്രം ആയിരിക്കുകയും എണ്ണത്തിൽ കുറവായതിനാൽ ഒരു ഇണയെ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ, ഇതു തികച്ചും വിസ്മയകരമായ ഒരു നേട്ടം തന്നെ.
എംപറർ മോത്സ് എന്ന ഇനത്തിലെ പെൺ നിശാശലഭങ്ങൾ വിവാഹാർഥികളെ തിരഞ്ഞെടുക്കുന്നത് ഒരു തരം “വാസനദ്രവ്യം” പുറപ്പെടുവിച്ചുകൊണ്ടാണ്. അതിന്റെ വാസന അങ്ങേയറ്റം തീക്ഷ്ണമായതിനാൽ, ഏകദേശം 11 കിലോമീറ്റർ അകലെ നിന്നുപോലും ഒരു ആൺ നിശാശലഭത്തിന് അതു തിരിച്ചറിയാനും അങ്ങനെ അതിന്റെ ഉത്ഭവസ്ഥാനം തേടിവരാനും കഴിയും. അവന്റെ ഉയർന്ന
സംവേദനക്ഷമതയുള്ള സ്പർശിനികൾക്ക് ഈ വാസനദ്രവ്യത്തിന്റെ ഓരോ തന്മാത്ര പോലും തിരിച്ചറിയാനാകും.എന്നാൽ വിട്ടിലുകൾക്കും പുൽച്ചാടികൾക്കും ചീവിടുകൾക്കുമൊക്കെ ശബ്ദത്തോടാണു പ്രിയം. പ്രണയം തലയ്ക്കു പിടിക്കുമ്പോൾ, ചീവീടുകൾ തങ്ങളുടെ ശരീരം മുഴുവൻ ഒരു ധ്വനിഫലകം (sounding board) ആക്കിത്തീർക്കും. ആ സമയങ്ങളിലെ ചീവീടുകളുടെ ശബ്ദകോലാഹലം എത്രമാത്രമാണെന്നു നമുക്ക് അറിവുള്ളതാണല്ലോ. ഇതിനു നേരെ വിപരീതമായി ചില പെൺ ചീവീടുകളാകട്ടെ, അൽപ്പം പോലും ശബ്ദം ഉണ്ടാക്കുകയില്ല.
ഉറക്കമുണർന്നു കുളിർമാറ്റുന്നു
തണുപ്പുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം ശരീരത്തിനു ചൂടു ലഭിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യേണ്ടതു പ്രധാനമാണ്. തണുത്ത് വിറങ്ങലിച്ച് ഉറക്കമുണരുന്ന ഈ ശീതരക്ത ജീവികളുടെ കാര്യവും ഇങ്ങനെ തന്നെ. ഇവരുടെ ചങ്ങാതി സൂര്യനാണ്. ആ സൗഹൃദം ഇവർ ശരിക്കും മുതലെടുക്കുന്നു എന്നുതന്നെ പറയാം.
കുളിരകറ്റാൻ ചിത്രശലഭങ്ങളും വണ്ടുകളുമൊക്കെ ചെയ്യുന്നത് എന്താണെന്നറിയാമോ? നന്നേ പുലർച്ചയ്ക്കുതന്നെ, ഇളംചൂടുള്ള സൂര്യപ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന പൂക്കളിലും ഇലകളിലുമൊക്കെ പോയിരിക്കുക. ചിലയിനം വണ്ടുകൾ, സ്റ്റൗവുകൾ പോലെ വർത്തിക്കുന്ന ഒരിനം ആമ്പൽപ്പൂക്കളെയാണ് ഇതിന് ആശ്രയിക്കാറ്. ചുറ്റുമുള്ള താപനിലയെക്കാൾ 20 ഡിഗ്രി വരെ കൂടുതൽ ചൂട് ഉത്പാദിപ്പിക്കാൻ ഈ ആമ്പൽപ്പൂക്കൾക്കു കഴിയും. ഇതിനു വിപരീതമായി, ചില ചിത്രശലഭങ്ങൾക്ക് ശരീരത്തിനുള്ളിൽത്തന്നെ തണുപ്പു മാറ്റാനുള്ള സൂത്രപ്പണിയൊക്കെ ഉണ്ട്. ചൂട് വേണമെന്നു തോന്നുമ്പോൾ, മികച്ച സൗരോർജ ബാറ്ററികൾപോലെ വർത്തിക്കുന്ന ചിറകുകൾ സൂര്യന് അഭിമുഖമായി വിടർത്തിപ്പിടിക്കുക, അത്രതന്നെ.
