ആകാശ ചിത്രം നിർമിക്കൽ—അന്നും ഇന്നും
ആകാശ ചിത്രം നിർമിക്കൽ—അന്നും ഇന്നും
നെതർലൻഡ്സിലെ ഉണരുക! ലേഖകൻ
ആകാശത്തിന്റെ അഗാധ നീലിമയിൽ വിരിഞ്ഞു നിൽക്കുന്ന നക്ഷത്രപ്പൂക്കൾ. അവ എക്കാലവും മനുഷ്യനെ വിസ്മയഭരിതനാക്കിയിട്ടുണ്ട്. അവയുടെ മനോഹാരിതയിൽ ആകൃഷ്ടനായ അവൻ, ചരിത്രത്തിലുടനീളം അവയുടെ സ്രഷ്ടാവിനു സ്തുതി കരേറ്റിയിരിക്കുന്നു. ദീർഘകാലം മുമ്പ് ഒരു കവി ഇങ്ങനെ പാടി: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.” (സങ്കീർത്തനം 19:1) എന്നിരുന്നാലും, പണ്ടു കാലങ്ങളിൽ നിശാനഭസ്സിനെ നിരീക്ഷിച്ചിരുന്നവർ അതിന്റെ സൗന്ദര്യം മാത്രമല്ല കണ്ടറിഞ്ഞത്.
ആകാശത്തിൽ രൂപങ്ങൾ കണ്ടെത്തുന്നു
എല്ലാ നക്ഷത്രങ്ങളും പ്രത്യക്ഷത്തിൽ ക്രമീകൃതമായ വിധത്തിൽ നീങ്ങുന്നതായി മുൻ കാലങ്ങളിൽ ജ്യോതിശ്ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരുന്നു. ആകാശമണ്ഡലത്തിൽ നക്ഷത്രങ്ങൾ കിഴക്കു നിന്നു പടിഞ്ഞാറോട്ടു നീങ്ങിയിരുന്നെങ്കിലും പരസ്പരമുള്ള ബന്ധത്തിൽ അവയുടെ സ്ഥാനത്തിനു മാറ്റം സംഭവിച്ചിരുന്നില്ല. a മറ്റു വാക്കുകളിൽ പറഞ്ഞാൽ, എന്നും രാത്രിയിൽ ഒരേ നക്ഷത്രക്കൂട്ടങ്ങൾ തന്നെ ആളുകൾക്കു ദൃശ്യമായിരുന്നു. എണ്ണിയാലൊടുങ്ങാത്ത ഈ ജ്യോതിർഗോളങ്ങളെ കുറിച്ചു ക്രമീകൃതമായി മനസ്സിലാക്കേണ്ടതിനു മനുഷ്യൻ അവയെ ഓരോ നക്ഷത്രക്കൂട്ടങ്ങളായി തരംതിരിച്ചു. അവൻ ഭാവനയുടെ തേരിൽ നിന്നു നോക്കിയപ്പോൾ ആ നക്ഷത്രസമൂഹങ്ങൾക്കു മൃഗങ്ങളുടെയോ മനുഷ്യരുടെയോ ചില അചേതന വസ്തുക്കളുടെയോ ആകാരം കൈവന്നു. അങ്ങനെ, നക്ഷത്രങ്ങളുടെ ഓരോ കൂട്ടത്തെയും നക്ഷത്രമണ്ഡലങ്ങളായി കണക്കാക്കുന്ന രീതി നിലവിൽ വന്നു.
