ലാ ബാംബൂസെറെയ്—പൂവണിഞ്ഞ ഒരു സ്വപ്നം
ലാ ബാംബൂസെറെയ്—പൂവണിഞ്ഞ ഒരു സ്വപ്നം
ഫ്രാൻസിലെ ഉണരുക! ലേഖകൻ
ഏകദേശം 150 വർഷം മുമ്പ് ദക്ഷിണ ഫ്രാൻസിൽ, ഏഷ്യയിൽ നിന്നു സുഗന്ധവ്യഞ്ജനങ്ങൾ ഇറക്കുമതി ചെയ്തിരുന്ന യൂജീൻ മേസൽ എന്ന വ്യക്തി ഒരു മുള-നഴ്സറി നിർമാണത്തിനു തുടക്കമിട്ടു. അതാണ് പിന്നീട് ലോകത്തിലെ ഏറ്റവും വലിയ മുള-നഴ്സറി ആയിത്തീർന്നത്. ബഹുമുഖോപയോഗമുള്ള, ത്വരിതഗതിയിൽ വളരുന്ന, പുല്ലുവർഗത്തിൽപ്പെട്ട ഈ സസ്യത്തിന്റെ 200 വ്യത്യസ്ത ഇനങ്ങൾ ഈ നഴ്സറിയിലുണ്ട്. എന്നാൽ, 1855 വരെ നഴ്സറി നിർമാണം എന്ന മേസലിന്റെ അഭിലാഷത്തിന് മുന്നിൽ ഒരു കൂറ്റൻ വിലങ്ങുതടി ഉണ്ടായിരുന്നു. യൂറോപ്പിൽ ഒരിടത്തും മുളയില്ല എന്നതായിരുന്നു പ്രശ്നം.
ഏഷ്യയിൽ നിന്ന് ഈ പുല്ല് ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. കാരണം, സ്വാഭാവിക പരിസ്ഥിതിയിൽ കരുത്തുറ്റതാണെങ്കിലും (ചില ഇനങ്ങൾക്ക് -24 ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ പോലും അതിജീവിക്കാനും 1,600 അടി ഉയരത്തിൽ പോലും വളരാനും കഴിയും) ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള ദീർഘമായ യാത്രയിൽ അവ വാടിപ്പോകാതെ സൂക്ഷിക്കുക അസാധ്യമായിരുന്നു. എങ്കിലും, വേഗമേറിയ കപ്പലുകൾ രംഗത്തെത്തിയതോടെ, 1827-ൽ മുളയുടെ സാമ്പിളുകൾ ഇംഗ്ലണ്ടിലേക്കും പിന്നീട് ഫ്രാൻസിലേക്കും വിജയപ്രദമായി ഇറക്കുമതി ചെയ്യാൻ സാധിച്ചു. അങ്ങനെ, മേസലിന്റെ സ്വപ്നം യാഥാർഥ്യത്തോട് ഒരു ചുവടുകൂടെ അടുത്തു!
മേസൽ നേരിട്ട അടുത്ത വെല്ലുവിളി നഴ്സറിക്ക് അനുയോജ്യമായ ഒരു സ്ഥാനം കണ്ടുപിടിക്കുക എന്നതായിരുന്നു. 1855-ൽ അദ്ദേഹം ദക്ഷിണ ഫ്രാൻസിലെ ആൻഡൂസിനടുത്ത് 84 ഏക്കർ സ്ഥലം വാങ്ങി. മധ്യധരണ്യാഴിയുടെ അടുത്തായിരുന്നതിനാൽ അവിടത്തെ കാലാവസ്ഥ നല്ലതായിരുന്നു. മണ്ണാകട്ടെ കൃഷിക്കു പറ്റിയതും. അടുത്തുണ്ടായിരുന്ന നദിയിലെ വെള്ളം കൃഷിസ്ഥലത്തേക്കു തിരിച്ചുവിടുന്നതിനു വളരെയേറെ പ്രയത്നം ആവശ്യമായി വന്നു. എന്നിരുന്നാലും മേസലിന്റെ കഠിനശ്രമം ഒടുവിൽ വിജയതീരമണഞ്ഞു.
എന്നാൽ സങ്കടകരമെന്നു പറയട്ടെ, 1890 ആയപ്പോഴേക്കും മേസൽ പാപ്പരായി. പൊന്നുപോലെ കാത്തുസൂക്ഷിച്ച തന്റെ പ്രിയപ്പെട്ട തോട്ടം വിൽക്കുകയല്ലാതെ അദ്ദേഹത്തിനു വേറെ മാർഗമില്ലായിരുന്നു. എങ്കിലും അദ്ദേഹം നിറുത്തിവെച്ച പണി മറ്റുള്ളവർ പൂർത്തീകരിച്ചു എന്നത് സന്തോഷത്തിനു വക നൽകുന്നു. അതിന്റെ ഫലമായി, ഇപ്പോൾ ഓരോ വർഷവും ഏതാണ്ട് 3,50,000 പേർ ലാ ബാംബൂസെറെയ് സന്ദർശിക്കാൻ എത്തുന്നുണ്ട്—അങ്ങനെ മേസലിന്റെ സ്വപ്നം പൂവണിഞ്ഞിരിക്കുന്നു.
[31-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
എല്ലാ ചിത്രങ്ങളും: La Bambouseraie de Prafrance