ബഹുമുഖ പ്രതിഭകൾ!
പ്രാണികളുടെ ലോകത്തിൽ, മിക്കവാറും എല്ലാ ഇനങ്ങൾക്കുംതന്നെ വ്യത്യസ്തമായ ധർമങ്ങൾ ഉണ്ട്. അവയിൽ ചിലതു കേട്ടാൽ ആരും അതിശയിച്ചുപോകും. ചില നിശാശലഭങ്ങളുടെ കാര്യം തന്നെയെടുക്കുക. ജീവൻ നിലനിർത്താൻ ആവശ്യമായ ഉപ്പും ഈർപ്പവും കിട്ടാൻ അവ എരുമയുടെ കണ്ണീർ വലിച്ചുകുടിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവ അതിന്റെ കണ്ണീരൊപ്പിക്കൊടുക്കുന്നു. വേറെ ചില പ്രാണികൾക്കാണെങ്കിൽ, തണുത്തു മരവിച്ചു പോകാതിരിക്കുന്നതിനു വേണ്ട ഫലപ്രദമായ ഒരുതരം ആന്റിഫ്രീസുണ്ട്. മഞ്ഞുമൂടിക്കിടക്കുന്ന പർവതങ്ങളിൽ വസിക്കുന്ന ഇവ, കൊടും തണുപ്പത്ത് ചത്തുപോയ പ്രാണികളെയെല്ലാം നീക്കി അവിടം വൃത്തിയാക്കുന്ന ജോലിക്കായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ്.
ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ജ്ഞാനിയായ ശലോമോൻ രാജാവ് നിരീക്ഷിച്ചതുപോലെ, ഉറുമ്പുകൾ വളരെ കഠിനാധ്വാനികളാണ്. ശലോമോൻ ഇങ്ങനെ എഴുതി: “മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക. അതിന്നു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും വേനല്ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു.” (സദൃശവാക്യങ്ങൾ 6:6-8) രണ്ടുകോടി ഉറുമ്പുകളാണ് ചില കോളനികളിൽ താമസമെന്നറിയുമ്പോഴാണ് അവയ്ക്ക് അധിപതിമാരില്ല എന്ന വസ്തുത ഏറെ ശ്രദ്ധേയമാകുന്നത്! എന്നാലും, അവരുടെ ഈ “സാമ്രാജ്യം” എത്ര ഭംഗിയായിട്ടാണെന്നോ പ്രവർത്തിക്കുന്നത്! കോളനിയിലെ എല്ലാ ഉറുമ്പുകൾക്കും ആഹാരവും സംരക്ഷണവും പാർപ്പിടവും ഉറപ്പാക്കുന്ന രീതിയിൽ ഓരോ ഉറുമ്പും സ്വധർമം കൃത്യമായി നിർവഹിക്കുന്നു.
പ്രാണി-പാർപ്പിടങ്ങളുടെ കാര്യമെടുത്താൽ ഏറ്റവും മികച്ചു നിൽക്കുന്നത് ഒരുപക്ഷേ ചിതൽപ്പുറ്റുകളായിരിക്കാം. ചിലവയ്ക്ക് 7.5 മീറ്റർ വരെ ഉയരമുണ്ട്. a നിർമാണത്തിന്റെ കാര്യത്തിൽ ഒരു അതിശയം തന്നെയായ ഈ നിർമിതികൾക്ക് സങ്കീർണമായ വായുശീതീകരണ സംവിധാനവും ഭൂഗർഭ കുമിൾത്തോട്ടങ്ങളുമുണ്ട്. പൊക്കത്തിലുള്ള ഈ പിരമിഡുകൾ പടുത്തുയർത്തുന്ന ഈ ജീവികളാകട്ടെ അന്ധരും!