ഇന്നു നമുക്ക് അറിയാവുന്ന ചില നക്ഷത്രമണ്ഡലങ്ങൾക്ക് ആദ്യമായി പേരു നൽകിയത് പുരാതന ബാബിലോന്യർ ആയിരുന്നു. രാശിചക്ര ചിഹ്നങ്ങളെ ചിത്രീകരിക്കുന്നതായി കാണപ്പെടുന്ന 12 നക്ഷത്രമണ്ഡലങ്ങളും അവയിൽപ്പെടും. മനുഷ്യകാര്യാദികളിൽ നക്ഷത്രങ്ങൾ സ്വാധീനം ചെലുത്തുന്നതായി കരുതപ്പെടുന്ന ജ്യോതിഷത്തിൽ അവ ഒരു മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്, ഇന്നും അങ്ങനെതന്നെ. നക്ഷത്രങ്ങളുടെ സ്ഥാനം നോക്കി ശകുനം പറയുന്ന സമ്പ്രദായത്തെ ബൈബിൾ കുറ്റം വിധിക്കുന്നു. (ആവർത്തനപുസ്തകം 18:10-12, ഓശാന ബൈബിൾ) എങ്കിലും, നക്ഷത്രമണ്ഡലങ്ങളുടെ അസ്തിത്വത്തെ കുറിച്ച് യഹോവയാം ദൈവത്തിന്റെ ആരാധകർക്ക് അറിയാമായിരുന്നു. ഉദാഹരണത്തിന്, യഹോവ “സപ്തർഷി, മകയിരം, കാർത്തിക ഇവയെയും തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു” എന്ന് ബൈബിൾ പുസ്തകമായ ഇയ്യോബ് പറയുന്നു.—ഇയ്യോബ് 9:9.
ഇന്നു നമുക്ക് അറിയാവുന്ന പല നക്ഷത്രമണ്ഡലങ്ങൾക്കും പേരുകൾ കൈവന്നതു ഗ്രീക്ക് പുരാണത്തിൽ നിന്നാണ്. സെഫ്യുസ്, കാസിയോപിയാ, ആൻഡ്രോമിഡാ, ഹെർക്കുലീസ് എന്നീ പേരുകളിലുള്ള നക്ഷത്രമണ്ഡലങ്ങൾ ആധുനിക നക്ഷത്ര ചാർട്ടുകളിലും കണ്ടെത്താനാകും.
പ്രാചീന നക്ഷത്ര ചാർട്ടുകൾ
പൊ.യു. 150-നോടടുത്ത്, ഗ്രീക്ക് ജ്യോതിശ്ശാസ്ത്രജ്ഞനായ ടോളമി അന്നത്തെ ജ്യോതിശ്ശാസ്ത്ര വിജ്ഞാനത്തെ ആസ്പദമാക്കി ഒരു ഗ്രന്ഥം തയ്യാറാക്കി. അൽമാഗസ്റ്റ് എന്ന ശീർഷകത്തോടു കൂടിയ ഈ ഗ്രന്ഥത്തിൽ 48 നക്ഷത്രമണ്ഡലങ്ങളെ കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. ടോളമിക്കു ശേഷം രചിക്കപ്പെട്ട ചാർട്ടുകളും ആകാശ ചിത്രങ്ങളും സാധാരണമായി ആ 48 നക്ഷത്രമണ്ഡലങ്ങളെ കുറിച്ചു മാത്രമേ പരാമർശിച്ചിരുന്നുള്ളൂ. വാസ്തവത്തിൽ, 16-ാം നൂറ്റാണ്ടു വരെ നക്ഷത്രമണ്ഡലങ്ങളുടെ എണ്ണത്തിനു മാറ്റം വന്നില്ല. b പിന്നീട്, വേറെ 40 നക്ഷത്രമണ്ഡലങ്ങൾ അവയോടു കൂട്ടിച്ചേർക്കപ്പെട്ടു. 1922-ൽ ‘അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര സംഘടന’ ഔദ്യോഗികമായി നക്ഷത്രമണ്ഡലങ്ങളുടെ എണ്ണം 88 ആണെന്നു നിജപ്പെടുത്തി.
നക്ഷത്രമണ്ഡലങ്ങൾക്കു പുറമേ, ആയിരത്തിലേറെ നക്ഷത്രങ്ങളെ കുറിച്ചും അവയുടെ ദീപ്തിയെയും സ്ഥാനത്തെയും കുറിച്ചും ഉള്ള വിവരങ്ങൾ ടോളമിയുടെ ഗ്രന്ഥത്തിൽ അടങ്ങിയിട്ടുണ്ട്. രേഖാംശത്തോടും അക്ഷാംശത്തോടും ഉള്ള ബന്ധത്തിൽ ഒരു നക്ഷത്രത്തിന്റെ സ്ഥാനം രേഖപ്പെടുത്തുന്നതിലും അധികം ടോളമി ചെയ്തിരിക്കുന്നു. ഉദാഹരണത്തിന്, അർസാമേജർ അഥവാ ഗ്രേറ്റ് ബെയർ നക്ഷത്രമണ്ഡലത്തിലെ ഒരു നക്ഷത്രത്തെ അദ്ദേഹം വർണിച്ചിരിക്കുന്നത് “വാൽ തുടങ്ങുന്നിടത്തെ നക്ഷത്രം” എന്നാണ്. ഒരു ധൂമകേതുവിന്റെ സ്ഥാനത്തെ കുറിച്ചു വിവരിച്ചിരിക്കുന്നത്, “ആൻഡ്രോമിഡായുടെ വലത്തെ കാൽമുട്ടിന് ഇടത്തുള്ളത്” എന്നുമാണ്. തന്മൂലം, “വിദഗ്ധനായ ഏതൊരു ജ്യോതിശ്ശാസ്ത്രജ്ഞനും ആകാശ ഘടനയെ കുറിച്ചു നല്ല അറിവുണ്ടായിരിക്കേണ്ടത് ആവശ്യമായിരുന്നു” എന്ന് ഒരു ഗ്രന്ഥം പറയുന്നു.
എന്നാൽ, പ്രാചീന നക്ഷത്രമണ്ഡലങ്ങളിൽ അധികവും ഉത്തര ആകാശത്തിൽ സ്ഥിതിചെയ്യുന്നത് എന്തുകൊണ്ടാണ്? നക്ഷത്രങ്ങളുടെ കൂട്ടത്തെ നക്ഷത്രമണ്ഡലങ്ങളായി കണക്കാക്കുന്ന രീതി ഉത്തര ആകാശം നന്നായി തെളിഞ്ഞു കാണാവുന്ന മെഡിറ്ററേനിയൻ പ്രദേശത്താണ് ഉരുത്തിരിഞ്ഞത് എന്നതാണ് അതിനു കാരണം എന്ന് ഒരു ആകാശ ചിത്ര നിർമാതാവു വിശദീകരിക്കുന്നു. പിന്നീട്, ദക്ഷിണ ആകാശത്തെ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കാൻ തുടങ്ങിയപ്പോഴാണു പുതിയ നക്ഷത്രമണ്ഡലങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്. ഈ പുതിയ നക്ഷത്രമണ്ഡലങ്ങളിൽ ചിലതിന് കെമിക്കൽ ഫർണസ്, പെൻഡുലം ക്ലോക്ക്, മൈക്രോസ്കോപ്, ടെലസ്കോപ് എന്നിങ്ങനെ പേരിടപ്പെട്ടു.