പ്രാണികളെ നമുക്ക് ആവശ്യമായിരിക്കുന്നതിന്റെ കാരണം
നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രാണികൾ ഒരു മർമപ്രധാന പങ്കു വഹിക്കുന്നുണ്ട്. നമുക്കു ലഭിക്കുന്ന ആഹാരത്തിന്റെ ഏകദേശം 30 ശതമാനവും വണ്ടുകൾ—മിക്കതും കാട്ടുവണ്ടുകൾ—മുഖേനയുള്ള പരാഗണത്തിലൂടെയാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാൽ പരാഗണം, പ്രാണികൾ നിർവഹിക്കുന്ന പ്രയോജനപ്രദമായ അനേകം ജോലികളിൽ ഒന്നുമാത്രമാണ്. ഫലപ്രദമായ ഒരു പുനഃപര്യയന വ്യവസ്ഥ മുഖാന്തരം അവ ചത്തുപോയ സസ്യ-മൃഗജാലങ്ങളെ ജീർണിപ്പിക്കുന്നു. അങ്ങനെ, ഈ ഭൂമിയെ വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കാൻ സഹായിക്കുന്നതോടൊപ്പം മണ്ണിന്റെ വളക്കൂറ് വർധിക്കാനും സസ്യങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ മണ്ണിലെത്താനും അവ ഇടയാക്കുകയും ചെയ്യുന്നു. അന്യ സാമ്രാജ്യം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പ്രാണിവിജ്ഞാനിയായ ക്രിസ്റ്റഫർ ഓട്ടൂൾ ഇങ്ങനെ എഴുതുന്നു: “പ്രാണികൾ ഇല്ലെങ്കിൽ എല്ലായിടവും ചത്തുപോയ സസ്യ-മൃഗജാലങ്ങളെക്കൊണ്ടു നിറയും.”
പ്രാണികൾ ചെയ്യേണ്ട ജോലികൾ ചെയ്യപ്പെടാതെ കിടക്കുമ്പോഴാണ് നാം അവയുടെ അഭാവം ശരിക്കും അറിയുക. ദശലക്ഷക്കണക്കിനു കന്നുകാലികൾ ഉള്ള ഓസ്ട്രേലിയയിൽ സംഭവിച്ച കാര്യംതന്നെയെടുക്കാം. കന്നുകാലികൾ പോകുന്ന വഴിക്കെല്ലാം ചാണകം ഇടുക സ്വാഭാവികമാണ്. ചാണകം വഴിയിൽ കിടക്കുന്നതു കാണാൻ വൃത്തികേടായിരുന്നെന്നു മാത്രമല്ല, അത് ബുഷ് ഫ്ളൈ—ഇവ മനുഷ്യർക്കും കന്നുകാലികൾക്കും രോഗം വരുത്തിവെക്കും—പെരുകുന്നതിനും ഇടയാക്കിത്തീർത്തു. ഒടുവിൽ, യൂറോപ്പിൽ നിന്നും ആഫ്രിക്കയിൽ നിന്നും ചാണകവണ്ടുകളെ ഇറക്കുമതി ചെയ്താണ് പ്രശ്നം പരിഹരിച്ചത്!
ശത്രുക്കളോ മിത്രങ്ങളോ?
പ്രാണികളിൽ ചിലവ കൃഷി തിന്നുമുടിക്കുകയും രോഗം പരത്തുകയും ചെയ്യുമെന്നതൊക്കെ സത്യം തന്നെ. എന്നാൽ, ലോകത്തിലെ പ്രാണികളിൽ ക്ഷുദ്രജീവികളുടെ ഗണത്തിൽ പെടുത്തിയിരിക്കുന്നത് 1 ശതമാനത്തെ മാത്രമാണ്. ഇവയിൽ തന്നെ അനേകവും കൂടുതൽ അപകടകാരികളായി തീരുന്നത് മനുഷ്യൻ പരിസ്ഥിതിക്കു വരുത്തിവെച്ച വ്യതിയാനങ്ങൾ നിമിത്തമാണ്. ഇതിന് ഉദാഹരണമാണ്, മലമ്പനി പരത്തുന്ന കൊതുകുകൾ. ഭൂമധ്യരേഖാ വനങ്ങളിൽ പാർക്കുന്ന തദ്ദേശീയരായ ആളുകളെ അവ ശല്യം ചെയ്യാറില്ലെന്നുതന്നെ പറയാം. എന്നാൽ, അഴുക്കുവെള്ളം ധാരാളം കെട്ടിക്കിടക്കുന്ന, ഈ കാടുകളുടെ അരികിലുള്ള പട്ടണങ്ങളിൽ അവ വിതയ്ക്കുന്ന നാശം കുറച്ചൊന്നുമല്ല.