“ക്രിസ്തീയ നക്ഷത്ര ആകാശം”
1627-ൽ ജർമൻ പണ്ഡിതനായ യൂലിയസ് ഷില്ലർ, കോയിലം സ്റ്റെല്ലാറ്റം ക്രിസ്റ്റ്യാനം (ക്രിസ്തീയ നക്ഷത്ര ആകാശം) എന്ന ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ആകാശത്തെ, പുറജാതീയ വിമുക്തമാക്കാൻ സമയമായതായി അദ്ദേഹം കരുതി. അങ്ങനെ അദ്ദേഹം, പുറജാതീയ പേരു നൽകിയിരിക്കുന്ന ആകാശ രൂപങ്ങൾക്ക് ബൈബിൾ കഥാപാത്രങ്ങളുടെ പേരു നൽകാൻ ഇറങ്ങിത്തിരിച്ചു. “ഉത്തര ആകാശത്തെ പുതിയ നിയമത്തോടും ദക്ഷിണ ആകാശത്തെ പഴയ നിയമത്തോടും” അദ്ദേഹം ബന്ധപ്പെടുത്തി എന്ന് ആകാശ ചിത്ര നിർമാണം (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം വിശദീകരിക്കുന്നു. “ഷില്ലറിന്റെ ദക്ഷിണാർധഗോളത്തിൽ പഴയ നിയമ കഥാപാത്രങ്ങൾ അണിനിരക്കുകയായി—ഇന്ത്യനും-മയിലും എന്ന നക്ഷത്രമണ്ഡലത്തിന്റെ സ്ഥാനം ഇയ്യോബ് കയ്യടക്കി, സെന്റോർ അബ്രാഹാമും ഇസ്ഹാക്കും ആയിമാറി.” ഉത്തരാർധഗോളത്തിൽ “കാസിയോപിയ, മഗ്ദലക്കാരത്തി മറിയയും പെർസ്യുസ്, പൗലൊസ് പുണ്യവാളനും 12 രാശിചക്ര ചിഹ്നങ്ങൾ സൗകര്യാർഥം 12 അപ്പൊസ്തലന്മാരും ആയി പുനർനാമകരണം ചെയ്യപ്പെട്ടു.”
ഈ ശുദ്ധീകരണ പ്രക്രിയയിൽ ഒരു ചെറിയ നക്ഷത്രമണ്ഡലത്തിന്റെ പേരിനേ മാറ്റം വരാതെ പോയുള്ളൂ. അത് കൊളമ്പാ (പ്രാവ്) ആയിരുന്നു—ഉണങ്ങിയ നിലം കണ്ടെത്താനായി നോഹ അയച്ച പ്രാവായി അതിനെ സങ്കൽപ്പിച്ചു.
മാറ്റം സംഭവിച്ച ആകാശ ചിത്രങ്ങൾ
കാലക്രമത്തിൽ, നക്ഷത്ര ചാർട്ടുകളുടെ മുഖച്ഛായയ്ക്കുതന്നെ മാറ്റം വന്നു. 17-ാം നൂറ്റാണ്ടിൽ, ദൂരദർശിനി കണ്ടുപിടിക്കപ്പെട്ട ശേഷം നക്ഷത്രങ്ങളുടെ സ്ഥാനം കുറേക്കൂടെ കൃത്യമായി രേഖപ്പെടുത്തുന്ന ചാർട്ടുകൾ ആവശ്യമായിവന്നു. അതിനുപുറമെ, ആദ്യകാല ചാർട്ടുകളിൽ നിറയെ ഉണ്ടായിരുന്ന അലങ്കാരങ്ങൾക്ക് പുതിയ ചാർട്ടുകളിൽ അത്ര പ്രാധാന്യം നൽകാതായി, ഒടുവിൽ അവ പാടേ അപ്രത്യക്ഷമാകുകയും ചെയ്തു. ഇന്നത്തെ നക്ഷത്ര ചാർട്ടുകളിൽ നക്ഷത്രങ്ങൾ, നക്ഷത്രസമൂഹങ്ങൾ, നെബുലകൾ, ഗാലക്സികൾ എന്നിങ്ങനെ വാനനിരീക്ഷകരിൽ താത്പര്യം ഉണർത്തുന്ന നിശാനഭസ്സിലെ ചില സംഗതികൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, കൂടുതൽ സമഗ്രമായ നക്ഷത്ര വിവരപ്പട്ടികകൾ നിർമിക്കപ്പെടാൻ തുടങ്ങി. ഈ രംഗത്തെ അമരക്കാരിൽ ഒരാളായിരുന്നു ജർമൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ഫ്രിഡ്രിച്ച് വിൽഹെം ആർജെലാൻഡർ. കുറെ സഹായികളോടൊപ്പം അദ്ദേഹം ഉത്തര ആകാശത്തിലെ നക്ഷത്രങ്ങളുടെ വിവരപ്പട്ടിക തയ്യാറാക്കുന്ന ബൃഹത്തായ ഉദ്യമത്തിനു തുടക്കം കുറിച്ചു. ഒരു ദൂരദർശിനിയുടെ സഹായത്താൽ അവർ 3,25,000 നക്ഷത്രങ്ങളെ കണ്ടെത്തുകയും അവയിൽ ഓരോന്നിന്റെയും സ്ഥാനവും ദീപ്തിയും അളക്കുകയും ചെയ്തു. അവരുടെ നിരീക്ഷണ കേന്ദ്രം ജർമനിയിലെ ബോൺ എന്ന നഗരത്തിൽ ആയിരുന്നതിനാൽ ആ നക്ഷത്ര വിവരപ്പട്ടികയ്ക്ക് ബോണർ ഡുർ ച്മുസ്റ്ററുങ് (ബോൺ ആകമാന സർവെ) എന്നു പേരുവന്നു. 1863-ലാണ് അതു പ്രസിദ്ധീകരിച്ചത്. ആർജെലാൻഡറിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹായികളിൽ ഒരാൾ ഉദ്യമം തുടർന്നു. അദ്ദേഹം ദക്ഷിണ ആകാശത്തിലെ നക്ഷത്രങ്ങളുടെ ചാർട്ടുണ്ടാക്കി സ്യൂറ്റ്ലിച്ച ബോണർ ഡുർ ച്മുസ്റ്ററുങ് (ബോൺ ദക്ഷിണ ആകമാന സർവെ) എന്ന പേരിൽ ഒരു ഗ്രന്ഥം പുറത്തിറക്കി. 1930-ലാണ് ഏറ്റവും ഒടുവിലത്തെ സർവെ പ്രസിദ്ധീകരിച്ചത്. അർജന്റീനയിലെ കൊർഡബയിൽ വെച്ചായിരുന്നു അതിന്റെ പ്രകാശനം. ഈ നക്ഷത്ര വിവരപ്പട്ടികകളുടെ മൂല്യത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല.
ഇപ്പോഴും ഭാവിയിലും
ആർജെലാൻഡറിന്റെയും സഹായികളുടെയും ഉദ്യമങ്ങളെ തുടർന്ന് കൂടുതൽ മെച്ചപ്പെട്ട നക്ഷത്ര വിവരപ്പട്ടികകൾ തയ്യാറാക്കപ്പെട്ടു. എങ്കിലും, കുറെക്കൂടെ അടുത്ത കാലത്ത്, ബഹിരാകാശ ദൂരദർശിനികൾ രംഗത്തു വന്നതോടെ ആകാശ ചിത്ര നിർമാണരംഗത്ത് അഭൂതപൂർവമായ പുരോഗതിയുണ്ടായി. ഹബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് ജ്യോതിശ്ശാസ്ത്രജ്ഞർ ഇപ്പോൾ ഏകദേശം 1 കോടി 50 ലക്ഷം നക്ഷത്രങ്ങളെ കുറിച്ചുള്ള ഒരു നക്ഷത്ര വിവരപ്പട്ടിക തയ്യാറാക്കിയിരിക്കുന്നു!