ക്ഷുദ്രജീവികളെ നിയന്ത്രിക്കാൻ മിക്കപ്പോഴും മനുഷ്യനു കഴിയും. ഒന്നുകിൽ വ്യത്യസ്ത വിളകൾ മാറിമാറി കൃഷി ചെയ്തുകൊണ്ട്, അല്ലെങ്കിൽ ഈ കീടങ്ങളെ തിന്നൊടുക്കാൻ കഴിവുള്ള മറ്റു ജീവികളെ ഉപയോഗിച്ചു കൊണ്ട്. ലേസ്വിങ്ങുകൾ, ലേഡിബഗ്ഗുകൾ എന്നിവയ്ക്ക് മുഞ്ഞ ബാധയെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള കഴിവുണ്ട്. വാട്ടർ ടാങ്കുകളിൽ കൊതുകുകളുടെ ലാർവകളെ ഇല്ലാതാക്കാൻ രണ്ട് ആനത്തുമ്പികളുടെ ലാർവകൾ മതിയെന്നു തെക്കുകിഴക്കൻ ഏഷ്യയിലെ പൊതുജനാരോഗ്യ പരിപാലകർ മനസ്സിലാക്കുകയുണ്ടായി.
ചുരുക്കത്തിൽ, പ്രാണികൾ ചില കുഴപ്പങ്ങളൊക്കെ വരുത്തിവെച്ചേക്കാം എങ്കിലും നാം ജീവിക്കുന്ന ഈ ലോകത്തിന്റെ അവിഭാജ്യ ഭാഗമാണ് അവ. ക്രിസ്റ്റഫർ ഓട്ടൂൾ പറയുന്നതു പോലെ, നമ്മൾ ഇല്ലെങ്കിലും പ്രാണികൾക്ക് ജീവിക്കാൻ കഴിയും പക്ഷേ, “അവയില്ലാതെ നമുക്ക് ജീവിക്കാനാകില്ല.”
[അടിക്കുറിപ്പ്]
a ഇതിന് ആനുപാതികമായി മനുഷ്യൻ ഒരു കെട്ടിടം പണിതുയർത്തുന്നു എങ്കിൽ, അതിന് 9 കിലോമീറ്ററിലധികം പൊക്കമുണ്ടാകും.
[16, 17 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
രൂപാന്തരണം—പുതിയ രൂപം, പുതിയ ജീവിതരീതി
രൂപാന്തരണം—അക്ഷരാർഥത്തിൽ പറഞ്ഞാൽ, “രൂപത്തിലുള്ള മാറ്റം”—എന്ന പ്രക്രിയയിലൂടെ ചില പ്രാണികൾ അവയുടെ രൂപം പാടേ മാറ്റിയെടുക്കുന്നു. ചില മാറ്റങ്ങൾ തികച്ചും നാടകീയമായിരുന്നേക്കാം. പുഴുക്കൾ ഈച്ചകളായും ശലഭപ്പുഴുക്കൾ ചിത്രശലഭങ്ങളായും വെള്ളത്തിൽ കഴിയുന്ന ലാർവകൾ വായുവിൽ പറന്നുനടക്കുന്ന തുമ്പികളായും മാറുന്നു. ലക്ഷക്കണക്കിനു പ്രാണികളാണ് ഇങ്ങനെ രൂപാന്തരണത്തിനു വിധേയമാകുന്നത്.