‘യൂറോപ്യൻ ബഹിരാകാശ ഏജൻസി’ പ്രസിദ്ധീകരിച്ച പുതിയ രണ്ടു നക്ഷത്ര വിവരപ്പട്ടികകളാണ് ആകാശ ചിത്ര നിർമാണരംഗത്തു സമീപകാലത്ത് ഉണ്ടായ ഒരു നേട്ടം. ഹിപ്പാർക്കസ് ഉപഗ്രഹത്തിന്റെ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയാണ് അവ നിർമിച്ചിരിക്കുന്നത്. ഈ നക്ഷത്ര വിവരപ്പട്ടികകളുടെ കൃത്യത ഇന്നും അതുല്യമാണ്. ഈ വിവരപ്പട്ടികകളെ അടിസ്ഥാനപ്പെടുത്തി പുതിയ നക്ഷത്ര ചിത്രങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. അതിലൊന്നാണ് മൂന്നു വാല്യങ്ങളുള്ള സമഗ്ര ചിത്രമായ സഹസ്രാബ്ദ നക്ഷത്ര ചിത്രം.
ആ ശീർഷകം, തിരുവെഴുത്തുകളിൽ പ്രതിപാദിച്ചിരിക്കുന്ന സഹസ്രാബ്ദത്തെ അഥവാ ക്രിസ്തുവിന്റെ സമാധാനപൂർണമായ ആയിരവർഷ വാഴ്ചയെ കുറിച്ച് ബൈബിൾ വായനക്കാരെ ഓർമിപ്പിച്ചേക്കാം. (വെളിപ്പാടു 20:4) ആ കാലത്ത്, വിസ്മയാവഹമായ നമ്മുടെ പ്രപഞ്ചത്തെ കുറിച്ചു മനുഷ്യൻ ഇനിയും വളരെയേറെ കാര്യങ്ങൾ മനസ്സിലാക്കും എന്നതിൽ സംശയമില്ല. അന്നത്തെ അറിവിനോടുള്ള താരതമ്യത്തിൽ ഇന്നത്തെ ഏറ്റവും വലിയ നക്ഷത്ര ചാർട്ടുകളിലെ വിവരങ്ങൾ പോലും ഏതുമായിരിക്കില്ല.
[അടിക്കുറിപ്പുകൾ]
a ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നതുകൊണ്ടാണു നക്ഷത്രങ്ങൾ ചലിക്കുന്നതായി കാണപ്പെടുന്നത്. അക്കാര്യം പുരാതന കാലത്തെ ആളുകൾക്ക് അറിഞ്ഞുകൂടായിരുന്നു. സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി കാണപ്പെടുന്നതും ഇതേ കാരണത്താലാണ്.
b ഈ 48 നക്ഷത്രമണ്ഡലങ്ങളെ കുറിച്ച് ആദ്യമൊക്കെ മെസൊപ്പൊത്താമ്യയിലും മെഡിറ്ററേനിയൻ പ്രദേശത്തും യൂറോപ്പിലും ഉള്ളവർക്കേ അറിവുണ്ടായിരുന്നുള്ളൂ. പിന്നീട്, വടക്കേ അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും കുടിയേറിപ്പാർത്തവർക്കും അവ പരിചിതമായി. എന്നാൽ, ചൈനക്കാരും വടക്കേ അമേരിക്കൻ ഇന്ത്യക്കാരും മറ്റും നക്ഷത്രമണ്ഡലങ്ങളെ തരംതിരിക്കാൻ വേറൊരു രീതിയാണു പിൻപറ്റിയത്.
[25-ാം പേജിലെ ചിത്രം]
1540-ലെ ഏപിയൻ നക്ഷത്ര ചാർട്ട്
[കടപ്പാട്]
By permission of the British Library (Maps C.6.d.5.: Apian’s Star Chart)
[26-ാം പേജിലെ ചിത്രം]
19-ാം നൂറ്റാണ്ടിൽ രചിച്ച ദക്ഷിണാർധഗോളത്തിന്റെ ചിത്രം
[കടപ്പാട്]
© 1998 Visual Language
[27-ാം പേജിലെ ചിത്രം]
ഒറിയോൺ നക്ഷത്ര മണ്ഡലം, ഒരു ആധുനിക നക്ഷത്ര ചാർട്ടിൽ
[27-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
25-7 പേജുകളിലെ പശ്ചാത്തലം: Courtesy of ROE/Anglo-Australian Observatory, photograph by David Malin