ഒരു തീവണ്ടിയെ വിമാനമാക്കി മാറ്റുന്നതിനോടു സമാനമായ ഇത്തരമൊരു രൂപാന്തരണം നടക്കണമെങ്കിൽ പ്രാണിയുടെ ശരീരത്തിനുള്ളിൽ വലിയ തോതിലുള്ള വ്യതിയാനങ്ങൾ സംഭവിക്കേണ്ടതുണ്ട്. ചിത്രശലഭത്തിന്റെ കാര്യം തന്നെയെടുക്കുക. സമാധി ദശയിൽ സുഷുപ്തിയിൽ ആണ്ടിരിക്കുന്ന സമയത്ത്, അതിന്റെ ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളും കലകളും നശിച്ചുപോകും. അതിന്റെ സ്ഥാനത്ത്, തികച്ചും പുതിയ അവയവങ്ങൾ—ചിറക്, കണ്ണ്, സ്പർശിനികൾ—എന്നിവ രൂപംകൊള്ളും.
പ്രാണികളിൽ സംഭവിക്കുന്ന ഈ മാറ്റം അവയുടെ ജീവിത രീതിയെ തന്നെ മാറ്റിമറിക്കും. ഉദാഹരണത്തിന്, ലാർവകളായിരിക്കുന്ന സമയത്ത്, പൊടിമീനുകളെയും വാൽമാക്രികളെയും അകത്താക്കുന്ന ആനത്തുമ്പികൾ സ്വതന്ത്രമായി പറന്നുനടക്കാൻ തുടങ്ങുമ്പോൾ ആഹാരമാക്കുന്നതു പ്രാണികളെയാണ്. ഇത്, ഒരാൾ തന്റെ ജീവിതത്തിലെ ആദ്യ 20 വർഷം സമുദ്രത്തിൽ നീന്തിക്കളിക്കുകയും ബാക്കിയുള്ള സമയം പക്ഷിയെ പോലെ പറന്നുനടക്കുകയും ചെയ്യുന്നതു പോലെയാണ്.
അവിശ്വസനീയം എന്നു തോന്നാവുന്ന ഇത്തരം മാറ്റങ്ങൾ പരിണാമ പ്രക്രിയയുടെ ഫലമാണോ? ചിത്രശലഭമായി രൂപാന്തരപ്പെടാനുള്ള പ്രോഗ്രാം സഹിതം ഒരു ശലഭപ്പുഴു യാദൃച്ഛികമായി എങ്ങനെ രംഗത്തുവന്നു? ഇനി, അങ്ങനെയാണെങ്കിൽത്തന്നെ, ഏതാണ് ആദ്യം വന്നത്, ശലഭപ്പുഴുവോ ചിത്രശലഭമോ? ഏതായാലും, ഒന്നിനു മറ്റൊന്നിന്റെ സഹായമില്ലാതെ അസ്തിത്വത്തിൽ വരാനാകില്ല. കാരണം, പ്രജനനം നടത്തുന്നതിനും മുട്ടയിടുന്നതിനും ചിത്രശലഭങ്ങൾക്കു മാത്രമേ കഴിയൂ.
തീർച്ചയായും, രൂപാന്തരണം എന്ന പ്രക്രിയ, സകലത്തിന്റെയും സ്രഷ്ടാവായ സർവശക്തനാം ദൈവമായി ബൈബിൾ തിരിച്ചറിയിക്കുന്ന, അതിവിദഗ്ധനായ ഒരു രൂപകൽപ്പിതാവിന്റെ അസ്തിത്വത്തിനു ശക്തമായ തെളിവു നൽകുന്നു.—സങ്കീർത്തനം 104:24; വെളിപ്പാടു 4:11.
[ചിത്രങ്ങൾ]
സമാധിക്കൂടു പൊട്ടിച്ചു പുറത്തുവരുന്ന സ്വാളോടെയ്ൽ ചിറകുവിടർത്തുന്നു
[18-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ: പൂമ്പൊടി തിന്നുന്ന വണ്ട്
മുകളിൽ വലത്തുവശത്ത്: ഹിമ കണങ്ങളാൽ ആവൃതനായ ഇലച്ചെല്ലി കുളിർമാറ്റുന്നു
വലത്ത് ഏറ്റവും അറ്റത്ത്: കൊമ്പൻ ചെല്ലി
[18-ാം പേജിലെ ചിത്രം]
ആഫ്രിക്കൻ ചെറു കൊമ്പൻ- പുൽച്ചാടി
[18-ാം പേജിലെ ചിത്രം]
കുതിരയീച്ച